UPDATES

‘നാട്ടിൽ കാലുകുത്തിയാൽ വെട്ടിക്കൊന്ന് റെയിൽവേ ട്രാക്കിലിടും’; ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ റേഡിയോ ജോക്കിയോട് കുടുംബം പറഞ്ഞതാണ്‌

കേരളത്തിലെ ആദ്യ ട്രാൻസ്‌ജെന്‍ഡര്‍ റേഡിയോ ജോക്കി അനന്യയ്ക്ക് സഹോദരന്റെ വധഭീഷണി

ദീഷ്‌ണ സി.

ദീഷ്‌ണ സി.

‘ഇനിയൊരിക്കൽ കൂടി നാട്ടിൽ കാലുകുത്തിയാൽ വെട്ടിക്കൊന്ന് റെയിൽവേ ട്രാക്കിലിടും’.ഇരുപത്തഞ്ചുകാരി അനന്യക്കെതിരെ വധഭീഷണി മുഴക്കിയിരിക്കുന്നത് മറ്റാരുമല്ല, സ്വന്തം സഹോദരൻ തന്നെയാണ്.സഹോദരന് വിവാഹാശംസകൾ അയച്ചതിന് പിന്നാലെയാണ് അനന്യയെത്തേടി വധഭീഷണി എത്തിയിരിക്കുന്നത്. ട്രാൻസ്ജെന്‍ഡർ ഐഡന്റിറ്റി സ്വീകരിച്ച കാലംതൊട്ട് കുടുംബത്തിൽ നിന്നും, പ്രത്യേകിച്ച് സഹോദരനും അവന്റെ രണ്ട് സുഹൃത്തുക്കളും ചേർന്ന് നിരന്തര വധഭീഷണിയും അശ്ലീല വാക്കുകളും തനിക്കെതിരെ ഉപയോഗിച്ച് കൊണ്ടിരിക്കുന്നതായും അനന്യ പരാതിപ്പെടുന്നു. 2011ൽ വീട് വിട്ടിറങ്ങുകയും കുടുംബവുമായുള്ള ബന്ധങ്ങളെല്ലാം അവസാനിപ്പിക്കുകയും ചെയ്‌തെങ്കിലും  തന്നോടുള്ള വിയോജിപ്പും പ്രതിഷേധവും വർഷമിത്ര കഴിഞ്ഞും വീട്ടുകാർ അവസാനിപ്പിച്ചിട്ടില്ലെന്ന് അനന്യ പറയുന്നു.

കേരളത്തിലെ ആദ്യ ട്രാൻസ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിയാണ് അനന്യ. റേഡിയോ മാംഗോയിൽ തുടക്കം കുറിച്ച ഇവർ, കുറേക്കാലം കോയമ്പത്തൂരിൽ മറ്റൊരു എഫ്.എം സ്റ്റേഷനിലും പ്രവർത്തിച്ചിട്ടുണ്ട്. റേഡിയോ ജോക്കി എന്നതിനൊപ്പം സ്റ്റേജ് ഷോകളും പ്രോഗ്രാമുകളും ചെയ്യുന്ന പ്രൊഫെഷണൽ അവതാരികയായും, പ്രശസ്ത സെലിബ്രിറ്റി മെയ്ക്ക് അപ്പ് ആർട്ടിസ്റ്റ് രെഞ്ജു രെഞ്ജിമാരിനൊപ്പം അസിസ്റ്റന്റ് മെയ്ക്ക് അപ്പ് ആർട്ടിസ്റ്റായും അനന്യ പ്രവർത്തിക്കുന്നു. അതിനെല്ലാമുപരി, കേരളത്തിലുടനീളം ഒട്ടനവധി ബ്രൈഡൽ പാക്കേജുകൾ ഏറ്റെടുത്ത് ഫ്രീലാൻസ് മെയ്ക്ക് അപ്പ് ആർട്ടിസ്റ്റ് എന്ന നിലയിലും കരിയർ മുന്നോട്ട് കൊണ്ടുപോകുന്നു. 2017ൽ നടന്ന ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെന്റർ സൗന്ദര്യ മത്സരമായ ‘ദ്വയ’യിലെ അവസാന പതിനഞ്ചു മത്സരാർത്ഥികളിൽ ഒരാളാവുകയും ബെസ്റ്റ് പബ്ലിക് ബിഹേവിയറിനുള്ള അവാർഡും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

