UPDATES

ബീഫ് രാഷ്ട്രീയം

ഹിന്ദുത്വം നിര്‍മിക്കുന്ന ഹിന്ദു-മുസ്ലീം അജണ്ടയ്ക്ക് പുറത്താണ് കാര്യങ്ങള്‍- സണ്ണി എം കപിക്കാടിന്റെ മറുപടി

ഇന്ത്യയിലെ ദളിതര്‍ ആക്രമിക്കപ്പെടുമ്പോള്‍, മുസ്ലീങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ അവരുടെ പക്ഷം ചേരുക എന്നത് ജനാധിപത്യ പൗരബോധമുള്ള ആരും ചെയ്യുന്ന ഒരു കാര്യമാണ്.

[കന്നുകാലികളെ കശാപ്പിനായി വിപണനം ചെയ്യാന്‍ പാടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിയമം വന്‍ വിവാദമായി മാറിയിരിക്കുകയാണ്. കേന്ദ്ര ഉത്തരവിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ കേരളമാണ് മുഖ്യസ്ഥാനത്ത്. ഇടതുപക്ഷ സംഘടനകളും കോണ്‍ഗ്രസിന്റെ യുവജന വിഭാഗവും കഴിഞ്ഞ ദിവസം പരസ്യ പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു. മനുഷ്യന്‍ കഴിക്കുന്ന ഭക്ഷണവും മറ്റൊരാള്‍ തീരുമാനിക്കുന്നത് ഫാസിസമാണെന്ന് ചൂണ്ടിക്കാട്ടി ഇതിനെതിരെ ബീഫ് ഫെസ്റ്റും കേരളത്തില്‍ നടന്നു. എന്നാല്‍ വിഷയം തീന്‍മേശയില്‍ ഒതുക്കേണ്ടതല്ലെന്നും അങ്ങനെ തോന്നുന്നത് കൊണ്ടാണ് ബീഫ് ഫെസ്റ്റ് പോലുള്ളവ നടത്തുന്നതെന്നും അതിന്റെ കാരണം ബ്രാഹ്മണിസത്തിനെതിരേ നില്‍ക്കാനുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭയമാണെന്നും ആയിരുന്നു പ്രമുഖ ദളിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാട് പ്രതികരിച്ചത്. കപിക്കാടിന്റെ ഇതൊരു തീന്‍മേശ പ്രശ്നമല്ല, ബ്രാഹ്മണിസത്തിനെതിരേ നില്‍ക്കാനുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭയമാണ് അങ്ങനെയാക്കുന്നത്എന്ന അഴിമുഖത്തിലെ ലേഖനത്തോട് പ്രതികരിച്ചു കൊണ്ട്  എഴുത്തുകാരിയും ഭാഷാശാസ്ത്ര വിദഗ്ദ്ധയുമായ മായ ലീലയും (ഇതൊരു തീന്മേശ പ്രശ്നം കൂടിയാണ്; സണ്ണി എം കപീക്കാടിന് ഒരു മറുപടിദളിത്‌ എഴുത്തുകാരനും സംഗീതജ്ഞനുമായ അജിത്‌ കുമാര്‍ എ.എസും (ഗോരാഷ്ട്രീയം ദളിതര്‍ക്കും മുസ്ലീങ്ങള്‍ക്കും എതിര്; സണ്ണി എം കപീക്കാടിന് അജിത് കുമാര്‍ എ.എസിന്റെ മറുപടിപ്രതികരിച്ചിരുന്നു. ഇതിനോടുള്ള സണ്ണി എം. കപിക്കാടിന്റെ മറുപടി. 

