UPDATES

ട്രെന്‍ഡിങ്ങ്

ഇനിയും ചിറ്റപ്പനാകാതിരിക്കാന്‍ ഇപി ശ്രദ്ധിക്കുമല്ലോ?

മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയ ഉടൻ തന്നെ രാജിവെച്ചു എന്നതിനാലും തുടർന്ന് പാർട്ടിക്ക് വിധേയനായി പ്രവർത്തിച്ചു പോന്നു എന്നൊക്കെയുള്ള ഗുഡ് സർട്ടിഫിക്കറ്റ് ജയരാജന് കിട്ടിയിട്ടുണ്ട്

കെ എ ആന്റണി

കെ എ ആന്റണി

ഏറെ അഭ്യൂഹങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ ഇ പി ജയരാജൻ പിണറായി മന്ത്രിസഭയിൽ തിരിച്ചെത്തുന്നു. ഇന്നലെ (വെള്ളിയാഴ്ച) ചേർന്ന സി പി എം സംസ്ഥാന സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ജയരാജന്റെ മന്ത്രിസഭാ പുനഃപ്രവേശനം എൽ ഡി എഫ് കൂടി അംഗീകരിക്കേണ്ടതുണ്ടെങ്കിലും സി പി ഐക്കു കാബിനറ്റ് റാങ്കോടുകൂടിയ ചീഫ് വിപ്പ് സ്ഥാനം നൽകാൻ ധാരണയായിട്ടുണ്ടെന്നതിനാൽ ഇനി ഇക്കാര്യത്തിൽ തർക്കത്തിന് ഇടയില്ല. രാജിവെക്കുന്ന വേളയിൽ കൈകാര്യം ചെയ്തിരുന്ന വ്യവസായം, വാണിജ്യം, യുവജനക്ഷേമം, കായികം എന്നീ വകുപ്പുകൾ തന്നെ ജയരാജന് നൽകണമെന്നാണ് സി പി എം സംസ്‌ഥാന സമിതി നിർദ്ദേശിച്ചിരിക്കുന്നത്. നിലവിൽ ഈ വകുപ്പുകൾ മന്ത്രി എ സി മൊയ്തീനാണ് നോക്കിനടത്തുന്നത്. കെ ടി ജലീൽ കൈകാര്യം ചെയ്യുന്ന തദ്ദേശഭരണം, ഗ്രാമവികസനം, ടൌൺ പ്ലാനിംഗ് എന്നിവ മൊയ്ദീന് നൽകുമ്പോൾ ന്യൂനപക്ഷ ക്ഷേമം, വഖഫ് എന്നീ വകുപ്പുകൾക്കൊപ്പം ഉന്നത വിദ്യാഭ്യാസം കൂടി ജലീലിന് ലഭിക്കും. തത്വത്തിൽ ആരെയും മുറിവേൽപ്പിക്കാത്ത ഒരു അഴിച്ചുപണിയാണ് ഭരണത്തിൽ രണ്ടു വര്‍ഷം തികച്ച പിണറായി സർക്കാർ നടത്തുന്നതെന്നുവേണം പറയാൻ.

സർക്കാർ അധികാരമേറ്റു വെറും നാല് മാസം പിന്നിടുന്നതിനിടയിലായിരുന്നു ബന്ധു നിയമന വിവാദത്തിൽ പെട്ട് ജയരാജന്റെ രാജി. ഭാര്യാ സഹോദരിയും സി പി എം കേന്ദ്ര കമ്മിറ്റി അംഗവുമായ പി കെ ശ്രീമതി എം പിയുടെ മകൻ സുധീർ നമ്പ്യാർ, സഹോദര പുത്രി ദീപ എന്നിവർക്ക് ചട്ടങ്ങൾ മറികടന്നു നിയമനം നൽകിയെന്നായിരുന്നു ആരോപണം. മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയ ഉടൻ തന്നെ രാജിവെച്ചു എന്നതിനാലും തുടർന്ന് പാർട്ടിക്ക് വിധേയനായി പ്രവർത്തിച്ചു പോന്നു എന്നൊക്കെയുള്ള ഗുഡ് സർട്ടിഫിക്കറ്റ് ജയരാജന് കിട്ടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ജയരാജൻ വീണ്ടും മന്ത്രിയാകുന്നതിനോട് സി പി എമ്മിന്റെ ഒരു ഘടകത്തിലും അഭിപ്രായ വ്യത്യാസത്തിന് സാധ്യതയില്ല. ഘടകകക്ഷികൾക്കും ഇക്കാര്യത്തിൽ കാര്യമായ എതിർപ്പ് പ്രകടിപ്പിക്കാൻ കഴിയില്ല, പ്രത്യേകിച്ചും ഫോൺ കെണി വിവാദത്തെ തുടർന്ന് പുറത്തുപോകേണ്ടി വന്ന എ കെ ശശീന്ദ്രനെ ഇരു കൈയും നീട്ടി മന്ത്രിസഭയിൽ തിരിച്ചെടുത്ത സാഹചര്യത്തിൽ.

