UPDATES

ന്യൂനപക്ഷ അനുകൂല നിലപാട് ചില ദളിത്‌ ബുദ്ധിജീവികള്‍ക്ക് ലാഭമാണ്, വിമര്‍ശിക്കേണ്ടപ്പോള്‍ നിശബ്ദതയും; ഗീതാനന്ദന്‍ സംസാരിക്കുന്നു

കണ്ണൂരിലെ വിനീഷ് വധം കേരളത്തിലെ ആദ്യത്തെ സദാചാര കൊലയായി കാണാവുന്ന സംഭവമാണ്. എന്നാല്‍ ഗ്രോ വസുവിനെ പോലുള്ളവര്‍ അതിനെ പിന്തുണയ്ക്കുകയാണ് ഉണ്ടായത്.

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തില്‍ ന്യൂനപക്ഷ-ദളിത്- ആദിവാസി നിലപാടുകള്‍ സ്വീകരിക്കുന്നവരെന്ന് പറയുന്ന കേരളത്തിലെ പല ദളിത് ബുദ്ധിജീവികളില്‍ നിന്നും, മുന്‍കാല നക്‌സലൈറ്റ് നേതാക്കളായിരുന്നവരില്‍ നിന്നുമെല്ലാം പക്ഷപാതപരമായ മൗനമാണ് ഉണ്ടായിരിക്കുന്നതെന്ന പൊതു വിമര്‍ശനത്തില്‍, എം ഗീതാനന്ദന്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നു…

ന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ പ്രശ്‌നം നേരിടുന്നതുണ്ടെന്നത് വാസ്തവമാണ്. അവരെ പിന്തുണയ്‌ക്കേണ്ടതുമുണ്ട്. അക്കാര്യത്തില്‍ സംശയമേയില്ല. എന്നാല്‍ കേരളത്തില്‍ ഇത്തരം പിന്തുണക്കാരില്‍ പലര്‍ക്കും പ്രോ-ദളിത് നിലപാട് അല്ല ഉള്ളത്. ഒരു റൂളിംഗ് എലൈറ്റ് നിലപാട് ആണ് അവരുടേത്. ഭരണവിഭാഗമായി നില്‍ക്കാനുള്ള വ്യഗ്രതയാണ് അവരില്‍ കാണുന്നത്. കേരളത്തിലെ മുസ്ലീം സംഘടനകളുടെ ന്യൂനപക്ഷ ഓര്‍ഗനൈസേഷനുകള്‍ എല്ലാം തന്നെ അപ്പര്‍ ക്ലാസ് കാഴ്ച്ചപ്പാടിലാണ് നില്‍ക്കുന്നത്. കേരളത്തില്‍ അവര്‍ ഭരണതലത്തില്‍ ഉള്ളവരാണ്. ഇവിടെ മുസ്ലീങ്ങള്‍ മറ്റിടങ്ങളെ അപേക്ഷിച്ച് അത്ര പാര്‍ശ്വവത്കൃതരുമല്ല.

ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരില്‍ പലര്‍ക്കും ദളിത് പശ്ചാത്തലമുള്ളവരല്ല. അവര്‍ ദളിത് അടിത്തറയില്‍ നിന്നുള്ള ഒരു ഐക്യം ഉണ്ടാക്കാനുള്ള ശ്രമമല്ല നടത്തുന്നത്. വ്യക്തിപരമായാണ് അവരുടെ പ്രവര്‍ത്തികള്‍. ന്യൂനപക്ഷ നിലപാട് എടുത്താല്‍ ജനാധിപത്യവാദിയാകാന്‍ എളുപ്പമാണെന്നു കരുതുന്നവര്‍ മാത്രം. ആന്റി-ബ്രാഹ്മണിക്കല്‍ നിലപാട് എടുക്കുക എന്നത് എളുപ്പമാണല്ലോ! എന്നാല്‍ ഇവരാരും തന്നെ ദളിത് അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരുമല്ല. കേരളത്തിലെ പല ദളിത് ബുദ്ധിജീവികളും ഇത്തരം പരാധീനതകള്‍ നേരിടുന്നുണ്ട്. ദളിത് സ്‌നേഹം പ്രകടിപ്പിക്കുമെങ്കിലും ഒരു മുന്നേറ്റങ്ങളിലും അവരെ കാണില്ല.

