UPDATES

ട്രെന്‍ഡിങ്ങ്

“തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ 14 പേരെ കൊന്നു എന്നെഴുതുന്നത് എന്തടിസ്ഥാനത്തിലാണ്? ആകെ കൊന്നത് ഏഴുപേരെയാണ്”; റിസ്ക്കെടുക്കാന്‍ നോക്കുന്ന സര്‍ക്കാര്‍ ഇത് ഓര്‍മ്മിക്കുന്നത് നന്ന്

വീണ്ടുമൊരു രാഷ്ട്രീയ മുതലെടുപ്പിനും വര്‍ഗീയ ചേിരിതിരിവിനും സാഹചര്യം കൊടുക്കാതെ സര്‍ക്കാരിന് തൃശൂര്‍ പൂരത്തിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിശ്രമം അനുവദിക്കുകയായിരുന്നു വേണ്ടതെന്ന അഭിപ്രായം പലഭാഗത്തു നിന്നും ഉയരുന്നുണ്ട്

വിദഗ്ധ മെഡിക്കല്‍ സംഘം നടത്തുന്ന ആരോഗ്യപരിശോധനയും അനുകൂലമായാല്‍ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേ ഗോപുര നട തുറക്കുന്ന ചടങ്ങില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പങ്കെടുക്കുമെന്ന് ഉറപ്പായതോടെ തൃശൂര്‍ പൂരത്തിനുമേല്‍ നിലനിന്നിരുന്ന ആശങ്കകളെല്ലാം ഒഴിയുന്നു. തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പൂരത്തില്‍ പങ്കെടുപ്പിക്കാതെ വിലക്ക് തുടര്‍ന്നാല്‍ ഒരാനയെ പോലും പൂരത്തിന് വിട്ട് നല്‍കില്ലെന്ന ആന ഉടമ ഫെഡറേഷന്റെ തീരുമാനത്തിലും ഇതോടെ മാറ്റം ഉണ്ടായി. ജില്ല കളക്ടറുടെ നേതൃത്വത്തില്‍ കൂടിയ മോണിട്ടറിംഗ് കമ്മിറ്റി യോഗത്തില്‍ ആനയെ ആരോഗ്യപരിശോധനയ്ക്കു ശേഷം എഴുന്നള്ളിക്കാമെന്ന് തീരുമാനമായതോടെയാണ് ആന ഉടമകള്‍ തങ്ങളുടെ വെല്ലുവിളി പിന്‍വലിച്ചത്.

ആനയെ പൂരത്തില്‍ പങ്കെടുപ്പിക്കണോ എന്ന കാര്യത്തില്‍ കളക്ടറുടെ നേതൃത്വത്തിലാണ് തീരുമാനം എടുക്കേണ്ടതെന്നു ഹൈക്കോടതിയും പറഞ്ഞതിനു പിന്നാലെ തന്നെ എല്ലാ ശ്രദ്ധയും ടി വി അനുപമ ഐഎഎസ്സിനു മേലായിരുന്നു. ഹൈക്കോടതി നിര്‍ദേശം വന്നതിനു പിന്നാലെ സര്‍ക്കാരിനും കളക്ടര്‍ക്കും അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും വന്നു. നിയന്ത്രണങ്ങളോടെ ആനയെ പങ്കെടുപ്പിക്കാമെന്നായിരുന്നു എജിയുടെ നിയമോപദേശം. ഇതോടെ ആന ഉടമകളും പൂരപ്രേമികളും എല്ലാം പ്രതീക്ഷയിലായി. വൈകിട്ട് മോണിട്ടറിംഗ് കമ്മിറ്റി ചേര്‍ന്ന് അന്തിമ തീരുമാനം അറിയിക്കും എന്ന വാര്‍ത്ത വന്നതോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂരത്തിന് ഉണ്ടാകുമെന്ന കാര്യത്തില്‍ ഏകദേശം ഉറപ്പ് വരികയും ചെയ്തു. അത് ശരിവയ്ക്കുന്നതായി യോഗശേഷമുള്ള കളക്ടറുടെ അറിയിപ്പും.

