UPDATES

ട്രെന്‍ഡിങ്ങ്

ബഹുമാന്യ കുമ്മനംജി, താങ്കളൊരു ഗവര്‍ണ്ണറാണ്, കേരള ബിജെപിയുടെ അധ്യക്ഷനല്ല

മറ്റൊരു സംസ്ഥാനത്തു ചെന്ന് അവിടുത്തെ രാഷ്ട്രീയത്തിലും വികസന കാര്യത്തിലൊന്നും ഇടപെടാനുള്ള അധികാരമൊന്നും ഭരണഘടന ഒരു ഗവർണർക്കും നല്കുന്നില്ലെന്ന കാര്യം മിസോറാം ഗവർണർ മാന്യ ശ്രീ കുമ്മനംജി ഇനിയെങ്കിലും അറിഞ്ഞുവെക്കുന്നതു നന്നെന്നു തോന്നുന്നു

കെ എ ആന്റണി

കെ എ ആന്റണി

മിസോറാമിൽ നിൽക്കപ്പൊറുതി ഇല്ലാഞ്ഞിട്ടാണോ ഇക്കഴിഞ്ഞ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് തിരശീല വീഴും മുപ് തന്നെ അവിടേക്കു ഗവർണറായി നിയോഗിക്കപ്പെട്ട കുമ്മനംജി കേരളത്തിൽ മടങ്ങിയെത്തി ഇവിടെ തന്നെ ചുറ്റിക്കറങ്ങുന്നതെന്ന് അറിയില്ല. ഭാഷയും അവിടുത്തെ ജനങ്ങളുടെ പ്രകൃതവും അവിടുത്തെ ഭക്ഷണവും ഒക്കെ അത്രകണ്ട് പിടിച്ചിട്ടില്ലെന്നും മറ്റും ചിലരൊക്കെ അടക്കം പറയുന്നുണ്ട്. അതൊക്കെ വെറും പരദൂഷണം ആകാനെ ഇടയുള്ളൂ. അങ്ങനെയാകുമ്പോൾ ഇനിയിപ്പോൾ അദ്ദേഹത്തിനോട് നേരിട്ട് ചോദിക്കുകയേ തരമുള്ളു. അങ്ങിനെ ആരും ചോദിച്ചതായി അറിവില്ല. ഇനിയിപ്പോൾ ചോദിച്ചാൽ തന്നെ ഒരു പക്ഷെ വെക്കേഷൻ ആഘോഷിക്കാൻ വന്നതാണെന്നൊക്കെ പറഞ്ഞേക്കാൻ ഇടയുണ്ട്. ഗവർണറായി ചുമതലയേറ്റ ഉടൻ വെക്കേഷനോ? അതും പെണ്ണ്, കുട്ടി പ്രാരാബ്‌ധങ്ങൾ ഇല്ലാത്ത കുമ്മനംജിയെ പോലെ ഒരാൾക്ക് എന്നൊന്നും ചോദിച്ചേക്കല്ലേ. വെക്കേഷൻ ആഘോഷിക്കാൻ ആർക്കും അവകാശമുണ്ട്. അതിനു പ്രത്യേക അളവുകോലുകൾ നിശ്ചയിക്കുന്നത് ഒട്ടുമേ ശരിയല്ല. ജനിച്ചു വളർന്ന നാട്ടിൽ വരാനും ചുറ്റിയടിക്കാനും കുമ്മനംജിക്കും സർവ സ്വാതന്ത്ര്യമുണ്ട്; പ്രത്യേകിച്ചും ഗവർണർ എന്ന നിലയിൽ മിസോറാമിൽ തനിക്കു പ്രത്യേകിച്ച് പണിയൊന്നും ഇല്ലെന്നു തോന്നുന്ന പക്ഷം. അല്ലെങ്കിലും ചിലർ ഇങ്ങനെയാണ്. കുറ്റിയിൽ കെട്ടിയിടപ്പെട്ട പശു അഴിച്ചുവിട്ടാലും കുറ്റിക്കു ചുറ്റും നടക്കുന്നതുപോലെ ചിലർ എപ്പോഴും ഗൃഹാതുരത്വം പേറി നടന്നുകൊണ്ടേയിരിക്കും.

