UPDATES

രൂപേഷ് കുമാര്‍

കാഴ്ചപ്പാട്

Black Letters

രൂപേഷ് കുമാര്‍

ട്രെന്‍ഡിങ്ങ്

സിപിഎം സ്തുതിപാഠകര്‍ കേള്‍ക്കാന്‍; ചിത്രലേഖയുടെ ഓട്ടോ വീണ്ടും നശിപ്പിച്ചു

2004 മുതല്‍ കഴിഞ്ഞ 13 വര്‍ഷക്കാലം ചിത്രലേഖയുടെ ഓട്ടോറിക്ഷ ഏകദേശം പത്തിലധികം തവണ നശിപ്പിക്കപ്പെട്ടിട്ടുണ്ട്

ജൂണ്‍ ഒന്ന്. കുഞ്ഞു മക്കള്‍ സ്കൂളില്‍ പോകുന്ന ദിവസം. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഇത്തവണ കേരളത്തിലെ സ്കൂളുകളുടെ പ്രവേശനോത്സവം നടത്തിയത് തിരുവനന്തപുരത്തെ വെങ്ങാനൂര്‍ ഊരൂട്ടമ്പലം സ്കൂളിലാണ്. അയ്യന്‍കാളിയുടെ വെങ്ങനൂരില്‍. എന്റെ ജനതയില്‍ പത്ത് ബി.എക്കാരെ കണ്ടു മരിക്കണം എന്നു പറഞ്ഞ അയ്യന്‍കാളിയുടെ വെങ്ങാനൂരില്‍. ജാതിക്കെതിരെ ഉള്ള ശക്തമായ ആയുധം സ്കൂളിംഗ് ആണെന്ന് തിരിച്ചറിഞ്ഞ അയ്യന്‍‌കാളി. ഇതേ അയ്യന്‍കാളി തന്നെയാണ് ഇവിടുത്തെ ക്രൂരമായ ജാതി വ്യവസ്ഥയെ വെല്ലുവിളിച്ചു കൊണ്ട് ഒരു ചക്രവര്‍ത്തിയെപ്പോലെ പൊതുവഴിയില്‍ വില്ലു വണ്ടി ഓടിച്ച ആള്‍. അയ്യന്‍കാളി വില്ലു വണ്ടി ഓടിച്ചതിനു ശേഷം പൊതുവഴിയിലൂടെ നടക്കാന്‍ തയ്യാറാവാത്ത ഉയര്‍ന്ന ജാതിക്കാര്‍ ഉണ്ടായിരുന്നു എന്നത് മറ്റൊരു വാസ്തവം. അതേ റോഡില്‍ തന്നെയാണ് ചിത്രലേഖ എന്ന ദലിത് സ്ത്രീ ഇങ്ങ് പയ്യന്നൂരില്‍ തന്റെ ജീവിതോപാധിയായി ഒരു ഓട്ടോ ഓടിച്ചു കൊണ്ട് ജീവിതം തുടങ്ങിയത്. ഒരു പുലച്ചി ഓട്ടോ ഓടിക്കുന്നോ എന്ന ആക്രോശത്തോടെ സിപിഎമ്മിന്റെ തൊഴിലാളി സംഘടനയായ സിഐടിയുവിലുള്ളവര്‍ ചിത്രലേഖയെ ആക്രമിച്ചത്. നിരന്തരം ആക്രമിക്കപ്പെട്ട ചിത്രലേഖയുടെ കുട്ടികളുടെ പഠനം കുറെയേറെ തവണ മുടങ്ങി എന്നത് മറ്റൊരു ചരിത്രം. പയ്യന്നൂരില്‍ നിന്ന് തന്നെ ചിത്രലേഖയ്ക്ക് കണ്ണൂരിലെ മറ്റൊരു സ്ഥലത്തേക്ക് പലായനം ചെയ്യേണ്ടി വന്നു.

