UPDATES

ദളിതനെ തന്ത്ര വിദ്യ പഠിപ്പിച്ചത് ബ്രാഹ്മണന്‍; വിവാദം സിപിഎമ്മിന്റെ കുത്തിത്തിരിപ്പെന്ന് ഹിന്ദു ഐക്യ വേദി

ശാന്തി യൂണിയനെതിരെ ഹിന്ദുഐക്യവേദി; ദലിത് പൂജാരിക്കൊപ്പമെന്ന് യോഗക്ഷേമസഭ

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തിരുവല്ല മണപ്പുറം ശ്രീമഹാദേവ ക്ഷേത്രത്തില്‍ നിയമിച്ച ദലിത് പൂജാരി യദുകൃഷ്ണന്റെ നിയമനം അട്ടിമറിക്കാനൊരുങ്ങി നില്‍ക്കുകയാണ് പൂജാരികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന അഖില കേരള ശാന്തി ക്ഷേമ യൂണിയന്‍. പൂജാരികളുടെ ക്ഷേമമെന്നതാണ് ഈ യൂണിയന്റെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും അത് ബ്രാഹ്മണരായ പൂജാരിമാരുടെ എന്ന് തിരുത്തി വായിക്കണമെന്ന നിലപാടാണ് അവരുടെ ഭാഗത്തു നിന്നുമുണ്ടായികരിക്കുന്നത്. കേരളത്തില്‍ അബ്രാഹ്മണരായ ക്ഷേത്രപൂജാരികള്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും സമൂഹം ഒന്നടങ്കം ആവേശത്തോടെയാണ് യദുവിന്റെ നിയമനത്തെ ഏറ്റെടുത്തത്. അതിനാല്‍ തന്നെ മറ്റെല്ലായിടത്തുമുണ്ടായ എതിര്‍പ്പുകളേക്കാള്‍ ഏറെ ശ്രദ്ധ യദുവിന്റെ നിയമനത്തെ അട്ടിമറിക്കാനുള്ള നീക്കത്തിന് ലഭിക്കുകയും ചെയ്തു. ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലെ ഈഴവ സമുദായക്കാരനായ പൂജാരിയെ പുറത്താക്കാനുള്ള നീക്കത്തിനെതിരെയും ഇത്തരത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

രണ്ട് കേസിലും പൂജാരിമാര്‍ക്കെതിരെ പ്രയോഗിക്കപ്പെട്ട രൂക്ഷമായ വാക്കുകളാണ് സോഷ്യല്‍ മീഡിയയിലേതുള്‍പ്പെടെയുള്ള പൊതുസമൂഹത്തെ രോഷം കൊള്ളിച്ചത്. ചെട്ടികുളങ്ങരയിലെ പൂജാരിയോട് നമ്പൂതിരിമാരും നായന്മാരും ജീവിക്കുന്ന ഇവിടെ ചോവന്‍ പൂജാരിയാകേണ്ടെന്നും ക്ഷേത്രഭൂമി സംഘര്‍ഷഭൂമിയാകുമെന്നുമുള്ള ഭീഷണിയാണ് ഉയര്‍ന്നത്. എന്നാല്‍ ദലിതനായതിനാലായിരിക്കും യദുവിനെതിരെ അസഭ്യവര്‍ഷമാണ് ഉണ്ടായത്. ആദ്യം സോഷ്യല്‍ മീഡിയയും ഇപ്പോള്‍ സര്‍ക്കാരും ഈ വിഷയം ഏറ്റെടുത്തിരിക്കുകയാണ്. അതിന്റെ ഭാഗമായി തന്നെ വേണം ഇന്ന് സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയില്‍ ‘അബ്രാഹ്മണ ശാന്തി നിയമനം അട്ടിമറിക്കാന്‍ സംഘപരിവാര്‍ നീക്കം’ എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയെ കാണാന്‍. അബ്രാഹ്മണര്‍ ശാന്തി ചെയ്യുന്നത് ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമാണെന്ന പ്രചരണമാണ് സംഘപരിവാര്‍ നടത്തുന്നതെന്ന് ഈ വാര്‍ത്തയില്‍ ആരോപിക്കുന്നു. കൂടാതെ ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കമായാണ് ഇതിനെ സംഘപരിവാര്‍ ചിത്രീകരിക്കുന്നതെന്നും അവര്‍ പറയുന്നു. ദലിതനായ യദുകൃഷ്ണനെ ശാന്തിസ്ഥാനത്തു നിന്നും പുറത്താക്കണമെന്ന ആവശ്യം ഉയര്‍ത്തി സത്യാഗ്രഹം നടത്തുമെന്ന് പ്രഖ്യാപിച്ചത് ശാന്തിക്ഷേമ യൂണിയനാണ്. പിന്നീടുണ്ടായ വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് തിങ്കളാഴ്ച നടത്താനിരുന്ന സത്യാഗ്രഹം മാറ്റിവയ്ക്കുകയും ചെയ്തു. എന്നാല്‍ അത് ഇനിയും വേണ്ടെന്ന് വച്ചിട്ടില്ല.

