UPDATES

ഈ ജയിലഴികള്‍ക്ക് മേല്‍ എല്ലാം ശിഥിലമാകുന്നു; കാവിനിറം പരക്കുന്നു: സായിബാബ ജയിലില്‍ നിന്നയച്ച കത്ത്

ഈ സെല്ലില്‍ നിന്ന് എനിക്കു തരാനുള്ള ഏക വലിയ വാര്‍ത്ത ഞാനിതുവരെ ബോധംകെട്ട് വീണിട്ടില്ല എന്നതാണ്

മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നതിന്റെ പേരില്‍ അറസ്റ്റിലാവുകയും മൂന്നു വര്‍ഷത്തെ വിചാരണയ്ക്കൊടുവില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഗഡ്ച്ചിറോളി സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്ത ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസര്‍ ജി.എന്‍ സായിബാബ സുഹൃത്തും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ എന്‍. വേണുഗോപാല്‍ റാവുവിന് നാഗ്പൂര്‍ സെന്‍ട്രല്‍ ജെയിലില്‍ നിന്നയച്ച കത്തിന്റെ പരിഭാഷ. 90 ശതമാനം അംഗപരിമിതിയുള്ള, വീല്‍ചെയറില്‍ ജീവിക്കുന്ന സായിബാബയ്ക്കെതിരെ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചാര്‍ത്തിയാണ് ശിക്ഷിച്ചിരിക്കുന്നത്. അദ്ദേഹത്തിന് ശാരീരികമായി പരിമിതിയുണ്ടെങ്കിലും മാനസികമായി കരുത്തനാണ് എന്നായിരുന്നു വിധി പറഞ്ഞപ്പോള്‍ കോടതിയുടെ പരാമര്‍ശം. 

23-മാര്‍ച്ച്, 2017

‘ഇങ്ക്വിലാബ് സിന്ദാബാദ്’-ഭഗത് സിംഗ്

പ്രിയപ്പെട്ട വേണുഗോപാല്‍,

മൂന്നാമതൊരു തവണ നാഗ്പൂര്‍ തടവറയിലെ അണ്ഡ സെല്ലിലേക്ക് മടങ്ങിവരുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. ഇത്തവണ ഞാനീ മുറിയിലേക്ക് കടന്നത് ശിക്ഷിക്കപ്പെട്ട തടവുകാരന്റെ വേഷവുമായാണ്. ഈ കുപ്പായങ്ങള്‍ എന്റെ വക്രിച്ച ശരീരത്തില്‍ ഒട്ടും ശരിയാകുന്നില്ല. അണ്ഡ സെല്ലില്‍ വായുസഞ്ചാരമില്ല, അതുകൊണ്ട് വായുമലിനീകരണത്തില്‍ നിന്നും രക്ഷയുണ്ട്. എന്തെങ്കിലും ഭക്ഷണം കഴിക്കാന്‍ പറ്റാതായി ദിവസങ്ങളായി എന്നു തന്നെ പറയാമെങ്കിലും, ഈ സെല്ലില്‍ നിന്ന് എനിക്കു തരാനുള്ള ഏക വലിയ വാര്‍ത്ത ഞാനിതുവരെ ബോധംകെട്ട് വീണിട്ടില്ല എന്നതാണ്. അരുത്, എന്നെ തെറ്റിദ്ധരിക്കരുത്. ഞാന്‍ നിരാഹാര സമരത്തിലൊന്നുമല്ല. പാന്‍ക്രിയാസ് പ്രശ്നം മൂലം എന്തെങ്കിലും ഭക്ഷണം ദഹിപ്പിക്കാനുള്ള ശേഷി ഇല്ലാതിരുന്നത് ഭേദമാകും മുമ്പാണ് ഞാന്‍ ഈ അണ്ഡ സെല്ലില്‍ എത്തിയത്.

രാത്രിയോ പകലോ ആകട്ടെ, എന്റെ അടഞ്ഞ വീടിനുള്ളില്‍ മൃതമൂകതയുടെ ആഡംബരമുണ്ട്. ഇപ്പോള്‍ രാത്രി 10 മണിയാണ്. കൃത്യമായ ഇടവേളകളില്‍ എനിക്കു കാവല്‍ക്കാരുടെ ബൂട്ടുകളുടെ ശബ്ദം കേള്‍ക്കാം. ചിലപ്പോള്‍ എനിക്ക്, ഒരുപക്ഷേ എന്റെ തടവറയ്ക്ക്  മുകളിലൂടെ പറന്നുപോകുന്ന ഒരു കിളിയുടെ അവ്യക്തമായ പാട്ടിന്റെ ഗന്ധമറിയാം. പാതിരയ്ക്ക് നഗരവിദൂരതയില്‍ നീങ്ങുന്ന ഒരു തീവണ്ടിയുടെ നീണ്ട കാഹളങ്ങളെ തൊടാം.