കുടുംബത്തിന്റെ സാമീപ്യം ജീവിതത്തിലെ ഒരു വിഷമ ഘട്ടങ്ങളിലും തനിക്കൊപ്പം ഉണ്ടായിട്ടില്ലെന്നും, വളരെയധികം കഷ്ട്പ്പാടുകൾ സഹിച്ച് ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചേർന്നപ്പോൾ പ്രശ്നങ്ങളുമായി കുടുംബം മുന്നോട്ട് വരുന്നത് തന്റെ വ്യക്തി ജീവിതത്തിലും പ്രൊഫഷനിലും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുവെന്നും അനന്യ പറയുന്നു.

ഞാനൊരു ട്രാൻസ്ജെന്‍ഡര്‍ ആണ്. കൊല്ലം പെരുമൺ ആണ് സ്വദേശം. അച്ഛനും സഹോദരനും പ്രൈവറ്റ് ബസ്സുകളിലെ കണ്ടക്ടർമാരാണ്. എന്റെ ട്രാൻസ് ഐഡന്റിറ്റി വീട്ടുകാർ അംഗീകരിക്കാത്തതിനാലായിരുന്നു 2011ൽ വീടുവിട്ടിറങ്ങേണ്ടി വന്നത്. എന്നാൽ, രണ്ടു വർഷത്തിന് ശേഷം 2014ൽ കൊച്ചി പോലീസ് കെട്ടിച്ചമച്ച ഒരു കള്ളക്കേസിൽ ഞാനും പ്രതിചേർക്കപ്പെട്ടു. ജാമ്യത്തിലിറങ്ങാൻ വീട്ടുകാർ ആവശ്യമുണ്ട് എന്ന കർക്കശ സാഹചര്യം വന്നതിനാൽ മാത്രം വീണ്ടും അവരുമായി ബന്ധപ്പെടേണ്ടി വന്നു. അന്ന് പോലീസ് സ്റ്റേഷനിൽ വച്ച് അച്ഛനും അമ്മയും ഒരേപോലെ ആവശ്യപ്പെട്ടത്, ‘നീ മുടി വെട്ടണം, ആണിനെപ്പോലെത്തന്നെ ജീവിക്കണം’ എങ്കിൽ മാത്രമേ ജാമ്യത്തില്‍ ഇറക്കുകയുള്ളൂ എന്നാണ്. ജാമ്യം ലഭിക്കുക എന്നത് അത്ര നിർണായകമായതിനാൽ അന്നവർ എന്നോട് ചെയ്ത ദ്രോഹം കണ്ടുനിൽക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ. ഞാൻ അങ്ങേയറ്റം വെറുക്കുന്ന പുരുഷ രൂപത്തിലേക്ക് എന്നെ തിരിച്ചുകൊണ്ടുപോകാനായിരുന്നു അവരുടെ ശ്രമം. ജാമ്യം ലഭിച്ച ശേഷം വീട്ടിലേക്ക് തിരിച്ചു പോകാനും തുടർന്ന് 21 ദിവസത്തോളം പുറംലോകം കാണാതെ വീട്ടുതടങ്കലിൽ കഴിയാനും ഞാൻ നിർബന്ധിക്കപ്പെട്ടു. വളരെയധികം വിഷമിച്ച ദിവസങ്ങളായിരുന്നു അതെല്ലാം. എന്റെ മനസ്സിന്റെ നിയന്ത്രണം പോലും നഷ്ടപ്പെട്ടു. നല്ല സംസാരപ്രകൃതയായ എന്നെ, 21 ദിവസത്തെ ഇരുട്ട് മുറി ഭ്രാന്തിയാക്കി മാറ്റി. ഒരു ദിവസം എന്റെ കയ്യിൽനിന്നും വീണുപൊട്ടിയ പാത്രത്തെ ചൊല്ലി അച്ഛനും അമ്മയും സഹോദരനും, ഒപ്പം അയൽക്കാരനും നാട്ടിലെ പ്രധാന ക്രിമിനലുകളിലൊരാളുമായ ബിജുവും ചേർന്ന് ശാരീരികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എല്ലാത്തിനുമുപരി കെട്ടാലറയ്ക്കുന്ന വാക്കുകളും മറ്റുമുപയോഗിച്ച് അച്ഛനും അമ്മയും അടക്കമുള്ളവർ എന്നെ അപമാനിക്കുകയും ചെയ്യുകയുണ്ടായി. ഇതിലും ഭേദം ജയിൽ വാസമാണെന്ന് പോലും ആ ദിവസങ്ങളിൽ തോന്നിത്തുടങ്ങിയിരുന്നു. തുടർന്ന് വീണ്ടും വീടുവിട്ടിറങ്ങേണ്ടി വന്നു. പിന്നീട് ഒരുപാട് കഷ്ടപ്പെട്ടാണ് ഇന്നത്തെ ജീവിത സാഹചര്യത്തിലേക്ക് എത്താന്‍ സാധിച്ചത്. രണ്ടു വർഷമായി മെയ്ക്ക് അപ്പ് രംഗത്ത് ഞാൻ തിരക്കിലാണ്. രഞ്ജുവിന്റെ അസിസ്റ്റന്റായി സെലിബ്രിറ്റി മെയ്ക്ക് അപ്പ് ചെയ്യുന്നതിനോടൊപ്പം ഒരു ഫ്രീലാൻസർ എന്ന നിലയിൽ ബ്രൈഡൽ പാക്കേജുകളും ഏറ്റെടുത്ത് നടത്താറുണ്ട്. ഇപ്പോൾ കൊച്ചി ഇടപ്പള്ളിയിലാണ് താമസം.

