UPDATES

തനുവിനൊപ്പം നില്‍ക്കുമോ മഹാരാജാസ്? അവകാശങ്ങള്‍ സംരക്ഷിച്ചും ആവശ്യങ്ങള്‍ അംഗീകരിച്ചും

കേരളത്തിലെ പൊതുവിടത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ കമ്മ്യുണിറ്റി ദൃശ്യമാകാന്‍ തുടങ്ങിയിരിക്കുന്നതിന്റെ ഗുണങ്ങള്‍ തനുവിനും കിട്ടുന്നുണ്ട്

ഹസ്ന ഷാഹിത

ഹസ്ന ഷാഹിത

കേരളത്തിലെ കലാലയങ്ങളുടെ പൊതുമുഖം ആണ്‍കുട്ടികളുടേതാണ്. വിദ്യാര്‍ത്ഥി സംഘടനകളുടെ തലപ്പത്ത് മുതല്‍ കോളേജ് ഗേറ്റിന്റെ മുന്നില്‍ വരെ ആണ്‍കുട്ടികളുടേതിനേക്കാള്‍ കുറഞ്ഞ സ്ഥലത്തേക്ക് പെണ്‍കുട്ടികളെ ഒതുക്കി നിര്‍ത്തിയിട്ടുണ്ടാകും. കേരളത്തിലെ ചരിത്ര പ്രസിദ്ധമായ കലാലയങ്ങളില്‍ പോലും ചെറിയ ഏറ്റക്കുറച്ചിലുകള്‍ക്കപ്പുറത്ത് വലിയ മാറ്റമൊന്നും ഇക്കാര്യത്തിലില്ല.

ഇതൊക്കെ കൊണ്ട് തന്നെ തന്റെ ലിംഗസ്വത്വത്തിലെ വൈവിധ്യം തുറന്ന് പറയുന്ന ഒരാളുടെ ജീവിതം കേരളത്തിലെ കലാലയങ്ങളില്‍ എപ്രകാരമായിരിക്കും എന്ന ആശങ്കയോട് കൂടിയാണ് തനുവിനെ കാണാന്‍ പോയത്. മഹാരാജാസ് കോളേജില്‍ ഒന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ തനു ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് തന്റെ ലിംഗസ്വത്വം ആണ്‍ പെണ്‍ ദ്വന്ദ്വങ്ങളില്‍ നിന്ന് പുറത്താണെന്ന് പ്രഖ്യാപിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ ആയ മനുഷ്യരെ എല്ലാവിധ സ്വാഭാവികതയോടും കൂടി പൊതുജീവിതത്തിന്റെ ഭാഗമാക്കാന്‍ ഇന്നും പ്രാപ്തമായിട്ടില്ലാത്ത ഒരു ജനതയാണ് ഇവിടെയുള്ളത്. അതിന്റേതായ മാറ്റിനിര്‍ത്തലുകളും ചൂഷണവുമെല്ലാം സജീവമായി തന്നെ നടന്ന് പോരുന്നുണ്ട് താനും. പലരും വിദ്യാഭ്യാസ കാലഘട്ടത്തില്‍ സ്വത്വം മറച്ച് വെച്ച് പഠിക്കേണ്ടി വരുന്നത് സങ്കീര്‍ണ്ണമായ സമ്മര്‍ദ്ദങ്ങളും കളിയാക്കലുമൊക്കെ നേരിടേണ്ടി വരുമെന്നത് കൊണ്ടാണ്. ഇക്കാരണങ്ങളാല്‍ പഠനം നിര്‍ത്തിയവരുമുണ്ട് ഏറെ.

മഹാരാജാസ് കോളേജില്‍ തനിക്ക് ശേഷം ട്രാന്‍സ്‌ജെന്‍ഡര്‍ സ്വത്വം വെളിപ്പെടുത്തി ഒരാള്‍ പഠിച്ച് കൊണ്ടിരിക്കുന്നു എന്ന ദയാഗായത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തനുവിനെ കുറിച്ച് അറിയുന്നത്.

