UPDATES

കാഴ്ചയില്ലായിരിക്കാം, പക്ഷേ എനിക്ക് ഒന്നിനും കഴിയില്ലെന്നുമാത്രം പറയരുത്; ഫല്‍ഹാന്‍ ഒരു മാതൃകയാണ്- ഭാഗം 3

ഇന്ത്യയില്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ കളിക്കുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച ടീമാണ് കേരളം

കണ്ണടച്ചു മുന്നോട്ട് നടക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? ആദ്യ ഒന്നു രണ്ട് ചുവടുകള്‍ വച്ചു കഴിയുമ്പോള്‍ നെഞ്ചിലേക്ക് ഭയം ഉരുണ്ടു കൂടും. കണ്‍പോളകള്‍ മേല്‍പ്പോട്ട് ഉയര്‍ത്താന്‍ വെപ്രാളം തുടങ്ങും. അടുത്ത ചുവട് തെറ്റുമോ എന്ന ആശങ്കയില്‍ ആ നടത്തം നിലയ്ക്കും… കാഴ്ചയില്ലാത്ത അവസ്ഥ എത്രത്തോളം ബുദ്ധിമുട്ടാണെന്ന് മനസിലാക്കാന്‍ ഇങ്ങനെ കുറച്ച് സമയം സ്വയമൊന്ന് ഇരുട്ടിലായാല്‍ മതി. അപ്പോള്‍ കണ്ണിലെ വെട്ടം എന്നന്നേക്കുമായി നിലച്ചവരുടെ ജീവിതമോ? അവരെയോര്‍ത്ത് സഹതപിക്കാന്‍ വരട്ടെ, വിധിയെ പഴിക്കാനും. കാഴ്ചയില്ലെങ്കില്‍ ഒന്നിനും ആകില്ലെന്ന തോന്നലും ഭയവും കാഴ്ചയുള്ളവര്‍ക്കു മാത്രമാണ്. പക്ഷേ, കണ്ണുകളില്‍ നിന്നും അടര്‍ന്നു പോയെങ്കിലും തങ്ങളുടെ ജീവിതം പ്രകാശത്തില്‍ നിര്‍ത്താന്‍ കഴിവുള്ളവരാണ് കാഴ്ചയില്ലാത്തവര്‍. അവര്‍ സ്വന്തം ശരീരം തന്നെയാണ് കാഴ്ചയ്ക്ക് ഉപാധിയാക്കുന്നത്. ചെറുനിശ്വാസങ്ങളില്‍ നിന്നും പോലും അവര്‍ കാഴ്ചകള്‍ കാണും. അതുകൊണ്ട് കാഴ്ചയില്ലാത്തവരുടെ ജീവിതം മൊത്തം ഇരുട്ടില്‍ മുങ്ങിക്കിടക്കുകയാണെന്ന് കരുതരുത്. അതില്‍ എന്തെങ്കിലും സംശയം തോന്നുന്നവരുണ്ടെങ്കില്‍ അവരുടേയും കൂടി മുന്നിലേക്കാണ് ഞങ്ങള്‍ മട്ടാഞ്ചേരിക്കാരന്‍ ഫല്‍ഹാനെഅവതരിപ്പിക്കുന്നത്. 

ആദ്യ രണ്ട് ഭാഗങ്ങള്‍ ഇവിടെ വായിക്കാം; ഇരുട്ട് ഫൗള്‍ ചെയ്തു വീഴ്ത്തിയിട്ടും ജീവിതത്തിലും ഫുട്‌ബോളിലും ജയിക്കാനായി മുന്നേറുന്ന ഫല്‍ഹാന്‍  

അന്ന് തടഞ്ഞു, ഇന്നിപ്പോള്‍ മകനെയോര്‍ത്ത് അഭിമാനിക്കുകയാണ് ഈ ഉമ്മ; ഫല്‍ഹാന്റെ കളിയും ജീവിതവും: ഭാഗം 2

ഏപ്രില്‍ 24, ആലുവ; ഓള്‍ ഇന്ത്യ ടൂര്‍ണമെന്റില്‍ ഗുജറാത്തുമായുള്ള മത്സരം. പന്തിനായി ഞാന്‍ കാത്തുനില്‍ക്കുകയായിരുന്നു. ബോള്‍ ഉരുളുന്ന മണി ശബ്ദം കാതുകളിലേക്ക് എത്തുന്നു. അടുത്തു വരട്ടെ എന്നു കരുതി കാത്തുനിന്നില്ല. നേരെ ബോളിനടുത്തേക്ക് ഓടി. ഭാഗ്യം അത് കാലില്‍ തന്നെ തട്ടി. പിന്നെ ബോള്‍ കാലുകള്‍ക്കിടയിലൂടെ ഉരുട്ടി കുറച്ചു കഴിഞ്ഞപ്പോള്‍ മുമ്പില്‍ നിന്ന് ഒരു ശബ്ദം കേട്ടു ഫല്‍ഹാന്‍… ഫല്‍ഹാന്‍… അത് ഞങ്ങളുടെ ടീമിന്റെ ഗോള്‍ ഗൈഡ് തന്നെ… പിന്നെ ഒന്നും നോക്കിയില്ല, ഒരു ആംഗിള്‍ ഷോട്ട് അങ്ങ് കൊടുത്തു, കൃത്യമായി തന്നെ അത് ഗോള്‍ വലയില്‍ വീണു. എതിര്‍ ടീമിലെ നാലു താരങ്ങളെ മറി കടന്നായിരുന്നു ആ ഗോള്‍. ആ ഗോള്‍ ടീമിന്റെ വിജയത്തിന് സഹായിച്ചു”; ഫല്‍ഹാന്‍ ആവേശത്തോടെയാണ് ആ വിജയ കഥ പറഞ്ഞത്.

