UPDATES

ട്രെന്‍ഡിങ്ങ്

സെബാസ്റ്റ്യന്‍ പോളിനോട് വിയോജിപ്പുള്ളവര്‍ പിരിഞ്ഞുപോകണമെന്നു സൗത്ത് ലൈവ് മാനേജ്‌മെന്റ്; നടപടിയെടുക്കാന്‍ വെല്ലുവിളിച്ച് മധ്യമപ്രവര്‍ത്തകരും

കടുത്ത സ്ത്രീവിരുദ്ധതയും വ്യക്തിവിദ്വേഷവും പ്രതിഫലിക്കുന്ന മനുഷ്യത്വവിരുദ്ധമായ ഈ ലേഖനം കേരള സമൂഹം ചര്‍ച്ച ചെയ്ത് തള്ളികളഞ്ഞിട്ടും ആ ലേഖനത്തിലെ നിലപാടുകളാണ് സൗത്ത് ലൈവിന്റെ തുടര്‍നയമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മാനേജ്‌മെന്റ്. ഈ നിലപാടിനെ അംഗീകരിക്കാന്‍ ഞങ്ങള്‍ തയ്യാറല്ലെന്നു മാധ്യമപ്രവര്‍ത്തകര്‍

ദിലീപിനെ ന്യായീകരിച്ചും പിന്തുണച്ചുമുള്ള ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനവും അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖവും വലിയ തോതില്‍ ചര്‍ച്ചയായിരിക്കെ മുഖപ്രസംഗത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചവര്‍ പിരിഞ്ഞുപോകണമെന്ന് സൗത്ത് ലൈവ് മാനേജ്‌മെന്റ്. ചീഫ് എഡിറ്റര്‍ സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനത്തോട് ഫേസ്ബുക്കിലൂടെ പരസ്യമായി വിയോജിപ്പ് അറിയിച്ച മാധ്യമപ്രവര്‍ത്തകരോടാണ് മാനേജ്‌മെന്റ് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടത്. എഡിറ്റോറിയല്‍ ബോര്‍ഡ് യോഗം വിളിച്ചാണ് മാനേജിംഗ് ഡയറക്ടര്‍ സാജ് കുര്യനും സിഇഒ ജോഷിയും ഇക്കാര്യം ജേണലിസ്റ്റുകളെ അറിയിച്ചത്. സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം സൗത്ത് ലൈവിന്റെ നിലപാടാണെന്നും ഇക്കാര്യത്തില്‍ സ്ഥാപനം ചീഫ് എഡിറ്റര്‍ സെബാസ്റ്റ്യന്‍ പോളിനൊപ്പമാണെന്നും എം ഡി സാജ് കുര്യന്‍ അറിയിച്ചു. ലേഖനത്തോട് വിയോജിപ്പ് തുടരുന്നുവെന്നും സ്ഥാപനത്തിന്റെ നിലപാട് മാറ്റത്തില്‍ എതിര്‍പ്പുണ്ടെന്നും എഡിറ്റോറിയില്‍ മീറ്റിംഗില്‍ പങ്കെടുത്ത 16 ജേണലിസ്റ്റുകളും അഭിപ്രായപ്പെട്ടു. പിരിഞ്ഞുപോകാനുള്ള നിര്‍ദ്ദേശം രേഖാമൂലം അറിയിക്കുമെന്നാണ് സൂചന.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഡാലോചന കുറ്റത്തിന് വിചാരണ തടവുകാരനായി കഴിയുന്ന നടന്‍ ദിലീപിനെ പൂര്‍ണമായി അനുകൂലിച്ച് സെബാസ്റ്റ്യന്‍ പോള്‍ സൗത്ത് ലൈവില്‍ ലേഖനം എഴുതിയതോടെയാണ് ഇപ്പോഴത്തെ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനത്തിനെതിരേ വിവിധ കോണുകളില്‍ നിന്നും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനൊപ്പം സൗത്ത് ലൈവിലെ മാധ്യമപ്രവര്‍ത്തകരും ചീഫ് എഡിറ്റര്‍ക്കെതിരേ രംഗത്തു വന്നിരുന്നു. എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്‍ കെ ഭൂപേഷ്‌ ഉള്‍പ്പെടെയുള്ളവര്‍ സെബാസ്റ്റ്യന്‍ പോളിനെതിരേ പരസ്യമായി രംഗത്തുവരികയും ഈ എഡിറ്റോറിയലിനോട് തീര്‍ത്തും വിയോജിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. സെബാസ്റ്റ്യന്‍ പോളിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മാനേജ്‌മെന്റ് എഡിറ്റോറിയല്‍ ടീമിന്റെ അഭിപ്രായം പോലും വകവയ്ക്കാതെ ലേഖനം പ്രസിദ്ധീകരിച്ചതെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചത്.