ഈ കഴിഞ്ഞ ദിവസം രാത്രി ചിത്രലേഖയുടെ ഓട്ടോ വീണ്ടും സിപിഎമ്മുകാരാല്‍ നശിപ്പിക്കപ്പെട്ടു. 2004 മുതല്‍ കഴിഞ്ഞ 13 വര്‍ഷക്കാലം ചിത്രലേഖയുടെ ഓട്ടോറിക്ഷ ഏകദേശം പത്തിലധികം തവണ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. വീട്ടില്‍ കേറി ആക്രമിക്കുന്നതടക്കം നിരവധി തവണ ചിത്രലേഖയും അമ്മയും കുടുംബവും നിരവധി തവണ ആക്രമിക്കപ്പെട്ടു. പൊതുവഴിയില്‍ ഒരു പുലയ യുവതി കടന്നു കയറി തന്റെ ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അവരെ അതിഭീകരമായ വയലന്‍സിലൂടെ ജീവന് ഭീഷണി ആവുന്നത് വരെ ആക്രമിക്കുന്നത് കേരളത്തിന്റെ നവോഥാന രാഷ്ട്രീയ സംഘടന എന്ന് ദിവസം മൂന്നു തവണ വിളിച്ചു പറയുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്. ചിത്രലേഖ ആക്രമിക്കപ്പെടുത് ഇപ്പോള്‍ കേരളത്തില്‍ ഒരു വാര്‍ത്ത‍ അല്ല. ഇന്നലെ ഈ ലേഖകന്‍ ഇക്കാര്യം ഒരു ഫേസ്ബുക്ക് പോസ്റ്റ്‌ ആയി എഴുതിയപ്പോള്‍ ഒരു സുഹൃത്ത് പ്രതികരിച്ചത്, പുരോഗമന നാട്യമുള്ള ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ നിരന്തരം ‘ചിത്രലേഖയ്ക്കൊപ്പം’ എന്ന ഒരു ഹാഷ്ടാഗ് ഇടേണ്ട അവസ്ഥയിലാണ് നമ്മള്‍ എന്നാണ്.

‘നിഷ്ക്കളങ്കം’, ‘നിഷ്ക്കളങ്കം’ എന്ന് നാഴികക്ക് നാല്പത് വട്ടം വിളിച്ചു കൂവുന്ന കണ്ണൂര്‍ പെരുമയില്‍, സ്നേഹിച്ചാല്‍ ചങ്ക് പറിച്ചു കൊടുക്കും കണ്ണൂര്‍ എന്ന പോസ്റ്ററുകള്‍ ഇറങ്ങുന്ന ഒരു ദേശത്താണ് ചിത്രലേഖക്ക് ജീവിക്കാന്‍ വേണ്ടി പലായനം ചെയ്യേണ്ടി വരുന്നത്. ചിത്രലേഖ ആക്രമിക്കപ്പെട്ടു എന്ന വാര്‍ത്ത വരുമ്പോള്‍ ‘ഇത് മാസത്തില്‍ രണ്ടു തവണ കേക്കുന്നതല്ലേ? എന്താണ് ഇവരെ മാത്രം ആക്രമിക്കുന്നത്? അതവരുടെ പ്രശ്നം കൊണ്ട് തന്നെ ആയിരിക്കും’ എന്ന രീതിയില്‍ പൊതുബോധം പോലും കേരളത്തില്‍ രൂപപ്പെട്ടു കഴിഞ്ഞു. അതെ, ചിത്രലേഖ ഇനിയും ആക്രമിക്കപ്പെടും, ആ വാര്‍ത്ത ‘ഇതിനിയും അവസാനിച്ചില്ലേ?’ എന്ന തരത്തില്‍ ചിത്രലേഖയെ കുറ്റപ്പെടുത്തുന്ന അലോസരമായി പലര്‍ക്കും തോന്നും. കാരണം ചിത്രലേഖയ്ക്കെതിരെയുള്ള അക്രമം വിശകലനം ചെയ്‌താല്‍ ഈ പുരോഗമന ജാഡകള്‍ള്ളിലെ ജാതിയെ ചോദ്യം ചെയ്ത ശക്തയായ ഒരു സ്ത്രീയാണ് ചിത്രലേഖ എന്നതു കൊണ്ടും കൂടിയാണ് അവര്‍ ഒരു ‘വില്ലത്തി’ ആകുന്നത്.

