UPDATES

കേരളം ഇന്ന്: ദീപ നിശാന്തിനെതിരെ സംഘപരിവാര്‍; കെ.പി രാമനുണ്ണിക്കെതിരെ ഇസ്ലാമിസ്റ്റുകള്‍

പൊതുസമൂഹത്തില്‍ പുരോഗമന നിലപാട് സ്വീകരിക്കുന്നവരെയും സാമൂഹ്യ വിഷയങ്ങളില്‍ സ്വതന്ത്ര നിലപാട് എടുക്കുന്നവരെയും അപകീര്‍ത്തിപ്പെടുത്തുന്നതും വധഭീഷണി ഉയര്‍ത്തുന്നതും അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി

രണ്ട് എഴുത്തുകാര്‍ക്ക് നേരെയുണ്ടായ വര്‍ഗ്ഗീയവാദികളുടെ ഭീഷണിയാണ് ഇന്ന് സാംസ്‌കാരിക കേരളം ചര്‍ച്ച ചെയ്യുന്നത്. കേരള വര്‍മ്മ കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ സൂഫി പറഞ്ഞ കഥയുടെ എഴുത്തുകാരന്‍ കെ.പി രാമനുണ്ണിയ്ക്കും നേരെയാണ് ഭീഷണി.

ദീപയ്ക്ക് നേരെയുയര്‍ന്നിരിക്കുന്ന ഭീഷണി ഏറെ നാളായി സംഘപരിവാറിന് അവരുടെ പ്രവര്‍ത്തനങ്ങളിലുള്ള അസഹിഷ്ണുതയാണെങ്കില്‍ ഇസ്ലാം മതത്തെക്കുറിച്ച് എഴുതിയ ലേഖനങ്ങളാണ് കെ.പി രാമനുണ്ണിയെ വര്‍ഗ്ഗീയവാദികളുടെ ഹിറ്റ്‌ലിസ്റ്റില്‍ ഇടംപിടിപ്പിച്ചിരിക്കുന്നത്. മുമ്പ് കേരള വര്‍മ്മ കോളേജില്‍ എസ്എഫ്‌ഐ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിവലും അതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ദീപ സംഘപരിവാര്‍ വിരുദ്ധ നിലപാട് സ്വീകരിക്കുകയും ചെയ്തപ്പോള്‍ മുതലാണ് അവര്‍ വര്‍ഗ്ഗീയവാദികളുടെ നിരന്തര ആക്രമണത്തിന് ഇരയാകാന്‍ ആരംഭിച്ചത്.

അടുത്തിടെ കോളേജില്‍ എസ്.എഫ്.ഐ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ എം.എഫ് ഹുസൈന്റെ വിഖ്യാതമായ സരസ്വതി പെയിന്റിംഗ് ഉള്‍പ്പെടുത്തി ഫ്‌ളക്‌സ് സ്ഥാപിച്ചതോടെയാണ് സംഘപരിവാര്‍ വീണ്ടും ഈ അധ്യാപികയ്ക്ക് നേരെ വാളോങ്ങിയിരിക്കുന്നത്. എസ്എഫ്‌ഐ സ്ഥാപിച്ച ഫ്‌ളക്‌സിനെതിരെ ഉറഞ്ഞുതുള്ളിയ സംഘപരിവാറിന്റെ പ്രവര്‍ത്തിയെ വിമര്‍ശിച്ച് ദീപ അഭിപ്രായം എഴുതിയതാണ് വിഷയം ദീപയിലേക്ക് തിരിച്ചുവിടാന്‍ കാരണമായത്. ഗുരുതരവും വളരെ മോശപ്പെട്ടതുമായ സൈബര്‍ ആക്രമണമാണ് അതിന് ശേഷം ഇവര്‍ക്ക് നേരെയുണ്ടായത്. ഒരു നഗ്നചിത്രത്തില്‍ ദീപയുടെ തല ഫോട്ടോഷോപ്പ് ചെയ്ത് ചേര്‍ത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ‘ഇത് ഞാന്‍ വിശ്വസിക്കുന്ന എന്റെ ദേവി. ഈ ദേവിയ്ക്ക് എന്റെ ദീപ ടീച്ചറുടെ മുഖച്ഛായയാണ്. എന്റെ ടീച്ചറെ ഞാന്‍ ദേവിയെ പോലെയാണ് കാണുന്നത്. ഇത് എന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം’ എന്നാണ് ഈ ചിത്രത്തിനൊപ്പം കൊടുത്തിരുന്ന വാക്കുകള്‍. ഇതിന് താഴെ കമന്റുകളായി പല മോശം പ്രയോഗങ്ങളും ഇവര്‍ക്കെതിരെ ഉപയോഗിക്കപ്പെട്ടു.

read more:ദീപ നിശാന്ത് നിയമനടപടിക്ക്; ഇന്ത്യയും ഹിന്ദുമതവും ഇവരുടെയാരുടേയും കുത്തകയല്ല; തളര്‍ന്നിരിക്കാന്‍ ഒരുക്കവുമല്ല

