UPDATES

ട്രെന്‍ഡിങ്ങ്

ഞാന്‍ അനിസ്ലാമികനല്ല, അഞ്ചോ പത്തോ കൊല്ലം മുന്‍പുണ്ടായ അനാചാരമാണ് മുഖാവരണം-ഡോ. ഫസല്‍ ഗഫൂര്‍ സംസാരിക്കുന്നു

അനാചാരങ്ങള്‍ക്കെതിരായിട്ടുള്ള പോരാട്ടം എം.ഇ.എസ് ആദ്യകാലം മുതല്‍ക്കു തന്നെ നടത്തിപ്പോരുന്നതാണ്

ശ്രീഷ്മ

ശ്രീഷ്മ

മലബാറിലെ മുസ്ലിം വിഭാഗത്തിന്റെ, പ്രത്യേകിച്ച് മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസ രംഗത്തേക്കുള്ള കൂട്ടമായ കടന്നുവരവിന് വഴിയൊരുക്കിയ പ്രസ്ഥാനമായാണ് എം.ഇ.എസിനെ ചരിത്രം സ്മരിക്കുന്നത്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിന്നിരുന്ന മുസ്ലിം സമുദായത്തിന് പ്രൊഫഷണല്‍ വിദ്യാഭ്യാസമടക്കം പ്രാപ്യമാക്കുന്നതില്‍ കാര്യമായ പങ്കു വഹിച്ചിട്ടുള്ള മുസ്ലിം എജ്യുക്കേഷന്‍ സൊസൈറ്റി അഥവാ എം.ഇ.എസ്, പല കാലഘട്ടങ്ങളിലായി പല സാമുദായിക സംഘടനകളുടെ വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടാണ് മുന്നോട്ടു വന്നിട്ടുള്ളതും. മലബാര്‍ മേഖലയിലെ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ആദ്യം വിദ്യാഭ്യാസവും പിന്നീട് തൊഴില്‍ സാധ്യതകളും നല്‍കിയിട്ടുള്ള എം.ഇ.എസ്, മുസ്ലിം സമൂഹത്തിന്റെ ഇന്നത്തെ ദൃശ്യതയ്ക്ക് നല്‍കിയിട്ടുള്ള സംഭാവനകളും ചെറുതല്ല. കഴിഞ്ഞ ദിവസങ്ങളിലായി എം.ഇ.എസ് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്, തങ്ങളുടെ സ്ഥാപനങ്ങളില്‍ പുറത്തിറക്കിയിട്ടുള്ള സര്‍ക്കുലറിന്റെ പേരിലാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖാവരണം ധരിക്കുന്നത് വിലക്കിക്കൊണ്ടുള്ള എം.ഇ.എസിന്റെ സര്‍ക്കുലറിന്റെ ചുവടു പിടിച്ച് വലിയ വാദപ്രതിവാദങ്ങളാണ് കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക വൃത്തങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്.

ഇ.കെ. സമസ്ത അടക്കമുള്ള സംഘടനകളും, മുസ്ലിം സംഘടനകളില്‍ പെട്ട സ്ത്രീകള്‍ തന്നെയും സര്‍ക്കുലറിനെ എതിര്‍ത്ത് മുന്നോട്ടു വന്നുകൊണ്ടിരിക്കുമ്പോഴും പുനഃപരിശോധിക്കുകയോ തിരുത്തുകയോ ചെയ്യേണ്ടതില്ല എന്ന തീരുമാനത്തിലുറച്ചു തന്നെയാണ് എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍. 1964-ല്‍ ഫസല്‍ ഗഫൂറിന്റെ പിതാവ് ഡോ. അബ്ദുല്‍ ഗഫൂര്‍ എം.ഇ.എസ് സ്ഥാപിച്ചപ്പോള്‍ മുതല്‍ വിവിധ മതസംഘടനകളില്‍ നിന്നും നേരിട്ടിട്ടുള്ളതും സമാനമായ എതിര്‍പ്പുകളും ‘അനിസ്ലാമികര്‍’ എന്ന പേരുമാണ്. മുസ്ലിം സ്ത്രീകള്‍ വിദ്യാഭ്യാസം നേടുന്നത് വളരെ വിരളമായിരുന്ന കാലത്ത്, മറ്റു ജില്ലകളില്‍ നിന്നു പോലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മുസ്ലിം വിദ്യാര്‍ത്ഥിനികളെ എത്തിക്കാന്‍ സാധിച്ചിട്ടുള്ള അബ്ദുല്‍ ഗഫൂറിന് അന്നു നേരിടേണ്ടി വന്നതും വലിയ പ്രതിസന്ധികളായിരുന്നു. മതകാര്യങ്ങളില്‍ എം.ഇ.എസ് ഇടപെടേണ്ടതില്ലെന്ന് സമസ്ത ആവര്‍ത്തിക്കുമ്പോഴും, സാമുദായിക സംഘടനയാണ് എം.ഇ.എസ് എന്നും ഇനിയും ഇത്തരം മാറ്റങ്ങള്‍ക്കായി നിലകൊള്ളുമെന്നും പ്രസിഡന്റ് പറയുന്നുണ്ട്. ഡോ. ഫസല്‍ ഗഫൂര്‍ സംസാരിക്കുന്നു.