അഴിമുഖത്തില്‍ വന്ന ലേഖനത്തോട് പലരും പ്രതികരിച്ച സാഹചര്യത്തില്‍ ഞാന്‍ പറഞ്ഞ ചില കാര്യങ്ങളില്‍ വിശദീകരണം ആവശ്യമാണ്. അതിലൊന്ന് ബ്രാഹ്മണ്യത്തിന്റെ അടിസ്ഥാന സ്വഭാവം ഹിന്ദുമതത്തിനകത്തുണ്ടെന്ന് വിചാരിക്കുന്നവര്‍ക്കെതിരെ നടത്തുന്ന യുദ്ധ പ്രഖ്യാപനം കൂടിയാണെന്ന് പറയുന്ന ഭാഗമാണ്. മറ്റു മതസ്ഥരോടല്ല എന്ന വാക്യമുണ്ടതില്‍. ഞാനതുവഴി സൂചിപ്പിക്കാനുദ്ദേശിക്കുന്ന ഒരു കാര്യം, ലോകത്തിലെ ഇതര മതങ്ങളില്‍ നിന്നും ഹിന്ദുമതമെന്ന് വിളിക്കുന്ന സംവിധാനം അടിസ്ഥാനപരമായി അതിനകത്ത് തന്നെയുള്ള കീഴാളജനവിഭാഗങ്ങള്‍ക്കെതിരെയുള്ള യുദ്ധപ്രഖ്യാപനം കൂടിയാണ് എന്നാണ്. അതാണ് ഹിന്ദുത്വത്തെ മറ്റുള്ള മതങ്ങളില്‍ നിന്നുപോലും ഭിന്നമാക്കുന്ന അടിസ്ഥാനപരമായ ലക്ഷണം. ഇതിന്റെ അര്‍ഥം, അന്യമതങ്ങളോട് ഇത് വൈരുദ്ധ്യപ്പെടുന്നില്ലെന്നോ അവരുമായി യുദ്ധത്തിലേര്‍പ്പെടുന്നില്ലെന്നോ എന്ന ആശയമയേ അല്ല. മറിച്ച് മറ്റുള്ള മതങ്ങളുമായി അത് നിരന്തരം കലഹിക്കുന്നുണ്ട്. പക്ഷെ ഇന്ത്യയില്‍ ഹിന്ദുത്വം കേവലമായ ഒരു മുസ്ലിം വിരുദ്ധത മാത്രമാണ് എന്ന് നമ്മള്‍ തിരുത്തിയെഴുതിയാല്‍ ബ്രാഹ്മണിസത്തിന്റെ അടിസ്ഥാന സ്വഭാവം നമുക്ക് മനസ്സിലാവാതെ വരുമെന്നാണ് ഞാന്‍ പറയാന്‍ ശ്രമിക്കുന്ന കാര്യം.

അതുകൊണ്ട് ഇന്ത്യയിലെ ഹിന്ദുത്വത്തിനെതിരായ മൂവ്‌മെന്റുകള്‍ അടിസ്ഥാനപരമായി ദളിതര്‍, ആദിവാസികള്‍, പിന്നോക്ക ജനവിഭാഗങ്ങള്‍, ഇപ്പോള്‍ ഹിന്ദുത്വം കയ്യടക്കിക്കൊണ്ടിരിക്കുന്ന ഈ ജനപഥങ്ങളെ തിരിച്ചുപിടിക്കുന്നതിലൂടെ മാത്രമേ ഹിന്ദുത്വത്തെ ഇന്ത്യയ്ക്കകത്ത് ദുര്‍ബലപ്പെടുത്താനാവൂ. മാത്രവുമല്ല ഹിന്ദുക്കളെ ഐക്യപ്പെടുത്താനുള്ള പ്രധാന ഉപാധി പുറത്തൊരു ശത്രുവിനെ നിര്‍മ്മിക്കുക എന്നതാണെന്ന് ആര്‍എസ്എസ് രൂപീകരണ സമയത്ത് തന്നെ വീര്‍ സവാര്‍ക്കര്‍ തിരിച്ചറിഞ്ഞതും അത് വളരെ സമര്‍ഥമായി പ്രയോഗിക്കുന്നതുമാണ്.

