UPDATES

ഇനിയെങ്കിലും അവസാനിപ്പിച്ചു കൂടെ? ആര്‍എസ്എസ് ബോംബേറില്‍ കാല് തകര്‍ന്ന അഞ്ചുവയസുകാരിയല്ല; ഡോ. അസ്ന ചോദിക്കുന്നു

പഠനം കഴിഞ്ഞാല്‍ സര്‍ക്കാര്‍ സര്‍വീസില്‍ പാവപ്പെട്ടവരെ ശുശ്രൂഷിച്ച് സേവനം ചെയ്യാനാണ് ഞാനുദ്ദേശിക്കുന്നത്. അതിലൂടെ എന്റെ കടങ്ങള്‍ വീട്ടണം.

സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തെ വേദനിപ്പിക്കുന്ന ഓര്‍മ്മകളില്‍ ഒന്നായിരുന്നു ആ അഞ്ച് വയസ്സുകാരി പെണ്‍കുട്ടി. അവള്‍ അന്നേവരെ കണ്ടിട്ട് പോലുമില്ലാത്ത ആരോ ഓങ്ങിയെറിഞ്ഞ ബോംബ് വന്ന് വീണത് അവളുടെ കുഞ്ഞുകാലുകളിലായിരുന്നു. ബോംബിനൊപ്പം അവളുടെ വലതും കാലും ചിതറിത്തെറിച്ചു. വേദനയില്‍ കരയുന്ന ആ കുഞ്ഞിന്റെ മുഖമായിരുന്നു പത്രങ്ങളുടെ ഒന്നാം പേജുകളില്‍. തനിക്ക് സംഭവിച്ചതെന്താണെന്ന് പോലും അറിയാതെ നിസ്സഹായയായി കിടക്കുന്ന ആ പെണ്‍കുട്ടിയുടെ മുഖം അക്രമരാഷ്ട്രീയത്തിന്റെ ഇരകളുടെ പ്രതീകമായി പത്രങ്ങള്‍ അവതരിപ്പിച്ചു. ദിവസങ്ങളോളം ആ പെണ്‍കുട്ടിയുടെ വേദനകളും ചികിത്സാ വിശേഷങ്ങളുമെല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു. മെല്ലെ മാധ്യമങ്ങളില്‍ നിന്ന് അവള്‍ അപ്രത്യക്ഷയായി. പിന്നീടെങ്ങും അവളെ പ്രത്യക്ഷത്തില്‍ കണ്ടിട്ടില്ല.

വര്‍ഷങ്ങള്‍ക്കിപ്പുറവും രാഷ്ട്രീയ സംഘട്ടനങ്ങളും ബോംബേറുകളും കൊലപാതകങ്ങളും ഉണ്ടാവുമ്പോള്‍, അക്രമരാഷ്ട്രീയ ചെയ്തികളുടെ കണക്കെടുക്കുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ വരിക ആശുപത്രി കിടക്കയില്‍ കരയുന്ന അഞ്ചുവയസ്സുകാരിയുടെ മുഖമാണ്. അസ്‌ന എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ പേര്. അഞ്ചുവയസ്സുകാരിയില്‍ നിന്ന് വളര്‍ച്ചയും ഉയര്‍ച്ചയും നേടിയ അസ്‌നയെ അന്വേഷിച്ച് പോവണമെന്നും നേരില്‍ കാണണമെന്നും പലപ്പോഴും മനസ്സില്‍ ഉറപ്പിച്ചിരുന്നെങ്കിലും അതിന് കഴിഞ്ഞില്ല. അന്വേഷിച്ചിറങ്ങേണ്ടി വന്നില്ല, അതിന് മുന്നേ അസ്‌ന വീണ്ടും എന്നെയും നിങ്ങളെയും തേടിയെത്തി. വീണ്ടും പത്രങ്ങളിലും ടിവി ചാനലുകളിലും വലിയ വാര്‍ത്തയായിത്തന്നെ. പക്ഷെ ഇത്തവണ അത് ദു:ഖവാര്‍ത്തയായിരുന്നില്ല; മറിച്ച് സന്തോഷവും അഭിമാനവും സമ്മാനിക്കുന്ന ഒന്ന്. അസ്‌ന ഡോക്ടര്‍ അസ്‌നയായി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ആരംഭിച്ചിരിക്കുന്നു.