ഇനി അറിയേണ്ടത് ആനയുടെ ആരോഗ്യസ്ഥിതിയാണ്. ഇക്കഴിഞ്ഞ ഫ്രെബുവരിയില്‍ ഗുരുവായൂരില്‍ രണ്ടു പേരെ കൊലപ്പെടുത്തിയശേഷമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് 15 ദിവസത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ വിലക്ക് തുടരാന്‍ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ തല നാട്ടാന പരിപാലന യോഗത്തില്‍ തീരുമാനം എടുത്തതോടെയായിരുന്നു തൃശൂര്‍ പൂരത്തിലും ആനയെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന നിലപാട് എടുത്തതും അതിനു പിന്നാലെ ഇപ്പോള്‍ നടന്ന പ്രശ്‌നങ്ങള്‍ ആരംഭിച്ചതും. ആനയുടെ ആരോഗ്യസ്ഥിതി തീര്‍ത്തും പ്രതികൂലമായിരുന്നുവെന്നു കണ്ടെത്തിയായിരുന്നു വിലക്ക് തുടരാന്‍ തീരുമാനമായതും. അതില്‍ നിന്നും എത്രമാത്രം അനുകൂലമായിട്ടുണ്ട് ഇപ്പോഴത്തെ ആരോഗ്യാവസ്ഥ എന്നതാണ് ഇന്നു നടക്കുന്ന പരിശോധനയില്‍ അറിയേണ്ടത്.

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയാലും കര്‍ശന ഉപാധികളാണ് ആനയെ പൂരച്ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ നല്‍കിയിരിക്കുന്നത്. ആനയ്ക്ക് യാതൊരുവിധത്തിലുമുള്ള പ്രകോപനവും ഉണ്ടാക്കാതിരിക്കാന്‍ ജനങ്ങളെ ബാരിക്കേഡ് വച്ച് നിയന്ത്രിച്ചു നിര്‍ത്തുക, ശബ്ദകോലാഹലങ്ങള്‍ ഉണ്ടാക്കാതിരിക്കുക, ആനയെ അധിക ദൂരം നടത്തിക്കാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളുണ്ട്. ഇവയെല്ലാ പാലിച്ചു വേണം പങ്കെടുപ്പിക്കാന്‍. ആനയെ എഴുന്നള്ളിക്കുന്ന സമയത്തെ പൂര്‍ണ സുരക്ഷയുടെ ഉത്തരവാദിത്വം തങ്ങള്‍ ഏല്‍ക്കുന്നുവെന്നു നേരത്തെ ആനയുടെ ഉടമസ്ഥരായ തെച്ചിക്കോട്ടുകാവ് ദേവസ്വം അറിയിച്ചിരുന്നു. ആനയെ പങ്കെടുപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം ഉടമസ്ഥരെക്കൊണ്ട് ഏറ്റെടുപ്പിക്കണമെന്ന് എ ജി യുടെ നിയമോപദേശം വന്നതിനു പിന്നാലെയായിരുന്നു തെച്ചിക്കോട്ടുകാവ് ദേവസ്വം ബോര്‍ഡ് രംഗത്തു വന്നത്.

നെയ്തലക്കാവ് ഭഗവതി എളുന്നള്ളിയെത്തി വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുര നട തുറന്ന് പുറത്തേക്ക് വരുന്നതിനെയാണ് പൂരവിളംബരം എന്നു പറയുന്നത്. തൃശൂര്‍ പൂരത്തിന്റെ തലേദിവസം രാവിലെയാണ് ഈ ചടങ്ങ് നടക്കുന്നത്. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നതിനാണ് തൃശൂര്‍ പൂരത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉപയോഗിക്കുന്നത്. പിന്നീട് ആനയെ എഴുന്നള്ളിക്കുന്നില്ല. ആന ഗോപുരവാതില്‍ തള്ളിത്തുറന്നു പുറത്തേക്കു വരുന്നു എന്നതാണ് ഈ ചടങ്ങിന്റെ പ്രത്യേകത. ഇത് കാണാനാണ് ജനങ്ങള്‍ തടിച്ചുകൂടുന്നതും. ഏകദേശം 200 വര്‍ഷത്തെ പഴക്കം പറയുന്ന തൃശൂര്‍ പൂരത്തില്‍ 2011 മുതലാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നതിന് നിയോഗിക്കാന്‍ തുടങ്ങിയിട്ട്. ഈ ചടങ്ങില്‍ മാത്രമായി ആനയെ പങ്കെടുപ്പിക്കാമെന്നു പറയുമ്പോഴും അപകടങ്ങള്‍ ഉണ്ടാകാതെ മുന്‍കരുതല്‍ എടുക്കണമെന്ന നിര്‍ദേശം എത്രകണ്ട് പ്രാബല്യത്തില്‍ വരുത്താന്‍ കഴിയുമെന്നിടത്ത് സംശയമുണ്ട്.