തടവറയുടെ ഇരുമ്പുകമ്പികള്‍ എന്റെ കണ്ണുകാണാതാക്കുന്നു. രാവിലെയെത്തുന്ന ദിനപത്രങ്ങള്‍ കാവിപുതച്ചാണ് വരുന്നത്. രാവിലെ 6 മണിക്ക് ഒരു കാവല്‍ക്കാരന്‍ ഓരോ തടവുകാരനെയും വിളിച്ചുണര്‍ത്തും, ജീവിച്ചോ മരിച്ചോ എന്നറിയാന്‍. അതാണയാളുടെ ജോലി.

എഴുന്നേല്‍ക്കുമ്പോള്‍ ഞാനിപ്പോഴും മറ്റൊരു ലോകത്തെക്കുറിച്ച് സ്വപ്നം കാണാറുണ്ട്. പക്ഷേ അപ്പോഴേക്കും കാവല്‍ക്കാരന്‍ താക്കോലുമായി മടങ്ങിയെത്തും, പ്രഭാതകൃത്യങ്ങള്‍ക്കായി ദയവോടെ പൂട്ട് തുറക്കും. പ്രിയപ്പെട്ട കാവല്‍ക്കാരന് പിന്നാലെ നോട്ടക്കാരന്‍ കടുംകാപ്പിയുമായെത്തും. അയാളുടെ മുന്നില്‍ എന്റെ പ്ലാസ്റ്റിക് ഗ്ലാസ് നീട്ടാന്‍ ഞാന്‍ ശ്രമിക്കും. പൊടുന്നനെ എന്റെ ഡോക്ടറുടെ മുന്നറിയിപ്പ് എനിക്കോര്‍മ്മ വരും. ഞാനെന്റെ പാത്രം താഴ്ത്തിമാറ്റും.

മണിക്കൂറുകള്‍, മിനിറ്റുകള്‍, സെക്കന്റുകള്‍ കനത്ത ശ്വാസവുമായി കടന്നുപോകുന്നു. തടവുകാരില്‍ താത്പര്യമുണര്‍ത്തുന്ന വാര്‍ത്തകള്‍, വിവിധ കോടതികളുടെ വിചാരണ ഉത്തരവുകള്‍, ശിക്ഷകള്‍, വിടുതലുകള്‍, അല്ലെങ്കില്‍ അമ്പലം-പള്ളി വിഷയത്തിലെ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കുന്നതിനുള്ള നിര്‍ദേശം പോലുള്ള സുപ്രീം കോടതി ഉത്തരവുകള്‍ എന്നിവയൊക്കെ മാത്രമാണ്. തടവറപ്പക്ഷികളുടെ ആഗ്രഹം ജാമ്യക്കേസുകളും കോടതിക്ക് പുറത്തു തീര്‍പ്പാക്കാന്‍ പരമോന്നത കോടതി ഉത്തരവിടണം എന്നതാണ്.

ഞാനെന്റെ പാതിമയക്കത്തിലുള്ള ലോകത്തേക്ക് മടങ്ങിപ്പോകുമ്പോള്‍ പോലും എന്റെ സ്വപ്നം തകരുന്നു. കടും കാവിനിറച്ചാര്‍ത്തുകള്‍ എന്റെ കാഴ്ച്ചയ്ക്ക് മേല്‍ പരക്കുന്നു. സ്വപ്നം ശിഥിലമാകുന്നു. ഞാന്‍ 19-ആം നൂറ്റാണ്ടിലേക്ക് പോകുന്നു, അലസമായി ഇങ്ങനെ ചൊല്ലിക്കൊണ്ട് ജമാ മസ്ജിദിന്റെ അരികിലെ ഇടുങ്ങിയ തെരുവുകളിലൂടെ നടക്കുന്നു,

എന്‍ നിരാശക്കറിയില്ലീ
കാലചക്രത്തിന്റെ സമയക്രമങ്ങള്‍
ദുരന്തമായിമാറും ദിനത്തിനറിയില്ല
പ്രഭാതമെന്നോ പ്രദോഷമെന്നോ.

