UPDATES

മന്ത്രി, എന്താണ് എനിക്കുള്ള അയോഗ്യത? ഒരു പുലയ പെണ്‍കുട്ടി വിദേശത്തൊന്നും പോയി പഠിക്കേണ്ട എന്നതാണോ?

പലവട്ടം പലരോടായി ചോദിച്ച ചോദ്യമാണ്, ഇതുവരെ ഉത്തരം കിട്ടാതിരുന്നതും. എന്താണ് എനിക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കാതിരിക്കാന്‍ പറയുന്ന മെറിറ്റ് ഇല്ലായ്മ?

“അവര്‍ ആവര്‍ത്തിച്ചു പറയുന്നത് എനിക്ക് മെറിറ്റ് ഇല്ലെന്നാണ്.

എന്തുകൊണ്ടെന്നു ചോദിച്ചാല്‍, പറയുന്നത് തന്നെ ആവര്‍ത്തിക്കും; മെറിറ്റ് ഇല്ല…

സര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ച് കിടപ്പാടം പണയം വച്ചാണ് ഇവിടെ പഠിക്കാന്‍ എത്തിയത്. ഒന്നര വര്‍ഷം മുമ്പ് അപേക്ഷിച്ച സ്‌കോളര്‍ഷിപ്പാണ്. ഇതുവരെ കിട്ടിയിട്ടില്ല.

തരുന്നതിന് മെറിറ്റ് ഇല്ലെന്നാണ് കാരണം പറയുന്നത്. കേരളത്തിലെ ദളിത് ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു വകുപ്പ് ഉണ്ട്, മന്ത്രിയുണ്ട്. പക്ഷേ എന്നെപ്പോലൊരു പെണ്‍കുട്ടി നേരിടുന്ന ബുദ്ധിമുട്ടുകള്‍ എന്താണെന്നു കേള്‍ക്കാന്‍ പോലും തയ്യാറായിട്ടില്ല”.

ബിനേഷ് ബാലന്‍, നിധിഷ് സി സുന്ദര്‍ എന്നീ ആദിവാസി-ദളിത് വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും നേരിട്ട അതേ സഹാചര്യങ്ങളാണ് തൃശൂര്‍ കൊടകര സ്വദേശിയും പോര്‍ച്ചുഗലിലെ പ്രശസ്തമായ കോയംബ്ര സര്‍വകലാശാലയിലെ എംഎസ് സി ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയുമായ റിമ രാജനും നേരിടുന്നത്. റിമ സംസാരിക്കുന്നു

സര്‍ക്കാരില്‍ വിശ്വാസം ഉള്ളതുകൊണ്ട്, ഇപ്പോഴും വിശ്വസിക്കുന്നതും കൊണ്ടും ഇതുവരെ കാത്തിരുന്നു. പക്ഷേ അവസ്ഥ തീര്‍ത്തും ഗുരുതരമായിരിക്കുന്നു. ഈ സാഹചര്യത്തിലും മന്ത്രിയോടു പോലും എനിക്കതെല്ലാം പറയാന്‍ കഴിയാതെ പോകുന്നതുകൊണ്ടാണ് ഒരു മാധ്യമത്തിലൂടെ എന്റെ അവസ്ഥകള്‍ പറയേണ്ടി വരുന്നത്.

സെപ്തംബര്‍ ആദ്യ ആഴ്ച ഫീസ് അടയ്ക്കണം; നാലു ലക്ഷത്തോളം വരും. കഴിഞ്ഞില്ലെങ്കില്‍ അടുത്ത പ്രൊവിഷന്‍ 2018 സെപ്തംബറിലാണ്. അങ്ങനെ വരുമ്പോള്‍ ഒരു വര്‍ഷം നഷ്ടമാകും. അതോടെ തിസീസും റിസര്‍ച്ച് വര്‍ക്കുകളും റിജക്റ്റ് ചെയ്യും. പിഎച്ച്ഡി ആപ്ലിക്കേഷനും തള്ളും. അതു മാത്രമല്ല, വീസ പുതുക്കേണ്ട സമയമാകുന്നു. നിശ്ചിത തുക ബാങ്ക് ബാലന്‍സ് ഉണ്ടാവണം, മറ്റു ചിലവുകള്‍ വേറെ. വീസ പുതുക്കിയില്ലെങ്കില്‍ അവിടെ നില്‍ക്കാന്‍ പറ്റില്ല. കൂലിപ്പണി ചെയ്ത് മകളുടെ പഠനത്തിനായി കഷ്ടപ്പെടുന്ന ഒരച്ഛന്റെ സ്വപ്‌നംകൂടിയാണ് അവിടെ തകരുന്നത്. സഹപാഠികളുടെ കാരുണ്യത്തിലാണ് ഞാനിവിടെ കഴിഞ്ഞുപോരുന്നത്. താമസസ്ഥലത്തെ വാടകപോലും കൊടുക്കാന്‍ കഴിയുന്നില്ല. മന്ത്രിക്ക് എന്റെ അവസ്ഥകള്‍ മനസിലാകുമെന്നു തന്നെ കരുതുന്നു.