2000 സെപ്തംബര്‍ 27നാണ് അസ്‌നയുടെ ജീവിതം മാറിമറിയുന്നത്. അന്ന് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പായിരുന്നു. കോണ്‍ഗ്രസിന് ഭൂരിപക്ഷമുള്ള രണ്ട് വാര്‍ഡുകളാണ് പാട്യം ഗ്രാമ പഞ്ചായത്തിലെ പൂവത്തൂര്‍ എല്‍പി സ്‌കൂളിലെ ബൂത്തില്‍ ഒരുക്കിയത്. ബൂത്ത് പിടിച്ചെടുക്കാന്‍ ലക്ഷ്യം വച്ച് നീങ്ങിയ ബിജെപി പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളും സംഘര്‍ഷവുമാണ് ബോംബേറില്‍ കലാശിച്ചത്. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ എറിഞ്ഞ ബോംബ് പൊട്ടിയത് അസ്‌നയുടെ വീട്ടുമുറ്റത്താണ്. അതോടെ ഒരു കാല് മുട്ടിന് മുകളിലേക്ക് മുറിച്ചു കളയേണ്ടി വന്നു. രാഷ്ട്രീയമോ തിരഞ്ഞെടുപ്പോ അക്രമമോ എന്തെന്ന് പോലും മനസ്സിലാവാത്ത പ്രായത്തില്‍ അസ്‌നയ്ക്ക് കാലുകള്‍ നഷ്ടമായി. എന്നാല്‍ പിന്നീട് ഒരു പോരാട്ടമായിരുന്നു. മനസ്സിലെ ഭയം മാറ്റാനും ഒറ്റപ്പെടല്‍ ഇല്ലാതാക്കാനും അതിജീവനത്തിനുമായുള്ള പോരാട്ടം. അത് ഇന്ന് എത്തിനിക്കുന്നത് എംബിബിഎസ് ബിരുദത്തിലാണ്. എന്നാല്‍ ഇതൊരു വിജയമാണെങ്കിലും ഇനിയും ഏറെ വിജയങ്ങളിലേക്ക് തനിക്ക് എത്തിപ്പെടേണ്ടതുണ്ടെന്ന് അസ്‌ന പറയുന്നു. ഡോക്ടര്‍ ബിരുദം കരസ്ഥമാക്കി വാര്‍ത്തകളില്‍ നിറഞ്ഞ അസ്‌ന അഭിനന്ദന ഫോണ്‍ വിളികളുടേയും സുഹൃത്തുക്കളുടെ ആഘോഷങ്ങള്‍ക്കും നടുവിലിരുന്ന് തന്റെ ജീവിതമെന്തെന്നും എന്തായിരുന്നു എന്നും അഴിമുഖത്തോട് പങ്കുവച്ചു.

