UPDATES

ട്രെന്‍ഡിങ്ങ്

മുജാഹിദ് പ്രസ്ഥാനം മതേതരത്വത്തിന് ഭീഷണിയാണെന്ന് പറയുന്നത് ആശയപരമായ സത്യസന്ധതയില്ലായ്മയാണ്

ഒരു മഖ്ബറ പൊളിക്കുകയെന്നാല്‍ മുസ്ലിം സമൂഹം സൃഷ്ടിച്ച മതേതര ഇടം ഇല്ലാതാക്കുക എന്നാണെന്ന പ്രസ്താവന തെറ്റായി പോകുന്നത് പൊളിച്ചത് ആരെന്നും എന്തിനെന്നും ഉള്ള കാര്യത്തില്‍ വ്യക്തത കുറയുന്നതിനാലാണ്

നാടുകാണി റോഡിലെ ശവകുടീരം (മഖ്ബറ) പൊളിച്ചതുമായി ബന്ധപ്പെട്ട് അവാസ്തവമായ പ്രചാരണങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. 2017 സെപ്തംബര്‍ എട്ടിന് രാത്രി നടന്ന സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെയായി പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. എന്നിട്ടും നാല് മുജാഹിദ് പ്രവര്‍ത്തകര്‍ അറസ്റ്റിലായതായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. 2009ല്‍ ഇതേ മഖ്ബറ പൊളിക്കാന്‍ ശ്രമമുണ്ടായിരന്നു. അന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്നത്തെ വാര്‍ത്തയാണ് ഇപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

2009-ല്‍ മുഹമ്മദ് സാലിഹ് മഖാം തകര്‍ക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ കേരളത്തിലെ ഭിന്നിച്ചു നില്‍ക്കുന്ന മുജാഹിദ് സംഘടനകളുമായി ഏതെങ്കിലും തരത്തില്‍ ബന്ധം ഉള്ളവരായിരുന്നില്ല. അവര്‍ സംഘടനാരഹിതരും തീവ്രസലഫീ ആശയം വെച്ചു പുലര്‍ത്തുവരുമായിരുന്നു. 2009ലെ മഖാം തകര്‍ക്കല്‍ ശ്രമത്തില്‍ കാര്യമായ കേടുപാടുകളൊന്നും മഖാമിന് സംഭവിച്ചിരുന്നില്ല. കോണ്‍ക്രീറ്റ് നിര്‍മ്മിതിക്ക് മേല്‍ പിക്കാസ് കൊണ്ട് കൊത്തിയാല്‍ സംഭവിക്കാവുന്ന നേരിയ ക്ഷതം മാത്രമാണ് അതിന് ഉണ്ടായത്. സംഭവത്തോടെ മഖാമിന്റെ പ്രശസ്തി വര്‍ധിച്ചു. തുടര്‍ന്ന് ആനമറിയിലെ ഇര്‍ശാദുല്‍ മുസ്ലിമീന്‍ സംഘം മഖാമിന്റെ പരിപാലനം ഏറ്റെടുക്കുകയുണ്ടായി.

2017 സെപ്തംബര്‍ എട്ടിനുണ്ടായ മഖാം തകര്‍ക്കല്‍ ശ്രമത്തില്‍ ഇര്‍ശാദുല്‍ മുസ്ലിമീന്‍ സംഘമാണ് പരാതിക്കാര്‍. പരാതിയില്‍ കേസെടുത്ത് വഴിക്കടവ് പോലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. മഖാം തകര്‍ക്കുക എന്നതിനെക്കാള്‍ നേര്‍ച്ചക്കുറ്റി പൊളിക്കുന്നതിനാണ് അക്രമികള്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. സംഭവത്തിന് പിന്നില്‍ മോഷ്ടാക്കളാകാനും സാധ്യതയുണ്ട്. സംഭവ സ്ഥലത്ത് മുളക് പൊടി വിതറിയിരുന്നു എന്നത് ആ സാധ്യതയെ ബലപ്പെടുത്തുന്നതാണ്. അക്കാര്യങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥരാണ് കൃത്യമായ വിശദീകരണം നല്‍കേണ്ടത്.

