UPDATES

13 വര്‍ഷമായി തളര്‍ന്നു കിടക്കുന്ന അമ്മ, ദുരിതം കണ്ട് ജീവനൊടുക്കിയ 16-കാരന്‍ മകന്‍, തകര്‍ന്നുപോയ ഒരു കുടുംബം; എന്‍ഡോസള്‍ഫാന്‍ ദുരിതപ്പെയ്ത്ത് തീരുന്നില്ല

26 വയസേ ആയിട്ടുള്ളൂവെങ്കിലും മംഗലാപുരത്ത് വച്ച് ജോലിക്കിടയില്‍ സംഭവിച്ച അപകടം മൂത്ത മകന്‍ ദിലീപിനെയും തളര്‍ത്തിക്കൊണ്ടിരിക്കുകയാണ്

മനോജ് കുമാര്‍; കാസര്‍ഗോഡ് കശുമാവിന്‍ തോട്ടങ്ങളില്‍ തളിച്ച എന്‍ഡോസള്‍ഫാന്‍ എന്ന കൊടുംവിഷം ഇതുവരെ സൃഷ്ടിച്ചതില്‍ ഇങ്ങനെയൊരു ഇര ഇതാദ്യമായിട്ടായിരിക്കും. ഒക്ടോബര്‍ മാസം 11-ആം തീയതി രാത്രി വീടിനു സമീപത്തെ മൊബൈല്‍ ടവറില്‍ നിന്നും താഴേക്കു ചാടി ജീവന്‍ നഷ്ടപ്പെടുത്തുമ്പോള്‍ മനോജ് എന്ന 16-കാരന്റ മനസുമുഴുവന്‍ അമ്മയായിരുന്നിരിക്കണം. 13 വര്‍ഷമായി അരയ്ക്കു താഴെ തളര്‍ന്നു കിടപ്പാണ് മനോജിന്റെ അമ്മ ലീല. എന്‍ഡോസള്‍ഫാന്റെ ഇര. 11-ആം തീയതി വൈകുന്നേരം പെട്ടെന്ന് അസുഖം മൂര്‍ച്ഛിച്ച ലീലയെ കണ്ടതോടെയാണ് മനോജ് എന്ന കൗമാരക്കാരന്‍ വൈകാരിക വിക്ഷോഭത്തിന് ഇരയായി തീര്‍ന്നതും ഇനി ജീവിക്കേണ്ട എന്ന തീരുമാനം എടുത്തതും. അമ്മയുടെ വേദന വര്‍ങ്ങളായി കണ്ടു വളര്‍ന്നു വന്ന മനോജ് തന്റെ മരണവും ഏറ്റവും വേദനാജനകമായ ഒന്നാക്കി തീര്‍ത്തു.