"</p

സര്‍ക്കാരിനെ വിശ്വസിച്ച്
2015 നവംബറില്‍ ആണ് കോയംബ്രയില്‍ പ്രവേശനം കിട്ടുന്നത്. സര്‍ക്കാരില്‍ നിന്നും സഹായം കിട്ടുമെന്ന് ഉറപ്പ് പറഞ്ഞിരുന്നതിനാല്‍ ലോണ്‍ എടുത്ത് പണം ഉപയോഗിച്ചാണ് ആദ്യഘട്ടത്തിലെ ഫീസും യാത്ര ചെലവും എല്ലാം വഹിച്ചത്. 2016 ഫെബ്രുവരിയില്‍ സ്‌കോളര്‍ഷിപ്പിന് സര്‍ക്കാരില്‍ അപേക്ഷ നല്‍കി. സര്‍വകലാശാല അധികാരികളില്‍ നിന്നും എന്‍ഒസി വാങ്ങി നല്‍കണമെന്നു പറഞ്ഞതും ചെയ്തു. പണം അനുവദിക്കാം എന്ന് ഉറപ്പും കിട്ടി. 15 ലക്ഷം രൂപയാണ് അപേക്ഷിച്ചിരുന്നത്.

ആദ്യം നല്‍കിയ ഉറപ്പ് അല്ലാതെ മറ്റൊരു നീക്കുപോക്കും പിന്നീട് ഉണ്ടായില്ല. ഓരോ തവണ അന്വേഷിക്കുമ്പോഴും ഓരോരോ ഡോക്യുമെന്റ്‌സ് ആവശ്യപ്പെടും. അതെല്ലാം നല്‍കിയിട്ടുമുണ്ട്. ഒമ്പതു മാസങ്ങള്‍ക്കുശേഷം ഒരു അറിയിപ്പ് കിട്ടിയത്, നിങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്ത ഉണ്ടെന്നും പണം അനുവദിക്കപ്പെട്ടിരിക്കുന്നു എന്നുമായിരുന്നു.

പക്ഷേ അങ്ങനെയൊരു അറിയിപ്പ് അല്ലാതെ പിന്നീട് ഒരു വിവരവും ഇല്ല. ഒടുവില്‍ ആദ്യം നല്‍കിയ പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ട് അവരുടെ തന്നെ അറിയിപ്പ് വരുന്നു; എനിക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കാന്‍ കഴിയില്ലെന്ന്. കാരണമൊട്ടു പറഞ്ഞതുമില്ല. ബന്ധപ്പെട്ട വിഭാഗത്തില്‍ അന്വേഷിച്ചിട്ടും വിശദീകരണം ഇല്ല. ഒടുവില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്തു. അതിനു കിട്ടിയ മറുപടിയാണ് എനിക്ക് മെറിറ്റ് ഇല്ല എന്നത്.

