UPDATES

ട്രെന്‍ഡിങ്ങ്

മാറിടം മറച്ച് ഷാള്‍ അണിയാന്‍ നിര്‍ബന്ധിതരാവുന്നുവോ? നിങ്ങളിലെ അപകര്‍ഷതയുടേയും പുരുഷാധിപത്യത്തിന്റ വളര്‍ച്ചയുടേയും തുടക്കമാണത്

സ്ത്രീകള്‍ എന്ത് ധരിക്കണമെന്ന് പുരുഷന്മാര്‍ തീരുമാനിക്കുന്നതിലൂടെ ലിംഗപരമായി തങ്ങള്‍ ഉയര്‍ന്നവരാണെന്ന ചിന്ത പുരുഷന്മാരില്‍ സ്ഥാപിക്കുകയാണ് ചെയ്യുന്നത് .

“മുസ്ലിം കുടുംബത്തിലെ പെണ്‍കുട്ടികള്‍ തലയില്‍ തട്ടം അണിഞ്ഞിട്ടുണ്ടോ ഇല്ലയോ എന്ന് എല്ലായിപ്പോഴും കുടുംബക്കാര്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കും. പെണ്‍കുട്ടികള്‍ തട്ടം ധരിക്കണമെന്ന് ആണ്‍കുട്ടികള്‍ വാശിപിടിക്കുന്നത് അവരുടെ പുരുഷാധിപത്യം സ്ഥാപിക്കാന്‍വേണ്ടി തന്നെയാണ്, പാരമ്പര്യമെന്ന പേരില്‍ ഇത്തരത്തില്‍ നിര്‍ബന്ധിതമായി സ്ത്രീകള്‍ ചെയ്യണമെന്ന് വാശിപിടിക്കുന്നതെല്ലാം പെണ്ണിനെ അടിച്ചമര്‍ത്താന്‍ വേണ്ടിയുള്ളവ തന്നെയാണ്,” തന്റെ അനുഭവങ്ങളെ ചൂണ്ടികാണിച്ചുകൊണ്ട് അല്‍ബിന അല്‍വി ‘ഫെമിനിസം ഓഫ് ഇന്ത്യ’ മാസികയിലെഴുതിയ ലേഖനം ശ്രദ്ധേയമാവുന്നു.

കുടുംബത്തിനുള്ളിലും പുറത്തും പെണ്‍ശരീരങ്ങള്‍ എല്ലായിപ്പോഴും നിരീക്ഷിക്കപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. മാറിടങ്ങള്‍ മറച്ച് ഷാള്‍ ധരിക്കണമെന്നും മൂക്കൂത്തികള്‍ അണിയണമെന്നും ആണുങ്ങള്‍ എല്ലായിപ്പോഴും വാശിപിടിക്കും. ഇത് സ്ത്രീകള്‍ എല്ലാവരും ഒരുപോലെയാണെന്ന് കാണിക്കാനും ‘പാശ്ചാത്യവൽക്കരണ’ത്തെ തടയാന്‍ വേണ്ടിയുമാണെന്ന് അല്‍ബിന അല്‍വി എഴുതുന്നു.

സ്ത്രീകള്‍ എന്ത് ധരിക്കണമെന്ന് പുരുഷന്മാര്‍ തീരുമാനിക്കുന്നതിലൂടെ ലിംഗപരമായി തങ്ങള്‍ ഉയര്‍ന്നവരാണെന്ന ചിന്ത പുരുഷന്മാരില്‍ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. സംസ്‌കാരം, കുടുംബം, മതം,വിവാഹം എന്നിവയെല്ലാം പുരുഷന്മാര്‍ക്ക് മാത്രം ഗുണമുണ്ടാവുന്ന രീതിയിലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. പെണ്ണിന്റെ താല്‍പ്പര്യങ്ങള്‍, തിരഞ്ഞെടുപ്പ് എന്നിവയെല്ലാം ഇല്ലാതാക്കികൊണ്ടാണിവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