“പല പ്രതിസന്ധികളെയും തരണം ചെയ്തു വേണം നമ്മള്‍ വിജയം നേടാന്‍ എന്നു പറയാറില്ലേ. അന്നത്തെ ആ കളിയിലും എനിക്ക് അത്തരം പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിരുന്നു. പന്തുമായി മുന്നോട്ട് കുതിക്കുമ്പോള്‍ പെട്ടെന്നായിരുന്നു അത് സംഭവിച്ചത്. എതിര്‍ ടീമിലെ പുതിയൊരു കളിക്കാരന്‍ എന്റെ നേര്‍ക്ക് പാഞ്ഞുവന്ന്‌ ഇടിച്ചു വീഴ്ത്തി. കളിയിലെ നിയമങ്ങള്‍ തെറ്റിച്ച് കളിക്കാര്‍ നില്‍ക്കുന്നുണ്ടോയെന്നറിയാനും കൂട്ടിമുട്ടലുകള്‍ ഒഴിവാക്കാനും ഇടക്കിടെ ‘വോയ്… വോയ്’ എന്ന് പറയണമെന്ന നിയമം മറന്നായിരുന്നു എതിര്‍ ടീമിലെ കളിക്കാരന്‍ വന്നിടിച്ചത്. കൂട്ടിയിടിയില്‍ താഴെ വീണ് ചുണ്ട് പൊട്ടി. പക്ഷേ, അപ്പോഴും എന്റെ ശ്രദ്ധ പന്ത് കാലില്‍ നിന്നും പോകാതിരിക്കാനായിരുന്നു. പരുക്കു സാരമാക്കാതെ മുന്നോട്ട് കുതിച്ചു. റഫറി പെട്ടെന്ന് തന്നെ ഫൗള്‍ വിളിച്ചിരുന്നു. ഞാന്‍ പക്ഷേ, മുന്നോട്ടു കുതിച്ചു. ആ പന്ത് ഗോള്‍ വലയില്‍ എത്തിക്കുകയും ചെയ്തു. വീണു പോയാല്‍ ചാടിയെഴുന്നേല്‍ക്കണം; അല്ലെങ്കില്‍ നമ്മുടെ ലക്ഷ്യം മാറിപ്പോകാം. അതുകൊണ്ടാണ് പരിക്ക് വകവയ്ക്കാതെ ഞാന്‍ മുന്നോട്ടു കുതിച്ചത്. അതുകൊണ്ട് ടീമിനെ ജയിപ്പിക്കാന്‍ പറ്റിയൊരു ഗോള്‍ നേടാന്‍ കഴിഞ്ഞു”; ഇതാണ് ഫല്‍ഹാന്റെ സമീപനം, കളിയിലും ജീവിതത്തിലും.

കാല്‍പ്പന്തുകളിയുടെ കളത്തില്‍ കാതുകള്‍ കണ്ണുകളാക്കി കാലുകള്‍ വിജയം രചിക്കുമ്പോള്‍ ഫല്‍ഹാന്‍ പറയുന്നത് ‘എനിക്ക് കാഴ്ചയില്ലെന്നാരാ പറഞ്ഞത്, കാഴ്ചയുള്ളവര്‍ ചെയ്യുന്നതെല്ലാം എനിക്കും ചെയ്യാന്‍ കഴിയുമെന്നാ’ണ്. കാഴ്ച നഷ്ടപ്പെട്ടവരുടെ സംസ്ഥാന, ദേശീയ ഫുട്‌ബോള്‍ ടീമുകളിലെ നിറസാന്നിധ്യമായ ഫല്‍ഹാന്‍ ഒരത്ഭുതമാണ് കൊച്ചിക്കാര്‍ക്ക്. ഇരുള്‍ മൂടിയ കണ്ണുകളുടെ അവകാശികളെ കൂടുതല്‍ ഇരുട്ടിലേക്ക് തള്ളി വിടാതെ അവരെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ പ്രോത്സാഹിപ്പിച്ചാല്‍ ഇത്തരം അത്ഭുതങ്ങള്‍ പലതും കാണിക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്നാണ് ഫല്‍ഹാന്റെ ചിരിയോടെയുള്ള മറുപടി.

ഒന്നര വയസില്‍ കണ്ണിന് കാഴ്ച നഷ്ടപ്പെട്ടിട്ടും കാല്‍പന്തുകളിയോടുള്ള പ്രണയം മനസില്‍ സൂക്ഷിച്ച മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് സ്വദേശി ഫല്‍ഹാന്‍ ഇന്ന് രാജ്യത്തിനകത്തും പുറത്തും അറിയപ്പെടുന്ന ഫുട്‌ബോളറാണ്. കേരളത്തെയും രാജ്യത്തെയും പ്രതിനിധീകരിച്ച് രാജ്യത്തിനകത്തും പുറത്തും മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഫല്‍ഹാന്‍ കാഴ്ചയില്ലെന്ന് പറഞ്ഞ് തന്നെ മാറ്റി നിര്‍ത്തുന്നവരോട് തനിക്ക് കഴിയാത്തതും പഠിച്ചെടുക്കാന്‍ സാധിക്കാത്തതുമായ കാര്യങ്ങള്‍ ഒന്നുമില്ലെന്ന് പറയും. ഈ നിശ്ചയദാര്‍ഢ്യമാണ് ഫല്‍ഹാനെന്ന 23-കാരന്റെ വിജയം. മാര്‍ച്ചില്‍ നടന്ന വേള്‍ഡ് ഗ്രാന്‍ഡ്പ്രീ ഡവലപ്‌മെന്റ് ഗെയിമിലും 2015 ല്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ ടീമിന്റെ ഭാഗമായി ജപ്പാനിലെത്തിയ താരമാണ് ഫല്‍ഹാന്‍. മാര്‍ച്ചില്‍ ജപ്പാനില്‍ നടന്ന വേള്‍ഡ് ഗ്രാന്‍ഡ്പ്രീ ഡവലപ്‌മെന്റ് മത്സരത്തില്‍ ജപ്പാനെ 1-0 ന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ഈ മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനും ഫല്‍ഹാന്‍ തന്നെയായിരുന്നു.

