UPDATES

ട്രെന്‍ഡിങ്ങ്

ഇത് അഭിമന്യു ചേട്ടന്റെ വട്ടവടയ്ക്കുള്ള ഞങ്ങളുടെ സ്‌നേഹ സമ്മാനം

എറണാകുളം ഗവ.ഗേള്‍സ് എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ വകയായി 150 പുസ്തകങ്ങള്‍ വട്ടവടയിലെ അഭിമന്യു മഹാരാജാസ് ലൈബ്രറിക്ക് കൈമാറിയത്

അഭിമന്യു ചേട്ടന്റെ അനിയന്മാര്‍ക്കും അനിയത്തിമാര്‍ക്കുമുള്ള ഞങ്ങളുടെ സ്‌നേഹ സമ്മാനങ്ങളാണ് ഈ പുസ്തകങ്ങള്‍… വട്ടവടയിലെ അഭിമന്യു മഹാരാജാസ് ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങള്‍ കൈമാറി എറണാകുളം സൗത്ത് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഗേള്‍സ് എല്‍ പി സ്‌കൂളിലെ കുട്ടികള്‍ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ സ്‌കൂള്‍ അസംബ്ലിയോട് അനുബന്ധിച്ചാണ് കുട്ടികളില്‍ നിന്നും ശേഖരിച്ച 150 പുസ്തകങ്ങള്‍ ലൈബ്രറിയ്ക്ക് സ്‌കൂള്‍ വകയായി നല്‍കിയത്. മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലായി കഥ, കവിത, പൊതുവിജ്ഞാനം, ബാലസാഹിഹിത്യം, ലോക ക്ലാസിക്കുകള്‍ തുടങ്ങി വിവിധ തരത്തിലുള്ള പുസ്തകങ്ങളാണ് ഗവ.ഗേള്‍സ് എല്‍ പി സ്‌കൂളിന്റെ സമ്മാനമായി വട്ടവടയിലേക്ക് പോവുന്നത്.

അഭിമന്യു ചേട്ടന്റെ നാട്ടിലെ കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യങ്ങളൊക്കെ ഇല്ലെന്നാണ് കേട്ടത്. അതുകൊണ്ടാണ് ഈ പുസ്തകങ്ങള്‍ ഞങ്ങള്‍ അങ്ങോട്ട് നല്‍കുന്നത്. വട്ടവടയിലെ ഞങ്ങളെ പോലുള്ള കുട്ടികള്‍ക്ക് ഞങ്ങള്‍ നല്‍കുന്ന സ്‌നേഹ സമ്മാനമാണ് ഈ പുസ്തകങ്ങള്‍; രണ്ടാം ക്ലാസുകാരി അവന്തിക സന്തോഷ് നിറഞ്ഞൊരു ചിരിയോടെയാണ് തങ്ങളുടെ പ്രവര്‍ത്തിയെ കുറിച്ച് പറഞ്ഞത്.

അഭിമന്യു ചേട്ടന്‍ അവിടുത്തെ നാട്ടിലെ കുട്ടികളും നന്നായി പഠിക്കണമെന്നും നല്ലോണം വായിക്കണമെന്നുമൊക്കെ ആഗ്രഹിച്ച ആളായിരുന്നുവെന്ന് കേട്ടു. ചേട്ടന്റെ നാട്ടിലെ കുട്ടികളും നല്ല പുസ്തകങ്ങള്‍ വായിക്കട്ടെ, നല്ലോണം പഠിക്കട്ടെ..അവര്‍ക്കു വേണ്ടി ഞങ്ങള്‍ക്ക് കൊടുക്കാനുള്ള സമ്മാനമാണ് ഈ പുസ്തകങ്ങള്‍; നാലാം ക്ലാസുകാരി അന്ന ഗൗരിയ്ക്കും തങ്ങള്‍ ചെയ്ത കാര്യത്തില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് ആ വാക്കുകളില്‍ നിന്നും മനസിലാക്കാം.

