UPDATES

രൂപേഷ് കുമാര്‍

കാഴ്ചപ്പാട്

ബ്ലാക്ക് ലെറ്റേഴ്സ്‌

രൂപേഷ് കുമാര്‍

ട്രെന്‍ഡിങ്ങ്

നമ്മക്കൊന്നും ജാതിയേ ഇല്ല; പുരോഗമന കേരളം ഇടിച്ചു കൊന്നു കളഞ്ഞ വിനായകിനെക്കുറിച്ചു തന്നെ

സക്കറിയയോടൊക്കെ ഉള്ള ചോദ്യം ഇത് തന്നെയാണ്; കേരളത്തിലെ സിറിയന്‍ ക്രിസ്ത്യന്‍ ബുദ്ധിജീവികളെക്കൊണ്ടൊക്കെ എന്താണ് പ്രയോജനം?

നമ്മക്കൊന്നും ജാതിയില്ലേ… നമ്മളുടെ വീട്ടില്‍ ചിന്ത വാങ്ങിക്കുന്നുണ്ടേ… ഞങ്ങള്‍ ഉത്തരേന്ത്യയിലെ പോലെ അല്ലേ. ഇതൊക്കെ ‘നോട്ട് ഇന്‍ മൈ നേം’ ആണേ, എനിക്ക് ദളിത് സുഹൃത്തുക്കള്‍ ഉണ്ടേ എന്ന് ഗുളിക കഴിക്കുന്നത് പോലെ ദിവസവും മൂന്നു നേരം വിടുവായ വിടുന്ന കേരളത്തിന്റെ ഏറ്റവും വലിയ ഇരട്ടത്താപ്പാണ് വിനായക് എന്ന പത്തൊമ്പത് വയസ്സുകാരനെ ജാതി ചോദിച്ച് ഇടിച്ചു കൊന്ന അതിക്രൂരമായ കൊലപാതകത്തിനെതിരെ കരുതിക്കൂട്ടി നിലനിര്‍ത്തി പോരുന്ന നിശബ്ദത.

ഇതേ കേരളം തന്നെയാണ് ‘താഴ്ന്ന ജാതി’ക്കാര്‍ക്ക് കിട്ടുന്ന സംവരണം കാരണം ഇവിടുത്തെ ‘ഉയര്‍ന്ന ജാതി’ക്കാര്‍ക്ക് വിദ്യാഭ്യാസത്തിനു അവസരം കിട്ടുന്നില്ല എന്ന ചീഞ്ഞ പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ ആഘോഷിച്ചത്. കേരളം എന്ന നവോത്ഥാന മേഖല ഒരു വലിയ കളവാണെന്ന് നന്നായി സാമൂഹ്യ ശാസ്ത്രപരമായി വിശകലനം ചെയ്യുന്നവര്‍ക്കൊക്കെ അറിയാം; അവിടുത്തെ സെക്കുലറിസം വെറും പിണ്ണാക്കാണെന്നും. അതിന്റെ അടിയില്‍ നില കൊള്ളുന്നത് നല്ല തേച്ചു മിനുക്കിയ ബ്രാഹ്മണിക് ജാതി ആണെന്ന്.