മുസ്ലിം എജ്യുക്കേഷന്‍ സൊസൈറ്റിയുടെ ആരംഭവും വളര്‍ച്ചയും

വിദ്യാഭ്യാസ രംഗത്ത് ഏറ്റവും പുറകിലായിരുന്ന ഒരു സമൂഹമായിരുന്നു മുസ്ലീം. ആ കാലഘട്ടത്തില്‍ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, കത്തോലിക്കാസഭ എന്നിവര്‍ക്കായിരുന്നു ആ മേഖലയില്‍ ആധിപത്യം. മുസ്ലിം സമൂഹത്തിന് ആകെ രണ്ടോ മൂന്നോ കോളേജേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് എം.ഇ.എസിന്റെ കടന്നുവരവ്. മെഡിക്കല്‍ കോളേജ് പ്രഫസറായിരുന്ന എന്റെ പിതാവ് ഡോ. അബ്ദുല്‍ ഗഫൂറാണ് 1965ല്‍ എം.ഇ.എസ് സ്ഥാപിക്കുന്നത്. 1967ല്‍ കൊടുങ്ങല്ലൂരിലും മണ്ണാര്‍ക്കാട്ടും മമ്പാടുമായി എം.ഇ.എസ് മൂന്ന് എയ്ഡഡ് കോളേജുകള്‍ തുടങ്ങി. കോളേജുകളുടെ നടത്തിപ്പെല്ലാം ബുദ്ധിമുട്ടിത്തന്നെയാണ് മുന്നോട്ടുപോയത്. വിദ്യാഭ്യാസത്തോട് പൊതുവില്‍ അത്രയധികം താല്‍പര്യമില്ലാത്ത ഒരു സമൂഹമായിരുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ എത്താനൊക്കെ പ്രയാസമായിരുന്നു. അന്ന് എം.ഇ.എസില്‍ ഉണ്ടായിരുന്നവരില്‍ പലരും സ്വന്തം കൈയില്‍ നിന്നും പണമെടുത്തൊക്കെയാണ് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോയിരുന്നത്. ആളുകള്‍ പറയുന്നതു പോലെ എം.ഇ.എസ് ഒരു കുടുംബത്തിലെ കുറച്ചുപേര്‍ ചേര്‍ന്നിട്ടുള്ള ഒരു ട്രസ്‌റ്റൊന്നുമല്ല. ഇരുപതിനായിരത്തിനടുത്ത് അംഗങ്ങള്‍ എം.ഇ.എസിനുണ്ട്. ജനാധിപത്യ രീതിയില്‍ നടന്നുപോരുന്ന ഒരു സംഘടനയാണത്. മൂന്നു വര്‍ഷം കൂടുമ്പോള്‍ താലൂക്ക്, ജില്ലാ, സംസ്ഥാന തലങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തിയാണ് ഭാരവാഹികളെ തീരുമാനിക്കുന്നത്. എം.ഇ.എസില്‍ ഒരു സ്ഥാനത്തിലെത്തണമെങ്കില്‍ത്തന്നെ ഒരു വ്യക്തി ആദ്യം താലൂക്കിലും, പിന്നീട് ജില്ലയിലും ശേഷം സംസ്ഥാന തലത്തിലും പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഒമ്പതു കൊല്ലം സംഘടനയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ പ്രസിഡന്റോ സെക്രട്ടറിയോ ആകാന്‍ സാധിക്കൂ. എല്ലാവരും ഒരേ അംഗത്വ ഫീ അടയ്ക്കുന്ന, സൊസൈറ്റീസ് ആക്ട് വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു സംഘടനയാണ് എം.ഇ.എസ്. ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ മുസ്ലിം വിദ്യാഭ്യാസ സ്ഥാപനമായി എം.ഇ.എസ് മാറി. മുപ്പത്തിയഞ്ച് കോളേജുകളാണ് എം.ഇ.എസിന് നിലവില്‍ ഉള്ളത്. സ്വകാര്യ വ്യക്തികളുടേതല്ലാതെ ഇന്ത്യയില്‍ ഒരു മുസ്ലിം സാമുദായിക സംഘടനയ്ക്ക് ഇത്രയധികം കോളേജുകളില്ല.