ഇന്ത്യയിലെ മുസ്ലീങ്ങളെ അപരവത്കരിക്കുകയും അവര്‍ക്കെതിരെയുള്ള വ്യാപകമായ നുണ പ്രചാരണങ്ങളിലൂടെ ദേശവിരുദ്ധരായി ചിത്രീകരിക്കുകയും ചെയ്ത് നിരന്തരമായി നടത്തുന്ന അതിക്രമങ്ങളെ കാണാതിരിക്കുകയല്ല. പക്ഷെ ഇതിനെ കേവലം ഹിന്ദു-മുസ്ലിം തര്‍ക്കമായി നമ്മള്‍ മനസ്സിലാക്കിയാല്‍ ഇതെവിടെയും എത്താന്‍ പോവുന്നില്ല. ഹിന്ദുത്വത്തെ പരാജയപ്പെടുത്താന്‍ കഴിയാതെ വരും. മാത്രവുമല്ല, ഇത് കേവലം മുസ്ലിം വിരുദ്ധതയുടെ മാത്രം പ്രശ്‌നമാണെന്ന് പറഞ്ഞാല്‍ അത് ഫലത്തില്‍ ഹിന്ദുത്വ ശക്തികളെ സഹായിക്കുന്ന നിലപാടുമായിരിക്കും. അന്യമതസ്ഥരോടല്ല, എന്ന ഒറ്റ വാചകം എടുത്ത് അതിനെ വിമര്‍ശിക്കുന്നവര്‍ മനസ്സിലാക്കേണ്ട കാര്യം, അതേ ലേഖനത്തില്‍ തന്നെ മുസ്ലിങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് പറയുക മാത്രമല്ല ഇന്ത്യയില്‍ രൂപപ്പെട്ട് വരുന്ന പുതിയ മൂവ്‌മെന്റുകള്‍ ദളിത്-മുസ്ലിം ഐക്യത്തെക്കുറിച്ച് സാര്‍ഥകമായി പറയുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.

ബ്രാഹ്മണിസത്തിന്റെ അടിസ്ഥാന സ്വഭാവം അന്യമതസ്ഥരോട് യുദ്ധം ചെയ്യുന്നത് പോലെ തന്നെ പ്രധാനമാണ് സ്വന്തം മതത്തിലുണ്ടെന്ന് അവര്‍ വിചാരിക്കുന്നവരോടുള്ള യുദ്ധവും എന്നാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്. ഇത് മറ്റൊരു മതത്തിനുമില്ലാത്ത സവിശേഷതയാണ്. ലോകത്തിലെ എല്ലാ മതങ്ങളും അന്യമതസ്ഥരുമായി കലഹിക്കാറുണ്ടെങ്കിലും സ്വന്തം മതത്തിലുണ്ടെന്ന് വിചാരിക്കുന്നവരെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന ഒരു മതം ഹിന്ദുയിസമാണ്.

വിശദീകരിക്കപ്പെടേണ്ട മറ്റൊരു സംഗതി ഞാന്‍ ആ ലേഖനത്തില്‍ പറഞ്ഞിരുന്ന ഹിന്ദുത്വത്തിനെതിരെ രൂപപ്പെട്ട് വന്ന പ്രധാനപ്പെട്ട രണ്ട് മൂവ്‌മെന്റുകള്‍ ദളിതരുടെ നേതൃത്വത്തിലാണ്, മറ്റൊരു പ്രസ്ഥാനത്തേയും നമ്മള്‍ കാണുന്നില്ല എന്നത് ഗൗരവമായി എടുക്കണം എന്നതാണ്. മറ്റൊരു എന്ന് പറയുന്നത് ദുരൂഹമാണെന്ന തരത്തിലാണ് വിമര്‍ശനങ്ങള്‍. ഒരു ദുരൂഹതയും അതിലില്ല, ഇന്ത്യയില്‍ ഒട്ടനവധി ജനാധിപത്യ പ്രസ്ഥാനങ്ങളുണ്ട്. സാമൂഹിക പ്രസ്ഥാനങ്ങളുണ്ട്. ഇവയ്‌ക്കൊന്നും തന്നെ എന്തുകൊണ്ടാണ് ഹിന്ദുത്വത്തിനെതിരെ ജൈവികമായ ഒരു പ്രതിരോധ പ്രസ്ഥാനങ്ങളായി വളരാന്‍ പറ്റാത്തത്. നമുക്ക് പരിശോധിക്കാം. അതെല്ലാം ഒരുപക്ഷേ സവര്‍ണ പൊതുബോധത്തിന്റെ ഭാഗമായതുകൊണ്ടാണെന്ന് നമുക്ക് വാദിക്കാം. മുസ്ലിം പ്രാതിനിധ്യമുള്ള പാര്‍ട്ടികളുണ്ട്, പ്രസ്ഥാനങ്ങളുണ്ട്. പക്ഷെ എന്തുകൊണ്ടാണ് അങ്ങനെയൊരു മൂവ്‌മെന്റ് രൂപപ്പെടാതെ വന്നത്.