പ്രൊഫഷണല്‍ ഫുട്‌ബോളിലേക്കുളള അരങ്ങേറ്റം
2013 ല്‍ സൊസൈറ്റി ഫോര്‍ റീഹാബിലിറ്റേഷന്‍ വിഷ്വലി ചലഞ്ചഡ് എന്ന സംഘടനയുടെയും ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഫെഡറേഷന്റെയും (എസ്ആര്‍വിസി) ആഭിമുഖ്യത്തില്‍ എറണാകുളം മഹാരാജാസ് കോളജില്‍ നടന്ന ഫുട്‌ബോള്‍ സെലക്ഷന്‍ ക്യാമ്പിലൂടെയാണ് ഫല്‍ഹാന്‍ തന്റെ വളര്‍ച്ച തുടങ്ങുന്നത്. സുഹൃത്ത് അനന്തുവാണ് ക്യാമ്പ് നടക്കുന്ന വിവരം വിളിച്ചറിയിച്ചത്. ഫല്‍ഹാന്റെ കളിയോടുള്ള താത്പര്യം മനസിലാക്കിയായിരുന്നു അത്. ഇപ്പോഴത്തെ ഇന്ത്യന്‍ ടിം കോച്ചായ സുനില്‍ ജെ മാത്യവിന്റെ നേതൃത്വത്തിലായിരുന്നു അന്ന് ഫുട്‌ബോള്‍ ക്യാമ്പ്. അവിടെ നിന്ന് വീട്ടിലെയും നാട്ടുകാരുടെയും എതിര്‍പ്പുകള്‍ കൂസാതെ ഫുട്‌ബോളിനായി തന്നെ ഇറങ്ങി തിരിച്ചു. ഇടവേളകളില്ലാത്ത പരിശീനമായിരുന്നു പിന്നീടങ്ങോട്ട്. തന്റെ വഴികളില്‍ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ സഹായിച്ചത് ഈ ക്യമ്പ് തന്നെയായിരുന്നുവെന്നു ഫല്‍ഹാന്‍ പറയുന്നു. ജില്ലാ ടീം, കേരള ടീം, ഒടുവില്‍ ഇന്ത്യന്‍ ടീം; തന്റെ ഓരോ നേട്ടങ്ങളും ജീവിത വിജയത്തിന്റെ വഴികളായാണ് കണക്കാക്കുന്നത്. കാഴ്ചയില്ലാത്തവന്‍ എന്ന് പറഞ്ഞ് മറ്റുള്ളവര്‍ക്ക് സിംപതി തോന്നിപ്പിക്കാന്‍ അവസരം നല്‍കാതെ മുന്നേറാന്‍ സഹായിച്ചത് ഉമ്മ നാസിലയെ മാതൃകയാക്കിയതുകൊണ്ടാണെന്നും ഫല്‍ഹാന്‍ പറയുന്നു. ചെറുപ്രായത്തിലെ ബാപ്പ ഉപേക്ഷിച്ചു പോയ തന്നെയും സഹോദരങ്ങളെയും ഉമ്മ വളര്‍ത്തി ഇത്ര ഇടം വരെ എത്തിച്ചു. മട്ടാഞ്ചേരിയിലെ ഒരു തുണിക്കടയില്‍ പോയി കിട്ടുന്ന ശമ്പളം കൊണ്ടാണ് ഫല്‍ഹാന്‍, സഹോദരങ്ങളായ ഫിര്‍ദോസ്, ഫമീല ഉള്‍പ്പെടുന്ന നാലംഗ കുടുംബം കഴിഞ്ഞു പോകുന്നത്.

ഇന്ത്യന്‍ ടീമില്‍ പ്രവേശനം

2015 ല്‍ സംസ്ഥാന മത്സരങ്ങള്‍ കളിച്ച് കളിക്കളത്തില്‍ സജീവമായിരുന്ന കാലത്താണ് ഇന്ത്യന്‍ ടീമില്‍ സെലക്ഷന്‍ ലഭിക്കുന്നത്. വിവിധ കായിക ക്ഷമതാ പരീക്ഷകള്‍ വിജയിക്കുന്നവര്‍ക്കേ സെലക്ഷന്‍ ലഭിക്കൂ. ഒരു പ്രതീക്ഷയുമില്ലാതെയാണ് ഫല്‍ഹാന്‍ സെലക്ഷന്‍ ക്യാമ്പില്‍ പോയത്. കേരള ടീം കോച്ചായിരുന്ന സുനില്‍ ജെ മാത്യുവിന്റെ നിര്‍ദേശപ്രകാരമായിരുന്നു ക്യാമ്പിനെത്തിയത്. “ദൈവം സഹായിച്ച് അന്ന് നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിച്ചു. ഒടുവില്‍ ഒമ്പതംഗ ഇന്ത്യന്‍ ടീമില്‍ ഇടം നേടി. രണ്ട് തവണ ജപ്പാനില്‍ നടന്ന മത്സരങ്ങളില്‍ പങ്കെടുത്തു”; ഫല്‍ഹാന്‍ പറയുന്നു.

"</p

ഫല്‍ഹാന്‍ ഇന്ത്യന്‍ ടീമില്‍ എത്തിയതിന് അനന്തുവും കാരണമായി

മഹാരാജാസില്‍ ഡിഗ്രിക്കു പഠിക്കുന്ന സമയത്താണ് തന്നോടൊപ്പം പ്ലസ്ടു വിന് പഠിച്ച് ഫുട്‌ബോള്‍ കളിയോട് താത്പര്യമുള്ള ഫല്‍ഹാനെ കോട്ടയം സ്വദേശിയായ അനന്തു ശിവകുമാര്‍ ഓര്‍ക്കുന്നത്. അനന്തുവും ഫല്‍ഹാനെ പോലെ കണ്ണുകളില്‍ ഇരുള്‍ നിറഞ്ഞുപോയ വ്യക്തിയാണ്. “കേരള ടീം സെലക്ഷന്‍ മഹാരാജാസ് കോളജ് ഗ്രൗണ്ടിലെന്നറിഞ്ഞിരുന്നു. അങ്ങനെയാണ് ഫല്‍ഹാനെ കുറിച്ച് കോച്ച് സുനില്‍ സാറിനോട് പറഞ്ഞതും ഫല്‍ഹാനെ സാര്‍ വിളിക്കുന്നതും. മഹാരാജാസ് കോളജില്‍ സെലക്ഷന്‍ മത്സരത്തില്‍ നല്ല പ്രകടനമാണ് ഫല്‍ഹാന്‍ കാഴ്ചവെച്ചത്; അനന്തു പറയുന്നു. ടീമില്‍ ഇടം നേടി മാസങ്ങള്‍ക്കകം തന്നെ സ്ട്രൈക്കര്‍ പൊസിഷനില്‍ എത്തി കളിക്കുകയെന്നത് ഒരു കളിക്കാരന്റെ കഴിവ് തന്നെയാണ്. അത് ഫല്‍ഹാന് ഉണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീമിലെ ഏറ്റവും നല്ല കളിക്കാരനായി ഫല്‍ഹാന്‍ മാറുന്നത്”; അനന്തു പറയുന്നു.

കഠിനാധ്വാനം ചെയ്ത് നേടിയെടുക്കുന്ന വിജയം

കളിക്കളത്തിലെ മാന്യമായ കളിക്കാരന്‍, കഠിനാദ്ധ്വാനിയായ കളിക്കാരനും; സുഹൃത്ത് അനീഷ് എം.കെ പറയുന്നു. താന്‍ ടീമില്‍ വരുന്നത് 2012 ല്‍ ആണ്. അതിന് ശേഷം വന്ന ഫല്‍ഹാന്‍ ഇപ്പോള്‍ സ്ട്രൈക്കര്‍ പൊസിഷനില്‍ കളിക്കുന്നു. ഒരു കളിയുടെ വിജയം ഇരിക്കുന്നത് സ്ട്രൈക്കറുടെ പ്രകടനത്തിലാണ്. ഫല്‍ഹാന്‍ നന്നായി കളിക്കുന്നു, അതുകൊണ്ടാണ് ഈ പൊസിഷനില്‍ സ്ഥാനം കിട്ടിയത്. ഭയമില്ലാതെ കളിക്കുന്നു. പരുക്കുകള്‍ കാര്യമാക്കുന്നില്ല. ഗോള്‍ അടിക്കുകയാണ് അവന്റെ ലക്ഷ്യം. മറ്റ് കാര്യങ്ങളിലും പഠിക്കുന്ന കാര്യമായാലും കലാപരമായ കാര്യങ്ങളിലും ഫല്‍ഹാന്‍ മുന്നിലാണ്; അനീഷ് പറയുന്നു. തുടര്‍ച്ചയായി ദേശീയ മത്സരങ്ങളില്‍ ചാമ്പ്യന്‍മാരാകുന്ന കേരള ടീമിന് സര്‍ക്കാര്‍ തലങ്ങളില്‍ നിന്ന് യാതൊരു വിധ പ്രോത്സാഹനവും ലഭിക്കുന്നില്ലെന്നത് വേദനാജനകമാണെന്നും അനീഷ് പറയുന്നു.