അനാചാരങ്ങള്‍ക്കെതിരായിട്ടുള്ള പോരാട്ടം എം.ഇ.എസ് ആദ്യകാലം മുതല്‍ക്കു തന്നെ നടത്തിപ്പോരുന്നതാണ്. മതത്തിനകത്ത് അനാചാരങ്ങളുണ്ടെങ്കില്‍ മതത്തെ എതിര്‍ക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുക എന്നതല്ല, ആ അനാചരത്തെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. ആ കൂട്ടത്തില്‍പ്പെട്ട ഒരു അനാചാരമാണ് മുഖാവരണം ധരിക്കുന്നതും. കഴിഞ്ഞ അഞ്ചോ പത്തോ കൊല്ലമായി നിലവില്‍ വന്നിട്ടുള്ള ഒന്നാണ് എന്നതാണ് ഈ അനാചാരത്തിന്റെ പ്രത്യേകത. കേരളത്തിന്റെ സംസ്‌കാരവുമായി അതിന് യാതൊരു ബന്ധവുമില്ല. മുഖാവരണത്തിനു വേണ്ടി വാദിക്കുന്നവരുടെ അമ്മമാരോ അവരുടെ അമ്മമാരോ അത് ധരിച്ചിരിക്കില്ല. ഇവിടത്തെ ഇസ്ലാമിന്റെ ആയിരത്തിയഞ്ഞൂറു കൊല്ലത്തെ ചരിത്രത്തില്‍ ഒരിക്കലുമുണ്ടായിട്ടില്ലാത്ത ഒന്നാണ് ഇവര്‍ പുതുതായി കൊണ്ടുവരുന്നത്. എപ്പോഴാണിത് കൊണ്ടുവന്നിട്ടുള്ളത് എന്നാണ് ശ്രദ്ധേയം. മുസ്ലിം വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങളാണ് ഇതിനോടകം എം.ഇ.എസിന് സൃഷ്ടിക്കാന്‍ സാധിച്ചിട്ടുള്ളത്. പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തേക്ക് മുസ്ലിം സ്ത്രീകളെ ധാരാളമായി കൊണ്ടുവരാനായിട്ടുണ്ട്. വിദ്യാഭ്യാസരംഗത്തു മാത്രമല്ല, സ്ത്രീകള്‍ക്ക് ജോലി ഉറപ്പുവരുത്തുന്നതിലും എം.ഇ.എസ് എല്ലാക്കാലത്തും ശ്രദ്ധിച്ചിട്ടുണ്ട്. എം.ഇ.എസിന്റെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രിന്‍സിപ്പാളായിരിക്കുന്നത് സ്ത്രീകളാണ്. നൂറോളം സ്‌കൂളുകളുള്ളതില്‍ നാല്‍പ്പതോളം സ്ഥാപനങ്ങളെ നയിക്കുന്നത് സ്ത്രീകളാണ്. സ്ത്രീകളെ കലാ രംഗത്തും കായികരംഗത്തും കൊണ്ടുവരുന്നതിലും സ്ഥാപനം കാര്യമായി ഇടപെട്ടിട്ടുണ്ട്.