അതേസമയം ഈ വിഷയത്തില്‍ സംഘപരിവാറിനെ വലിച്ചിഴച്ച് സിപിഎം രാഷ്ട്രീയം കളിക്കുകയാണെന്നാണ് ഹിന്ദു ഐക്യ വേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി ബാബു അഴിമുഖത്തോട് പറഞ്ഞു. അബ്രാഹ്മണരായ ശാന്തിക്കാര്‍ നേരത്തെയും ഉണ്ടായിട്ടുണ്ടെങ്കിലും ദലിതരായവരെ നിയമിക്കുന്നത് ഇത് ആദ്യമായാണ്. അതിനാല്‍ നിയമനം ലഭിച്ച ആറ് ദലിത് പൂജാരികള്‍ക്കും ഹിന്ദു ഐക്യ വേദി പറവൂരില്‍ വളരെ ഗംഭീരമായ സ്വീകരണ പരിപാടി സംഘടിപ്പിച്ചിരുന്നു. തന്ത്ര വിദ്യാപീഠത്തിന്റെ അധ്യക്ഷന്‍ അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട്, ഏഴപ്പറമ്പ് മനയില്‍ ചിത്രഭാനു നമ്പൂതിരിപ്പാട്, ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ തുടങ്ങിവരെ പോലുള്ള പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഈ സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. നിയമനം ലഭിച്ച ദലിത് പൂജാരിമാരെ അനുഗ്രഹിക്കാനും ഉപഹാരങ്ങള്‍ നല്‍കാനും ഷാള്‍ അണിയിക്കാനുമാണ് ഈ ചടങ്ങ് വിളിച്ചുചേര്‍ത്തത്. യദുകൃഷ്ണന്‍ ക്ഷേത്രത്തില്‍ ചുമതലയേല്‍ക്കാന്‍ പോയപ്പോള്‍ ഹിന്ദു ഐക്യ വേദിയുടെ സംസ്ഥാന തല നേതാക്കളാണ് ഇദ്ദേഹത്തെ വള്ളപ്പാട്ടോടുകൂടി സ്വീകരിക്കാനും ആനയിക്കാനും അവിടെയുണ്ടായിരുന്നത്. കൂടാതെ പാലിയം വിളംബരത്തിന്റെ തുടര്‍ച്ചയായുള്ള ഒരു നീക്കമായാണ് ദലിത് പൂജാരിമാരെ ക്ഷേത്രങ്ങളില്‍ നിയമിക്കുന്നതിനെ കാണുന്നത്. 1987 ഓഗസ്റ്റ് 26ന് കേരളത്തിലെ എല്ലാ ആചാര്യന്മാരെയും വിളിച്ചു ചേര്‍ത്ത് ആര്‍എസ്എസ് പ്രചാരകന്‍ മാധവ്ജിയുടെ നേതൃത്വത്തിലാണ് പാലിയം വിളംബരം നടത്തിയത്. കര്‍മ്മം കൊണ്ടാണ് ജന്മം കൊണ്ടല്ല ബ്രാഹ്മണ്യം വേണ്ടത് എന്ന പ്രഖ്യാപനമായിരുന്നു ഇത്. പാലിയം വിളംബരത്തിന്റെ പശ്ചാത്തലത്തിലാണ് അബ്രാഹ്മണര്‍ക്ക് തന്ത്രവിദ്യ അഭ്യസിപ്പിക്കാന്‍ പ്രമുഖരായ ആചാര്യന്മാര്‍ മുന്നോട്ട് വന്നത്. അല്ലാതെ സിപിഎം അല്ലല്ലോ അബ്രാഹ്മണരെ തന്ത്ര വിദ്യ പഠിപ്പിച്ചതെന്നും ആര്‍ വി ബാബു ചോദിക്കുന്നു.