ഗൃഹാതുരത്വം അത്ര മോശം കാര്യമൊന്നുമല്ല. പക്ഷെ കുമ്മനംജിയുടെ ഇത്തവണത്തെ സഞ്ചാര പഥങ്ങളും വാക്കും പ്രവർത്തിയുമൊക്കെ ചില സംശയങ്ങൾ ഉയർത്തുന്നുണ്ട്‌. സ്വന്തം ജന്മനാട്ടിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയതിനു പിന്നാലെ പഴയകാല സതീർഥ്യനെ കാണാനെന്ന മട്ടിൽ നടത്തിയ പയ്യന്നൂർ യാത്ര തന്നെ അതിൽ പ്രധാനം. കുചേലൻ പണ്ട് ഭാര്യയുടെ നിർബന്ധപ്രകാരം കൃഷ്ണനെ കാണാൻ പോയത് പോലെയായിരുന്നില്ല പയ്യന്നൂരിലേക്കുള്ള കുമ്മനംജിയുടെ യാത്രയെന്നതിന്റെ ഉത്തമ തെളിവായി ആ യാത്രക്കൊപ്പം തന്നെ മലയാള മനോരമ തുടങ്ങിവെച്ചതും മറ്റു പത്ര-ദൃശ്യ മാധ്യമങ്ങൾ ഏറ്റുപിടിച്ചതുമായ കീഴാറ്റൂർ ബൈ പാസ് നിർമാണവുമായി ബന്ധപ്പെട്ട വാർത്താ കോലാഹലം. കുമ്മനംജി കണ്ണൂരിൽ കാലു കുത്തുന്നതിനും ഏതാണ്ട് ഒരു മാസം മുൻപ് വനം-പരിസ്ഥിതി-(കാലാവസ്ഥ വ്യതിയാനം) മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ വിഭാഗത്തിലെ റിസർച്ച് ഓഫിസർ ജോൺ തോമസ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിനെ ആശ്രയിച്ചായിരുന്നു ഈ വാർത്താ വിസ്ഫോടനം. അതും നിലവിലെ അലൈൻമെന്റ് അംഗീകരിച്ചു കേന്ദ്ര മന്ത്രാലയം വിജ്ഞാപനം ഇറക്കി ആഴ്ചകൾ കഴിഞ്ഞതിനു ശേഷം. ദേശീയ പാത വികസനത്തിന്റെ ഭാഗമായി കീഴാറ്റൂരിലെ വയൽ നികത്തുന്നതിനെതിരെ സമര രംഗത്തു വന്ന വയൽക്കിളികളും അവരുടെ നേതാവ് സുരേഷ് കീഴാറ്റൂരും ഒക്കെ ഉന്നയിച്ച ന്യായമായ ആശങ്കകൾ തന്നെയാണ് ജോൺ തോമസ്സിന്റെ റിപ്പോർട്ടിലും ഉള്ളതെന്നത് തികച്ചും ന്യായമായ കാര്യം തന്നെ. അതേപോലെ തന്നെ ഈ വിഷയത്തിൽ നേരത്തെ കേരളത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ കുമ്മനംജിയും വയൽക്കിളികൾക്കൊപ്പം കൈകോർത്തിരുന്നുവെന്നും അദ്ദേഹം വഴിയാണ് സുരേഷ് കീഴാറ്റൂർ വയൽ നികത്തുന്നതിനെതിരെ വനം-പരിസ്ഥിതി മന്ത്രാലയത്തിന് പരാതി നല്കിയിരുന്നതെന്നതും റിസർച്ച് ഓഫീസർ ജോൺ തോമസ്സിന്റെ റിപ്പോർട്ടിൽ എടുത്തു പറയുന്നുമുണ്ടെന്നതും ശരി തന്നെ. പക്ഷെ കുമ്മനത്തിന്റെ കണ്ണൂർ സന്ദർശന വേളയിൽ മാത്രം ഇങ്ങനെ ഒരു റിപ്പോർട്ട് മനോരമ പ്രസദ്ധീകരിച്ചതു കുമ്മനത്തെ സുഖിപ്പിക്കാൻ വേണ്ടി മാത്രമായിരുന്നോ എന്നതിനുള്ള മറുപടി അവർ തന്നെ നൽകേണ്ടതുണ്ട്.

