UPDATES

നീണ്ടവായന

ഇരുട്ട് ഫൗള്‍ ചെയ്തു വീഴ്ത്തിയിട്ടും ജീവിതത്തിലും ഫുട്‌ബോളിലും ജയിക്കാനായി മുന്നേറുന്ന ഫല്‍ഹാന്‍

ഫുട്‌ബോളില്‍ എതിരാളികളെ വെട്ടിച്ച് ബോളുമായി ലക്ഷ്യത്തിലേക്ക് കുതിക്കുന്നതുപോലെയാണ്, പ്രതിസന്ധികളെ തരണം ചെയ്ത് തന്റെ ജീവിതവുമായി ഫല്‍ഹാന്‍ മുന്നേറുന്നത്.

കണ്ണടച്ചു മുന്നോട്ട് നടക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? ആദ്യ ഒന്നു രണ്ട് ചുവടുകള്‍ വച്ചു കഴിയുമ്പോള്‍ നെഞ്ചിലേക്ക് ഭയം ഉരുണ്ടു കൂടും. കണ്‍പോളകള്‍ മേല്‍പ്പോട്ട് ഉയര്‍ത്താന്‍ വെപ്രാളം തുടങ്ങും. അടുത്ത ചുവട് തെറ്റുമോ എന്ന ആശങ്കയില്‍ ആ നടത്തം നിലയ്ക്കും… കാഴ്ചയില്ലാത്ത അവസ്ഥ എത്രത്തോളം ബുദ്ധിമുട്ടാണെന്ന് മനസിലാക്കാന്‍ ഇങ്ങനെ കുറച്ച് സമയം സ്വയമൊന്ന് ഇരുട്ടിലായാല്‍ മതി. അപ്പോള്‍ കണ്ണിലെ വെട്ടം എന്നന്നേക്കുമായി നിലച്ചവരുടെ ജീവിതമോ? അവരെയോര്‍ത്ത് സഹതപിക്കാന്‍ വരട്ടെ, വിധിയെ പഴിക്കാനും. കാഴ്ചയില്ലെങ്കില്‍ ഒന്നിനും ആകില്ലെന്ന തോന്നലും ഭയവും കാഴ്ചയുള്ളവര്‍ക്കു മാത്രമാണ്. പക്ഷേ, കണ്ണുകളില്‍ നിന്നും അടര്‍ന്നു പോയെങ്കിലും തങ്ങളുടെ ജീവിതം പ്രകാശത്തില്‍ നിര്‍ത്താന്‍ കഴിവുള്ളവരാണ് കാഴ്ചയില്ലാത്തവര്‍. അവര്‍ സ്വന്തം ശരീരം തന്നെയാണ് കാഴ്ചയ്ക്ക് ഉപാധിയാക്കുന്നത്. ചെറുനിശ്വാസങ്ങളില്‍ നിന്നും പോലും അവര്‍ കാഴ്ചകള്‍ കാണും. അതുകൊണ്ട് കാഴ്ചയില്ലാത്തവരുടെ ജീവിതം മൊത്തം ഇരുട്ടില്‍ മുങ്ങിക്കിടക്കുകയാണെന്ന് കരുതരുത്. അതില്‍ എന്തെങ്കിലും സംശയം തോന്നുന്നവരുണ്ടെങ്കില്‍ അവരുടേയും കൂടി മുന്നിലേക്കാണ് ഞങ്ങള്‍ മട്ടാഞ്ചേരിക്കാരന്‍ ഫല്‍ഹാനെ അവതരിപ്പിക്കുന്നത്.