നാടുകാണിയിലെ മഖ്ബറ തകര്‍ക്കാനുളള ശ്രമത്തിന്റെ പിന്നാലെ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം എന്നും ഇസ്ലാഹി പ്രസ്ഥാനം എന്നും അറിയപ്പെടുന്ന മുസ്ലിം പുരോഗമന പ്രസ്ഥാനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള ബോധപൂര്‍വ്വമായ നീക്കങ്ങള്‍ നടന്നു വരുന്നുണ്ട്. കേരള മുസ്ലിംകളുടെ വികാസത്തിന്റെ ചരിത്രത്തെ പാടെ തിരസ്‌കരിച്ചു കൊണ്ട് പുതിയ കഥകളിലൂടെയും, ഊഹങ്ങളിലൂടെയുമാണ് അപകീര്‍ത്തി പ്രസ്താവനകള്‍ നടന്നു കൊണ്ടിരിക്കുന്നത്. വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെയും കെ എം മൗലവിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട കേരള മുസ്ലിം ഐക്യസംഘമാണ് കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ആദ്യ രൂപം. മതകാര്യങ്ങളില്‍ മുന്‍ഗാമികളുടെ പാത പിന്തുടരുന്നതിനാല്‍ സലഫികള്‍ എന്നും അവര്‍ അറിയപ്പെട്ടു. സലഫുകള്‍ എന്ന അറബി പദത്തിന് മുന്‍ഗാമികള്‍ എന്നേ അര്‍ഥമുള്ളൂ.

ഒരു മഖ്ബറ പൊളിക്കുകയെന്നാല്‍ മുസ്ലീം സമൂഹം സൃഷ്ടിച്ച ഒരു മതേതര ഇടം ഇല്ലാതാക്കുക എന്നാണ്

കേരളത്തിലെ മുസ്ലിം പുരോഗമന പ്രസ്ഥാനം വളര്‍ന്നു വന്നത് അന്ധവിശ്വാസത്തിന്റെയും, അനാചാരങ്ങളുടെയും കേന്ദ്രമായ ജാറങ്ങളും, മഖാമുകളും തല്ലിത്തകര്‍ത്തു കൊണ്ടല്ല. അവയ്ക്കെതിരെ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചാണ്. വിശ്വാസത്തിന്റെയും അന്ധവിശ്വാസത്തിന്റെയും തോത് എങ്ങനെയാണ് അളക്കുക? ഓരോ മതത്തിലെയും വിശ്വാസവും അന്ധവിശ്വാസവും വേര്‍തിരിക്കുന്നത് ആ മതത്തിനകത്തെ ഏകകങ്ങള്‍ ഉപയോഗിച്ചാണ്. ഇസ്ലാമിനകത്ത് അതിന് ഉപയോഗിക്കുന്നത് മതപ്രമാണങ്ങളാണ്. വിശുദ്ധഗ്രന്ഥമായ ഖുര്‍ആനും, പ്രവാചകന്റെ അധ്യാപനങ്ങളുമാണ് ഇസ്ലാമില്‍ പ്രമാണങ്ങളായി നിലകൊള്ളുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് മുജാഹിദ് പ്രസ്ഥാനം അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിച്ചിട്ടുള്ളത്.

