UPDATES

ട്രെന്‍ഡിങ്ങ്

പാർവതി, ദീപ നിഷാന്ത്, അപര്‍ണ്ണ, ഇപ്പോള്‍ ഹനാന്‍; ആള്‍ക്കൂട്ടം അഴിഞ്ഞാടുന്ന സൈബര്‍ ലോകം

അഭിപ്രായസ്വാതന്ത്ര്യം ഏതൊരു പൗരന്റെയും മൗലികാവശമാണ്. സാമൂഹികമാധ്യമങ്ങൾ അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍ സൈബര്‍ അധിക്ഷേപങ്ങളെ നേരിടേണ്ടതുണ്ട്.

സ്ത്രീകള്‍ക്ക് നേരേയുള്ള സൈബര്‍ അതിക്രമങ്ങള്‍ വര്‍ധിച്ചതായാണ് അടിക്കടിവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സൈബര്‍ മാധ്യമങ്ങളിലൂടെ അസഭ്യം പറയുകയും വെര്‍ബല്‍ റേപ്പ് നടത്തുകയും ചെയ്യുന്നത് ഒരവകാശമായി കരുതിപ്പോരുന്ന വലിയ വിഭാഗം മലയാളികള്‍ നവമാധ്യമ സമൂഹത്തിലുണ്ട്. രാഷ്ട്രീയ-മത-ജാതി ഭേദമന്യേ എല്ലാ മേഖലകളിലും ഉള്ള വ്യക്തികൾ സാഹചര്യത്തിനനുസരിച്ച് ഇത്തരം കുറ്റകൃത്യങ്ങളിൽ ഭാഗവാക്കാകാറുമുണ്ട്. മലയായി സൈബർ ലോകം,  അധ്വാനിച്ച്, പഠനത്തിനായി സ്വയം തൊഴിൽ കണ്ടെത്തി ജീവിക്കുന്ന ഹനാൻ എന്ന പെൺകുട്ടിയെ ആൾക്കൂട്ട വിചാരണയ്ക്കും തെറി വിളികൾക്കും വിധേയയാക്കിയത് ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ്. ഈ കുറിപ്പ് എഴുതുന്ന സമയത്ത് പ്രധാന മാധ്യമങ്ങളിലെ വാർത്തയും സൈബർ ആക്രമണത്തെ കുറിച്ചാണ്; വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക ആക്രമണം. കുമ്പസാര വിഷയത്തിലും ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിലുമുള്ള തന്റെ നിലപാട് വ്യക്തമാക്കി എന്നതാണ് സൈബർ ഇടത്തിലെ ക്രിമിനലുകളെ പ്രകോപിപ്പിച്ചത്.

കേരള വർമ്മ കോളേജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിഷാന്ത്, നടിമാരായ പാർവതി, റിമ കല്ലിങ്ങല്‍, ചലചിത്ര നിരൂപകയും ഗവേഷകയുമായ അപര്‍ണ്ണ പ്രശാന്തി,  സാമൂഹിക പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിൻകര, ഹനാന്‍, നോവലിസ്റ്റ് എസ് ഹരീഷ്, സംവിധായകന്‍ ഡോ. ബിജു, സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ പറയുന്ന പ്രീത ജി.പി, അരുന്ധതി… ഈ പട്ടിക തീർത്തും അപൂർണമാണ്. സൈബർ ആക്രമങ്ങൾ പ്രതിരോധിക്കുന്നതിന് പ്രധാന പ്രശ്നം പലരും പരാതിയുമായി മുന്നോട്ടു വരാൻ തയ്യാറല്ല എന്നതാണെന്നായിരുന്നു പൊതുവിൽ ധാരണ; കേസ് എടുത്ത വിഷയങ്ങളിൽ കൃത്യമായി ഫോളോ അപ്പ് നടക്കുന്നില്ല എന്നത് യാഥാർത്ഥ്യവുമാണ്. ദീപ നിഷാന്തിന് ഫേസ്ബുക് വഴി വധഭീഷണി മുഴക്കിയ കേസിൽ ബി.ജെ.പി പ്രവര്‍ത്തകന്‍ ബിജു നായർ അറസ്റ്റിലായെങ്കിലും സ്റ്റേഷനില്‍ നിന്ന് തന്നെ ജാമ്യം ലഭിച്ചു. നടി പാര്‍വ്വതിയെയും അപര്‍ണയെയും അധിക്ഷേപിച്ച ചിലരെയും പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഈ പ്രതികള്‍ക്ക് എന്തെങ്കിലും ശിക്ഷ കിട്ടാനുള്ള വകുപ്പ് നിലവില്‍ ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ ഉണ്ടോ?