കാസര്‍ഗോഡ് ബദിയടുക്കയില്‍ വിദ്യാഗിരി പഞ്ചായത്തിലെ ബാപ്പുമൂല കോളനിയിലെ ഏഴാം വാര്‍ഡിലാണ് മനോജിന്റെ വീട്. ചെത്തുകല്ല് പാകിയ പണി തീരാത്തൊരു വീട്. ടാര്‍ റോഡില്‍ നിന്നും താഴേക്കിറങ്ങുന്ന നന്നേയിടുങ്ങിയ നടപ്പാതയിലൂടെ കടന്നു ചെല്ലുമ്പോള്‍ തീര്‍ത്തും നിശബ്ദമായിരുന്നു ആ വീട്. വൈദ്യുതി ബള്‍ബുകളുണ്ടായിട്ടും ഇരുട്ട് പൂര്‍ണമായി മാറിയിട്ടാത്താല്ലത്ത ഉള്‍വശത്ത് ഒരു മുറിയില്‍ തുറന്നിട്ട ജനലിലൂടെ പുറത്തേക്ക് നോക്കി കിടപ്പുണ്ട് ലീല. തലമാത്രം ചരിച്ച രീതിയില്‍. കഴുത്തു മുതല്‍ താഴേക്ക് മറച്ചിരിക്കുന്ന പഴകിയൊരു പുതപ്പിനുള്ളില്‍ തളര്‍ന്നുപോയൊരു ശരീരം. മലയാളമല്ല, കണ്ണീരില്‍ കുതിര്‍ന്ന തുളുവാണ് ലീല സംസാരിച്ചത്. അതും പറയുന്നതില്‍ പാതിയും കണ്ണീര്‍ തുള്ളിയെന്നപോലെ എവിടെയോ തല്ലിതകര്‍ന്നുപോകുന്നു പോകുന്നു. കൂടെയുണ്ടായിരുന്ന ചന്ദ്രശേഖറാണ് ലീല പറഞ്ഞതെന്തെന്നു മനസിലാക്കി തന്നത്. ‘ഒരുപാട് ഇഷ്ടായിരുന്നു മോനെന്നെ. ഞാന്‍ മരിച്ചു പോയെന്നു കരുതിയാണവന്‍ അങ്ങനെ ചെയ്തത്. അന്നെനിക്ക് തീരെ മേലാതെ വന്നൂ… മരിച്ചു പോകുമെന്നാണ് എല്ലാവരും പറഞ്ഞത്. അത്രയ്ക്ക് വയ്യായിരുന്നു. ശ്വാസം കിട്ടുന്നില്ലായിരുന്നു. അവന്‍ വന്നു കണ്ടത് അതാണന്നാണ് ഇവരൊക്കെ പറഞ്ഞത്. അങ്ങനെ കണ്ടിട്ടാണവന്‍ പോയത്. അവന്‍ അങ്ങനെ ചെയ്യണായിരുന്നോ?’

പതിമൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ ആരോഗ്യമുള്ള സ്ത്രീ തന്നെയായിരുന്നു ലീലയും. സീതാരാമന്റെ ഭാര്യയായി, അവര്‍ അഞ്ചു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. തീര്‍ത്തും ദരിദ്രമായ ജീവിതാന്തരീക്ഷത്തില്‍ കുടുംബത്തിനായി എല്ലാ ദിവസവും ജോലിക്കു പോകുമായിരുന്നു. കശുമാവിന്‍ തോട്ടത്തിലും ബീഡി തെറുപ്പിനും അടക്കം എല്ലാ കൂലിവേലയും ചെയ്തു പോന്നിരുന്നു ലീല. വലിയ തിരിച്ചടികളാണ് ജീവിതം അവര്‍ക്കു ഓരോ ദിവസവും നല്‍കിയിരുന്നതെങ്കിലും ലീല അതിനെതിരേ ശക്തമായി പൊരുതി നിന്നു.

“ഏറ്റവും ഇളയ കുഞ്ഞിനെ ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ശരീരം കഴപ്പ്, കാലുവേദനയൊക്കെ തുടങ്ങുന്നത്. ആദ്യമൊക്കെ ഗര്‍ഭത്തിന്റെയായിരിക്കുമെന്നു കരുതി. പിന്നെ കൂടി വന്നപ്പോള്‍ മംഗലാപുരത്ത് ആശുപത്രിയിലൊക്കെ കൊണ്ടു പോയി. ഇളയമോള്‍ക്ക് മൂന്നു മാസം കഴിഞ്ഞതോടെയാണ് വയ്യായ്ക കൂടിയത്. അങ്ങനെ വീണ്ടും പരിശോധനയ്ക്ക് കൊണ്ടു പോയപ്പോഴാണ് എന്‍ഡോസള്‍ഫാന്റെ പ്രശ്‌നമാണെന്നു പറഞ്ഞത്. നമ്മുടെ വീടിന്റെ അടുത്ത് തന്ന പ്ലാന്റേഷന്‍ തോട്ടമുണ്ട്. അവിടെയൊക്കെ എന്‍ഡോസള്‍ഫാന്‍ തളിച്ചിട്ടുണ്ട്. അങ്ങനെ വന്നതായിരിക്കുമെന്നു പറഞ്ഞു. ഇപ്പോള്‍ ഈ കിടപ്പായിട്ട് പതിമൂന്നു വര്‍ഷത്തോളമായി. ഇളയ പെണ്‍കുട്ടി ഇപ്പോള്‍ പത്താം ക്ലാസിലായി. അവളെ നല്ലപോലെ നോക്കാന്‍ പോലും കഴിഞ്ഞില്ല, കിടപ്പ് തന്നെയായി. അരയ്ക്ക് താഴെ തളര്‍ന്നുപോയി. എന്താവശ്യത്തിനും എടുത്തുകൊണ്ടുപോണം”– സീതാരാമന്റെ വാക്കുകള്‍.

