UPDATES

ഞങ്ങളുടെ കുട്ടികള്‍ക്കുമില്ലേ വിദ്യാഭ്യാസാവകാശങ്ങള്‍? മാനസിക വെല്ലുവിളികളുള്ള കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നു നേരിടുന്നത് തിരിച്ചടികള്‍

ഒരു ശതമാനം തൊഴില്‍, ഭിന്നശേഷിക്കാര്‍ക്ക് മാറ്റിവെച്ചിട്ടുണ്ടെങ്കിലും ആവശ്യമായ പരിശീലനം ലഭിക്കാത്തതിനാല്‍ ജോലി നേടാനാകുന്നില്ല.

“മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, യൂണിഫോം, സ്‌കോളര്‍ഷിപ്പ് ഇവയ്‌ക്കൊന്നും അര്‍ഹതയില്ലേ? സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഞങ്ങളുടെ കുട്ടികളെ ചേര്‍ക്കാന്‍ ചെല്ലുമ്പോള്‍ അധ്യാപകര്‍ ഇല്ലായ്മ, മറ്റ് അസൗകര്യങ്ങള്‍ എന്നിവ ചൂണ്ടിക്കാണിച്ച് അഡ്മിഷന്‍ നല്‍കാന്‍ അധികൃതര്‍ തയാറാകുന്നില്ല. ബുദ്ധി വൈകല്യങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവകാശങ്ങള്‍ ഇല്ലെന്നാണോ?” ചോദ്യം മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടിയുടെ മാതാവായ ഫോര്‍ട്ടുകൊച്ചി സ്വദേശി മായ പി.എസിന്റെതാണ്.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ പഠിപ്പിക്കുന്നതിന് പരിശീലനം ലഭിച്ച അധ്യപകരുടെ അഭാവം ഭിന്നശേഷിക്കാരായ കുട്ടികളെയും തങ്ങളെയും ബുദ്ധിമുട്ടിലാക്കുകയാണെന്നാണ് രക്ഷിതാക്കളുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയിരിക്കുകയാണ് അവര്‍.

വ്യക്തികളുടെയും സംഘടനകളുടെയോ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കുന്നുണ്ടെങ്കിലും സാധാരണ കുട്ടികള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസവും ആനുകൂല്യങ്ങളും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ലഭിക്കുന്നില്ല. സ്വാഭാവികമായ ബുദ്ധിവളര്‍ച്ചയുള്ള കുട്ടികള്‍ക്കൊപ്പം പഠിച്ച് വളര്‍ന്നാല്‍ മാത്രമെ ഇത്തരം കുട്ടികളെ കാര്യപ്രാപ്തരാക്കാന്‍ കഴിയുവെന്നും ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ സംഘടനയായ പരിവാര്‍ പറയുന്നു. 2015ലെ ഡിസബിലിറ്റി സെന്‍സസ് പ്രകാരം സംസ്ഥാനത്ത് ഭിന്നശേഷിയുള്ളവരുടെ എണ്ണം 7,93,937 ആണ്. ഇവരില്‍ ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവര്‍ 2,23,969 (28.2 ശതമാനം) മാണ്. അതില്‍ 1,42,813 (18 ശതമാനം) വിദ്യാര്‍ഥികളുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അവരില്‍ 1,28,347 പേര്‍ (89.88 ശതമാനം) സര്‍ക്കാര്‍ സ്‌കൂളുകളിലാണ് പഠിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇല്ല.

ബുദ്ധിമാന്ദ്യമുള്ളവര്‍, ഓട്ടിസം, സെറിബള്‍ പള്‍സി, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റീസ്, ലേണിങ്ങ് ഡിസബിലിറ്റീസ് തുടങ്ങിയ അഞ്ച് രീതിയില്‍ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളിലെ സൗകര്യ കുറവ് പ്രവേശനത്തിന് തടസവുമാകുന്നു. പ്രത്യേക പരിശീലനം നേടിയ അധ്യാപകരില്ലാത്തതാണ് ഇത്തരം കുട്ടികളെ പ്രവേശിപ്പിക്കാന്‍ സ്‌കൂളുകള്‍ വിമുഖത കാണിക്കാന്‍ കാരണം. ഇത്രയധികം മാനസിക വൈകല്യങ്ങള്‍ നേരിടുന്ന കുട്ടികളുള്ള സംസ്ഥാനത്ത് ഇത്തരം കുട്ടികളെ പഠിപ്പിക്കുന്നതിന് തിരുവനന്തപുരത്ത് മാത്രമാണ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഒരു സ്‌കൂള്‍ ഉള്ളത്. എന്നാല്‍ ഈ സൗകര്യങ്ങള്‍ നല്‍കുന്ന അനേകം സ്വകാര്യ സ്‌പെഷല്‍ സ്‌കൂളുകള്‍ ഉണ്ടെങ്കിലും പ്രതിമാസം 1000 മുതല്‍ 5000 രൂപ വരെ ഫീസ് നല്‍കി വേണം ഇവിടെ പഠിപ്പിക്കാന്‍. ഇത്തരമൊരു സാഹചര്യത്തിലാണ്, തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച്, ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ രക്ഷാകര്‍തൃസമിതികളുടെ ദേശീയ സംഘടനയായ പരിവാര്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയിരിക്കുന്നത്.

സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടി പ്രത്യേക പരിശീലനം കിട്ടിയ അദ്ധ്യാപകരില്ല. റെട്ടേഷനായിട്ടാണ് അധ്യാപകര്‍ ഇത്തരം കുട്ടികള്‍ക്ക് ക്ലാസുകളെടുക്കാനെത്തുന്നത്. തെരഞ്ഞെടുത്ത ഒന്നോ രണ്ടോ അധ്യാപകര്‍ പല സ്‌കൂളുകളിലും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം എത്തി കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നു. എന്നാല്‍ ഈ സേവനം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ലഭിക്കുന്നില്ല. ഇത്തരം കുട്ടികളെ പഠിപ്പിക്കാന്‍ പുറത്തു നിന്ന് അധ്യാപകരെ നിയമിക്കേണ്ട സ്ഥിതി വരുന്നതോടെ കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ സ്‌കൂളധികൃതര്‍ തയാറാകുന്നില്ല. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി പ്രവര്‍ത്തിക്കുന്ന സ്‌പെഷന്‍ സ്‌കൂളുകളില്‍ ഈ സൗകര്യങ്ങളെല്ലാം ലഭ്യമാണെങ്കിലും ഉയര്‍ന്ന ഫീസാണ് ഈടാക്കുന്നത്. മാത്രമല്ല, സാധാരണ കുട്ടികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ലഭ്യമാകുന്നുമില്ല. സ്‌പെഷല്‍ സ്‌കൂളുകളിലെ അധ്യാപക വിദ്യാര്‍ഥി അനുപാതം 1:8 ആണെങ്കില്‍ മുഖ്യധാര സ്‌കൂളുകളില്‍ ബൗദ്ധിക വെല്ലുവിളി നേരിടുന്നവര്‍ക്ക് 1:62 അനുപാതമാണ്. പ്രത്യേകപരിശീലനം കിട്ടിയ അദ്ധ്യാപകരെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൂടുതലായി നിയമിച്ച് ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കണമെന്നാണ് പരിവാറിന്റെ കേരളാ ഘടകം ആവശ്യപ്പെടുന്നത്. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുള്ള പദ്ധതികള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൂടുതല്‍ നടപ്പാക്കണമെന്നാണ് സംഘടനയുടെ ആവശ്യം. 2016 ലെ വികലാംഗ അവകാശ നിയമം നല്‍കുന്ന ആനുകൂല്യങ്ങളും ഉറപ്പുകളുമാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പദ്ധതികള്‍ നടപ്പാക്കാത്തതുമൂലം കുട്ടികള്‍ക്ക് നഷ്ടമാകുന്നത്.

സ്‌പെഷ്യല്‍ സ്‌കൂളികളിലും ബഡ്‌സ് സ്‌കൂളുകളിലും പോകുന്നതിനെക്കാള്‍ കൂടുതല്‍ കുട്ടികള്‍ ഇപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് പോകുന്നുണ്ട്. മുഖ്യധാര സ്‌കൂളുകളിലേക്ക് എത്തുന്ന ഭിന്നശേഷിക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയാണന്ന് കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. അതേ സമയം സ്‌പെഷല്‍ സ്‌കൂളുകളിലെത്തുന്ന കുട്ടികളുടെ എണ്ണം കുറയുന്നതായാണ് സ്‌റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിസബിലിറ്റിയുടെ പഠനം വ്യക്തമാക്കുന്നു. 2015ല്‍ 12,556 കുട്ടികളാണ് സ്‌പെഷ്യല്‍ സ്‌കൂളുകളിലുണ്ടായിരുന്നത്. ഇത് 2016-17ല്‍ 11,785 ആയി കുറഞ്ഞു. 2017-18ല്‍ 11,637 കുറവുമുണ്ടായി. ഈ കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളിലേക്കോ വീട്ടിലിരുന്നുള്ള പഠനത്തിലേക്കോ തിരിയുകയാണ്. എന്നാല്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് ഈ കുട്ടികള്‍ക്കായുള്ള വിദ്യാഭ്യാസ പദ്ധതിയും അനുകൂല്യങ്ങളും ആവിഷ്‌കരിക്കുന്നതെന്നാണ് പ്രധാന ആക്ഷേപം. സംസ്ഥാനത്ത് 250 സ്‌പെഷല്‍ സ്‌കൂളുകളും 64 ബഡ്‌സ് സ്‌കൂളുകളും സര്‍വ ശിക്ഷ അഭിയാനു കീഴില്‍ 159, രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാനു കീഴില്‍ 226 റിസോഴ്‌സ് സെന്ററുകളും പ്രവര്‍ത്തിക്കുന്നു.