സെപ്തംബര്‍ 27ന് മുമ്പും പിമ്പും

എന്റേത് ഒരു സാധാരണ കുടുംബമാണ്. പൂവത്തൂരില്‍ യുഎല്‍പി സ്‌കൂളിന് തൊട്ടുപിന്നിലായാണ് താമസം. അച്ഛന്‍ നാണു വീടിന് സമീപത്ത് തന്നെ ചെറിയൊരു ചായക്കട നടത്തിയിരുന്നു. അപ്പു (അനുജന്‍ ആനന്ദ്) എന്നേക്കാള്‍ മൂന്ന് വയസ്സിന് ഇളയതാണ്. അവനും ഞാനും അച്ഛനും അമ്മ ശാന്തയും വളരെ സന്തോഷത്തില്‍ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. അഞ്ചുവയസ്സുകാരിയായ എനിക്ക് സന്തോഷത്തിന് കുറവ് വരേണ്ട കാര്യമില്ലല്ലോ. അപ്പുവും അടുത്തവീട്ടിലെ കുട്ടികളുമായൊക്കെ കളിച്ച് രസിച്ച് നടക്കുകയായിരുന്നു പ്രധാന വേല. അമ്മ എപ്പോഴും ഞങ്ങളെ നോക്കിക്കൊണ്ട് വീട്ടില്‍ തന്നെയുണ്ടാവും. വീടിന് പറ്റെയുള്ള യുഎല്‍പി സ്‌കൂളില്‍ തന്നെയാണ് ഞാന്‍ പഠിച്ചിരുന്നത്, ഒന്നാം ക്ലാസ്സില്‍. അന്ന് തിരഞ്ഞെടുപ്പായതുകൊണ്ട് ക്ലാസ് ഇല്ലായിരുന്നു. ഞാനും അപ്പുവും മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അച്ഛന്‍ തിരഞ്ഞെടുപ്പ് ദിവസത്തിന്റെ തിരക്കില്‍ ചായക്കടയിലായിരുന്നു. തിരഞ്ഞെടുപ്പിനെത്തിയ ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണം ഞങ്ങളുടെ കടയില്‍ നിന്നായിരുന്നു കൊടുക്കുന്നത്. ഞങ്ങള്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ സ്‌കൂളില്‍ നിന്ന് ബഹളമൊക്കെ കേള്‍ക്കാമായിരുന്നു. പക്ഷെ കുട്ടികളായ ഞങ്ങള്‍ക്ക് കാര്യം മനസ്സിലായില്ല. അമ്മ എത്തി കളിച്ചുകൊണ്ടിരുന്ന ഞങ്ങളെ വീട്ടിലേക്ക് കയറ്റുമ്പോഴാണ് അത് സംഭവിച്ചത്. അപ്പുവിനെ അമ്മ എടുത്ത് പിടിച്ചിരിക്കുകയായിരുന്നു. എന്റെ കയ്യിലും പിടിച്ചിട്ടുണ്ട്. വീട്ടിലേക്ക് തിരിഞ്ഞ് കയറുന്നതിനിടയിലാണ് പെട്ടെന്ന് കുറേപ്പേര്‍ ഞങ്ങളുടെ വീട്ടുമുറ്റത്തേക്ക് ഓടിക്കയറിയത്. അവര്‍ക്ക് പിന്നാലെയെത്തിയവര്‍ ആദ്യമെത്തിയവരെ തിരഞ്ഞുകൊണ്ടാണ് പുറകെ ഓടി വന്നത്. പക്ഷെ ഇതൊന്നും ശ്രദ്ധിക്കാതെ വീട്ടിലേക്ക് കയറുകയായിരുന്ന ഞങ്ങള്‍ക്കിടയിലേക്ക് ബോംബ് വന്ന് വീഴുകയായിരുന്നു. എന്താണ് സംഭവിച്ചതെന്നോ എങ്ങനെയാണെന്നോ ഒന്നും അറിയില്ല. എനിക്കതൊന്നും ഓര്‍മ്മയുമില്ല. പക്ഷെ ഞങ്ങളുടെ വീട്ടുമുറ്റത്തേക്ക് കയറി വന്നവര്‍ക്കെതിരെ എറിഞ്ഞ് ബോംബായിരുന്നു ലക്ഷ്യം തെറ്റി എന്റെ കാലില്‍ വന്ന് വീണതെന്ന് പിന്നീട് മുതിര്‍ന്നപ്പോഴാണ് മനസ്സിലായത്. അന്ന് അതൊന്നും പറഞ്ഞിട്ട് എനിക്ക് മനസ്സിലായിരുന്നതുമില്ല. പിന്നെ വേദന, വേദന, വേദന… വേദന മാത്രമേ ഓര്‍മയുള്ളൂ. എന്റെ കാല് ഒന്നാകെ പോയിരുന്നു. അമ്മയ്ക്ക് വയറിന്റെ ഭാഗത്തായിരുന്നു പരിക്ക്, അപ്പുവിന്റെ കാല്‍പ്പാദത്തിലെ തൊലിയെല്ലാം പോയി. ഞങ്ങളുടെ കരച്ചിലും ബഹളവും കേട്ടാണ് അച്ഛന്‍ ചായക്കടയില്‍ നിന്ന് ഓടിയെത്തുന്നത്. അച്ഛനും നാട്ടുകാരും ചേര്‍ന്ന് ആദ്യം തലശേരി ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോടേക്കും കൊണ്ടുപോയി. അവിടെ നിന്ന് എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രി. വേദനയ്ക്കിടയില്‍ നിന്ന് ജീവിതം തിരിച്ചുപിടിച്ചത് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ നിന്നാണ്.