കഴിഞ്ഞ മാസം ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ ദയ മഹാരാജാസില്‍ പഠിച്ചിരുന്ന കാലത്തെ അനുഭവങ്ങള്‍ അവളെ കണ്ട ആദ്യ ദിവസം തന്നെ പറഞ്ഞിട്ടുണ്ട്. ഒട്ടും സന്തോഷം നിറഞ്ഞതല്ലാത്ത കളിയാക്കലിന്റെയും ഒറ്റപ്പെടലിന്റെയും ദിവസങ്ങള്‍. ശരീരഭാഷയോടും സംസാരശൈലിയോടുമുള്ള പുച്ഛം. പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ പോലും തന്നോട് ഇടപെട്ടതിലെ അനീതിയും തിരിച്ചറിവില്ലായ്മയും. അതിനെയൊക്കെ മറികടന്ന് മെട്രോയിലെ ജോലി നേടി, ശസ്ത്രക്രിയയിലൂടെ ആഗ്രഹിച്ച ശരീരമാറ്റത്തിലേക്ക് മാറി, അമ്മയുടെ അംഗീകാരവും കരുതലും നേടിയെടുത്ത് വിജയിച്ച് നില്‍ക്കുന്ന ഒരാളാണ് ദയയിപ്പോള്‍. ദയയുടെ കൂടെ കാക്കനാടുള്ള ഷെല്‍റ്റര്‍ ഹോമിലാണ് തനുവും താമസം.

തനുവിനെ കണ്ട് സംസാരിക്കേണ്ട കാര്യം പറഞ്ഞപ്പോള്‍ പിറ്റേന്ന് പോലീസ് സ്‌റ്റേഷനില്‍ വരുന്നുണ്ടെന്ന് ദയ. തനു ട്രാന്‍സ്‌ജെന്‍ഡര്‍ ആയെന്നും, ആരൊക്കെയോ ചേര്‍ന്ന് അവളെ പറഞ്ഞ് അതിലേക്ക് ചേര്‍ത്തിയതാണെന്നും പറഞ്ഞ് അവളുടെ അമ്മ കൊടുത്ത പരാതിയില്‍ പോലീസ് വിളിപ്പിച്ചിരിക്കുകയാണ്. ട്രാന്‍സ് വ്യക്തികളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതിന്റെയും മര്‍ദ്ദിച്ചതിന്റെയും ചരിത്രമുള്ള അതേ പോലീസ് ഉദ്യോഗസ്ഥരാണ് അകത്ത്. ഞാന്‍ ചെല്ലുന്ന സമയത്ത് സി.ഐ. പുറത്തിറങ്ങി. പുറകേ വന്ന തനു ക്ഷോഭിച്ച് കൊണ്ട് തന്റെ ഫോണ്‍ സി.ഐ കൈക്കലാക്കി എന്നറിയിച്ചു. അമ്മ വാങ്ങിത്തന്ന ഫോണല്ലേ എന്ന ന്യായത്തില്‍ അയാളത് അമ്മയ്ക്കാണ് കൈമാറിയത്. തന്റെ ഡാറ്റകളെങ്കിലും നീക്കം ചെയ്യാന്‍ സമ്മതിക്കണമെന്ന് തനു പറഞ്ഞതോടെ പോലീസുകാര്‍ മനസില്ലാ മനസ്സോടെ അല്‍പനേരത്തേക്ക് ഫോണ്‍ തനുവിന്റെ കയ്യില്‍ കൊടുത്തു.

സി.ഐ കഴിഞ്ഞ് എസ്.ഐ, അത് കഴിഞ്ഞ് റൈറ്റര്‍. യാതൊരു അടിസ്ഥാനവുമില്ലാത്ത, നിയമപരമായി നിലനില്‍ക്കാത്ത ഒരു പരാതിയുടെ പുറത്ത് ചര്‍ച്ച തന്നെ ചര്‍ച്ച. അമ്മയോടൊപ്പം പോകണം എന്നാണ് പോലീസുകാരുടേയും നിര്‍ദ്ദേശം. പതിനെട്ട് വയസ് പൂര്‍ത്തിയായ സര്‍ക്കാര്‍ കോളേജില്‍ പഠിക്കുകയും ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തിലുള്ള ഷെല്‍റ്റര്‍ ഹോമില്‍ താമസിക്കുകയും ചെയ്യുന്ന തനിക്ക് സ്വന്തം കാര്യം തീരുമാനിക്കാന്‍ അറിയാമെന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് തനു. കൂടെ ഉറച്ച പിന്തുണയോടെ മെട്രോ ജീവനക്കാരായ ദയയും തീര്‍ത്ഥയും. എന്റെ മോനെ നിങ്ങള്‍ കൊണ്ട് പോയി ഇങ്ങനെയാക്കിയെന്ന അമ്മയുടെ ദേഷ്യ പ്രകടനത്തോട് ‘ഞങ്ങള്‍ മതം മാറ്റിക്കുന്നവരെ പോലെ കൂട്ടത്തിലുള്ളവരുടെ എണ്ണം കൂട്ടാന്‍ നടക്കുകയല്ലെന്ന ഉറച്ച മറുപടിയും അവര്‍ നല്‍കി.