ഇന്നും കേരളത്തില്‍ ജീവിക്കാന്‍ പേടി; മായാനദിയിലെ മേക് അപ്പ് ആര്‍ട്ടിസ്റ്റ് ട്രാന്‍സ്ജെന്‍ഡര്‍ അബീൽ റോബിൻ സംസാരിക്കുന്നു

2015ൽ വീടുവിട്ടിറങ്ങിയ ശേഷം ഇന്നുവരെ കുടുംബത്തെ ഒരു രീതിയിലും ബുദ്ധിമുട്ടിക്കുകയോ ബന്ധപ്പെടാൻ ശ്രമിക്കുകയോ ചെയ്തിരുന്നില്ല. വീട് വിട്ടിറങ്ങിയ ശേഷം എന്റെ അമ്മ പോലും ഞാനുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നില്ല എന്നതാണ് വാസ്തവം. അത്രയേറെ അവരെല്ലാം എന്റെ ട്രാൻസ് ഐഡന്റിറ്റിയെ വെറുത്തിരുന്നു. എങ്കിലും നാട്ടിലെ ചില സാമൂഹ്യപ്രവർത്തകരും മറ്റും എനിക്ക് പിന്തുണയുമായി കൂടെയുണ്ട്. കേരളത്തിലെ രണ്ടാമത്തെ വലിയ ചാരിറ്റബിൾ ട്രസ്റ്റ് ആയ ‘തണൽ’ സ്ഥിതി ചെയ്യുന്നത് എന്റെ നാട്ടിലാണ്. അവർ പുതുതായി ആരംഭിക്കാൻ പോകുന്ന ‘തണൽ ലൈബ്രറി’യുടെ കേരളത്തിലുടനീളമുള്ള പുസ്തക ശേഖരണത്തിനായി LGBT കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് പ്രവർത്തനത്തിനിറങ്ങുന്നത് ഞാനാണ്.