ആശുപത്രിജീവിതം

മുട്ടിന് മുകളില്‍ വച്ച് കാല് മുറിച്ച് കളയേണ്ടി വന്നു. ഒരു കാല് പോയപ്പോള്‍ എനിക്ക് വലിയ സങ്കടമായിരുന്നു. ഇനിയൊരിക്കലും മറ്റ് കുട്ടികളെപ്പോലെ കളിക്കാനാവില്ല, അവരെപ്പോലെയാവാനാവില്ല- ഇതൊക്കെ ഓര്‍ത്ത് ഒരുപാട് കരഞ്ഞു. പക്ഷെ വേദന തന്നെയായിരുന്നത് കൊണ്ട് അതിനെക്കുറിച്ച് മാത്രമായിരുന്നു പലപ്പോഴും ചിന്ത. എങ്ങനെയെങ്കിലും സഹിക്കാനാവാത്ത വേദന മാറിയാല്‍ മതിയെന്നായിരുന്നു. മൂന്ന് മാസമാണ് ആശുപത്രിയില്‍ തന്നെ കഴിഞ്ഞത്. ആ ജീവിതമാണ് എനിക്ക് ഏറെ ആശ്വാസം തന്നത്. ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റുള്ളവരുമെല്ലാം എപ്പോഴും വന്ന് എന്നെ ഓരോന്ന് പറഞ്ഞ് കളിപ്പിക്കുകയും ചിരിപ്പിക്കുകയുമെല്ലാം ചെയ്തു. എന്റെ കാല് പോയതോ അതുമായി ബന്ധപ്പെട്ട ഒരു കാര്യവും അവര്‍ എന്നെ ഓര്‍മ്മിപ്പിച്ചില്ല. പകരം എത്രയും ഫ്രണ്ട്‌ലി ആവാമോ അത്രയും ഫ്രണ്ട്‌ലിയായിട്ടാണ് പെരുമാറിയത്. ചികിത്സ കഴിഞ്ഞിട്ടും അവിടെ നിന്ന് പോവാന്‍ ഞാന്‍ സമ്മതിച്ചില്ല. കാലില്ലാതെ വീട്ടിലേക്ക് പോവില്ല എന്ന് ഞാന്‍ ഒരേവാശി പിടിച്ചു. എനിക്ക് സ്ട്രച്ചസ് ഉപയോഗിക്കാന്‍ ഇഷ്ടമേയല്ലായിരുന്നു. പക്ഷെ മുറിവുണങ്ങാതെ കൃത്രിമക്കാല് വക്കാനാവില്ലായിരുന്നു. എന്നിട്ടും എന്റെ നിര്‍ബന്ധത്തിന് വഴങ്ങി മുറിവില്‍ തൊടാത്ത തരത്തില്‍ പ്രത്യേകം മോഡിഫൈ ചെയ്ത് ഒരു കൃത്രിമക്കാല് അവര്‍ എനിക്ക് വച്ചുതന്നു. ആദ്യമൊക്കെ കൃത്രിമക്കാല് എനിക്ക് വഴങ്ങിയില്ല. വേദനയും ഉണ്ടായിരുന്നു. പിന്നെപ്പിന്നെ അത് ശീലമായി. കുഞ്ഞായിരുന്നെങ്കിലും മൂന്ന് മാസത്തെ ആശുപത്രി ജീവിതമാണ് ഡോക്ടറാവണമെന്ന ആഗ്രഹം മനസ്സില്‍ തോന്നിപ്പിച്ചത്.