ജോൺ തോമസ്സിന്റെ റിപ്പോർട്ട് കീഴാറ്റൂർ വയൽ വഴി ബൈ പാസ് വേണ്ടെന്നു പറയുന്നില്ല. അതേസമയം വയലിനെ വെട്ടിമുറിച്ചുകൊണ്ടുള്ള നിലവിലെ അലൈൻമെന്റിനെ സംബന്ധിച്ചുള്ള വയൽക്കിളികളുടെ ആശങ്ക പങ്കുവെക്കുന്നുമുണ്ട്. നിലവിലുള്ള അലൈൻമെന്റ് മാറ്റി വയലിന്റെ ഒരു ഭാഗത്തുകൂടി ബൈ പാസ് നിർമിക്കുന്നതാവും നല്ലതെന്ന നിഗമനമാണ് റിപ്പോർട്ടിൽ ഉള്ളത്.

ഇനി ‘ഭാരതീയ ജനതാ പിള്ള’; തിരിച്ചടി കിട്ടിയത് ബിജെപിയിലെ ഗ്രൂപ്പുകൾക്ക്

ആര് ആരെ സുഖിപ്പിച്ചു എന്നതൊക്കെ അവിടെ നിൽക്കട്ടെ. വയൽക്കിളികളുടെ ആശങ്ക അവരുടെ നാടിനെയും വയലിനെയും കുറിച്ചുള്ളതാകയാൽ അവരെ കുറ്റം വിധിക്കുന്നതിൽ അർത്ഥമില്ല താനും. പക്ഷെ കീഴാറ്റൂരിൽ വയൽക്കിളികൾക്കൊപ്പം എന്നു പറഞ്ഞു നടക്കുന്ന കുമ്മനം ഇന്നലെ കേരള ചേംബർ ഓഫ് കോമേഴ്‌സ് & ഇൻഡസ്ട്രി ‘കേരളത്തെ നിക്ഷേപ സൗഹൃദമാക്കാം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗം അദ്ദേഹത്തിന്റെ തനിനിറം വെളിവാക്കുന്നുണ്ട്. കണ്ണൂരിൽ കുമ്മനംജിയുടെ വരവിനെ കീഴാറ്റൂർ കൊണ്ട് എതിരേറ്റ മലയാള മനോരമ അദ്ദേഹത്തിന്റെ പ്രസംഗം ‘സംസ്ഥാനത്തെ പദ്ധതികൾക്ക് ഒച്ചിഴയും വേഗം: കുമ്മനം’ എന്ന തലക്കെട്ടിൽ ഇങ്ങനെ റിപ്പോർട് ചെയ്യുന്നു. “സംസ്ഥാനത്തെ പദ്ധതികൾക്ക് ഒച്ചിഴയും വേഗമെന്നും മനോഭാവം മാറിയാലേ കേരളം രക്ഷപ്പെടൂവെന്നും മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. കേരളത്തിൽ വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള സൗഹൃദ അന്തരീക്ഷം ഇല്ലാത്തതിനാൽ കേരളത്തിന് മസ്‌തിഷ്‌ക്ക ചോർച്ച സംഭവിക്കുന്നു. മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾ വ്യവസായം ഉൾപ്പെടെയുള്ള മേഖലകളിൽ മികവ് പുലർത്തുമ്പോൾ കേരളം അതിനുള്ള അന്തരീക്ഷം ഒരുക്കി നൽകുന്നില്ല” എന്നു പറഞ്ഞു തുടങ്ങുന്ന പ്രസംഗത്തിൽ കുമ്മനത്തിന്റേതായി മനോരമ നൽകിയ അടുത്ത വാചകം “നാഷണൽ ഹൈവേ കേരളത്തിൽ ഒരു കിലോമീറ്റർ പണിയാൻ 18 ദിവസം എടുക്കുമ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നാല് ദിവസം മതി’ എന്നാണ്. അടുത്ത വാചകം ഇങ്ങനെ “45  ലക്ഷം ടൺ അരി വേണ്ട കേരളത്തിൽ വെറും ആറു ലക്ഷം ടൺ മാത്രമാണ് ഉൽപാദിപ്പിക്കുന്നത്. അതു തരണം ഇതു തരണം എന്നു പറഞ്ഞു നടന്നാൽ മാത്രം കേരളം രക്ഷപ്പെടുമോ?” കുമ്മനം ചോദിക്കുന്നു.

