UPDATES

ഇഎംഎസിനെ കുറിച്ച് പി കൃഷ്ണപിള്ള ഇങ്ങനെ പറഞ്ഞു; ‘പിള്ളേര്‍ ഈ പുസ്തകങ്ങളൊക്കെ വായിച്ചുതുടങ്ങിയിട്ടുണ്ടെന്ന് അങ്ങേരെ അറിയിച്ചത് ഭേഷായി’

“ഞാന്‍ കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനിലിറങ്ങിയപ്പോള്‍ ആദ്യം കണ്ട ഭിത്തിപ്പരസ്യം ഇതാണ്:’ഇഎംഎസ്സിന്റെ കമ്യൂണിസ്റ്റ് ലേഖനങ്ങള്‍ക്ക് കെ. ബാലകൃഷ്ണന്‍ ചുട്ട മറുപടി പറയുന്നു’. ഞാന്‍ അമ്പരന്നുപോയി.”

‘പിള്ളേര്‍ ഈ പുസ്തകങ്ങള്‍ ഒക്കെ വായിച്ചു തുടങ്ങിയെന്ന് അങ്ങേരെ അറിയിച്ചത് ഭേഷായി’. ഇങ്ങനെ പറഞ്ഞത് സഖാവ് പി. കൃഷ്ണപിള്ള. ഇതിലെ അങ്ങേര്‍ ആരെന്നറിയമ്പോഴോ കാര്യങ്ങള്‍ക്കു കുറച്ചുകൂടി മിഴിവ് വരൂ. കൃഷ്ണ പിള്ള സൂചിപ്പിച്ച അങ്ങേര്‍ സാക്ഷാല്‍ ഇഎംഎസ് നമ്പൂതിരിപ്പാടാണ്.

ഇതൊരു പഴയ സംഭവമാണ്. കാര്യങ്ങള്‍ അറിയാന്‍ നമുക്ക് കുറെ പിന്നിലേക്ക് നടക്കേണ്ടി വരും. സോഷ്യലിസ്റ്റുകള്‍ക്കെതിരായ ഇഎംഎസ്സിന്റെ വിമര്‍ശനങ്ങള്‍ക്കു കോഴിക്കോട്് മാനാഞ്ചിറയില്‍ വടക്കന്‍ കേരളത്തില്‍ അത്ര പരിചിതനല്ലാത്ത ഒരു ചെറുപ്പക്കാരന്‍ മറുപടി പറയുന്നു. അതു കേള്‍ക്കാനെത്തിയവരില്‍ സഖാവ് പി. കൃഷ്ണപിള്ളയും. പ്രസംഗം അവസാനിച്ചപ്പോള്‍ പി. കൃഷ്ണപിള്ള പ്രാസംഗികനായ യുവാവിനോട് പറഞ്ഞതാണ് ആദ്യം ഉദ്ധരിച്ച വാക്കുകള്‍. കെഎസ്പിയുടെ തിരുവിതാംകൂര്‍ കമ്മറ്റി സെക്രട്ടറി കൂടിയായ കൗമുദി ബാലകൃഷ്ണനെന്ന കെ. ബാലകൃഷ്ണനായിരുന്നു ആ യുവാവ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം പിന്നീട് രേഖപ്പെടുത്തിവെച്ചതും.

ഈ സംഭവത്തിലേക്ക് നമുക്ക് വീണ്ടും വരാം. അതിനു മുന്‍പ് കുറച്ച് പുരാവൃത്തം കൂടി മനസ്സിലാക്കണം. ഇന്ത്യ സ്വതന്ത്രയായി. അതോടെ സ്‌റ്റേറ്റ് കോണ്‍ഗ്രസ് നേതാക്കളെല്ലാം അധികാരത്തില്‍ കടന്നുകയറാനുള്ള തിടുക്കത്തിലായി. അന്നുവരെ കോണ്‍ഗ്രസിന്റെ ശത്രുക്കളും സി.പി. രാമസ്വാമി അയ്യരുടേയും രാജഭരണത്തിന്റെയും മിത്രങ്ങളുമായിരുന്നവര്‍ കോണ്‍ഗ്രസിലേക്ക് തള്ളിക്കയറുന്ന അവസ്ഥ. കമ്യൂണിസ്റ്റ് പദാവലികള്‍ ഉപയോഗിച്ച് പറഞ്ഞാല്‍ കുത്തക മുതലാളിത്ത വര്‍ഗീയ ദുഷ്ടശക്തികള്‍ കോണ്‍ഗ്രസില്‍ സ്വാധീനം ചെലത്താനും ആധിപത്യമുറപ്പിക്കാനും ശ്രമിച്ചു.