പഠനം

അപകടം സംഭവിച്ചതിന് ശേഷം അച്ഛന്‍ എന്നെ സ്‌കൂളില്‍ കൊണ്ടാക്കും. യുഎല്‍പി സ്‌കൂളില്‍ തന്നെ പഠനം തുടര്‍ന്നു. ആദ്യം ആ കാലുമായി സ്‌കൂളില്‍ ചിലവഴിക്കുന്നത് ഏറെ ബുദ്ധിമുട്ടായിരുന്നു. എന്നാലും അധ്യാപകരും മറ്റുകുട്ടികളുമെല്ലാം പരമാവധി പിന്തുണയും ധൈര്യവും തന്നു. പക്ഷെ എന്റെയൊപ്പം പഠിക്കുന്നവരെല്ലാം കളിക്കുമ്പോള്‍ അവര്‍ക്കൊപ്പം കളിക്കാന്‍ കഴിയാതിരുന്നത് എനിക്ക് സങ്കടമായിരുന്നു. അതുവരെ അവരില്‍ ഒരാളായിരുന്ന ഞാന്‍ പെട്ടെന്ന് ഒറ്റപ്പെട്ടത് പോലെ. പിന്നീട് മൊകേരിയിലെ രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പത്ത് വരെ പഠിച്ചത്. എസ്എസ്എല്‍സിക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. അത് വല്ലാത്ത ഒരാത്മവിശ്വാസം തന്നു. പിന്നെ ചിറ്റാരിപ്പറമ്പ് ജിഎച്ച്എസ്എസില്‍ പ്ലസ്ടു പഠനം. 89 ശതമാനം മാര്‍ക്ക് നേടി വിജയിച്ചു. ഞാന്‍ നേരത്തെ പറഞ്ഞത് പോലെ വളരെ ചെറുപ്പത്തില്‍ തന്നെ നല്ല കുറേ ഡോക്ടര്‍മാരെ കണ്ട അനുഭവം ഡോക്ടറാവാനാണ് എന്നെ പ്രേരിപ്പിച്ചത്. ഞാന്‍ അപകടം പറ്റി കിടന്ന ആശുപത്രിയിലെ ഡോക്ടര്‍മാരുടെ രോഗികളോടുള്ള സമീപനവും ചികിത്സാരീതികളുമാണ് എന്നെ അതിലേക്ക് അടുപ്പിച്ചത്. മറ്റുള്ളവരെ സഹായിക്കുക, എന്നെപ്പോലെ അപകടം പറ്റി വരുന്നവര്‍ക്ക് പരമാവധി ചികിത്സയും ധൈര്യവും നല്‍കുക, ഇതിനെല്ലാം പറ്റിയത് ഡോക്ടര്‍ ജോലിയാണെന്ന് തോന്നി. അച്ഛനും എന്നെ ഡോക്ടറാക്കണമെന്നായിരുന്നു. ഞങ്ങളോടൊപ്പമുണ്ടായിരുന്ന എല്ലാവരും എന്റെ സ്വപ്‌നത്തിനൊപ്പം നിന്നു. തൃശൂരിലെ പി.സിതോമസ് സാറിന്റെ കീഴില്‍ എന്‍ട്രന്‍സ് കോച്ചിങ്ങിനായി പോയി. അവിടെ ഒരു വര്‍ഷം. എന്‍ട്രന്‍സ് കിട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ കിട്ടി. പിന്നീടങ്ങോട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജും ഹോസ്റ്റലുമെല്ലാമായി എന്റെ ജീവിതം. മുകള്‍ നിലയിലെ ക്ലാസിലേക്ക് എനിക്കെത്തുക പ്രയാസമായിരുന്നു. കോളെജ് അധികൃതരും പ്രിന്‍സിപ്പലും അടക്കമുള്ളവര്‍ അത് പ്രത്യേകം പരിഗണിച്ചു. കോളേജ് അധികൃതരുടെ ആവശ്യം കണക്കിലെടുത്ത് ഉമ്മന്‍ ചാണ്ടി സാര്‍ കോളേജില്‍ ലിഫ്റ്റ് സൗകര്യം ഉണ്ടാക്കി. അതങ്ങനെ കടന്നു പോയി. ഇനി ഹൗസ് സര്‍ജന്‍സി.

