UPDATES

ഞാവല്‍ മരമായി ശീലാബതി; ‘വലിയ ചിറകുള്ള പക്ഷികള്‍’ രണ്ടും മൂന്നും ഭാഗം ജീവിതത്തില്‍

മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ മൂന്നാം ഭാഗം സംഭവിച്ചത്. സിനിമയിലെ കഥാപാത്രമായിരുന്ന ശീലാബതി മരണത്തിന് കീഴടങ്ങി

കോടികള്‍ മുടക്കിയെടുത്ത സിനിമകള്‍ തിയേറ്ററുകളില്‍ നിറഞ്ഞ കൈയ്യടികള്‍ വാങ്ങി രണ്ടും, മൂന്നും, നാലും ഭാഗങ്ങളില്‍ നമുക്ക് മുന്നില്‍ എത്തി വിസ്മയിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സാമ്പത്തിക ലാഭം ഒന്നും ഉണ്ടാകാതെയും, താരാരാധകരുടെ ആര്‍പ്പുവിളികളൊന്നും ഏറ്റുവാങ്ങാതെയും തിയേറ്റര്‍ വിട്ട ഒരു സിനിമയ്ക്ക് അഭ്രപാളികള്‍ക്ക് പുറത്ത് രണ്ടാം ഭാഗവും, മൂന്നാം ഭാഗവും ഉണ്ടായി. സിനിമയെന്നത് വിനോദോപാധി എന്നതില്‍ ഉപരി സാമൂഹിക പ്രതിബദ്ധതകൂടി ഉള്‍ക്കൊള്ളുന്നതാണെന്ന സങ്കല്‍പത്തിന് ഈ കാലഘട്ടത്തിലും പ്രസക്തിയുണ്ടെന്ന് തെളിയിക്കുകയായിരുന്നു, വലിയ ചിറകുള്ള പക്ഷികള്‍ എന്ന സിനിമയും, അതിന്റെ അണിയറ പ്രവര്‍ത്തകരും.

കാസറഗോഡന്‍ ഗ്രാമങ്ങളില്‍ ഉഗ്രന്‍ ശബ്ദത്തോടെ വലിയ ചിറകുവിടര്‍ത്തി വിഷമഴ പെയ്യിച്ച പക്ഷിയെ, ആ മഴയില്‍ നനഞ്ഞില്ലാതായിക്കൊണ്ടിരിക്കുന്ന ഒരു വലിയ കൂട്ടത്തെ, ലോകത്തിന് മുന്നില്‍ തുറന്നുവെച്ചുകൊണ്ടായിരുന്നു, സിനിമയുടെ ഒന്നാം ഭാഗം. എന്നാല്‍ സിനിമ പൂര്‍ത്തിയായിട്ടും മോക്ഷം കിട്ടാത്ത കഥാപാത്രങ്ങള്‍ ഈ നാട്ടില്‍ രണ്ടും മൂന്നും ഭാഗങ്ങള്‍ തീര്‍ത്തു. ജീവിതത്തിന്റെ നിറങ്ങള്‍ കെട്ടുപോയ സഹജീവികള്‍ക്കൊപ്പം ആ സിനിമകള്‍ക്ക് തിയേറ്ററില്‍ ഇന്നുവരെ കേള്‍ക്കാത്ത ശബ്ദത്തിലുള്ള കൈയ്യടികളോടെ ഈ നാട് സ്വീകരിച്ചു. അതിന് വികാരങ്ങളുടെ വേലിയേറ്റങ്ങള്‍ സാക്ഷ്യം വഹിച്ചു. ഒന്നാം ഭാഗത്തില്‍ കണ്ട നടന്‍ മാറി മനുഷ്യനായി രൂപാന്തരം പ്രാപിക്കുന്ന കാഴ്ചയിലാണ്, ഏതോ നാട്ടിലെ കഥയല്ല, ഇത് കണ്‍മുന്നില്‍ കാണുന്ന ജീവിതങ്ങളുടെ കഥയാണന്ന തിരിച്ചറിവിലാണ് സിനിമയുടെ രണ്ടും, മൂന്നും ഭാഗത്തിന്റെ ഇഴുകിച്ചേരല്‍.