പഴയ നിരയില്‍ നിന്നുള്ള പല ദളിത് ആക്ടിവിസ്റ്റുകളും ഈ പരാധീനത നേരിടുന്നുണ്ട്. ഒരു ശൂദ്ര (മധ്യമജാതി) നിലപാടാണവര്‍ക്ക്, മോഡേണിസ്റ്റുകള്‍ക്ക്. ജാതി സമത്വം എന്നതാണ് അതിന്റെ അടിസ്ഥാനം. മോഡേണിസത്തിന്റെ കാലം കഴിഞ്ഞു. സ്വത്വരാഷ്ട്രീയം പോസ്റ്റ് മോഡേണിസത്തിന്റെ സൃഷ്ടിയാണ്. മോഡേണിസ്റ്റുകള്‍ തന്നെയാണ് പോസ്റ്റ് മേഡേണിസത്തിലേക്കും വന്നിരിക്കുന്നത്. രണ്ടും തമ്മില്‍ വലിയ വകഭേദം ഒന്നുമില്ല. ആദ്യത്തേതിന്റെ ഡീജനറേഷന്‍ പൊസിഷന്‍ മാത്രമാണ് അടുത്തത്. ദളിത് പൊസിഷന്‍ എന്നു പറയുന്നത് ഇതു രണ്ടുമല്ല. 90-കള്‍ക്കു ശേഷം ഇന്ത്യയില്‍ പാര്‍ശ്വവത്കൃത മൂവ്‌മെന്റുകള്‍ വളരെ ശക്തമാണ്. കേരളത്തില്‍ ശക്തമായി മൈനോറിറ്റി പൊസിഷന്‍ എടുക്കുന്ന ആളുകള്‍ കഴിഞ്ഞ പത്തിരുപതു വര്‍ഷങ്ങളായി ആദിവാസികളുടെയും ദളിതരുടെയും വളരെ തീക്ഷ്ണമായി, ഭൂമി പ്രശ്‌നം പോലുള്ള മുന്നേറ്റങ്ങളില്‍ ഒപ്പം കാണാറില്ല. അനുകമ്പ കാണിക്കാറുണ്ടായിരിക്കാം, ഒപ്പം നില്‍ക്കാറില്ല.

അഭിമന്യുവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം പേറുന്ന സംഘടനയോട് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന ഗ്രോ വാസുവിനെ പോലുള്ളവരുടെ പ്രശ്‌നം, അവര്‍ വളരെ അന്ധമായി ഇത്തരം സംഘടനകള്‍ക്കൊപ്പം നില്‍ക്കുന്നു എന്നതാണ്. അവര്‍ ഒരു രീതീയിലും വിമര്‍ശനാത്മക സമീപനം ഇത്തരക്കാരോട് കാണിക്കാറില്ല. ഞങ്ങളൊക്കെ ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി സംസാരിക്കുകയും ഒപ്പം വിമര്‍ശനാത്മക നിലപാട് സ്വീകരിക്കേണ്ടിടത്ത് അതിനും തയ്യാറാവുന്നുണ്ട്. കണ്ണൂരില്‍ വിനീഷ് എന്ന ദളിത് യുവാവിനെ എന്‍ഡിഎഫുകാര്‍ കൊന്നപ്പോള്‍, ആ കൊലയേയും ന്യായീകരിച്ചയാളാണ് വാസുവേട്ടന്‍. ഒരു കാരണവും പറയാനില്ലാതെ.