ഇന്നത്തെ ഒരു അനുഭവം പറയുകയാണെങ്കില്‍ ഈ ലേഖകന്‍ പഠിച്ച പയ്യന്നൂര്‍ കോളേജിലെ ജാതിയെക്കുറിച്ച് ഒരു പോസ്റ്റ് ഇട്ടപ്പോള്‍ ‘നമ്മളൊക്കെ അവിടെ ഉണ്ടായിരുന്നില്ലേ? നമ്മള്‍ക്കൊന്നും അങ്ങനെ തോന്നിയില്ല’ എന്ന് പറഞ്ഞാണ് കമന്റ് വന്നത്. കേരളത്തിലെ വലിയ പന്നി തീട്ടമാണ് ‘നമ്മള്‍’ എന്ന ഈ വലിയ കളവും അതിന്റെ അടിയില്‍ നിലകൊള്ളുന്ന നല്ല വൃത്തിയുള്ള ജാതിയും. പറഞ്ഞു വന്നത്, സംവരണ വിരുദ്ധത ആഘോഷിച്ച കേരളം – വിനായകിന്റെ മരണം ജാതി എന്ന കാരണം മൂലമാണെന്ന് ചര്‍ച്ച ചെയ്യാന്‍ ശേഷിയില്ലാത്ത സെക്കുലര്‍ ആക്ടിവിസ്റ്റുകള്‍ അടങ്ങുന്ന കേരളം – ‘അതാ വെടിയുണ്ട വരുന്നു മാറിക്കളയാം’ എന്ന രീതിയില്‍ പോയി ഉളുപ്പില്ലാതെ ഒളിക്കുകയാണ് ചെയ്തത്.

കഴിഞ്ഞ ദിവസത്തെ ഒരു ടി.വി ചര്‍ച്ചയില്‍ കേരളത്തിലെ ഇടതു പക്ഷത്തിനെ സപ്പോര്‍ട്ട് ചെയ്യുന്നവരും റിട്ടയര്‍ഡ് അന്വേഷണ ഉദ്യോഗസ്ഥരും സിനിമാക്കാരും പള്ളീലച്ചന്മാരും ഒരു സിനിമ താരത്തിനെതിരെ അന്വേഷിച്ച കേസ്, പോലീസ് അത്യുഗ്രനായാണ് മുന്നോട്ടു കൊണ്ടുപോകുന്നത് എന്നഭിപ്രായപ്പെടുന്നത് കണ്ടു. ശരി നല്ല കാര്യം. പക്ഷെ പത്തൊമ്പത് വയസ്സുള്ള ഒരു ചെറുപ്പക്കാരന്‍, അതിക്രൂരമായി കൊല്ലപ്പെട്ട ഒരു കൊലപാതകം, അത് ഭരണകൂടം അല്ലെങ്കില്‍ പുരോഗമന കേരളം ചെയ്യിച്ചതാണ്, അല്ലെങ്കില്‍ ജാതി വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന ഒരു സിസ്റ്റം ചെയ്യിച്ചതാണെന്നു പറയാനുള്ള മിനിമം ആര്‍ജവം എന്നാണ് നിങ്ങള്‍ക്കൊക്കെ ഉണ്ടാവുക? കേരളത്തില്‍ നിലനില്‍ക്കുന്ന ജാതി വ്യവസ്ഥയുടെ സിസ്റ്റത്തില്‍ നിന്ന് ഒരടി പൊളിച്ച് മുന്നോട്ടു പോകാന്‍ കേരളത്തിലെ പോലീസിനും കേരളത്തിന്റെ ജാതിപ്പോലീസിങ്ങിനും കഴിഞ്ഞിട്ടില്ല എന്നത് ലജ്ജിക്കപ്പെടേണ്ട കാര്യമാണെന്ന് ആര്‍ക്കാണറിയാത്തത്?