മറിച്ച് ഇന്ത്യയ്ക്കകത്ത് മൂന്ന് വര്‍ഷത്തിനിടെ സാര്‍ഥകമായ ചെറുത്തുനില്‍പ്പുകള്‍ ആകെക്കൂടി നടന്നത്, ഒന്ന് രോഹിത് വെമൂലയുടെ ആത്മഹത്യയ്ക്ക് ശേഷം നടന്ന അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ നടത്തിയ രാജ്യവ്യാപകമായ ഒരു മൂവ്‌മെന്റ് ആയിരുന്നു. രണ്ടാമത് ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ നടന്ന മൂവ്‌മെന്റാണ്. മൂന്നാമത്, ഇപ്പോള്‍ ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭീം ആര്‍മിയുടെ മൂവ്‌മെന്റാണ്.ഇത് സൂചിപ്പിക്കുന്നത്, ചരിത്രപരമായി ഹിന്ദുത്വത്തോട് മുഖാമുഖം നില്‍ക്കുന്ന ഒരു സോഷ്യല്‍ ഏജന്‍സിയായി ദളിതര്‍ മാറ്റപ്പെട്ടിട്ടുണ്ട് എന്നതാണ്. അതുകൊണ്ട് ഇന്ത്യന്‍ ജനാധിപത്യവാദികള്‍ യഥാര്‍ഥത്തില്‍ ചെയ്യേണ്ടത് ഈ മൂവ്‌മെന്റുകളോടൊപ്പം നില്‍ക്കുക എന്നതാണ്. ബാക്കിയുള്ള പ്രദേശത്ത് നിന്ന് എന്തുകൊണ്ടാണ് ഒരു പ്രതിരോധ മുന്നേറ്റം ഉണ്ടാവാത്തത് എന്നത് നമ്മള്‍ പരിശോധിക്കാതിരിക്കരുത് എന്നതാണ് എന്റെ താത്പര്യം. അത് പരിശോധിക്കപ്പെടേണ്ടതാണ്. ഇത് ആരെയെങ്കിലും കുറ്റപ്പെടുത്തുന്നതിന്റെ പ്രശ്‌നമല്ല. അത് പരിശോധിക്കാനുള്ള ഒരു സത്യസന്ധത നമുക്ക് ഉണ്ടാവേണ്ടതുണ്ട്.

മൂന്നാമത്തെ കാര്യം, ഹിന്ദുത്വം എന്നു പറയുന്ന ഇന്നത്തെ ആക്രമോത്സുകമായ രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ അടിസ്ഥാനപരമായി ദളിത് – മുസ്ലിം ഐക്യത്തെക്കുറിച്ച് മാത്രമല്ല, ദളിതര്‍, ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, മുസ്ലീങ്ങള്‍ എല്ലാവരുമടങ്ങുന്ന വിശാലമായ ജനാധിപത്യ ഐക്യത്തെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കേണ്ടത്. കേവലമായ ഒരു മത ലഹളയുടെ രൂപത്തില്‍ ഇത് വായിച്ചെടുക്കാന്‍, അറിഞ്ഞോ അറിയാതെയോ ഒരു ഹിന്ദു-മുസ്ലിം ലഹളയുടെ രൂപത്തില്‍ വായിച്ചെടുക്കാനുള്ള പ്രവണത യഥാര്‍ഥത്തില്‍ ഹിന്ദുത്വത്തെ സഹായിക്കുന്ന നിലപാടാണ് എന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ട് ദളിത്, പിന്നോക്ക ജനവിഭാഗങ്ങളും ആദിവാസികളും മുസ്ലീങ്ങളുമടങ്ങുന്ന വിശാലമായ ജനാധിപത്യ സഖ്യത്തെക്കുറിച്ച് തന്നെയാണ് നമ്മള്‍ പറയേണ്ടത്. അത് കേവലമായ ഒരു മനുഷ്യാവകാശ പ്രശ്‌നത്തിനപ്പുറം കൊണ്ടുപോവാന്‍ നമുക്ക് പറ്റേണ്ടതുണ്ടെന്നാണ് എന്റെ വാദം.