ഭയമില്ലാതെ ആത്മവിശ്വാസത്തോടെ പന്തുരുട്ടുന്നതാണ് ഫല്‍ഹാന്റെ വിജയം

ഫുട്‌ബോളിനോട് ഇത്ര പ്രണയം കാണിക്കുന്ന മറ്റൊരു താരത്തെ കണ്ടിട്ടില്ലെന്നാണ് ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഇന്ത്യന്‍ ടീം കോച്ച് സുനില്‍ ജെ മാത്യു പറയുന്നത്. പന്തുരുളുന്നത് കാതുകളിലൂടെ പിടിച്ചെടുത്ത് പന്തിനെ കാലുകളുടെ നിയന്ത്രണത്തിലാക്കുന്ന ഫല്‍ഹാന്റെ പ്രകടനം ഒരത്ഭുതം തന്നെയാണ്. ഫല്‍ഹാന് കാഴ്ചയുണ്ടോ എന്ന് തന്നെ ചില സമയങ്ങളില്‍ തോന്നി പോയിട്ടുണ്ട്. അസാമാന്യ വേഗത, ഒരോ ചുവടുകളും നല്ല ആത്മവിശ്വാസത്തോടെയാണ് ഫല്‍ഹാന്‍ വെയ്ക്കുന്നത്. ചെറു പ്രായത്തില്‍ മുതല്‍ പന്തുരുളുന്നതും കളിസ്ഥലങ്ങളിലെ ശബ്ദങ്ങളും ഫല്‍ഹാന്‍ കേട്ട് നിന്നിട്ടുണ്ടെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ഒരു പക്ഷെ ഇത് തന്നെയാകും ഫല്‍ഹാനെ ഫുട്‌ബോളിന്റെ കളിക്കളത്തില്‍ എത്തിച്ചതും നേട്ടങ്ങള്‍ക്ക് സഹായകമായതും. ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന ഏറ്റവും മികച്ച ഫോര്‍വേഡ് കളിക്കാരനാണ് ഫല്‍ഹാന്‍.

സര്‍ക്കാരുകളുടെ ഭാഗത്തു നിന്ന് യാതൊരു വിധ സഹായങ്ങളുമില്ലാതെയാണ് ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രവര്‍ത്തിക്കുന്നത്. കളിക്കാരെ പുറത്തു കൊണ്ടു പോയി കളിപ്പിക്കുന്നത് വിവിധ സ്‌പോണ്‍സര്‍ഷിപ്പുകള്‍ കണ്ടെത്തിയാണ്. എന്നിട്ടും ലോകത്തെ 60 മികച്ച ടീമുകളില്‍ 23-ആം സ്ഥാനത്താണ് ഇന്ത്യ. മറ്റ് രാജ്യങ്ങളിലെ കളിക്കാര്‍ക്ക് നല്ല പരിശീലനം ലഭിക്കുന്നുണ്ട്. എന്നാല്‍ പരിമിതകള്‍ക്കിടയില്‍ മികച്ച നേട്ടം കൊയ്യുന്ന ഫല്‍ഹാനെ പോലുള്ള കളിക്കാരെ മറന്നുകളയരുത്. ഈ രംഗത്തേക്ക് ഇനിയും കൂടുതല്‍ താരങ്ങള്‍ കടന്നു വരാന്‍ സര്‍ക്കാരുകള്‍ ഇവര്‍ക്ക് പ്രോത്സാഹനം നല്‍കണം. ഒളിംമ്പിക് ഗെയിമാണിത്. കൊച്ചിയില്‍ തുടങ്ങിയ അക്കാദമിയില്‍ ഇവരെ പോലുള്ളവരെ കൂടുതല്‍ പരിശീലിപ്പിച്ചെടുക്കുകയാണ് ഇനി ലക്ഷ്യം; സുനില്‍ പറഞ്ഞു.

അന്ന് തടഞ്ഞു, ഇന്നിപ്പോള്‍ മകനെയോര്‍ത്ത് അഭിമാനിക്കുകയാണ് ഈ ഉമ്മ; ഫല്‍ഹാന്റെ കളിയും ജീവിതവും: ഭാഗം 2

ഇന്ത്യയിലെ മികച്ച ടീമുകളില്‍ കേരളവും

ഇന്ത്യയില്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ കളിക്കുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച ടീമാണ് കേരളം. ദേശീയ തലത്തില്‍ നടന്ന മത്സരങ്ങളില്‍ തുടര്‍ച്ചയായി മുന്നു വര്‍ഷങ്ങളില്‍ കേരളം ഫൈനലിലെത്തിയിരുന്നു. 2016 ല്‍ കേരള ടീം കപ്പും നേടി. ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഫെഡറേഷന്റെ കീഴിലാണ് കേരള ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടീം കളത്തിലിറങ്ങുന്നത്. 2013 ല്‍ സൊസൈറ്റി ഫോര്‍ റീഹാബിലിറ്റേഷന്‍ ഓഫ് വിഷ്വലി ചലഞ്ചഡ് അസോസിയേഷന്റെ സെക്രട്ടറിയായിരുന്ന സുനില്‍ ജെ മാത്യുവിന്റെ നേതൃത്വത്തിലാണ് കേരളത്തിനായി ഒരു ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടീം ആരംഭിച്ചത്. സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ നിന്ന് കാഴ്ചയില്ലാത്തവരില്‍ ഫുട്‌ബോള്‍ കളിക്കാന്‍ താത്പര്യമുള്ളവരില്‍ നിന്ന് സെലക്ഷന്‍ ക്യാമ്പ് നടത്തി താരങ്ങളെ തെരഞ്ഞെടുത്ത് സ്‌പോണ്‍സര്‍ഷിപ്പോടെ ടീമുണ്ടാക്കുകയും പരിശീലനം ആരംഭിക്കുകയുമായിരുന്നു.