ഡല്‍ഹിയില്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സ്ഥലം ജമാ മസ്ജിദിനും ചാന്ദ്നി ചൌക്കിനും അരികിലുള്ള ഇടമുറിയുന്ന ഇടുങ്ങിയ തെരുവുകളാണ്. വസന്തയ്ക്കും മഞ്ജീരയ്ക്കും അവിടം ഇഷ്ടമാണ്. അവിടെ ജീവിതം തുടിച്ചുനില്‍ക്കുന്നു. എന്റെ ചക്രക്കസേരയ്ക്ക് ഓടിനടക്കാന്‍ വല്ലാത്ത ബുദ്ധിമുട്ടുള്ള ഒരിടം. പക്ഷേ സൈക്കിള്‍ റിക്ഷകള്‍ക്കിടയിലൂടെ അതുരുട്ടിക്കൊണ്ടുപോകുന്നതില്‍ മഞ്ജീര മിടുക്കിയാണ്. ഒരിക്കലും ഒരപകടവും ഉണ്ടായിട്ടില്ല. ബല്ലിമാരനിലെ ഗാലിബിന്റെ ഭവനത്തില്‍ ഞങ്ങളെത്തും. ഞങ്ങള്‍ 19-ആം നൂറ്റാണ്ടിനെ അയവിറക്കും. അത് നമ്മെ നിര്‍വ്വചിച്ച ഒരു നൂറ്റാണ്ടായിരുന്നു. നല്ലതോ ചീത്തയോ- നമുക്കായി 20-ഉം 21-ഉം നൂറ്റാണ്ടുകളിലേക്കുള്ള സകലതും രൂപപ്പെട്ടു. വസന്തയ്ക്ക് വഴി തെറ്റി, ഞങ്ങള്‍ക്കൊപ്പമെത്താന്‍ കഴിയുന്നില്ല. മഞ്ജീര എന്നെ ഗാലിബിന്റെ കവിതാഭവനത്തില്‍ വിട്ട് അവളുടെ അമ്മയെ തേടിപ്പോയി.

എനിക്കു എഴുന്നേല്‍ക്കാറായി. ‘പരിശോധന’ ദിവസം. നിങ്ങള്‍ തയ്യാറായിരിക്കണം, കുളിക്കണം, നിങ്ങളുടെ തടവറ വൃത്തിയായി വെക്കണം. ആദിവാസികളായ രണ്ട് ആണ്‍കുട്ടികള്‍ അറ വൃത്തിയാക്കും. അവര്‍ എന്നെ കുളിപ്പിച്ചു. ഞാന്‍ തടവറ കുപ്പായങ്ങളിലേക്ക് എന്റെ ശരീരത്തിനെ വീണ്ടും കയറ്റും. ഉദ്യോഗസ്ഥര്‍ ‘പരിശോധന’യ്ക്ക് വരാന്‍ ഞങ്ങള്‍ കാത്തിരിക്കും. ഞാന്‍ എന്റെ അപേക്ഷാ പത്രം പെട്ടന്നു തയ്യാറാക്കി വെക്കുന്നു. കനത്ത ബൂട്ടുകളുടെ ശബ്ദം സാവധാനത്തില്‍ അകന്നുപോകുമ്പോള്‍ ‘പരിശോധന’ തീരുന്നു.

കാവിയുടെ കടുംനിറം പടരുന്നത് ഞാന്‍ പിന്നേയും കാണുന്നു. പക്ഷേ കാശ്മീരിലെ കുങ്കുമപ്പാടങ്ങള്‍ (saffron fields) എനിക്കിഷ്ടമാണ്. 2000-ത്തില്‍ കാശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ കണ്ട ബാരാമുള്ളയിലെ കുങ്കുമപ്പാടങ്ങള്‍ ഞാനിപ്പോഴും ഓര്‍ക്കുന്നു.