ഇന്ത്യയിലെ ദളിതര്‍ ആക്രമിക്കപ്പെടുമ്പോള്‍, മുസ്ലീങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ അവരുടെ പക്ഷം ചേരുക എന്നത് ജനാധിപത്യ പൗരബോധമുള്ള ആരും ചെയ്യുന്ന ഒരു കാര്യമാണ്. മനുഷ്യാവകാശത്തിന്റെ മണ്ഡലത്തിലാണ് അത് നില്‍ക്കുന്നത്. എന്നാല്‍ രാഷ്ട്രീയ സംഘര്‍ഷം എന്ന് പറയുന്നത് കേവലമായ മനുഷ്യാവകാശ പ്രശ്‌നമല്ല. അത് രാഷ്ട്രമെങ്ങനെ മുന്നോട്ട് പോവണം, ഒരു രാഷ്ട്രത്തെ എങ്ങനെ നിര്‍മ്മിക്കണം എന്നുള്ള ചിന്തകള്‍ കൂടിയാണ്. അതുകൊണ്ട് തന്നെ ഈ ജനവിഭാഗങ്ങള്‍ തമ്മില്‍ വിശാലമായ രാഷ്ട്രീയ സഖ്യം രൂപം കൊള്ളേണ്ടതുണ്ട് എന്ന ബോധ്യത്തിലാണ് നമ്മള്‍ പുതിയ ജനാധിപത്യത്തെക്കുറിച്ച് പറയുന്നത്. ഇക്കാര്യത്തില്‍ ജനാധിപത്യത്തില്‍ ഡോ. ബി.ആര്‍ അംബേദ്കറിന്റെ സങ്കല്‍പ്പങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഞാന്‍ കാണുന്നു. അംബേദ്‌ക്കര്‍ പറഞ്ഞിട്ടുള്ള ഒരു കാര്യം, ഇന്ത്യയിലെ ദളിതര്‍ ഒരു സ്വതന്ത്ര പരമാധികാര സമുദായമെന്ന നിലയ്ക്കാണ് മറ്റുള്ള സമുദായങ്ങളുമായി ഐക്യപ്പെടേണ്ടതെന്നാണ്. ആ നിലപാട് കയ്യൊഴിഞ്ഞുകൊണ്ടുള്ള ഒരു കാര്യവും എന്റെ ചിന്താമണ്ഡലത്തില്‍ വരുന്നില്ല. ആക്രമിക്കപ്പെടുന്നു എന്നതു കൊണ്ട് മാത്രമല്ലല്ലോ ഐക്യപ്പെടേണ്ടത്, മറിച്ച് രാഷ്ട്രീയമായി ഐക്യപ്പെടണമെന്നാണ് എന്റെ ഒരു പക്ഷം.

