UPDATES

അശോകന്‍ ചരുവില്‍

കാഴ്ചപ്പാട്

Guest Column

അശോകന്‍ ചരുവില്‍

ഗുരുവിനെ മറക്കുന്ന സന്യാസിമാര്‍ ചോര മണക്കുന്ന സംഘപരിവാറിലെത്തുമ്പോള്‍

ഹിന്ദു ഐക്യവേദിയുടെ വാര്‍ഷിക സമ്മേളനം ശിവഗിരി മഠത്തിന്റെ ആലുവ ആശ്രമം മഠാധിപതി സ്വാമി ശിവസ്വരൂപാനന്ദ ഉല്‍ഘാടനം ചെയ്തു

ഹിന്ദു ഐക്യവേദി എന്ന സംഘപരിവാര്‍ സംഘടനയുടെ വാര്‍ഷിക സമ്മേളനം ശിവഗിരി മഠത്തിന്റെ ആലുവ ആശ്രമം മഠാധിപതി സ്വാമി ശിവസ്വരൂപാനന്ദ ഉത്ഘാടനം ചെയ്തു എന്ന വാര്‍ത്ത വായിച്ചു. എനിക്ക് സുകുമാര്‍ അഴിക്കോട് സാറിന്റെ ‘ഗുരുവിന്റെ ദു:ഖം’ എന്ന പ്രസിദ്ധമായ പുസ്തകമാണ് ഓര്‍മ്മ വന്നത്. അതിലെ കാവ്യനിര്‍ഭരമായ ഒരു പരാമര്‍ശവും: ‘കുഞ്ഞിന്റെ ചോറൂണ് ആഘോഷിക്കാന്‍ വന്ന അതിഥിയുടെ വിഴുപ്പിനടിയില്‍പ്പെട്ട് കുഞ്ഞ് മരിച്ചു പോയ കഥയില്‍ എന്ന പോലെയാണ്; ഗുരുവിന് സ്മാരകങ്ങളുണ്ട്. ആശ്രമങ്ങളുണ്ട്. റോഡില്‍ പ്രതിമയുണ്ട്. ഹൃദയത്തിലോ? ആ ചോദ്യം ഉദിക്കുന്നില്ല.’

നാം കാണുന്ന സന്യാസിമാര്‍ പല പല മഠങ്ങളില്‍പ്പെട്ടവരാണ്. പല തരക്കാരാണ്. ഈയിടെ തിരുവനന്തപുരത്തുവെച്ച് പിടിയിലായ ഒരു സന്യാസി അറിയപ്പെടുന്നത് ‘തോക്കുസ്വാമി’ എന്നാണ്. അക്രമികള്‍ ബാബറി മസ്ജിദ് കയ്യേറി അടിച്ചു തകര്‍ക്കുമ്പോള്‍ അവര്‍ക്ക് ആവേശം പകരാന്‍വേണ്ടി അലറിവിളിക്കുന്ന ‘അടിച്ചുപൊളി സ്വാമി’മാരെ ചിത്രത്തില്‍ കണ്ടിട്ടുണ്ട്. സ്വാമി ശിവസ്വരൂപാനന്ദയെ ശിവഗിരിയില്‍ വെച്ച് ഒരിക്കല്‍ കണ്ടിട്ടുണ്ടെന്നല്ലാതെ അദ്ദേഹത്തിന്റെ ഏതെങ്കിലും പ്രഭാഷണം കേള്‍ക്കുകയോ, പുസ്തകം വല്ലതുമുണ്ടെങ്കില്‍ വായിക്കുകയോ ചെയ്തിട്ടില്ല. പക്ഷേ ഒരു കാര്യം വ്യക്തമാണല്ലോ. എന്റെ ആത്മാവിന്റെ വെളിച്ചമായിരിക്കുന്ന ശ്രീനാരായണ ഗുരുവിനെയാണ് അദ്ദേഹം പിന്തുടരുന്നത്. അല്ലെങ്കില്‍ അങ്ങനെയാണ് ഭാവിക്കുന്നത്. അതുണ്ടാക്കുന്ന ദു:ഖം ചെറുതല്ല.