അവഗണനയില്‍ താരങ്ങള്‍

ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പലരില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പുകള്‍ വാങ്ങിയാണ് വിദേശത്ത് കളിക്കാന്‍ പോകുന്നത്. ടൂര്‍ണമെന്റില്‍ വിജയിച്ചാല്‍ തുച്ഛമായ പ്രതിഫലമാണ് ഒരു ടീമിന് ലഭിക്കുന്നത്. തോല്‍വി ആണ് ഫലമെങ്കില്‍ ഒറ്റ പൈസ കിട്ടില്ല. ജഴ്‌സിയും ബൂട്ട്‌സും ഫ്രീയായി ലഭിക്കും അത്രമാത്രം. ദേശീയ തലങ്ങളിലെ മത്സരങ്ങളില്‍ ഞങ്ങളുടെ ടീം തുടര്‍ച്ചയായി മൂന്നുവര്‍ഷം ഫൈനലിലെത്തി. 2016 ല്‍ കപ്പും നേടി. സര്‍ക്കാരുകളില്‍ നിന്നും സഹായമൊന്നും ലഭിച്ചിട്ടില്ല. തന്നെ പോലുള്ളവരെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് നടപടികളൊന്നുമില്ല. മറ്റ് കായിക താരങ്ങള്‍ ജോലിയും പണവും പ്രശസ്തിയുമുണ്ട്. പരിമിതികള്‍ക്കുള്ളില്‍ നിന്ന് പൊരുതുന്ന തങ്ങള്‍ക്ക് ജോലിയുമില്ല, കൂലിയുമില്ല” ഫല്‍ഹാന്‍ പറയുന്നു.

ജീവിതത്തിന്റെ പല ഘട്ടങ്ങളിലും മക്കളെ കുറിച്ചോര്‍ത്ത് സങ്കടപ്പെടുന്ന അമ്മമാരുണ്ട്. അതേ പോലെ തന്നെയാണ് എന്റെ ഉമ്മയും. പല സമയങ്ങളിലും തനിക്കും കുടുംബത്തിനും നേരിടേണ്ടി വന്ന വിഷമ ഘട്ടങ്ങളിലും എന്റെ അവസ്ഥയെയും കുറിച്ചോര്‍ത്ത് സങ്കടപ്പെടുന്ന ഉമ്മയുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ട്. അപ്പോഴെല്ലാം ഞാന്‍ സന്തോഷത്തിലാണ് എന്ന് ഉമ്മയെ അറിയിക്കുകയായിരുന്നു ഒരേ ഒരു മാര്‍ഗം. എനിക്ക് ബലഹീനതകളില്ലെന്ന് ഉമ്മയെയും കുടുംബത്തെയും ധരിപ്പിക്കുകയായിരുന്നു ആദ്യ കാലങ്ങളില്‍ ശ്രമിച്ചത്. അപ്പോള്‍ അവര്‍ക്ക് സന്തോഷമാകും. അന്നൊക്കെ ഉമ്മയെ സന്തോഷിപ്പിക്കാന്‍ പേടിയുണ്ടായിട്ടും പല കാര്യങ്ങളും ധൈര്യത്തോടെ ചെയ്തു. ഉമ്മയെ സന്തോഷിപ്പിക്കാന്‍ ശ്രമിച്ച എന്റെ ആ മനസ് കണ്ട പടച്ചോന്‍ ജീവിതത്തിലുടനീളം ആ ധൈര്യം എനിക്ക് നല്‍കി. അതാണ് ഇപ്പോഴും മുന്നോട്ട് ജീവിക്കാന്‍ സഹായകമാകുന്നത്”; ഫല്‍ഹാന്‍ പറയുന്നു. ബാല്യത്തില്‍ കാഴ്ച ശക്തി നഷ്ടപ്പെട്ടെങ്കിലും പണം മുടക്കി കാഴ്ച വീണ്ടെടുക്കാന്‍ ഫല്‍ഹാന്റെ കുടുംബം സന്നദ്ധമായിരുന്നു. എന്നാല്‍ ഈ കുറവ് നികത്താന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ എല്ലാവരുടെയും പ്രതീക്ഷകള്‍ അവസാനിക്കുകയായിരുന്നു.

രാജ്യത്തെ ആദ്യ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ അക്കാദമി കൊച്ചിയില്‍

ഇന്ത്യയില്‍ ആദ്യമായി കാഴ്ചയില്ലാത്തവര്‍ക്കായി ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഫെഡറേഷന്റെ കീഴില്‍ ഫുട്‌ബോള്‍ അക്കാദമി ആരംഭിച്ചത് ഈ വര്‍ഷമാണ്. കടവന്ത്ര എളംകുളത്താണ് അക്കാദമി പ്രവര്‍ത്തിക്കുന്നത്. താരങ്ങള്‍ക്ക് ലോകനിലവാരത്തിലുളള ഭക്ഷണം, ഫുട്‌ബോള്‍ പരിശീലനത്തോടൊപ്പം യോഗ്യതയ്ക്കനുസരിച്ച് ജോലിയും നല്‍കുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ ഇതിനോടകം അക്കാദമിയില്‍ ചേരാന്‍ താത്പര്യം അറിയിച്ചെത്തിയിട്ടുണ്ട്. എന്നാല്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ അക്കാദമിക്ക് സര്‍ക്കാര്‍ തലങ്ങളില്‍ നിന്ന് യാതൊരു വിധ സഹായങ്ങളും ലഭിക്കുന്നില്ല. സ്‌പോണ്‍സേഴ്‌സിനെ കണ്ടെത്തി അവരിലൂടെയാണ് അക്കാദമിയുടെ പ്രവര്‍ത്തനത്തിനുള്ള തുക സമാഹരിക്കുന്നത്. ലോകത്തെ് ഏറ്റവും നല്ല ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടീം ബ്രസീലാണ്. 600 ലധികം ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ക്ലബ്ബുകള്‍ തന്നെ അവിടെ പ്രവര്‍ത്തിക്കുന്നു. ഇന്ത്യയില്‍ ഇതുവരെ 12 സംസ്ഥാനങ്ങളില്‍ മാത്രമാണ് ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടീം ഉളളതെന്നാണ് അക്കാദമി കോര്‍ഡിനേറ്റര്‍ റഷാദ് പറഞ്ഞത്.