എന്നാല്‍ ഇതിനെതിരെ ശക്തമായ മറുപടിയാണ് ദീപ നിശാന്ത് നല്‍കിയത്. മറ്റൊരാളുടെ നഗ്നമായ ഉടലില്‍ തലവെട്ടി ഒട്ടിച്ചതുകൊണ്ട് ഹൃദയം നൊന്ത് സ്വയം തീകൊളുത്തുകയോ ഉത്തരത്തില്‍ സ്വന്തം ശരീരം കൊളുത്തിയിടുകയോ ചെയ്യേണ്ടി വന്നിരുന്ന പാവം പെണ്‍കുട്ടികളുടെ കാലം കഴിഞ്ഞെന്നാണ് ദീപ ഇവര്‍ക്ക് നല്‍കിയ മറുപടി. കൂടാതെ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി പരാതികൊടുത്ത് രണ്ടാം ദിവസം കൂളായി ജോലിയ്ക്ക് ചെന്ന് ചെയ്തവനെയും ചെയ്യിച്ചവനെയും നാടുമുഴുവന്‍ കൊണ്ടുനടന്ന് പഴനിയ്ക്ക് നോമ്പെടുത്തവരെപ്പോലെ തെണ്ടിക്കുന്ന കാലമാണിതെന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു. കൂടാതെ ചുമ്മാ ഫോട്ടോ മോര്‍ഫ് ചെയ്തതേയുള്ളെന്ന് കരുതി വീട്ടിലിരിക്കാമെന്ന് കരുതണ്ടെന്നും അവര്‍ മുന്നറിയിപ്പ് കൊടുത്തിരുന്നു. വരേണ്ടവര്‍ താമസിയാതെ വീട്ടിലെത്തുമെന്നാണ് ദീപ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. കലയിലെ സ്വാതന്ത്ര്യമല്ല ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയെ വച്ച് കളിക്കുന്നതെന്ന് നിങ്ങള്‍ക്ക് താമസിയാതെ മനസിലായിക്കോളും എന്നും ഇതിനെതിരെ പരാതി നല്‍കുന്നുണ്ടെന്നും സംഘപരിവാറിന് ദീപ മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ വിഷയം അവിടംകൊണ്ടും തീരുന്നതല്ലായിരുന്നു. ദീപയെ ശാരീരികമായി കൈകാര്യം ചെയ്യണമെന്ന ആഹ്വാനം ചെയ്തുകൊണ്ട് കേരള ഹിന്ദു രക്ഷാ സേന എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ കേസിന്റെ ഗൗരവം വര്‍ദ്ധിച്ചു. ഇതിനെതിരെ ഇന്നലെ അവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ക്ലോസ്ഡ് ഗ്രൂപ്പായ കേരള ഹിന്ദു രക്ഷാ സേനയില്‍ നിന്നും സഖാവ് മനു എന്നയാളാണ് ഈ പോസ്റ്റ് പുറത്തുവിട്ടത്. സൈബര്‍ ആക്രമണത്തിനെതിരെ ദീപ നല്‍കിയ പരാതി തങ്ങള്‍ക്ക് നിസാരമാണെന്ന വിധത്തിലാണ് അനില്‍കുമാര്‍ യസീദി എന്നയാള്‍ പോസ്റ്റിട്ടിരിക്കുന്നത്. ദീപയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയോ നല്ലൊരു മുറിവ് ഏല്‍പ്പിക്കുകയോ ചെയ്‌തെന്നുവച്ച് വധശിക്ഷയൊന്നും കിട്ടില്ലെന്നാണ് പോസ്റ്റില്‍ പറയുന്നത്. കൂടിപ്പോയാല്‍ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യും. ഫോട്ടോ മോര്‍ഫ് ചെയ്താലും അത്രയൊക്കെയേ ഉണ്ടാകൂവെന്നും പോസ്റ്റില്‍ പറയുന്നു. ദീപയുടെ കുടുംബാംഗങ്ങള്‍ക്ക് നേരെയും മക്കള്‍ക്ക് നേരെയും ആക്രമണം നടത്തണമെന്നാണ് മറ്റൊരു ആഹ്വാനം. പഠിക്കുന്ന കുട്ടികളെ ശാരീരികമായി അല്ലെങ്കില്‍ മാനസികമായി പീഡിപ്പിക്കണമെന്നാണ് ആവശ്യം. മാതാപിതാക്കളെ പെരുവഴിയില്‍ തുണിയഴിച്ച് അപമാനിക്കണം. നൂറു രൂപയ്ക്ക് വേണ്ടി ആരെയും കൊല്ലാന്‍ തയ്യാറുള്ള ബിഹാറികള്‍ ഈനാട്ടിലുണ്ടെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഈ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് കെ.പി രാമനുണ്ണിയ്ക്ക് നേരെയുള്ള ഭീഷണിയുടെ വാര്‍ത്തയും പുറത്തുവന്നത്. ആറുമാസത്തിനകം മതംമാറിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ കൈവെട്ടുമെന്നാണ് ഭീഷണി. ഇസ്ലാമിനെക്കുറിച്ചെഴുതിയ ലേഖനങ്ങളോടുള്ള അസഹിഷ്ണുതയാണ് ഈ ഭീഷണിക്ക് പിന്നിലെന്ന് കത്തില്‍ വ്യക്തമാക്കുന്നുണ്ട്. മുസ്ലിങ്ങള്‍ക്ക് അനുകൂലമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുമ്പോഴും അതെല്ലാം അടവുകളാണെന്നാണ് കത്തിലെ ആരോപണം. നിഷ്‌കളങ്കരായ മതവിശ്വാസികളെ വഴിതെറ്റിക്കുന്നതാണ് അവയെന്നും അതിനാല്‍ യാതൊരു ദാക്ഷിണ്യവും കാണിക്കാന്‍ തയ്യാറല്ലെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. ന്യൂമാന്‍സ് കോളേജ് അധ്യാപകന്‍ ടി.ജെ ജോസഫിനെ ചെയ്തതുപോലെ എഴുതിയ വലതുകൈ വെട്ടിയെടുക്കുമെന്നാണ് ഭീഷണി. ഇടതുകാലും വെട്ടിക്കളയുമെന്നും ഭീഷണിയുണ്ട്. മറ്റുള്ളവര്‍ക്ക് മാതൃകയായി ജീവിക്കാന്‍ ആറ് മാസത്തിനുള്ളില്‍ മുസ്ലിമായി മാറണമെന്നാണ് ആവശ്യം. നിസ്‌കരിച്ച് നോമ്പ് മുതലായ മറ്റുകൃത്യങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ തയ്യാറെടുക്കുക. ഇങ്ങനെ ചെയ്യാതെ ജീവിതകാലം മുഴുവന്‍ പത്തായ അറയില്‍ ഒളിച്ചിരിക്കാന്‍ കഴിയില്ല. എന്നായാലും മതം മാറിയില്ലെങ്കില്‍ അള്ളാഹുവിന്റെ ഈ ശിക്ഷവിധി ഞങ്ങള്‍ നടപ്പാക്കുക തന്നെ ചെയ്യുമെന്നാണ് കത്തിലെ ഭീഷണി. ആറ് ദിവസം മുമ്പ് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തില്‍ രാമനുണ്ണി ഇന്നലെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