അന്നു കോണ്‍ഗ്രസിലുണ്ടായിരുന്ന ഇടതുപക്ഷ വിഭാഗം തീര്‍ത്തും അസ്വസ്ഥര്‍. യൂത്ത് ലീഗിലൂടെ കടന്നുവന്ന ടി.വി. തോമസും പി.ടി. പുന്നൂസുമൊക്കെ നേരത്തെ തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എത്തിക്കഴിഞ്ഞിരുന്നു. എന്‍.ശ്രീകണ്ഠന്‍ നായരേയും മത്തായി മാഞ്ഞൂരാനേയും പോലെയുള്ള കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് വിഭാഗമായ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായി ബന്ധം സ്ഥാപിച്ച് പ്രവര്‍ത്തിച്ചിരുന്നവരൊക്കെ സ്വാതന്ത്ര്യാനന്തരം വല്ലാത്ത അസംതൃപ്തര്‍. സ്‌റ്റേറ്റ് കോണ്‍ഗ്രസും അതിനകത്തെ സോഷ്യലിസ്റ്റുകളും അതിവേഗത്തില്‍ അകന്നുകൊണ്ടിരുന്നു.

‘ഞങ്ങളെ സ്വീകരിച്ച പല കോണ്‍ഗ്രസ് യോഗങ്ങളിലും എന്റെ കഴുത്തില്‍ വീണ മാലകള്‍ക്ക് കള്ളുഷാപ്പിന്റേയും കരിഞ്ചന്തയുടേയും മണമുണ്ടായിരുന്നു.’ ജയില്‍ വിമോചതിനായ കെ. ബാലകൃഷ്ണന്‍ തനിയ്ക്കു കിട്ടിയ സ്വീകരണത്തെ കുറിച്ച് പറഞ്ഞ വാചകം അക്കാലത്തെ കോണ്‍ഗ്രസിന്റെ അവസ്ഥ വരച്ചു കാണിക്കുന്നു. ഈ കെ. ബാലകൃഷ്ണന്‍ തന്നെ പിന്നീട് മദ്യോപാസകനായി എന്നത് ചരിത്രത്തിലെ മറ്റൊരു ഹാസം.

1947 മാര്‍ച്ച് 6,7 തീയതികളില്‍ ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യുട്ടീവ് യോഗം ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ മുംബൈയില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര നയരേഖ തയാറാക്കുകയായിരുന്നു ലക്ഷ്യം. കേരളത്തില്‍ നിന്നുള്ള ഡോ. കെ.ബി. മേനോന്‍, എന്‍.ശ്രീകണ്ഠന്‍ നായര്‍, മത്തായി മാഞ്ഞൂരാന്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. മത്തായി മാഞ്ഞൂരാനും സംഘവും ഗാന്ധിസത്തിനു പകരം മാര്‍ക്‌സിസം ലെനിനിസം പാര്‍ട്ടിയുടെ നയമായി അംഗീകരിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സോഷ്യലിസത്തിനുവേണ്ടിയുള്ള സമരത്തിന്റെ കാഴ്ചപ്പാട് സമരമുറ എന്നിവ വലതുപക്ഷ ഡെമോക്രസിയുടേതല്ല, മാര്‍ക്‌സിസം ലെനിനിസത്തിന്റേത് ആകണമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വാദത്തിനു പിന്‍തുണ നല്‍കാന്‍ യോഗത്തില്‍ ആരും ഉണ്ടായില്ല. തുടര്‍ന്ന് മത്തായി മാഞ്ഞുരാനും കൂട്ടരും യോഗത്തില്‍ നിന്നിറങ്ങിപ്പോന്നു. തിരുവിതാംകൂറിലേയും കൊച്ചിയിലേയും നല്ലൊരു പങ്ക് സോഷ്യലിസ്റ്റുകളും പാര്‍ട്ടി വിട്ടു. 1947 ഓഗസ്റ്റില്‍ തേങ്കുറിശ്ശിയില്‍ ഇവര്‍ യോഗം ചേര്‍ന്ന് കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി(കെഎസ്പി) രൂപീകരിക്കാന്‍ തീരുമാനിച്ചു. 1947 സെപ്റ്റംബര്‍ 21നു കോഴിക്കോട് മുതലക്കുളത്ത് നടന്ന കണ്‍വന്‍ഷനില്‍ പാര്‍ട്ടി നിലവില്‍ വരുകയും ചെയ്തു.

ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തിലും കണ്ണന്തോടത്ത് ജനാര്‍ദ്ദനന്‍ നായരുടെ ബൌദ്ധികശാലയിലും മത്തായി മാഞ്ഞൂരാന്റെ ആയുധപ്പുരയിലും നിന്ന് രൂപം കൊണ്ട പ്രസ്ഥാനമാണ് കെഎസ്പി. പാര്‍ട്ടി രൂപമെടുത്ത സെപ്റ്റംബര്‍ 21നു തന്നെ അതിന്റെ സെക്രട്ടറിയായ എന്‍.ശ്രീകണ്ഠന്‍നായരെ പുന്നപ്ര വയലാര്‍ കേസില്‍ സമ്മേളന സ്ഥലത്ത് നിന്നും തന്നെ അറസ്റ്റ് ചെയ്തുകൊണ്ടുപോയി. ആ യോഗം അലങ്കോലപ്പെടുത്താന്‍ മാര്‍ക്‌സിസം ലെനിനിസം അംഗീകരിക്കാത്ത സോഷ്യലിസ്റ്റു വിഭാഗത്തില്‍ നിന്നും നീക്കവും ഉണ്ടായി.

സ്‌റ്റേറ്റ് കോണ്‍ഗ്രസ് ജന്മി മുതലാളിത്ത സംഘടനയാണെന്ന പ്രചാരണം നടത്തിക്കൊണ്ടാണ് കെഎസ്പി പ്രവര്‍ത്തനം ആരംഭിച്ചത്. ധീരരരും ആദര്‍ശനിഷ്ഠരും സാഹസികമായി പ്രവര്‍ത്തിക്കുന്നവരുമായ ഒരു സംഘം നേതാക്കള്‍ തുടക്കം മുതല്‍ കെഎസ്പിക്കുണ്ടായി. ശ്രീകണ്ഠന്‍ നായരെക്കൂടാതെ മത്തായി മാഞ്ഞൂരാന്‍, ടി.കെ ദിവാകരന്‍, ജി. ജനാര്‍ദ്ദനക്കുറുപ്പ്, എ.പി. പിള്ള, കെ. ബാലകൃഷണന്‍ തുടങ്ങി നേതാക്കളുടെ നീണ്ട നിര. തൊഴിലാളി സംഘടനകളും വിദ്യാര്‍ഥി വിഭാഗവും രൂപീകരിച്ചു. സോഷ്യലിസ്റ്റ്, നവോദയം, മുന്നേറ്റം എന്നി മുഖപത്രങ്ങളും പാര്‍ട്ടിയ്ക്കുണ്ടായി.