എങ്ങനെയാണ് ബ്ലൈന്‍ഡ് ഫുട്‌ബോള്‍

കാഴ്ചയില്ലാത്തവരുടെ ഫുട്‌ബോള്‍ സാധാരണ ഫുട്‌ബോള്‍ മത്സരങ്ങളിലെ നിയമങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. 20 മീറ്റര്‍ വീതിയും 40 മീറ്റര്‍ വീതിയുമുള്ള ഇന്‍ഡോര്‍ അല്ലെങ്കില്‍ കൃത്രിമ പുല്‍ഗ്രൗണ്ടുകളാണ് വേദി. ഒരു ടീമില്‍ അഞ്ച് ടീമംഗങ്ങളാണ് ഉണ്ടാകുക. ഗോള്‍ കീപ്പര്‍
കാഴചയുള്ള വ്യക്തിയായിരിക്കും. ഗ്രൗണ്ടിന്റെ രണ്ട് വശങ്ങള്‍ പ്ലൈവുഡ് ഉപയോഗിച്ച് മറച്ചിരിക്കും, 50 മിനിറ്റ് മത്സരത്തില്‍ 25 മിനിറ്റാകുമ്പോള്‍ ഹാഫ് ടൈം നല്‍കും. ഗ്രൗണ്ടിനെ മൂന്നു സോണുകളായി തിരിക്കും. സെന്‍ട്രല്‍ സോണ്‍, ഗോള്‍ ഗൈഡ്, ഗോള്‍ കീപ്പര്‍ സൈറ്റ് എന്നിങ്ങനെയാണിത്. ഇരു ടീമുകളിലെയും ഗോള്‍ കീപ്പര്‍മാര്‍ക്ക് സെന്‍ട്രല്‍ സോണില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കാം. എതിര്‍ടീമുകളുടെ ഗോള്‍ പോസ്റ്റുകളുടെ പിന്നില്‍ നിന്ന് നിര്‍ദ്ദേശം നല്‍കുന്നതിന് ഗോള്‍ ഗൈഡിന് സാധിക്കും. ഗോള്‍ കീപ്പര്‍ സൈറ്റ് എന്നാല്‍ ഗോള്‍ പോസ്റ്റിന് രണ്ട് മീറ്റര്‍ പരിധിക്ക് പുറത്ത് ഗോളിക്ക് പോകാന്‍ സാധിക്കില്ല. അതായത് കാഴചയുളള ഗോളിക്ക് നിര്‍ദേശിച്ചിരിക്കുന്ന ദൂരത്തിന് അപ്പുറത്തേക്ക് ചെല്ലാന്‍ പാടില്ല എന്നാണ്. എന്നാല്‍ ഗോളിക്ക് ടീമംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ സാധിക്കും. കളിയില്‍ മറ്റൊരു പ്രധാനപ്പെട്ട കാര്യം നാല് സെക്കന്റ് കൂടുമ്പോള്‍ കളിക്കാര്‍ വോയ് വോയ് എന്ന് ഇടവിട്ട് പറയണം. കളിക്കാര്‍ തമ്മില്‍ കൂട്ടിയിടിക്കാതിരിക്കാനാണിത്. ഇങ്ങനെ വോയ് പറയാത്ത ഒരു കളിക്കാരനെതിരെ ഒരു ഹാഫില്‍ ആറ് പ്രാവശ്യം ഫൗള്‍ വിളിച്ചാല്‍ എതിര്‍ ടീമിന് പെനല്‍റ്റി നല്‍കും. മത്സരത്തിനായി ഉപയോഗിക്കുന്ന ബോളില്‍ ചെറിയ ശബ്ദം കേള്‍ക്കുന്ന മണികള്‍ ഉണ്ട്. ഈ ശബ്ദം കേട്ടാണ് ബോളിന്റെ സ്ഥാനം കണ്ടെത്തുന്നത്. 2500 മുതല്‍ 3500 രൂപ വരെയാണ് ഒരു പന്തിന്റെ വില.

സ്മാര്‍ട്ട് ഫോണ്‍ കൂളായി ഉപയോഗിക്കും ഫല്‍ഹാന്‍

കാഴ്ച ഫല്‍ഹാനൊരു പ്രശ്‌നമല്ല. കൈവശം നല്ലൊരു സ്മാര്‍ട്ട് ഫോണുണ്ട്. അതുകൊണ്ട് തന്നെ സാമൂഹ്യമാധ്യമങ്ങളിലും ഫല്‍ഹാന്‍ സജീവമാണ്. ഫോണിലെ ടോക്ക് ബാക്ക് എന്ന സൗകര്യം പ്രയോജനപ്പെടുത്തി ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവ ഫല്‍ഹാന്‍ ഉപയോഗിക്കും. ഫോണിലെ ഓരോ ഐക്കണിലൂടെ കൈ ഓടിക്കുമ്പോള്‍ അവ എന്താണെന്ന് ഫോണ്‍ പറയുന്നു. അതുകൊണ്ട് തന്നെ ഫോണില്‍ നിന്ന് നമ്പര്‍ എടുക്കുന്നതിനോ, കോള്‍ അറ്റന്‍ഡ് ചെയ്യുന്നതിനോ മെസേജ് അയക്കുന്നതിനോ ബുദ്ധിമുട്ടില്ല. ഇവയെല്ലാം വളരെ പെട്ടെന്ന് തന്നെ ഫല്‍ഹാന്‍ ചെയ്യുന്നു. പക്ഷെ ഫോണില്‍ നിന്ന് വരുന്ന ഭാഷ എന്താണെന്ന് ഫല്‍ഹാന് മാത്രമെ മനസിലാകു. മറ്റുള്ളവര്‍ക്ക് പുറത്ത് വരുന്ന ശബ്ദത്തിന്റെ വേഗത കാരണം എന്താണെന്ന് മനസിലാകില്ല. മട്ടാഞ്ചേരി കപ്പലണ്ടി മുക്കിലെ തറവാട്ടു വീടിന് മുകളില്‍ പുതുതായി പണിത വീട്ടിലാണ് ഫല്‍ഹാന്റെയും കുടുംബത്തിന്റെയും താമസം. വീട് പണിക്കായി തന്നാല്‍ കഴിയുന്ന ജോലികള്‍ എടുക്കാനും ഇദ്ദേഹത്തിന് മടിയില്ലായിരുന്നു. പണിക്കാര്‍ വരുന്നതിന് മുമ്പും പണി കഴിഞ്ഞ് അവര്‍ തിരിച്ച് പോയി കഴിഞ്ഞും. മുറ്റത്തെ മണല്‍, രാത്രിയെന്നോ പകലെന്നോ നോക്കാതെ ചുമന്ന് മുകളില്‍ കയറ്റും. അപ്പോള്‍ ഉമ്മ ചോദിക്കും, ഈ ഇരുട്ടത്ത് പണിയാതെ പോയി കിടന്നുറങ്ങാന്‍. അപ്പോള്‍ ചെറു പുഞ്ചിരിയോടെ ഫല്‍ഹാന്‍ പറയും, ഉമ്മ എനിക്ക് രാത്രിയും പകലും ഒന്നല്ലേ എന്ന്. വീടിനകത്തേക്ക് കയറുന്നതിന് സ്‌റ്റെപ്പുകള്‍ കയറണം. അതു കാഴ്ചയുള്ളവര്‍ നടന്നു കയറുന്നതിലും വേഗത്തില്‍ ഫല്‍ഹാന്‍ നടന്ന് കയറും. വീടിന് 100 മീറ്റര്‍ ദൂരപരിധിയില്‍ എന്തൊക്കെയാണ്, എവിടെയൊക്കെയാണ് എല്ലാം ഫല്‍ഹാന് മന:പാഠമാണ്.