അങ്ങനെയാണ് എസ് സി/എസ് ടി കമ്മിഷനെ സമീപിക്കുന്നത്. ഞങ്ങളുടെ പരാതിയില്‍ കമ്മിഷന്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു. ആദ്യ തവണ ആരും തന്നെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഹാജരായില്ല. രണ്ടാം തവണ സെക്രട്ടേറിയേറ്റിലെ എസ് സി/എസ് ടി സെക്ഷനിലെ അണ്ടര്‍ സെക്രട്ടറി ബി തങ്കമണി ഹാജരായി. കമ്മിഷന്‍ വിജയകുമാര്‍ സാര്‍ എന്റെ പരാതി പരിശോധിച്ചശേഷം അണ്ടര്‍ സെക്രട്ടറിയോട് ചോദിച്ചത് ഈ കുട്ടി സ്‌കോളര്‍ഷിപ്പിന് യോഗ്യയാണല്ലോ പിന്നെ എന്തുകൊണ്ട് അനുവദിക്കുന്നില്ല എന്നായിരുന്നു. ഈ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഫണ്ട് കൊടുക്കാറുണ്ടോ എന്നു ചോദിച്ചപ്പോള്‍ കൊടുക്കാറുണ്ടെന്ന് അവര്‍ പറയുകയും ചെയ്തു. പക്ഷേ എന്റെ ഫയല്‍ പരിശോധിച്ചപ്പോള്‍ സ്‌കോളര്‍ഷിപ്പിന് എലിജിബിള്‍ അല്ലെന്നു കണ്ടെത്തിയതായി പറഞ്ഞു. എന്നാല്‍ കമ്മിഷന്‍ ഞാന്‍ സ്‌കോളര്‍ഷിപ്പിന് എലിജിബിള്‍ ആണെന്നും എത്രയും വേഗം എന്റെ ഫയലിന്റെ കാര്യത്തില്‍ തീര്‍പ്പ് ഉണ്ടാക്കണമെന്നു കാണിച്ച് ഉത്തരവിടുകയായിരുന്നു.

അന്നു കമ്മിഷനില്‍ നിന്നു തിരിച്ചു പോകുന്നതിനു മുമ്പായി അണ്ടര്‍ സെക്രട്ടറി അച്ഛനോട് പറഞ്ഞത്; നിങ്ങള്‍ക്ക് നാണമില്ലേ? ഈ കമ്മിഷനൊക്കെ വെറും ഉഡായിപ്പ് ആണ്.

എന്താണ് മെറിറ്റ്?
കുറച്ചു ദിവസങ്ങള്‍ക്കുശേഷം തങ്കമണി മാഡം വിളിച്ച് സ്‌കോളര്‍ഷിപ്പ് പാസ് ആയിട്ടുണ്ടെന്ന് പറഞ്ഞു. രണ്ട് ആഴ്ച കഴിഞ്ഞ് അന്വേഷിച്ചപ്പോള്‍ പറയുന്നു; എന്റെ ഫയല്‍ റിജക്ട് ചെയ്‌തെന്ന്. കാരണം ചോദിച്ചപ്പോള്‍ മെറിറ്റ് ഇല്ലെന്നു പറഞ്ഞു.

കമ്മിഷന്‍ ഓഡര്‍ വന്നതിന്റെ പുറത്ത് എന്നിട്ടും ഞങ്ങള്‍ സെക്രട്ടേറിയേറ്റില്‍ എത്തി. പക്ഷേ ഒന്നും നടന്നില്ല. ആരും ഒന്നും ചെയ്തു തന്നില്ല. ആ സമയത്ത് പ്രിന്‍സിപ്പള്‍ ഡയറക്ടര്‍ ആയിരുന്നത് മുഹമ്മദ് ഇബ്രാഹിം എന്നൊരാളാണ്. വളരെ മോശം പെരുമാറ്റമായിരുന്നു അദ്ദേഹത്തില്‍ നിന്നും നേരിട്ടത്. പിന്നീട് ഇദ്ദേഹമൊരു കേസില്‍ പെട്ടതൊക്കെയായി വാര്‍ത്ത കേട്ടിരുന്നു. മുഹമ്മദ് ഇബ്രാഹിം മാറിയതിനുശേഷം വന്ന പ്രിന്‍സിപ്പള്‍ ഡയറക്ടര്‍ നല്ല മനുഷ്യനായിരുന്നു. അദ്ദേഹം എന്റെ ഫയല്‍ റീ ഓപ്പണ്‍ ചെയ്ത് എത്രയും വേഗം തീര്‍പ്പാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. നിര്‍ഭാഗ്യവശാല്‍ അദ്ദേഹം സ്ഥാനം മാറിപ്പോയി. അതോടെ വീണ്ടും എന്റെ ഫയല്‍ എവിടെയോ പോയി മറഞ്ഞു.

