UPDATES

ട്രെന്‍ഡിങ്ങ്

കാട്ടാനയെ രക്ഷിക്കാന്‍ ഒരു ഡാം അടച്ചു; പ്രളയകാലത്തെ മിണ്ടാപ്രാണികളുടെ ജീവിതം

മനുഷ്യരും ജീവജാലങ്ങളും സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത പ്രളയ ദുരന്തത്തിലൂടെ കടന്നുപോകുമ്പോള്‍ പ്രകൃതിയോടൊത്തുള്ള സഹജീവനത്തെ പുതിയൊരു കണ്ണിലൂടെ കാണാന്‍ നമ്മള്‍ പ്രാപ്തരാകേണ്ടിയിരിക്കുന്നു.

തകഴിയുടെ വെള്ളപ്പൊക്കത്തില്‍ എന്ന കഥയിലെ നായകന്‍ ഒരു പട്ടിയാണ്. ചേനപ്പറയന്റെ വളര്‍ത്തുപട്ടിയുടെ കാഴ്ചപ്പാടിലൂടെയാണ് പ്രളയത്തിന്റെ ദൈന്യതയും ഭീകരതയും കുട്ടനാടിന്റെ കഥാകാരന്‍ വരച്ചിട്ടത്. അത് എക്കാലത്തെയും മികച്ച മലയാള ചെറുകഥകളില്‍ ഒന്നായി മാറുകയും ചെയ്തു.

“പാതിരായോടടുത്തു. ഒരു വലിയ ചത്ത പശു ഒഴുകിവന്നു. പുരയില്‍ അടിഞ്ഞു. പട്ടി മുകളെടുപ്പില്‍നിന്ന് അതു നോക്കിനില്ക്കയാണ്. താഴത്തേക്കിറങ്ങിയില്ല. ആ ശവശരീരം മന്ദംമന്ദം മാറുന്നു. പട്ടി മുറുമുറുത്തു, ഓല മാന്തിക്കീറി, വാലാട്ടി, പിടികിട്ടാത്തമട്ടില്‍ അല്പം അകലാന്‍ അതു തുടങ്ങവേ, പതുക്കെപ്പതുക്കെ പട്ടി താഴേക്കിറങ്ങി കടിയിട്ടു വലിച്ചടുപ്പിച്ചു തൃപ്തിയോടെ തിന്നുതുടങ്ങി. കൊടിയ വിശപ്പിനു വേണ്ടുവോളം ആഹാരം!” വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട പട്ടിയുടെ ദൈന്യത ഇങ്ങനെ തകഴി വിവരിക്കുമ്പോള്‍ ഒരു പ്രകൃതിദുരന്തത്തിന്റെ ഏല്ലാ ആസുരതയും നിസ്സഹായതയും വായനക്കാരന്‍ അനുഭവിക്കുകയാണ്.

കേരളം ഇതുവരെയില്ലാത്ത പ്രളയ ദുരന്തത്തിലൂടെ കടന്നു പോകുമ്പോള്‍ നമ്മുടെ നാട്ടിന്‍പുറത്തെ വീടുകള്‍ക്ക് പിറകിലായി കൊക്കി പെറുക്കിയിരുന്ന കോഴികളും അമറിയിരുന്ന പശുക്കളും ആടുകളും മറ്റ് നാല്‍ക്കാലികളും നായ്ക്കളും മറ്റും എങ്ങോട്ട് പോയി? ആരാണ് ആവര്‍ക്ക് രക്ഷകരായത്? ഉരുള്‍പൊട്ടിയ കാടുകളിലെ മൃഗങ്ങള്‍ക്ക് അപകടം വല്ലതും പറ്റിയോ? നമ്മള്‍ കൂടുതല്‍ ആകുലരാകുന്നത് മനുഷ്യന്‍മാരുടെ കാര്യത്തില്‍ മാത്രമാണല്ലോ…

ഇന്നലെ ചാലക്കുടിപ്പുഴയിലെ ഒരു പാറക്കല്ലില്‍ ഒറ്റപ്പെട്ടുപോയ ഒരു കാട്ടാനയെ രക്ഷിക്കാന്‍ കുറച്ചു സമയത്തേക്ക് ഒരു ഡാം തന്നെ അടച്ച വാര്‍ത്ത ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തത് ഏറെ സന്തോഷത്തോടെയാണ് വായിച്ചത്. നാട്ടുകാരാണ് പുഴ മധ്യത്തില്‍ പെട്ടുപോയിരിക്കുന്ന ആനയെ കണ്ടത്. അവര്‍ വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെയും പോലീസിനെയും അറിയിച്ചു. പെരിങ്ങല്‍ക്കുത്തു ഡാമിന്റെ മൂന്നു ഷട്ടറുകള്‍ അടച്ച് ജലമൊഴുക്കിന്റെ വേഗത കുറച്ചു ആനയ്ക്ക് കടന്നുപോകാനുള്ള അവസരം ഒരുക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍.

