UPDATES

ട്രെന്‍ഡിങ്ങ്

ദലിത് പൂജാരിമാരില്‍ നിന്നും നിങ്ങള്‍ പുണ്യാഹം വാങ്ങുമോ? കാസര്‍കോടും ചെട്ടിക്കുളങ്ങരയും തുറന്നുകാട്ടുന്ന ‘നവകേരളം’

ആദിവാസിയുടെ വീട്ടില്‍ നിന്നും പച്ചവെള്ളം പോലും കുടിക്കാന്‍ തയ്യാറാകാത്ത മേല്‍ജാതിക്കാരന് അവിടെ തൊഴിലെടുക്കാനും അതിന്റെ കൂലി വാങ്ങാനും യാതൊരു പ്രശ്‌നവുമില്ല.

ക്ഷേത്രങ്ങളിലെ ബ്രാഹ്മണാധിപത്യം അവസാനിപ്പിക്കാറായെന്ന് വ്യക്തമാക്കി 36 അബ്രാഹ്മണരായ പൂജാരിമാരെ ദേവസ്വം ബോര്‍ഡ് കഴിഞ്ഞദിവസം ശാന്തിക്കാരായി നിയമിച്ചു. ചരിത്രപരമെന്നും ആധുനിക കാലത്തെ ക്ഷേത്രപ്രവേശന വിളംബരമെന്നുമെല്ലാം വിശേഷിപ്പിക്കപ്പെടുകയാണ് ഈ തീരുമാനം. ഒരു വശത്ത് അബ്രാഹ്മണരായ പൂജാരിമാര്‍ക്കെതിരെ ജാതിവിരോധം തീര്‍ക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നതിനിടെയാണ് ഈ തീരുമാനമെന്നതും ശ്രദ്ധേയമാണ്. പിഎസ് സി മാതൃകയില്‍ നടന്ന എഴുത്തു പരീക്ഷയില്‍ നിന്നും അഭിമുഖത്തില്‍ നിന്നുമാണ് 36 പൂജാരിമാരെ നിയമിക്കുന്നത്. 62 ശാന്തിക്കാരുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ അതില്‍ 32 പേരും പിന്നാക്ക വിഭാഗക്കാരായിരുന്നു. ഇതില്‍ ആറ് പേര്‍ ദലിതരാണെന്നത് കൂടി മനസിലാക്കുമ്പോള്‍ കേരളത്തിന്റെ ജാതിവ്യവസ്ഥയ്‌ക്കെതിരായ പുരോഗമന ചിന്ത ഉയര്‍ത്തിക്കാട്ടുകയാണ് ഒരുവിഭാഗം.

അതേസമയം ഇന്ന് അഴിമുഖം പുറത്തുവിട്ട ഒരു വാര്‍ത്തയെ ഈ വാര്‍ത്തയുമായി കൂട്ടിവായിക്കുമ്പോള്‍ ഒരു വിഭാഗം ജാതിയുടെ ജീര്‍ണിച്ച ചിന്തകളില്‍ നിന്നും ഒരുകാലത്തും പുറത്തുവരില്ലെന്ന് വ്യക്തമാകും. കാസര്‍കോട് കോളേജ് അധ്യാപികയായ ബിജിതയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നാണ് ഈ വാര്‍ത്ത പുറത്തുവന്നത്. ബിജിതയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം 29 പേര്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലിക്കെത്തിരിയിരുന്നു. ഇവര്‍ക്കായി വൈകിട്ട് ചായയും പലഹാരവും തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇതില്‍ എട്ട് പേര്‍ ഈ ആദിവാസി കുടുംബത്തില്‍ നിന്നും ചായയോ പച്ചവെള്ളമോ കുടിക്കാന്‍ തയ്യാറായില്ല. ബേക്കറിയില്‍ നിന്നും വാങ്ങിയ കേക്ക് മാത്രമാണ് ഇവര്‍ കഴിച്ചത്. ‘ഇന്ന് ചായ കുടിക്കാതെ ബേക്കറി കേക്ക് മാത്രം നിന്നവരോട്.. നാളെ ചായയ്ക്ക് പലഹാരം ഇലയടയാണ്’ എന്നാണ് ബിജിത തന്റെ പോസ്റ്റിലൂടെ പറയുന്നത്. കീഴ്‌സമുദായക്കാരാണെന്ന പേരില്‍ ഒരു കുടുംബത്തിലെ കിണറിനും അടുപ്പില്‍ തിളപ്പിച്ച ചായയ്ക്കും വരെ അയിത്തം കല്‍പ്പിച്ച ഒരു വിഭാഗത്തിന് നല്‍കാവുന്ന ഏറ്റവും നല്ല സന്ദേശമാണ് നാളെ ചായയ്ക്ക് പലഹാരം ഇലയടയാണെന്നത്. അടുത്തകാലത്ത് ജാതിയതയ്‌ക്കെതിരെ കേട്ട ഏറ്റവും ശക്തമായ പ്രസ്താവനയുമാണ് ഇത്.