തുടര്‍ന്ന് വകുപ്പ് മന്ത്രിക്കു പരാതി കൊടുക്കാന്‍ തീരുമാനിച്ചു. അച്ഛനാണ് പരാതി കൊടുത്തത്. പക്ഷേ കിട്ടിയ മറുപടി ഇത്രയും തുക അനുവദിക്കാന്‍ നിര്‍വാഹമില്ലെന്നായിരുന്നു. കാരണം വ്യക്തമാക്കിയിട്ടുമില്ല.

ഒരു ഫയലും ഒരു ദിവസത്തില്‍ കൂടുതല്‍ മേശപ്പുറത്ത് ഇരിക്കരുതെന്ന് നിര്‍ദേശം നല്‍കിയ മുഖ്യമന്ത്രിക്കും പരാതി നല്‍കി. പരാതി സ്വീകരിച്ചു എന്നൊരറിയിപ്പ് കിട്ടിയതല്ലാതെ മറ്റൊരന്വേഷണവും ഉണ്ടായില്ല.

വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് സാറിനെ കാണാനും പോയി. അദ്ദേഹത്തിന്റെ ഭാര്യ കോളേജില്‍ എന്റെ പ്രൊഫസര്‍ ആയിരുന്നു. മന്ത്രിയെ കാണാന്‍ കഴിഞ്ഞില്ല. സെക്രട്ടറിയെയാണു കണ്ടത്. ഇങ്ങനെയൊരു കോഴ്‌സ് പഠിക്കേണ്ട ആവശ്യം എന്താണെന്നായിരുന്നു സെക്രട്ടറിക്ക് അറിയേണ്ടത്.

സര്‍ക്കാരും ഉദ്യോഗസ്ഥരും സഹായിക്കില്ലെന്ന് ബോധ്യമായതോടെ വീണ്ടും കമ്മിഷനെ സമീപിച്ചു. കമ്മിഷന്‍ വീണ്ടും സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഇത്തവണ ഹാജരായത് സെക്രട്ടേറിയേറ്റില്‍ നിന്നും മറ്റൊരു ഉദ്യോഗസ്ഥന്‍. അദ്ദേഹവും പറഞ്ഞത്, സ്‌കോളര്‍ഷിപ്പ് തുക അനുവദിക്കാന്‍ എനിക്ക് മെറിറ്റ് ഇല്ല എന്നു തന്നെ.

എന്താണ് മെറിറ്റ്? കമ്മീഷന്‍ ചോദിച്ചു.

അതു സ്‌പെസിഫൈ ചെയ്തു പറയാന്‍ അറിയില്ലെന്നായിരുന്നു ആ ഉദ്യോഗസ്ഥന്റെ മറുപടി.

"</p

എന്റെ അവസ്ഥയെന്തെന്നു കേള്‍ക്കാന്‍ പോലും!
ബഹുമാനപ്പെട്ട മന്ത്രി ഞാന്‍ നേരിടുന്ന ഈ പ്രശ്‌നങ്ങള്‍ പറയാന്‍ അങ്ങയെ ഞാനൊരിക്കല്‍ ഫോണ്‍ വിളിച്ചിരുന്നു. എന്റെ പേരും ഫയല്‍ നമ്പരും കുറിച്ചെടുക്കാന്‍ പറയുന്നതു കേട്ടു. രണ്ടു മിനിട്ടുപോലും കഴിയും മു്‌ന്നെ അങ്ങ് ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു. അന്യരാജ്യത്തു നിന്നും ഒരു പെണ്‍കുട്ടി തന്റെ പ്രശ്‌നങ്ങള്‍ പറയാന്‍ വിളിക്കുമ്പോള്‍ ഒരാശ്വാസ വാക്കെങ്കിലും അങ്ങയില്‍ നിന്നും പ്രതീക്ഷിച്ചിരുന്നു.

എന്തായാലും അങ്ങയെ വിശ്വസിച്ച് വീണ്ടും എന്റെ അച്ഛന്‍ സെക്രട്ടേറിയേറ്റില്‍ ചെന്നു. പക്ഷേ അവിടെ സ്ഥിതി പഴയതുതന്നെ. മന്ത്രിയുടെ അറിയിപ്പൊന്നും കിട്ടിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എനിക്കത് തരില്ലെന്നു തന്നെയാണ് അവരുടെ നിലപാട്.