Read More: സ്വന്തം ഇഷ്ടപ്രകാരം മുഖാവരണം ധരിക്കുന്നവരെ വിലക്കുന്നത് തെറ്റ്; എം ഇ എസിനെതിരെ എം എസ് എഫ്, ജമാഅത്ത് ഇസ്ലാമി വനിതാ നേതാക്കള്‍

എന്തുകൊണ്ട് എം.ഇ.എസില്‍ മുഖാവരണത്തിന് വിലക്ക്?

സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്നവരുടെ മതകാര്യങ്ങളില്‍ ആരും ഇടപെടാറില്ല. പല വിശ്വാസങ്ങളും കാഴ്ചപ്പാടുകളുമുള്ളവര്‍ എം.ഇ.എസില്‍ പഠിക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് നിസ്‌കരിക്കാവുന്ന പള്ളികളാണ് എം.ഇ.എസിന്റേത്. അതിനും ആരും എതിരല്ല. ആചാരങ്ങളെയും ഞങ്ങളാരും തൊടാറില്ല. എന്നാല്‍ ഇപ്പോള്‍ പല രീതികളും അതിരു കടക്കുന്ന അവസ്ഥയാണ്. സ്ത്രീകള്‍ മുഖം മൂടി നടക്കണമെന്ന് പരസ്യമായിത്തന്നെ ഇപ്പോള്‍ ഒരു വിഭാഗമാളുകള്‍ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. പണ്ട് രഹസ്യമായി അനുശാസിച്ചിരുന്നവര്‍ ഇപ്പോള്‍ പരസ്യമായിത്തന്നെ ആവശ്യപ്പെടുന്ന ഘട്ടത്തിലെത്തിയിരിക്കുന്നു. ഏകദേശം പതിനായിരം കോടി രൂപയുടെ ആസ്തി ഇപ്പോള്‍ എം.ഇ.എസിനുണ്ട്. ഇതൊന്നും സമുദായത്തില്‍ നിന്നോ പൊതു സമൂഹത്തില്‍ നിന്നോ പിരിച്ചുണ്ടാക്കിയതല്ല. എം.ഇ.എസ് ഒരു പ്രത്യേക വിഭാഗത്തിനു വേണ്ടി മാത്രമുള്ളതാണെന്നും പറയാനാകില്ല. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും തെരഞ്ഞെടുപ്പിന്റെ അനുപാതത്തില്‍പ്പോലും വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. അറുപതു മുതല്‍ അറുപത്തിയഞ്ചു ശതമാനം വരെ വിദ്യാര്‍ത്ഥികള്‍ മുസ്ലിം വിഭാഗത്തില്‍ നിന്നും, മുപ്പതു മുതല്‍ മുപ്പത്തിയഞ്ചു വരെ വിദ്യാര്‍ത്ഥികള്‍ മറ്റു മതവിഭാഗങ്ങളില്‍ നിന്നും എന്നാണ് കണക്ക്. ന്യൂനപക്ഷ പദവി ലഭിച്ച സമയത്ത് കത്തോലിക്കാ സഭയടക്കമുള്ളവര്‍ നൂറു ശതമാനം സീറ്റുകള്‍ക്കു വേണ്ടി വാദിച്ചപ്പോള്‍, അമ്പതു ശതമാനം സീറ്റുകള്‍ സര്‍ക്കാരിനു നല്‍കാം എന്ന് തീരുമാനിച്ചവരാണ് എം.ഇ.എസിലുള്ളത്. അന്ന് സര്‍ക്കാരുമായി ഉണ്ടാക്കിയ കരാറനുസരിച്ച് ദളിത് വിഭാഗങ്ങളില്‍പ്പെട്ടവരടക്കം ധാരാളം നിര്‍ധന വിദ്യാര്‍ത്ഥികള്‍ അധികം പണച്ചെലവില്ലാതെ എം.ഇ.എസ് സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങിയിട്ടുണ്ട്.

