UPDATES

ട്രെന്‍ഡിങ്ങ്

കേന്ദ്ര സര്‍വകലാശാലയില്‍ നടക്കുന്നത് ബിജെപി – ആര്‍എസ്എസ് റിക്രൂട്ട്മെന്‍റ്: പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥി അഖില്‍ പറയുന്നു

എന്നെ പുറത്താക്കിയതിലും വലിയ കുറ്റകരവും ക്രൂരവും ഹിംസാത്മകവുമായ പ്രവൃത്തികൾ യൂണിവേഴ്സിറ്റി അധികാരികളുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്.

കാസര്‍ഗോഡ്‌ കേന്ദ്ര സര്‍വകലാശാലയില്‍ (സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള) നടക്കുന്നത് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ അധ്യാപകരും ജീവനക്കാരുമായി റിക്രൂട്ട് ചെയ്യല്‍ ആണെന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ഥി അഖില്‍ താഴത്ത്. ഇന്‍റര്‍നാഷണല്‍ റിലേഷന്‍സിലെ വിദ്യാര്‍ഥി ആയിരുന്ന അഖിലിനെ, ദലിത് ഗവേഷക വിദ്യാര്‍ഥി നാഗരാജുവിനെ പൊലീസിലേല്‍പ്പിച്ച സര്‍വകലാശാലയുടെ നടപടിയില്‍ പ്രതിഷേധിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരിലാണ് പുറത്താക്കിയത്. അഖിലിനെ ഡിസ്മിസ് ചെയ്തിരിക്കുന്നു. ഇതേ വിഷയത്തില്‍ ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പേരില്‍ ഇംഗ്ലീഷ് ആന്‍ഡ്‌ കമ്പാരിറ്റീവ് ലിറ്ററേച്ചര്‍ വിഭാഗം എച്ച്ഒഡി ആയ ഡോ.പ്രസാദ്‌ പന്ന്യനെ സസ്പെന്‍ഡ് ചെയ്തിരിക്കുകയുമാണ്.

തന്നെ പുറത്താക്കിയതില്‍ വലിയ വിഷമമില്ലെന്നും എന്നാല്‍ വിദ്യാര്‍ഥികളും ജീവനക്കാരും ഉള്‍പ്പടെ മറ്റുള്ളവരോട് സര്‍വകലാശാല അധികൃതര്‍ കാണിച്ച അനീതിയാണ് പ്രശ്നമെന്നും അഖില്‍ പറയുന്നു. യുജിസി ചട്ടങ്ങള്‍ അട്ടിമറിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകരേയും അനുഭാവികളേയും ജീവനക്കാരായി കുത്തിനിറയ്ക്കുകയാണ്. ക്രിമിനല്‍ കേസുള്ള ബിജെപി പ്രവര്‍ത്തകരെ സെക്യൂരിറ്റി സ്റ്റാഫ്‌ ആയി നിയമിച്ചിരിക്കുന്നു. യാഥാസ്ഥിതികമായ സാഹചര്യങ്ങളെ സംരക്ഷിച്ചു കൊണ്ടു പോകുന്ന ഒരു ക്രിമിനൽ കൂട്ടത്തെയാണ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്നത് എന്നും അഖില്‍ ഫേസ്ബുക്ക്‌ പോസ്റ്റില്‍ പറയുന്നു.

അഖിലിന്‍റെ ഫെസ്ബൂക് പോസ്റ്റ്‌:

എന്നെ സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ നിന്ന് പുറത്താക്കി. ഇന്നലെയാണ് ഡിസ്മിസൽ ഓർഡർ ജോൺ സാറിന്റെ കയ്യിൽ നിന്ന് വാങ്ങിയത്. ‘ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റിയിൽ നിന്നും പുറത്താക്കി’ എന്ന് തുറന്ന് കാട്ടി എന്നോട് അനുഭാവം പ്രകടിപ്പിക്കുന്നവരോട് ഞാൻ തീർച്ചയായും കടപ്പെട്ടിരിക്കുന്നു. അവരെല്ലാം ജനാധിപത്യത്തിന്റെ കാവലാളുകളാണ്. എന്നാൽ ഞാൻ പുറത്താക്കപ്പെട്ടതിൽ ഒരിക്കലും എനിക്ക് അത്ഭുതമില്ല, മാത്രമല്ല അതത്ര പ്രസക്തമായ നഷ്ടവുമല്ല. ഞാൻ ഒരു ശരാശരി നിലവാരമുള്ള വിദ്യാർത്ഥി മാത്രമാണ്. എനിക്ക് വലിയ അക്കാഡമിക്ക് ലക്ഷ്യങ്ങളുമില്ല. എന്നാൽ വിലക്കയറ്റവും തൊഴിളില്ലായ്മയും കൂടി കൊണ്ടേയിരിക്കുന്ന മത്സരാധിഷ്ഠിതമായ ഭാവിയിൽ, ഒരു വലിയ അരക്ഷിതമായ സാമൂഹ്യ വിഭാഗം അനിവാര്യമായി നേരിടേണ്ട പ്രതിസന്ധികളുടെ ഒരു പങ്ക് എനിക്കും അറിയേണ്ടി വന്നേക്കാം. പക്ഷേ ഞാനിപ്പോഴും വളരെ സ്വൗകര്യങ്ങളുള്ളവനും സാധ്യതകളുള്ളവനുമാണ്. ആ അർത്ഥത്തിൽ ഞാൻ സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ ഒരു ഉപഭോക്താവായിരുന്നു.