എസ്എസി/എസ് ടി കമ്മിഷന്‍ ഈ മാസം 22 ന് എനിക്ക് അനുകൂലമായി വീണ്ടും ഉത്തരവ് ഇറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിജയകുമാര്‍ സാര്‍ എന്റെ എല്ലാ രേഖകളും പരിശോധിച്ചശേഷമാണ് അനുകൂലമായി ഉത്തരവ് ഇ്ട്ടത്. പക്ഷേ ആ ഉത്തരവ് എനിക്ക് പ്രയോജനം ചെയ്യുമോ? ഇനി ഞാന്‍ കോടതിയില്‍ പോകണോ? ജില്ല കോടതി, ഹൈക്കോടതി, സുപ്രിം കോടതി…നിവര്‍ത്തിയില്ലാത്ത ഒരു കുടുംബമാണിത്. ഞാനും അനിയനും നന്നായി പഠിക്കുന്നവരാണ്. അതുകൊണ്ട് എത്ര കഷ്ടപ്പെട്ടാലും ഞങ്ങളുടെ പഠനം മുന്നോട്ടുകൊണ്ടുപോകാന്‍ അച്ഛനും അമ്മയും ശ്രമിക്കുകയാണ്. ഇവിടെയിരുന്ന് അവരെക്കുറിച്ച് ആധിയാണ്. മക്കളെക്കുറിച്ചോര്‍ത്ത് അവര്‍ അത്രമേല്‍ വിഷമിക്കുന്നുണ്ട്. അവര്‍ ഉറങ്ങാറുണ്ടോ എന്നുപോലും അറിയില്ല. എന്റെ ചെലവിനായി ചെറിയ തുക അയച്ചു തരുമായിരുന്നു. അനിയന്‍ ഇപ്പോള്‍ കോയമ്പത്തൂരില്‍ ബിഎസ് സി കാര്‍ഡിയോളജി കോഴ്‌സിന് ചേര്‍ന്നു. വലിയ ഫീസ് വേണം. അവന്റെ കാര്യവും നോക്കേണ്ടതല്ലേ, അതുകൊണ്ട് വീട്ടില്‍ നിന്നും എനിക്ക് ഒന്നും അയച്ചു തരാനാവത്ത അവസ്ഥയാണ്. ഈ യൂണിവേഴ്‌സിറ്റ് സ്ഥിതി ചെയ്യുന്നത് ഒരു ചെറിയ നഗരത്തിലാണ്. വിദ്യാഭാസസ്ഥാപനങ്ങളാണ് ഇവിടെ കൂടുതലും. ഒരു പാര്‍ട്ട് ടൈം ജോലി കിട്ടാന്‍ പോലും രക്ഷയില്ല. പഠിക്കാന്‍ ഏറെയുണ്ടെങ്കിലും അങ്ങനെയൊരു മാര്‍ഗം ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ സമയം ഉണ്ടാക്കിയെങ്കിലും ജോലിക്കു പോകുമായിരുന്നു. വാടകയ്ക്കും ഭക്ഷണത്തിനുമുള്ള വകയെങ്കിലും കിട്ടുമല്ലോ. ഇതൊക്കെയാണ് എന്റെ അവസ്ഥ. അതുകൊണ്ട് കേസുമായി കോടതികള്‍ കയറിയിറങ്ങാന്‍ ഞങ്ങള്‍ക്കാവില്ല. മാത്രവുമല്ല, എന്നെങ്കിലും(കിട്ടുകയാണെങ്കില്‍) എനിക്കാ തുക കിട്ടിയിട്ടു കാര്യമില്ല. ഇപ്പോഴാണ് ആവശ്യം. അല്ലെങ്കില്‍ എല്ലാം സ്വപ്‌നങ്ങളും തകര്‍ന്ന് ഒരു പരാജിതയായി ഞാന്‍ മടങ്ങേണ്ടി വരും.

ശരിയാണ്, ഞങ്ങള്‍ അടിമകള്‍ തന്നെയാണ്
ജര്‍മനിയിലെ ഗോട്ടിംഗാം സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥി നിധീഷ് സി സുന്ദറിന് സ്‌കോളര്‍ഷിപ്പ് തുക അനുവദിച്ചതായി പ്രഖ്യാപിച്ചുകൊണ്ടുള്ള മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ അടിയിലെ ഒരു വാചകം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നിധീഷിന്റെ അപേക്ഷ വൈകിപ്പിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന്.