അവളില്ലെങ്കിൽ ഞാൻ ഇല്ല, ഞാൻ ഇല്ലെങ്കിൽ അവളുമില്ല

പോലീസ് സ്‌റ്റേഷനില്‍ എത്തിയ സമയം മുതല്‍ ഒരു കാര്യത്തെ കുറിച്ചാണ് തനു അസ്വസ്ഥതപ്പെട്ട് കൊണ്ടിരിക്കുന്നത്. അവിടെയുള്ള പോലീസുകാരെല്ലാം ‘എടാ’ എന്നാണ് അവളെ വിളിക്കുന്നത്. എന്നെ പുരുഷനായി അഭിസംബോധന ചെയ്യേണ്ട, സുപ്രീംകോടതി വിധി പ്രകാരം ഒരാള്‍ക്ക് അയാളെ വിളിക്കേണ്ട അഭിസംബോധന തിരഞ്ഞെടുക്കാന്‍ അവകാശം ഉണ്ട് എന്നൊക്കെ ആവര്‍ത്തിച്ച് പറയുന്നുണ്ട്. വാശി തീര്‍ക്കാനെന്ന പോലെ എടാ എന്നോ അവനെന്നോ മാത്രമേ പോലീസുകാര്‍ വിളിക്കുന്നുള്ളൂ. ഒടുക്കം ഇനി അങ്ങനെ വിളിച്ചാല്‍ താന്‍ ഒരു ചോദ്യത്തിനും ഉത്തരം പറയാനില്ലെന്ന് മുഖത്ത് നോക്കിപ്പറഞ്ഞ് അവള്‍ ആ മുറിയില്‍ നിന്നും ഇറങ്ങി നടന്നു. ഈ പോലീസുകാര്‍ക്കൊക്കെ എതിരെ താന്‍ പരാതി നല്‍കുമെന്ന് ചുണയോടെ വിളിച്ചു പറഞ്ഞു.

എല്ലാവരും കുക്കു എന്ന് വിളിക്കുന്ന ബിനീഷായിരുന്നു തനു. അച്ഛനും അമ്മയും തമ്മില്‍ പിരിഞ്ഞതോടെ പല ബന്ധുക്കളുടെ വീട്ടിലും ചില്‍ഡ്രന്‍സ് ഹോമിലുമൊക്കെയായി ചിലവഴിച്ച ബാല്യകാലം. അമ്മയുടെ ഒപ്പം പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അച്ഛനോടോപ്പമാണ് കോടതി വിട്ടത്.

ട്രാന്‍സ്‌ജെന്‍ഡര്‍ എന്നതിനെ പറ്റി ധാരണ ഉണ്ടായിരുന്നെങ്കിലും ആറാം വയസു തൊട്ടേ കളിയാക്കലുകള്‍ക്കൊരു കുറവുമുണ്ടായിരുന്നില്ല. ‘പെണ്ണാച്ചി’ എന്നുള്ള വിളികള്‍.

പെണ്‍കുട്ടികളോട് കൂട്ടുകൂടുന്നതിനും പെണ്‍കുട്ടികളെ പോലെ സംസാരിക്കുന്നതിനും ഉണ്ടാകുന്ന പരിഹാസം. ക്ലാസ് മുറിയില്‍ ആണെങ്കിലും സംസാരത്തിലെ നീട്ടലിനേയും ശരീരഭാഷയേയും ഒക്കെ കുറിച്ച് ഉന്നം വെച്ചു കൊണ്ട് ടീച്ചര്‍മാരും പറഞ്ഞ് കൊണ്ടിരിക്കും. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്വന്തം ബന്ധുവിന്റെ ഭാഗത്തു നിന്നുമുള്ള ശാരീരിക പീഡനമുണ്ടായി. അത് തുറന്ന് പറഞ്ഞിട്ടും ആരും മനസിലാക്കാനോ വിശ്വസിക്കാനോ പോലും തയ്യാറാകാത്ത, അത്രയും അരക്ഷിതമായൊരു കുട്ടിക്കാലത്തെയാണ് തനു ഓര്‍ത്തെടുക്കുന്നത്.