70-കളിലെ നക്‌സലിസവും അതിന്റെ കേഡര്‍മാരും നേതാക്കളുമെല്ലാം അപ്പര്‍ ക്ലാസില്‍ നിന്നും വന്നവരാണ്. അവരാണ് ഭൂ ഉടമകള്‍ക്കെതിരേ സമരവം മറ്റും ചെയ്തിട്ടുള്ളത്. ഒരു സബാള്‍ട്ടേണ്‍ ആയത് എന്നും വേണമെങ്കില്‍ പറയാം. രാജ്യവ്യാപകമായി തന്നെ അങ്ങനെയാണ് കാണാനാകുന്നത്. രണ്‍വീര്‍ സേനയ്‌ക്കെതിരേ മറ്റൊരു ആയുധ സംഘം ഉണ്ടായി വന്നതൊക്കെ അങ്ങനെ കാണാം. ഇതെല്ലാം തന്നെ അപ്പര്‍ കാസ്റ്റിനെതിരേ മധ്യമജാതികളുടെ പ്രതിഷേധമാണ്; ബ്രാഹ്മണിക് വിരുദ്ധത. സവര്‍ണ്ണ വിരുദ്ധത പല ആംഗിളികളില്‍ നിന്നും എടുക്കാം. അതൊക്കെ ദളിത് നിലപാട് ആകണമെന്നില്ല. ദളിത്/ ആദിവാസി നിലപാടുകള്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ജാതിപ്പക സൃഷ്ടിക്കുക എന്നതല്ല ദളിത് നിലപാട്, ജനാധിപത്യപരമായിരിക്കണം. ജനാധിപത്യ, മതേതര രാഷ്ട്രീയമാണിതിനു വേണ്ടത്. ഭൂമിയൊക്കെയാണ് അതിന്റെ പ്രധാന ലക്ഷ്യം. ഭരണതലത്തിലെ ജാതീകരണം അവകാശങ്ങളില്‍ നിന്നും പാര്‍ശ്വവത്കൃതരാക്കുന്നതാണ് ദളിതരുടെയും ആദിവാസികളുടെയും പ്രശ്‌നം. ഇവയെല്ലാം പൊളിറ്റിക്കലി, ഇക്കണോമിക്കലി ആയി തന്നെ ഉയര്‍ത്തണം. എന്നാല്‍ ജാതിപ്പക ഉയര്‍ത്തുന്നവര്‍ അതിനല്ല തയ്യാറാകുന്നത്. ബ്രാഹ്മണനെ കണ്ടാല്‍ അടിച്ചു കൊല്ലണം, ആ ഒരു അടിത്തറയില്‍ നിന്നുകൊണ്ടാണ് സവര്‍ണ വിരുദ്ധത കാണുന്നത്. അവര്‍ക്ക് ജനാധിപത്യവാദികള്‍ എന്നു കാണിക്കാന്‍ എളുപ്പ വഴി മുസ്ലീം അനുകൂല നിലപാട് എടുക്കലാണ്. ഇത്തരക്കാര്‍ കേരളത്തില്‍ പലരുമുണ്ട്. മധ്യമജാതി അടിത്തറയില്‍ നിന്നാണ് ഇവരുടെ ജാതിപ്പക വരുന്നത്. എഴുപതുകളിലും എണ്‍പതുകളിലും ഉള്ള ദളിത് ബുദ്ധിജീവികളില്‍ ഈ പരാധീതനതയാണ് കാണുന്നത്. മോഡേണിസത്തില്‍ നിന്നും അപനിര്‍മിക്കപ്പെട്ട, കൊളോണിയല്‍ കാലഘട്ടത്തിലെ ഒരു ജാതിവാദത്തില്‍ എത്തിയവരാണിവര്‍.

90-കള്‍ക്കു ശേഷമുള്ള ദളിത്/ആദിവാസി മൂവ്‌മെന്റുകളൊക്കെ ഭൂമിക്കു വേണ്ടിയുള്ള പോരാട്ടങ്ങളിലാണ് കൂടുതലും ശ്രദ്ധിച്ചത്. റിസോഴ്‌സുകള്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങളാണ് നടത്തുന്നത്. ജാതിനശീകരണമാണ് അതിന്റെ ലക്ഷ്യം. എന്നാല്‍ ജാതി നശീകരണമല്ല, ജാതിപ്പകയാണ് ഇപ്പോഴും മറ്റു ചിലര്‍ കൊണ്ടു നടക്കുന്നത്. മോഡേണിസത്തിന്റെ ഡീജനറേഷനില്‍ നില്‍ക്കുകയാണവര്‍, അതിനപ്പുറത്തേക്ക് അവര്‍ പോയിട്ടില്ല.