ഞാന്‍ പറയട്ടെ ചില പരാതികള്‍…സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുമ്പോള്‍ അതെനിക്ക് നല്‍കാന്‍ എലിജിബിള്‍ ആണോ എന്നു രേഖകള്‍ നോക്കി തീര്‍പ്പാക്കുകയല്ലേ സാര്‍ വേണ്ടത്. പകരം കൊമേഴ്‌സ് പഠിച്ച ഞാനെന്തിന് എംബിഎ പഠിക്കണം. അതും വിദേശത്ത് പോയി പഠിക്കണം എന്നൊക്കെ വിവരിക്കണോ? സെക്രട്ടേറിയേറ്റിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയേണ്ടത് ഇതൊക്കെയാണ്. സാര്‍ എന്റെ അച്ഛന്റെ മുഖത്ത് നോക്കി പറഞ്ഞത് ഒരു പെണ്‍കുട്ടിയേയാണ് വിദേശത്ത് പഠിക്കാന്‍ വിടുന്നതെന്ന് ഓര്‍മവേണമെന്നായിരുന്നു. എങ്ങനെയായിരിക്കും തിരിച്ചു വരികയെന്ന് ഉറപ്പുണ്ടോയെന്ന്. സദാചാരത്തെക്കുറിച്ച് അവര്‍ ഉത്കണ്ഠാകുലാരാണ്. പക്ഷേ ഒരു വിദ്യാര്‍ത്ഥിയുടെ ഭാവിയെക്കുറിച്ച് ഒട്ടുമല്ല. ഒരു പെണ്‍കുട്ടിക്ക് വിദേശത്ത് പഠിക്കാന്‍ പോകാന്‍ അനുവാദമില്ലാത്ത നാടാണോ സാര്‍ നമ്മുടെ കേരളം? ഇവിടെ എന്റെ സഹമുറിയര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ്. കേരളം നമ്പര്‍ വണ്‍ എന്ന പരസ്യം കണ്ട് അവരില്‍ ചിലര്‍ എന്നെ കളിയാക്കി. ഒന്നാം നമ്പര്‍ സംസ്ഥാനത്തു നിന്നുവരുന്ന ഒരാളായിട്ടാണോ നീയിവിടെ ഇങ്ങനെ കഷ്ടപ്പെടുന്നതെന്ന്. അപ്പോഴും ഞാനെന്റെ കേരളത്തെ പ്രതിരോധിച്ചാണ് സംസാരിച്ചത്.

സാര്‍, കോഴ്‌സിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പിനായി ദുബൈയിലും സ്‌പെയിനിലുമൊക്കെ പോകേണ്ടി വന്നിരുന്നു(അതിനുള്ള ചെലവെല്ലാം എന്റെ കൂട്ടുകാരില്‍് നിന്നും കടം വാങ്ങിയാണ് നിര്‍വഹിച്ചത്). സ്‌പെയിനില്‍വച്ച് ഒരനുഭവമുണ്ടായി. എച്ച് ആര്‍ വിഭാഗത്തില്‍ ട്രെയിനിംഗ് തരാതെ ഞങ്ങള്‍ ചില ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളെ കിച്ചനിലും ലോണ്‍ഡ്രിയിലുമൊക്കെയാണ് വിട്ടത്. ഞാനതിനെക്കുറിച്ച് തിരക്കി. ഇതൊക്കെ തന്നെയല്ലേ നിങ്ങള്‍ നാട്ടില്‍ ചെയ്യുന്നതെന്നും നിങ്ങള്‍ ഇപ്പോഴും അടിമകളായി തന്നെയല്ലേ ജീവിക്കുന്നതെന്നുമായിരുന്നു സായിപ്പിന്റെ മറുപടി. എനിക്കത് ഒട്ടും സഹിക്കാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ ആരുടെയും അടിമകളല്ല, ഒരിക്കലും നിങ്ങളുടെ മുന്നില്‍ അടിമയാകില്ലെന്നും വെല്ലുവിളിച്ച് ഇന്റേണ്‍ഷിപ്പ് പാതിയില്‍ നിര്‍ത്തി ഞാന്‍ തിരികെ പോന്നൂ. കരിയര്‍വച്ച് ഞാന്‍ ചെയ്തത് തെറ്റാണ്.പക്ഷേ എന്റെ രാജ്യത്തെ അപമാനിച്ച് സംസാരിച്ചവരോട് ഞാന്‍ പെരുമാറിയ രീതി ശരിയായതു തന്നെയാണെന്നാണ് എന്റെ വിശ്വാസം.