സൂര്യയും ഇഷാനും ഒന്നാകുന്നു; നിയമവിധേയ ട്രാൻസ്‌ജെൻഡർ വിവാഹത്തിന് തുടക്കമിടാനൊരുങ്ങി കേരളം

പ്ലസ് വണ്‍ കാലത്താണ് ട്രാന്‍സ്‌ജെന്‍ഡര്‍ എന്നൊരു അവസ്ഥയെ കുറിച്ച് ആദ്യമായി അറിയുന്നത്. എല്ലാവരും ഒമ്പതെന്ന് കളിയാക്കുമെങ്കിലും താനതില്‍ പെടുന്നതാണെന്നോ അങ്ങനെ ഒരുപാട് പേര്‍ ലോകത്തുണ്ടെന്നോ ഒക്കെ മനസ്സിലാകുന്നത് ഒരു മാഗസിന്റെ മുഖച്ചിത്രം കണ്ടപ്പോഴാണ്. വനിതയുടെ കവര്‍ച്ചിത്രമായി വന്ന ദീപ്തി കല്യാണിയുടെ ഫോട്ടോ. ബിനീഷായി ജീവിച്ചിരുന്ന തനുവിലേക്ക് പുതിയ എന്തോ ഒരു ഊര്‍ജ്ജമാണ് അത് നിറച്ചത്. എപ്പോഴും അതിലേക്ക് നോക്കിയിരിക്കുന്ന ഒരു കുട്ടി. ദീപ്തി ആന്ധ്രപ്രദേശിലേക്ക് കുടിയേറിയ കഥയൊക്കെ വായിച്ച് ആന്ധ്രയില്‍ പോയാല്‍ എനിക്കും ഇങ്ങനെയാകാന്‍ പറ്റുമോ എന്നാണ് ബിനീഷിന്റെ ചിന്ത.

അന്ന് ബിനീഷിന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ് തനു. എല്ലാ കാര്യങ്ങളും പറയുന്ന, കളിയാക്കാത്ത സുഹൃത്ത്. അവളാണ് ആദ്യമായി നീയെന്താ ഇങ്ങനെ എന്നൊരു ചോദ്യം ചോദിക്കുന്നത്. എന്തിനാ ചുണ്ട് കോട്ടി പെണ്‍കുട്ടികളെ പോലെ കുശുമ്പ് ആംഗ്യം കാട്ടുന്നത് എന്നാണ് അവളുടെ ചോദ്യം. അവളോട് ട്രാന്‍സ് ജെന്‍ഡര്‍ എന്ന അവസ്ഥ ഉണ്ടെന്നും ഞാന്‍ അങ്ങനത്തെ ആളാകാന്‍ സാധ്യതയുണ്ടെന്നും അന്നത്തെ ചെറിയ ധാരണയില്‍ പറഞ്ഞു കൊടുത്തു. അക്കാലത്ത് ടിവിയിലെ ഒരു നൃത്തമത്സരത്തില്‍ വന്ന ജാസ് ഡിസൂസ എന്ന ട്രാന്‍സ് വുമണെ കണ്ടിരുന്നു. ”അന്നൊക്കെ കയ്യിലൊരു മൊബൈല്‍ വന്ന് പെട്ടാല്‍ ഞാന്‍ തിരയുക ജാസ് ഡിസൂസയുടെ വിശേഷങ്ങളാണ്. അങ്ങനെയാണ് ട്രാന്‍സിനെ പറ്റി കുറേക്കൂടി അറിയുന്നത്.”

നെന്മാറ എന്‍എസ്എസ്‌കോളേജ് പ്രിന്‍സിപ്പലിന്റെ സദാചാര പോലീസിംഗ്; പഠനം വഴിമുട്ടി ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥി

മഹാരാജാസില്‍ പഠിക്കാന്‍ ചേരുമ്പോള്‍ ആണ്‍കുട്ടിയായാണ് അഡ്മിഷന്‍ എടുത്തത്. ജീവിതത്തെ മാറ്റി മറിച്ച തിരിച്ചറിവുകളുടെ കാലമാണ് അന്ന് മുതല്‍. അതിന്റെയൊക്കെ ഫലമായി ബിനീഷ് തനുവിലേക്കെത്തുമ്പോള്‍ മഹാരാജാസ് കോളേജിലെ ഫോമുകളില്‍ ആണ്‍,പെണ്‍ എന്നതിനൊപ്പം ട്രാന്‍സ് ജെന്‍ഡര്‍ കോളം കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു.