പ്രതിഷേധം ശക്തം; ദലിത് പൂജാരി യദുകൃഷ്ണനെതിരായ സമരത്തിനില്ലെന്ന് യോഗക്ഷേമ സഭ

അബ്രാഹ്മണര്‍ക്ക് തന്ത്ര വിദ്യ അഭ്യസിപ്പിച്ചതിന്റെ പേരില്‍ അഴകത്ത് ശസ്തൃശര്‍മ്മന്‍ നമ്പൂതിരിയെ നമ്പൂതിരി സമുദായത്തില്‍ നിന്നും വിലക്കുക പോലുമുണ്ടായി. അന്ന് അതിനെ അംഗീകരിക്കാന്‍ നമ്പൂതിരി സമുദായം തയ്യാറായിരുന്നില്ലെന്നും ആര്‍ വി ബാബു ഓര്‍മ്മിപ്പിക്കുന്നു. സിപിഎം ഉയര്‍ത്തിപ്പിടിക്കുന്നത് ഈ നിയമനം നല്‍കിയത് മാത്രമാണ്. എന്നാല്‍ ഈ നിയമനം ലഭിക്കുന്നതിനുള്ള സാഹചര്യം ഉണ്ടായതിന് ഹിന്ദു ഐക്യ വേദിയും സംഘപരിവാറും ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ആ പ്രവര്‍ത്തനങ്ങളുടെ ഫലമായുള്ള സാമൂഹികമായ മാറ്റമാണ് ഇവിടെ നടന്നിരിക്കുന്നത്. കേരളത്തില്‍ എല്ലാക്കാലത്തും നവോത്ഥാന മുന്നേറ്റങ്ങള്‍ക്കെതിരെ ശക്തമായ എതിര്‍പ്പുകളും ഉണ്ടായിട്ടുണ്ട്. ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും ഇത്തരത്തിലുള്ള എതിര്‍പ്പുകള്‍ നേരിട്ടാണ് ഈ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നത്. അവര്‍ നേരിട്ട എതിര്‍പ്പുകള്‍ അതിശക്തമായിരുന്നെന്നും എന്നാല്‍ ഇന്ന് ഉയരുന്ന എതിര്‍പ്പുകള്‍ വളരെ ദുര്‍ബലമാണെന്നും ആര്‍ വി ബാബു ചൂണ്ടിക്കാട്ടുന്നു. അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ഉള്‍പ്പെടെയുള്ള നമ്പൂതിരി സമുദായത്തിലെ പ്രമുഖര്‍ ദലിതരുടെ നിയമനത്തെ പിന്തുണയ്ക്കുന്നവരാണ്. സവര്‍ണ, അവര്‍ണ വിദ്വേഷം ജനിപ്പിച്ച് ജാതി സ്പര്‍ദ്ധയുണ്ടാക്കാനും ഹിന്ദുക്കളെ തമ്മിലടിപ്പിക്കാനുമാണ് സിപിഎമ്മും ദേശാഭിമാനിയും ശ്രമിക്കുന്നതെന്നും ആര്‍ വി ബാബു ആരോപിക്കുന്നു. ദലിതന് ശ്രീകോവിലില്‍ കയറി പൂജ ചെയ്യാമെന്ന മാറ്റം പിന്നോക്ക ജനവിഭാഗങ്ങള്‍ക്കിടെയിലുണ്ടാക്കുന്ന ആത്മവിശ്വാസമുണ്ട്. അതായത് ഞങ്ങളും ഹിന്ദുസമുദായത്തിലെ അവിഭാജ്യഘടകമാണെന്ന ആത്മവിശ്വാസം. ആ ആത്മവിശ്വാസത്തെ തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ബാബു പറയുന്നു.