2005ലാണ് വലിയ ചിറകുള്ള പക്ഷികള്‍ എന്ന സിനിമ തിയേറ്ററിലെത്തിയത്. ഒരു സിനിമയുടെ സ്വഭാവത്തേക്കാള്‍ ഡോക്യുമെന്ററിയായി തോന്നിയേക്കാവുന്ന സിനിമയുടെ ഷൂട്ടിംഗ് ഇടവേളകളിലും, സിനിമയുടെ ഷൂട്ടിംഗിന് ശേഷവുമായാണ്, വലിയ ചിറകുള്ള പക്ഷികള്‍ രണ്ടാം ഭാഗം സംഭവിച്ചത്. കാസറഗോഡ് പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടങ്ങള്‍ക്ക് നടുവില്‍ ഒരു കുഞ്ഞു വീടാണ് ലൊക്കേഷന്‍. ഒരു കട്ടിലിന്‍മേല്‍ ശീലാബതി കിടക്കുകയാണ്, ഒരു കുഞ്ഞിനെപോലെ..തീരേ നേര്‍ത്ത ശബ്ദത്തില്‍ തുളു ഭാഷയില്‍ തന്റെ ദുരന്തകഥ പറയുന്ന ശീലാബതിയെ കണ്ട് ഭാഷ കൃത്യമായി വശമില്ലാത്ത കുഞ്ചാക്കോ ബോബന്‍ കരയുകയാണ്. ഇടയ്ക്കിടെ കണ്ണ് നിറഞ്ഞ നടന്‍, ഷൂട്ടിംഗിന് ശേഷം ശീലാബതിയുടെ അമ്മയുടെ കാല് പിടിച്ച് കരയുന്നു. ഒട്ടും മുഴച്ചു നില്‍ക്കാത്ത, നാടകീയതയൊ അതിഭാവുകത്വമോ ഇല്ലാത്ത ആ രംഗങ്ങളും, പ്രേക്ഷകര്‍ കാണാത്ത അണിയറ പ്രവര്‍ത്തകരുടെ കണ്ണീരുമാണ് ഈ സിനിമയുടെ രണ്ടാം ഭാഗം.

മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ മൂന്നാം ഭാഗം സംഭവിച്ചത്. സിനിമയിലെ കഥാപാത്രമായിരുന്ന ശീലാബതി മരണത്തിന് കീഴടങ്ങി. അവര്‍ക്ക് വേണ്ടി മാത്രം ജീവിച്ച അമ്മ ദേവകി തനിച്ചായി. നാല്‍പതാണ്ടുകള്‍ സ്വന്തം മകളെ പൊന്നുപോലെ നോക്കിയ അമ്മയെ ഒറ്റക്കായിപ്പോകലിന്റെ ഭീകരത കാര്‍ന്നു തിന്നു തുടങ്ങും മുന്‍പേ വീണ്ടും അവിടെയെത്തിയ സംവിധായകന്‍. അമ്മയ്ക്ക് എല്ലാ മാസവും അയ്യായിരം രൂപ എത്തിച്ചു കൊടുക്കാന്‍ സന്നദ്ധനാകുന്ന നായക നടന്‍. നടന്‍ പറഞ്ഞേല്‍പ്പിച്ച കാര്യങ്ങള്‍ അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ അമ്മയോടും, കൂടിയിരിക്കുന്ന ആളുകളോടുമായി പറയുന്ന സംവിധായകന്‍. നന്മ വറ്റിയിട്ടില്ലാത്ത നൂറോളം പേരുടെ ഒത്തു ചേരല്‍. ആക്ഷനോ, കട്ടോ പറയാതെ നീണ്ടു, നീണ്ടു പോയ ഷോട്ടുകള്‍… ഗ്ലിസറിനെ പാടെ തിരസ്‌ക്കരിച്ച, ഹൃദയത്തില്‍ തൊട്ട ഏക്കങ്ങള്‍, നിലവിളികളുടെ മൗനത്തില്‍ ഊര്‍ന്നു വീഴുന്ന കണ്ണീര്‍ തുള്ളികള്‍. ഒരു ഫ്രെയ്മില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളെ കഥാപാത്രങ്ങളാക്കി നോവല്‍ രചിച്ച അംബികാസുതന്‍ മാങ്ങാടും, വലിയ ചിറകുള്ള പക്ഷികളുടെ സംവിധായകന്‍ ഡോക്ടര്‍ ബിജുവും ചേര്‍ന്ന് ശീലാബതിയുടെ കുഴിമാടത്തില്‍ ഒരു ഞാവല്‍ മരം നടുന്നു. ശീലാബതിയുടെ അമ്മ അതിന് വെള്ളമൊഴിക്കുന്നു. പിന്നെ അമ്മയ്ക്ക് ആഹാര സാധനങ്ങളും, പുതപ്പും… അങ്ങനെ അമ്മയ്ക്ക് സ്‌നേഹത്തില്‍ കുതിര്‍ന്ന സമ്മാനങ്ങള്‍ നല്‍കി, ഒറ്റയ്ക്കല്ലാ, കൂട്ടിന് ഞങ്ങളും, ഞങ്ങളുമുണ്ടെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് ഓരോരുത്തരും ഫ്രെയിമില്‍ നിന്നും ഇറങ്ങിപ്പോകുന്നു. ശീലാബതിയുടെ ചിത്രത്തിന് മുന്നില്‍ വീണ്ടും അമ്മ…