പണ്ടും എം.ഇ.എസിനെതിരെ സംഘടിത ആക്രമണങ്ങളുണ്ടായിട്ടുണ്ട്. ഇന്ന് പക്ഷേ അത് നടക്കില്ലെന്നു മാത്രം. സമൂഹമാധ്യമങ്ങളൊക്കെ അത്രയേറെ വികസിച്ചിട്ടുണ്ട്. ഒരാളേയും ആര്‍ക്കും ഒറ്റപ്പെടുത്താന്‍ സാധിക്കില്ല. മാധ്യമങ്ങളെ വിലയ്ക്കു വാങ്ങിയിട്ടും ഇന്നത്തെ കാലത്ത് കാര്യമില്ല. എല്ലാം സമൂഹമാധ്യമങ്ങള്‍ തുറന്നു കാട്ടും. ഇപ്പോള്‍ നടക്കുന്ന പ്രശ്‌നത്തിന്റെ കാര്യത്തിലും അതു തന്നെയാണ് പറയാനുള്ളത്. ഈ സര്‍ക്കുലര്‍ പുറത്തിറക്കാനുള്ള തീരുമാനം പെട്ടന്നൊരു സാഹചര്യത്തിലുണ്ടായതല്ല. കഴിഞ്ഞ കൊല്ലം എം.ബി.ബി.എസ് അഡ്മിഷനുമായി ഒരു പെണ്‍കുട്ടി വന്നിരുന്നു. അഡ്മിഷന്‍ അഡൈ്വസറി കമ്മറ്റി അഡ്മിറ്റു ചെയ്തതിന്റെ സ്ലിപ്പുമായാണ് വന്നത്. കുട്ടി മുഖാവരണം ധരിച്ചിരുന്നു. ഒരു ഡോക്ടറെന്ന നിലയ്ക്ക് മുഖംമൂടി ധരിച്ച് പഠിക്കാനും ജോലി ചെയ്യാനും സാധിക്കില്ലെന്നും, അതു മാറ്റേണ്ടതുണ്ടെന്നും ഞങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ വിസമ്മതിച്ചു. മറ്റു ഡോക്ടര്‍മാരുമായി വിഷയം ചര്‍ച്ച ചെയ്തപ്പോള്‍, റിസ്‌കെടുക്കാനാകില്ലെന്നായിരുന്നു അവരുടെ മറുപടി. ഈ വ്യക്തി പിന്നീട് മരുന്ന് മാറി കുത്തിവയ്ക്കുകയോ മറ്റോ ചെയ്ത് പ്രശ്‌നമായാല്‍, അതു താനല്ലെന്ന് നിഷേധിച്ചു കഴിഞ്ഞാല്‍ പിന്നെ സി.സി.ടി.വി നോക്കിയിട്ടു പോലും തിരിച്ചറിയാന്‍ സാധിക്കില്ലല്ലോ. അവരെ വിഷയം പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചപ്പോള്‍, മുഖാവരണം ധരിക്കണമെന്ന് ഭര്‍ത്താവിന് നിര്‍ബന്ധമാണെന്ന് മനസ്സിലായി. അങ്ങനെ ഞങ്ങള്‍ വിദ്യാര്‍ത്ഥിനിയെ തിരിച്ച് രാജേന്ദ്രബാബു കമ്മറ്റിക്ക് തന്നെ റഫര്‍ ചെയ്തയച്ചു. പ്രോസ്‌പെക്ടസില്‍ മുഖാവരണത്തിന്റെ കാര്യം പരാമര്‍ശിക്കുന്നുണ്ടെങ്കില്‍, കുട്ടിക്ക് അഡ്മിഷന്‍ കൊടുക്കാതിരിക്കാമെന്നായിരുന്നു കമ്മറ്റിയുടെ നിരീക്ഷണം. മെഡിക്കല്‍ കോളേജിന്റെ പ്രോസ്‌പെക്ടസില്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ടായിരുന്നു. അങ്ങിനെ ആ കുട്ടിയെ കോളേജില്‍ അഡ്മിറ്റു ചെയ്യാതിരിക്കുകയായിരുന്നു. അല്ലാതെ പുറത്താക്കി എന്നു പറയുന്നതിലൊന്നും കാര്യമില്ല.