ഗുരു ഈ ഭൂമിയില്‍ തന്റെ ജീവിതം എന്തിനു വേണ്ടി സമര്‍പ്പിച്ചുവോ, അതിനു കടകവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് ഹിന്ദു ഐക്യവേദി. ഗുരു സമൂഹത്തെ ഒന്നിപ്പിക്കുവാനും മുറിവുണക്കാനുമാണ് പരിശ്രമിച്ചതെങ്കില്‍ മുറിവുണ്ടാക്കാനും ചോര വീഴ്ത്താനുമാണ് അവരുടെ പരിശ്രമം. അന്യമത വിദ്വേഷ വിഷപ്രചരണമാണ് പ്രവര്‍ത്തനമാര്‍ഗ്ഗം. മതവിദ്വേഷ പ്രചരണം ഇരുതലമൂര്‍ച്ചയുള്ള ആയുധമാണ്. സ്വമതക്കാരനെ ആവേശഭരിതനാക്കാം. അന്യമതസ്ഥനെ പ്രകോപിപ്പിക്കാം. രണ്ടും നേട്ടം തന്നെ. ഇരുഭാഗക്കാര്‍ക്കും നേട്ടം. എതിര്‍ചേരിയില്‍ എന്നു ഭാവിക്കുന്ന മതതീവ്രവാദികളെപ്പോലെ ഇങ്ങനെ പരസ്പരാശ്രിതര്‍ വേറെയില്ല. ഇസ്ലാമിക് സ്റ്റേറ്റ് എന്ന ലോക ഭീകര സംഘടനയ്ക്ക് ഇസ്ലാം എങ്ങനെയാണോ അങ്ങനെയാണ് ‘ഹിന്ദു’ ഐക്യവേദിക്ക് ഹിന്ദു. കടലും കടലാടിയും പോലെ എന്നു പറയാം. ഇക്കാര്യം തിരിച്ചറിയാത്ത ഒരാള്‍ സന്യാസിയായി ശിവഗിരി മഠത്തില്‍ ഉണ്ട് എന്നു വന്നാല്‍ നമ്മള്‍ ഗുരുവിനെ കൂടുതല്‍ പഠിച്ച് സമാധാനിക്കുക എന്നല്ലാതെ വേറെ വഴിയില്ല.