പയ്യന്നൂരിലെ ഉയര്‍ന്ന ജാതി സമൂഹങ്ങള്‍ കയ്യടക്കി വെച്ചിരിക്കുന്ന ഒരു ഇടത്തിലേക്കാണ് ചിത്രലേഖ എന്ന ഒരു ദളിത്‌ സ്ത്രീ തന്റെ ഓട്ടോയുമായി ജീവിക്കാനിറങ്ങുന്നത്. അവിടെയാണ് ‘പുലച്ചി ഓട്ടോ ഓടിക്കുന്നോ?’ എന്ന ജാതി ധാര്‍ഷ്ട്യം അവരെ തകര്‍ക്കാനൊരുമ്പിടുന്നത്. ചിത്രലേഖ അതിനു വഴങ്ങിക്കൊടുത്തില്ല. അവിടെ ഓട്ടോ ഓടിക്കുന്ന മറ്റു ദളിതര്‍ക്ക് പ്രശ്നമില്ലല്ലോ എന്നതാണ് മറ്റൊരു ന്യായം. മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ചിത്രലേഖ ആക്രമിക്കപ്പെടും. കാരണം സിപിഎം എന്ന നിലനില്‍ക്കുന്നത് തന്നെ ജാതിഘടനയിലാണെന്ന് തിരിച്ചറിഞ്ഞ് ഉറക്കെ വിളിച്ചു പറഞ്ഞ ദളിത്‌ സ്ത്രീ കൂടിയാണ് ചിത്രലേഖ. അത് മലബാറിന്റെ ദേശപരമായ രാഷ്ട്രീയ വിശകലനം നടത്തി തന്റെയും തന്റെ അമ്മയുടെയും ഒക്കെ അനുഭവങ്ങളെ വിശകലനം ചെയ്തു പഠിച്ചു കൊണ്ടാണ് ചിത്രലേഖ സിപിഎമ്മിനെ തുറന്നുകാട്ടുന്നത്. ഇതിനോട് സംവാദാത്മകമായി പ്രതികരിക്കാന്‍ പറ്റാത്ത ഒരു രാഷ്ട്രീയ സംഘടനയാണ് വയലന്‍സിലൂടെ അവരെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. കണ്ണൂരിലെ പാര്‍ട്ടി ഘടകങ്ങളില്‍ നിന്ന് മിക്കവാറും ചിത്രലേഖയുടെ ‘ആക്രമണ വാര്‍ത്തകള്‍’ വെറും നുണയാണെന്ന് അടിച്ചു വിടുമ്പോള്‍, ഒരു ദളിത്‌ സ്ത്രീയുമായി ചേര്‍ത്ത് വെച്ചു വിശ്വസിക്കാന്‍ വളരെ എളുപ്പമായിരിക്കും അത് എന്ന് പ്രചരിപ്പിക്കുന്നവരുടെ വംശീയ ബുദ്ധിക്കും അറിയാം.

ചിത്രലേഖയുടെ ജീവിത പങ്കാളി ശ്രീഷ്കാന്ത് കേട്ട തെറി വിളികള്‍, അക്രമങ്ങള്‍ അതിലും ഭീകരമാണ്. ശ്രീഷ്കാന്തിനെ ആക്രമിക്കുമ്പോള്‍ അവരുടെ മിശ്ര വിവാഹ ജീവിതം കൂടിയാണ് ആക്രമിക്കപ്പെട്ടത്. ‘നീ പുലച്ചിയുടെ … നക്കി ജീവിക്ക്…’ എന്ന തരത്തിലുള്ള വെര്‍ബല്‍ വയലന്‍സ് നിരന്തരം ആ മനുഷ്യന്‍ ഏറ്റുവാങ്ങി. ഒരുപക്ഷേ കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഒരു കുടുംബം കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിലധികമായി ഇത്രയുമധികം ആക്രമിക്കപ്പെട്ടിട്ടില്ല. മിശ്രവിവാഹം എന്നത് ജാതിക്കെതിരെ ഉള്ള അനേകം ടൂളുകളില്‍ ഒന്നാകുമ്പോള്‍, അത് ജാതിയെ ചെറിയ രീതിയിലെങ്കിലും തകര്‍ക്കുമ്പോള്‍ അതിനോടുള്ള അസഹിഷ്ണുത തന്നെയാണ് ശ്രീഷ്കാന്തിനെതിരെയുള്ള അക്രമവും.