സാധാരണ നടതുറപ്പ് ചടങ്ങില്‍ ഗോപുര വാതില്‍ തുറന്ന് ഭഗവതിയുടെ തിടമ്പേറ്റി ആന പുറത്തേക്ക് ഇറങ്ങുമ്പോള്‍ ആ കാഴ്ച്ച കാണാന്‍ അയ്യായിരത്തിന് അടുത്ത് ജനങ്ങള്‍ ഉണ്ടാകുമെന്നാണ് പറയുന്നത്. ആര്‍പ്പുവിളിച്ചാണ് ജനക്കൂട്ടം ആനയെ സ്വീകരിക്കുന്നത്. ഇതോടൊപ്പം എല്ലാവരും തന്നെ മൊബൈല്‍ ഫോണില്‍ ആനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്നുണ്ട്. മാത്രമല്ല, ആന ഇറങ്ങി വരുന്നതും ശബ്ദകോലാഹലത്തോടെ ഇളകിമറിഞ്ഞു നില്‍ക്കുന്ന ജനക്കൂട്ടത്തിനു മുന്നിലേക്കാണ്. സ്വഭാവികമായി ആനയെ പ്രകോപിക്കാന്‍ വേണ്ട അന്തരീക്ഷമാണ് ഇവിടെയുണ്ടാകുന്നത്. ബാരിക്കേഡുകള്‍ കെട്ടി ജനങ്ങളെ അകലെ നിര്‍ത്തിയും ആനയ്ക്ക് പ്രകോപനം ഉണ്ടാക്കാത്ത വിധം ചുറ്റുപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയും ചടങ്ങ് നടത്താം എന്നു പറയുന്നത് അത്ര എളുപ്പമായ കാര്യമല്ല. കഴിഞ്ഞകാലം വരെ വളരെ ശബ്ദമുഖരിതമായൊരു അന്തരീക്ഷമായിരുന്ന നടതുറക്കല്‍ ചടങ്ങ്. ഇത്തവണ ഏര്‍പ്പാടാക്കുന്ന ക്രമീകരണങ്ങള്‍ എത്രകണ്ട് വിജയിക്കുമെന്നത് ഒരു ചോദ്യമാണ്. ശബ്ദം കേട്ടാല്‍ വിരളുന്ന ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ഫെബ്രുവരി മാസത്തില്‍ ഗുരുവായൂരില്‍ ഒരു ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുപ്പിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞ് രണ്ടു പേരെ കൊലപ്പെടുത്തിയത് വെടിപൊട്ടുന്ന ശബ്ദം കേട്ട് വിരണ്ടാണ്. ആളുകളുടെ ആരവവും ആനയുടെ പ്രകോപനത്തിന് ആക്കം കൂട്ടിയിരുന്നു. ഇതേ സാഹചര്യം തന്നെയാണ് പൂരവിളംബര ചടങ്ങിലും ഉണ്ടാവുക.

