ഞങ്ങളുടെ വീടിന്റെ മച്ചിന്‍പുറത്ത് സഖാക്കന്മാര്‍ ഒളിവില്‍ ഇരുന്നിട്ടുണ്ട്, ഞാനവര്‍ക്ക് ഭക്ഷണം നല്‍കിയിട്ടുമുണ്ട്..
സര്‍ സിപിയുടെ പട്ടാളത്തോക്കുകള്‍ വയലാറിന്റെ മണ്ണില്‍ കമ്യൂണിസ്റ്റുകാരുടെ ഇടനെഞ്ചു നോക്കി ഗര്‍ജ്ജിച്ചതിനു സാക്ഷികളായാവരില്‍ ബാക്കിയാവുന്നവരിലൊരാളാണ് സഖാവ് ഭാഗീരഥിയമ്മ. പ്രായത്തിന്റെ അവശതയിലും മനസിലെ വിപ്ലവവീര്യം ചോരാത്ത സഖാവ്. കൃഷ്ണപിള്ളയും എകെജിയുമൊക്കെ ഇന്നും സിരകളിലെ ഊര്‍ജ്ജപ്രവാഹമാണ് ഭാഗീരഥിയമ്മയ്ക്ക്. അതുകൊണ്ട് തന്നെ വി.ടി ബല്‍റാം എംഎല്‍എ, എകെജിയെ കുറിച്ച് പറഞ്ഞതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ സഖാവ് ഭാഗീരഥിയമ്മയുടെ ശബ്ദം വിറച്ചിരുന്നു…
മനുഷ്യനെ അറിഞ്ഞ കമ്യൂണിസ്റ്റ് ആയിരുന്നു സഖാവ് എകെജി. ആ സഖാവിനെ കുറിച്ച് ഇത്തരത്തിലോരൊന്നും പറഞ്ഞു കേള്‍ക്കുമ്പോള്‍, സഹിക്കാന്‍ കഴിയില്ല.
സ്റ്റേജില്‍ നിന്നും പ്രസംഗിക്കുന്ന എകെജിയെയാണ് ഞാന്‍ ആദ്യം കാണുന്നത്. എകെജിയുടെയും ഇംഎസ്സിന്റെയുുമൊക്കെ പ്രസംഗമുണ്ടെന്ന് കേട്ടാല്‍ ഞങ്ങളെല്ലാവരും പോകും. ഉത്സവത്തിന് പോകുന്നപോലെയാണത്. ഒരിക്കല്‍ വയലാറിനടുത്തുള്ള കൊല്ലപ്പള്ളിയില്‍ എകെജിയുടെ പ്രസംഗമുണ്ടായിരുന്നു. ഇന്നും ഞാനോര്‍ക്കുന്നുണ്ട്. ‘പാഠം ഒന്ന് പശു നമുക്ക് പാലു തരും, പാലു കുടിക്കാഞ്ഞാല്‍ അമ്മ കരയും, അമ്മ കരഞ്ഞാല്‍ ഞാന്‍ പാലു കുടിക്കും. ഇതുവായിച്ചു പഠിക്കുന്ന നമ്മുടെ കുട്ടികള്‍ക്ക് പാലിന്റെ നിറം എന്താണെന്നുപോലും അറിയില്ല’, അദ്ദേഹത്തിന്റെ വാക്കുകളാണിത്; ഭാഗീരഥിയമ്മ ഓര്‍ത്തെടുക്കുന്നു.
പലരും അന്നു പറയുമായിരുന്നു എകെജിയുടെ കാലം കഴിഞ്ഞാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലാതാകുമെന്ന്. അന്നൊക്കെ ഞങ്ങള്‍ പറയും, ഒരിക്കലുമില്ല, അദ്ദേഹം കൊളുത്തി തന്നിട്ടുള്ള ജ്വാല കെടാതെ സൂക്ഷിക്കാന്‍ പതിനായിരങ്ങള്‍ പുറകിലുണ്ടെന്ന്. ഈ പ്രസ്ഥാനം ഇന്നും ശക്തിയോടെ നിലനില്‍ക്കുന്നത് ഈ നാട്ടിലെ സാധാരണക്കാര്‍ സഖാവ് എകെജിയോടും കൃഷ്ണപിള്ള സഖാവിനോടും ഈയെമ്മിനോടുമൊക്കെ പുലര്‍ത്തുന്ന വിശ്വാസം കൊണ്ടാണ്. ബല്‍റാമിനെ പോലുള്ളവര്‍ അപമാനിക്കുന്നത് ഈ സാധാരണക്കാരെയാണ്.