ആലുവ ആശ്രമത്തിന്റെ ഇപ്പോഴത്തെ മഠാധിപതിയാണല്ലോ ശിവസ്വരൂപാനന്ദ. പണ്ടു ശിവരാത്രിക്കാലത്ത് ഒരിക്കല്‍ കണ്ടിട്ടുണ്ടെന്നല്ലാതെ ഞാന്‍ ആ ആശ്രമത്തില്‍ പോയിട്ടല്ല. പക്ഷേ അവിടം എന്നും എന്റെ മനസ്സില്‍ ഒരു അരങ്ങായി നിലകൊള്ളുന്നു. നവകേരളം കരഞ്ഞു പിറന്ന രംഗവേദി. കേരളത്തിന്റെ സാമൂഹ്യ വികാസ പരിണാമങ്ങളില്‍ താന്‍ മഠാധിപതി ആയിരിക്കുന്ന ആശ്രമം എങ്ങനെ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു എന്ന് ശിവസ്വരൂപാനന്ദയെ ഓര്‍മ്മിപ്പിക്കുന്നത് കടന്ന കയ്യാവും. അന്നു മാത്രമല്ല, ഇന്നും എന്നും ലോകമനസ്സാക്ഷിയുടെ മുറിവുണക്കാന്‍ പര്യാപ്തമായ ഒരു ദിവ്യൗഷധം സംസ്‌കരിച്ചെടുക്കപ്പെട്ടത് അവിടെ വെച്ചാണ്. ഗുരുവിന്റെ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം’ എന്ന സൂത്രവാക്യത്തിലെ ‘ഒരു മതം’ (ഏകമതം) എന്ന ദര്‍ശനം. ഓരോരോ ദേശങ്ങളില്‍ ഓരോരോ കാലങ്ങളെ അഭിമുഖീകരിച്ച് വളര്‍ന്നു വന്ന വ്യത്യസ്ത മതചിന്തകളെക്കുറിച്ച് പഠിക്കാന്‍ വേണ്ടി 1924ല്‍ ഗുരു വിളിച്ചു ചേര്‍ത്ത സര്‍വ്വമത സമ്മേളനം നടന്നത് അവിടെയാണ്. ഗുരുവിനുവേണ്ടി പ്രിയശിഷ്യന്‍ സ്വാമി സത്യവ്രതന്‍ അന്നു നടത്തിയ ദീര്‍ഘമായ സ്വാഗതപ്രസംഗം ഇന്ന് വലപിടിച്ച ഒരു ചരിത്രരേഖയാണ്. ‘കായികമായ രോഗങ്ങള്‍ക്ക് ചികിത്സാക്രമം ഏതു മതക്കാരനായ വൈദ്യന്റേത് എന്ന് അന്വേഷിക്കാതെ സ്വീകരിക്കാമെങ്കില്‍, ആത്മാവിനുണ്ടാകുന്ന രോഗങ്ങള്‍ക്ക് ആ പ്രമാണം എന്തുകൊണ്ട് സ്വീകരിച്ചുകൂടാ?’ എന്ന ചോദ്യം കേട്ട് ആലുവാപ്പുഴ പുളകം കൊണ്ടുകാണണം. കാരണം അതിനുമുമ്പ് അങ്ങനെ ഒരു ചോദ്യം ലോകത്തിലൊരിടത്തും ഉന്നയിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല.

ലോകത്തില്‍ പിറവികൊണ്ട എല്ലാ മതങ്ങളേയും ദര്‍ശനങ്ങളേയും തന്റെ മാതൃരാജ്യത്തിലേക്ക് ഹാര്‍ദ്ദമായി ക്ഷണിച്ച് ലോകപ്രശസ്തനായ ആളാണ് സ്വാമി വിവേകാനന്ദന്‍. സഹിഷ്ണതയുടെ പര്യായമായി ഇന്ത്യന്‍ സംസ്‌കാരത്തെ നിര്‍വ്വചിച്ച സന്യാസി. പക്ഷേ അപ്പോഴും ഇന്ത്യന്‍ മതങ്ങളും ദര്‍ശനങ്ങളും സമാനതകളില്ലാത്ത വിധം സമുന്നതമാണെന്ന് അദ്ദേഹം കരുതി. ഇവിടെ ആലുവാപ്പുഴയുടെ തീരത്തുവെച്ച് നാരായണഗുരു വിവേകാനന്ദനില്‍ നിന്നും ബഹുദൂരം മുന്നോട്ടു പോയി. അത് ഒരു സുപ്രഭാതത്തിലെ വെളിപ്പെടുത്തലായിരുന്നില്ല. ഗുരുവിന്റെ ജീവിതമാകെ ആറ്റിക്കുറുക്കിയാലും ആ സന്ദേശമായിരിക്കും നമുക്കു കിട്ടുക. ‘നാം ഏതെങ്കിലും ഒരു ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല’ എന്ന പ്രബുദ്ധകേരളം വിളംബരം. ‘അപ്രകാരമുള്ളവരെ മാത്രമേ തന്റെ പിന്തുടര്‍ച്ചക്കാരായി സന്യാസിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളു, മേലില്‍ ഉള്‍പ്പെടുത്തുകയുള്ളു’ എന്നു പിറകെ വരുന്ന ശിവസ്വരൂപാനന്ദമാര്‍ക്ക് ശങ്ക വരാതിരിക്കാന്‍ വേണ്ടി ഗുരു എഴുതിവെച്ചിരുന്നു. എന്നിട്ടും രക്ഷയില്ല. 1916ലെ ടി.കെ.മാധവന്റെ ‘ദേശാഭിമാനി’ പ്രസിദ്ധം ചെയ്ത കൊല്ലം പ്രസംഗം. സി.വി.കുഞ്ഞിരാമനുമായി നടത്തിയ സുദീര്‍ഘ സംഭാഷണമാണ് മറ്റൊരു രേഖ. ഏതാണ്ട് ഒരു നൂറ്റാണ്ടു മുമ്പാണ് ഗുരു പറഞ്ഞത്: ‘ഇന്ന് ഇന്ത്യയുടെ ആവശ്യം എന്താണ്? ജാതികള്‍ തമ്മിലും മതങ്ങള്‍ തമ്മിലും ഉള്ള മത്സരത്തില്‍ നിന്നുള്ള മോചനം. സമബുദ്ധിയോടും സമഭക്തിയോടും കൂടി എല്ലാമതങ്ങളും എല്ലാവരും പഠിച്ചറിയുവാനും ലഭിച്ച അറിവിനെ പരസ്പരം വിനിമയം ചെയ്യാനും പരിശ്രമിക്കണം.’

