UPDATES

ട്രെന്‍ഡിങ്ങ്

കഴിഞ്ഞ വര്‍ഷം അരുണ്‍ ആനന്ദ് എഫ് ബിയില്‍ എഴുതി ‘cutest babies on earth’; അതിലൊരാളെയാണ് അയാള്‍ ക്രൂരമായി കൊല ചെയ്തത്

2018 ജൂലൈ 18 ന് അരുണ്‍ ആനന്ദ് തന്റെ ഫെയ്‌സ്ബുക്കില്‍ രണ്ട് കുഞ്ഞുങ്ങളുടെ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് എഴുതിയത് ഇങ്ങനെയാണ്; cutest babies on earth! ആ കുഞ്ഞുങ്ങളില്‍ ഒന്നിനെയാണ് അരുണ്‍ ക്രൂരമായി കൊന്നു കളഞ്ഞതും. തനിക്ക് ഒരു ബന്ധവുമില്ലാത്തവരുമായിരുന്നില്ല അരുണിന് ആ കുട്ടികള്‍. മാതൃസഹോദരന്റെ പുത്രന്റെ കുഞ്ഞുങ്ങളായിരുന്നു അവര്‍. കൊടും ക്രൂരത ചെയ്തപ്പോള്‍ രക്തബന്ധം പോലും തടസമായില്ല.

കുട്ടികളെ ഉപയോഗപ്പെടുത്തി തന്നെയായിരുന്നു അരുണ്‍ അവരുടെ അമ്മയുമായി അടുക്കുന്നതും. കുട്ടികളുടെ അച്ഛന്‍ ബിജു ഉണ്ടായിരുന്നപ്പോള്‍ അരുണ്‍ അവരുടെ വീട്ടിലേക്ക് വരില്ലായിരുന്നു. കടം കൊടുത്ത പണം തിരിച്ചു കൊടുക്കാതിരുന്നുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ബിജു തന്റെ വീട്ടിലേക്ക് വരുന്നതില്‍ നിന്നും അരുണിനെ വിലക്കിയിരുന്നു. പിന്നീട് അരുണ്‍ ആ വീട്ടിലേക്ക് വരുന്നത് ബിജുവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കാണ്. ആ അവസരം മുതലെടുത്താണ് കുട്ടികളുടെ അമ്മയുമായയി അടുപ്പം ഉണ്ടാക്കുന്നത്. കുട്ടികളെ മുതലെടുത്തായിരുന്നു ആ ബന്ധം സ്ഥാപിക്കുന്നത്. കുട്ടികളോട് സംസാരിക്കാനെന്ന പേരില്‍ യുവതിയെ ഫോണ്‍ ചെയ്യുകയും കാണാനെന്ന പേരില്‍ വീട്ടില്‍ വരികയുമൊക്കെ ചെയ്യുമായിരുന്നു. ബിജുവിന്റെ ആത്മാവ് തനിക്കൊപ്പം ഉണ്ടെന്നും കുട്ടികളെ കാണാതിരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു അരുണ്‍ യുവതിയോട് പറഞ്ഞത്. അരുണിന്റെ പ്രകടനങ്ങളിലും വാക്കുകളിലും വീണ യുവതി അയാള്‍ക്കൊപ്പം ജീവിക്കാനും തയ്യാറെടുത്തു. ബന്ധുക്കള്‍ എതിര്‍ത്തിട്ടുപോലും തന്റെ തീരുമാനത്തില്‍ നിന്നും യുവതി പിന്മാറിയില്ല. ബിജു മരിച്ച് മൂന്നുമാസം കഴിഞ്ഞപ്പോള്‍ അരുണുമായി ഒരുമിച്ചു ജീവിക്കാനും യുവതി തയ്യാറായി.

ബാങ്ക് ജീവനക്കാരായ മാതാപിതാക്കളുടെ ഇളയ മകനാണ് അരുണ്‍. ജേഷ്ഠന്‍ ആര്‍മിയില്‍ ഓഫിസര്‍. പ്ലസ് ടുകൊണ്ടു പഠനം നിര്‍ത്തിയ അരുണിന് അച്ഛന്റെ മരണത്തോടെ ബാങ്കില്‍ ആശ്രിത നിയമനം കിട്ടിയെങ്കിലും ഒരു വര്‍ഷം മാത്രമാണ് ആ ജോലിക്ക് പോയത്. രാജിവച്ച് തിരിച്ചു വന്ന അരുണ്‍ ഏര്‍പ്പെട്ടത് ക്രിമനല്‍ പ്രവര്‍ത്തനങ്ങളില്‍. തലസ്ഥാനത്തെ കുപ്രസിദ്ധ ഗൂണ്ടയോടൊപ്പം ചേര്‍ന്ന് മണല്‍ക്കടത്ത് നടത്തി. പിന്നീട് കൂടുതല്‍ പണം സമ്പാദനത്തിനായി ലഹരിമരുന്ന് കച്ചവടവും തുടങ്ങി. ഇതിനൊപ്പം ഭീഷണിപ്പെടുത്തല്‍, അടിപിടി, പണം തട്ടല്‍ എന്നിവയും തൊഴിലാക്കി. ലഹരിയുടെ ബലത്തില്‍ എന്തും ചെയ്യാന്‍ തയാറായ ആളായിരുന്നു അരുണ്‍. ഇയാളുടെ വാഹനത്തില്‍ എപ്പോഴും മദ്യവും മയക്കുമരുന്നും ആയുധങ്ങളും ഉണ്ടാകുമായിരുന്നു. കുട്ടിയെ മര്‍ദ്ദിച്ച കേസില്‍ കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ അരുണിന്റെ കാര്‍ പരിശോധിച്ചപ്പോഴും അതിനകത്ത് നിന്നും മദ്യവും മഴുവും പോലീസ് കണ്ടെത്തിയിരുന്നു. അമ്മയെ ഭീഷണിപ്പെടുത്തി നന്തന്‍കോടുള്ള ഫ്‌ലാറ്റ് ത്‌ന്റെ പേരില്‍ എഴുതി വാങ്ങിക്കുകയും ചെയ്തിട്ടുണ്ട് അരുണ്‍.