എന്നാല്‍ ഇത്തരം ആശങ്കളും സംശയങ്ങളും അസ്ഥാനത്താണെന്നാണ് ആന ഉടമകളും പൂരപ്രേമികളും പറയുന്നത്. പൂര വിളംബരമെന്ന നിലയില്‍ തെക്കേ ഗോപുര നടന്ന് ഭഗവതിയുടെ തിടമ്പേറ്റി വരുന്ന ചടങ്ങില്‍ മാത്രമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പങ്കെടുക്കുന്നതെന്നും ജനലക്ഷങ്ങള്‍ കൂടുന്ന കുടമാറ്റ ചടങ്ങില്‍ പങ്കെടുക്കാറില്ലെന്നുമാണ് ആന പ്രേമികളും ആന ഉടമകളും ചൂണ്ടിക്കാണിക്കുന്നത്; വിളമ്പര ചടങ്ങ് കാലങ്ങളായി നടന്നു വരുന്നതാണ്. എന്നാല്‍ 2011 ല്‍ മാത്രമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ചടങ്ങിന്റെ ഭാഗമാകുന്നത്. അങ്ങനെയൊരു സാഹചര്യത്തില്‍ പ്രസ്തുത ആനയെ ആചാരത്തിന്റെ പ്രതിനിധിയാക്കി മാറ്റുന്നതെന്തിനെന്ന ചോദ്യത്തിന് ആനപ്രമേകിളെന്നും പൂരപ്രേമികളെന്നും പറയുന്നവര്‍ക്കുള്ള മറുപടി ഇങ്ങനെയാണ്; വിളംബര ചടങ്ങ് കാലങ്ങളായി നടന്നു വരുന്നതാണെങ്കിലും രാമചന്ദ്രന്‍ എത്തുന്നതിനു മുമ്പ് വരെ അതൊരു ചടങ്ങ് മാത്രമായാണ് നടന്നിരുന്നത്. തശൂര്‍ തട്ടകത്തില്‍ ഉള്ളവര്‍ക്ക് മാത്രമായിരുന്നു ഈ ചടങ്ങിനെ കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അറിവുണ്ടായിരുന്നത്. പുറം ലോകത്തുള്ളവര്‍ക്ക് പൂരത്തിന് തലേന്നത്തെ ഒരു ചടങ്ങ് എന്നുമാത്രമാണ് മനസിലാക്കിയിരുന്നത്. എന്നാല്‍ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ വന്നതിനു ശേഷം പ്രൗഢഗംഭീരമായ ചടങ്ങ് ആയി മാറി. വീട്ടില്‍ ഒരു ചടങ്ങ് നടക്കുമ്പോള്‍ ഏറ്റവും ഭംഗിയായി നടക്കണമെന്നാണ് ആഗ്രഹിക്കുന്നത്. പൂരത്തില്‍ പങ്കെടുക്കുന്ന ജനങ്ങളും ആഗ്രഹിക്കുന്നത് അതാണ്. നാലോ അഞ്ചോ പേര്‍ കൂടുന്നൊരു ചടങ്ങ് മാത്രമായി ചുരുങ്ങുകയാണോ വേണ്ടത്, പ്രൗഢഗംഭീരമായി നടക്കണോ. അത്തരത്തില്‍ ഗംഭീരമാക്കാന്‍ രാമചന്ദ്രന്‍ അല്ലാതെ മറ്റൊരാന വന്നാലും കഴിയില്ല. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാനാണ് പുരുഷാരം അവിടെ തടിച്ചു കൂടുന്നത് തന്നെ.

തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ കൊലയാളിയാനയും അന്ധനും ആരോഗ്യമില്ലാത്തവനുമൊക്കെയാക്കുന്നത് മാധ്യമങ്ങളാണെന്ന പരാതിയും ഇവര്‍ ഉയര്‍ത്തുന്നുണ്ട്. 14 പേരെ കൊന്നു എന്നൊക്കെ വാര്‍ത്തകള്‍ എഴുതുന്നതും പറയുന്നതും എന്ത് ആധികാരികതോടെയാണ്? ആകെ ഏഴുപേരെയാണ് ആന കൊന്നിട്ടുള്ളത്. 2009 നു മുമ്പ് ഒരാളെ മാത്രമാണ് ആന കൊന്നിട്ടുള്ളത്. രണ്ടാനകളെയും കുത്തിക്കൊന്നിട്ടുണ്ടെന്നാണ് മറ്റൊരാരോപണം. ഒരാനയുടെ കേസ് മാത്രമാണ് ഞങ്ങള്‍ക്ക് അറിയാവുന്നത്. തിരുവമ്പാടി ചന്ദ്രശേഖരന്‍ എന്ന ആനയെ കുത്തിയെന്നത് ശരിയാണ്. പക്ഷേ അതുകൊണ്ടാണ് ആന ചരിഞ്ഞതെന്നു പറയാന്‍ കഴിയില്ല. കാരണം തൃശൂര്‍ പൂരം മഠത്തില്‍വരവില്‍ പങ്കെടുത്തശേഷമാണ് ചന്ദ്രശേഖരന്‍ ചെരിയുന്നത്.