കമ്യൂണിസ്റ്റുകാര്‍ ഒളിവില്‍ കഴിഞ്ഞിരുന്നതിനെ പരിഹസിക്കുന്ന ബല്‍റാമിനെ പോലുള്ളവര്‍ ചരിത്രം പഠിക്കാന്‍ ശ്രമിക്കണം. എന്റെ വീട്ടിലും സഖാക്കന്മാര്‍ ഒളിച്ചു താമസിച്ചിട്ടുണ്ട്, ഞാനവര്‍ക്ക് ഭക്ഷണം കൊടുത്തിട്ടുണ്ട്… എന്നോടവരാരും ഒരു മോശവും പറഞ്ഞിട്ടില്ല. അതിനായിരുന്നില്ല അവര്‍ക്കു സമയം. സ്വന്തം ജീവന്‍ രക്ഷിക്കാന്‍ വെപ്രാളപ്പെട്ട് എവിടെയെങ്കിലും ഒളിച്ചിരിക്കാന്‍ വരുന്ന ഭീരുക്കളായിരുന്നില്ല സഖാക്കള്‍. ഞങ്ങളുടെ സഖാക്കള്‍ ധീരന്മാരായിരുന്നു. അവരുടെ ജീവന്‍ സംരക്ഷിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ അത് പ്രസ്ഥാനത്തിനും നാടിനും വേണ്ടിയായിരുന്നു. ബല്‍റാമിനെ പോലുള്ളവര്‍ കളിക്കുന്ന രാഷ്ട്രീയമായിരുന്നില്ല അന്ന് സഖാക്കന്മാര്‍ നടത്തിയിരുന്നത്. അതേക്കുറിച്ചൊക്കെ പറയാന്‍ തന്നെ വേണം ചങ്കൂറ്റം.
എന്റെ കുടുംബം തുടക്കംതൊട്ട് അടിയുറച്ച പാര്‍ട്ടി വിശ്വാസികളായിരുന്നു. പലപ്പോഴും പാര്‍ട്ടി മീറ്റിംഗുകള്‍ കൂടുന്നത് ഞങ്ങളുടെ വീട്ടില്‍വച്ചാണ്. പലനേതാക്കളും അന്നവിടെ വന്നുപോകുമായിരുന്നു. പിന്നീട് കമ്യൂണിസ്റ്റുകാര്‍ വേട്ടയാടപ്പെട്ടിരുന്ന കാലത്ത് പലരും ഞങ്ങളുടെ വീട്ടില്‍ ഒളിവില്‍ താമസിച്ചിട്ടുണ്ട്. അതാരൊക്കെയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ചേട്ടന്‍ ഒന്നും ഞങ്ങളോട് പറയുകയുമില്ല. എന്നാല്‍ വീട്ടിലെ തട്ടിന്‍പുറത്ത് ഒളിവിലിരുന്ന ഒരു സഖാവിനെ പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞു. ആ പേര് കേട്ടപ്പോള്‍ ഉണ്ടായ തരിപ്പ് ഇന്നും എന്നില്‍ നിന്ന് വിട്ടുപോയിട്ടില്ല; സഖാക്കന്മാരുടെ സഖാവ് പി കൃഷ്ണപിള്ളയായിരുന്നു അത്. ഞങ്ങളുടെ വീട്ടിലെ തട്ടിന്‍പുറം അന്നത്തെ കമ്യൂണിസ്റ്റുകരുടെ പ്രധാന ഒളിത്താവളം ആയിരുന്നു. എന്റെ അമ്മയ്ക്ക് നല്ല ധൈര്യമായിരുന്നു. പട്ടാളമോ പോലീസോ വീട്ടില്‍ തിരക്കിവന്നാല്‍ അമ്മ അവരോട് തട്ടിക്കയറും. പിന്നീട് പട്ടാളം വീട്ടില്‍ കയറി അക്രമം കാണിച്ചിട്ടുണ്ടെങ്കിലും ഒളിച്ചിരുന്ന ഒരാളെയും ഞങ്ങളുടെ വീട്ടില്‍ നിന്ന് പിടികൂടാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഒളിവിലിരിക്കുന്നവര്‍ക്ക് കഞ്ഞി വിളമ്പി കൊടുക്കുന്നത് എന്റെ ചുമതലയാണ്. ഞങ്ങളുടെ വീടിന് ചുറ്റിലുമുള്ള ചിലരൊക്കെ ബ്രിട്ടീഷ് പക്ഷമാണ്. അതുകൊണ്ട് കഞ്ഞികൊടുക്കുന്ന സമയമാകുമ്പോള്‍ അമ്മ പുറത്ത് വേലിക്കലിറങ്ങി നില്‍ക്കും. ആരെങ്കിലും വരുന്നുണ്ടോയെന്നറിയാന്‍. ഈ സമയം ഞാന്‍ കഞ്ഞി കൊടുക്കും. ഒരു ദിവസം അമ്മ വീട്ടില്‍ ഇല്ലാതിരുന്നപ്പോള്‍ ഒരു സഖാവിന് ഭക്ഷണം ഉണ്ടാക്കി കൊടുക്കേണ്ട ചുമതല എനിക്കായിരുന്നു. ഞാന്‍ ഉണ്ടാക്കിയ കഞ്ഞിയും കൂട്ടാനും അദ്ദേഹം സ്വാദോടെ കുടിച്ചു. കുറച്ചു കഴിഞ്ഞ് ചേട്ടന്‍ വന്നു. കൂട്ടാനെടുത്ത് വായില്‍ വച്ചപ്പോഴാണ് ചേട്ടന്‍ പറയുന്നത് ഇതിനൊട്ടും ഉപ്പില്ലല്ലോടിയെന്ന്. ഞാന്‍ പെട്ടെന്ന് തട്ടിലിരിക്കുന്ന സഖാവിനെ നോക്കി അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു. സാരമില്ലെന്ന് തലയാട്ടി. ഞങ്ങളുടെ വീടിനു മാറിയിട്ടുള്ള മറ്റൊരു വീട്ടിലും ഒരു സഖാവ് ഒളിവില്‍ ഇരിപ്പുണ്ടായിരുന്നു. അന്നൊക്കെ ഭക്ഷണത്തിനൊക്കെ വല്ലാത്ത ബുദ്ധിമുട്ടുള്ള കാലമാണ്. ആ വീട്ടിലാണെങ്കില്‍ ഒരു ദിവസം കഴിക്കാന്‍ ഒന്നുമില്ലാത്ത അവസ്ഥ വന്നു. സഖാവ് ഒളിവിലിരിക്കുകയല്ലേ, എന്തു ചെയ്യുമെന്ന് ആലോചിച്ച് ആകെ വിഷമിച്ചിരിക്കുകയാണ് അവിടുത്തെ ചേച്ചി. അപ്പോഴാണ് ഉണ്ടായിരുന്നതില്‍ ഒരു കോഴി മുട്ടയിടുന്നത്. ഉടനെ ആ മുട്ടയെടുത്ത് പുഴുങ്ങി ഒരു ഗ്ലാസ് പച്ചവെള്ളവുമായി സഖാവിനു കൊടുത്തു. ആ സഖാവ് അപ്പോള്‍ എന്തോ എഴുതി കൊണ്ടിരിക്കുകയാണ്. ഇതു മാത്രമേയുള്ളൂവെന്നു പറഞ്ഞപ്പോള്‍ സഖാവ് ചിരിയോടെ പറഞ്ഞത് എന്റെ വിശപ്പല്ല, നിങ്ങളുടെയൊക്കെ വിശപ്പാണ് വലുത് എന്നായിരുന്നു. വൈകിട്ട് ചെന്നു നോക്കുമ്പോഴും സഖാവ് എഴുതി കൊണ്ടിരിക്കുകയാണ്, മുട്ടയും വെള്ളവും അതുപോലെ തന്നെ…. രാവിലെ തുടങ്ങിയ എഴുത്ത്, വൈകും വരെ, ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാതെ. ഒടുവില്‍ ആ ചേച്ചി നിര്‍ബന്ധിച്ചപ്പോഴാണ് കഴിക്കാന്‍ തയ്യാറായത്. ഇക്കാര്യം ആ ചേച്ചി വന്നു പറഞ്ഞത് ഇന്നും ഞാന്‍ മറന്നിട്ടില്ല; ഭാഗീരഥിയമ്മ പറയുന്നു.
