UPDATES

“ആൾക്കാർടെ സന്തോഷം, അതാണ് മൂപ്പർടെ ഫീസ്”; പയ്യോളിക്കാരുടെ സ്വന്തം മുഹമ്മദ്‌ ഡോക്ടര്‍ തിരിച്ചെത്തിയിട്ടുണ്ട്

ചെയ്ത നല്ല പ്രവർത്തിയുടെ കണക്കുകൾ ഓർത്തെടുത്താൽ പയ്യോളിയിലെ നാൽപ്പതു വർഷത്തെ സർവീസ് തന്നെയാണ് ഇവിടുത്തെ ജനങ്ങൾക്ക് വേണ്ടി അദ്ദേഹം ചെയ്ത ഏറ്റവും നല്ല പ്രവർത്തി

ദീഷ്‌ണ സി.

ദീഷ്‌ണ സി.

“കുറേ ദിവസമായി ഡോക്ടറെ കാണാതിരുന്നപ്പോൾ ആധിയായിരുന്നു. കുറച്ച് വൈകിയാണെങ്കിലും തിരിച്ച് വന്നല്ലോ… ഇപ്പോഴാ സമാധാനമായത്”. പയ്യോളിയിലെ സാധാരണ മനുഷ്യരുടെ വാക്കുകള്‍ ഒരു മനുഷ്യനെ കുറിച്ച് സംഗ്രഹിച്ചാല്‍ അദ്ദേഹത്തിനു പേര് മുഹമ്മദ് ഡോക്ടര്‍ എന്നായിരിക്കും.

ജനമനസ്സില്‍ നിറഞ്ഞു നിന്നിരുന്ന മുഹമ്മദ്‌ ഡോക്ടർ പെട്ടന്ന് അപ്രത്യക്ഷമായത്തിന്റെ സങ്കടത്തിലും ആശങ്കയിലുമായിരുന്നു അവർ. ഹോസ്പിറ്റലിലെ നഴ്സുമാരോട് ചോദിച്ചാൽ കുറച്ചു ദിവസങ്ങൾക്കകം തിരിച്ചു വരുമെന്നല്ലാതെ മറ്റൊരു മറുപടിയും ഉണ്ടായിരുന്നില്ല. നിത്യച്ചിലവുകൾക്ക് പുറമെ ആശുപത്രിയിലെ ബില്ലുകൾ കൂടി അടയ്ക്കുവാൻ പണം തികയാത്ത പയ്യോളിയിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് ഏക അത്താണിയായിരുന്നു ഡോക്ടർ സി. മുഹമ്മദ്. ശ്വാസകോശ സംബന്ധ രോഗങ്ങളാൽ ജോലിയിൽ നിന്നും അവധിയെടുത്ത ഡോക്ടർ തിരിച്ചെത്തിയിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ. ഈ അവധിക്കുള്ളിൽ അദ്ദേഹത്തിനെന്തു സംഭവിച്ചുവെന്നും, എന്നു തിരിച്ചു വരുമെന്നും തിരക്കാത്ത ആളുകൾ പയ്യോളിയിൽ ഉണ്ടായിട്ടുണ്ടാകില്ല. ചികിത്സയ്ക്ക് വേണ്ടിയല്ല, ജനകീയനായ തങ്ങളുടെ ഡോക്ടർക്ക് ആപത്ത് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താൻ വേണ്ടി.

കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ ഡോക്ടർ മുഹമ്മദ് 1980ലാണ് കോഴിക്കോട് പയ്യോളിയിലെത്തി ചികിത്സ ആരംഭിച്ചത്. ആദ്യകാലത്ത് ഒറ്റ മുറിയുള്ള ഒരു ക്ലിനിക്കിലായിരുന്നു. അന്ന് തൊട്ട് ഇന്നുവരെ പയ്യോളിയിലെ ജനങ്ങൾക്കിടയിൽ അവരിലൊരാളായി ഡോക്ടർ സേവനം നടത്തി വരുന്നു. അമിത ഫീസും ബില്ലുകളും രോഗികളിൽ നിന്നും ഈടാക്കുന്ന കഴുത്തറപ്പൻ ആതുരാലയ വ്യവസായങ്ങളിൽ നിന്നുമാറി, വർഷങ്ങളായി ഈ ഡോക്ടർ രോഗികളോട് ഫീസ് പോലും വാങ്ങാറിലെന്ന സത്യം വിശ്വസിക്കാൻ പ്രയാസമായിരിക്കും. മുഹമ്മദ് ഡോക്ടർ ഇവിടുത്തുകാർക്ക് കാണപ്പെട്ട ദൈവമാണ്. പറഞ്ഞാൽ തീരാത്ത വിശേഷങ്ങളാണ് ഡോക്ടറെക്കുറിച്ച് ഇവർക്ക് പങ്കുവെയ്ക്കാനുള്ളത്.

ഡോക്ടര്‍മാര്‍ മദ്യപിക്കാമോ? അപ്പോള്‍ വിവാഹത്തിന് മുന്‍പുള്ള സെക്സോ?

ഡോക്ടറുടെ ക്ലിനിക്കിനോട് തൊട്ടടുത്ത് താമസിക്കുന്ന നബീസയുടെ വാക്കുകള്‍;
“ഒരു നാൽപ്പതു വർഷായിട്ടുള്ള പരിചയം ഉണ്ട് ഡോക്ടറോട്. 1982ൽ ആണെന്ന് തോന്നുന്നു, കൃത്യമായി ഓർമയില്ല ട്ടോ… വന്ന കാലം തൊട്ടേ ഞങ്ങടെ വീടിന്റെ അടുത്താണ് താമസം. ഇത്രയും കൊല്ലമായിട്ടും എന്റെ കയ്യീന്ന് ഒരു രൂപ ഫീസ് പോലും മൂപ്പര് വാങ്ങീട്ടില്ല. എന്റെ ഭർത്താവിന് സുഖമില്ല എന്നറിയുന്നത് കൊണ്ടാകണം… എപ്പോൾ എന്നെ കാണുമ്പോഴും, ‘എന്താ നബീസു പുയ്യാപ്ലേന്റെ വിശേഷം…’ ഇങ്ങനെയാ ചോദിക്കാറ്. രോഗത്തിന് ചികിത്സിക്കാൻ പോവാന്ന് നമ്മക്ക് തോന്നുവേ ഇല്ല. മൂപ്പര് തോന്നിപ്പിക്കൂല… എല്ലാ വിശേഷോം ചോദിക്കും. പൈസ ഒന്നും ഡോക്ടർക്ക് വേണ്ട. എല്ലാരേം എല്ലാത്തിനും സഹായിക്കണം. ആൾക്കാർടെ സന്തോഷം, അതാണ് മൂപ്പർടെ ഫീസ്. ഈ നാട്ടിലെ എല്ലാ കുടുംബങ്ങളെയും ഡോക്ടർക്കറിയാം. ഒരു പത്രാസും കാണിച്ച് വല്യ ആളാവൻ ഒന്നും മൂപ്പരെ കിട്ടൂല. ഞങ്ങൾക്ക് എല്ലാർക്കും കുടുംബത്തിലെ ഒരാളെപ്പോലെ തന്നെയാണ് മുഹമ്മദ് ഡോക്ടർ. ഇപ്പോൾ കുറെ ദിവസായിട്ട് ഡോക്ടറെ ഇവിടെ കണ്ടതേയില്ല. എല്ലാർക്കും വല്യ മന:പ്രയാസായിരുന്നു. ഇനി എങ്ങോട്ട് പോകുന്നാ ഞങ്ങളൊക്കെ ആലോചിച്ചെ. എന്തായാലും തിരിച്ച് വന്നല്ലോ. എല്ലാർക്കും സന്തോഷം.അസുഖായിട്ടാണ് ലീവ് എടുത്തത് എന്നറിഞ്ഞു. എപ്പോഴും ഞങ്ങടെ പ്രാർത്ഥനയിൽ ഡോക്ടറുണ്ട്. ഇനിയും മൂപ്പർക്ക് വേണ്ടി പ്രാർത്ഥിക്കും. രണ്ടു ദിവസായി തിരിച്ച് വന്നിട്ട്. കാണാൻ പോവാൻ കഴിഞ്ഞില്ല. എന്തായാലും ഒന്ന് പോയി കാണണം.”