നാരായണ ഗുരുവും അയ്യങ്കാളിയുമെല്ലാം ഈ സാമൂഹിക മാറ്റങ്ങള്‍ക്കായാണ് പ്രവര്‍ത്തിച്ചത്. ശ്രീമൂലം പ്രജാസഭയില്‍ മതംമാറ്റത്തിനെതിരായ ആദ്യത്തെ പ്രമേയം അയ്യങ്കാളിയുടേതാണെന്നും ആര്‍ വി ബാബു ചൂണ്ടിക്കാട്ടുന്നു. ഇത്തരം ചരിത്രങ്ങളെ മറന്ന് മതസ്പര്‍ദ്ധ വളര്‍ത്താനും ഹിന്ദുക്കളെ തമ്മിലടിപ്പിക്കാനുമാണ് സിപിഎം യഥാര്‍ത്ഥത്തില്‍ ശ്രമിക്കുന്നത്. സമൂഹമാണ് ഈ മാറ്റത്തിന് ആദ്യം തയ്യാറാകേണ്ടത്. പല മാറ്റങ്ങളെയും അംഗീകരിക്കാന്‍ ഇവിടുത്തെ സമൂഹം തയ്യാറാകുന്നില്ല. താന്‍ സന്ദര്‍ശിച്ച ഒരു പ്രമുഖ പട്ടികജാതി കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീ തങ്ങള്‍ പോകുന്ന ക്ഷേത്രത്തില്‍ നമ്പൂതിരി അല്ലാത്തവര്‍ പൂജ ചെയ്യുന്നത് അംഗീകരിക്കില്ലെന്ന് പറഞ്ഞതാണ് ഇതിന് ഉദാഹരണമായി ബാബു ചൂണ്ടിക്കാട്ടുന്നത്. ക്ഷേത്രപ്രവേശന വിളംബരത്തിന് പത്ത് വര്‍ഷത്തിന് ശേഷമാണ് ദലിതര്‍ ക്ഷേത്രത്തില്‍ പോകാന്‍ തയ്യാറായത്. അതും വലിച്ചിഴച്ചാണ് പലരെയും കൊണ്ടുപോകേണ്ടി വന്നത്. ദൈവകോപമുണ്ടാകുമെന്നാണ് അതിന് അവര്‍ കാരണമായി പറഞ്ഞത്. ദൈവകോപം നിയമം കൊണ്ട് മാറുമോയെന്നാണ് അവരുടെ ചോദ്യം. നിയമം കൊണ്ടല്ല സാമൂഹിക മാറ്റങ്ങള്‍ ഉണ്ടാക്കേണ്ടത് മനസില്‍ നിന്നാണ് ആ മാറ്റങ്ങള്‍ ഉണ്ടാകേണ്ടത്. ആളുകളെ തമ്മിലടിപ്പിച്ചുകൊണ്ടുമല്ല ഈ മാറ്റങ്ങള്‍ സാധ്യമാക്കേണ്ടത്. ദലിത് നിയമനത്തിനെതിരെ ഉയരുന്ന എതിര്‍പ്പുകളെ ഹിന്ദു ഐക്യ വേദി അവഗണിക്കുകയാണെന്നും ബാബു വ്യക്തമാക്കി. അതേസമയം ശാന്തിക്ഷേമ യൂണിയന്‍ ഈ നിയമനങ്ങള്‍ക്കെതിരെ ശക്തമായി രംഗത്ത് വന്നാല്‍ ഹിന്ദു ഐക്യ വേദി അതിനെതിരെ ശക്തമായി തന്നെ രംഗത്തുണ്ടാകുമെന്നും ബാബു വ്യക്തമാക്കി. ശാന്തിക്ഷേമ യൂണിയന്‍ ആദ്യം ചെയ്യേണ്ടത് ശാന്തിക്കാരെ മര്യാദയ്ക്ക് മൂലമന്ത്രം പഠിപ്പിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ഗണപതിയുടെ ജന്മനക്ഷത്രമോ മൂലമന്ത്രമോ പോലും അറിയാത്തയാളെ ഇവിടെ ശബരിമല തന്ത്രിയായി നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ദലിത് പൂജാരിമാരില്‍ നിന്നും നിങ്ങള്‍ പുണ്യാഹം വാങ്ങുമോ? കാസര്‍കോടും ചെട്ടിക്കുളങ്ങരയും തുറന്നുകാട്ടുന്ന ‘നവകേരളം’

യദുവിന്റെ നിയമനത്തിനെതിരായ സമരത്തില്‍ നിന്നും യോഗക്ഷേമസഭ പിന്മാറണമെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇന്നലെ ആവശ്യപ്പെട്ടിരുന്നു. വിടി ഭട്ടതിരിപ്പാട്, ഇഎംഎസ് എന്നിവര്‍ നയിച്ച ഉജ്ജ്വലമായ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് യോഗക്ഷേമ സഭ. പുരോഗമന ആശയങ്ങള്‍ക്കൊപ്പം യാത്ര ചെയ്ത ചരിത്ര ചെയ്ത ചരിത്രമുള്ള പ്രസ്ഥാനം ഇത്തരമൊരു നിലപാടെടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറയുന്നു. ദലിതരെ ശാന്തിക്കാരായി നിയമിച്ച സംഭവം രാജ്യത്താകമാനം സ്വാഗതം ചെയ്യപ്പെട്ടതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു. യോഗക്ഷേമസഭ മാത്രമാണ് ഇതിനെതിരെ നിലപാടെടുത്തതെന്നും അദ്ദേഹം ആരോപിക്കുന്നു. അപേക്ഷ അയയ്ക്കാന്‍ പോലും ബ്രാഹ്മണര്‍ ഇല്ലായിരുന്നുവെന്നും അവര്‍ മറ്റ് ജോലികള്‍ തേടിപ്പോകുകയാണെന്നും കടകംപള്ളി പറയുന്നു.

അതേസമയം മന്ത്രി വസ്തുതകള്‍ മനസിലാക്കാതെയാണ് സംസാരിക്കുന്നതെന്ന് യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് വൈക്കം പിഎന്‍ നമ്പൂതിരി പറഞ്ഞു. ഈ സമരവുമായി യോഗക്ഷേമസഭയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും സമരത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ശാന്തിക്ഷേമ യൂണിയന്റേത് ഒരു ട്രേഡ് യൂണിയന്റെ നിലപാട് മാത്രമാണ്. യോഗക്ഷേമസഭയില്‍ അംഗമായ കുറെപ്പേര്‍ ശാന്തിക്ഷേമ യൂണിയനിലും ഉണ്ടാകും. എന്നാല്‍ യോഗക്ഷേമ സഭ ശാന്തിക്ഷേമ യൂണിയനൊപ്പമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ അബ്രാഹ്മണരായ പൂജാരികള്‍ നേരത്തെയുമുണ്ടായിട്ടുണ്ട്. അന്നൊന്നും യോഗക്ഷേമസഭ ഇതിനെതിരെ നിലപാടെടുത്തിട്ടില്ല. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അബ്രാഹ്മണ പൂജാരി പന്ത്രണ്ട് കൊല്ലമായി ഈ ജോലി ചെയ്യുന്നു. ഇത്രയും കാലമില്ലാതിരുന്ന ഒരു എതിര്‍പ്പും യോഗക്ഷേമസഭയ്ക്ക് പുതിയതായി ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരൊരാളുണ്ട് ഈ ‘മിനി കോര്‍പ്പറേറ്റി’നെ പിടിച്ചുകെട്ടാന്‍? തിരുവല്ലയിലെ ജാതിപ്പുഴുക്കള്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