സക്കറിയയോടൊക്കെ ഉള്ള ചോദ്യം ഇത് തന്നെയാണ്? കേരളത്തിലെ സിറിയന്‍ ക്രിസ്ത്യന്‍ ബുദ്ധിജീവികളെക്കൊണ്ടൊക്കെ എന്താണ് പ്രയോജനം? ജിഷ എന്ന ദളിത് യുവതിയുടെ പ്രശ്നം തന്നെ ഒരു കോളം വാര്‍ത്തയില്‍ നിന്ന് കേരളം ചര്‍ച്ചയാക്കിയത് ദളിത് സ്ത്രീകളായ ആക്ടിവിസ്ടുകളുടെ ശക്തമായ സോഷ്യല്‍ മീഡിയ ആക്ടിവിസത്തിലൂടെ തന്നെയാണെന്ന യാഥാര്‍ത്ഥ്യം വിളിച്ചു പറഞ്ഞേ പറ്റൂ. അതുപോലെ വിനായകിന്റെ മരണത്തിനു ശേഷം കേരളത്തിലെ മാധ്യമങ്ങളിലെ അന്തിച്ചര്‍ച്ചകളില്‍ അടക്കമുള്ളവയില്‍ ഈ കൊലപാതകത്തെക്കുറിച്ചുള്ള ‘സൈലന്‍സിംഗ്’, ഇവിടുത്തെ ജാതിയുടെ പ്രിവിലേജ് പറ്റി നല്ല നായര്‍ രീതിയില്‍ അടുത്ത മാസം ‘മാവേലി നാട് വാണീടും കാലം മാനുഷ്യരെല്ലാരും ഒന്ന് പോലെ’ എന്ന കളവും പറഞ്ഞ് കസവും ചുറ്റി, തിരുവാതിര കളിച്ച് ഓണം കൂടാനുള്ള കേരളത്തിന്റെ മുന്നൊരുക്കത്തിന്റെ നാണമില്ലായ്മയാണ്. അത്ര ശക്തമായി കേരളത്തിന്റെ പൊതുബോധത്തില്‍ ഇത് ജാതിയുടെ കൊലപാതകം ആണെന്നുള്ള ചര്‍ച്ചകള്‍ ഉയരാതെ, മാധ്യമങ്ങള്‍ അടക്കമുള്ള പൊതുബോധം ഇതിനോട് പ്രതികരിക്കാന്‍ പോകുന്നില്ല.

ഒരു പൊതുസ്ഥലത്ത് വച്ച് ഒരു പെണ്‍കുട്ടിയോട് സംസാരിച്ചു എന്ന ഒരു കുറ്റത്തിനാണ് ‘ഫ്രീക്കന്‍’ ആയ വിനായകിനെ പോലീസുകാര്‍ പിടിച്ചുകൊണ്ടു പോയി ഇടിച്ചു കൊല്ലുന്നത്. (ആത്മഹത്യ എന്നതൊക്കെ വെറും ഒരു ആലങ്കാരിക പദം മാത്രമാണ്). കറുത്ത നിറമുള്ള പുലയരായ, ‘താഴ്ന്ന! ജാതിയില്‍’ പെട്ട കോളനികളിലെ ചെറുപ്പക്കാരായ, മുടി നീട്ടി വളര്‍ത്തിയ, ജീന്‍സ് ഇട്ട, ടീ ഷര്‍ട്ടിട്ട ചെറുപ്പക്കാര്‍ കുലത്തില്‍ പിറന്ന പെണ്‍കുട്ടികളോട് സംസാരിക്കുന്നത് പോലീസിംഗിന് വിധേയമാക്കുന്ന ഒരു സമുദായത്തിന്റെ, സമൂഹത്തിന്റെ ടിപ് ഓഫ് ദി ഐസ്ബര്‍ഗ് മാത്രമാണ് വിനായകിനെ ഇടിച്ചു കൊന്ന പാവറട്ടിയിലെ പോലീസ്. ‘അയ്യോ ഉത്തരേന്ത്യയില്‍ ദുരഭിമാനക്കൊല, ‘അയ്യോ തമിഴ്നാട്ടില്‍ ദുരഭിമാനക്കൊല’ എന്ന് കരഞ്ഞ്, ‘എന്റെ കേരളം എത്ര സുന്ദരം’ എന്ന ഗാനമേള നടത്തുന്ന ഈ കേരളത്തിനോടും ചോദിക്കാനുള്ളത് ഇതാണ്. വിനായകന്റെത് ദുരഭിമാനക്കൊല അല്ലാതെ മറ്റെന്താണ്? ഉത്തരേന്ത്യയില്‍ ഒന്നുമില്ലെങ്കില്‍ കല്യാണം കഴിച്ചാലോ പ്രേമിച്ചാലോ ആണ് കൊലപാതകം നടക്കുക. പക്ഷെ ഇവിടെ ഒരു പെണ്‍കുട്ടിയോട് സംസാരിച്ചതിനാണ് കൊല നടന്നത്. പിന്നെ നീണ്ട മുടിയും താടിയും കഞ്ചാവും ചേര്‍ന്ന കോമ്പിനേഷന്‍ ഉണ്ടാക്കുന്ന പോലീസിന്റെ ഇന്റലിജന്‍സ് ഇതൊക്കെ ആണെങ്കില്‍ സ്വന്തം സഹോദരന്‍ മരിച്ച സങ്കടത്തിലും ചിരിച്ചു പോകും. വെറുതെയല്ല മൂത്താപ്പയായ സെന്‍കുമാര്‍ ഒക്കെ മുസ്ലീം വിരുദ്ധതയുടെ അപ്പോസ്തലന്മാര്‍ ആകുന്നത്.