ലോകകപ്പ് ഫുട്‌ബോളിനായി ആവേശവും ആരവങ്ങളുമായി തയ്യാറെടുത്തിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ തന്നെ ഫല്‍ഹാനെ വായിക്കുന്നതില്‍ ഒരു യാദൃശ്ചികതയുമുണ്ട്. കാരണം, ഫല്‍ഹാനും ഒരു ഫുട്‌ബോളറാണ്‌. കേരളത്തിനും ഇന്ത്യക്കുമായി കളിക്കുന്ന താരം. കാല്‍പന്തുകളിയിലേക്കാള്‍ വലിയ അനിശ്ചിതത്വങ്ങളാണോ ജീവിതത്തില്‍ സംഭവിക്കുന്നത്. ആ ജീവിത കളിയില്‍ തോറ്റുകൊടുക്കാന്‍ തയ്യാറാകാതെ കുതിച്ചു മുന്നേറുന്ന ഫല്‍ഹാനെ കുറിച്ചാണ് പറയുന്നത്…

2018 മാര്‍ച്ച് 21, ജപ്പാന്‍: തികച്ചും അപരിചിതമായ മൈതാനം, ഒട്ടും പൊരുത്തപ്പെടാന്‍ സാധിക്കാത്ത കാലാവസ്ഥ. സ്വന്തം ടീമിനു വേണ്ടി ആര്‍പ്പു വിളിക്കുന്ന കാണികള്‍. ആതിഥേയരോട് ഫൈനലില്‍ ഏറ്റുമുട്ടാനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിന് കാര്യങ്ങളെല്ലാം പ്രതികൂലമാണ്. പക്ഷേ, ആര്‍ക്കും പരാജയഭീതിയില്ല. എതിരാളി എത്ര വലിയവനാണെങ്കിലും, എന്തൊക്കെ അനുകൂലഘടകങ്ങള്‍ പിന്തുണയായിട്ടുണ്ടെങ്കിലും അതിനെയെല്ലാം മറികടക്കുന്ന ആത്മവിശ്വാസം അന്നാ മൈതാനത്ത് നിരന്ന ഇന്ത്യന്‍ കളിക്കാര്‍ക്ക് ഉണ്ടായിരുന്നു.

ലോകത്തിലെ മികച്ച ടീമുകളില്‍ ഒന്നായ ജപ്പാനെതിരേ ബാക്ക് പൊസിഷനിലായിരുന്നു എ എല്‍ ഫല്‍ഹാന്‍ എന്ന മട്ടാഞ്ചേരിക്കാരന്റെ സ്ഥാനം.

വിസില്‍ മുഴങ്ങി. ചെറുമണികളുടെ കിലുക്കവുമായി ഉരുണ്ടു വരുന്ന പന്ത് പിടിച്ചെടുക്കാനോടുന്ന ഇരു ടീമുകളിലേയും കളിക്കാര്‍. പന്ത് കാലില്‍ കുരുക്കാന്‍ കഴിഞ്ഞാല്‍ അതുമായി അതിവേഗത്തില്‍ എതിര്‍ ടീമിന്റെ പോസ്റ്റിലേക്ക് ഓടിയടുക്കണം. മത്സരം തുടങ്ങി അധികസമയം കഴിഞ്ഞിരുന്നില്ല അപ്പോള്‍. തങ്ങളുടെ പോസ്റ്റിന് നേരെ പന്തുരുണ്ടെത്തുന്ന ശബ്ദം ഫല്‍ഹാന്റെ കാതുകളില്‍ കേള്‍ക്കുന്നു. പന്ത് തന്റെ നേര്‍ക്കു തന്നെയാണ് വരുന്നത്. സമയം കളയാനില്ലായിരുന്നു, നേരെ അറ്റാക്ക് ചെയ്തു. പന്ത് കാലുകളിലൊതുക്കിയ ശേഷം കഴിയുന്നതും വേഗത്തില്‍ ഓടി. എതിര്‍ ടീമിലെ നാലു താരങ്ങളെയും വെട്ടിച്ച് സാധാരണയില്‍ കവിഞ്ഞ വേഗത്തില്‍ ഗോള്‍ മുഖത്തേക്കടുക്കുയായിരുന്നു.