ഇരുട്ട് ഫൗള്‍ ചെയ്തു വീഴ്ത്തിയിട്ടും ജീവിതത്തിലും ഫുട്‌ബോളിലും ജയിക്കാനായി മുന്നേറുന്ന ഫല്‍ഹാന്‍

ക്രിക്കറ്റും കളിക്കും

ഫുട്‌ബോള്‍ കൂടാതെ കോട്ടയം ജില്ലയുടെ ക്രിക്കറ്റ് ടീമിലും ഫല്‍ഹാന്‍ അംഗമാണ്. തുടര്‍ച്ചയായ രണ്ട് വര്‍ഷം കോട്ടയത്തിന് വേണ്ടി കളിച്ചിട്ടുണ്ടെങ്കിലും ഫുട്‌ബോള്‍ തന്നെയാണ് പ്രിയം. കോണ്‍ഫിഡന്‍സ് കിട്ടുന്ന ഗെയിം ഫുട്‌ബോള്‍ തന്നെയാണെന്നാണ് ഫല്‍ഹാന്‍ പറയുന്നത്. യുവജനോതത്സവ വേദികളിലെ താരം, മോണാ ആക്ട് ഇനത്തില്‍ സംസ്ഥാന കലോത്സവങ്ങളില്‍ തുടര്‍ച്ചയായി ഒന്നാമതായിട്ടുണ്ട്. പ്രസംഗത്തിലും ഫല്‍ഹാന്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. വീട്ടിലിരുന്ന് അത്യാവശ്യം സ്വന്തമായി പാചകം ചെയ്ത് കഴിക്കാനും ഫര്‍ഹാന് മടിയില്ല. ഇങ്ങനെ കാഴ്ചയുള്ളവര്‍ വരെ ചെയ്യാന്‍ മടിക്കുന്ന ജോലികള്‍ വളരെ ആത്മവിശ്വാസത്തോടെ ഈ ചെറുപ്പക്കാരന്‍ ചെയ്യുന്നു എന്നതാണ് ഫല്‍ഹാനെ വ്യത്യസ്തനാക്കുന്നത്.

അനുജത്തിയുമൊത്ത് പ്രഭാത നടത്തം

അതിരാവിലെ എഴുന്നേല്‍ക്കുക, അനുജത്തിയുമൊത്ത് പ്രഭാത സവാരി നടത്തുക ഇതാണ് ഫല്‍ഹാന്റെ ഇപ്പോഴത്തെ രീതി. കുടുംബ ചിലവിനുള്ള പണം കണ്ടെത്തണമെങ്കില്‍ ഉമ്മയുടെ വരുമാനം കൊണ്ട് മാത്രം ഒന്നും ആകില്ല. അതുകൊണ്ട് കിട്ടുന്ന ജോലിക്കൊക്കെ അനുജന്‍ പോകും. കാഴ്ചയുള്ള അനുജത്തി ഫമീല നടക്കുന്നതിനേക്കാള്‍ വേഗത്തിലും ഉറച്ച ചുവടുകളോടെയുമാണ് ഫല്‍ഹാന്റെ നടത്തം. ഒന്നു പതുക്കെ നടന്നു കൂടെ എന്ന ഫമീലയുടെ ചോദ്യത്തിന് ഫല്‍ഹാന് മറുപടിയുണ്ട്. ഫമീല ഇത് പ്രഭാത സവാരിയാണ്. ശരീരം ഫിറ്റാകണമെങ്കില്‍ വേഗത്തില്‍ നടന്നാലേ ഒക്കൂ. തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് തനിക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതെല്ലാം വളരെ ആത്മാര്‍ഥതയോടെ ചെയ്യണമെന്നാണ് ഫല്‍ഹാന്‍ പറയുന്നത്.

പാചകം പഠിച്ചെടുത്തത് അമ്മായിയില്‍ നിന്ന്

പുതുതായി പണിത ഫല്‍ഹാന്റെ വീടിന് താഴെയാണ് ഉമ്മ നാസിലയുടെ സഹോദരനും കുടുംബവും താമസിക്കുന്നത്. സഹോദരന്റെ ഭാര്യ സാജിതയാണ് പാചക കാര്യത്തില്‍ ഫല്‍ഹാന് ഗുരു. ചെറുപ്രായത്തില്‍ ഫല്‍ഹാനും കുടുംബവും ഇവര്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. അതുകൊണ്ട് തന്നെ അന്നു മുതല്‍ ഫല്‍ഹാന്‍ സാജിത അമ്മായിയോടാണ് കൂടുതല്‍ അടുപ്പം. കാഴ്ച നഷ്ടപ്പെട്ട ഫല്‍ഹാന്‍ അമ്മായിയോടൊപ്പം അടുക്കളയില്‍ നിന്ന് സഹായിക്കും. അടുക്കളയിലെ ചെറിയ ചെറിയ ജോലികള്‍ എടുക്കുന്നത് ഫല്‍ഹാന് ഇഷ്ടമായിരുന്നുവെന്ന് സാജിത പറയുന്നു. കറിക്ക് കടുകു വറുക്കുന്നത് ഫല്‍ഹാന് ഇഷ്ടമായിരുന്നു. കാഴ്ചയുള്ളവര്‍ ഇതൊക്കെ ചെയ്യുന്നത് തന്നെ സൂക്ഷിച്ചു വേണം, പിന്നെ ഫല്‍ഹാന്‍ ഇതെല്ലാം എങ്ങനെ ചെയ്യും എന്ന തോന്നലായിരുന്നു അന്നൊക്കെ. നസീലയും ഇതില്‍ നിന്നെല്ലാം ഫല്‍ഹാനെ പിന്തിരിപ്പിക്കുമായിരുന്നു. പക്ഷെ കടുക് പൊട്ടിക്കുമ്പോള്‍ അത് പച്ചമുളകും ഉള്ളിയുമിട്ട് വരട്ടുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം ഫല്‍ഹാനിഷ്ടമായിരുന്നു. പിന്നെ പിന്നെ ഞാന്‍ അവനെ കൊണ്ട് ഇതൊക്കെ ചെയ്യിക്കും, ഇപ്പോള്‍ കാഴ്ചയുള്ളവര്‍ ചെയ്യുന്നതിനെക്കാള്‍ ഗംഭീരമായി അവന്‍ പാചകം ചെയ്യുന്നു.