ജീവിതം ഇങ്ങനെയെല്ലാം എത്തി നിൽക്കുന്ന അവസരത്തിലാണ് ചേട്ടനും സുഹൃത്തുക്കളും വധഭീഷണിയുയർത്തി വീണ്ടും എന്റെ നേർക്ക് തിരിഞ്ഞ സാഹചര്യമുണ്ടായിരിക്കുന്നത്. ഈ മാസം 20ന് നടക്കാൻ പോകുന്ന ചേട്ടന്റെ വിവാഹം നാട്ടുകാർ പറഞ്ഞ് അറിയേണ്ടി വന്ന ഹതഭാഗ്യയായ ഒരു സഹോദരിയാണ് ഞാൻ. വിവാഹത്തെക്കുറിച്ച് എന്നെ അറിയിക്കുകയോ ക്ഷണിക്കുകയോ ചെയ്തില്ലെങ്കിലും, വിവാഹാസംശകൾ നേർന്നുകൊണ്ട് ഞാനവന് ഒരു വാട്‌സ്ആപ്പ് സന്ദേശമയച്ചു. ഒരു കൂടപ്പിറപ്പിന്റെ കല്യാണത്തിനായി എനിക്ക് ചെയ്യാൻ സാധിച്ചത് അത്ര മാത്രമായിരുന്നു. തുടർന്ന്, സഹോദരന്റെ നമ്പറിൽ നിന്നും കോൾ വരുകയും, എന്നെ സ്ഥിരമായി ഭീഷണിപ്പെടുത്താറുളള നാട്ടിലെ പ്രമുഖ ക്രിമിനലുകളും ചേട്ടന്റെ സുഹൃത്തുകളുമായ ബിജു, വിജി എന്നിവർ ചേർന്ന് വീണ്ടും ഭീഷണിയുയർത്തുകയും ചെയ്തു. എല്ലാത്തിനും അവർക്കൊപ്പം എന്റെ സഹോദരനുമുണ്ടായിരുന്നു. കല്യാണത്തിന് ഞാൻ വരുമെന്ന് പറഞ്ഞിരുന്നില്ല എങ്കിലും, അത്തരം കാര്യങ്ങളെ മുൻനിർത്തിയായിരുന്നു അവർ സംസാരിച്ചത്. എന്നെയും, വിവാഹത്തെക്കുറിച്ച് എന്നെ അറിയിച്ച വ്യക്തിയെയും കൊല്ലണമെന്നതാണ് അവരുടെ ആവശ്യം. അശ്ലീല പദങ്ങളും തെറികളും മാത്രമായിരുന്നു അരമണിക്കൂർ സമയം എനിക്ക് കേൾക്കേണ്ടി വന്നത്. വെട്ടിക്കൊന്ന് റെയിൽവേ ട്രാക്കിലിടും എന്ന് പറഞ്ഞതിനോടൊപ്പം ‘നിന്റെ അമ്മയെന്ന് പറയുന്ന അവളെയും കൊന്ന് കടലിലെറിയു’മെന്ന് ബിജുവും വിജിയും എന്നോട് പറഞ്ഞു. എന്റെ സഹോദരൻ കേൾക്കെ, അമ്മക്കെതിരെ ഭീഷണിയുയർത്താൻ അവർക്ക് ധൈര്യം വന്നെങ്കിൽ ആ വീട്ടിൽ എന്റെ അമ്മയുടെ സ്ഥാനം എത്ര ദയനീയമായിരിക്കുമെന്ന് ഊഹിക്കാം.

ട്രാന്‍സ്ജെന്‍ഡര്‍ മുക്ത കൊച്ചിയാക്കുമെന്ന് പോലീസ്; ഇതാണോ ട്രാന്‍സ് നയം? സര്‍ക്കാര്‍ പറയണം

ഇത്രയധികം ഭീഷണിയുയർന്ന സാഹചര്യത്തിൽ എനിക്ക് ജോലിയിൽ ശ്രദ്ധിക്കാൻ പോലും സാധിക്കുന്നില്ല. ഞാൻ എങ്ങനെ സമാധാനമായി ജീവിക്കും? ജോലിയുടെ ആവശ്യങ്ങൾക്ക് ഇനിയും ഒരുപാട് തവണ എനിക്ക് കൊല്ലത്ത് പോകേണ്ടി വരും. എന്നെ കാണുന്ന നിമിഷം കൊല്ലാൻ കാത്തിരിക്കുന്ന സഹോദരനും സുഹൃത്തുക്കളുമുള്ള നാട്ടിലേക്ക് വീണ്ടും എങ്ങനെ ധൈര്യത്തോടെ കടന്നുചെല്ലും?