Read More: എംഇഎസ്സ്‌ സർക്കുലറിനെ തള്ളിക്കളയേണ്ടത് സമസ്തയുടെ വിഡ്ഢിത്തരത്തിന്റെ പേരിലല്ല, മുഖാവരണത്തിന്റെ മറവിൽ പർദ്ദയ്ക്ക് കൊടുക്കുന്ന സാധുതയുടെ പേരിലാണ്

ഇത്തവണത്തെ അഡ്മിഷന്‍ പ്രൊസസുകള്‍ തുടങ്ങുന്നതിനു മുന്നെയായി ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്താനാണ് ശ്രമിച്ചത്. ഇതിനു റഫറന്‍സായി നമുക്കു മുന്നിലുള്ളത് ഹൈക്കോടതിയിലെ ഒരു കേസാണ്. ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളിലെ ഡ്രസ് കോഡ് പിന്തുടരാനാകില്ലെന്നു കാണിച്ച് രണ്ടു വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ പരാതിയാണ്. വിഷയം കോടതിയിലെത്തിയപ്പോള്‍ വിധി പറഞ്ഞത് മുഷ്താഖ് എന്ന മുസ്ലിം ന്യായാധിപനും. വ്യക്തിയും സ്ഥാപനവും തമ്മിലുള്ള ആശയപരമായ ഭിന്നതയായാണ് കോടതി ഇതിനെ കണ്ടത്. വ്യക്തിയുടെ താല്‍പര്യങ്ങള്‍ക്കു മേല്‍ സ്ഥാപനത്തിന്റെയും സമൂഹത്തിന്റെയും താല്‍പര്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന ഒരു വിധിയായിരുന്നു അത്. ഈ വിധിയെ പരാതിക്കാര്‍ ചലഞ്ച് ചെയ്തിട്ടുമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് എം.ഇ.എസ് സ്ഥാപനങ്ങളില്‍ മുഖാവരണം നിരോധിച്ചു കൊണ്ടുള്ള സര്‍ക്കുലര്‍ ഇറക്കുന്നത്. സര്‍ക്കുലര്‍ പരിശോധിച്ചാലറിയാം, സഭ്യേതരമായ വസ്ത്രങ്ങള്‍ സ്ഥാപനത്തില്‍ വിലക്കിയിട്ടുണ്ട്. എന്താണ് സഭ്യത എന്നെല്ലാം ചോദിക്കുന്നത് സെന്‍സില്ലാത്ത ആളുകളുടെ വാദമാണ്. മലയാളി മാപ്പിള സംസ്‌കാരത്തിനുള്ളില്‍ നിന്നുകൊണ്ടുള്ള സഭ്യമായ വസ്ത്രധാരണമാണ് ഉദ്ദേശിക്കുന്നത്. മുഖാവരണം മാത്രമല്ല, മിനി സ്‌കര്‍ട്ട് ഇട്ടു വന്നാല്‍ കോളേജില്‍ കയറ്റാന്‍ സാധിക്കില്ല. ഒരു ടീച്ചര്‍ ബര്‍മുഡ ഇട്ടു വന്നാലും അംഗീകരിക്കാനാകില്ല. നിലവില്‍ സല്‍വാര്‍ ആണ് എം.ഇ.എസ് സ്ഥാപനങ്ങളിലെ ഡ്രസ് കോഡ്. അതിനൊപ്പം മുഖം മറയ്ക്കുന്ന മറ്റു വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല. നിഖാബ് എന്നോ ഹിജാബ് എന്നോ ഒരു പ്രത്യേക പദം ഉപയോഗിക്കാത്തത് അവയെല്ലാം പലയിടങ്ങളില്‍ പല അര്‍ത്ഥത്തില്‍ മാറ്റങ്ങളോടെ ഉപയോഗിക്കുന്നതു കൊണ്ടാണ്. മുഖം മറയ്ക്കരുത് എന്നാണ് സാരം.