അഭിമന്യുവിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്റെ മനസില്‍ ആദ്യം വരുന്നത് ചെ ഗുവേരയാണ്. ഇത്ര ചെറിയ പ്രായത്തില്‍ അവന് എത്രപേരുടെ മനസിലാണ് ഇടംപിടിക്കാന്‍ പറ്റിയത്. വായനയിലൂടെയാണ് അവന്‍ അറിവ് നേടിയത്. ആ വായന തന്നെയായിരുന്നു അവനിലെ നന്മയും. ഇതേ നന്മ തന്റെ അനിയന്മാര്‍ക്കും അനിയത്തിമാര്‍ക്കും ആ നാടിനും ഉണ്ടാകണമെന്ന അവന്റെ ആഗ്രഹമാണ് വട്ടവടയില്‍ ഒരു നല്ല ലൈബ്രറി വേണമെന്ന് ആവശ്യപ്പെടാനുള്ള കാരണവും എന്നാണ് എനിക്ക് തോന്നുന്നത്. അഭിമന്യുവിന്റെ ആഗ്രഹം സാക്ഷാത്കരിക്കേണ്ടത് ഇനി നമ്മുടെ ലക്ഷ്യമാണ്. അതിന്റെ ഭാഗമായിക്കൊണ്ടാണ് ഈ സ്‌കൂളില്‍ നിന്നും ഞങ്ങള്‍ ഇത്രയും പുസ്തകങ്ങള്‍ അയക്കുന്നത്; അഭിമന്യുവിനെ പോലെ ഒരുപാട് പേര്‍ ആ നാട്ടില്‍ നിന്നും വളര്‍ന്നുവരട്ടെ; ഗവ. ഗേള്‍സ് എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപിക ലീലാമ്മ ഐസക്കിന്റെ വാക്കുകള്‍…

"</p

അഭിമന്യു ഈ കേരളത്തിലെ എത്രയെത്ര പേരുടെ മനസുകളില്‍ സ്ഥാനം നേടിയിരിക്കുന്നു എന്നതിന് ഒരു തെളിവ് കൂടി എറണാകുളം ഗവ. ഗേള്‍സ് എല്‍ പി സ്‌കൂളില്‍ നിന്നും കണ്ടു. പുസ്തകങ്ങള്‍ അയക്കുന്ന ചടങ്ങ് നടക്കുന്ന സമയത്താണ് സ്‌കൂളിലെ പാചക തൊഴിലാളിയായ ഉഷ എത്തുന്നത്. ഉഷ അപ്പോഴാണ് ഇതേക്കുറിച്ച് വ്യക്തമായി മനസിലാകുന്നത്. ചടങ്ങ് അവസാനിപ്പിക്കരുതേ എന്ന് അഭ്യര്‍ത്ഥിച്ച് ഉഷ വേഗം പുറത്തേക്കോടി. തിരികെ വരുമ്പോള്‍ അഭിമന്യുവിന്റെ മുഖചിത്രമുള്ള ഒരു കലാകൗമുദി മാസിക. ആ കുഞ്ഞിന്റെ കാര്യം വല്യ വിഷമമായി പോയി. ഇപ്പഴും മനസീന്ന് പോയിട്ടില്ല. അതിനു വേണ്ടി എന്തെങ്കിലും ചെയ്യണോന്നുള്ളതുകൊണ്ടാണ് ഇതും വാങ്ങി വന്നത്. ഇതില്‍ അവന്റെ പടം തന്നെയുണ്ടല്ലോ; കൈയില്‍ ഇരുന്ന മാസികയില്‍ തൊട്ട് ഉഷ പറഞ്ഞു. ഇത്രയെങ്കിലും ആ കുഞ്ഞിനു വേണ്ടി ചെയ്യാന്‍ കഴിഞ്ഞെന്ന സമാധാനം ഉണ്ടാകും. ആ മോന്റെ ആത്മാവിന് മോക്ഷം കിട്ടട്ടെ…ആ അച്ഛനോടും അമ്മയോടും എന്താ പറയേണ്ടതെന്ന് എനിക്കറിയില്ല; ഒരമ്മ മനസിന്റെ വേദനയോടെ ഉഷ സംസാരം നിര്‍ത്തി…

വട്ടവടയിലെ അഭിമന്യു മഹാരാജാസ് ലൈബ്രറി യാഥാര്‍ത്ഥ്യമായി മാറുമ്പോള്‍, അവിടെയുള്ള ഓരോ പുസ്തകത്തിലും ഇതുപോലെ നന്മയുടെയും സ്‌നേഹത്തിന്റെയും അടയാളങ്ങള്‍ ഉണ്ടയിരിക്കും..ഒരു നാടിന്റെ വളര്‍ച്ചയ്ക്ക് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍ പതിപ്പിച്ച അടയാളങ്ങള്‍…അഭിമന്യു… നീ വീണ്ടും വീണ്ടും വിജയിക്കുകയാണ്…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