എന്റെ തടവറയുടെ കനത്ത ഇരുമ്പഴികള്‍ എന്റെ കാഴ്ച്ചയെ ഇല്ലാതാക്കുന്നു. പ്രഭാത ദിനപത്രങ്ങളില്‍ പടര്‍ന്നുകിടക്കുന്ന കാവിനിറം എന്റെ കാഴ്ച്ചയെ അവ്യക്തമാക്കുന്നു. സുദീര്‍ഘമായ 19-ആം നൂറ്റാണ്ടില്‍ നിന്നും ബഹാദൂര്‍ ഷാ സഫര്‍ വന്ന് ഗാലിബിന്റെ മേശയ്ക്ക് അപ്പുറമിരിക്കുന്നത് എനിക്ക് കാണാം. ഞാന്‍ ഉപ്പുമാവ് കഴിക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ പറ്റുന്നില്ല. ആദിവാസി ആണ്‍കുട്ടി പ്ലാസ്റ്റിക് പാത്രം എടുത്തുമാറ്റി. ഞാനെന്റെ നിദ്രാഭരിതമായ ലോകത്തിലേക്കു തെന്നിവീഴുന്നു. റംഗൂണിലെ തന്റെ തടവുമുറിയില്‍ നിന്നും വിഷാദാര്‍ദ്രമായി ബഹദൂര്‍ഷാ ഗാലിബിനോട്  വരികള്‍ മൂളുന്നു;

ഹിന്ദിലെ ജനത തകര്‍ക്കപ്പെട്ടിരിക്കുന്നു
അനസൂയമാം വിധം വിധിമൂടിയവര്‍
അന്നത്തെ അധികാരി ആരായാലും
വാളിന്‍ മുനയിലേക്ക് നീക്കിനിര്‍ത്തിയിരിക്കുന്നു

എന്റെ ശിഥിലമായ കിനാവുകളില്‍ ഞാന്‍ പിന്നേയും പിന്നേയും കുങ്കുമരാശി പരക്കുന്നത് കാണുകയാണ്. ഞാനെന്റെ തടവറയില്‍ എഴുന്നേല്‍ക്കുമ്പോള്‍ മറ്റൊരു ലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ കാവി ദു:സ്വപ്നത്തിലേക്ക് മാഞ്ഞുപോകുന്നു.

കുറിപ്പ്: Ngugi-യുടെ മൂന്നു വാല്യം ആത്മകഥ എന്റെ അഭിഭാഷകന് അയച്ചുകൊടുക്കാനുള്ള ഏര്‍പ്പാടുണ്ടാക്കാന്‍ കഴിയുമോ? ആദ്യത്തെ രണ്ടും ഡല്‍ഹിയില്‍ വസന്തയുടെ കയ്യിലുണ്ട്. നിങ്ങളുടെ കയ്യില്‍ മൂന്നും ഉണ്ടെന്ന് ഞാന്‍ കരുതുന്നു. ദയവുചെയ്തു മൂന്നും ഒറ്റക്കെട്ടായി അയക്കുക- ഫോട്ടോകോപ്പി. പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച മൂന്നു വാല്യം Capital-ഉം എനിക്കു വേണം. നിങ്ങള്‍ക്കത് വാങ്ങി Ngugi-യോടൊപ്പം അയച്ചുതരാന്‍ കഴിഞ്ഞാല്‍ എനിക്കത് സന്തോഷമാണ്. മറ്റേതെങ്കിലും പുസ്തകമുണ്ടോ? ഞാന്‍ ഈ പുസ്തകങ്ങള്‍ക്കും നിങ്ങളുടെയും മറ്റ് സുഹൃത്തുക്കളുടെയും സന്ദേശങ്ങള്‍ക്കും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. Ngugi-യുടെ ആത്മകഥയുടെ ഒന്നാം ഭാഗത്തിന്റെ തര്‍ജ്ജമ നിങ്ങളൊന്നു നോക്കണം. ഭാഷയുടെ ഒഴുക്കും മൂലകൃതിയുമായുള്ള താരതമ്യവും നോക്കണം. അത് അച്ചടിക്കാന്‍ കൊടുക്കുന്നതിന് മുമ്പ് ഒന്നു പരിശോധിക്കാന്‍ നിങ്ങള്‍ക്ക് സമയം കിട്ടുമെന്ന് കരുതട്ടെ. ഈ പണി മറ്റാരെയെങ്കിലും ഏല്‍പ്പിക്കാതെ താങ്കള്‍ തന്നെ ചെയ്താല്‍ ഞാന്‍ കൂടുതല്‍ തൃപ്തനാണ്,

സ്നേഹത്തോടെ,

സായിബാബ

PS: പുസ്തകങ്ങള്‍ ദയവുചെയ്ത് നാഗ്പൂരിലെ എന്റെ അഭിഭാഷകന്റെ വിലാസത്തില്‍ അയയ്ക്കണം. സുരേന്ദ്ര ഗാഡ്ളിങ് അതെന്നെ കാണാന്‍ വരുമ്പോള്‍ തരും.

സായിബാബ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