Also Read: “സഹിക്കാന്‍ പറ്റുന്നില്ല മോനെ, പരാതി പറയാന്‍ ഉള്ളത് പോലീസാണ്, അവരാണ് ഇത് ചെയ്തത്…”

വയനാട്ടിലുള്ള സുഹൃത്തായ റോബിന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഇവിടത്തെ ആദിവാസികളായ കുട്ടികള്‍ ഒരിക്കലും സ്‌കൂളുകളില്‍ നിന്നും കൊഴിഞ്ഞു പോവുകയല്ല, മറിച്ച് അവര്‍ സ്‌കൂളുകളിലെ വംശീയത സഹിക്കാതെ ഇറങ്ങിപ്പോയി തിരിച്ചു തെറി പറയുകയാണ് ചെയ്തത്. കേരളത്തിലെ ജാതീയത, അത് അക്കാദമികളിലായാലും രാഷ്ട്രീയ അധികാരത്തിലായാലും മീഡിയയില്‍ ആയാലും ഏതു തരത്തിലുള്ള ഡിസ്‌കോഴ്സുകളില്‍ ആയാലും ജാതിയുടെ വിവേചനം ഫീല്‍ ചെയ്ത ഓരോ ദളിതരും ആദിവാസികളും ഒക്കെ ഈ ദേശത്ത് നിന്ന് ഇറങ്ങിപ്പോയി തെറി വിളിക്കാന്‍ ആഗ്രഹിച്ചിട്ടുണ്ടാകും. ജിഷ എന്ന ഒരു ദളിത് പെണ്‍കുട്ടി അതിക്രൂരമായി കൊല ചെയ്യപ്പെട്ടപ്പോള്‍ ജിഷയുടെ കാമുകന്മാരെക്കുറിച്ചും ജിഷയുടെ തന്ത ആര് എന്നും അന്വേഷിച്ച പുരോഗമന രാജ്യമാണ് കേരളം. അത്രയ്ക്ക് വലിയ വൃത്തികേടാണ് കേരളത്തിലെ ജാതി. നീട്ടിയ മുടിയും കഞ്ചാവും ചേര്‍ത്ത് വക്കുമ്പോള്‍ അതിലെ മുടിയോ കഞ്ചാവോ അല്ല കേരളം പ്രശ്നവല്‍ക്കരിക്കുന്നത്. കേരളം സ്വയം നിര്‍ണയിച്ച ചില നെഗറ്റീവിറ്റികളെ ദളിതരോടും ആദിവാസികളോടും ചേര്‍ത്തുവയ്ക്കുന്നു എന്ന അര്‍ഥം മാത്രമേ ഉള്ളൂ.