ആനയെ തല്ലുന്നത് പീഡനമാക്കി കാണരുത്. ആനയും മനുഷ്യനെ പോലെ പലവികാരങ്ങളുള്ള ജീവിയാണ്. ദേഷ്യവും വാശിയും കാണിച്ചിരിക്കാം. അങ്ങനെ വരുമ്പോള്‍ ചിലപ്പോള്‍ അതിനെ ശാസിക്കേണ്ടി വരും തല്ലുകൊടുക്കേണ്ടി വരും. അതിനെ പീഡനമാണെന്നു പറയരുത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന പറയുന്ന ആന ഒരിക്കലും അക്രമണകാരിയല്ല; ആന പ്രമേയും ഉത്സവങ്ങള്‍ക്കും പൂരങ്ങള്‍ക്കും ആനകളെ ഏര്‍പ്പാടാക്കുകയും ചെയ്യുന്ന ഷിക്കു ചെറുവാര പറയുന്നു.

ഫെബ്രുവരി 22 ആം തീയതി വരെ ആനയ്ക്ക് ഫിറ്റ്നെസ്സ് ഉണ്ടയിരുന്നതാണ്. ഗുരുവായൂരില്‍ രണ്ടുപേരുടെ മരണത്തിനിടയായ സംഭവം നടക്കുമ്പോഴും ആനയ്ക്ക് ഫിറ്റ്നസ് ഉണ്ടായിരുന്നു. ഫിറ്റ്നെസ് ഇല്ലാതെ ആനയെ പുറത്തിറക്കാന്‍ പറ്റില്ല. പിന്നെ പെട്ടെന്ന് ആനയ്ക്ക് ഫിറ്റ്നസ് ഇല്ലെന്നു പറയുന്നത് എങ്ങനെയാണ്? ഒരു കണ്ണിന് ഭാഗികമായിട്ടും മറ്റേ കണ്ണിനു പൂര്‍ണമായിട്ടും ആനയ്ക്ക് കാഴ്ച്ചയുണ്ട്. വലത്തേ കണ്ണിന് മാത്രമാണ് ഭാഗികമായി കാഴ്ച്ചക്കുറവുള്ളത്. പക്ഷേ, മാധ്യമങ്ങള്‍ എഴുതി വയ്ക്കുന്നത് ആനയ്ക്ക് കാഴ്ച്ചയേയില്ലെന്നാണ്. നാല് പാപ്പാന്‍മാര്‍ കൂടെയുണ്ടെന്നതാണ് മറ്റൊരാരോപണം. അത് കോടതിയുത്തരവാണ്. ഒരു ആനയെ പൊതുസ്ഥലത്ത് പങ്കെടുപ്പിക്കുമ്പോള്‍ നാല് പാപ്പാന്മാര്‍ വേണമെന്നുള്ളത് കോടതിയുടെ നിര്‍ദേശമാണ്. ഇതൊന്നും മനസിലാകാതെയാണ് തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്; ഷിക്കു തുടര്‍ന്നു പറയുന്നു.

തൃശൂര്‍ പൂരത്തിന്റെ തലേന്നത്തെ രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രം നീണ്ടു നില്‍ക്കുന്ന ഒരു ചടങ്ങിന് മാത്രമാണ് ആന വരുന്നത്. അല്ലാതെ തൃശൂര്‍ പൂരത്തിന് ഉള്ളിലേക്കോ ആള്‍ക്കൂട്ടത്തിനിടയിലേക്കോ ഒന്നും ആന വരുന്നില്ല. ശബ്ദം കേട്ടാല്‍ വിരണ്ടോടുന്ന ആനകളെ പങ്കെടുപ്പിക്കരുതെന്ന് കളക്ടര്‍ പറഞ്ഞതും മൊത്തം ആനകളുടെ കാര്യത്തിലാണ്. അല്ലാതെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കാര്യത്തില്‍ മാത്രമല്ല. ചില ആനകള്‍ക്ക് ശബ്ദം കേട്ടാല്‍ പേടിക്കും. അത് രാമചന്ദ്രന്റെ മാത്രം പ്രശ്നമല്ല. നടതുറപ്പിന് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ വേണമെന്നത് ജനങ്ങളുടെ ആഗ്രഹമായിരുന്നു. ഇത്തവണയും ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുര നടന്ന് തുറന്നു പുറത്തു വരുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തന്നെയാകണമെന്നത് ലക്ഷക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയാണ്. അതാണിപ്പോള്‍ നിറവേറുന്നത്.

