UPDATES

ട്രെന്‍ഡിങ്ങ്

നെതര്‍ലാന്റ്‌സിന്റെ വിമോചകന്‍ കൊല്ലപ്പെടുന്നതിന് മുമ്പ് എന്തു ചെയ്യുകയായിരുന്നു? രണ്ട് നൂറ്റാണ്ടിന് ശേഷം ഡയറിക്കുറിപ്പുകള്‍ പുറത്ത്

വില്യം ഒന്നാമന്റെ കാലത്താണ് ജൊഹാന്‍ വാന്‍ ജീവിച്ചിരുന്നത്.

നെതര്‍ലന്‍ഡ്സിലെ എക്കാലത്തേയും വലിയ രാഷ്ട്രതന്ത്രജ്ഞനായിരുന്നു ജൊഹാന്‍ വാന്‍ ഓള്‍ഡന്‍ബര്‍ണേല്‍വെറ്റ്. സ്പാനിഷ് അധിനിവേശത്തില്‍ നിന്ന് നെതര്‍ലാന്‍ഡ്‌സിനെ മോചിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ള വ്യക്തി. എന്നാല്‍ അദ്ദേഹത്തിന്റെ അവസാന കാലങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ ഒരു ഡയറി കഴിഞ്ഞ 200 വര്‍ഷത്തോളമായി അജ്ഞാതമായിരുന്നു.

1818-നും 1619-നും ഇടയ്ക്കുള്ള എട്ടുമാസ കാലയളവില്‍ ജൊഹാന്റെതായി പുറത്തുവന്ന കുറിപ്പുകള്‍ 1825-ലാണ് അവസാനമായി കണ്ടത്. അതുതന്നെ അഡ്രിയാന്‍ സ്റ്റോക്കല്‍ എന്ന പാസ്റ്റര്‍ അദ്ദേഹത്തിന്റെ കൈപ്പടയില്‍ എഴുതി അച്ചടിച്ചതായിരുന്നു. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് ജൊഹാന്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ ഡയറി പുറംലോകത്തിന് മുന്നില്‍
എത്തിയത്‌.

ഒരു പഴയപുസ്തക വില്‍പ്പനക്കാരന്റെ ശേഖരത്തില്‍ നിന്നുമാണ് ജൊഹാന്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ ഡയറി കണ്ടെടുക്കുന്നത്. ഡയറി ജൊഹാന്റെത് തന്നെയാണെന്ന് ബോധ്യപ്പെട്ട വില്‍പ്പനക്കാരന്‍ നെതര്‍ലന്‍ഡ്സിലെ ഫ്‌ലെഹൈറ്റ് മ്യൂസിയം ഉദ്യോഗസ്ഥരെ
വിവരം അറിയിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഒരു വീട്ടിലെ പഴയ ഗ്രന്ഥശാല പൊളിച്ചു ഒഴിവാക്കുന്നതിനിടെയാണ് ഈ അമൂല്യനിധി പുസ്തക വില്‍പ്പനക്കാരന് ലഭിക്കുന്നത്.  എന്തായാലും പൊന്നുംവില നല്‍കിയാണ് മ്യൂസിയം അധികൃതര്‍ ഡയറി കരസ്ഥമാക്കിയത്.

വില്യം ഒന്നാമന്റെ കാലത്താണ് ജൊഹാന്‍ വാന്‍ ജീവിച്ചിരുന്നത്. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സ്ഥാപകരില്‍ ഒരാളായിരുന്നു അദ്ദേഹം. വില്യമിന്റെ മകനായ പ്രിന്‍സ് മൗറീസും തമ്മില്‍ വളരെ അടുത്ത ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ അധിക കാലം ആകുമ്പോഴേക്കും മൗറീസിന് അദ്ദേഹത്തോട് ശത്രുതയായി.

ജൊഹാന് അക്കാലത്തുണ്ടായിരുന്ന സ്വാധീനം ശത്രുതയുടെ മൂര്‍ച്ചകൂട്ടുകയും ചെയ്തു. 1618-ല്‍ രാജ്യദ്രോഹ കുറ്റം ചുമത്തി ജൊഹാനെ അറസ്റ്റ് ചെയ്യാന്‍ മൗറീസ് ഉത്തരവിട്ടു. വിചാരണക്കൊടുവില്‍ 1619 മേയ് 13-ന് അദ്ദേഹത്തെ ശിരഛേദം ചെയ്തു വധിച്ചു. വധശിക്ഷ നടപ്പിലാക്കിയതിനു ശേഷം ശരീരം എന്തു ചെയ്തു എന്നത് സംബന്ധിച്ച് ഒരു വ്യക്തതയും ഇല്ല.

ജൊഹാന്റെ ജോലിക്കാരന്‍ അദ്ദേഹത്തിന്റെ അവസാന നാളുകളെകുറിച്ച് രേഖപ്പെടുത്തിയ ഒരു ഡയറിയും സമീപകാലത്ത് കണ്ടെത്തിയിരുന്നു. ഇപ്പോള്‍ ജൊഹാന്റെ ഡയറികൂടെ ലഭ്യമായതോടെ രണ്ടു നൂറ്റാണ്ട് കാലം പറഞ്ഞുനടന്ന എല്ലാ ഊഹാപോഹങ്ങളും കെട്ടുകഥകളും തിരുത്തപ്പെടുവാന്‍ പോവുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