ഒരു ഓട്ടോ തൊഴിലാളിയായിട്ടും പല രാഷ്ട്രീയ നിലപാടുകളിലും എതിര്‍പ്പുകള്‍ ഉണ്ടായപ്പോഴും ഇന്ത്യയിലെ ജാതിക്കെതിരെ ഉള്ള രാഷ്ട്രീയ ചിന്താധാരയില്‍ അതിശക്തമായ സാന്നിധ്യമായി നിറഞ്ഞു നില്‍ക്കുന്ന ഒരാളാണ ചിത്രലേഖ. പരമ്പരാഗത മാധ്യമങ്ങള്‍ക്കപ്പുറം യൂട്യൂബിലൂടെയും ദളിത്‌ ക്യാമറയിലൂടെയും ഫേസ്ബുക്കിലൂടെയും തന്റെ രാഷ്ട്രീയ നിലപാടുകള്‍ ശക്തമായി പങ്കു വെക്കുന്ന ഒരു ദളിത്‌ സ്ത്രീയാണ് ചിത്രലേഖ. അവരുടെ രാഷ്ട്രീയ നിലപാടുകള്‍ പുതിയ ഒരുപാട് ചെറുപ്പക്കാര്‍ക്ക് വഴികാട്ടിയായിട്ടുണ്ട്. ഇന്ത്യയിന്‍ സാഹചര്യത്തില്‍ മുസ്ലീം രാഷ്ട്രീയത്തിന്റെ സാധ്യതകളെക്കുറിച്ച്, ഇന്ത്യന്‍ മുസ്ലീങ്ങള്‍ നിരന്തരം ആക്രമിക്കപ്പെടുന്നതിനെക്കുറിച്ച് നിലപാടെടുത്തു കൊണ്ടും സംസാരിച്ചു കൊണ്ടും ലോകത്തിന്റെ തന്നെ വിവിധ സര്‍വകലാശാലകളില്‍ രാഷ്ട്രീയം രൂപപ്പെടുത്തുന്നതിലും ചിത്രലേഖ മുന്നിട്ടു നിന്നിട്ടുമുണ്ട്. അപ്പോഴും ഒരു ദളിത്‌ സ്ത്രീ ആയതു കൊണ്ട് തന്നെ, ‘ചിത്രലേഖ അല്ല അതെഴുതുന്നതെന്നും അവര്‍ക്ക് വേണ്ടി മറ്റാരോ എഴുതുന്നതാണെന്നും’ ഉള്ള സി ബി ഐ ഡയറിക്കുറിപ്പുകള്‍ പുറത്ത് വരുന്നുണ്ട്. ചിത്രലെഖയ്ക്കെതിരെയുള്ളവരെ വിറളി പിടിപ്പിക്കുന്നത് ഇത്തരത്തില്‍ മുഖ്യധാരയിലുള്ള അവരുടെ ഇടപെടല്‍ കൂടിയാണ്.

ചിത്രലേഖയ്ക്ക് ഒരു സര്‍ജറിക്ക് വേണ്ടി പണം കണ്ടെത്തുന്ന ഒരു ബുദ്ധിമുട്ടിലാണ് ആ കുടുംബം ഇപ്പോള്‍. തീവ്രമായി സമരം ചെയ്ത് വീട് വെക്കാന്‍ സ്ഥലം നേടിയെടുത്ത ആ കുടുംബത്തിന്റെ വീട് പണി സകല വഴികളും ഉപയോഗിച്ചു തടയാനാണ് സിപിഎം ശ്രമിച്ചത്. അവര്‍ക്ക് സ്ഥലം കൊടുത്തതിനെതിരെ ജനങ്ങളെ സംഘടിപ്പിക്കാന്‍ വരെ ശ്രമിച്ചു. വീട് പണിക്കുള്ള വെള്ളത്തിന്റെ ലഭ്യത തടയാന്‍ ശ്രമിച്ചു. അങ്ങനെ തൊഴില്‍, പാര്‍പ്പിടം, വിദ്യാഭ്യാസം എന്നിങ്ങനെ ഒരു ദളിത്‌ സ്ത്രീയുടെ ജീവിതത്തിലെ മൌലികാവകാശങ്ങളെയും ഇന്ത്യന്‍ ഭരണ ഉറപ്പു തരുന്ന ഭരണഘടനാ അവകാശങ്ങളും തടഞ്ഞു കൊണ്ടാണ് കേരളത്തിലെ സിപിഎം കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ആ സ്ത്രീയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്.

കേരളത്തെക്കുറിച്ചുള്ള തള്ളലുകള്‍ ഇതെഴുതുമ്പോഴും ഫേസ്ബുക്കിലൂടെ ഒക്കെ നടക്കുന്നുണ്ട്. കേരളത്തിന്റെ എസ്എഫ്ഐ ബീഫ് ഫെസ്റ്റിവലും ഉത്തരേന്ത്യ പോലെയല്ലല്ല കേരളം എന്ന നേതാക്കളുടെ പ്രസ്താവനകളും കേരളത്തിന്റെ മുഖ്യമന്ത്രി ഞങ്ങളുടെ മുഖ്യമന്ത്രി ആകാമോ എന്ന ക്ഷണക്കത്തുകളും നമ്പൂരി സദ്യ കാച്ചിക്കൊണ്ടുള്ള പന്തിഭോജനവും സഖാവ് സിനിമയും കേരളത്തിലെ പോസിറ്റീവ് ആയ പത്ത് കാര്യങ്ങളും എന്നൊക്കെയുള്ള കാര്യങ്ങള്‍ ഇങ്ങനെ തകര്‍ക്കുകയാണ്.