അൽപ്പം നാണമുള്ള, ചിരിയും മൂളലും മാറിവരുന്ന നബീസയുടെ സംസാരത്തിൽ മുഹമ്മദ് ഡോക്ടർ എന്ന വലിയ മനുഷ്യനോടുള്ള നന്ദിയും കടപ്പാടും എല്ലാമുണ്ട്. നബീസയ്ക്ക് മാത്രമല്ല, പയ്യോളിയിലെ ഓരോ സാധാരണ കുടുംബങ്ങളിലെ അംഗങ്ങൾക്കും ഈ ഡോക്ടർ ദൈവമാണ്. തങ്ങളുടെ രോഗങ്ങൾക്ക് പണം നൽകി ചികിൽസിക്കാൻ കഴിയാത്ത ഓരോ കുടുംബങ്ങൾക്കും അത്താണിയാണിദ്ദേഹം.

പച്ച മനുഷമ്മാരാണ് ഈ ഡോക്ടര്‍മാര്‍; ദൈവങ്ങളല്ല

ഒറ്റ മുറിയിൽ തുടങ്ങിയ ചികിത്സ പിന്നീട് ‘സുബ’ എന്ന ക്ലിനിക്കായി, ഇന്ന് അഞ്ചു നഴ്സുമാർ ജോലി ചെയ്യുന്ന ഒരു മിനി ആശുപത്രിയായി മാറിയത് ജനമനസ്സുകളിൽ മുഹമ്മദ് ഡോക്ടർക്കുള്ള സ്ഥാനവും വിശ്വാസവും കൊണ്ട് മാത്രമാണ്. പണം വാങ്ങാത്ത ചികിത്സ എന്നതിനുപുറമേ, പയ്യോളിയിലെ മുക്കിലും മൂലയിലും അറുപത്തഞ്ചുകാരനായ ഡോക്ടറുടെ സാന്നിധ്യമുണ്ട്. മീറ്റിങ്ങോ, കല്യാണമോ, മരണമോ അദ്ദേഹം പങ്കെടുക്കാത്ത ഒരു ചടങ്ങ് പയ്യോളിക്കാർക്ക് ഇന്ന് സങ്കൽപ്പിക്കാൻ പോലുമാകില്ല. ഏത് പൊതുവേദിയിലും ഒരു ഇരിപ്പിടം അദ്ദേഹത്തിന് വേണ്ടി ഇവിടുത്തുകാർ മാറ്റിവെയ്ക്കുന്നു.