കൊലപാതകം ഉള്‍പ്പെടെ ഏഴ് കേസുകളാണ് തിരുവനന്തപുരത്ത് നാല് പൊലീസ് സ്‌റ്റേഷനുകളിലായി ഇയാള്‍ക്കെതിരേയുള്ളത്. തലസ്ഥാനത്ത് കുപ്രസിദ്ധ ഗുണ്ടകളുമായിട്ടെല്ലാം അരുണിന് ബന്ധമുണ്ടായിരുന്നു. സ്ത്രീകളോട് മോശമായി പെരുമാറിയ സംഭവങ്ങളും അയാള്‍ക്കെതിരേ ആരോപിക്കുന്നുണ്ട്. ഇത്തരമൊരു ക്രിമിനല്‍ പശ്ചാത്തല്‍ നിന്നു വരുന്നൊരാളുടെ കൂടെയാണ് രണ്ടു കുട്ടികളുമായി യുവതി ജീവിക്കാന്‍ തയ്യറായത്. പേരൂര്‍ക്കടയിലായിരുന്നു ആദ്യം ഇവര്‍ തമസിച്ചിരുന്നത്. അടുത്തകാലത്താണു തൊടുപുഴ കുമാരമംഗലത്തേക്ക് വാടകയ്ക്ക് താമസം മാറ്റുന്നത്. ഇരുനില വീടിന്റെ താഴത്തെ നിലയിലായിരുന്നു അരുണ്‍ യുവതിയും കുട്ടികളുമായി താമസിച്ചിരുന്നത്. മുകളിലുള്ള കുടുംബവുമായി പോലും മിണ്ടാനോ ഇടപഴകാനോ യുവതിയേയും കുട്ടികളെയും അരുണ്‍ അനുവദിച്ചിരുന്നില്ല. അയല്‍വക്കങ്ങളുമായും യാതൊരു അടുപ്പവുമില്ലായിരുന്നു. ഇതുകൊണ്ടു തന്നെയാണ് ആ വീട്ടില്‍ നടക്കുന്ന കാര്യങ്ങളൊന്നും പുറത്താരും അറിയാതെ പോയതും.

മദ്യവും മയക്കുമരുന്നും ഉപയോഗിച്ചിരുന്ന അരുണ്‍ ലഹരിയുടെ പുറത്തായിരുന്നു മിക്കപ്പോഴും കുട്ടികളെ ഉപദ്രവിച്ചിരുന്നത്. തടയാന്‍ ശ്രമിച്ചാല്‍ യുവതിയേയും ഇയാള്‍ മര്‍ദ്ദിക്കുമായിരുന്നു. ഏഴു വയസുകാരന്റെ അനിയനെയും ക്രൂരമായി അരുണ്‍ മര്‍ദ്ദിക്കുമായിരുന്നു. കുട്ടിയുടെ മരണത്തിനു കാരണമായ മര്‍ദ്ദനം നടക്കുന്ന ദിവസം ഇളയകുട്ടിയേയും ഉപദ്രവിച്ചിരുന്നു. ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ ആ കുട്ടിക്ക് പരിക്കേറ്റിരുന്നു. ഏഴു വയസുകാരനെ ആശുപത്രിയില്‍ കൊണ്ടുപോകുമ്പോഴും അരുണ്‍ മദ്യലഹരിയിലായിരുന്നു. ആശുപത്രിയില്‍ കയറാന്‍ പോലും തയ്യാറാതെ കാറില്‍ ഇരുന്ന് പുകവലിക്കുകയാണ് ഇയാള്‍ ചെയ്തത്. കുട്ടിയുടെ പേര് എന്താണെന്നു പൊലീസ് ചോദിച്ചപ്പോള്‍ അരുണിന് ഉത്തരമില്ലായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോലഞ്ചേരിയിലേക്ക് കുട്ടിയെ കൊണ്ടുപോകാന്‍ നേരം ആംബുലന്‍സില്‍ കയറാന്‍ അരുണ്‍ വിസമ്മതിച്ചിരുന്നു. ഇതിന്റെ പേരില്‍ പൊലീസുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഒടുവില്‍ പൊലീസ് നിര്‍ബന്ധിച്ചാണ് അയാളെ ആംബുലന്‍സില്‍ കയറ്റിയത്. പൊലീസ് പിന്നീട് ഇയാളുടെ കാര്‍ പരിശോധിച്ചപ്പോള്‍ മദ്യക്കുപ്പികളും ചെറിയ മഴുവും കണ്ടെത്തിയിരുന്നു.