രണ്ട് ആണും മൂന്നു പെണ്ണുമാണ് സീതാരാമനും ലീലയ്ക്കും. മൂത്തപെണ്‍കുട്ടിയുടെ കല്യാണം കഴിയുംവരെ അമ്മയുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് മൂത്തകുട്ടിയായിരുന്നു. ഇപ്പോള്‍ ആ ചുമതല എല്ലാം മനോജിന്റെ നേരെ മൂത്തതായ മമ്തയാണ് ചെയ്യുന്നത്. പത്താംക്ലാസ് കൊണ്ട് പഠനം നിര്‍ത്തി മമ്ത, അമ്മയെ നോക്കാന്‍ വേണ്ടി. “പ്ലസ് ടു സ്‌കൂള്‍ ഉള്ളത് വാണീ നഗറിലും ബദിയടുക്കയിലുമാണ്. പോയി വരിക എന്ന ബുദ്ധിമുട്ടാണ്. ഇളയവരും പഠിക്കണുണ്ട്. ചേട്ടന്‍ പണിക്കു പോകും, മംഗലാപുരത്തൊക്കെയായിരിക്കും, ആഴ്ചയിലൊക്കെയോ വരൂ. അച്ഛനും പണിക്കും പോകും. ചേച്ചിയും കല്യാണം കഴിഞ്ഞു പോയതോടെ അമ്മയെ നോക്കാന്‍ എനിക്കു നില്‍ക്കേണ്ടി വന്നു. പഠിക്കണോന്ന് ഇഷ്ടായിരുന്നു, പക്ഷേ;” എങ്ങോട്ടെന്നില്ലാതെ നോക്കി കൊണ്ട് മമ്ത പറഞ്ഞു.

“അവന് പത്താം ക്ലാസം കഴിഞ്ഞ് വാണിനഗറിലെ സ്‌കൂളിലാണ് പ്ലസ് ടുവിന് കിട്ടിയത്. പക്ഷേ പോയില്ല. അത്രദൂരം പോയി വരുന്നത് പാടാണ്. അതുകൊണ്ട് പോയില്ല. എപ്പോഴും നല്ല രസാണ് അവന്. കബഡി കളിക്കാനൊക്കെ പോകും. ഇവരൊക്കെ പറയണ കേട്ടിട്ടുണ്ട് (അയല്‍വാസിയായ ഭാസ്‌കറിനെ ചൂണ്ടിക്കൊണ്ട്) ചെക്കന്‍ നല്ല കബഡി കളിക്കാരനാകുമെന്ന്. ക്ലബ്ബിലൊക്കെയുണ്ട്. അന്ന് കളി കഴിഞ്ഞ് വരുമ്പോഴാണ് അമ്മയ്ക്ക് കൂടുതലായി കിടക്കുന്നത് കണ്ടത്. മരിച്ചുപോകുമെന്നാണ് എല്ലാവരും കരുതിയത്. ഞങ്ങളൊക്കെ വെള്ളം കൊടുത്തു. അവനോടും അമ്മയ്ക്കും വെള്ളം കൊടുക്കാന്‍ പറഞ്ഞു. മരിക്കാറാകുമ്പോഴാണല്ലോ അങ്ങനെ വെള്ളം കൊടുക്കുന്നത്. ആളുകളൊക്കെ കൂടിയിട്ടുണ്ടായിരുന്നു. രാത്രിയായിരുന്നു. അവന്‍ പുറത്തേക്ക് പോയത് ഞങ്ങളാരും കണ്ടില്ല;” മമ്ത പറഞ്ഞു നിര്‍ത്തി.