Also Read: ജാതി ‘തീട്ടങ്ങളോ’ട് ഒരു കാര്യം കൂടി, ‘ഇന്ന് ചായ കുടിക്കാതെ ബേക്കറി കേക്ക് മാത്രം തിന്നവരോട്…. നാളെ ചായക്ക് പലഹാരം ഇലയട ആണ്’

കേരള സമൂഹത്തിന് മുന്നിലേക്ക് 36 അബ്രാഹ്മണരായ പൂജാരിമാര്‍ പ്രസാദവുമായി വരാനിരിക്കുകയാണ്. ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ അബ്രാഹ്മണനായ പൂജാരിയ്ക്ക് അയിത്തം കല്‍പ്പിച്ചതിന്റെ വാര്‍ത്ത അടുത്തകാലത്താണ് പുറത്തുവന്നത്. പൂജാവിധികള്‍ പഠിച്ച് ക്ഷേത്രത്തില്‍ കീഴ്ശാന്തിയായി നിയമനം ലഭിച്ച ഈഴവ യുവാവിനെ ഇവിടുത്തെ ബ്രാഹ്മണ, നായര്‍ മേധാവിത്വം ഓടിക്കുകയായിരുന്നു. ‘നല്ല നായന്മാരും നമ്പൂതിരിമാരുമൊക്കെ താമസിക്കുന്ന സ്ഥലത്ത് വെറുതെയൊരു ചോകോനെ പിടിച്ച് ശാന്തിക്കാരനായി വയ്ക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല’ എന്നാണ് ചെറുപ്പക്കാരായ നാട്ടുകാര്‍ പോലും അന്ന് പറഞ്ഞത്. സുധീര്‍ കുമാര്‍ എന്ന യുവാവിന്റെ നിയമനവുമായി മുന്നോട്ട് പോയാല്‍ ക്ഷേത്രം കലാപഭൂമിയാകുമെന്നാണ് ഹിന്ദുമത കണ്‍വെന്‍ഷന്‍ അംഗങ്ങള്‍ അന്ന് പറഞ്ഞത്. അബ്രാഹ്മണനെ ശാന്തിക്കാരനായി നിയമിച്ചാല്‍ ശക്തമായ ദേവീകോപം നേരിടേണ്ടി വരുമെന്നാണ് ക്ഷേത്രം തന്ത്രിയുടെ മുന്നറിയിപ്പ്. ഇതിന് പിന്നാലെ ശബരിമല മേല്‍ശാന്തി പദവിയിലേക്ക് അപേക്ഷിച്ച അബ്രാഹ്മണരെ ഒഴിവാക്കി ബ്രാഹ്മണരെ മാത്രം ഇന്റര്‍വ്യൂവിന് വിളിച്ച നടപടിയും നാം കണ്ടു.

ഇതേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ഇപ്പോള്‍ ദലിതര്‍ ഉള്‍പ്പെടെയുള്ളവരെ പൂജാരിമാരായി നിയമിച്ചിരിക്കുന്നത്. ഇതില്‍ യദുകൃഷ്ണ എന്ന ദലിത് യുവാവ് നാളെ തിരുവല്ല മണപ്പുറം മഹാദേവ ക്ഷേത്രത്തിലെ പൂജാരിയായി ചുമതലയേല്‍ക്കുകയാണ്. ക്ഷേത്രാചാര പ്രകാരമുള്ള തന്ത്രവിധികള്‍ പഠിക്കുകയും പിഎസ് സി പരീക്ഷയും അഭിമുഖവും പാസാകുകയും ചെയ്താണ് യദുകൃഷ്ണ ഉള്‍പ്പെടെയുള്ളവര്‍ നിയമനം നേടിയിരിക്കുന്നത്. ഹിന്ദു ഐക്യവേദിയുടെ പിന്തുണ യദുവിനുണ്ടെന്നതിനാല്‍ തന്നെ ഇയാള്‍ക്ക് കാര്യമായ എതിര്‍പ്പുകളുണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം. ഏതായാലും വരുംദിവസങ്ങളില്‍ അബ്രാഹ്മണരായ പൂജാരിമാരായിരിക്കും ഭക്തരായ ഹിന്ദുക്കളുടെ ചര്‍ച്ച. ആദിവാസികളുടെ വീട്ടില്‍ നിന്നും പച്ചവെള്ളം പോലും കുടിക്കാന്‍ മടിക്കുന്ന ഈ സമൂഹം ഇവരെ എങ്ങനെയാകും സ്വീകരിക്കുകയെന്നാണ് അറിയേണ്ടത്. ദലിതന്‍ പൂജ നടത്തിയ ശ്രീകോവിലിനെ നോക്കി പ്രാര്‍ത്ഥിക്കാന്‍ ഇവിടുത്തെ സവര്‍ണന്‍ തയ്യാറാകുമോ? ദലിതനില്‍ നിന്നും പ്രസാദം സ്വീകരിക്കുമോ? തീര്‍ത്ഥജലം വാങ്ങി കുടിക്കുകയും തലയില്‍ തേക്കുകയും ചെയ്യുമോ? പുണ്യാഹം വാങ്ങുമോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഉയരുന്നത്.

കേരളം നവോത്ഥാനത്തില്‍ പിന്നോട്ടോണ് ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നതെന്ന് പറയുമ്പോഴും ദേവസ്വം ബോര്‍ഡിന്റെ ഇതുപോലുള്ള തീരുമാനങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ ബ്രാഹ്മണാധിപത്യത്തെ മാത്രം അംഗീകരിക്കുന്ന ഇവിടുത്തെ ഹിന്ദു സമൂഹത്തിന് ഇതൊരിക്കലും അംഗീകരിക്കാനാകില്ലെന്ന് കാലം തെളിയിച്ചതാണ്. ആദിവാസിയുടെ വീട്ടില്‍ നിന്നും പച്ചവെള്ളം പോലും കുടിക്കാന്‍ തയ്യാറാകാത്ത മേല്‍ജാതിക്കാരന് അവിടെ തൊഴിലെടുക്കാനും അതിന്റെ കൂലി വാങ്ങാനും യാതൊരു പ്രശ്‌നവുമില്ല. കാരണം അത് ഉപജീവനത്തിന്റെ പ്രശ്‌നമാണല്ലോ?

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