UPDATES

വാസുവിന്റെ വീട് നിറയെ പ്ലാസ്റ്റിക് ആണ്; അതിനൊരു കാരണമുണ്ട്, മാതൃകയാക്കാവുന്ന ഒന്ന്

ശാസ്ത്ര സാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി കൂടിയായ വാസുവിന്റെ വീട്ടില്‍ ചാക്ക് കണക്കിന് പ്ലാസ്റ്റിക് വസ്തുക്കളാണ് സൂക്ഷിച്ചിരിക്കുന്നത്

എത്ര എളുപ്പത്തിലാണ് മിത്രമായിരുന്ന പലതിനെയും നാം ശത്രുവാക്കി മാറ്റുന്നത്. നിത്യജീവിതത്തില്‍ ഓരോ സെക്കന്റും നാം പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. നമ്മുടെ ഈ പ്രവൃത്തി നമുക്ക് തന്നെയാണ് ഭീഷണിയാകുന്നത്”; ഈ വാക്കുകള്‍ പരിസ്ഥിതി സംരക്ഷണത്തെകുറിച്ച് പറയുക മാത്രം ചെയ്യുന്ന ഒരാളുടെതല്ല, വാക്കുകള്‍ അതേപടി ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്ന പി കെ വാസു എന്ന പരിസ്ഥിതി സ്‌നേഹിയുടേതാണ്. കൊച്ചി എരൂര്‍ അശ്വനി നിവാസില്‍ പി.കെ വാസു പ്ലാസ്റ്റിക് നിര്‍മ്മിതമായ വസ്തുക്കള്‍ ആവശ്യം കഴിത്താല്‍ അത് മണ്ണില്‍ വലിച്ചെറിയാതെ പ്രകൃതിയെ സംരക്ഷിക്കാനായി ഇവ വീട്ടില്‍ തന്നെ സൂക്ഷിച്ചാണ് തന്റെ പരിസ്ഥിതി സ്‌നേഹം ഒരു മാതൃകയാക്കുന്നത്. 15 വര്‍ഷം പഴക്കമുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഇദ്ദേഹത്തിന്റെ വീട്ടിലെ ടെറസില്‍ കാണാം. വാസുവിനൊപ്പം അദ്ദേഹത്തിന്റെ കുടുംബവും ഈ രീതി തുടര്‍ന്നതോടെ ഒരു നാടും അത് മാതൃകയാക്കി. തന്റെ പ്രവൃത്തിക്കു ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം നാട്ടിലെ നിരവധി പേര്‍ തന്നെ മാതൃകയാക്കി ഈ ശീലം പിന്‍തുടരുന്നു എന്നതാണെന്ന് വാസുവും പറയുന്നു.

ശാസ്ത്ര സാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി കൂടിയായ വാസുവിന്റെ വീട്ടില്‍ ചാക്ക് കണക്കിന് പ്ലാസ്റ്റിക് വസ്തുക്കളാണ് സൂക്ഷിച്ചിരിക്കുന്നത്. എന്നാല്‍ ഇവ പണത്തിന് വില്‍ക്കുന്ന സ്വഭാവം ഇദ്ദേഹത്തിനില്ല. “നമ്മള്‍ ആക്രിക്കാര്‍ക്ക് നല്‍കുന്ന സാധനങ്ങള്‍ അവര്‍ക്ക് ആവശ്യമുള്ളത് എടുത്തിട്ട് ബാക്കി മണ്ണിലേക്ക് അവര്‍ വലിച്ചെറിയുന്നു. പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വലിച്ചെറിയുകയല്ല ഇവ റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കുകയാണ് വേണ്ടത്”; വാസു പറയുന്നു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിനെ കുറിച്ചും അതിന്റെ ആവശ്യത്തെ കുറിച്ചുമുള്ള നല്ല പാഠങ്ങള്‍ എരൂരിലെ ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയാല്‍ കണ്ടു മനസിലാക്കാം. നിത്യജീവിതത്തില്‍ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍ എത്രത്തോളം ഉണ്ടെന്ന തിരിച്ചറിവ് ലഭിക്കണമെങ്കില്‍ വീട്ടില്‍ ആവശ്യം കഴിയുന്ന പ്ലാസ്റ്റിക് നിര്‍മ്മിതമായ വസ്തുക്കള്‍ സൂക്ഷിച്ച് നോക്കണമെന്ന് വാസു പറയുന്നു.

"</p

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ മകളുടെ ജന്മദിനത്തിന് സുഹൃത്തുക്കളും ബന്ധുക്കളും സമ്മാനിച്ച പ്ലാസ്റ്റിക് നിര്‍മ്മിത കളിപ്പാട്ടങ്ങളില്‍ നിന്നാണ് എന്തുമാത്രം പ്ലാസ്റ്റിക് നിര്‍മ്മിത വസ്തുക്കളാണ് നാം ഉപയോഗിക്കുന്നതെന്ന ചിന്ത വാസുവില്‍ ഉണ്ടാകുന്നത്. ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പ്രകൃതിയെ ദോഷകരമായി ബാധിക്കുന്നുവെന്നും വാസുവിന് മനസിലായി. ഇതേ തുടര്‍ന്നാണ് പ്ലാസ്റ്റിക് വസ്തുക്കള്‍ വലിച്ചെറിയാതെ സൂക്ഷിച്ചു വയ്ക്കാന്‍ വാസു തീരുമാനമെടുക്കുന്നത്. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് നിര്‍മിത കളിപ്പാട്ടങ്ങളാണ് വാസു ആദ്യം സൂക്ഷിച്ചു വയ്ക്കാന്‍ തുടങ്ങിയത്. പിന്നീട് പേനകളും പ്ലാസ്റ്റിക് കവറുകളും ചെരുപ്പുകളും പിവിസി പൈപ്പുകളും, അങ്ങനെ മണ്ണിനും പരിസ്ഥിതിക്കും ദോഷമാകുന്നതെല്ലാം ഇദ്ദേഹം സൂക്ഷിച്ചു വയ്ക്കാന്‍ തുടങ്ങി. വാസുവിന്റെ വീടിന് പുറകില്‍ പ്ലാസ്റ്റിക് നിക്ഷേപിക്കുന്നതിനായി ഒരു ചാക്ക് സ്ഥിരമായി കാണും.

