UPDATES

കേരളം

കായംകുളത്ത് ഭിന്നശേഷിയുള്ള വിദ്യാര്‍ഥിനിയെ പ്രധാനാധ്യാപിക മര്‍ദിച്ച സംഭവം: പൊലീസ് കേസ് ഒതുക്കുന്നതായി പരാതി

കേസിനെ ദുര്‍ബലമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പൊലീസ് പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കി ജുവനൈല്‍ വകുപ്പുകള്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന പരാതിയുണ്ട്.

കായംകുളം കാക്കനാട് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന മിസ്പ ദി ഹോം ഓഫ് കെയര്‍ എന്ന ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസസ്ഥാപനത്തില്‍ പതിനാറ് വയസ് പ്രായമുള്ള ഓട്ടിസം ബാധിച്ച ആതിര എന്ന പെണ്‍കുട്ടിയെ പ്രധാനാദ്ധ്യാപികയും വാര്‍ഡനും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പൊലീസ് അലംഭാവം പുലര്‍ത്തുന്നതായി പരാതി. കുട്ടിയുടെ അച്ഛന്‍ സ്‌കൂളില്‍ നിന്നും കുട്ടിയെ കൂട്ടികൊണ്ട് വന്നതിന് ശേഷം പൊലീസിലും ചൈല്‍ഡ് വെല്‍ഫെയര്‍ ലൈന്‍, ബാലവകാശ കമ്മീഷന്‍, മനുഷ്യവകാശ കമ്മീഷന്‍ എന്നിവിടങ്ങളിലും പരാതി നല്‍കിയിരുന്നു. പക്ഷേ യാതൊരു നടപടിയും അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

സ്ഥാപനത്തിന്റെ ഡയറക്ടറുടെ രണ്ട് കുട്ടികളും ഓട്ടിസം ബാധിച്ചവരാണ്, സ്ഥാപനത്തെ പറ്റി വന്ന പത്ര പരസ്യത്തില്‍ ഇങ്ങനെ പറഞ്ഞതില്‍ നിന്നാണ് സംസാരിക്കാന്‍ പ്രയാസമുള്ള കുട്ടിയെ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പ്രസ്തുത സ്ഥാപനത്തില്‍ ചേര്‍ക്കാന്‍ താല്പര്യം തോന്നിയത്. ജൂണ്‍ ഒന്നിനാണ് അഡ്മിഷന്‍ എടുത്തത്. അന്ന് വിവിധ ആവശ്യങ്ങളുടെ പേരില്‍ 9500 രൂപ ഫീസായി ഈടാക്കിയിരുന്നു, പക്ഷേ റെസിപ്റ്റുകള്‍ ഒന്നും തന്നെ അവര്‍ നല്‍കിയിരുന്നില്ല. ആദ്യ ആഴ്ചയില്‍ കുഴപ്പങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു. പന്ത്രണ്ടാം തീയതി രാത്രി മുതല്‍ കുട്ടിയെ പറ്റിയുള്ള വിവരങ്ങള്‍ ഒന്നും തന്നെ മാതാപിതാകള്‍ക്ക് കൃത്യമായി അറിയാന്‍ പറ്റുന്നില്ലായിരുന്നു. അഞ്ചോളം പെണ്‍കുട്ടികളും ആണ്‍കുട്ടികളും താമസിക്കുന്ന ഹോസ്റ്റലില്‍ പൊതുവായുള്ള അധികാരി പുരുഷനായ വാര്‍ഡന്‍ മാത്രമാണ്.

15ന് രാത്രി കുട്ടിയുടെ അമ്മ വാര്‍ഡനെ വിളിച്ചപ്പോള്‍ കുട്ടി തുണി വലിച്ചു കീറിയതിന് ചെറുതായി അടിച്ചിരുന്നു എന്ന് പറഞ്ഞിരുന്നു. കുട്ടി അങ്ങനെയാണ് പെരുമാറുക എന്ന് അറിയാവുന്ന അമ്മ കുട്ടിയോട് സംസാരിക്കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ വാര്‍ഡന്‍ പറ്റില്ല എന്ന് പറഞ്ഞു. കുട്ടി ഫോണിനടുത്ത് നിന്ന് കരയുന്നത് കേട്ട മാതാപിതാക്കള്‍ പിറ്റേ ദിവസം സ്‌കൂളിലേക്ക് ചെല്ലുകയായിരുന്നു. വീട്ടില്‍ എത്തിയ ശേഷം ദേഹത്ത് മുഴുവന്‍ മുറിപ്പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് കുട്ടിയെ മാവേലിക്കര ജില്ലാ ആശുപത്രിയിലാക്കി. ചൂരല്‍ കൊണ്ടും കമ്പി കൊണ്ടും ദേഹം ആകെ മര്‍ദിച്ചിരുന്നു.

15ന് പകല്‍ മുഴുവന്‍ കുട്ടിയെ കൈകള്‍ പിന്നിലേക്ക് പിടിച്ചുകെട്ടി, കണ്ണുകള്‍ കെട്ടി ഓഫീസ് മുറിയില്‍ ഇരുത്തിയെന്ന് കുട്ടി പറഞ്ഞു. മാനസിക അസ്വാസ്ഥ്യമുള്ള കുട്ടിയായത് കൊണ്ട് തന്നെ കുട്ടിയെ ഭയപ്പെടുത്താന്‍ വേണ്ടി പട്ടിയെ വിട്ടു കടിപ്പിക്കും എന്നും ദേഹം പൊള്ളിക്കും എന്ന് ഒക്കെ പറഞ്ഞത് പേടിപ്പിച്ചിരുന്നു. കായകുളം പൊലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജുവനൈല്‍ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസിനെ ദുര്‍ബലമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പൊലീസ് പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കി ജുവനൈല്‍ വകുപ്പുകള്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന പരാതിയുണ്ട്. എസ്എഫ്‌ഐ, യോഗക്ഷേമ സഭ, ബിജെപി തുടങ്ങിയ സംഘടനകള്‍ ഈ പ്രശ്‌നത്തില്‍ പ്രതിഷേധിച്ചിരുന്നു. പ്രതികള്‍ ഒളിവിലാണെന്നാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഇപ്പോളുള്ള പ്രതികരണം.

വിഷ്ണു നമ്പൂതിരി

വിഷ്ണു നമ്പൂതിരി

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