പ്രവാസിയും പയ്യോളി സ്വദേശിയുമായ അബ്ദുൾ റസാഖ് സംസാരിക്കുന്നു; “സ്വന്തമായി ഒരു കാർ ഇല്ലാത്ത ഡോക്ടർമാരുണ്ടോ നാട്ടിൽ? ഒരു രൂപ ഫീസ് പോലും വാങ്ങാതെ വർഷങ്ങളായി പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ ചെയ്യുന്ന ഒരു ഡോക്ടറിനെ കാണിച്ചുതരാൻ പറ്റുമോ? ഈ പറഞ്ഞ രണ്ടും ഞങ്ങളുടെ മുഹമ്മദ് ഡോക്ടറിന്റെ മാത്രം പ്രത്യേകതയാണ്. കണ്ടതിൽ വച്ച് പണത്തിനോട് ഒട്ടും ആർത്തിയില്ലാത്ത ജനകീയനായ ഒരു ഡോക്ടർ. ഏകദേശം നാൽപത് വർഷത്തോളമായി അദ്ദേഹമിവിടെ ക്ലിനിക് തുടങ്ങി ചികിത്സ നടത്തുന്നു. ഞാൻ ആദ്യമായി ഗല്‍ഫിലേക്ക് പോകുന്നതിനു മുൻപേ ഡോക്ടർ പയ്യോളിയിലെത്തിയിട്ടുണ്ട്. അന്നും ഇന്നും പാവപ്പെട്ടവരോടുള്ള അദ്ദേഹത്തിന്റെ അനുകമ്പയിലും പെരുമാറ്റത്തിലും മാറ്റങ്ങൾ ഒന്നുമില്ല. പണം സ്വന്തം തൊഴിൽ കൊണ്ട് അദ്ദേഹം ലക്ഷ്യമാക്കിയിട്ടില്ല. ഒന്നും രണ്ടുമല്ല, എത്രയോ കുടുംബങ്ങൾക്ക് വർഷങ്ങളായി സൗജന്യ ചികിത്സയാണ് അദ്ദേഹം ചെയ്തുകൊടുക്കുന്നത്. നമ്മൾ നിർബന്ധിച്ചു കൊടുത്താൽ മാത്രം ഫീസ് സ്വീകരിക്കും. ചിലപ്പോൾ അത് വേണ്ടെന്ന് പറഞ്ഞ് മടക്കി തരുകയും ചെയ്യും. ഒരിക്കൽ പോലും ആരോടും ഫീസ് ചോദിച്ച് വാങ്ങിയിട്ടില്ല. പണത്തിനോട് ഒട്ടും ആർത്തിയില്ല.

80,000 ആദിവാസികളുടെ ജീവിതത്തിനും മരണത്തിനും ഇടയില്‍ നില്‍ക്കുന്ന ഒരേ ഒരാള്‍

മറ്റു ഹോസ്പിറ്റലുകൾ പോലെ മുൻകൂട്ടി ബുക്ക് ചെയ്തും ടോക്കൺ എടുത്തും ഒന്നും അദ്ദേഹത്തെ കാണണ്ടേ കാര്യമില്ല. ആർക്കും അനുവാദം കൂടാതെ ഏത് സമയവും ഡോക്ടറെ ചെന്നു കാണാം. രാത്രിയോ പകലോ എന്ന് ഒന്നുമില്ല. എപ്പോൾ ചെന്ന് വിളിച്ചാലും ഏത് രോഗിയെ നോക്കാനും അദ്ദേഹം തയ്യാറാണ്. അദ്ദേഹത്തിന്റെ കുടുംബം കൂത്തുപറമ്പിലാണ് താമസം. ആഴ്ച്ചയിൽ ഒരു തവണ, കൂടിപ്പോയാൽ രണ്ടു തവണയെ അദ്ദേഹം അവിടേക്ക് പോകാറുള്ളൂ. പോകുന്നത് തന്നെ, ഇവിടുത്തെ ചികിത്സയെല്ലാം കഴിഞ്ഞ്, അവസാന രോഗിയെയും നോക്കിയ ശേഷം, രാത്രി ഒൻപതിനോ പത്തിനോ തമിഴന്മാരുടെ ലോറിയിലും മറ്റും കയറിയാണ്. എത്ര വൈകി ഇവിടുന്ന് പോയാലും പിറ്റേന്ന് കാലത്ത് ഒൻപത് മണിക്ക് തന്നെ പയ്യോളിയിലെ തിരിച്ചെത്തിയിരിക്കും.