1947-50 കാലത്ത് കെഎസ്പിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ തീവ്രമായ പ്രത്യയശാസ്ത്ര സംഘര്‍ഷം നിലനിന്നു. കെഎസ്പിയെ അതിനിശിതമായി വിമര്‍ശിച്ചുകൊണ്ടുള്ള ഇഎംഎസ്സിന്റെ ലേഖന പരമ്പര ‘കമ്യൂണിസ്റ്റ്’ വാരികയിലും മറ്റും പ്രസിദ്ധീകരിച്ചു. ‘സോഷ്യലിസ്റ്റ്’ വാരികയിലൂടെ മത്തായി മാഞ്ഞൂരാനേയോ ശ്രീകണ്ഠന്‍ നായരേയോ പോലുള്ളവര്‍ അതിന് മറുപടി പറഞ്ഞു. ശ്രീകണ്ഠന്‍ നായരും ജനാര്‍ദ്ദന കുറുപ്പും മറ്റും കേരളത്തിലുടനീളം സഞ്ചരിച്ച് സംഘടനയെ അതിവേഗം വളര്‍ത്തി. ആ പാര്‍ട്ടിയുടെ വളര്‍ച്ച കമ്യൂണിസ്റ്റ് നേതാക്കളെ അലോസരപ്പെടുത്തി. കെഎസ്പിയുടെ വളര്‍ച്ചയെ ആശയ സംവാദത്തിലൂടെ തടയാനായി കമ്യൂണിസ്റ്റ് നേതാക്കള്‍ കൂടുതല്‍ ലേഖന പരമ്പരകള്‍ എഴുതി. അതിനെ പ്രതിരോധിക്കുന്നതിനായി ജയില്‍ വിമോചതിനായെത്തിയ കെ. ബാലകൃഷ്ണനോട് കേരളത്തിന്റെ വടക്കുനിന്നും തെക്കോട്ട് രാഷ്ട്രീയ പ്രചാരണ പരിപാടി നടത്താന്‍ ശ്രീകണ്ഠന്‍ നായര്‍ ആവശ്യപ്പെട്ടു.

പാലക്കാട് വിക്ടോറിയ കോളജില്‍ നിന്നാണ് കെ.ബാലകൃഷ്ണന്റെ ഒറ്റയ്ക്കുള്ള പ്രസംഗ പരിപാടിക്ക് തുടക്കമായത്. അതിന്റെ ഭാഗമായി കോഴിക്കോട്ട് എത്തിയപ്പോഴാണ് നമ്മള്‍ തുടക്കത്തില്‍ പരാമര്‍ശിച്ച സംഭവം നടക്കുന്നത്.

Read More: 1957ലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ വിധി നിര്‍ണ്ണയിച്ചത് ആര്‍ എസ് പിയുമായുള്ള ഉടക്കോ? കേരള രാഷ്ട്രീയ ചരിത്രം പറയുന്നത് ഇതാണ്

പി. കൃഷ്ണപിള്ള അഭിനന്ദിച്ച ആ സംഭവത്തെ കുറിച്ച് കെ. ബാലകൃഷ്ണന്‍ തന്നെ പിന്നീട് എഴുതിയിട്ടുണ്ട്. അദ്ദേഹം ഇപ്രകാരം എഴുതുന്നു: “ഞാന്‍ കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനിലിറങ്ങിയപ്പോള്‍ ആദ്യം കണ്ട ഭിത്തിപ്പരസ്യം ഇതാണ്:’ഇഎംഎസ്സിന്റെ കമ്യൂണിസ്റ്റ് ലേഖനങ്ങള്‍ക്ക് കെ. ബാലകൃഷ്ണന്‍ ചുട്ട മറുപടി പറയുന്നു’. ഞാന്‍ അമ്പരന്നുപോയി. കമ്യൂണിസ്റ്റ് വാരികയില്‍ കെഎസ്പിക്കെതിരായി ഇഎംഎസ് എഴുതിയ ലേഖനപരമ്പര ഞാന്‍ വായിച്ചിരുന്നില്ല. ഇഎംഎസ്സിനു ചുട്ട മറുപടി പോയിട്ട് മറുപടി പറയാന്‍ തന്നെ ഞാനെന്ന പേട്ടണ്ടി എങ്ങനെ പ്രാപ്തമായി തീരും എന്നു ഭയപ്പെട്ടു.

