UPDATES

ട്രെന്‍ഡിങ്ങ്

വിശപ്പ്‌ ഒരു യാഥാര്‍ത്ഥ്യമാണ്; ചേര്‍പ്പുങ്കല്‍ സ്കൂള്‍ അത് അഭ്രപാളിയില്‍ പകര്‍ത്തിയത് ഇങ്ങനെയാണ്; ഒരനുകരണീയ മാതൃക

ചലച്ചിത്ര താരവും പാല സ്വദേശിയുമായ മിയ ജോര്‍ജാണ് ചിത്രത്തിന്‍റെ പ്രകാശനകര്‍മം നിര്‍വഹിച്ചത്

അഭിനയിച്ചു പഴക്കമോ പരിചയമോ ഇല്ലാത്ത പതിനാലു സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ചലച്ചിത്രമേഖലയില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത ഒരുപറ്റം അധ്യാപകര്‍. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ കൈറ്റ്‌സ് ക്ലബ് വഴി വിതരണം ചെയ്ത ക്യാമറകള്‍ അടക്കമുള്ള സാങ്കേതിക ഉപകരണങ്ങള്‍. മറ്റു പല വിദ്യാലയങ്ങളും അക്കാദമിക മികവിനു വേണ്ടി മാത്രം ഓടിക്കിതച്ചു ക്ഷീണിച്ച്, ഒഴിവാക്കി വിട്ടേക്കാവുന്ന ഇത്തരമൊരു സാഹചര്യത്തെയാണ് കോട്ടയം ജില്ലയില്‍ പാലായ്ക്കടുത്ത് ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് എച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് ഫലപ്രദമായി വിനിയോഗിച്ചത്. അധ്യാപകരും വിദ്യാര്‍ത്ഥികളും കൈറ്റ്‌സ് ക്ലബ്ബും ഒരുമിച്ചപ്പോള്‍ ഹോളി ക്രോസ് സ്‌കൂളിന്റെ അണിയറയിലൊരുങ്ങിയത് ഒരു ഷോര്‍ട്ട് ഫിലിം തന്നെയാണ്. ഏഴു മിനിറ്റ് നേരത്തിനുള്ളില്‍ ബാല്യത്തിന്റേയും സ്‌നേഹത്തിന്റേയും വിശപ്പിന്റേയുമെല്ലാം കഥ പറയുന്ന ‘ഫുഡ്‌ബോള്‍’ എന്ന ഈ കൊച്ചു ചിത്രത്തിന് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന് സമര്‍പ്പിച്ചുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നതു തന്നെ. വീണു കിട്ടിയ ഹര്‍ത്താല്‍ ദിനത്തില്‍ പതിവു പോലെ കാല്‍പ്പന്തുകളിയുമായി മൈതാനത്തേക്കിറങ്ങിയ ഒരു കൂട്ടം കുട്ടികളിലൂടെയാണ് കഥ വികസിക്കുന്നത്. മുന്നറിയിപ്പില്ലാതെയെത്തുന്ന മിന്നല്‍ ഹര്‍ത്താലുകള്‍ക്കെതിരെയുള്ള വിമര്‍ശനം തൊട്ട്, വിശപ്പിന്റെ വിളി തിരിച്ചറിയേണ്ടതിന്റെ ആവശ്യം വരെ ഒട്ടനവധി വിഷയങ്ങളാണ് പിന്നണിയില്‍ പ്രവര്‍ത്തിച്ച അധ്യാപകര്‍ ചിത്രത്തില്‍ കൂട്ടിച്ചേര്‍ത്തു വച്ചിരിക്കുന്നത്. ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്ത, ഹോളിക്രോസ് സ്‌കൂളിലെ അധ്യാപകനായ ബിജു സെബാസ്റ്റ്യന്‍ പറയുന്നതിങ്ങനെ: “ഇഷ്ടം പോലെ ഇതരസംസ്ഥാന തൊഴിലാളികളുള്ളയിടമാണ് നമ്മുടേത്. അവരെ കേന്ദ്ര ബിന്ദുവാക്കാന്‍ ഏറെ ആലോചിക്കേണ്ടിവന്നില്ല. അതുപോലെത്തന്നെ, മൂന്നു മണിക്കും നാലുമണിക്കുമൊക്കെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത് എന്നതുകൊണ്ടു കൂടിയാണ് ഈ തീമെടുക്കുന്നത്. സ്‌കൂളിലെ കൈറ്റ്‌സ് ക്ലബ്ബിനു കിട്ടിയ ക്യാമറയുപയോഗിച്ച് വലിയ പ്രോജക്ടുകള്‍ ചെയ്യണമെന്ന് ആദ്യമേ ആഗ്രഹമുണ്ട്. അതിനു മുന്നേ എല്ലാം ഒന്ന് ടെസ്റ്റ് ചെയ്യുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഈ ചെറു ചിത്രത്തിന്റെ ഐഡിയയിലേക്ക് കടക്കുന്നത്”. ഈ ആശയത്തോടെ ബിജു സെബാസ്റ്റ്യന്‍, ജോബി ജോര്‍ജ്, അനൂപ് ചാണ്ടി എന്നീ അധ്യാപകരും, ജോര്‍ജ്ജുകുട്ടി കാവുക്കാട്ട് എന്ന പിടിഎ ഭാരവാഹിയും മുന്നോട്ടു വന്നപ്പോള്‍ യാഥാര്‍ത്ഥ്യമായത് കൈറ്റ്‌സ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നതും അല്ലാത്തതുമായ എല്ലാ വിദ്യാലയങ്ങള്‍ക്കും പരീക്ഷിക്കാനുതകുന്ന ഒരു പുതിയ പദ്ധതിയുടെ മാതൃകയാണ്.