എംബിബിഎസ് ഡിഗ്രി മാത്രമേ ഉള്ളൂവെങ്കിലും എംഡി കഴിഞ്ഞ ഒരു ഡോക്ടറേക്കാളും അറിവും ദീർഘ വീക്ഷണവും മുഹമ്മദ് ഡോക്ടറിനുണ്ട്. ഒരു അസുഖം വന്നാൽ, ഉയർന്ന ഫീസ് നൽകി സമീപിക്കുന്ന ഒരു ഡോക്ടറിന്റെ ചികിത്സയെക്കാൾ നല്ല ചികിത്സ സൗജന്യമായി അദ്ദേഹത്തിനടുത്ത് നിന്നും ലഭിക്കും. ചെറിയ അസുഖമായാലും, വിശദീകരിച്ച് ഓരോ രോഗിക്കും ബോധ്യപ്പെടുത്തി കൊടുക്കും. ആതുരാലയങ്ങളിലെ ഡോക്ടർമാരുടെ ചികിത്സ കിട്ടിയാലും എല്ലാവരും ഇദ്ദേഹത്തിന്റെ അടുത്ത് വരും… ഒന്ന് ഉറപ്പിക്കാൻ”

ഈ പുട്ടു തിന്നാല്‍ കുഴപ്പണ്ടോ സാറേ? പുട്ടും കടലയും ചില തീറ്റക്കാര്യങ്ങളും

മുഹമ്മദ് ഡോക്ടർ ആണ് പയ്യോളിക്കാരുടെ അവസാന വാക്ക്. അത്യാസന്ന നിലയിലുള്ള രോഗികളെ, മറ്റു ആശുപത്രികളിലേക്ക് കൊണ്ട് പോകുമ്പോഴും അദ്ദേഹത്തോട് ചോദിച്ച ശേഷമേ പുറപ്പെടുകയുള്ളൂ. ഒരിക്കൽ മാരക വിഷമുള്ള പാമ്പിന്റെ കടിയേറ്റ ഒരാളെയും കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ആംബുലൻസിൽ ചീറിപ്പാഞ്ഞ് പോകുമ്പോഴും, മുഹമ്മദ് ഡോക്ടറിനെ അടുത്ത് വണ്ടി നിർത്തി കാര്യങ്ങൾ ചോദിച്ച ശേഷം മാത്രം പുറപ്പെട്ട അനുഭവം വരെ പയ്യോളിക്കാർക്കുണ്ട്.

രാത്രി ഏറെ വൈകിയാണെങ്കിലും പയ്യോളിയിലെ ഓരോ വിവാഹങ്ങൾക്കും മുടങ്ങാതെ അദ്ദേഹം പോകാറുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമാണെങ്കിൽ ഒരു നല്ല തുക പണമടങ്ങിയ കവറും സമ്മാനിക്കും. ഏകദേശം പത്ത് മുറികളുള്ള ഒരു കെട്ടിടത്തിലാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ക്ലിനിക്. മുഹമ്മദ് ഡോക്ടർ ചികിത്സിക്കുന്നതിനു പുറമെ, മറ്റു രണ്ടു മുറികളിലായി ഹോമിയോ ക്ലിനിക്കും ഫിസിയോതെറാപ്പി സെന്ററും പ്രവർത്തിക്കുന്നുണ്ട്. അതെല്ലാം കുറഞ്ഞ വാടകയ്ക്കാണ് അദ്ദേഹം നൽകിയിരിക്കുന്നത്. മുൻപ് കിടത്തി ചികിത്സകളുമുണ്ടായിരുന്നു. പിന്നീട് തിരക്കുകൾ കാരണം മാറ്റി വെച്ചതാണ്. ചെയ്ത നല്ല പ്രവർത്തിയുടെ കണക്കുകൾ ഓർത്തെടുത്താൽ പയ്യോളിയിലെ നാൽപ്പതു വർഷത്തെ സർവീസ് തന്നെയാണ് ഇവിടുത്തെ ജനങ്ങൾക്ക് വേണ്ടി അദ്ദേഹം ചെയ്ത ഏറ്റവും നല്ല പ്രവർത്തി. ഇപ്പോൾ പയ്യോളിയിലെ വിദ്യാനികേതൻ സ്‌കൂളിന്റെ ഡയറക്ടർ ആയി മേൽനോട്ടം വഹിക്കുന്നതും ഇദ്ദേഹമാണ്.