പുല്ലേപ്പടിയിലെ മുറിയിലേക്ക് രാത്രി നടക്കുമ്പോള്‍ വഴിയില്‍ കണ്ട ട്രാന്‍സ് സ്ത്രീകള്‍ തനുവിനെ ഭ്രമിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത് കൊണ്ടിരുന്നു. മഹാരാജാസില്‍ എത്തിയപ്പോഴും അവള്‍ പതിവ് പോലെ പെണ്‍കുട്ടികളോടാണ് കൂട്ട് കൂടിയിരുന്നതും മിണ്ടിയിരുന്നതും. ആണ്‍കുട്ടികള്‍ക്കെപ്പോഴും അത് സംശയമാണ്. അവരുടെ വിചാരം പെണ്‍കുട്ടികളോട് പഞ്ചാരയടിക്കുന്ന ‘കോഴി’യാണെന്നാണ്.

അക്കാലത്ത് മുറിയിലിരുന്ന് ബിനീഷ് എപ്പോഴും ആലോചിക്കുന്നത് തന്റെ സ്വത്വത്തെ കുറിച്ചാണ്. പിന്നെ ഫേസ്ബുക്കില്‍ കയറി പല ട്രാന്‍സ് വ്യക്തികളുടേയും പ്രൊഫൈല്‍ വായിച്ച് നോക്കും. പലരും എഴുതിയതും പുസ്തകങ്ങളും ഒക്കെ വായിച്ചതോടെ താനെന്താണെന്ന കാര്യത്തില്‍ കൂടുതല്‍ തെളിച്ചം കിട്ടി വരികയായിരുന്നു.

മഹാരാജാസ് ഹോസ്റ്റലിലേക്ക് മാറിയതോടെ ശരീരവും അതിന്റെ അതുല്യതയുമൊക്കെ കൂടുതല്‍ വിഷമിപ്പിക്കുന്ന ബാധ്യതയാകാന്‍ തുടങ്ങുകയായിരുന്നു. ഹോസ്റ്റലിന്റെ പതിവനുസരിച്ച് ഏറ്റവും കുറച്ച് വസ്ത്രമിടാമോ അത്രയും നല്ലത്. പൂര്‍ണ നഗ്നനായി കുളിക്കണമെന്നാണ് അവിടത്തെ അലിഖിത നിയമം. ആരെങ്കിലും ഒന്ന് ചാടിനോക്കിയാല്‍ അകം കാണാവുന്ന കുളിമുറിക്കകത്ത് അങ്ങനെ നില്‍ക്കാന്‍ ബിനീഷ് ബുദ്ധിമുട്ടി. ഹോസ്റ്റലിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ പരിചയപ്പെടല്‍ കാലത്ത് അടിവസ്ത്രത്തില്‍ നിര്‍ത്തി ചെയ്യിക്കുന്ന കസര്‍ത്തുകളും, പരസ്യമായി സ്വയംഭോഗം ചെയ്ത് കാണിക്കാന്‍ ആവശ്യപ്പെടുന്ന ക്രൂരമായ തമാശകളുമൊക്കെ അവളെ കൂടുതല്‍ കൂടുതല്‍ അരക്ഷിതത്വത്തിലാക്കി. ഈ വക പരിപാടികള്‍ നടക്കുന്ന സമയത്തൊക്കെ അസുഖം അഭിനയിക്കുകയോ ഒളിച്ചിരിക്കുകയോ ആണ് പതിവ്.