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ പതിമൂന്നു കുട്ടികളും, ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയും അടങ്ങുന്നതാണ് ‘ഫുഡ്‌ബോളി’ന്റെ കാസ്റ്റ്. അഭിനേതാക്കളായ കുട്ടികളില്‍ ഒരാളോടു പോലും താന്‍ ചെയ്യേണ്ട കഥാപാത്രത്തെക്കുറിച്ച് വിവരിച്ചിരുന്നില്ലെന്ന് സംവിധായകന്‍ പറയുന്നു. ക്യാമറയില്‍ കുട്ടികളുടെ സ്വാഭാവിക പ്രതികരണം ലഭിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളുണ്ടായിരുന്നില്ലെന്നും, പരിശീലനമില്ലായ്മയും കുട്ടികളെ നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ടും സഹിക്കേണ്ടിവന്നെങ്കിലും അത് നല്ല റിസള്‍ട്ടാണ് ഉണ്ടാക്കിയതെന്നുമാണ് ബിജുവിന്റെ പക്ഷം. പതിനാറായിരം രൂപ എന്ന ചെറിയ ബജറ്റില്‍ തീര്‍ന്ന ഷോര്‍ട്ട് ഫിലിമിന്റെ ചിത്രീകരണത്തിനുള്ള സാമ്പത്തിക സഹായം പൂര്‍ണമായും നല്‍കിയത് ഹോളിക്രോസ് സ്‌കൂളിന്റെ മാനേജ്‌മെന്റാണ്.

“പി.ടി.എ ഭാരവാഹി എന്ന നിലയില്‍ ചിത്രത്തിന്റെ സാമ്പത്തിക വശം മാത്രമാണ് ഞാന്‍ നോക്കിയിരുന്നത്. ഇതിന്റെ പിറകില്‍ കഷ്ടപ്പെട്ട് പ്രവര്‍ത്തിച്ചിരിക്കുന്നവരില്‍ മാനേജരച്ചനും ഹെഡ്മാസ്റ്റര്‍ സന്തോഷും മുതല്‍ സംവിധായകനായ ബിജു സെബാസ്റ്റ്യന്‍ വരെയുള്ളവരാണ്. സ്‌കൂള്‍ മാനേജ്‌മെന്റ് തന്ന സ്വാതന്ത്ര്യവും ചിത്രത്തിന്റെ വിജയത്തില്‍ പ്രധാന ഘടകമായിരുന്നു. ഇനിയും വലിയ പ്രൊഡക്ഷനുകള്‍ ഹോളിക്രോസ്സില്‍ നിന്നും പുറത്തുവരും. പക്ഷേ, കുട്ടികളുടെ പരീക്ഷയും അധ്യയനദിവസങ്ങളുടെ എണ്ണക്കുറവും കാരണം തത്ക്കാലത്തേക്ക് എല്ലാം മാറ്റിവച്ചിരിക്കുകയാണ്. അടുത്ത വര്‍ഷം വീണ്ടും സ്‌കൂളില്‍ നിന്നും ചലച്ചിത്രങ്ങള്‍ പുറത്തിറങ്ങും”, ജോര്‍ജ്ജുകുട്ടി പറയുന്നു. വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ കമ്പമെന്ന പശ്ചാത്തലത്തിലൂടെ, അങ്ങേയറ്റം പ്രാധാന്യമുള്ള ഒരു പ്രമേയമവതരിപ്പിച്ച്, കുട്ടികളെത്തന്നെ സ്വാധീനിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും അധ്യാപകര്‍ വിശദീകരിക്കുന്നുണ്ട്.