ആദ്യകാലം മുതല്‍ പിന്തുടരുന്ന ‘അനിസ്ലാമിക’ ലേബലും വിമര്‍ശനങ്ങളും

എം.ഇ.എസ് സ്ഥാപനങ്ങളില്‍ എല്ലാവരും സര്‍ക്കുലര്‍ അംഗീകരിച്ചു കഴിഞ്ഞു. സമസ്തയുടെ ആളുകള്‍ക്കാണ് പ്രശ്‌നം. ഞങ്ങള്‍ സമസ്തയല്ലല്ലോ. യാക്കോബായ ചര്‍ച്ചുകാര്‍ മാര്‍ത്തോമ്മാ ചര്‍ച്ചുകാരുടെ കാര്യത്തില്‍ ഇടപെടുന്നതുപോലെ അര്‍ത്ഥശൂന്യമാണിത്. ഇത് പൊതുകാര്യവുമല്ല. എം.ഇ.എസിന്റെ സ്ഥാപനങ്ങളില്‍ മാത്രം നടപ്പില്‍ വരുത്തിയിട്ടുള്ളതാണ്. സര്‍ക്കാര്‍ കോളേജുകളിലാണ് ഈ തീരുമാനമെങ്കില്‍ അവര്‍ക്ക് വാദിക്കാമായിരുന്നു. എന്തു വന്നാലും സര്‍ക്കുലറില്‍ നിന്നും പിന്മാറാന്‍ ഉദ്ദേശിച്ചിട്ടില്ല. സമസ്ത പോലുള്ള മതസംഘടനകളുടെ കൈയിലൊന്നും ഒന്നുമില്ല. മുപ്പത്തിയഞ്ച് കോളേജുകളും ഒരു ലക്ഷം വിദ്യാര്‍ത്ഥികളുമുള്ള എം.ഇ.എസ് ഇത്തരമൊരു നിര്‍ദ്ദേശം നടപ്പില്‍ വരുത്താന്‍ കൂട്ടായി തീരുമാനിച്ചതാണ്. ന്യൂനപക്ഷ പദവിയുള്ള സ്ഥാപനമാണ്. അതായത്, ഒരു സമുദായത്തെ പ്രതിനിധീകരിക്കുന്ന സ്ഥാപനം തന്നെയാണ് അത്തരം അവകാശങ്ങള്‍ എം.ഇ.എസിനുമുണ്ട്. ഫസല്‍ ഗഫൂര്‍ മുസ്ലിം വിഭാഗത്തിന്റെ നേതാക്കളിലൊരാളല്ലെങ്കില്‍ എല്ലാ സാമുദായിക ചര്‍ച്ചകളിലും എന്നെ വിളിക്കില്ലല്ലോ. പിന്നെ, ശ്രീലങ്കയിലെ ഭീകരാക്രമണത്തിനു ശേഷം അവിടെ ബുര്‍ഖ നിരോധിച്ചതിന്റെ അടുത്ത ദിവസങ്ങളില്‍ത്തന്നെ സര്‍ക്കുലര്‍ പുറത്തിറക്കിയത് തെറ്റായ സന്ദേശം തരും എന്നു പറയുന്നതിലൊന്നും അര്‍ത്ഥമില്ല. ഏപ്രില്‍ 17ന് പുറത്തിറങ്ങിയ സര്‍ക്കുലറാണത്. ശ്രീലങ്കന്‍ ആക്രമണം അതിനുമെത്രയോ ദിവസങ്ങള്‍ക്കു ശേഷമാണ് ഉണ്ടാകുന്നത്.