എന്നെ പുറത്താക്കിയതിലും വലിയ കുറ്റകരവും ക്രൂരവും ഹിംസാത്മകവുമായ പ്രവൃത്തികൾ യൂണിവേഴ്സിറ്റി അധികാരികളുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. ഞങ്ങളുടെ ഹോസ്റ്റൽ കെയർ ടേക്കറായിരുന്ന സന്ദീപേട്ടനെ പിരിച്ചുവിട്ടത് … അദ്ദേഹം ഹോസ്റ്റലിൽ എല്ലാ കാര്യങ്ങളും കൃത്യമായി നടത്തിയിരുന്ന വളരെ ഉത്തരവാദിത്വവും സ്നേഹവും സൗഹൃദവുമുണ്ടായിരുന്ന ആളായിരുന്നു. അദ്ദേഹത്തെ അകാരണമായി പിരിച്ചു വിട്ട് അവിടെ രാഷ്ട്രീയ നിയമനം നടത്തി. അദ്ദേഹത്തിന് വേണ്ടി ആരും ചോദിച്ചിട്ടില്ല. സ്വജനപക്ഷപാതപരമായി നടത്തിയ രാഷ്ട്രീയ നിയമനങ്ങൾ സംരക്ഷിച്ച് നിർത്തി യൂ. ജി. സി യുടെ കണ്ണിൽ പൊടിയിട്ട് ഹോസ്റ്റലിലെ സാധുക്കളായ പ്രകാശേട്ടനും രാജേട്ടനുമടക്കം പതിനഞ്ചുപേരെ പിരിച്ചുവിട്ടത് വിദ്യാർത്ഥി വിരുദ്ധവും അതിലുപരി മനുഷ്യത്വ രഹിതവും ഭീകരമായ കളവും ചതിയുമായിരുന്നു. യൂണിവേഴ്സിറ്റിയിൽ പ്രവൃത്തിക്കുന്ന സ്റ്റാഫുകളിൽ നാൽപതിൽപരം ഓഫീസ് സ്റ്റാഫുകളും യൂ. ജി. സി ചട്ടങ്ങളെ അട്ടിമറിച്ച് ഔട്ട് സോഴ്സ്ഡായി നിയമിക്കപ്പെട്ടവരാണ്. ഇവരെല്ലാം ബി ജെ പി – ആർ എസ് എസ് രാഷ്ട്രീയമുള്ള ആളുകളാണ്. ഇത് കൂടാതെ സെക്യൂരിറ്റിയിലും ക്രിമിനൽ കേസുകളുള്ള പൊള്ളക്കട സുരേഷിനെ പോലുള്ള ബി ജെ പി പ്രവർത്തകരുണ്ട്. ഇതെല്ലാം തന്നെ സാമൂഹ്യ ദ്രോഹ നടപടികളും അപനിർമ്മിതി പ്രവർത്തനങ്ങളുടെ ഭാഗവുമാണ്.

എന്റെ ഫേസ്ബുക്ക് പോസ്റ്റിനെപ്പറ്റി അന്വേഷണ ചുമതല ലഭിച്ച ഡോ. മോഹൻ ഗുന്തറിനുമുണ്ട് ജീർണ്ണിച്ച ചരിത്രം. ആദ്യത്തെ തവണ തന്നെ ജെ ആർ എഫ് കിട്ടിയ വിഷ്ണുവിന് മതിയായ അറ്റന്റൻസില്ല എന്ന് പറഞ്ഞ് അവന്റെ ഒരു വർഷവും ജെ ആർ എഫ് ഭാവിയും തുലച്ച് കളഞ്ഞ അംഗീകൃത അധ്യാപക ഈഗോയ്ക്ക് ഉടമയാണ് ഈ മോഹൻ ഗുന്തർ. അയാൾ അന്ന് വിഷ്ണുവിനോട് പറഞ്ഞതിങ്ങനെയാണ് ” Don’t pride at your JRF… ”. ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത് യാഥാസ്ഥിതികമായ പലേ സാഹചര്യങ്ങളും സംരക്ഷിച്ചു കൊണ്ടു പോകുന്ന ഒരു ക്രിമിനൽ കൂട്ടത്തെയാണ് നാം അഭിമുഖീകരിക്കുന്നത് എന്നുള്ളതാണ്. ശരിയായ സമര രീതികളും സാഹചര്യങ്ങളും ഉണ്ടാവേണ്ടിയിരുന്നു എന്നുള്ള കാര്യത്തിൽ മേൽപ്പറഞ്ഞ യാഥാസ്ഥിതിക സാഹചര്യങ്ങൾ രൂപപ്പെടുത്തിയതിൽ എനിക്കും പങ്കുണ്ട് എന്നേറ്റു പറയാൻ ഞാനാഗ്രഹിക്കുന്നു. തെറ്റുകൾ ഉണ്ടാവുന്നു അവ തിരുത്തുന്നു. ഇനിയും സ്നേഹത്തോടെയും സൗഹൃദത്തോടെയും എനിക്ക് ഒരുപാട് കാലം പോരാടി ജീവിക്കാനുണ്ട്. ഇന്ന് ഇപ്പോൾ എന്നെ പുറത്താക്കി പാഠം പഠിപ്പിച്ചു എന്ന് വിചാരിക്കുന്നവരെ അവരർഹിക്കുന്ന അവജ്ഞയോടു കൂടി പുച്ഛിക്കാനാണിഷ്ടം?. അവരാണ് ചരിത്രത്തിന്റെ യഥാർത്ഥ ഇരകൾ. ഞാനല്ല…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