യുവതിയേയും ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. കുട്ടികളെ ഉപദ്രവിക്കുന്നതു തടയാന്‍ ശ്രമിച്ചാലാണ് യുവതിയോടും അരുണ്‍ പ്രകോപിതനാകുന്നത്. കുട്ടികളെ എന്തെങ്കിലും ചെയ്യുമെന്ന പേടികൊണ്ടാണ് അരുണിന്റെ പ്രവര്‍ത്തികള്‍ ആരോടും പറയാതിരുന്നതെന്നാണ് യുവതി പറയുന്നത്. സംഭവദിവസം മകനെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ട് താന്‍ തടയാന്‍ ചെന്നതാണെന്നും അപ്പോള്‍ അരുണ്‍ തന്റെ മുഖത്ത് അടിച്ചുവെന്നുമാണ് ഇവര്‍ പറയുന്നു. ഭ്രാന്തമായൊരു അവസ്ഥയിലായിരുന്നു അരുണ്‍ അപ്പോഴെന്നും പേടിച്ച് മാറിനില്‍ക്കാനെ തനിക്ക് കഴിഞ്ഞുള്ളുവെന്നും യുവതി സമ്മതിക്കുന്നുണ്ട്. ബിടെക് ബിരുദധാരിയാണ് ഈ യുവതി.

കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച സമയത്തും നടന്ന കാര്യങ്ങള്‍ തുറന്നു പറയാന്‍ യുവതി ആദ്യം തയ്യാറായിരുന്നില്ല. മൊഴികളിലെ പൊരുത്തക്കേടുകള്‍ ആശുപത്രിയധികൃതര്‍ക്ക് സംശയം ഉണ്ടാക്കിയതോടെയാണ് വാസ്തവം പുറത്തു വരുന്നത്. ഡോക്ടര്‍ വിവരങ്ങള്‍ ചോദിക്കുമ്പോള്‍ അരുണ്‍ അടുത്ത് തന്നെ നില്‍പ്പുണ്ടായിരുന്നുവെന്നും പേടികൊണ്ടാണ് കള്ളം പറയേണ്ടി വന്നതെന്നുമാണ് പിന്നീട് യുവതി ഇക്കാര്യത്തില്‍ പറയുന്ന ന്യായം. താന്‍ ഒരിക്കലും അരുണിനെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും തന്റെയും കുട്ടികളുടെയും സുരക്ഷിതത്വം ഓര്‍ത്താണ് അരുണ്‍ ചെയ്ത ഉപദ്രവങ്ങളെ കുറിച്ച് പറയാതിരുന്നതെന്നും യുവതി പറയുന്നുണ്ടായിരുന്നു. ആ സമയത്ത് താന്‍ കുഞ്ഞിനെ രക്ഷിക്കാന്‍ മാത്രമാണ് നോക്കിയതെന്നും കുഞ്ഞിന് ഒന്നും സംഭവിക്കരുതെന്നു മാത്രമായിരുന്നു മനസിലെന്നും അവര്‍ ന്യായീകരിക്കാന്‍ ശ്രമിച്ചു. കുട്ടികളെയും തന്നെയും തമ്മില്‍ അകറ്റാനായിരുന്നു അരുണ്‍ ശ്രമിച്ചിരുന്നതെന്നും കുട്ടികള്‍ക്ക് തന്നെ പേടിയാണെന്നും ഈ അമ്മ ഏറ്റു പറയുന്നുണ്ട്. ആശുപത്രിയില്‍ വച്ച് ഇളയകുട്ടി തന്റെ അരികിലേക്ക് പോലും വന്നില്ലെന്ന കാര്യവും അവര്‍ പറയുന്നു. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നുണ്ടായ നിസ്സഹായവസ്ഥയില്‍ ഇരിക്കുമ്പോഴാണ് അരുണ്‍ തന്റെ ജീവിതത്തിലേക്ക് വരുന്നതെന്നും ഒരു സംരക്ഷകനായിട്ടായിരുന്നു ഭര്‍ത്താവിന്റെ ബന്ധുകൂടിയായ അരുണ്‍ വന്നതെന്നും യുവതി പറയുന്നു. താന്‍ മക്കളെ ഏറെ സ്‌നേഹിക്കുകയും ലാളിക്കുകയും ചെയ്തിരുന്ന അമ്മയാണെന്നും അരുണ്‍ വന്നശേഷമാണ് കാര്യങ്ങള്‍ മാറിയതെന്നും യുവതി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