ഐക്യരാഷ്ട്ര സഭയുമായ ഒപ്പിട്ട ഉടമ്പടി രാജ്യത്ത് പാലിക്കപ്പെടുന്നില്ല

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് മുഖ്യധാര സ്‌കൂളുകളില്‍ പഠിക്കുന്നതിന് അവശ്യം വേണ്ട സൗകര്യങ്ങള്‍ ഒരുക്കണമെന്നും ഐക്യരാഷ്ട്ര സഭയുമായി ഇന്ത്യ 2006 ല്‍ യൂണൈറ്റഡ് നേഷന്‍സ് കണ്‍വെന്‍ഷന്‍ ഓണ്‍ ദ റൈറ്റ്‌സ് ഓഫ് പേഴ്‌സണ്‍സ് വിത്ത് ഡിസ്എബിലിറ്റി (യുഎന്‍ സിആര്‍ പിഡി) എന്ന കരാറിലെ വ്യവസ്ഥ പാലിക്കപ്പെടുന്നില്ലെന്ന് പരിവാര്‍ കേരളയുടെ പ്രസിഡന്റ് ഫിലിപ്പ് സൈമണ്‍ അഴിമുഖത്തോട് പറഞ്ഞു: “രാജ്യത്ത് നിലവിലുള്ള നിയമം ഈ കരാറില്‍ പറയുന്നത് പോലെ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ പുതിയ നിയമം ഉണ്ടാക്കണമെന്നായിരുന്നു ഉടമ്പടിയിലെ വ്യവസ്ഥ. ഇതനുസരിച്ച് 2016 രാജ്യം റൈറ്റ്‌സ് ഓഫ് പേഴ്‌സണ്‍സ് വിത്ത് ഡിസ്എബിലറ്റീസ് (ആര്‍പിഡബ്ല്യൂഡി) നിയമം പാസാക്കി. ഉടമ്പടിക്ക് ശേഷം പത്തു വര്‍ഷം എടുത്ത് പാസാക്കിയ ഈ നിയമപ്രകാരം മുഖ്യധാര സ്‌കൂളുമായി ചേര്‍ന്ന് തന്നെ ഭിന്നശേഷിക്കാരായ, പ്രത്യേകിച്ച് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ പഠിപ്പിക്കണം എന്നാണ്. ഈ നിയമം അനുസരിച്ച് ഭിന്നശേഷിക്കാരോട് വിവേചനം കാണിക്കാതെ അവരെയും മുഖ്യധാര സ്‌കൂളുകളുടെ ഭാഗമാക്കണമെന്നും അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കേണ്ടതും ആവശ്യമാണ്. നിലവില്‍ ഭിന്നശേഷിക്കാര്‍ പഠിക്കുന്ന സ്‌പെഷല്‍ സ്‌കൂളുകള്‍ നിരോധിക്കണമെന്ന ആവശ്യം ഞങ്ങള്‍ക്കില്ല. നിലവില്‍ പഞ്ചായത്ത് തലത്തില്‍ ബഡ്‌സ് സ്‌കൂളുകള്‍ ഉണ്ടെങ്കിലും അവിടെ പരിമിതമായ സൗകര്യങ്ങളാണ് ഉള്ളത്”.