ഞങ്ങള്‍ തൊഴിലെടുത്ത് ജീവിച്ച് കാണിക്കും; കൊച്ചി മെട്രോയില്‍ നിയമനം കിട്ടിയ ട്രാന്‍സ്‌ജെന്‍ഡര്‍ രാഗ രഞ്ജിനി

എന്നിട്ടും ഒരു ദിവസം അവരുടെ മുന്നില്‍ പെട്ടു. മഹാരാജാസ് കോളേജ് ഹോസ്റ്റലിന്റെ പൂര്‍ണമായ പേര് പറയണമെന്ന് ആവശ്യം. മഹാരാജാസ് കോളേജ് രാമവര്‍മ്മ മെന്‍സ് ഹോസ്റ്റല്‍ എന്ന് മറുപടി കൊടുത്തതോടെ സ്ഥാപിത വര്‍ഷം പറയണമെന്നായി. അല്ലെങ്കില്‍ പുറത്ത് ബോര്‍ഡില്‍ പോയി നോക്കി വരാന്‍. പൂര്‍ണ്ണനഗ്‌നനായി കൈ വെച്ച് ദേഹം മറച്ച് ഗേറ്റ് വരെ പോയി വന്നു. ഉടലിന്റെ ആ അനാവൃതമാകല്‍ ഹോസ്റ്റലിനകത്തെ മറ്റ് ആണ്‍കുട്ടികളെ പോലെ നിസാരമായിരുന്നില്ല ബിനീഷിന്.

കാര്യങ്ങളെ കുറിച്ച് ബോധ്യമുണ്ടായിരുന്ന കോളേജിലെ തന്നെ ചില സുഹൃത്തുക്കളാണ് കൊച്ചിയിലുള്ള ട്രാന്‍സ് ജെന്‍ഡറുകളെ കാണാന്‍ തനുവിനെ കൊണ്ട് പോകുന്നത്. തനിക്ക് മുമ്പ് മഹാരാജാസില്‍ പഠിച്ച ദയയെ കാണാനായിരുന്നു തനുവിന് കൊതി. അന്ന് അവിടെ കണ്ടവരോടാക്കെ മിണ്ടിയും പറഞ്ഞും നിന്ന സമയം അവളുടെ പരിവര്‍ത്തനത്തിലേക്ക് കൂടി വഴി തെളിക്കുന്നതായി. എന്താണ് തന്റെ സ്വത്വമെന്ന് ആലോചിച്ച് തീരുമാനിക്കണം, എടുത്ത് ചാടി ഒന്നും ചെയ്യരുത് എന്ന് ഉപദേശിച്ചത് ദയയാണ്.

താനനുഭവിച്ച അവസ്ഥകളിലൂടെ തനു കടന്ന് പോകുന്നത് ദയക്ക് അത്രമേല്‍ മനസ്സിലാകുമായിരുന്നു. ബെല്ലടിച്ചതിന് ശേഷം എല്ലാവരും ക്ലാസിലെത്തി കഴിഞ്ഞ് പുറത്ത് ചാടി ആണ്‍കുട്ടികളുടെ ടോയ്‌ലറ്റിലേക്ക് പോകുന്നത് പോലും. അടിവയറ്റില്‍ മൂത്രം കെട്ടിനിന്ന് വേദന പൊട്ടുമ്പോള്‍ പോലും ആണ്‍കുട്ടികള്‍ക്കിടയിലൂടെ അവിടെ കയറി മൂത്രം കളയാനാകാതെ അവര്‍ രണ്ട് പേരും എവിടെയെങ്കിലും അമര്‍ന്നിരുന്നിട്ടുണ്ട്. ബെല്ലടിച്ച സെക്കന്റില്‍ വേറാരും എത്തുന്നതിന് മുമ്പേ അങ്ങോട്ട് ഓടാറുണ്ട്.

ഞാനും ഭിക്ഷ യാചിച്ചിട്ടുണ്ട്, ജീവിക്കാന്‍ വേണ്ടി; കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭകയാകാന്‍ തൃപ്തി

തനു തന്റെ ട്രാന്‍സ് സ്വത്വം വെളിപ്പെടുത്തിയതിന് ശേഷം ദയയുടെ നേതൃത്യത്തില്‍ ആദ്യം ചെയ്തത് മഹാരാജാസില്‍ ഒരു ക്വിയര്‍ ഫ്രണ്ട്‌ലി ടോയ്‌ലറ്റ് ആവശ്യപ്പെടുകയാണ്. ആളുകള്‍ വിചാരിക്കും എന്താ ഏതെങ്കിലും സഥലത്ത് പോയാല്‍ പോരേ, അതിന് പ്രത്യേക ഇടം എന്തിനാണെന്ന്. പക്ഷേ ആണുങ്ങളുടെ കൂടെ അവരുടെ ടോയ്‌ലറ്റില്‍ പോകുന്നതിന്റെ അസ്വസ്ഥതകള്‍ വിവരിക്കാനാകില്ലെന്ന് ദയയും തനുവും പറയുന്നു. എന്തായാലും കൗണ്‍സില്‍ തീരുമാനം അനുകൂലമായാല്‍ ഒരു പക്ഷേ കേരളത്തിലാദ്യമായി ഒരു കലാലയം ക്വിയര്‍ സൗഹാര്‍ദ്ദപരമായ ഒരു ടോയ്‌ലറ്റ് നിര്‍മിക്കും. ഏറ്റവും ന്യുനപക്ഷത്തെ പോലും പരിഗണിക്കുക എന്നത് എത്രമേല്‍ മനോഹരമായിരിക്കും.