ഇങ്ങനെയൊരു ദര്‍ശനം ആത്മാവില്‍ സ്വീകരിച്ചതുകൊണ്ടാണ് തന്റെ സ്‌നേഹിതനായ ഇസ്ലാമിക പണ്ഡിതന്‍ നെടുങ്കണ്ടയിലെ അബ്ദുള്‍ അസീസ് മുസലിയാരെ ഗുരു വിശ്രമകാല ജീവിതത്തിനായി ശിവഗിരിയിലേക്കു ക്ഷണിച്ചത്. പ്രാര്‍ത്ഥിക്കുവാനായി അവിടെ ഒരു പള്ളി പണിഞ്ഞു തരാമെന്നു വാഗ്ദാനം ചെയ്തു. ആ പണ്ഡിതന്‍ അതിനു വിസമ്മതിച്ചു. ആല്ലെങ്കില്‍ ശിവഗിരിക്കുന്നില്‍ ശാരദാ ക്ഷേത്രം പോലെ വിഗ്രഹമില്ലാത്ത മറ്റൊരു ആരാധനാലയം കൂടി ഉണ്ടാകുമായിരുന്നു.

‘കരുണാവാന്‍ നബി മുത്തുരത്‌നം’ എന്നാണ് ‘അനുകമ്പാദശക’ത്തില്‍ ഗുരു മുഹമ്മദ് നബിയെ വാഴ്ത്തിയിരിക്കുന്നത്. സാഹോദര്യമാണ് ഇസ്ലാംമതത്തിന്റെ ദര്‍ശനമെന്നും അദ്ദേഹം കണ്ടെത്തുന്നുണ്ട്. അതുവിചാരിച്ച് ഇസ്ലാം എന്ന പേരുപയോഗിക്കുന്ന ഐ എസ് ഐ എസിന്റെ വേദി ഗുരുഭക്തരും സന്യാസിമാരും പങ്കിടുമോ? രാഷ്ട്രീയാധികാരത്തിനു വേണ്ടിയുള്ള ചട്ടുകമാകുമ്പോള്‍ മതം അതിന്റെ തനതായ ദര്‍ശനത്തെ കയ്യൊഴിയും. ഹിംസ മാത്രമാകും പിന്നെ കൊടിയടയാളം. ‘പരമാര്‍ത്ഥമുരച്ചു തേര്‍വിടും’ പൊരുളിനെ വര്‍ഗ്ഗീയ ലഹളകളുടെ ചോരമണക്കുന്ന സംഘപരിവാര്‍ സംഘടനകളില്‍ അന്വേഷിക്കുന്ന അനുയായികള്‍ ഗുരുവിന്റെ തീവ്ര ദു:ഖമാകുന്നു.

 

അശോകന്‍ ചരുവില്‍

അശോകന്‍ ചരുവില്‍

ചെറുകഥാകൃത്ത്, നോവലിസ്റ്റ്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