കേരളത്തിലെ പ്രധാനപ്പെട്ട മുസ്ലിം നേര്‍ച്ചകളില്‍ ഒന്നാണ് കോഴിക്കോട് ഇടിയങ്ങരയിലെ അപ്പവാണിഭ നേര്‍ച്ച. പ്രദേശത്തെ മുസ്ലിംകള്‍ ഭൂരിപക്ഷവും മുജാഹിദ് ആദര്‍ശം പിന്തുടരുന്നവരാണ്. എന്നിട്ടും അവിടെ ജാറവും നേര്‍ച്ചയും യാതൊരു തരത്തിലുള്ള സംഘര്‍ഷവുമില്ലാതെ ഇന്നും നടന്നു വരുന്നുണ്ട്. ഇക്കാര്യങ്ങളെ കുറിച്ച് വളരെ വിശദമായ പഠനം തന്നെ ഫിലിപ്പോ ഒസെല്ലയും, കരോളിന്‍ ഒസെല്ലയും ചേര്‍ന്ന് നടത്തിയിട്ടുണ്ട്. Islamism and Social Reform in Kerala, South India (2007) എന്ന പഠനം വായിച്ചു നോക്കിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ ബോധ്യപ്പെടും. ഇംഗ്ലണ്ടില്‍ യൂനിവേഴ്സിറ്റി ഓഫ് സസെക്സിലെ ആന്ത്രപ്പോളജി ഡിപ്പാര്‍ട്ട്മെന്റാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നേര്‍ച്ചകളോടും, മറ്റ് ആഘോഷങ്ങളോടും കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം സ്വീകരിച്ച നിലപാട് ആ പഠനത്തില്‍ വിശദമാക്കുന്നുണ്ട്. കേരളത്തിലെ മുസ്ലിംകളെ ആധുനികതയുമായും, ജനാധിപത്യരാഷ്ട്രീയവുമായും ചേര്‍ത്തു നിര്‍ത്തിയ പ്രസ്ഥാനത്തെ വിമര്‍ശിക്കുമ്പോള്‍ ആ വിമര്‍ശങ്ങള്‍ക്ക് അക്കാദമിക് പഠനങ്ങളുടെയും ചരിത്രവസ്തുതകളുടെയും രേഖകളുടെയും പിന്‍ബലം ഉണ്ടാകുന്നത് നല്ലതാണ്.

കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ പ്രധാനമായും അടയാളപ്പെട്ടു കിടക്കുന്ന പേരുകള്‍ ഇ മൊയ്തു മൗലവി, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാര്‍ എന്നിവരുടെതാണ്. കേരള നിയമസഭാ സ്പീക്കറായിരുന്ന കെ എം സീതി സാഹിബ് ഉള്‍പ്പെടെയുള്ള ഒരു നിര കോണ്‍ഗ്രസ് നേതാക്കള്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മുസ്ലിം ലീഗ് നേതാക്കളായി. അവരും ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. അവരെല്ലാം കേരള മുസ്ലിം ഐക്യസംഘത്തിന്റെ അനുഭാവികളോ പ്രവര്‍ത്തകരോ ആയിരുന്നുവെന്ന് ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നു.

മലപ്പുറം ജില്ലയില്‍ നേര്‍ച്ചവിരുദ്ധരും, ജാറനിര്‍മ്മിതികളോട് എതിര്‍പ്പ് പുലര്‍ത്തുന്നവരുമായ മുജാഹിദ് മുസ്ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ ഒന്നാണ് മങ്കട. മങ്കടയിലും പരിസരങ്ങളിലും ജാറങ്ങളോ നേര്‍ച്ചകളോ ഇല്ല. അവിടത്തെ ഹിന്ദു- മുസ്ലിം സാഹോദര്യത്തിന്റെ കഥ ഉജ്വലമാണ്. മങ്കടയിലെ കര്‍ക്കടകം ജുമാമസ്ജിദ് നില്‍ക്കുന്നത് മങ്കട കോവിലകം നല്‍കിയ സ്ഥലത്താണ്. മങ്കട പുതിയ മാണിക്യേടത്ത് ശിവപാര്‍വ്വതി ക്ഷേത്രം നില്‍ക്കുന്നത് മുസ്ലിം തറവാടായ തയ്യില്‍ കുടുംബത്തിന്റെ സ്ഥലത്താണ്. പ്രഫസര്‍ മങ്കട അബ്ദുല്‍ അസീസ് മൗലവിയുടെ സഹോദരി മറിയം ഹജ്ജൂമ്മയാണ് ആ സ്ഥലം ക്ഷേത്രത്തിന് സംഭാവന ചെയ്തത്. മുജാഹിദ് പ്രസ്ഥാനത്തിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റും, എം ഇ എസ് കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു മങ്കട അബ്ദുല്‍ അസീസ് മൗലവി. അദ്ദേഹം ചന്ദ്രികയുടെ ചീഫ് എഡിറ്ററുമായിരുന്നു. ഇതിലപ്പുറം ഹിന്ദു-മുസ്ലിം സാഹോദര്യത്തെ എങ്ങനെ ആവിഷ്‌കരിക്കണം? ഇക്കാര്യങ്ങളെല്ലാം ‘പാര്‍ലമെന്റ് കൈയടിച്ച മൗലവിയുടെ മലപ്പുറം’ (സി പി സൈതലവി, 2017 ഓഗസ്റ്റ് 12, ചന്ദ്രിക ദിനപത്രം.) എന്ന ലേഖനത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