“ശ്വാസതടസം കലശാലയതോടെയാണ് ലീലയുടെ ആരോഗ്യസ്ഥിതി ആശങ്കയിലാക്കിയത്. ഇടയ്ക്കിടയ്ക്ക് അങ്ങനെ വരാറുണ്ടായിരുന്നെങ്കിലും അന്നത്തെ ദിവസം എല്ലാവരും ശരിക്കും ഭയന്നിരുന്നു, മനോജും. ചെക്കന്‍ രാത്രിക്ക് ഇറങ്ങിപ്പോയത് ആരും ശ്രദ്ധിച്ചില്ല. സമയം പത്തുപത്തരയായി കാണണം. ഇവനെ വീട്ടില്‍ കാണുന്നില്ലെന്നു മനസിലായതോടെയാണ് അന്വേഷിക്കാന്‍ തുടങ്ങിയത്. ക്ലബ്ബിലും റോഡിലുമൊക്കെ പലയിടത്തും അന്വേഷിച്ചു. അങ്ങോട്ട് (മൊബൈല്‍ ടവര്‍) പോകുമെന്ന് ആരും കരുതണില്ല. പിന്നെയാരോ തിരക്കി നടക്കുന്നതിനിടയിലാണ് താഴെ വീണ് കിടക്കുന്നത് കണ്ടത്. പോസ്റ്റില്‍ തലയിടിച്ചായിരുന്നു. പെട്ടെന്ന് ആശുപത്രിയിലും കൊണ്ടു പോകാന്‍ കഴിഞ്ഞില്ലല്ലോ. കൊണ്ടു പോയിട്ടും കാര്യമുണ്ടായില്ല, അവനപ്പോഴേക്കും പോയിരുന്നു. തലയ്ക്കല്ലേ… ഇവരുടെ വീടിനു നൂറു മീറ്ററുപോലും ദൂരമില്ലാ ആ ടവറിന്”; ചന്ദ്രശേഖര്‍ സംഭവം ഓര്‍ത്തെടുത്തു പറഞ്ഞു.

അമ്മ ഇല്ലാതായാല്‍ ഒറ്റപ്പെട്ടു പോകുമെന്ന ഭയമായിരിക്കാം മനോജിനെക്കൊണ്ട് അങ്ങനെ ചെയ്യിച്ചത്. അവന് ഒന്നോ രണ്ടോ വയസ് ഉള്ളപ്പോള്‍ മുതല്‍ ലീല കിടപ്പിലാണെങ്കിലും അവന് അമ്മ എല്ലാമായിരുന്നു. വീട്ടിലെ മോശമായ ചില ജീവിതാന്തരീക്ഷത്തില്‍ അവന്, കിടക്കവിട്ട് എഴുന്നേല്‍ക്കാന്‍പോലും കഴിയില്ലെങ്കിലും അമ്മയുടെ സാന്നിധ്യമായിരുന്നു ആശ്രയവും ആശ്വാസവും, അതു നഷ്ടപ്പെടുന്നു എന്ന തോന്നലില്‍ അവന്‍ കണ്ടെത്തിയ വഴി. മനോജ് മരിച്ചെന്ന കാര്യം ലീലയോട് അന്നു പറഞ്ഞേയില്ല. ഒന്നാമത് അവരുടെ ആരോഗ്യം തീരെ വയ്യാത്ത നിലയില്‍. പിറ്റേദിവവസം പഞ്ചായത്തില്‍ നിന്നും ആശാവര്‍ക്കര്‍മാരും ആശുപത്രീന്ന് രണ്ട് നഴ്‌സുമാരെയുമെല്ലാം ലീലയുടെ അടുത്ത് എത്തിച്ചശേഷമാണ് കാര്യം പറയുന്നത്. അവന്റെ ബോഡീം കൊണ്ട് ആംബുലന്‍സ് എത്തിയപ്പോള്‍ മാത്രം. മനോജ് മരിച്ചെന്നു കേട്ടാല്‍ ലീലയ്ക്ക് പിന്നെയും എന്തെങ്കിലും പറ്റുമോന്ന പേടിയായിരുന്നു”- വാര്‍ഡ് മെംബര്‍ ബാലകൃഷ്ണ ഷെട്ടിയുടെ വാക്കുകള്‍.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടേതായ സര്‍ക്കാര്‍ ലിസ്റ്റില്‍ ലീല ഉള്‍പ്പെട്ടിട്ടുണ്ട്. അഞ്ചുലക്ഷം രൂപ ധനസഹായവും കിട്ടി. ഇപ്പോള്‍ സീതാരാമന്‍ പറയുന്ന ഒരു പരാതി ഇരകള്‍ക്ക് കിട്ടുന്ന പെന്‍ഷന്‍ ഒരു വര്‍ഷത്തിനു മേലായായി മുടങ്ങിയിട്ടെന്നാണ്. ആക്‌സിസ് ബാങ്കിന്റെ അക്കൌണ്ടിലേക്ക് പെന്‍ഷന്‍ തുക വരുമെന്നാണ് പറഞ്ഞിരിക്കുന്നത് (ബാങ്കിംഗ് സേവനം പ്രയോജനപ്പെടുത്താന്‍ അറിയാത്തവര്‍ക്ക് പോസ്റ്റ് ഓഫിസ് വഴിയും പെന്‍ഷന്‍ വിതരണം നടക്കുന്നുണ്ട്). ഞങ്ങള് നോക്കീട്ട് ഇതുവരെ പൈസ വന്നിട്ടില്ല. മക്കളൊക്കെ എടിഎമ്മില്‍ പോയി നോക്കി. പൈസയില്ല. ഇപ്പോള്‍ അഞ്ചാറു മാസായിട്ട് നോക്കീട്ടില്ല.