പഴയൊരു കോണ്‍ഗ്രസ് നേതാവുണ്ട് കരിവെള്ളൂരില്‍; ചോദിച്ചാല്‍ പറഞ്ഞുതരും എകെജി ആരെന്ന്
വലിയ കോണ്‍ഗ്രസ് നേതാവായ വിടി ബല്‍റാമിനെ ഒരു സംഭവം കൂടി ഓര്‍മിപ്പിക്കാം…
വയലാര്‍ വെടിവപ്പിനുശേഷമാണ്, ഒരിക്കല്‍ എകെജി വയലാറില്‍ ഒളിവില്‍ താമസിക്കാനെത്തി. അന്നദ്ദേഹം ഒളിവിലിരുന്നത് ദേവകി ചേച്ചിയുടെ വീട്ടിലാണ്. ദേവകി ചേച്ചിയെന്നാല്‍ വയലാര്‍ രവിയുടെ അമ്മ ദേവകി കൃഷ്ണന്‍. ദേവകി ചേച്ചിയും കൃഷ്ണന്‍ ചേട്ടനും അന്ന് കമ്യൂണിസ്റ്റുകാരായിരുന്നു. എകെജിയെ വീട്ടില്‍ ഒളിച്ചു താമസിപ്പിക്കുന്നതില്‍ കൃഷ്ണന്‍ ചേട്ടന്‍ ആദ്യം ചെറിയൊരു എതിര്‍പ്പ് പറഞ്ഞു. മറ്റൊന്നുമായിരുന്നില്ല, അവിടെവച്ചെങ്ങാനും പോലീസ് സഖാവിനെ പിടിക്കുകയാണെങ്കില്‍ അത് സഹിക്കാന്‍ പറ്റാത്ത കാര്യമാണ്. പക്ഷേ ദേവകി ചേച്ചിക്ക് നല്ല ധൈര്യമായിരുന്നു.
എകെജിയെ തേടി ഒരു ദിവസം അവിടെ പോലീസ് എത്തി. ദേവകി ചേച്ചി ഉടന്‍ തന്നെ അകത്തിരുന്ന കോടാലിയെടുത്ത് എകെജിയുടെ കൈയില്‍ കൊടുത്തിട്ട് പുറത്ത് കിടക്കുന്ന വിറക് കീറിക്കോളാന്‍ പറഞ്ഞു. എകെജി ഉടന്‍ തന്നെ കള്ളിമുണ്ടൊക്കെ ഉടുത്ത് തലേല്‍ക്കെട്ടുമൊക്കെ കെട്ടി വിറകു കീറാന്‍ കൂടി. പോലീസ് വീട്ടിലെത്തിയപ്പോള്‍ ഒരു കൂസലുമില്ലാതെ അകത്തുകേറി പരിശോധിച്ചോളാന്‍ ദേവകി ചേച്ചി പറഞ്ഞു. പോലീസുകാര്‍ക്ക് ആരെയും വീടിനകത്ത് നിന്ന് കിട്ടിയില്ല. പോകാാന്‍ നേരത്താണ് വിറകു കീറുന്നയാളെ കാണുന്നത്. എന്നാല്‍ ആയാളെക്കൂടി ഒന്നു ചോദ്യം ചെയ്‌തേക്കാമെന്ന് പോലീസുകാര്‍ പറഞ്ഞു. ഉടനെ കൂട്ടത്തിലുണ്ടായിരുന്ന എസ് ഐ അവരെ തടഞ്ഞു. നിങ്ങള്‍ പുറത്തേക്കു പോയ്‌ക്കോളൂ ഞാന്‍ പോയി അയാളോട് സംസാരിക്കാമെന്ന് എസ് ഐ. എസ് ഐ അടുത്തേക്ക് വരുന്നത് കണ്ട് എകെജി കരുതലോടെ നില്‍ക്കുകയാണ്. അടുത്തെത്തിയ ആ പോലീസുകാരന്‍ ശബ്ദം താഴ്ത്തി പറഞ്ഞു ‘സഖാവേ… കഴിവതും വേഗം ഇവിടെ നിന്ന് രക്ഷപ്പെട്ടോളണം’. എകെജിയെ സ്‌നേഹിക്കുന്നവരില്‍ ഒരാളായിരുന്നു ആ എസ്‌ഐയും.
പറയാന്‍ ഉണ്ടെങ്കില്‍ ഇനിയുമുണ്ട് ഞങ്ങളുടെ സഖാവിനെ കുറിച്ച്… പക്ഷേ നീചമനഃസ്ഥിതിക്കാര്‍ക്ക് എകെജിയെ പോലൊരു മനുഷ്യനെ കുറിച്ച് പറഞ്ഞു കൊടുത്തിട്ട് എന്തു കാര്യം… ഞങ്ങള്‍ നടത്തുന്ന പോരാട്ടം നിങ്ങള്‍ക്കു വേണ്ടിയാണ് എന്നു നിറതോക്കിനു മുന്നില്‍ നിന്ന് ഉശിരോടെ വിളിച്ചു പറഞ്ഞ സഖാക്കന്മാര്‍ ഉറങ്ങുന്ന വയലാറിന്റെ മണ്ണില്‍ നിന്നു കൊണ്ട് ഒരു കാര്യം കൂടി ബല്‍റാമിനെ പോലുള്ളവരോട് പറയാം;
നിങ്ങള്‍ എകെജിയെ അപമാനിച്ചാല്‍ വേദനിക്കുന്നത് ഞങ്ങളെ പോലുള്ള സാധാരണക്കാര്‍ക്കാണ്…