വാക്സിന്‍ വിരുദ്ധര്‍ക്കു വായിക്കാന്‍ ഒരു വല്യമ്മേടെ ഓര്‍മ്മകള്‍; രോഗങ്ങളില്ലാതിരുന്ന ആ സുന്ദരകാലം

കുറച്ച് ദിവസങ്ങൾ ഡോക്ടറെ കാണാതിരുന്നപ്പോൾ ഇവിടുത്തുകാർ ഇത്രയധികം വിഷമത്തിലായത് തങ്ങൾക്ക് ഇത്ര പ്രിയങ്കരനായ മുഹമ്മദ് ഡോക്ടർക്ക് പകരം വെയ്ക്കാൻ വേറെ ആരുണ്ട് എന്ന ആശങ്കയിലാണ്. അസുഖം വന്നാൽ ഇനി എങ്ങോട്ടോടുമെന്ന ഭയത്തിലാണ്…
ശ്വാസകോശ സംബന്ധ രോഗങ്ങളാൽ ചികിത്സയിലായതിനാലാണ് ലീവ് എടുത്തത് എന്ന് പിന്നീടാണ് അറിയാൻ കഴിഞ്ഞത്. ഇപ്പോൾ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടദ്ദേഹത്തിന്.

ഭാര്യയും നാല് മക്കളുമടങ്ങിയതാണ് ഡോക്ടർ മുഹമ്മദിന്റെ കുടുംബം. മക്കളിലൊരാൾ ഡോക്ടറും, മറ്റൊരാൾ എഞ്ചിനീയറും, ഒരാൾ എം.ഫിൽ വിദ്യാർഥിയുമാണ്.

(ശ്വാസകോശ സംബന്ധ അസുഖങ്ങളാൽ സംസാരിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ മുഹമ്മദ് ഡോക്ടറുമായി നേരിട്ട് സംസാരിക്കാന്‍ സാധിച്ചില്ല)

എനിക്കുമുണ്ടൊരു മകള്‍, ഡോക്ടറായ മകള്‍; ഒരു റിക്ഷാവാലയുടെ ജീവിതാനുഭവം

തോറ്റുപോയെന്നു കരുതിയവര്‍ക്കിടയില്‍ നിന്ന് അവള്‍; എന്‍ഡോസള്‍ഫാന്‍ ദുരന്തഭൂമിയില്‍ ശ്രുതിയുടെ ജീവിതം/അഴിമുഖം ക്ലാസ്സിക്

മരണത്തിന് തൊട്ടരികില്‍ നിന്നും ഒരു ഡോക്ടറുടെ അവസാന എഴുത്തുകള്‍; ‘ ജീവിക്കൂ, വെറുതെ നിലനില്‍ക്കുക മാത്രം ചെയ്യാതിരിക്കൂ’

രോഗി ചത്താലും കുഴപ്പമില്ല; ഡോക്ടര്‍ കറുത്തതാണെങ്കില്‍ പരിശോധിക്കേണ്ട

ഞാന്‍ എന്റെ മോളെ ഡോക്ടര്‍ ‘ആക്കില്ല’, വേണമെങ്കില്‍ സ്വയം ആയിക്കോട്ടെ

ഒരു ജനതയുടെ ആരോഗ്യ ആവശ്യങ്ങള്‍ – ഒട്ടകം സൂചിക്കുഴയിലൂടെ കയറുന്നതെങ്ങനെ?

ദേശസ്‌നേഹം മഹാശ്ചര്യം; നമുക്കും കിട്ടണം നമ്മുടെ പങ്കെന്ന് ഡോക്ടര്‍മാരും

വി ഐ പികളെ, വിട്ടു പോയ്‌ക്കോ; ചികിത്സ ഫോറിന്‍ തന്നെ നല്ലത്

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