തന്നെയുമല്ല ആര്‍പിഡി നിയമത്തിന് എതിരാണ് ബഡ്‌സ് സ്‌കൂളുകളുടെ പ്രവര്‍ത്തനമെന്നും ഫിലിപ്പ് സൈമണ്‍ പറയുന്നു. “ഇവിടങ്ങളില്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് പരിശീലനം ലഭിച്ച അധ്യാപകര്‍ വന്ന് ക്ലാസ് എടുക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ വിഭ്യാഭ്യാസ കാര്യത്തിനായി പ്രത്യേക ബോര്‍ഡോ സമിതിയോ രൂപവത്കരിക്കണം. നിലവില്‍ വിദ്യാഭ്യാസം, സാമുഹ്യക്ഷേമം, തൊഴില്‍ വകുപ്പുകളാണ് ഇവ കൈകാര്യം ചെയ്യുന്നത്. ആവശ്യങ്ങള്‍ അറിയിക്കുന്നതിലും തീരുമാനത്തിലും അത് തിരിച്ചടിയാകുന്നു. എല്ലാ വകുപ്പുകളും ചേര്‍ന്നുള്ള കോര്‍ഡിനേഷന്‍ സമിതിയോ, പ്രത്യേക ബോര്‍ഡോ രൂപവത്കരിക്കേണ്ടത് അനിവാര്യമാണ്. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ക്ക് മുഖ്യധാര സ്‌കൂളുകളില്‍ അധ്യയനം നടത്താനാവശ്യമായ സാഹചര്യമൊരുക്കണം. അസംബ്ലി, പൊതുയോഗങ്ങള്‍, കലാകായിക മത്സരങ്ങള്‍, ചടങ്ങുകള്‍ എന്നിവയില്‍ ഭിന്നശേഷിക്കാരുടെ പങ്ക് അതിലൂടെ ഉറപ്പിക്കാനാകും. സ്‌പെഷല്‍, ബഡ്‌സ് സ്‌കൂളുകള്‍ മുഖ്യധാര സ്‌കൂളുകളുമായി ബന്ധിപ്പിച്ച് ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും ഒരുമിച്ചുള്ള ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിലൂടെ സംയോജിത വിദ്യാഭ്യാസത്തിന്റെ നേട്ടം അവര്‍ക്കു ലഭിക്കും“, ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരിക്കുന്നതെന്നും പരിവാര്‍ കേരള പ്രസിഡന്റ് ഫിലിപ്പ് സൈമണ്‍ പറഞ്ഞു.

ഒരു പഞ്ചായത്തില്‍ ഒരു സ്‌കൂളിലെങ്കിലും കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കി മാന്യമായ വിദ്യാഭ്യാസം ഭിന്നശേഷിക്കാരായ തങ്ങളുടെ കുട്ടികള്‍ക്കും നല്‍കണമെന്നാണ് രക്ഷകര്‍ത്താക്കളുടെ ആവശ്യം. ഇത്തരം കുട്ടികളെ പരിചരിക്കുന്നതിന് കുടുംബത്തിലെ ഒരംഗം ഇവരെ നോക്കാന്‍ വേണമെന്നരിക്കെ കൂടുതല്‍ അവകാശങ്ങള്‍ ഇവര്‍ക്കാവശ്യമാണ്. അതുകൊണ്ട് ഇവരെ ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കണം. ഇവരെ താമസിപ്പിക്കുന്നതിനായി രക്ഷാകര്‍ത്താക്കളുടെ സംഘടനയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നിയന്ത്രത്തില്‍ ഷെല്‍ട്ടര്‍ ഹോമുകളും നിര്‍മ്മിച്ച് നല്‍കണമെന്നും രക്ഷകര്‍ത്താക്കള്‍ ആവശ്യപ്പെടുന്നു.

18 വയസിന് മുകളിലുള്ളവര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കണം

മറ്റുള്ളവരുടെ സഹായമില്ലാതെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ജീവിക്കണമെങ്കില്‍ അവര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കണം. നിലവില്‍ അത്തരത്തിലുള്ള സംവിധാനം സര്‍ക്കാര്‍ തലങ്ങളില്‍ ഇല്ലെന്നത് മറ്റൊരു വസ്തുതയാണ്. സ്വകാര്യ സംഘടനകള്‍ ഇവ ചെയ്യുന്നുണ്ടെങ്കിലും അത് കാര്യക്ഷമമല്ല. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ജോലികള്‍ അനേകമുണ്ട്. അവ കണ്ടെത്തി ഇവരെ പരിശീലിപ്പിക്കുന്നത് ഏറെ ഗുണം ചെയ്യും. കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇത്തരക്കാര്‍ക്ക് തൊഴിലെടുക്കാന്‍ സാധിക്കും. ഒരു ശതമാനം തൊഴില്‍, ഭിന്നശേഷിക്കാര്‍ക്ക് മാറ്റിവെച്ചിട്ടുണ്ടെങ്കിലും ആവശ്യമായ പരിശീലനം ലഭിക്കാത്തതിനാല്‍ ജോലി നേടാനാകുന്നില്ല. മാത്രമല്ല ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് തുച്ഛമായ വേതനമാണ് ലഭിക്കുന്നത്. കരാര്‍ വ്യവസ്ഥ പ്രകാരം ജോലി എടുക്കുന്ന അധ്യാപകരുടെ പ്രതിഫല വര്‍ധനവും ഈ മേഖലയുടെ ഉന്നമനത്തിനു അത്യാവശ്യമാണെന്നും രക്ഷകര്‍ത്താക്കളുടെ സംഘടനയായ പരിവാര്‍ പറയുന്നു.

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