കേരളത്തിലെ മുസ്ലിം പരിഷ്‌കരണ പ്രസ്ഥാനം മുസ്ലിംകളെ മുഖ്യധാരാ രാഷ്ട്രീയത്തോട് എങ്ങനെ അടുപ്പിച്ചു നിര്‍ത്തിയെന്നറിയാന്‍ ചില ജീവചരിത്ര ഗ്രന്ഥങ്ങള്‍ വായിച്ചു നോക്കുന്നത് നല്ലതാണ്. എന്‍ വി അബ്ദുസ്സലാം മൗലവി (പി മുഹമ്മദ് കുട്ടശ്ശേരി, ഗ്രെയ്സ് ബുക്സ്), അബുസ്സബാഹ് അഹമ്മദലി മൗലവി (പി മുഹമ്മദ് കുട്ടശ്ശേരി, ഗ്രെയ്സ് ബുക്സ്), കെ എം മൗലവി (കെ കെ മുഹമ്മദ് അബ്ദുല്‍ കരീം, യുവത ബുക്ക് ഹൗസ് കോഴിക്കോട്), കെ എം സീതി സാഹിബ് (പി ഖാലിദ്, ഗ്രെയ്സ് ബുക്സ്) എന്നിവയാണ് അവ. മുഖ്യധാരാ രാഷ്ട്രീയത്തോട് കേരളത്തിലെ മുസ്ലിംകള്‍ ചേര്‍ന്ന് നിന്നതാണ് കേരളത്തിലെ മുസ്ലിംകളെ മതേതരരാക്കി നിലനിര്‍ത്തുതില്‍ നിര്‍ണ്ണായകമായത്.

ഒരു മഖ്ബറ പൊളിക്കുകയൊല്‍ മുസ്ലിം സമൂഹം സൃഷ്ടിച്ച ഒരു മതേതര ഇടം ഇല്ലാതാക്കുക എന്നാണ് എന്ന പ്രസ്താവന തെറ്റായി പോകുന്നത് പൊളിച്ചത് ആരെന്നും, എന്തിനെന്നും ഉള്ള കാര്യത്തില്‍ വ്യക്തത കുറയുന്നതിനാലാണ്. മതേതര ഇടം നിലനില്‍ക്കുന്നത് നേര്‍ച്ചകളിലൂടെ മാത്രമാണ് എന്ന ഫാന്റസികള്‍ക്കപ്പുറം ചിന്ത വളരാത്തത് കൊണ്ട് കൂടിയാണ് മേല്‍ പ്രസ്താവനകള്‍ വസ്തുതാ വിരുദ്ധമാകുന്നത്. കേരളത്തിലെ മുസ്ലിം സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ ചരിത്രം അനേകം ഗ്രന്ഥങ്ങളിലും, പഠനങ്ങളിലുമായി വായനക്കാര്‍ക്ക് മലയാളത്തിലും ഇംഗ്ലീഷിലുമായി ഇന്ന് ലഭ്യമാണ്. എന്നിട്ടും ഊഹങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം മതേതരത്വത്തിനും സാമൂഹ്യജീവിതത്തിനും ഭീഷണിയാണെന്ന് സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത് ആശയപരമായ സത്യസന്ധതയില്ലായ്മയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ടി. റിയാസ് മോന്‍

ടി. റിയാസ് മോന്‍

എഴുത്തുകാരന്‍, സാമൂഹ്യപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