ക്ലീഷേ ഇമേജുകളുടെ അതിപ്രസരമോ, വികാരനിര്‍ഭര രംഗങ്ങളുടെ അതിഭാവുകത്വമോ ഇല്ലാതെ, ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന ഒരു വിഭാഗത്തിന്റെ കഥ പറയാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടുന്ന ‘ഫുട്‌ബോളി’ന്റെ അണിയറപ്രവര്‍ത്തകര്‍ ഒരു പരിധിവരെ അതില്‍ വിജയിച്ചിട്ടുമുണ്ട്. ചിത്രം കണ്ടിറങ്ങുമ്പോള്‍ നിശ്ശബ്ദരാകുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളും തങ്ങള്‍ക്ക് നല്‍കുന്ന സൂചനയുമതാണെന്ന് ഇവര്‍ പറയുന്നുണ്ട്. ഹര്‍ത്താല്‍ ദിനത്തെ സൂചിപ്പിക്കാന്‍ സ്ഥിരം രീതികളായ അടഞ്ഞു കിടക്കുന്ന കടകമ്പോളങ്ങളോ ഒഴിഞ്ഞ നിരത്തുകളോ അല്ല പകര്‍ത്തിയിരിക്കുന്നത്. അലസമായി ഒരു ബാലന്‍ മറിച്ചു നോക്കുന്ന പത്രത്താളുകളാണ്. അതുപോലെ തന്നെ, വിശപ്പിന്റെ ദൈന്യതയെക്കുറിച്ച് സംസാരിക്കാന്‍ ദരിദ്രരായ കുട്ടികളുടെ ദുഃഖത്തെ മാര്‍ക്കറ്റു ചെയ്യാനും ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല. കൈയിലെ ഭക്ഷണം നഷ്ടപ്പെടുന്നതു വരെ ഇല്ലായ്മയിലും ഉല്ലാസവാന്മാരാണ് ഇതരസംസ്ഥാനത്തൊഴിലാളികളുടെ കുട്ടികള്‍.

“ഒന്നു രണ്ടു കാര്യങ്ങളാണ് പ്രധാനമായും പറയാനാഗ്രഹിച്ചത്. ഒന്ന്, നമ്മുടെ കുട്ടികള്‍ക്ക് കളിക്കാന്‍ ഇവിടെ സ്ഥലമൊന്നുമില്ല. അവരുടെ വീടിനടുത്തെ കളിയിടങ്ങളെല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ്. കുറേ ദൂരം നടന്നിട്ടാണ് കളിക്കാനുള്ള ഇടമെല്ലാം കണ്ടെത്തുന്നത്. ഒരു ദിവസം ഒരിടത്ത് കളിച്ചാല്‍ അടുത്ത ദിവസം അവിടെ ചെല്ലുമ്പോള്‍ വേലി കെട്ടിയിരിക്കും. അല്ലെങ്കില്‍ കളിക്കാന്‍ പാടില്ലെന്ന് താക്കീതുണ്ടാകും. അങ്ങനെയുള്ള ഒരു സംഘം കുട്ടികള്‍ ഒരു ഹര്‍ത്താല്‍ ദിനത്തില്‍ കളിക്കാനിറങ്ങുന്നതാണ് ഇതിന്റെ പശ്ചാത്തലം. ഹര്‍ത്താലില്‍ നമ്മള്‍ ആഘോഷിച്ചിരിക്കുമ്പോള്‍, ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്ക് പിറ്റേ ദിവസത്തേക്കുള്ള ഭക്ഷണം പോലുമുണ്ടാകില്ല. മുതിര്‍ന്നവര്‍ ജോലിക്കു പോകുമ്പോള്‍ ഒരു ചേച്ചിയും അനിയനും കിട്ടിയ ഭക്ഷണവുമായി കഴിക്കാനിരിക്കുന്ന രംഗമാണ് ചിത്രീകരിച്ചത്. ദാരിദ്ര്യം എല്ലായിടത്തുമുണ്ട്. ഭക്ഷണം മിച്ചം വരുന്നയിടങ്ങളുമുണ്ട്. മിച്ചം വരുന്ന ഭക്ഷണം ദാരിദ്ര്യമുള്ളിടത്തെത്തിച്ചാല്‍ തീരാവുന്ന പ്രശ്‌നമേ ഇവിടുള്ളൂ. അതാരും തിരിച്ചറിയുന്നില്ലെന്നു മാത്രം”, സംവിധായകന്‍ പറയുന്നു.

ചലച്ചിത്ര താരവും പാല സ്വദേശിയുമായ മിയ ജോര്‍ജാണ് ചിത്രത്തിന്‍റെ പ്രകാശനകര്‍മം നിര്‍വഹിച്ചത്. ഹോളിക്രോസ്സിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും വലിയ സന്തോഷത്തിലും പ്രതീക്ഷയിലുമാണ്. തങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നും നിര്‍മിച്ചെടുത്ത കൊച്ചു ചിത്രത്തെ ആസ്വാദകര്‍ സ്വീകരിച്ചുകഴിഞ്ഞു എന്ന തിരിച്ചറിവില്‍, അടുത്ത പ്രോജക്ടിലേക്കുള്ള പദ്ധതിയിടുകയാണിവര്‍. ഓരോ സ്‌കൂളിലും ഇത്തരം ക്ലബ്ബുകളും അതിനായി മുന്നിട്ടിറങ്ങുന്ന അധ്യാപകരുമുണ്ടാകുന്ന കാലത്ത്, കഥ പറച്ചിലിന്റെ പുതിയ രീതികള്‍ തേടിപ്പോകുന്ന സര്‍ഗാത്മകത നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉയര്‍ന്നുവരും. അത്തരമൊരു മാറ്റത്തിനു പിന്നിലെ ചാലകശക്തിയാകും ഹോളിക്രോസ് സ്‌കൂളിലെ ഈ സിനിമാ സംഘം എന്നു പ്രതീക്ഷിക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