Read More:കൊന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആണെങ്കിലും കൊല്ലിച്ചത് നിങ്ങള്‍ ആനപ്രേമികളും ഫാന്‍സുമാണ്

കഴിഞ്ഞ ഏഴുവര്‍ഷവും യാതൊരുവിധ പ്രകോപനവും കാണിക്കാതിരുന്ന ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. അതെ ശാന്തതയോടെ തന്നെ ഇത്തവണയും നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റാന്‍ രാമചന്ദ്രന് കഴിയുമെന്നാണ് പൂര പ്രേമിയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരാധകനുമായ മാധവന്‍ മാസ്റ്റര്‍ എന്ന അധ്യാപകന്‍ പ്രതികരിച്ചത്. ഈ ആനയെ കൊല്ലാന്‍ വരെ പലതും ചെയ്തതാണ്. ഭക്ഷണത്തില്‍ ബ്ലെയിഡ് കഷ്ണം ചേര്‍ത്തു നല്‍കിയതൊക്കെ എല്ലാവരും അറിഞ്ഞ വിഷയമാണ്. അതൊന്നും വിജയമാകാതെ വന്നതോടെയാണ് ഇപ്പോള്‍ തൂശൂര്‍ പൂരത്തിലെ ഏറ്റവും ആകര്‍ഷണീയമായ സ്ഥാനത്തു നിന്നും രാമചന്ദ്രനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനു പിന്നിലെന്നു സംശയിക്കേണ്ടി വരും. കഴിഞ്ഞ ഇരുപതുവര്‍ഷത്തോളമായി ഈ ആനയെ അടത്തറിയുകയും ഇടപെടുകയും ചെയ്തിട്ടുള്ളൊരാള്‍ എന്ന നിലയില്‍ വളരെ ശാന്തനും മനുഷ്യനോട് വേഗത്തില്‍ ഇണങ്ങുകയും ചെയ്യുന്നൊരാനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ഗുരുവായൂരില്‍ അടുത്തിടെ രണ്ടുപേരുടെ മരണത്തിന് കാരണമായെങ്കില്‍ അത് ആനയുടെ കാല്‍ചോട്ടില്‍ കൊണ്ടുവന്ന് ആരോ പടക്കം പൊട്ടിച്ചതാണ്. അപ്പോഴുണ്ടായ ഭയത്തിന്റെ പുറത്താണ് ആന വിരണ്ടത്. ഇത്തരത്തില്‍ ഗൂഡലക്ഷ്യത്തോടെ നടത്തുന്ന പ്രവര്‍ത്തികളാണ് രാമചന്ദ്രനെ കൊലയാളിയും അക്രമകാരിയുമൊക്കെ ആക്കി ചിത്രീകരിക്കുന്നതിനു പിന്നില്‍. തൂശൂര്‍ പൂരത്തെ സംബന്ധിച്ച് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്ന രാമചന്ദ്രനെ ഭഗവതിയായി തന്നെയാണ് വിശ്വാസികള്‍ കാണുന്നത്. രാമചന്ദ്രനു മുമ്പും ശേഷവും പ്രസ്തുത ചടങ്ങ് നടന്നിട്ടില്ലേ, നടക്കില്ലേ എന്നു ചോദിക്കുന്നവരുണ്ട്. രാമചന്ദ്രന് ചെരിയുമ്പോള്‍ അടുത്ത ആന വന്നോട്ടെ, അതുവരെ രാമചന്ദ്രന്‍ തന്നെയാകണം ഭഗവതി എന്നാണ് എല്ലാവരുടെയും ആഗ്രഹം. അതു മനസിലാക്കി വേണം ഉദ്യോഗസ്ഥര്‍ തീരുമാനങ്ങള്‍ എടുക്കാന്‍; മാധവന്‍ മാസ്റ്റര്‍ പറയുന്നു.