വീട്ടുകാരുടെ കഷ്ടപ്പാടുകളില്‍ നിന്ന് നേടിയെടുത്ത സ്വപ്‌നം

വീട്ടുകാര്‍ ഒരുപാട് ബുദ്ധിമുട്ടിയാണ് ഈ നിലയില്‍ വരെ എത്തിച്ചത്. അപകടം പറ്റിയ അന്നുമുതല്‍ എന്നേം കൊണ്ട് നടക്കാനും എവിടെയെങ്കിലും കൊണ്ടുപോവാനും എന്റെയും അപ്പുവിന്റെയും പഠനത്തിനും എല്ലാം ഏറെ കഷ്ടപ്പെട്ടിട്ടുണ്ട് അച്ഛനും അമ്മയും. എത്ര ബുദ്ധിമുട്ടിയാണെങ്കിലും പഠിക്കാനുള്ള പുസ്തകങ്ങളൊക്കെ എങ്ങനെയെങ്കിലും വാങ്ങിത്തന്നിരിക്കും. അച്ഛന്റെ സഹോദരന്റെ കുടുംബവുമെല്ലാം ഞങ്ങളുടെ വീടിനടുത്ത് തന്നെയാണ്. അവരുമെല്ലാം ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട് എനിക്ക് വേണ്ടി. ഓരോ പരീക്ഷയ്ക്കും അച്ഛന്‍ എന്റെ കൂടെവരുമായിരുന്നു. അച്ഛന്‍ അതിനിടക്ക് ഹൃദ്രോഗത്തിന് ചികിത്സയും ചെയ്യേണ്ടി വന്നു. വാല്‍വ് മാറ്റി വച്ചു. എന്റെ കൂടെയുള്ള ഈ വരവും പോക്കും കൊണ്ടുമൊക്കെ ചായക്കട അച്ഛന്‍ വേറൊരാള്‍ക്ക് കൊടുത്തു. പിന്നെ അത്യാവശ്യം പറമ്പിലും തൊടിയില്‍ നിന്നുമൊക്കെ കിട്ടുന്ന ആദായം കൊണ്ടാണ് ജീവിച്ചുപോവുന്നത്. അപ്പു ഇപ്പോള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ബിഎസ്‌സി നഴിസിങ് വിദ്യാര്‍ഥിയാണ്. അവരുടെ ജീവിതം വരെ മാറ്റി വച്ചാണ് അച്ഛനും അമ്മയും എന്നെ വളര്‍ത്തിയതും പഠിപ്പിച്ചതും.

എല്ലാവരുമുള്ളപ്പോഴും ഒറ്റപ്പെടല്‍

എനിക്ക് ചുറ്റിലും ആളുകളുണ്ട്. ആത്മവിശ്വാസവും ധൈര്യവും പിന്തുണയും തന്ന് നില്‍ക്കുന്ന കുടുംബം, അധ്യാപകര്‍, സുഹൃത്തുക്കള്‍, സഹപാഠികള്‍. പക്ഷെ എന്നിട്ടും അപകടം സംഭവിച്ച അന്നുമുതല്‍ ഇടക്കിടെ വല്ലാത്ത ഒറ്റപ്പെടല്‍ അനുഭവപ്പെടും. എന്തിനാണെന്ന് എനിക്ക് പോലും അറിയാത്ത ഒരു മാനസികാവസ്ഥ. ഇപ്പോഴും ഇടയ്ക്ക് സങ്കടം തോന്നും, വെറുതെ. സ്‌കൂളിലാണെങ്കിലും വീട്ടിലാണെങ്കിലും ആ ഒറ്റപ്പെടല്‍ തോന്നല്‍ എന്നെ പിന്തുടരാറുണ്ട്. മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ എന്റെ കൂടെ പഠിക്കുന്നവരോടൊപ്പമല്ല, അധിക ദൂരം പോവാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ അടുത്ത് തന്നെയുള്ള ഹോസ്റ്റലിലാണ് എനിക്ക് അഡ്മിഷന്‍ തയ്യാറാക്കി തന്നത്. പക്ഷെ അതും എനിക്ക് വല്ലാത്ത ഒറ്റപ്പെടലുണ്ടാക്കി. ഞാനങ്ങനെ പുറത്തൊന്നും പോവാത്ത പ്രകൃതമാണ്. അതുകൊണ്ട് കൂട്ടുകാരുമായി പുറത്തുകറങ്ങലൊന്നുമില്ല. ഹോസ്റ്റലില്‍ തന്നെയായിരിക്കും എപ്പോഴും. എന്റെ കൂടെ പഠിക്കുന്നുവരും കൂട്ടുകാരുമെല്ലാം വേറെ ഹോസ്റ്റലിലായിരുന്നു. ഞാന്‍ താമസിക്കുന്ന ഹോസ്റ്റലിലെ പിജി വിദ്യാര്‍ഥികളും സര്‍ജറി ഡിപ്പാര്‍ട്‌മെന്റിലെ ഡോക്ടര്‍മാരുമെല്ലാം ചേര്‍ന്ന് ആ അവസ്ഥ മറികടക്കാന്‍ സഹായിച്ചെങ്കിലും ആ തോന്നല്‍ ഇടക്കിടെ കടന്നുവരും.