കാണികളുടെ ശബ്ദം നേരത്തേതിലും ഇരട്ടിയായി. പന്തുമായി താന്‍ എതിരാളിയുടെ ഗോള്‍ പോസ്റ്റിനു മുന്നിലാണെന്ന് മനസിലായി ഫല്‍ഹാന്. നല്ല രീതിയില്‍ മഞ്ഞ് വീഴ്ചയുണ്ട്. കാലില്‍ നിന്നും പന്ത് നഷ്ടപ്പെട്ടു പോകരുത്. സമയം പാഴാക്കാതെ ഗോള്‍ വലയ്ക്കുള്ളിലേക്ക് അടിച്ചിടണം. പക്ഷേ, പന്ത് ഷൂട്ട് ചെയ്യാന്‍ പറയേണ്ട ഗോള്‍ ഗൈഡിന്റെ ശബ്ദം കേള്‍ക്കുന്നില്ല… കാണികള്‍ ആവേശഭരിതരായി മുഴക്കുന്ന ശബ്ദത്തില്‍ ഗോള്‍ ഗൈഡിന്റെ ശബ്ദം താഴ്ന്നു പോയതാണോ? കൂടുതല്‍ ആലോചിച്ചു നില്‍ക്കാന്‍ കഴിയില്ല. തന്റെ കാലില്‍ നിന്നും പന്ത് റാഞ്ചിയെടുക്കാന്‍ എതിരാളികള്‍ പാഞ്ഞടുക്കുന്നുണ്ടാകും… ഗോള്‍ വലയ്ക്ക് മുന്നില്‍ തന്നെയായിരിക്കും താന്‍ നില്‍ക്കുന്നത്… കാണികളുടെ ആരവം ഇത്രയുറക്കെയാകാന്‍ കാരണമതായിരിക്കുമല്ലോ. ഇനി വൈകേണ്ട, ഒരു നിമിഷം പന്തിനെ നിശ്ചലമാക്കിയതിനുശേഷം വലം കാലാല്‍ ആഞ്ഞൊരടി..

ഗോള്‍വലയത്തിലേക്ക് തന്റെ തടസങ്ങളെല്ലാം മറികടന്ന് ബോള്‍ എത്തിയിട്ടുണ്ടാകുമോ? താന്‍ രാജ്യത്തിനായി ഗോള്‍ നേടിയിരിക്കുകയാണോ?… ഫല്‍ഹാന്റെ ചങ്കിടിപ്പ് വര്‍ദ്ധിക്കുകയാണ്. പക്ഷേ, സംഭവിച്ചിരിക്കുന്നത് മറ്റൊന്നാണ്. ഫല്‍ഹാന്റെ സന്തോഷം ഗോള്‍ പോസ്റ്റില്‍ തട്ടി പുറത്തേക്കു പോയിരിക്കുന്നു…

"</p

ഒരു ദീര്‍ഘനിശ്വാസമെടുത്ത് തല മുകളിലേക്ക് ഉയര്‍ത്തി. ലക്ഷ്യം തെറ്റിപ്പോയ ആ വിജയത്തെ കുറിച്ച് ഓര്‍ത്തു. എല്ലാ കളിയിലും ജയിക്കാന്‍ പറ്റില്ലല്ലോ… പക്ഷേ, എല്ലാ കളിയിലും, അത് കാല്‍പ്പന്തിന്റെയാണെങ്കിലും ജീവിതത്തിന്റെതാണെങ്കിലും തോറ്റുകൊടുക്കാതിരിക്കാന്‍ കഴിയും… ഫല്‍ഹാന്‍, തന്നെ തന്നെ പറഞ്ഞു വിശ്വസിപ്പിച്ചത് അങ്ങനെയായിരുന്നു.