സ്ത്രീകള്‍ എല്ലാകാര്യത്തിലും മുഖ്യധാരയിലേക്ക് വന്നുകഴിഞ്ഞ കാലമാണ്. അത് ചിലര്‍ക്ക് ഇഷ്ടപ്പെടുന്നില്ലെന്നതാണ് കാര്യം. എം.ഇ.എസ് മെഡിക്കല്‍ കോളേജില്‍ എണ്‍പതു ശതമാനം സ്ത്രീകളാണ് പഠിക്കുന്നത്. മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പാള്‍ ഒരു മുസ്ലിം സ്ത്രീയായിരുന്നു. ഡി.എം.ഇ ഒരു മുസ്ലിം സ്ത്രീയാണ്. സിവില്‍ സര്‍വീസ് നേടിയ ആദില അബ്ദുള്ള എം.ഇ.എസ് സ്ഥാപനത്തിലാണ് പഠിച്ചത്. അവര്‍ മുന്നോട്ടു കയറിവരുമ്പോള്‍ വീണ്ടും അവരെ പിന്നോട്ടടിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വിഭാഗമാണ് എതിര്‍ക്കുന്നത്. പണ്ട് എം.ഇ.എസിന്റെ ആരംഭകാലത്ത് മുസ്ലിം സ്ത്രീകള്‍ ധാരാളമായി പഠിക്കാനെത്തിയിരുന്നപ്പോഴും ഇതേ എതിര്‍പ്പുകളും വിമര്‍ശനങ്ങളും ഉണ്ടായിട്ടുണ്ട്. എം.ഇ.എസിന്റെ വളര്‍ച്ചയുടെ പല ഘട്ടങ്ങളിലും അതുണ്ടായിട്ടുണ്ട്. അന്ന് എം.ഇ.എസിന്റെ അമരക്കാരനായിരുന്ന എന്റെ പിതാവ് അബ്ദുല്‍ ഗഫൂറിനെതിരെ ഇല്ലാക്കഥകള്‍ പടച്ചുണ്ടാക്കുകയും നടപടികളെടുക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ജോലിയിലായിരുന്ന അദ്ദേഹത്തെ ഈ പ്രശ്‌നത്തിന്റെ പേരില്‍ സമ്മര്‍ദ്ദം ചെലുത്തി സ്ഥലം മാറ്റിയിട്ടൊക്കെയുണ്ട്. സമസ്തയുടെ ഇടപെടലുകളായിരുന്നു അന്നും പ്രശ്‌നം. അദ്ദേഹം അനിസ്ലാമികമായ തീരുമാനങ്ങളാണ് എടുക്കുന്നത് എന്നെല്ലാമായിരുന്നു ആരോപണം. വലിയൊരു സാമൂഹിക പരിഷ്‌കര്‍ത്താവിന്റെ മകനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ രണ്ടു സഹോദരിമാര്‍ 1949ല്‍ ഈ സമൂഹത്തില്‍ നിന്നും നിയമം പഠിക്കാന്‍ പോയവരാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആദ്യമായി അഡ്മിഷന്‍ നേടിയ മുസ്ലിം വിദ്യാര്‍ത്ഥി അദ്ദേഹമാണ്. തീര്‍ച്ചയായും വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുള്ള ഒരു പാരമ്പര്യം അദ്ദേഹത്തിനും എം.ഇ.എസിനുമുണ്ട്.

മുഖാവരണം വിലക്കാന്‍ ഒരു മുസ്ലിം സ്ഥാപനത്തിനും ഇന്നേവരെ ധൈര്യമുണ്ടായിട്ടില്ലെന്നാണ് എന്നെ ബന്ധപ്പെടുന്ന അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം എടുത്തു പറയുന്നത്. ഞാന്‍ ആന്റി-ഇസ്ലാം ആണെന്ന് പറയുന്നവരുണ്ടാകാം. ഞാന്‍ ഒരിക്കലും അനിസ്ലാമികനല്ല. സ്ത്രീകള്‍ക്ക് തുല്യാവകാശം ലഭിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയുന്നു എന്നുമാത്രം. ചില വിദ്യാര്‍ത്ഥി സംഘടനകള്‍ സര്‍ക്കുലറിനെ എതിര്‍ത്തുകൊണ്ട് മുഖാവരണം ധരിച്ചു തന്നെ സ്ഥാപനത്തിലെത്തും എന്നും പറയുന്നുണ്ട്. അങ്ങിനെ ചെയ്താല്‍ കോടതിയലക്ഷ്യമാകും. ഇന്ത്യ മുഴുവന്‍ അന്ന് ഈ വിഷയം ഏറ്റെടുക്കും. ഇനി അവര്‍ അപ്പീല്‍ പോയി വിധി സമ്പാദിച്ചാല്‍ ആ വിധിയെ മാനിക്കുക തന്നെ ചെയ്യും. ഈ സര്‍ക്കുലറിന്റെ കാര്യം വലിയ വിവാദവും ചര്‍ച്ചയുമാക്കുന്നവര്‍ അങ്ങനെ ചെയ്‌തോട്ടെ. അതും എം.ഇ.എസിന് കിട്ടുന്ന പബ്ലിസിറ്റിയായേ കാണുന്നുള്ളൂ. പുറത്തേക്ക് നോക്കൂ, തൊണ്ണൂറ്റിയൊമ്പത് ശതമാനം സ്ത്രീകളും മുഖാവരണം ധരിക്കാത്തവരാണ്. അതായത്, ഇപ്പോള്‍ത്തന്നെ നമ്മള്‍ ജയിച്ചു കഴിഞ്ഞവരാണ്.

Read More: സ്ത്രീകളെ കറുത്തവസ്ത്രത്തിൽ പൊതിഞ്ഞ് നടത്തണമെന്നത് ഒരിക്കലും ഇസ്ലാമികമായിരുന്നില്ല-വി പി സുഹ്‌റ പറയുന്നു

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