read more: കയ്യും കാലും വെട്ടും, മുഖത്ത് ആസിഡ് ഒഴിക്കും; മതഭ്രാന്തന്‍മാര്‍ പിടിമുറുക്കുന്ന കേരളം

സ്വതന്ത്രമായ അഭിപ്രായം പറയുന്ന സാമൂഹിക വിഷയങ്ങളില്‍ നിരന്തരം ഇടപെടുന്നവര്‍ക്ക് നേരെ പലപ്പോഴും ഉണ്ടായിട്ടുള്ള പതിവ് ഭീഷണികളേക്കാള്‍ ഈ ഭീഷണികള്‍ ഗൗരവം അര്‍ഹിക്കുന്നുവെന്നാണ് ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ഇടപെടലില്‍ നിന്നും മനസിലാക്കേണ്ടത്. കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാം, എംബി രാജേഷ് എംപി എന്നിവരും ദീപ നിശാന്തിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കേരള സമൂഹത്തിന്റെ ആത്മാഭിമാനത്തിനേറ്റ കളങ്കമായ കൈവെട്ട് ഇനിയും ആവര്‍ത്തിക്കുമെന്ന ഭീഷണിയെയും അധ്യാപിക കൂടിയായ എഴുത്തുകാരിയ്ക്ക് നേരെയുള്ള സൈബര്‍ ആക്രമണത്തെയും അത്ര നിസാരമായി തള്ളിക്കളയാനാകില്ല. പൊതുസമൂഹത്തില്‍ പുരോഗമന നിലപാട് സ്വീകരിക്കുന്നവരെയും വ്യത്യസ്ത സാമൂഹ്യ വിഷയങ്ങളില്‍ സ്വതന്ത്ര നിലപാട് എടുക്കുന്നവരെയും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും അവര്‍ക്ക് നേരെ വധഭീഷണി ഉയര്‍ത്തുന്നതും ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്നതും അംഗീകരിക്കില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. എഴുത്തുകാരുടെയും ചിന്തകരുടെയും വ്യത്യസ്ത അഭിപ്രായങ്ങളും നിലപാടുകളും ചിന്താശേഷിയുള്ള ഒരു സമൂഹത്തിന് ആവശ്യമാണ്. ആരോഗ്യകരമായ സാമൂഹിക വളര്‍ച്ചയ്ക്ക് ഈ ചിന്തകളെ ഭീഷണിപ്പെടുത്തി തടയിടുകയല്ല വേണ്ടത്. ഭീഷണിപ്പെടുത്തി ആരുടെയെങ്കിലും വായടപ്പിക്കാന്‍ നോക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്ന് മുഖ്യമന്ത്രിക്ക് പറയേണ്ടി വന്നത് അതിനാലാണ്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