തന്റെ കുറവുകളെ, തന്റെ പരാജയങ്ങളായി ഇതുവരെ കരുതിയിട്ടില്ല മട്ടാഞ്ചേരി കപ്പലണ്ടി മുക്കിലെ നാസിലയുടെ മൂത്തമകന്‍ സി എസ് ഫല്‍ഹാന്‍. തോറ്റുപോയവനെന്ന് കരുതിയിരുന്നെങ്കില്‍ ഇന്നയാള്‍ക്ക് ഈ ഉയരങ്ങളില്‍ എത്താന്‍ കഴിയില്ലായിരുന്നു. ഫുട്‌ബോളില്‍ എതിരാളികളെ വെട്ടിച്ച് ബോളുമായി ലക്ഷ്യത്തിലേക്ക് കുതിക്കുന്നതുപോലെയാണ്, പ്രതിസന്ധികളെ തരണം ചെയ്ത് തന്റെ ജീവിതവുമായി ഫല്‍ഹാന്‍ മുന്നേറുന്നത്. കാഴ്ചയില്ലാത്തത് ഫല്‍ഹാന്റെ കണ്ണുകളില്‍ മാത്രമാണ്…

ചിലപ്പോള്‍ നമ്മള്‍ തോറ്റു പോകുന്നത് നമ്മുടെ കുഴപ്പം കൊണ്ടാകില്ല. ചുറ്റുപാടുകള്‍ എതിരാകുമ്പോള്‍, വിജയത്തിന്റെ വക്കില്‍ പോലും വീണുപോയെന്നിരിക്കും. എന്നാല്‍ ആ വീഴ്ചയില്‍ നിന്നും എഴുന്നേറ്റ് വന്ന് വീണ്ടും മുന്നേറാന്‍ തയ്യാറാകണം. ഒരു തോല്‍വിയുടെ കഥയില്‍ നിന്നും ഫല്‍ഹാനെക്കുറിച്ച് പറഞ്ഞു തുടങ്ങിയത്, ആ ചെറുപ്പക്കാരന്‍ വീഴ്ചകളില്‍ പതറിപ്പോകാതെ എങ്ങനെയാണ്‌ ജീവിത്തില്‍ മുന്നേറുന്നതെന്ന് പറയാനാണ്.

“ജപ്പാനിലെ ടോക്കിയോയില്‍ വേള്‍ഡ് ഗ്രാന്‍പ്രീ ഡെവലപ്‌മെന്റ് ഗെയിംസില്‍ കാഴ്ചയില്ലാത്തവരുടെ ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കാനായിരുന്നു ഞാന്‍ അടങ്ങുന്ന ഇന്ത്യന്‍ ടീം എത്തിയത്. കാലാവസ്ഥ തൊട്ട് നമുക്ക് എതിരായിരുന്നു. ജപ്പാനില്‍ ആ സമയം കൊടുംതണുപ്പായിരുന്നു. മഞ്ഞ് വീഴ്ചയുണ്ട്. ഗ്രൗണ്ടില്‍ എവിടെ ചവിട്ടിയാലും വെളളത്തിന്റെ അംശം ഉണ്ടായിരുന്നു. കാണികളുടെ ആരവം നാട്ടിലേതുപോലെയല്ല. അവര്‍ നമ്മളെയും പ്രോത്സഹിപ്പിക്കുന്നുണ്ടായിരിക്കാം. പലപ്പോഴും ഗാലറിയില്‍ നിന്നും മുഴങ്ങിയ ആ ശബ്ദം എനിക്ക് അരോചകമായി തോന്നി.