അതേസമയം, ഇതേ സിപിഎമ്മിലെ ഒരു എം.എല്‍.എ ആര്‍എസ്എസിന്റെ വേദിയില്‍ പോയി ഊന്തു വിളയാടും. വഷളായാല്‍ അത് ബ്രാഞ്ച് സെക്രട്ടറിയുടെ തലയില്‍ കെട്ടിവയ്ക്കും. അയാളെ വിശ്വസിക്കാമെങ്കില്‍ അത്തെ ബ്രാഞ്ച് സെക്രട്ടറിമാരാണ് ചിത്രലേഖയെ പലായനം ചെയ്യിക്കുന്നതും. ഇവരാണ് ഇവിടെ വര്‍ഗീയ ഫാസിസത്തിനെതിരെ ഫൈറ്റ് ചെയ്യുന്ന സ്വയം പ്രഖ്യാപിത ഗ്ലാഡിയേറ്റെഴ്സ്.

ഇനിയും വിനൈ താണ്ടി വരുവായെ സിനിമയിലെ അമ്മാവന്‍, ‘ചിക്കന്‍ ഉണ്ട്… ഫിഷ്‌ ഉണ്ട്… മട്ടണ്‍ ഉണ്ട്..’ എന്നൊക്കെ പറയുന്നത് പോലെ പിണറായിയും രാജേഷും സ്വരാജും ജെയ്‌ക്കും ഒക്കെയുള്ള കേരളം വലിയ സംഭവം ആണെന്ന് ഇങ്ങനെ കാച്ചിക്കൊണ്ടേ ഇരിക്കും. സിപിഎം നന്നാവണം എന്നാഗ്രഹിക്കുന്ന, അയ്യോ സിപിഎം നശിച്ചേന്നു പറയുന്ന ചേട്ടായീസും അതിനെ പ്രതീക്ഷയോടെ നോക്കും. അതിന്‍റെ ഇടയില്‍ ചിത്രലേഖ ഒക്കെ കേരളത്തിന്റെ പൊതുബോധത്തിന് ഒരു അലോസരം ആയിരിക്കും. അതുകൊണ്ട് തന്നെ സുഹൃത്തുക്കളെ, ചിത്രലേഖ ഇപ്പോഴും ഈ കേരളത്തില്‍, മരിക്കാതെ ഈ പുരോഗമാനങ്ങളോട് യുദ്ധം ചെയ്യുകയാണ്.

വാല്‍ക്കഷ്ണം: അയ്യന്‍കാളിയുടെ വെങ്ങാനൂരിലെ ഊരൂട്ടമ്പലം സ്കൂളില്‍ നടന്ന പ്രവേശനോത്സവത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ആശംസകള്‍. അവര്‍ക്കെങ്കിലും അക്രമഭയമില്ലാതെ ഭാവിയില്‍ അന്തസായി തൊഴില്‍ ചെയ്ത് ജീവിക്കാന്‍ കഴിയട്ടെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

രൂപേഷ് കുമാര്‍

രൂപേഷ് കുമാര്‍

പ്രശസ്ത ഡോക്യൂമെന്ററി ഫിലിം സംവിധായകന്‍. ഇന്ത്യയിലെ ജാതി അനുഭവങ്ങളെ മുന്‍ നിര്‍ത്തി ദളിത് പ്രശ്‌നങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്നവയാണ് രൂപേഷിന്റെ ഡോക്യൂമെന്ററികള്‍. കണ്ണൂര്‍ ജില്ലയിലെ പെരിങ്ങീലില്‍ ജനനം. Documentaries Don’t be our fathers Don’t be our fathers Music video Black Board Twinkle Twinkle Little Caste Crime and Punishment 3D Stereo Caste All Indians are… Sabitha: A Woman and a Day By the side of a River Love stories In Black letters Underworld Memories of Untouchables ബ്ളാക്ക് ലെറ്റേഴ്‌സ് 1980-കള്‍ക്കു ശേഷമുള്ള ദളിത് ജീവിതാനുഭവങ്ങളും ദളിത് ഓര്‍മകളും ദളിത് മനോഭാവങ്ങളുമാണ് ഈ എഴുത്തില്‍ വരിക. നിയതവും ചിട്ടപ്പെടുത്തിയതുമായ അവസ്ഥകളിലല്ല ജീവിതം സംഭവിക്കുന്നതെന്നതിനാല്‍ എഴുത്തും ഇതേ രീതി പിന്തുടരുന്നു. എന്നാല്‍ മുറിഞ്ഞുപോകുന്ന ജീവിതാവസ്ഥകളെ വീണ്ടെടുക്കാനുള്ള ശ്രമം കൂടിയാണ് ബ്ളാക്ക് ലെറ്റേഴ്‌സ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