"</p

ഈ ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് സെബാസ്റ്റ്യന്‍ പോള്‍ തന്റെ നിലപാടുകള്‍ തിരുത്തേണ്ടതില്ലെന്നും താന്‍ നിയമപരമായ കാര്യങ്ങളാണ് സംസാരിച്ചതെന്നും വ്യക്തമാക്കിയത്. ഇതുകൂടാതെ അഴിമുഖത്തിനു നല്‍കിയ അഭിമുഖത്തില്‍ തനിക്കെതിരേ നിലപാട് എടുത്ത സൗത്ത് ലൈവിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുന്ന രീതിയില്‍ അദ്ദേഹം ചില കാര്യങ്ങളും വ്യക്തമാക്കിയിരുന്നു. അഭിമുഖത്തില്‍ സെബാസ്റ്റ്യന്‍ പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മുന്നറിയിപ്പെന്ന നിലയില്‍ പറഞ്ഞ കാര്യങ്ങള്‍ ഇതാണ്;

സൗത്ത് ലൈവ്, പൂര്‍ണമായ പ്രവര്‍ത്തന സ്വാതന്ത്ര്യം എഡിറ്റര്‍മാര്‍ക്ക് കൊടുത്തിരിക്കുന്ന സ്ഥാപനമാണ്. ഞാന്‍ അതിന്റെ ചീഫ് എഡിറ്ററാണ്. പക്ഷെ അധികാരങ്ങള്‍ ഏല്‍പ്പിച്ചിട്ടുണ്ട്. എക്‌സിക്യൂട്ടീവ് എഡിറ്ററാണ് സാധാരണ ഗതിയില്‍ മാധ്യമസ്ഥാപനത്തിലെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അടക്കമുള്ളവര്‍ അവിടെയുണ്ട്. അവരുടെ ഒരു കാര്യത്തിലും ഞാന്‍ ഇന്നേവരെ ഇടപെട്ടിട്ടില്ല. എനിക്ക് രാഷ്ട്രീയമായി അസൗകര്യമുണ്ടാക്കുന്ന വാര്‍ത്തകള്‍ അവര്‍ പലപ്പോഴും കൊടുക്കാറുണ്ട്. ചിലപ്പോഴൊക്കെ അത് മനപ്പൂര്‍വ്വമാണോ എന്ന് പോലും എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ ഞാന്‍ ഒരുവാക്ക് അവരോട് ചോദിക്കുകയോ, തടസ്സപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഗുരുതരമായ തെറ്റുകള്‍ വരുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ അനാശാസ്യമായ പ്രവൃത്തി ചെയ്തു എന്ന് വാര്‍ത്ത വന്നപ്പോള്‍ മന്ത്രി ജി.