കാഴ്ചയില്ലാത്ത ഞങ്ങളുടെ ആശ്രയം ശബ്ദമാണ്. ഫുട്‌ബോളിലും ശബ്ദം തന്നെയാണ് ആശ്രയം. ബോളിന്റെ കിലുക്കം, ഗോള്‍ ഗൈഡിന്റെ നിര്‍ദേശങ്ങളെല്ലാം വ്യക്തമായി പിടിച്ചെടുക്കണം. എന്നാല്‍ ഗാലറിയില്‍ നിന്നുള്ള കോലാഹലം അതിനെല്ലാം തടസമായിരുന്നു. പന്തുരുളുന്നത് കൃത്യമായി കേള്‍ക്കണം, സഹകളിക്കാര്‍ ഏത് വശത്താണെന്ന് അറിയണം, ഗെയിം കോഡുകള്‍ കേള്‍ക്കണം. അതൊക്കെയാണ് കളിയിലെ കാര്യങ്ങള്‍. പലപ്പോഴും കാണികളുടെ ശബ്ദം അധികമായിട്ട് റഫറിമാര്‍ ഫൗള്‍ വിളിച്ചിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ അതെല്ലാം ഓര്‍ക്കുമ്പോള്‍ പരാജയത്തിന്റെ വേദനയൊന്നും തോന്നുന്നില്ല. അവിടെയൊക്കെ പോയി കളിച്ച്, അത്രയൊക്കെ ചെയ്യാന്‍ പറ്റിയില്ലേ?” ഫല്‍ഹാന്റെ വാക്കുകളില്‍ തന്റെ ഷോട്ട് ഗോള്‍വലയുടെ മൂലയിലേക്ക് ചാഞ്ഞിറങ്ങി വീണതു കണ്ട് ആഹ്ലാദിക്കുന്ന ഒരു ഫുട്‌ബോളറുടെ ആഹ്ലാദമുണ്ടായിരുന്നു.

ഫല്‍ഹാന്റെ ജീവിതത്തില്‍ ഈ ആഹ്ലാദങ്ങള്‍ നിറയ്ക്കുന്നതില്‍ വലിയ പങ്കാണ് ഫുട്‌ബോളിനുള്ളത്.

“ഒരു ഗോള്‍ അടിക്കുമ്പോള്‍, നല്ലൊരു മുന്നേറ്റം നടത്തുമ്പോള്‍, സഹകളിക്കാരന് പാസ് നല്‍കുമ്പോള്‍ ഒക്കെ ഉണ്ടാകുന്നൊരു ആവേശവും ആത്മവിശ്വാസവുമുണ്ട്, അത് ജീവിതത്തിലേക്കു കൂടിയാണ് പരക്കുന്നത്. ഒരു ഫുട്‌ബോള്‍ മൈതാനം പോലെയാണ് എന്റെ ജീവിതവും. മുന്നില്‍ ഒരുപാട് പ്രതിസന്ധികളുണ്ട്, പക്ഷേ, ഞാന്‍ ലക്ഷ്യത്തിലേക്ക് ഓടുകയാണ്… മറ്റ് കളികളെ അപേക്ഷിച്ച് ഫുട്‌ബോള്‍ അപകടം കൂടിയ കളിയാണെന്നാണ് പറയുന്നത്. എന്നാല്‍ അവരവരുടെ അവസരം കാത്ത് പന്ത് ഉരുളുന്ന ദിശ കാതുകളില്‍ കേട്ട് ഓടിയെത്തി ഗോളടിക്കുക, കാഴ്ചയില്ലാത്ത ഞങ്ങളെ സംബന്ധിച്ച് അതൊരു ചങ്കൂറ്റമാണ്. ഞങ്ങളെ സംബന്ധിച്ച് ഞങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമോ, അത് എത്ര അപകടം പിടിച്ചതാണെങ്കിലും വിജയകരമായി ചെയ്ത് ലോകത്തിന് കാണിച്ചുകൊടുക്കണം. ഫുട്‌ബോള്‍ പോലെ തന്നെ ഈ ജീവിതത്തോടും എനിക്ക് ലഹരി കൂടുന്നത് അതുകൊണ്ടാണ്;” ഫല്‍ഹാന്റെ വാക്കുകള്‍ അയാളുടെ കണ്ണുകളില്‍ നോക്കിയാണ് ശ്രദ്ധിച്ചിരുന്നത്. എന്തൊരു തിളക്കമാണവിടെ!

(തുടരും)

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