കഴിഞ്ഞ ദിവസം നമ്മുടെ കൊടികുത്തിയ കേരള പോലീസ് സേനയിലെ അംഗങ്ങള്‍ ആടുകളെ ചുമന്നുകൊണ്ട് ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകുന്ന മനോഹരമായ ദൃശ്യങ്ങള്‍ ഒരു ചാനല്‍ കാണിക്കുകയുണ്ടായി. ചെറുതോണിയില്‍ തുരുത്തില്‍ അകപ്പെട്ട 17 മൃഗങ്ങളെ രക്ഷിക്കാന്‍ ദ്രുത കര്‍മ്മ സേനയിലെ ഒരംഗം കുത്തിയൊലിച്ചൊഴുകുന്ന പുഴയ്ക്ക് മുകളിലൂടെ കുടിവെള്ള പൈപ്പില്‍ തൂങ്ങി കടക്കാന്‍ ശ്രമിക്കുന്ന അതിസാഹസികമായ ദൃശ്യങ്ങളും കണ്ടു.

എന്നാല്‍ ഇടുക്കിയിലെ കീരിത്തോടില്‍ തന്റെ ഉടമസ്ഥന്റെയും കുടുംബത്തിന്റെയും ജീവന്‍ രക്ഷിച്ചത് റോക്കി എന്ന വളര്‍ത്തുനായയാണ്. റോക്കി അസ്വാഭാവികമായി കുരയ്ക്കുന്ന ശബ്ദം കേട്ടാണ് മോഹനനും ഭാര്യയും പുറത്തിറങ്ങിയത്. പുലര്‍ച്ചയ്ക്ക് മൂന്നു മണിക്ക്. അവര്‍ പുറത്തിറങ്ങിയതും മലവെള്ളപ്പാച്ചിലില്‍ അവരുടെ വീട് തകര്‍ന്നു വീഴുകയായിരുന്നു.

ഇതുപോലെ നിരവധി കഥകള്‍ ഇനിയുമുണ്ടാകും ദുരന്തവാര്‍ത്തകള്‍ക്കിടയില്‍ നിന്നും കണ്ടെടുക്കാന്‍. നമുക്കറിയാവുന്നതുപോലെ നാട്ടിന്‍പുറത്തെ ഓരോ വീടുകളും അവിടെ ജീവിക്കുന്ന മനുഷ്യരുടെ മാത്രം വീടുകളല്ല. അതിനെ ആശ്രയിച്ച് ജീവിക്കുന്ന ഒട്ടേറെ വളര്‍ത്തുമൃഗങ്ങളുണ്ട്. അല്ലാത്ത നിരവധി ജീവികളുണ്ട്. ഇവയ്ക്കൊക്കെ എന്തു സംഭവിക്കുന്നു എന്ന അന്വേഷണം കൂടി നാം നടത്തുമ്പോഴാണ് ദുരന്തത്തിന്റെ എല്ലാ ഇരകളും രക്ഷിക്കപ്പെട്ടു എന്നു ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കാന്‍ സാധിക്കുകയുള്ളൂ. ബഷീര്‍ എഴുതിയതുപോലെ അവരും ഈ ഭൂമിയുടെ അവകാശികള്‍ തന്നെ.

മനുഷ്യരും ജീവജാലങ്ങളും സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത പ്രളയ ദുരന്തത്തിലൂടെ കടന്നുപോകുമ്പോള്‍ പ്രകൃതിയോടൊത്തുള്ള സഹജീവനത്തെ പുതിയൊരു കണ്ണിലൂടെ കാണാന്‍ നമ്മള്‍ പ്രാപ്തരാകേണ്ടിയിരിക്കുന്നു. വികസനത്തെ കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പനങ്ങള്‍ തിരുത്തേണ്ടിയിരിക്കുന്നു. ഈ പ്രകൃതിദുരന്തം യാദൃശ്ചികമായി ഉണ്ടായതല്ല എന്നെങ്കിലും നമ്മള്‍ നമ്മെ തന്നെ ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു.

ഇടുക്കി അണക്കെട്ടില്‍ കാണിച്ച ജാഗ്രത മറ്റുള്ളവയുടെ കാര്യത്തില്‍ അധികൃതര്‍ മറന്നു പോയതാണോ?

ഈ പ്രളയക്കെടുതിയില്‍ ഒരു കുഞ്ഞുടുപ്പും കുടുക്കയും ഒക്കെ ഓര്‍മിപ്പിക്കുന്നത് മനുഷ്യത്വത്തെക്കുറിച്ചാണ്

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