സുധാകരന്‍ എന്ന് റിപ്പോര്‍ട്ട് ചെയ്ത സുഹൃത്തുക്കളാണ് അവിടെയുള്ളത്. ജി. സുധാകരന്റെ ഫോട്ടോയും കൊടുത്തു. ഞാന്‍ ഒരു ഷോകോസ് നോട്ടീസ് പോലും കൊടുത്തില്ല. അതെല്ലാം ഞാന്‍ ക്ഷമിച്ചു. ഞാന്‍ ഇടപെട്ട് ആ ഡാമേജ് പരിഹരിച്ചു. അങ്ങനെയുള്ള എന്നെക്കുറിച്ച് ഒരു രാഷ്ട്രീയ ആരോപണം അവര്‍ ഉന്നയിക്കാന്‍ പാടില്ല. ഞാനാണ് ചീഫ് എഡിറ്ററെങ്കില്‍, ഒരു എഡിറ്റര്‍ക്ക് അയാളുടെ പേര് വച്ച് എന്തും എഴുതുന്നതിനുള്ള അധികാരമുണ്ട്. അത് ആര്‍ക്കാണ് ചോദ്യം ചെയ്യാന്‍ കഴിയുക? ചീഫ് എഡിറ്റര്‍ എഴുതുന്ന ലേഖനം പ്രസിദ്ധപ്പെടുത്താന്‍ എക്‌സിക്യൂട്ടീവ് എഡിറ്റരും കൂട്ടരും വൈമുഖ്യം കാണിക്കുക, ഒടുവില്‍ നിര്‍ബന്ധപൂര്‍വം ആവശ്യപ്പെടുമ്പോള്‍ അത് പ്രസിദ്ധപ്പെടുത്തുക, എന്നിട്ട് പുറത്തുപോയി ഫേസ്ബുക്കില്‍ ചീഫ് എഡിറ്റര്‍ക്കെതിരെ ആക്ഷേപമുന്നയിക്കുക, അതൊന്നും ഒരു നല്ല കാര്യമല്ല. എനിക്ക് ചില തത്വങ്ങളൊക്കെയുള്ളയാളാണ്. ഞാനതിനെ ത്യാഗപൂര്‍വം മുറുകെപ്പിടിക്കുന്നയാളാണ്. കേരളത്തിലെ മറ്റേതെങ്കിലും മാധ്യമസ്ഥാപനങ്ങളിലായിരുന്നുവെങ്കില്‍ സംഭവിക്കുമായിരുന്ന ഒരു ഭവിഷ്യത്ത് എന്റെ സ്ഥാപനത്തിലുണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. അത് എന്റെ ഒരു ബലഹീനതയായി കാണേണ്ടതില്ല. ഞാന്‍ എല്ലാവരോടും വളരെ ഔദാര്യമായി പ്രവര്‍ത്തിക്കുന്നയാളാണ്. അവരൊന്നും സൗജന്യമായി പ്രവര്‍ത്തിക്കുന്നയാളുകളുമല്ല. കേരളത്തിലെ പൊതുനിലവാരമനുസരിച്ച് അവര്‍ക്ക് കിട്ടാവുന്നതിന്റെ അപ്പുറത്താണ് അവര്‍ക്ക് ഞങ്ങള്‍ കൊടുക്കുന്ന വേതനവും ആനുകൂല്യങ്ങളും. ചീഫ് എഡിറ്ററുടെ നിലപാടിനോട് വിയോജിപ്പുണ്ടെങ്കില്‍ അവര്‍ക്ക് പിരിഞ്ഞ് പോവാം. ഞാനും മാധ്യമസ്ഥാപനത്തില്‍ ജോലി ചെയ്തയാളാണ്. അഞ്ച് വര്‍ഷം പ്രസ് കൗണ്‍സില്‍ അംഗമായിരുന്നു. എനിക്ക് ഇക്കാര്യങ്ങള്‍ അറിയാം. ചീഫ് എഡിറ്റര്‍ നയം തീരുമാനിക്കും, അതിനോട് വിയോജിപ്പുള്ളവര്‍ക്ക് പിരിഞ്ഞുപോവാം. ചീഫ് എഡിറ്ററുടെ നയത്തോട് മാനേജ്‌മെന്റിന് വിയോജിപ്പുണ്ടായാല്‍ ചീഫ് എഡിറ്ററെ പിരിച്ചുവിടാം. ഇത് പല കേസുകളിലും സുപ്രീംകോടതിയും പ്രസ് കൗണ്‍സിലുമെല്ലാം പറഞ്ഞ കാര്യമാണ്. എന്റെ സൗമനസ്യങ്ങള്‍ ദൗര്‍ബല്യമായി കാണരുത് എന്നാണ് എന്റെ അപേക്ഷ.’