ബന്ധു നിയമനക്കേസ്സിൽ കോടതി ജയരാജനെ കുറ്റവിമുക്തനാക്കിയ നാൾ മുതൽ പിണറായി മന്ത്രിസഭയിലേക്കുള്ള തിരിച്ചു വരവ് ഏവരും പ്രതീക്ഷിച്ചിരുന്നതാണ്. മാധ്യമങ്ങളും പ്രതിപക്ഷവും മറ്റൊരു അര്‍ത്ഥത്തിലാണെങ്കിൽകൂടി ഇക്കാര്യം ഇടയ്ക്കിടെ ചർച്ചാവിഷയാക്കിയതുമാണ്. എന്തായാലും ഒടുവിൽ ജയരാജൻ മടങ്ങിയെത്തുകയാണ്. അതും താൻ മുൻപ് വഹിച്ചിരുന്ന അതേ വകുപ്പുകൾ തിരിച്ചുപിടിച്ചുകൊണ്ട്. ജയരാജൻ മടങ്ങിയെത്തുന്നു എന്ന സൂചന ലഭിച്ച നിമിഷം മുതൽ ചർച്ച മറ്റൊരു ദിശയിലേക്കു തിരിഞ്ഞു. ജയരാജൻ ആയിരിക്കുമോ മന്ത്രിസഭയിലെ രണ്ടാമൻ, മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നതിനു തൊട്ടു മുൻപാണ് ജയരാജന്റെ പുനഃപ്രവേശമെന്നതിനാൽ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരം അടക്കമുള്ള വകുപ്പുകളുടെ ചുമതലക്കാരൻ ജയരാജൻ ആയിരിക്കുമോ എന്നൊക്കെയാണ് പുതിയ ചർച്ച. ഇക്കാര്യം ചർച്ചാ വിഷയമാകുന്നതിൽ അത്ഭുതത്തിനു വകയില്ല, പ്രത്യേകിച്ചും ജയരാജന് നേരത്തെ അവധാനതക്കുറവ് സംഭവിച്ച കാര്യം പാർട്ടിയും അദ്ദേഹവും തുറന്നു സമ്മതിച്ചിരുന്ന സ്ഥിതിക്ക്. പറ്റിയ വീഴ്ച വീണ്ടും ആവർത്തിക്കാതിരുന്നാൽ നന്ന്.

ഒരു ഭാഗത്തു ഇ പി ജയരാജൻ ആയിരിക്കുമോ പിണറായി സർക്കാരിലെ രണ്ടാമൻ, മുഖ്യമന്ത്രിയുടെ അഭാവത്തിൽ അദ്ദേഹം ആക്ടിങ് മുഖ്യമന്ത്രി ആയിരിക്കുമോ എന്നൊക്കെയുള്ള ചർച്ചകൾ നടക്കുമ്പോൾ ചില കേന്ദ്രങ്ങൾ ഇ പി വീണ്ടും വ്യവസായ വകുപ്പിന്റെ ചുമതലക്കാരൻ ആവുന്നത് അദ്ദേഹം നല്ലൊരു ഫണ്ട് റൈസർ ആയതുകൊണ്ടാണെന്ന ആക്ഷേപവും ഉന്നയിക്കുന്നുണ്ട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധിപ്പിച്ചാണ് ഇത്തരമൊരു ആക്ഷേപം അവർ ഉന്നയിക്കുന്നത്. ആരോപണം എന്തുതന്നെ ആവട്ടെ. അവധാനതക്കുറവിന്റെ കാര്യത്തിൽ ഇനിയെങ്കിലും ശ്രദ്ധവെക്കാൻ ഇ പി ശ്രമിക്കേണ്ടതുണ്ട്. അല്ലെങ്കിൽ പഴയ അബദ്ധങ്ങൾ വീണ്ടും സംഭവിക്കും.

കുറ്റവിമുക്തനായ ഇപി ജയരാജനെ സിപിഎം ഇനി എന്തു ചെയ്യും?

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