സാമൂഹിക മാധ്യമങ്ങളിലൂടെ ആരെക്കുറിച്ചും, എന്തും പറയാനും, തെറി വിളി നടത്താനും സാമൂഹിക വിരുദ്ധർക്ക് ധൈര്യമുണ്ടായത് ഐ ടി വകുപ്പിലെ 66 എ റദ്ദാക്കിയതിനു ശേഷം ആണെന്ന വാദം ശക്തമാണ്. എന്നാൽ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടും എന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി രണ്ടരവർഷം മുൻപ് ഈ നിയമം റദ്ദ് ചെയ്തത്. കോടതിയുടെ സദുദ്ദേശത്തെ സ്വാഗതം ചെയ്യുമ്പോഴും ഇതിനു മറവിൽ ആരെയും അപമാനിക്കാനും ആക്ഷേപിക്കാനും കാത്തിരുന്നവർക്കു ഇതൊരനുഗ്രഹമായി.

ഐ ടി വകുപ്പിലെ 66 എ പറഞ്ഞിരുന്നത്:

1 . മൊബൈൽ ഫോണോ, കംപ്യുട്ടറോ ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങൾ വഴി തെറ്റായ പ്രചാരണം നടത്തുന്നത് മൂന്നു വര്‍ഷം വരെ തടവും, പിഴയും കിട്ടാവുന്ന ശിക്ഷയാണ്.

2 . കുറ്റകരമോ, സ്പര്‍ധയുളവാക്കുന്നതോ ആയ കാര്യങ്ങൾ സൃഷ്ടിക്കാനോ, പ്രചരിപ്പിക്കാനോ പാടില്ല.

3 . ആരെയും മോശമായി ചിത്രീകരിക്കാൻ പാടില്ല, തുടങ്ങിയവയാണ്.

എന്നാല്‍ 66 എ പോലുള്ള കരിനിയമങ്ങള്‍ തിരിച്ചു കൊണ്ടുവരിക എന്നത് തീര്‍ത്തും എതിര്‍ക്കപ്പെടേണ്ട ഒരു വസ്തുതയുമാണ്‌, കാരണം, ഈ നിയമത്തിന്റെ മറവില്‍ എത്രയോ പേര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തതും അറസ്റ്റ് ചെയ്തതും എന്നതൊക്കെ നമ്മള്‍ കണ്ടതാണ്. അപ്പോള്‍, കുറുക്കുവഴികള്‍ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

കെ കെ രാഗേഷ് എം പി കഴിഞ്ഞ ദിവസം പാർലമെന്റിൽ ഉന്നയിച്ച പ്രശ്നം ഇതുമായി ബന്ധപ്പെട്ടതാണ്:  രാജ്യത്ത് സാമൂഹികമാധ്യമങ്ങളെ വർഗീയശക്തികൾ ദുരുപയോഗം ചെയ്യുകയാണെന്ന്‌ പറഞ്ഞ് അദ്ദേഹം ഉദാഹരമായി പ്രധാനമായും ചൂണ്ടിക്കാണിച്ചത് കേരളത്തിൽ അടുത്തിടെ നടന്ന വാട്സാപ്പ് ഹർത്താൽ ആണ്. വാട്സാപ്പ് സർവീസ് ഉപയോഗിച്ച് കൊണ്ട് മൂന്നര കോടി ജനങ്ങൾ പാർക്കുന്ന ഒരു സ്റ്റേറ്റിൽ ഹർത്താൽ നടത്താനുള്ള കപ്പാസിറ്റി ഒരു വിഭാഗത്തിന് ലഭിക്കുമ്പോൾ സംഗതി കൈവിട്ട കളി തന്നെയാണ്.

അഭിപ്രായസ്വാതന്ത്ര്യം ഏതൊരു പൗരന്റെയും മൗലികാവശമാണ്. സാമൂഹികമാധ്യമങ്ങൾ അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഏതെങ്കിലും വിധത്തിൽ ഇതിനെ നിയന്ത്രിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. അതേസമയം, ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിന് ഐ.ടി. നിയമം ഭേദഗതി ചെയ്യേണ്ടതുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് രാജ്യത്തെ പരിശീലനം ലഭിച്ച ജഡ്ജിമാരെ നിയമിച്ച് പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് നിയമ വിദഗ്ദ്ധര്‍ പറയുന്നു.

കമ്പ്യൂട്ടർ അല്ലെങ്കിൽ കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെട്ട കുറ്റ കൃത്യമാണ് സൈബർ ക്രൈം അഥവാ സൈബർ കുറ്റകൃത്യം. പരമ്പരാഗത സ്വഭാവത്തിലുള്ള കുറ്റകൃത്യങ്ങളായ മോഷണം, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, അപകീർത്തിപ്പെടുത്തൽ തുടങ്ങിയവ കമ്പ്യൂട്ടറുമായോ, കമ്പ്യൂട്ടർ ശൃംഖലയുമായോ ബന്ധപ്പെടുത്തി നടക്കുമ്പോഴാണ് അവയെ ഇപ്രകാരം വിളിക്കുന്നത്. മൊബൈൽ, ക്യാമറ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ഇതിന്റെ പരിധിയിൽപ്പെടുത്താറുണ്ട്. ഇത്തരം സംവിധാനങ്ങളിലൂടെ വ്യക്തിയുടെ സ്വകാര്യ അവകാശങ്ങളെ ഹനിക്കുന്ന കുറ്റകൃത്യങ്ങളെ സൈബർട്രോട്സ് (cyber trots)എന്ന പേരിൽ അറിയപ്പെടുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ മറ്റു രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ ഇന്ത്യയിൽ കുറവാണെന്നു സർവേകൾ പറയുന്നു, ഇതിന്റെ പരിഹാരങ്ങൾ അന്താരാഷ്ട്ര തലത്തിൽ കണ്ടെത്തേണ്ടതായതിനാൽ നമ്മുടെ കോടതികൾക്കും, പാര്‍ലമെന്റിനും പരിമിതികൾ ഉണ്ട്.