ഈ നിലപാട് തന്നെയാണ് ഇപ്പോള്‍ മാനേജ്‌മെന്റും സൗത്ത് ലൈവിലെ മറ്റ് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നതിന് പകരം കുറ്റാരോപിതന്റെ മനുഷ്യാവകാശമാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന എഡിറ്റോറിയല്‍ നയംമാറ്റത്തോട് അതിശക്തമായി വിയോജിക്കുന്നതായി  മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും എഡിറ്റോറിയല്‍ യോഗത്തില്‍ എം ഡി സാജ് കുര്യനെയും സിഇഒയെയും അറിയിച്ചു.കടുത്ത സ്ത്രീവിരുദ്ധതയും വ്യക്തിവിദ്വേഷവും പ്രതിഫലിക്കുന്ന മനുഷ്യത്വവിരുദ്ധമായ ഈ ലേഖനം കേരള സമൂഹം ചര്‍ച്ച ചെയ്ത് തള്ളികളഞ്ഞിട്ടും ആ ലേഖനത്തിലെ നിലപാടുകളാണ് സൗത്ത് ലൈവിന്റെ തുടര്‍നയമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മാനേജ്‌മെന്റ്. ഈ നിലപാടിനെ അംഗീകരിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. നടിയെ ആക്രമിച്ചവര്‍ക്കും ആസൂത്രണം ചെയ്തവര്‍ക്കും അനുകൂലമായി സഹതാപതരംഗം സൃഷ്ടിക്കാനുള്ള ശ്രമത്തിനിടയിലും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ; മാനേജ്‌മെന്റ്  തീരുമാനത്തിനെതിരേ തങ്ങളുടെ നിലപാട് വ്യക്തമാക്കി സൗത്ത് ലൈവിലെ മാധ്യമപ്രര്‍ത്തകര്‍ എഴുതിയ ഫെയ്‌സ്ബുക്ക് പോസറ്റില്‍ പറയുന്നു.

സൗത്ത് ലൈവ് മാധ്യമപ്രവര്‍ത്തകര്‍ സംയുക്തമായി പുറത്തിറക്കിയ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