ജീവിതം കൊണ്ട് കടപ്പാടുകള്‍ വീട്ടും

ഒരുപാട് പേരോട് നന്ദിയും കടപ്പാടുമുണ്ട്. വീട്ടുകാരുടേയും നാടിന്റെയും പിന്തുണയാണ് എന്നെ ഇവിടം വരെ എത്തിച്ചത്. അറിയാവുന്നതും അറിയാത്തതുമായ നിരവധിപേര്‍ മനസ്സുകൊണ്ടും പണം കൊണ്ടുമെല്ലാം സഹായിച്ചിട്ടുണ്ട്. അതെല്ലാം വീട്ടാന്‍ പറ്റാത്ത കടങ്ങളാണ്. പക്ഷെ എന്റെ ജീവിതം കൊണ്ടാവും എല്ലാ കടപ്പാടുകളും വീട്ടുക. സ്‌കൂളുകളിലെ അധ്യാപകര്‍, കൂട്ടുകാര്‍ എല്ലാവരും തന്ന സഹായങ്ങള്‍ക്ക് നന്ദിപറയാന്‍ പോലുമാവില്ല. പിസി തോമസ് സാറിന്റെയടുത്ത് കോച്ചിങ്ങിന് ചേര്‍ന്നപ്പോള്‍ അവിടെ ഒരു ഹോസ്റ്റലില്‍ നിന്നായിരുന്നു പഠനം. അവിടെയുള്ള അങ്കിളും ആന്റിയും എനിക്ക് ഉച്ചഭക്ഷണം പോലും പൊതിഞ്ഞുതന്ന് വിടുമായിരുന്നു. എല്ലാ വര്‍ഷവും കാല് മാറ്റി വയ്ക്കണമായിരുന്നു. അതിന് വലിയ പണച്ചെലവുള്ളതാണ്. അപകടം പറ്റിയപ്പോള്‍ പലരായി കൊണ്ടുതന്ന പണം അന്നത്തെ ചികിത്സാ ചെലവ് കഴിഞ്ഞ് ബാങ്കില്‍ ഇട്ടിരുന്നു. ആ പണമാണ് കാല് മാറ്റാനായി ഓരോ തവണയും എടുത്തിരുന്നത്. ഇപ്പോള്‍ ജോണ്‍സണ്‍ സാമുവല്‍ എന്ന എന്‍ആര്‍ഐയാണ് കാല് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. രണ്ട് ലക്ഷം രൂപവരെ വില വരുന്ന കാലാണ് അദ്ദേഹം സ്‌പോണ്‍സര്‍ ചെയ്തത്. അങ്ങനെ എത്രയോ പേരുണ്ട്. പഠനം കഴിഞ്ഞാല്‍ സര്‍ക്കാര്‍ സര്‍വീസില്‍ പാവപ്പെട്ടവരെ ശുശ്രൂഷിച്ച് സേവനം ചെയ്യാനാണ് ഞാനുദ്ദേശിക്കുന്നത്. അതിലൂടെ എന്റെ കടങ്ങള്‍ വീട്ടണം.