പക്ഷേ, ഇപ്പോള്‍ തോന്നുന്നു, ഞങ്ങള്‍, ദളിതനും ആദിവാസിയുമെല്ലാം ഇവിടെ അടിമകള്‍ തന്നെയാണെന്ന്…

"</p

എന്റെ അയോഗ്യത എന്താണെന്നെങ്കിലും പറഞ്ഞു തരിക
പലവട്ടം പലരോടായി ചോദിച്ച ചോദ്യമാണ്, ഇതുവരെ ഉത്തരം കിട്ടാതിരുന്നതും. എന്താണ് എനിക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കാതിരിക്കാന്‍ പറയുന്ന മെറിറ്റ് ഇല്ലായ്മ?

86 ശതമാനം മാര്‍ക്ക് വാങ്ങി ഡിസ്റ്റിംഗ്ഷനോടെയാണ് ഞാന്‍ ബിരുദം പാസായത്. 80 ശതമാനം മാര്‍ക്കുള്ള വിദ്യാര്‍ത്ഥിക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കേണ്ടതാണ്. ആ വഴിയില്‍ നോക്കിയാലും എനിക്ക് മെറിറ്റ് ഉണ്ട്. ഞാന്‍ പഠിക്കുന്ന സര്‍വകലാശാലയെക്കുറിച്ചാണ് സംശയം എങ്കില്‍, ലോകത്തിലെ ഏറ്റവും മികച്ച 400 സര്‍വകലാശാലകളില്‍ ഒന്നാണ് കോയംബ്ര സര്‍വകലാശാല. 1920 ല്‍ സ്ഥാപിതമായ ഈ സര്‍വകലാശാല അടുത്ത കാലത്ത് അല്‍ഷിമേഴ്‌സിന് മരുന്ന് കണ്ടുപിടിച്ചതു വഴി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു. അവിടെയും മെറിറ്റ് പ്രശ്‌നം വരുന്നില്ല. ഇങ്ങനെയൊരു സ്‌കോളര്‍ഷിപ്പ് വഴി വിദേശത്ത് പോയി പഠിക്കുന്ന ദളിത്, ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഫണ്ട് അനുവദിക്കുന്ന കീഴ്‌വഴക്കവും നിലനില്‍ക്കുന്നുണ്ട്. പിന്നെ എവിടെയാണ് എന്റെ മെറിറ്റ് ഇല്ലായ്മ വരുന്നത്? അതിനുള്ള ഉത്തരം കിട്ടിയാല്‍ പരിഹരിക്കാവുന്നതാണെങ്കില്‍ അതിനു ശ്രമിക്കാം, അല്ലെങ്കില്‍ ഞാനീ സ്‌കോളര്‍ഷിപ്പ് വേണ്ടന്നു വയ്ക്കാം.

സാര്‍, ഞാന്‍ ചോദിക്കുന്നത് എന്റെ യോഗ്യതയില്ലായ്മ താഴെ പറയുന്ന കാര്യങ്ങളാണോ എന്നാണ്;

ഞാന്‍ ഒരു പുലയ സമുദായംഗം ആണ്?

എന്റെ തൊലിയുടെ നിറം കറുത്തതാണ്?

ഞാനൊരു പെണ്‍കുട്ടി ആണ്?

എന്റെ കുടുംബത്തിന് സ്വാധീനമില്ല?

സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥന്മാരില്‍ തൊട്ട് മന്ത്രിമാരുടെ സ്റ്റാഫുകളുടെ വരെ വാക്കുകളും മനോഭാവവും വ്യക്തമാക്കി തരുന്നത് എന്റെ യോഗ്യതയില്ലായ്മ ഇവയൊക്കെയാണെന്നാണ്.

ഒരു പുലയ പെണ്‍കുട്ടി വിദേശത്തൊന്നും പോയി പഠിക്കേണ്ട എന്നാണെങ്കില്‍ ആ മറുപടിയെങ്കിലും എനിക്ക് തരിക….

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