ഇപ്പോഴും എപ്പോഴും ദളിതരെയും ആദിവാസികളെയും അപരവത്ക്കരിച്ച് വച്ച, കുറ്റവാളികളാക്കി വച്ച കേരളത്തിന്റെ കപടതയിലെ ഏറ്റവും അവസാനത്തേതാണ് ഭരണകൂടം സ്പോണ്‍സര്‍ ചെയ്ത വിനായകിന്റെ കൊലപാതകം. യുദ്ധം ചെയ്ത് തന്റെ അധികാരം പിടിച്ചെടുത്ത വിനായകന്‍ എന്ന സിനിമ നടനെ, അന്തം വിട്ട് കീലേരി അച്ചൂനെപ്പോലെ ‘നമ്മളെ രണ്ടാളേം തൊടാന്‍ ആരുണ്ട്’ എന്ന് തോളത്തു കൈയിട്ടു നമ്മടെ ആളാണെന്നു പറയാന്‍ ശ്രമിക്കുന്ന ഉളുപ്പില്ലാത്ത ദേശമാണ്, നാളെ വിനായകനെക്കാള്‍ വലിയ ഒരു സ്റ്റൈലന്‍ സ്റ്റാര്‍ ആയേക്കാവുന്ന മറ്റൊരു വിനായകിനെ ജാതി കാരണം ഭരണകൂടത്തിന്റെ ഏജന്‍സിയിലൂടെ കൊന്നു തള്ളിയത്.

അവസാനം:
വിനായകിന്റെ കൊലപാതകം ഒന്നും വിഷയമാക്കാത്ത മാതൃഭൂമി, സ്ത്രീകള്‍ക്ക് മാസമുറയില്‍ ആദ്യത്തെ ദിവസം അവധി കൊടുക്കുന്നത് അന്യായ വിപ്ലവമാണെന്ന് ഉഗ്രന്‍ തള്ളലുകള്‍ ഫേസ്ബുക്കിലൊക്കെ പൊങ്ങുന്നുണ്ട്. ഞാനൊരു ദളിത് സ്ത്രീ ആണെങ്കില്‍ പഴയ ആ ഡയലോഗ് ഇങ്ങനെ പറഞ്ഞേനെ: ‘മാതൃഭൂമിയില്‍ ഒരു ജോലി കിട്ടിയിട്ട് വേണം ഒരു ദിവസം മാസമുറ ലീവ് എടുക്കാന്‍.’

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

രൂപേഷ് കുമാര്‍

രൂപേഷ് കുമാര്‍

പ്രശസ്ത ഡോക്യൂമെന്ററി ഫിലിം സംവിധായകന്‍. ഇന്ത്യയിലെ ജാതി അനുഭവങ്ങളെ മുന്‍ നിര്‍ത്തി ദളിത് പ്രശ്‌നങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്നവയാണ് രൂപേഷിന്റെ ഡോക്യൂമെന്ററികള്‍. കണ്ണൂര്‍ ജില്ലയിലെ പെരിങ്ങീലില്‍ ജനനം. Documentaries Don’t be our fathers Don’t be our fathers Music video Black Board Twinkle Twinkle Little Caste Crime and Punishment 3D Stereo Caste All Indians are… Sabitha: A Woman and a Day By the side of a River Love stories In Black letters Underworld Memories of Untouchables ബ്ളാക്ക് ലെറ്റേഴ്‌സ് 1980-കള്‍ക്കു ശേഷമുള്ള ദളിത് ജീവിതാനുഭവങ്ങളും ദളിത് ഓര്‍മകളും ദളിത് മനോഭാവങ്ങളുമാണ് ഈ എഴുത്തില്‍ വരിക. നിയതവും ചിട്ടപ്പെടുത്തിയതുമായ അവസ്ഥകളിലല്ല ജീവിതം സംഭവിക്കുന്നതെന്നതിനാല്‍ എഴുത്തും ഇതേ രീതി പിന്തുടരുന്നു. എന്നാല്‍ മുറിഞ്ഞുപോകുന്ന ജീവിതാവസ്ഥകളെ വീണ്ടെടുക്കാനുള്ള ശ്രമം കൂടിയാണ് ബ്ളാക്ക് ലെറ്റേഴ്‌സ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