രാഷ്ട്രീയം

എനിക്ക് ഒരു രാഷ്ട്രീയത്തോടും അനുഭാവമില്ല. എനിക്ക് രാഷ്ട്രീയമില്ല എന്ന് തന്നെ പറയാം. ഒന്നിനോടും യോജിപ്പോ വിയോജിപ്പോ ഇല്ല. ഞാനതില്‍ വിശ്വസിക്കുന്നില്ല എന്ന് മാത്രം. എന്റെ വീട്ടുകാരും ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും അനുഭാവികളല്ല. പക്ഷെ ഞങ്ങളെ ഏറെ സഹായിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയായതിനാല്‍ വീട്ടുകാര്‍ ആ പാര്‍ട്ടിയിലുള്ളവരെ ചിലപ്പോള്‍ പിന്തുണയ്ക്കാറുണ്ട്. എനിക്ക് വിയോജിപ്പുള്ളത് അക്രമരാഷ്ട്രീയത്തോടാണ്. ഇത്രയൊക്കെ സംഭവിച്ചിട്ടും ഇന്നും അതെന്താണ് മാറാത്തത് എന്നാണ് എന്റെ സംശയം. ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഇന്നേവരെ എനിക്ക് സംഭവിച്ചതില്‍ അത് ചെയ്തവര്‍ പശ്ചാത്താപം പോലും പ്രകടിപ്പിച്ചിട്ടില്ല. അന്ന് ബോംബെറിഞ്ഞ ബിജെപി പ്രവര്‍ത്തകന്‍ ഇപ്പോള്‍ സിപിഎമ്മിലാണ്. അയാളെ കോടതി ശിക്ഷിച്ചതാണ്. പക്ഷെ അവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോയിരിക്കുകയാണ്. ഞങ്ങള്‍ കേസ് നടത്തിപ്പിനൊന്നും പോവുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്കാരാണ് അത് കൈകാര്യം ചെയ്യുന്നത്. എന്നാലും അനുഭവങ്ങളില്‍ നിന്നും അക്രമം ഉപേക്ഷിക്കാന്‍ ഇനിയെങ്കിലും എല്ലാ പാര്‍ട്ടിക്കാരും തയ്യാറാവണം.

അവര്‍ ഇല്ലാതാക്കിയത് കാലാണ്, ആത്മവിശ്വാസമല്ല

ഞാന്‍ സത്യത്തില്‍ അന്നത്തെ കാര്യങ്ങളൊന്നും ഓര്‍മ്മിക്കാറില്ല. ഓര്‍മ്മിക്കാന്‍ ഇഷ്ടവുമില്ല. പിന്നെ, ഇതുപോലെ ആരെങ്കിലും ചോദിക്കുമ്പോള്‍ മാത്രമാണ് അത് ഓര്‍മ്മിക്കുകയും പറയുകയും ചെയ്യുന്നത്. കാലുപോയതിന് പിന്നാലെ പലരും എന്നെക്കാണാന്‍ വന്നു. പലരും സഹതാപം പ്രകടിപ്പിച്ചു. അനുകമ്പയോടെ നോക്കിയവര്‍ ഉണ്ട്. വയ്യാത്തകുട്ടിയെന്ന രീതിയില്‍ ട്രീറ്റ് ചെയ്തവരുണ്ട്. എന്നാല്‍ കാല് പോയത് ആദ്യം എനിക്ക് അംഗീകരിക്കാന്‍ പറ്റുന്ന സത്യമേ അല്ലായിരുന്നെങ്കിലും പിന്നീട് തളര്‍ന്നിരിക്കാന്‍ പാടില്ല എന്ന ഉറച്ച തീരുമാനത്തിലേക്കെത്തി. തളര്‍ന്നിരിക്കാതെ ഒരു നല്ല ജീവിതം എത്തിപ്പിടിക്കാന്‍ പറ്റുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. തളര്‍ന്നിരുന്നാല്‍ പലരുടേയും സിംപതി ഉണ്ടാവും. പക്ഷെ സിംപതിയുള്ളവരൊന്നും ജീവിതത്തില്‍ സപ്പോര്‍ട്ട് ചെയ്യണമെന്നില്ല എന്ന് മനസ്സിലാക്കി ആത്മവിശ്വാസത്തോടെ തന്നെയാണ് മുന്നോട്ട് പോയത്.

ഇനി മുന്നോട്ട്

ഹൗസ് സര്‍ജന്‍സി കഴിഞ്ഞാല്‍ പിജി ചെയ്യണമെന്നാണ് ആഗ്രഹം. സര്‍ജറിയാണ് ഇഷ്ടം. പക്ഷെ അത് അങ്ങനെ തന്നെ നടക്കുമോ എന്നറിയില്ല. സാധാരണക്കാരേയും പാവപ്പെട്ടവര്‍ക്കെല്ലാമായി സേവനം ചെയ്യണം. ചെറുപ്പത്തില്‍ എന്നോട് എങ്ങനെ ഡോക്ടര്‍മാര്‍ പെരുമാറിയോ അത് പോലെ എനിക്ക് ജോലി ചെയ്യണം.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