ഒരു സഖാവിനോട് ആ കമ്യൂണിസ്റ്റ് ലേഖനങ്ങള്‍ ഞാന്‍ കൊണ്ടുവരാന്‍ പറഞ്ഞു. ഒറ്റയിരിപ്പിന് മുഴുവന്‍ വായിച്ചുതീര്‍ത്തു. പത്തുമാസം ജയിലില്‍ കിടന്ന് ഇറങ്ങിവരുന്ന സമയമാണ്. ഞാന്‍ വായിച്ചു കൊണ്ടിരുന്ന പുസ്തകങ്ങള്‍ ജയിലിനു പുറത്തിറങ്ങിയ അച്ഛനെപ്പോലും ‘ഭഗവാന്‍ കാറല്‍ മാര്‍ക്‌സ്’ ആക്കിയ കാലം. ഇഎംഎസ്സിന്റെ ലേഖനത്തില്‍ പ്രതിപാദിച്ചിരുന്ന മാര്‍ക്‌സിസം എനിക്കു തീരെ പിടികിട്ടിയില്ല. ലെനിന്റെ ‘സ്റ്റേറ്റും റെവല്യൂഷനും’ എന്ന പുസ്തകം ഞാന്‍ ആവശ്യപ്പെട്ടു. ഒന്നില്‍ കൂടുതല്‍ തവണ വായിച്ചിട്ടുള്ള ആ പുസ്തകത്തില്‍ നിന്ന് ഇഎംഎസ്സിന്റെ വാദത്തെ നേരിടാനുള്ള വരികള്‍ കണ്ടുപിടിക്കാന്‍ ഒരു ബുദ്ധിമുട്ടും തോന്നിയില്ല.

ഞാന്‍ കമ്യൂണിസ്റ്റ് ലേഖനങ്ങളും ആ പുസ്തകവുമായി മുതലക്കുളത്തുപോയി. എന്റെ പ്രതീക്ഷകളെയെല്ലാം പരാജയപ്പെടുത്തുമാറ് ഗംഭീരമായ സദസ്സ്. പി.കൃഷ്ണപിള്ള ഉള്‍പ്പെടെയുള്ള നേതാക്കളെല്ലാം യോഗസ്ഥലത്തുണ്ടെന്ന് ഒരു സഖാവ് എന്റെ ചെവിയില്‍ മന്ത്രിച്ചു. രണ്ടു മണിക്കൂറില്‍ കൂടുതല്‍ ഞാന്‍ പ്രസംഗിച്ചു. ലേഖനങ്ങള്‍ക്കു മറുപടി പറയുക മാത്രമായിരുന്നു പ്രസംഗസാരം. യോഗം കഴിഞ്ഞു മടങ്ങുമ്പോള്‍ ഞാന്‍ പി.കൃഷ്ണപിള്ളയെ കണ്ടു. അദ്ദേഹം പറഞ്ഞ ഒരു വാചകം ഇഎംഎസ്സിനെ വിലയിരുത്തുന്നതില്‍ എല്ലാ കാലത്തും എന്റെ വഴികാട്ടിയായിട്ടുണ്ട്. പുതിയ തലമുറയിലെ ‘പിള്ളേര്‍ ഈ പുസ്തകങ്ങളൊക്കെ വായിച്ചുതുടങ്ങിയിട്ടുണ്ടെന്ന് അങ്ങേരെ അറിയിച്ചത് ഭേഷായി’.”

Read More: എതിര്‍പ്പുണ്ടെങ്കിലും കമ്യൂണിസ്റ്റ് വിരുദ്ധ നയമില്ല; നെഹ്‌റു ആര്‍ ശങ്കറിനയച്ച രണ്ട് കത്തുകള്‍

എസ് ബിനീഷ് പണിക്കര്‍

എസ് ബിനീഷ് പണിക്കര്‍

മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, കൊച്ചിയില്‍ താമസം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