ചെറുപ്പത്തിലേ ഫല്‍ഹാന്റെ പിടിവാശിയായിരുന്നു എല്ലാവരും ചെയ്യുന്നമെതാക്കെ അവനും ചെയ്യണം. പച്ചക്കറിയൊക്കെ കട്ടിംഗ് ബോര്‍ഡില്‍ വെച്ചല്ല ഇപ്പോള്‍ ഫല്‍ഹാന്‍ ഒരുക്കുന്നത് കൈയ്യില്‍ വെച്ച് തന്നെ മുറിച്ച് പാകത്തിനാക്കിയെടുക്കും. കൈ മുറിഞ്ഞാലും പേടിച്ച് പിന്നോട്ട് പോകാന്‍ ഫല്‍ഹാന്‍ തയാറായിരുന്നില്ല. അവന്റെ ആ മനസാണ് ഇന്ന് അവനെ നേട്ടങ്ങള്‍ക്കരികെ എത്തിക്കുന്നതെന്നു സാജിത പറയുന്നു. അവന് കാഴ്ചയില്ലെന്ന് അവന്‍ കേള്‍ക്കെ പറയാന്‍ പാടില്ല, അത് അവന് വലിയ വിഷമമായിരുന്നു. റോഡിലൂടെ നടക്കുമ്പോഴും ഓടിക്കളിക്കുമ്പോഴും ഞങ്ങളിത് പറയുമ്പോള്‍ അവനത് വിഷമമാകും. പിന്നെ ഞങ്ങള്‍ക്കും അത് വിഷമമാകും. പിന്നെ അവന് എല്ലാം കഴിയുമെന്ന് ഞങ്ങള്‍ തന്നെ മനസില്‍ വിചാരിച്ച് എല്ലാത്തിനും സ്വാത്രന്ത്യം കൊടുക്കുകയായിരുന്നു; സാജിത പറയുന്നു.

യുവജനോത്സവ വേദികളിലും തിളങ്ങിയ ഫല്‍ഹാന്‍

ആലുവയിലെ സ്പെഷ്യല്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ആറാം ക്ലാസ് മുതല്‍ മുതല്‍ സ്പെഷ്യല്‍ സ്‌കൂള്‍ യുവജനോത്സവ വേദികളില്‍ ഫല്‍ഹാന്‍ താരമായിരുന്നു. മോണാ ആക്ടായിരുന്നു ഫല്‍ഹാന്റെ ഇനം. കാഴ്ചയില്ലാത്തതുകൊണ്ടും ശബ്ദത്തെ കൂടുതല്‍ ശ്രദ്ധിക്കുന്നതുകൊണ്ടും ഇഷ്ടപ്പെടുന്നതുകൊണ്ടും അത് അനുകരിക്കാന്‍ ഫല്‍ഹാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. അതുകൊണ്ട് തന്നെയാണ് മോണാ ആക്ടിലേക്ക് കമ്പം കയറിയതും. സിനിമകളിലൂടെയും നിരവധി പ്രാവശ്യം നേരിട്ട അനുവഭങ്ങളിലൂടെയും ശബ്ദങ്ങളെ തിരിച്ചറിഞ്ഞ് മനസില്‍ സൂക്ഷിച്ച ഫല്‍ഹാന്‍ കലോത്സവ വേദികളില്‍ യുദ്ധത്തിന്റെ ഭീകരാന്തരീക്ഷം വെളിവാക്കുന്ന ശബ്ദങ്ങള്‍, മൃഗങ്ങള്‍, തീവണ്ടി, വിമാനം, പക്ഷികള്‍, തുടങ്ങി ശബ്ദങ്ങള്‍ അനുകരിക്കും. തുടര്‍ച്ചയായി പ്ലസ്ടു വരെ സംസ്ഥാന കലോത്സവ വേദികളില്‍ ഫല്‍ഹാന്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. കോട്ടയത്ത് ബിഎഡ് പഠിക്കാന്‍ പോയത് സാധാരണ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ്. അവിടെയും ഫല്‍ഹാന്‍ താരമായിരുന്നു. മോണാ ആക്ടിനോടൊപ്പം പ്രസംഗ കലയിലും ഫല്‍ഹാന്‍ കഴിവ് തെളിയിച്ചു. സംസ്ഥാന കലോത്സവത്തില്‍ പ്രസംഗത്തിന് മൂന്നാം സ്ഥാനം നേടി.

അധ്യാപന ജോലിയെ പറ്റി നല്ല കാഴ്ചപാടുണ്ട്

ബിഎഡ് പഠനം കഴിഞ്ഞ് ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റും (ടെറ്റ്) പാസായ ശേഷം ജോലിക്ക് ശ്രമിക്കുന്ന ഫല്‍ഹാന് അധ്യാപന ജോലി വളരെ ഇഷ്ടമാണ്. കുട്ടികള്‍ക്ക് അറിവുകള്‍ പകര്‍ന്ന് കൊടുക്കുകയെന്നത് വളരെ നല്ല കാര്യമാണെന്നാണ് ഫല്‍ഹാന്‍ പറയുന്നത്. കുട്ടിക്കള്‍ക്ക് ഇഷ്ടമാകുന്ന വിധം എങ്ങനെ ക്ലാസ് എടുക്കണമെന്നതില്‍ ഫല്‍ഹാന്റേതായ രീതികള്‍ ഉണ്ട്. കുട്ടികളെ വിവര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ക്ലാസുകള്‍ എടുക്കുമ്പോള്‍ അവര്‍ക്കും അത് വലിയ ഇന്‍ട്രസ്റ്റിംഗ് ആണെന്നു ഫല്‍ഹാന്‍ പറയുന്നു. ദൃശ്യങ്ങളുടെ സഹായത്തോടെ കുട്ടികളെ പഠിപ്പിക്കുമ്പോഴാണ് അത് അവരുടെ മനസില്‍ പെട്ടെന്ന് കയറുന്നതും മനസിലാകുന്നതെന്നാണ് ഫല്‍ഹാന്റെ തിയറി.

ജീവിതത്തില്‍ എത്തിപ്പിടിക്കാവുന്ന മേഖലകളിലെല്ലാം കാഴ്ചയുള്ളവരെക്കാള്‍ പതിന്‍മടങ്ങ് ആത്മവിശ്വാസത്തോടെ ചെന്നെത്തി നേട്ടം കൊയ്യുന്ന ഫല്‍ഹാനെന്ന ചെറുപ്പക്കാരന്റെ നിശ്ചയദാര്‍ഢ്യമാണ് സമൂഹം മാതൃകയാക്കേണ്ടത്. പരിമിതികള്‍ക്കിടയിലും തനിക്ക് സാധിക്കാത്തതായി ഒന്നും ഇല്ലെന്നാണ് ഈ ചെറപ്പക്കാരന്‍ പറയുന്നത്. കാഴ്ചയില്ലാത്തവനാണ്, നിനക്ക് അതിന് കഴിയില്ലെന്ന് പറയുന്നവരോട്, എനിക്ക് അത് സാധിക്കും എന്ന് പറയുന്ന ഫല്‍ഹാന്റെ വാക്കുകളില്‍ തന്നെ വിജയമുണ്ട്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