മനോജിന്റെ പിതാവ് സീതാരാമന്‍

ഇരകളെ പരിചരിച്ച് കൂടെ നില്‍ക്കുന്നവര്‍ക്കും ഒരു തുക ധനസഹായം കൊടുക്കാറുണ്ട്. ഇവര്‍ക്ക് അതും കിട്ടുന്നില്ല. മോളാണ് (മമ്ത) ലീലയെ നോക്കുന്നത്. മോള്‍ക്ക് അങ്ങനെയൊരു തുക ഇതുവരെ കിട്ടീട്ടില്ലെന്നാണ് പറയുന്നത്”; ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടിയ വിവരം മമ്തയും തലകുലുക്കി സമ്മതിക്കുന്നു.

ഈ വിവരം എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായുള്ള സെല്ലിലെ ബദിയടുക്കയിലെ ചാര്‍ജുള്ള സൂപ്പര്‍വൈസര്‍ ജ്യോതിയുമായി സംസാരിച്ചു. ജ്യോതി പറയുന്നത് മനഃപൂര്‍വം ഒരു സഹായവും മുടക്കിയിട്ടില്ല എന്നാണ്. “പെന്‍ഷന്‍ തുക അവരുടെ അക്കൗണ്ടിലേക്ക് ഇടുന്നുണ്ട്. എന്തെങ്കിലും ബാങ്കിംഗ് പ്രശ്‌നമായിരിക്കാം. ഒന്നുകില്‍ അവരുടെ എടിഎം ബ്ലോക്ക് ആയിക്കാണും, അല്ലെങ്കില്‍ തെറ്റായ പിന്‍ നമ്പര്‍ ആയിരിക്കാം ഉപയോഗിച്ചത്. എന്തായാലും ഈ കാര്യത്തില്‍ ഉടന്‍ തന്നെ അന്വേഷിച്ച് അവര്‍ക്ക് സഹായം ചെയ്തുകൊടുക്കാം;” ജ്യോതിയുടെ ഉറപ്പ്. സഹായിക്ക് കിട്ടുന്ന ധനസഹായം മുടങ്ങിയതിനെ കുറിച്ച് ജ്യോതി പ്രതികരിച്ചത് ഇങ്ങനെയാണ്. “മുന്‍പ് മൂത്ത മകളായിരുന്നു ലീലയെ പരിചരിച്ചിരുന്നത്. ആ കുട്ടിക്ക് ഈ പറയുന്ന തുക ലഭിച്ചിരുന്നു. പിന്നീട് എന്തൊക്കെയോ ചെറിയ പ്രശ്‌നങ്ങള്‍ വന്നതാണ്. ഇത്തരം വ്യക്തികളുടെതായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതായുണ്ട്. അതു ചെയ്തു കൊടുത്തിട്ടുമുണ്ട്. മറ്റു ചിലര്‍ക്കും ധനസഹായം കിട്ടാതെ വരുന്നുണ്ടെന്ന് പരാതിയുണ്ട്. ഈ പരാതികള്‍ക്ക് എത്രയയും വേഗം പരിഹാരം ഉണ്ടാക്കുന്നതായിരിക്കും. ഇങ്ങനെ ചില പരാതികളൊഴിച്ചാല്‍ ബാക്കി എല്ലാവിധ സഹായസേവനങ്ങളും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി ചെയ്തു കൊടുക്കുന്നുണ്ട്. ആഴ്ചയില്‍ ഒരു ദിവസം ആശാവര്‍ക്കര്‍മാര്‍ ഇവരുടെ വീടുകളില്‍ എത്തും. ഡോക്ടര്‍മാരുടെ സേവനവും വീടുകളിലെത്തി ഇവര്‍ക്ക് ലഭ്യമാകുന്നുണ്ട്. യാതൊരുവിധ ഉപേക്ഷകളും ഇത്തരം രോഗികളുടെ കാര്യത്തില്‍ ഞങ്ങള്‍ കാണിക്കുന്നില്ല. ഇപ്പോള്‍ ലീലയുടെ കുടുംബത്തില്‍ നടന്ന മറ്റൊരു ദുരന്തം ഏറെ വേദനാജനകമാണെങ്കിലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ഏതെങ്കിലും തരത്തിലുള്ള ധനസഹായമോ മറ്റോ മനോജിന്റെ മരണത്തെ തുടര്‍ന്ന് നല്‍കാന്‍ കഴിയുമോയെന്നറിയില്ല. അതില്‍ എനിക്ക് എന്തെങ്കിലും പ്രതികരണം നടത്താനും കഴിയില്ല”; ജ്യോതി പറയുന്നു.

വിദ്യാഗിരിയില്‍ ലീലയെ കൂടാതെ പതിമൂന്നു എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുണ്ട്. ലീലയെപോലെ തന്നെ തളര്‍ന്നു കിടക്കുന്ന ഒരു കുഞ്ഞമ്മയും ബാപ്പുമൂല കോളനിയില്‍ തന്നെയുണ്ട്. വിദ്യാഗിരിയിലെ പികെസി (പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍, കേരള) തോട്ടങ്ങളില്‍ തളിച്ച വിഷമഴയുടെ ഇരകള്‍. ഒരു വ്യക്തിയെ മാത്രമല്ല, ഒരു കുടുംബത്തെ, അങ്ങനെയുമല്ല ഒരു സമൂഹത്തെ തന്നെയാണ് ഈ വിഷം ദുരിതത്തിലേക്ക് മുക്കി കളഞ്ഞിരിക്കുന്നതെന്നതിന് വിദ്യാഗിരിയും ഒരു ഉദാഹരണമാണ്. എന്‍ഡോള്‍ഫാന്‍ ദുരന്തം എന്നതൊരു കെട്ടുകഥയാണെന്ന് പ്രചാരണത്തിന് ശക്തി പകരുന്നവര്‍ക്ക് വിദ്യാഗിരിയും ബാപ്പുമൂല കോളനിയും മനോജിന്റെ വീടുമെല്ലാം സന്ദര്‍ശിക്കാവുന്നതാണ്. അതല്ലെങ്കില്‍ സ്ഥലം എംഎല്‍എയെപോലെ, ആ വീട്ടിലേക്ക് ഇതുവരെ ഒന്നു വന്നെത്താന്‍ തയ്യാറാകാതെ, നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണത്തിന് കൂടുതല്‍ ശക്തി നല്‍കാം.