നിയന്ത്രണങ്ങളോടെ പൂരവിളംബര ചടങ്ങ് നടത്തുക എന്നത് എത്രമാത്രം പ്രായോഗികമാകുമെന്നു ചോദിക്കുന്ന പൂരപ്രേമികളുമുണ്ട്. നടതുറക്കല്‍ ചടങ്ങ് എല്ലാവരും കണ്ടിട്ടുള്ളതാണ്. ആയിരക്കണിക്കിന് ആളുകളാണ് എത്തുന്നത്. ഇവരെല്ലാം ആര്‍പ്പ് വിളിച്ചാണ് ആനയെ വരവേല്‍ക്കുന്നത്. ഇത്രയും ആള്‍ക്കാരെ നിയന്ത്രിച്ചു നിര്‍ത്തുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. നശബ്ദരായി നിന്നു എല്ലാം കണ്ടിട്ടു പോയ്ക്കോളണം എന്നു പറയുന്നത് പൂരത്തിന്റെ സ്പിരിറ്റ് ഇല്ലാതാക്കുന്നതിന് തുല്യമാണ്. ഒരുപക്ഷേ ഒരു നിശ്ചിത അകലത്തിലേക്ക് ആളുകളെ അകറ്റി നിര്‍ത്താന്‍ കഴിയുമായിരിക്കും. അതുപോലും പൂരപ്രേമികളോട് കാണിക്കുന്ന അനീതിയായിരിക്കും; പൂര വിളംബര ചടങ്ങില്‍ അടക്കം പങ്കെടുത്ത് വര്‍ഷങ്ങളായി തൃശൂര്‍ പൂരത്തിന്റെ ആസ്വാദകനായി നില്‍ക്കുന്ന രാമചന്ദ്രന്‍ പറയുന്ന കാര്യമിതാണ്.

വീണ്ടുമൊരു രാഷ്ട്രീയ മുതലെടുപ്പിനും വര്‍ഗീയ ചേിരിതിരിവിനും സാഹചര്യം കൊടുക്കാതെ സര്‍ക്കാരിന് തൃശൂര്‍ പൂരത്തിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിശ്രമം അനുവദിക്കുകയായിരുന്നു വേണ്ടതെന്ന അഭിപ്രായം പലഭാഗത്തു നിന്നും ഉയരുന്നുണ്ട്. എത്ര നിയന്ത്രണങ്ങള്‍ പറഞ്ഞാലും എടുക്കാന്‍ പോകുന്നത് ഒരു വലിയ റിസ്‌ക് തന്നെയാണെന്നാണ് ഉദ്യോഗസ്ഥതലത്തില്‍ നിന്നുള്ള പ്രതികരണം. എന്തെങ്കിലും അപകടം ഉണ്ടായശേഷം ആര് ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നതില്‍ കാര്യമില്ലെന്നു തൃശൂരുള്ളവരും പറയുന്നുണ്ട്. തീര്‍ത്തും മോശമായ ആരോഗ്യസ്ഥിതി തന്നെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുള്ളതെന്നും വിശ്രമം ആവശ്യമായ ആനയാണതെന്നും വിദഗ്ദര്‍ ഉള്‍പ്പെടെ ആവര്‍ത്തുക്കുന്നുണ്ട്. ഇന്ന് നടക്കുന്ന പരിശോധനയില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ പോലും ആനയുടെ കാര്യത്തില്‍ സാഹചര്യങ്ങള്‍ പ്രതികൂലമായി തുടരുമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Read More:‘അതേ, അമ്മ നന്നായിരിക്കുന്നു, ഇപ്പോഴും ജയിലിലാണ്’; മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത പ്രൊഫ. ഷോമ സെന്നിന്റെ മകള്‍ കോയല്‍ സെന്നിന്റെ കുറിപ്പുകള്‍

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