കഴിഞ്ഞ കുറേയെറെ വര്‍ഷങ്ങളായി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അജണ്ട നിരന്തരമായി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത് സംഘപരിവാര്‍ ശക്തികളാണ്. ഇതിനെ മറികടന്ന് പോരുന്ന ഒരു യുക്തി നമുക്ക് ഉണ്ടാവണമെന്നതാണ് എന്റെ താത്പര്യം. അവര്‍ ഓരോ അജണ്ടയുണ്ടാക്കുന്നു. ഓരോ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. നമ്മള്‍ അതിന്റെ ചുറ്റുവട്ടത്തില്‍ കറങ്ങുന്നതിനപ്പുറം നമ്മുടെ പ്രശ്‌നത്തെ മുന്നോട്ട് വച്ചുകൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയ അജണ്ടയെ നിര്‍മ്മിക്കാന്‍ നമുക്ക് പറ്റുന്നില്ലെന്നത് വലിയ പ്രശ്‌നമാണ്. ജിഗ്നേഷ് മേവാനിയുടെ പ്രാധാന്യം അവിടെയാണ്. പശുവിനെ നിങ്ങള്‍ എടുത്തുകൊള്ളൂ, ഭൂമി ഞങ്ങള്‍ക്കു തരൂ എന്ന് പറയുമ്പോള്‍, ഹിന്ദുക്കള്‍ മുന്നോട്ട് വയ്ക്കുന്ന സാംസ്‌കാരിക ചിഹ്നങ്ങളുടെ മേല്‍ ഞങ്ങള്‍ക്ക് അവകാശവാദമില്ല എന്നാണ് അദ്ദേഹം പറയുന്നത്. അതിനപ്പുറം പോവുന്ന ഒരു രാഷ്ട്രീയം അദ്ദേഹം മുന്നോട്ട് വയ്ക്കാന്‍ ശ്രമിക്കുന്നു. അതെത്രത്തോളം മുന്നോട്ട് പോയി, മുന്നോട്ട് പോവും എന്നതൊക്കെ വേറെ കാര്യം. പക്ഷെ അതിനപ്പുറമുള്ള ഒരു രാഷ്ട്രീയം പറയേണ്ടതുണ്ടെന്നുള്ള ഒരു സൂചന ജിഗ്നേഷ് മുന്നോട്ട് വയ്ക്കുന്നുണ്ട്.

ചന്ദ്രശേഖര്‍ ആസാദും അവിടുത്തെ ദളിതരും ഞങ്ങള്‍ മുസ്ലീങ്ങളെ ആക്രമിക്കാന്‍ വരുന്നില്ലെന്ന സ്വതന്ത്രമായ നിലപാടെടുക്കുകയായിരുന്നു. ഇതാണ് യാഥാര്‍ഥത്തില്‍ പ്രതീക്ഷ. ഇന്ത്യയ്ക്ക് തരുന്ന പ്രതീക്ഷകള്‍ ഇത്തരം മുന്നേറ്റങ്ങളാണ്. അതുകൊണ്ട് അതിനെ വികസിപ്പിക്കാനും, അതിന്റെ കൂടെ നില്‍ക്കാനും, ഒരു വലിയ പ്രതിരോധ പ്രസ്ഥാനമാക്കി മാറ്റാനും കഴിയുന്ന തരത്തിലുള്ള ക്രിയാത്മകമായ ഇടപെടലുകളാണ് വേണ്ടത്. അല്ലാതെ ഹിന്ദുത്വം നിര്‍മ്മിക്കുന്ന അജണ്ടയുടെ പുറകെ നടന്ന് നമ്മള്‍ നമുക്ക് വേണ്ടി വാദിച്ചാലും ആത്യന്തികമായി സ്ഥാപിക്കപ്പെടുക ഹിന്ദുത്വം തന്നെയായിരിക്കും. മഹാഭാരതത്തിനകത്ത് വിപ്ലവം കണ്ടെത്തിയാലും മറ്റെന്ത് കണ്ടെത്തിയാലും, മഹാഭാരതം എന്ന വാക്ക് പോലും, ആ ടെക്‌സ്റ്റും അതുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളും ഹിന്ദുത്വത്തെ സഹായിക്കുന്ന ഒരന്തരീക്ഷമാണ് നിര്‍മ്മിക്കുന്നതെന്ന് നമ്മള്‍ മനസ്സിലാക്കണം.

(അഴിമുഖം പ്രതിനിധിയോട് സംസാരിച്ചത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സണ്ണി എം കപിക്കാട്‌

സണ്ണി എം കപിക്കാട്‌

ദളിത്‌ ചിന്തകന്‍, എഴുത്തുകാരന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