മനോജിന്റെ വീടിന്റെ ഇപ്പോഴത്തെ ആശ്രയം എന്നു പറയാവുന്നത്, അവന്റെ ചേട്ടന്‍ ദിലീപ് ആണ്. കെട്ടിടം പണിക്കാരനായ ദിലീപ് നന്നേ ചെറുപ്രായത്തില്‍ തന്നെ കുടുംബം പുലര്‍ത്താനായി കഠിനമായ ഒരു തൊഴിലിലേക്കിറങ്ങി മംഗലാപുരത്തും മറ്റും പോയി പണിയെടുക്കാന്‍ തുടങ്ങിയ ദിലീപിനും പക്ഷേ, ആദ്യത്തെ അതേ ഊര്‍ജ്ജത്തോടെ ആ ജോലി തുടരാന്‍ കഴിയുമോയെന്നറിയില്ല. 26 വയസേ ആയിട്ടുള്ളൂവെങ്കിലും മംഗലാപുരത്ത് വച്ച് ജോലിക്കിടയില്‍ സംഭവിച്ച അപകടം അയാളെ തളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. താഴെ വീണ് ബീമില്‍ തലയിടിച്ച ദിലീപിന് ഇപ്പോള്‍ ഇടയ്ക്കിടയ്ക്ക് ഓര്‍മ നഷ്ടപ്പെടുന്നു. തലയില്‍ ഭാരമേറിയതൊന്നും താങ്ങാന്‍ കഴിയുന്നില്ല. ചെവിയിലൂടെ പഴുപ്പും ചോരയും പുറത്തേക്കു വരുന്നു. പക്ഷേ ദിലീപ് ഇപ്പോഴും പണിക്കു പോകുന്നു,അവര്‍ക്ക് ജീവിക്കണം. സീതാരാമന് സ്ഥിരം വരുമാനമില്ല. ഇടയ്‌ക്കെപ്പോഴെങ്കിലും പണി കിട്ടിയാലായി എന്നയവസ്ഥ. സ്വന്തം ആവശ്യങ്ങള്‍ കഴിഞ്ഞാല്‍ വീട്ടുചെലവ് ചെയ്യാന്‍ മിച്ചമൊന്നും കാണാറുമില്ല.

മധുര (ലീലയുടെ ഏറ്റവും ഇളയ മകള്‍)യ്ക്ക് പത്തു കഴിഞ്ഞും പഠിക്കണമെന്നുണ്ട്. വാണിനഗറിലോ ബദിയടുക്കയിലോ പോയി. പക്ഷേ, മമ്തയെ പോലെ പത്താം ക്ലാസോടെ പഠനം നിര്‍ത്തേണ്ടി വരുമോ എന്ന സങ്കടം ഇപ്പോഴെ ആ പെണ്‍കുട്ടിയുടെ മുഖത്തുണ്ട്. മമ്തയ്ക്ക് വിവാഹപ്രായമായി. അതിനൊരു വഴിയും തന്റെ മുന്നില്‍ ഇല്ലെന്നു സീതാരാമന്‍ നെടുവീര്‍പ്പിടുമ്പോഴും അമ്മയെ വിട്ടു പോകില്ലെന്നു മമ്ത പറയുമ്പോഴും കെട്ടിക്കാതെ ഒരു പെങ്കൊച്ചിനെ വീട്ടില്‍ നിര്‍ത്താന്‍ പറ്റുമോ എന്ന അയല്‍ക്കാരുടെ ചോദ്യത്തിനു മുന്നില്‍ എല്ലാവര്‍ക്കും നിശബ്ദത. എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നുണ്ടെങ്കിലും ഒഴുകി വീഴുന്ന കണ്ണീര് തുടച്ചുമാറ്റാന്‍ പോലും കഴിയാതെ അകത്ത് ലീല… മമ്തയുടെ കൈയിലിരുന്ന ഫോട്ടോയില്‍ ഇതൊന്നുമറിയാത്തപോലെ ചിരിയോടെ മനോജ്…

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