തന്റെ നാടായ അലഹബാദില്‍ പെണ്‍ശരീരത്തിന്റെ വളര്‍ച്ചയുടെ ആരംഭഘട്ടത്തില്‍ തന്നെ ദൂപ്പട്ട നിര്‍ബന്ധമായിരുന്നെന്ന് അൽബിന പറയുന്നു. അച്ഛനില്‍നിന്നും ആങ്ങളമാരില്‍നിന്നും വളര്‍ന്നുതുടങ്ങിയ മാറിടങ്ങളെ മറച്ചുവെക്കുവാന്‍ താന്‍ നിര്‍ബന്ധിതയാവുമായിരുന്നു. ഇത് സ്വന്തം ശരീരത്തെ കുറിച്ചുള്ള അപകര്‍ഷത തന്നില്‍ സൃഷ്ടിക്കാന്‍ കാരണമായി. പലപ്പോഴും ഇത്തരം സാഹചര്യങ്ങള്‍ ഷര്‍ട്ടിനൊപ്പംപോലും ഷാള്‍ ധരിക്കാന്‍ തന്നെ പ്രേരിപ്പിച്ചു. സദാചാര നിയമങ്ങള്‍ എല്ലായിപ്പോഴും കുര്‍ത്തകള്‍ അണിയുന്നവരെ കുലീനകളായി ചിത്രീകരിച്ചിരുന്നു. ഇത്തരം അവസ്ഥകള്‍ സ്വയം ഒളിപ്പിച്ചുകൊണ്ട് ജീവിക്കേണ്ട സാഹചര്യം പലപ്പോഴും തനിക്ക് നല്‍കിയെന്നും അല്‍ബിന എഴുതുന്നു.

ഇസ്ലാംമതം എല്ലായിപ്പോഴും സ്ത്രീകളെ ദുപ്പട്ട അണിയാന്‍ നിര്‍ബന്ധിക്കുന്നു. എന്നാല്‍ ഈ ദുപ്പട്ടയ്ക്ക് ഇസ്ലാമുമായി ബന്ധമില്ല എന്നതാണ് സത്യം. ദുപ്പട്ട എന്ന വാക്കിന്റെ ഉത്ഭവം സംസ്‌കൃതത്തില്‍ നിന്നാണ്. സിന്ധൂനദീതട സംസ്‌കാരത്തില്‍ നിന്നാണ് ദുപ്പട്ട ഉത്ഭവിച്ചിരിക്കുന്നത്. പൊള്ളുന്ന ചൂടില്‍നിന്നൊരു മറയായി ദുപ്പട്ട ഉപയോഗിക്കാവുന്നതാണ് മാത്രവുമല്ല ഇത് സ്ത്രീകളുടെ വസ്ത്രത്തിന് ഭംഗിയും നല്‍കുന്നു. എന്നാല്‍ നാണത്തിന്റെ പ്രതീകമായിട്ടാണ് ദുപ്പട്ടയെ പലരും കാണുന്നത്. പലപ്പോഴും ഗാര്‍ഹിക പീഡനങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന സ്ത്രീകളെ ഉപദ്രവിക്കാന്‍ പുരുഷന്‍ ദുപ്പട്ട ഉപയോഗിക്കുന്നു, ആത്മഹത്യ ചെയ്യാന്‍പേലും സ്ത്രീകള്‍ ദുപ്പട്ടയെതന്നെ ആശ്രയിക്കുന്നുവെന്നതും കാണാന്‍ കഴിയും.

പുരുഷന്മാര്‍ കൂടുതലായുള്ള പൊതു ഇടങ്ങളിലേക്ക് പോകുമ്പോള്‍ മാറ് മറയ്ക്കാറുണ്ടെന്നും അത് തങ്ങളുടെ പേടിയെ ഇല്ലാതാക്കുന്നുവെന്നും ചില സ്ത്രീകള്‍ പറയുന്നു. ഷാള്‍ അണിയാതെ പുറത്തിറങ്ങുന്നത് നാണക്കേടായിട്ടാണ് തങ്ങളുടെ വീട്ടുകാര്‍ കാണുന്നതെന്ന് ചില സ്ത്രീകള്‍ പറയുന്നു.

ദുപ്പട്ടക്കും മൂക്കൂത്തിക്കും എതിരായുള്ള പോരാട്ടങ്ങള്‍ തങ്ങൾ തുടങ്ങിയിട്ടുണ്ടെന്ന് അൽബിന പറയുന്നു. പലപ്പോഴും ദുപ്പട്ട അണിയുന്ന സ്ത്രീകളെ പ്രാചീനരായി കാണുന്ന രീതിയും സമൂഹത്തിനുണ്ട്. ഇത്തരം കാഴ്ച്ചപ്പാടുകള്‍ മാറണം. സ്വന്തം തീരുമാനത്തിനനുസരിച്ച് ദുപ്പട്ട അണിയാനും അണിയാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ഒരുവള്‍ക്കുണ്ടാവണം.

 

രക്ഷകയാണ് ‘അമ്മ’, വൈറൽ വീഡിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