നാഷണൽ ഹൈവേ വികസനത്തെക്കുറിച്ചു പറഞ്ഞതിൽ നിന്നും കുമ്മനംജിയുടെ യഥാർത്ഥ നിറം എന്തെന്ന് മനസ്സിലാകും. ഇനി നെല്ലുല്‍പ്പാദനത്തെക്കുറിച്ചു പറയുന്ന കുമ്മനംജി അറിഞ്ഞോ അറിയാതെയോ പറയുന്നത് വയൽ നികത്തി നടത്തുന്ന വികസനത്തെ പ്രോത്സാഹിപ്പിക്കണമെന്നു തന്നെയാണെന്ന് ഏതു തിരുമണ്ടനും മനസ്സിലാവുന്ന കാര്യമേ ഉള്ളു.

കുമ്മനംജിയുടെ മനസ്സിലിരിപ്പും വികസന കാഴ്ചപ്പാടുമൊക്കെ എന്ത് തന്നെയാവട്ടെ. താൻ ഒരു ഗവർണർ ആണെന്ന യാഥാർഥ്യം മറന്നുകൊണ്ടാണ് ഇന്നലെ അദ്ദഹം ഒരു തനി രാഷ്ട്രീയ പ്രസംഗം നടത്തിയതെന്ന കാര്യവും വിസ്മരിച്ചു കൂടാ. രാഷ്ട്രീയക്കാരെ തന്നെയാണ് ഗവർണർമാരായി നിയമിക്കുന്നതെന്നതൊക്കെ ശരി തന്നെ. പക്ഷെ മറ്റൊരു സംസ്ഥാനത്തു ചെന്ന് അവിടുത്തെ രാഷ്ട്രീയത്തിലും വികസന കാര്യത്തിലൊന്നും ഇടപെടാനുള്ള അധികാരമൊന്നും ഭരണഘടന ഒരു ഗവർണർക്കും നല്കുന്നില്ലെന്ന കാര്യം മിസോറാം ഗവർണർ മാന്യ ശ്രീ കുമ്മനംജി ഇനിയെങ്കിലും അറിഞ്ഞുവെക്കുന്നതു നന്നെന്നു തോന്നുന്നു.

ആര്‍ക്ക് വേണം ഗവര്‍ണര്‍മാരെ?

ഗ്രൗണ്ടിലിറങ്ങുന്നതിന് തൊട്ടുമുമ്പ് ക്യാപ്റ്റനെ മാറ്റിയതെന്തെന്ന് ഇപ്പോള്‍ വ്യക്തമായി; കുമ്മനത്തിന്റേത് പണിഷ്മെന്‍റ് ട്രാന്‍സ്ഫര്‍ തന്നെ

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