ഈ സ്ത്രീകളെന്തിനാണ് കലുങ്കിലിരിക്കുന്നത്? പൊതുഇടങ്ങളില്‍ നിന്ന് സ്ത്രീകളെ ആട്ടിയോടിച്ചവര്‍ കാണൂ

ശാസ്ത്രീയമായി ഇവ നിര്‍മ്മാര്‍ജനം ചെയ്യുന്ന സംവിധാനം ശ്രദ്ധയില്‍പ്പെട്ടാല്‍ സൂക്ഷിച്ച സാധനങ്ങളെല്ലാം അവിടെ നല്‍കുമെന്നാണ് വാസു പറയുന്നത്.  വര്‍ഷങ്ങളായി പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ചിരുന്ന പരിസ്ഥിതി ബോധവത്കരണ പരിപാടികളില്‍ ക്ലാസുകള്‍ എടുത്തിരുന്നത് വാസു ആയിരുന്നുവെങ്കിലും താന്‍ ജീവിതത്തില്‍ പരിസ്ഥിതിയെ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി ആരോടും പറഞ്ഞിരുന്നില്ല. ഇന്ന്, തന്നെ മാതൃകയാക്കുന്നവരുണ്ടെന്നറിഞ്ഞപ്പോള്‍ പരിസ്ഥിതിയെ സംരക്ഷിക്കുന്ന വിധത്തിലുളള തന്റെ പ്രവര്‍ത്തനങ്ങള്‍ അല്‍പം കൂടി നേരത്തെ മറ്റുള്ളവരില്‍ എത്തിക്കാമായിരുന്നുവെന്നു വാസു വിചാരിക്കുന്നു. വീട്ടുസാധനങ്ങള്‍ വാങ്ങി കൊണ്ടു വരുന്ന പ്ലാസ്റ്റിക് സഞ്ചികള്‍ സൂക്ഷിച്ച് വെച്ച് ഇദ്ദേഹം അതേ കടയില്‍ തന്നെ തിരികെ നല്‍കും. ചില കടയുടമകള്‍ പ്ലാസ്റ്റിക് കവറുകള്‍ തിരിച്ചെടുക്കില്ലാത്തതിനാല്‍ അവ പലവ്യഞ്ജന കടകളില്‍ നല്‍കും. ഇന്ന് ഇദ്ദേഹത്തെ മാതൃകയാക്കുന്ന 13 ഓളം കുടുംബങ്ങള്‍ എരൂരിലുണ്ട്.

"</p

പ്ലാസ്റ്റിക്കിന്റെ ഉപയോഗം മണ്ണിനെയും മനുഷ്യനെയും നശിപ്പിക്കുന്നമെന്നറിഞ്ഞതോടെ അക്കാലം മുതല്‍ പ്ലാസ്റ്റിക് സാധനങ്ങളുടെ ഉപയോഗം വാസു മിതപ്പെടുത്തയിരുന്നു. പ്ലാസ്റ്റിക്ക് കൊണ്ട് നിത്യജീവിതത്തില്‍ ഒത്തിരി ഉപയോഗങ്ങള്‍ ഉണ്ട്. എന്നാലവ സൂക്ഷിച്ചു ഉപയോഗിക്കണം. ഒരു വ്യക്തി ഉറക്കമുണരുന്നത് പ്ലാസ്റ്റിക് വസ്തുക്കളെ നോക്കിയാണ്. ഉറക്കമുണരുന്ന നാം ആദ്യം പ്ലാസ്റ്റിക് നിര്‍മിതമായ ക്ലോക്കിലേക്കാണ് നോക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ക്ലോക്ക് ഉപയോഗശൂന്യമായാല്‍ നാം അതിനെ മണ്ണില്‍ വലിച്ചെറിയുന്നു. അന്ന് മുതല്‍ ആ വസ്തു നമ്മുടെ ശത്രുവായി മാറുകയാണെന്നും പി.കെ വാസു പറയുന്നു. മൂന്ന് വര്‍ഷം മുമ്പ് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പ്ലാസ്റ്റിക് നിര്‍മാര്‍ജന പദ്ധതി തുടങ്ങിയപ്പോള്‍ പ്ലാസ്റ്റിക് ശേഖരിക്കുന്നതിനായി ആദ്യം വന്നത് തന്റെ വീട്ടിലായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. തൃപ്പൂണിത്തുറയിലെ സംസ്‌കൃത കോളജിലെ പ്രിന്‍സിപ്പലാണ് ഇദ്ദേഹത്തിന്റെ ഭാര്യ ശോഭ. രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ഥിയാണ് മകള്‍ അശ്വനി, മകന്‍ അഭിനവ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