55കാരിയായ മകള്‍ക്ക് താങ്ങ് 80നോടടുത്ത അമ്മ; ശീലാബതിയുടെ ജീവിതം, ദേവകിയുടെയും

വലിയചിറകുള്ള പക്ഷികള്‍ എന്ന സിനിമ പോലെ, എന്‍ഡോസള്‍ഫാന്‍ വിഷയം പ്രതിപാദിച്ച നിരവധി ലേഖനങ്ങളും, ഡോക്യുമെന്ററികളും പോലെ ഇന്ന് അവിടെ നട്ട ഞാവല്‍ മരവും ഒരു ഡോക്യുമെന്റാണ്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ മേഖലകളില്‍ നിന്ന് പാടെ അപ്രത്യക്ഷമായിക്കൊണ്ടിക്കുന്ന കശുമാവിന്‍ തോട്ടങ്ങളും, അവിടെ ഇടം പിടിക്കുന്ന റബ്ബര്‍ കാടുകളും നാളത്തെ തലമുറയെ എന്‍ഡോസള്‍ഫാന്‍ ഒരു കെട്ടുകഥയോ എന്നു ചിന്തിപ്പിച്ചേക്കാം… ദുരന്തത്തിന്റെ തീവ്രതയത്രയും പേറി ജീവിക്കുന്ന ഇരകള്‍ ഓരോരുത്തരായി മരിച്ചു വീഴുമ്പോഴും ഇത് സംഭവിക്കാം. എത്ര ഉച്ചത്തില്‍ നിലവിളിച്ചിട്ടും, എത്ര അലറിക്കൊണ്ട് മുദ്രാവാക്യം വിളിച്ചിട്ടും അനങ്ങാത്ത ഭരണകൂടവും, കാസറഗോഡിന് ഒരു മെഡിക്കല്‍ കോളേജ് വേണ്ടെന്ന് തീരുമാനിച്ചവരും, എത്ര പേര്‍ മരണത്തിന് കീഴ്‌പ്പെടുന്നുവോ അത്രയും തുക കൊടുക്കേണ്ടിവരില്ലെന്ന് ആഗ്രഹിക്കുന്ന കീടനാശിനി കമ്പനിയും, എന്‍ഡോസള്‍ഫാന്‍ കെട്ടുകഥയോ എന്ന പ്രചരണവുമായി മുന്നോട്ട് പോകുന്ന കീടനാശിനിക്കമ്പനി ഏജന്റുമാരും കൂടി ചേരുമ്പോള്‍, ഇരകള്‍ വെറും കഥകള്‍ മാത്രമാകാനുള്ള സാധ്യത ഏറെയാണ്. അവിടെയും ഒരു ചെറുത്തു നില്‍പിന് നമുക്കീ സിനിമകള്‍ കൂടിയേ തീരൂ… മനുഷ്യത്വത്തിന്റെ നൂറായിരം കൈകള്‍ ഒരുമിച്ച് കൊട്ടിയ ഈ സിനിമകള്‍…

ഭരണകൂടമൊരുക്കിയ തടവറയില്‍ നിന്നും ശീലാബതി മോചിതയായി; കഥാപാത്രം യാത്രയാകുമ്പോള്‍ കഥാകാരന് പറയാനുള്ളത്

ദില്‍ന വികസ്വര

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