മൈനോറിറ്റി അനുകൂല നിലപാട് എടുക്കുക എന്നത് അവര്‍ക്ക് ലാഭമാണ്. വിമര്‍ശനം നടത്തേണ്ട സന്ദര്‍ഭങ്ങളില്‍ അവര്‍ നിശബ്ദത പാലിക്കും. അല്ലാത്തപ്പോള്‍ ദളിത് അസ്തിത്വം കാണിച്ച്  ന്യൂനപക്ഷ നിലപാട് എടുക്കും. ഇതൊക്കെയാണ് കേരളത്തിലെ പല ദളിത് ബുദ്ധിജീവികളും ചെയ്തുകൊണ്ടിരിക്കുന്നത്. അവര്‍ നിരുപാധികം ഇത്തരം മുസ്ലീം സംഘങ്ങള്‍ക്ക് പിന്തുണ കൊടുക്കുകയാണ് ചെയ്യുന്നത്. എല്ലാക്കാര്യങ്ങളിലും മുസ്ലീം സമുദായത്തിന് നിരുപാധിക പിന്തുണ കൊടുക്കുന്നില്ലെന്നതാണ് ഞങ്ങള്‍ക്കെതിരേ ഉണ്ടാകുന്ന പ്രധാന വിമര്‍ശനവും. നിരുപാധികമല്ല, പക്ഷേ ഞങ്ങള്‍ പിന്തുണയ്ക്കും, അവര്‍ ദളിത്‌ പ്രശ്നങ്ങളെ പിന്തുണയ്ക്കാന്‍ വഴിയില്ല എന്നറിഞ്ഞു കൊണ്ട് തന്നെ ഞങ്ങള്‍ പിന്തുണയ്ക്കാറുണ്ട്.

വയറ്റിപ്പിഴപ്പിന്റെയോ മറ്റോ പ്രശ്‌നമായി അതിനെയൊന്നും ലളിതവത്കരിക്കാനും കഴിയില്ല. സബാള്‍ട്ടേണ്‍ അടിത്തറയില്‍ നിന്നും പ്രവര്‍ത്തിക്കുന്നതും ദളിത് നിലപാട് എടുക്കുന്നതും രണ്ടും രണ്ടാണ്. ദളിത് പ്രശ്‌നങ്ങളോട് അവര്‍ അനുകമ്പയുള്ളവരായിരിക്കും, പക്ഷേ, അവര്‍ അതിന്റെ വക്താക്കളല്ല. കണ്ണൂരിലെ വിനീഷ് വധം കേരളത്തിലെ ആദ്യത്തെ സദാചാര കൊലയായി കാണാവുന്ന സംഭവമാണ്. എന്നാല്‍ ഗ്രോ വസുവിനെ പോലുള്ളവര്‍ അതിനെ പിന്തുണയ്ക്കുകയാണ് ഉണ്ടായത്. സത്യത്തിനൊപ്പം നില്‍ക്കാതിരിക്കലാണ് ചെയ്തത്. ക്രൂരമായി മൗനം പാലിച്ചു കളയും അവര്‍ ഇത്തരം സംഭവങ്ങളില്‍. വിനീഷ് വധത്തെ ന്യായീകരിക്കുകയും ചെയ്തയാളാണ് വാസുവേട്ടന്‍.

ഇവരെയൊന്നും തന്നെ ആരും തെറ്റിദ്ധരിപ്പിച്ചല്ല ഇത്തരം സംഘടനകള്‍ക്കൊപ്പം നിര്‍ത്തുന്നത്. ഇവര്‍ക്കൊക്കെ വ്യക്തമായ ഒരു പ്രിവിലേജ് ഇത്തരം സംഘടനകളില്‍ നിന്നും കിട്ടുന്നുണ്ട്. ഏതെല്ലാമോ തരത്തിലുള്ള പ്രിവിലേജുകള്‍. ഇത്തരം സംഘടനകളുടെ വക്താക്കളായി മാറുന്നവര്‍ക്കൊക്കെ സ്ഥാനമാനങ്ങള്‍ ലഭിക്കുന്നുണ്ട്. അത് പാര്‍ട്ടിയിലാകാം, സംഘടനയിലാകാം, വാസുവേട്ടന്‍ എസ് ഡി പി ഐയുടെ തൊഴിലാളി യൂണിയന്‍ പ്രസിഡന്റാണല്ലോ. സാമ്പത്തികമായി ഇവര്‍ക്ക് സഹായം കിട്ടുന്നുണ്ടാകാം. പലരും ആ സഹായം സ്വീകരിക്കുന്നവരുമാണ്;  കുറെയൊക്കെ നമുക്കറിയുകയും ചെയ്യാം. രാഷ്ട്രീയമായോ ആശയപരമായോ അവര്‍ക്കൊപ്പം പോകുന്നതല്ല, കൂലിക്ക് പണിയെടുക്കുന്നവരാണവര്‍.

Also Read: ഇവിടെ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും കൂടുതല്‍ കൊന്നിട്ടുള്ളത് കമ്യൂണിസം ലേബല്‍ ഒട്ടിച്ചവരാണ്; ഗ്രോ വാസു സംസാരിക്കുന്നു

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