നടി ആക്രമിക്കപ്പെട്ട കേസില്‍ സൗത്ത് ലൈവ് എഡിറ്റര്‍ ഇന്‍ ചീഫ് സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ‘സഹാനുഭൂതി കുറ്റമല്ല, ദിലീപിന് വേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാകണം’ ലേഖനം(സെപ്തംബര്‍ 10) സൗത്ത് ലൈവ് എന്ന മാധ്യമ സ്ഥാപനത്തിന്റെ നിലപാടാണെന്ന് മാനേജ്‌മെന്റ് ഇന്ന് അറിയിച്ചിരിക്കുന്നു. ചീഫ് എഡിറ്ററുടെ ലേഖനത്തോട് വിയോജിപ്പുള്ളവര്‍ പുറത്തുപോകണം എന്ന സെബാസ്റ്റ്യന്‍ പോളിന്റെ പ്രഖ്യാപനവും സൗത്ത് ലൈവിന്റെ നിലപാടാണെന്ന് മാനേജ്‌മെന്റ് ഔദ്യോഗികമായി ജീവനക്കാരുടെ യോഗം വിളിച്ച് അറിയിച്ചിരിക്കുന്നു. മാനേജിംഗ് ഡയറക്ടര്‍ സാജ് കുര്യനും സി ഇ ഒ ജോഷി സിറിയക്കുമാണ് തീരുമാനം ഞങ്ങള്‍ ജീവനക്കാരെ അറിയിച്ചിരിക്കുന്നത്. ചീഫ് എഡിറ്റര്‍ സെബാസ്റ്റ്യന്‍  പോളിന്റെ നയം അതെന്താണോ അതാണ് സൗത്ത് ലൈവ് എന്ന മാധ്യമത്തിന്റെ നയം എന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നതിന് പകരം കുറ്റാരോപിതന്റെ മനുഷ്യാവകാശമാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന എഡിറ്റോറിയല്‍ നയംമാറ്റത്തോട് അതിശക്തമായി വിയോജിക്കുന്നതായി ഞങ്ങള്‍ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും യോഗത്തില്‍ എം ഡി സാജ് കുര്യനെയും സിഇഒയെയും അറിയിച്ചു. സൗത്ത് ലൈവിന്റെ നിലപാട് അറിയിച്ച് മറ്റ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ അദ്ദേഹം സഹപ്രവര്‍ത്തകരുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന തരത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങളിലുള്ള കടുത്ത വിയോജിപ്പും മാനേജ്‌മെന്റിനെ എല്ലാ ജീവനക്കാരും അറിയിച്ചു. എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്‍ കെ ഭൂപേഷ്, സീനിയര്‍ എഡിറ്റര്‍ സി പി സത്യരാജ് , അസോസിയേറ്റ് എഡിറ്റര്‍ മനീഷ് നാരായണന്‍ എന്നിവര്‍ സെബാസ്റ്റ്യയന്‍ പോളിന്റെ നിലപാടുകള്‍ക്ക് വേണ്ടി, സൗത്ത് ലൈവ് എന്ന മാധ്യമത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്ന നടപടിയെ വിമര്‍ശിച്ചു. വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ള യോഗത്തിലാണ് സെബാസ്റ്റ്യന്‍ പോളിന്റെ മനുഷ്യത്വ വിരുദ്ധ നിലപാടുകളാണ് സ്ഥാപനത്തിന്റെതെന്ന നിലപാട് ഇവര്‍ ആവര്‍ത്തിച്ചത്. മാനേജ്‌മെന്റിന്റെ നിലപാടിനോട് യോജിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കൂ എന്ന് യോഗത്തില്‍ ഒന്നടങ്കം ആവശ്യപ്പെട്ടു.

കടുത്ത സ്ത്രീവിരുദ്ധതയും വ്യക്തിവിദ്വേഷവും പ്രതിഫലിക്കുന്ന മനുഷ്യത്വവിരുദ്ധമായ ഈ ലേഖനം കേരള സമൂഹം ചര്‍ച്ച ചെയ്ത് തള്ളികളഞ്ഞിട്ടും ആ ലേഖനത്തിലെ നിലപാടുകളാണ് സൗത്ത് ലൈവിന്റെ തുടര്‍നയമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മാനേജ്‌മെന്റ്. ഈ നിലപാടിനെ
അംഗീകരിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. നടിയെ ആക്രമിച്ചവര്‍ക്കും ആസൂത്രണം ചെയ്തവര്‍ക്കും അനുകൂലമായി സഹതാപതരംഗം സൃഷ്ടിക്കാനുള്ള ശ്രമത്തിനിടയിലും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ.
എന്‍ കെ ഭൂപേഷ്
സിപി സത്യരാജ്
മനീഷ് നാരായണന്‍
രഞ്ജിമ ആര്‍
നിര്‍മല്‍ സുധാകരന്‍
സികേഷ് ഗോപിനാഥ്
അജ്മല്‍ ആരാമം
ശ്യാമ സദാനന്ദന്‍
എയ്ഞ്ചല്‍ മേരി മാത്യു
ആല്‍ബിന്‍ എം യു
ശ്രിന്‍ഷ രാമകൃഷ്ണന്‍
റെയക്കാഡ് അപ്പു ജോര്‍ജ്ജ്
നിര്‍മ്മലാ ബാബു
നിസാം ചെമ്മാട്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