എന്നാൽ സ്ത്രീകൾക്കെതിരെ നടക്കുന്ന സൈബർ പീഡനങ്ങളുടെ പരിഹാരം അടിയന്തിരമായി ഇവിടെ തന്നെ പരിഹരിക്കപ്പെടേണ്ടതാണ്, കാരണം അത്തരം കുറ്റകൃത്യങ്ങളെ ഫലപ്രദമായി തടയിടാൻ നമ്മുടെ നിയമസംവിധാനങ്ങളുടെയും പാര്‍ലമെന്റിന്റെയും ക്രിയാത്മകമായ ഇടപെടൽ മാത്രം മതിയാകും.

“സൈബർ ഇടങ്ങളിലെ കുറ്റകൃത്യങ്ങൾക്ക് രാജ്യത്തിനകത്ത് നിന്ന് പരിഹാരം തേടുന്നതിൽ പരിമിതികളുണ്ട്, സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടത്തിനൊപ്പം നിയമങ്ങളും ഭേദഗതി ചെയ്യാൻ സാധിക്കില്ല; സാങ്കേതിക വിദ്യ എപ്പോഴും ഒരു പടി മുന്നിൽ തന്നെയാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. പല സോഷ്യൽ മീഡിയ സൈറ്റുകളുടെയും സെർവറുകൾ വിവിധ രാജ്യങ്ങളിൽ ആണ് പ്രവർത്തിക്കുന്നത്. ആ അർത്ഥത്തിൽ കേരളത്തിൽ ഇരുന്ന് ഒരു സൈബർ ക്രൈം ചെയ്യുന്ന വ്യക്തിയുടെ ടെറിട്ടറി കേരളമോ, ഇന്ത്യയോ ആണെന്ന് ടെക്നിക്കലി സ്ഥാപിക്കാൻ ആവില്ല. ഫേസ്ബുക്ക് പോസ്റ്റുകൾ, സ്ക്രീൻ ഷോട്ടുകൾ തുടങ്ങിയവയെല്ലാം കോടതികളിൽ സ്വീകരിക്കണം എങ്കിൽ അതാതു സൈറ്റുകളുടെ ഓതറൈസ്ഡ് ലെറ്റർ ആവശ്യമാണ്. ഇതെല്ലാം സൈബർ കേസുകൾ മാതൃകാപരമായി ശിക്ഷിക്കുന്നതിനു തടസ്സമാണ്“, നിയമവിദഗ്ധൻ റോൺ ബാസ്റ്റ്യൻ അഴിമുഖത്തോടു പറഞ്ഞു.

രാജ്യത്ത് അരങ്ങേറുന്ന സൈബർ ക്രൈമുകളെ നേരിടാൻ അന്താരാഷ്ട്ര നിയമങ്ങൾ ഉപയോഗിക്കാനുള്ള സാധ്യതകൾ അന്വേഷിക്കുക എന്നുള്ളതാണ് പ്രധാനം. ഐക്യരാഷ്ട്ര സഭയിൽ ചില സന്ദിഗ്ധ ഘട്ടങ്ങളിൽ പൊതുവായ നിയമനിർമാണം നടത്താറുണ്ട്. അത്തരത്തിൽ ഉള്ള നടപടികളിൽ ഇന്ത്യയും ഭഗവാക്കാകാൻ ശ്രമിക്കുന്നത് ഒരു പരിധി വരെ നിലവിലെ പ്രതിസന്ധി തരണം ചെയ്യാൻ സഹായിച്ചേക്കുമെന്നും ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു.

ഹരീഷ് ധീരനാണോ? അദ്ദേഹത്തിന് മരണഭയമുണ്ടോ എന്നതല്ല ചോദ്യം. നാമേതു നരക കാലത്താണ് ജീവിക്കുന്നത് എന്നതാണ്

ടിപ്പിക്കൽ മല്ലു കുത്തിക്കഴപ്പ് തീര്‍ക്കേണ്ടത് അധ്വാനിച്ചു ജീവിക്കുന്ന ഒരു പെണ്‍കുട്ടിയോടല്ല

എനിക്ക് പകരം മുസ്ലീമായ ആണ്‍കുട്ടിയാണ് ഡാന്‍സ് ചെയ്തതെങ്കില്‍ ഈ തെറിവിളി ഉണ്ടാകുമായിരുന്നോ? ജസ്ല സംസാരിക്കുന്നു

താരങ്ങളേ, ഇളകിയാര്‍ക്കുന്ന ഈ ഭക്തസംഘത്തെ പിരിച്ചുവിടാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ?

റിബിന്‍ കരീം

റിബിന്‍ കരീം

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