ഒരു വിധത്തിലും ജീവിക്കാൻ അനുവദിക്കാത്ത സാഹചര്യത്തിലാണ് നിയമപരമായി സഹോദരനെയും സുഹൃത്തുക്കളെയും നേരിടാനാണ് തീരുമാനം. കൊല്ലം എസ്.പി അജിത ബീഗം ഐപിഎസിനും സിറ്റി പൊലീസ് കമ്മീഷണർക്കും, കൊല്ലത്തെ എന്റെ വീടുൾപ്പെടുന്ന പ്രദേശത്തെ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലും പരാതി നൽകാനാണ് തീരുമാനം. എസ്.പി അജിത ബീഗം ഇതിനകം എനിക്ക് നിരവധി സഹായങ്ങൾ ചെയ്തു തരുകയും ഒരു ട്രാൻസ്ജെന്‍ഡര്‍ എന്ന നിലയിൽ ഒരുപാട് പരിഗണന തരുകയും ചെയ്ത ആളാണ്. കേരളാ സ്റ്റേറ്റ് ട്രാൻസ്ജെന്‍ഡര്‍ ജസ്റ്റിസ് ബോർഡ് എന്ന സംഘടനയുടെ എല്ലാ വിധ പിന്തുണയും എനിക്കൊപ്പമുണ്ട്. നിയമ സഹായങ്ങള്‍ക്കൊപ്പം സോഷ്യൽ മീഡിയ അടക്കമുള്ള മാധ്യമങ്ങളുടെ ഇടപെടലും ലഭിച്ചെങ്കിൽ മാത്രമേ എനിക്ക് സ്വാതന്ത്ര്യത്തോട് കൂടെ ജീവിക്കാൻ സാധിക്കുകയുള്ളു.

ട്രാന്‍സ്ജന്‍ഡേഴ്‌സിനെതിരെ വീണ്ടും കൊച്ചി പോലീസിന്റെ സദാചാര ഗുണ്ടായിസം; സര്‍ക്കാര്‍ അറിയുന്നുണ്ടോ?

മറ്റൊരു ട്രാൻസ്ജെന്‍ഡെറിനും ഇത്ര ഭയപ്പാടോടുകൂടി ജീവിക്കേണ്ട സാഹചര്യമുണ്ടാകരുത്. കുടുംബത്തിൽ നിന്നുമുള്ള പിന്തുണയാണ് ഒരു വ്യക്തിയെ ആത്മവിശ്വാസമുള്ളവനാക്കുന്നത്. എന്നാൽ ലോകത്തെവിടെയെല്ലാം ട്രാൻസ്ജെന്‍ഡര്‍ ജീവിതങ്ങളുണ്ടോ, അവരെല്ലാം കുടുംബത്തിൽ നിന്നും പുറത്താക്കപ്പെട്ടവരായിരിക്കും. പൂർണമായും സ്ത്രീയോ പുരുഷനോ അല്ല എന്നൊരു കാരണം കൊണ്ട് മാത്രം അവർ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നു. ഇതിനെല്ലാമെതിരെ എന്റെ അനുഭവം മുൻനിർത്തി എന്നാലാവുന്ന കാര്യങ്ങൾ ചെയ്യണം എന്ന നിലയ്ക്കാണ് ഇപ്പോൾ നിയമസഹായം തേടുന്നത്. പല കുടുംബങ്ങൾക്കും, ഭീഷണിയുയർത്തുന്ന ഓരോ സഹോദരന്മാർക്കും ഇതൊരു പാഠമായിരിക്കണം.

കോടതിയില്‍ നല്‍കാന്‍ കരമടച്ച രസീതോ, ആധാരമോ ഇല്ല; ജയിലില്‍ നിന്നിറങ്ങാനാവാതെ ട്രാന്‍സ്ജന്‍ഡേഴ്‌സായ കുക്കുവും ഭൂമികയും

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