കേരളത്തിലെ പൊതുവിടത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ കമ്മ്യുണിറ്റി ദൃശ്യമാകാന്‍ തുടങ്ങിയിരിക്കുന്നതിന്റെ ഗുണങ്ങള്‍ തനുവിനും കിട്ടുന്നുണ്ട്. കോളേജ് യൂണിയന്‍ കൂടെയുണ്ട്. പ്രിന്‍സിപ്പല്‍ പിന്തുണ നല്‍കുന്നുണ്ട്. ലിംഗസ്വത്വം തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുന്നവരോട് തന്റെ സ്വത്വം തീരുമാനിക്കാന്‍ തനിക്കുള്ള അവകാശത്തിന് ആരുടെയെങ്കിലും സാക്ഷ്യപ്പെടുത്തല്‍ ആവശ്യമില്ലെന്ന് ഓര്‍മിപ്പിക്കാനുന്നുണ്ട്.

എങ്കിലും തനുവിന് താമസിക്കാന്‍ കോളേജ് ഹോസ്റ്റലില്ല. മെന്‍സ് ഹോസ്റ്റലില്‍ വെച്ച് ലൈംഗിക പീഡനത്തിനുള്ള ശ്രമമുണ്ടായതോടെയാണ് അവിടെ ഇനി താമസിക്കാനാകില്ലെന്ന് ഉറപ്പിച്ചത്. ഇപ്പോള്‍ കാക്കനാടുള്ള ഷെല്‍റ്റര്‍ ഹോമില്‍ പത്ത് ട്രാന്‍സ് സ്ത്രീകള്‍ക്കൊപ്പമാണ്. അവരവിടെ ഭക്ഷണമുണ്ടാക്കി കഴിക്കുന്നു. മുറ്റത്തിറങ്ങി കളിക്കുന്നു. കളഞ്ഞ് പോയ വീടിന്റെ അന്തരീക്ഷം തിരിച്ചു പിടിക്കുകയാണ്. ഏത് നിമിഷവും ഇറക്കി വിടുന്ന, പോലീസുകാര്‍ കയറി വന്ന് പിടിച്ച് കൊണ്ട് പോകുന്ന, കയ്യിലുള്ള പൈസ മുഴുവന്‍ വാടക കൊടുക്കേണ്ടുന്ന ലോഡ്ജ് വാസത്തിലെ അസ്വസ്ഥതകളില്ലാതെ.

മലയാള സിനിമയില്‍ ഇനി ട്രാന്‍സ് പ്രണയങ്ങള്‍ വരട്ടെ; ആഭാസത്തെ കുറിച്ച് ശീതള്‍ ശ്യാം/ അഭിമുഖം

അഭിമാന പ്രശ്‌നത്തിന്റെ പേരില്‍ അമ്മ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുമ്പോള്‍ അതിന് വഴങ്ങി പഴയ അരക്ഷിതത്വത്തിലേക്ക് തിരിച്ച് പോകാന്‍ തനു ഒരുക്കമല്ല. ഡിഗ്രി പൂര്‍ത്തിയാക്കണമെന്നത് ഉറച്ച തീരുമാനമാണ്. അമ്മ വന്ന് പ്രശ്‌നം ഉണ്ടാക്കിയാല്‍ അഡ്മിഷനെ ബാധിക്കുമോ എന്ന പേടിയേ ഉള്ളൂ.

പോലീസ് സ്‌റ്റേഷനില്‍ നിന്നിറങ്ങി നടക്കുമ്പോള്‍ ദയയും തീര്‍ത്ഥയും പറഞ്ഞ ഒരു കാര്യമുണ്ട്. ”ഏതെങ്കിലും പോലീസുകാര്‍ ഞങ്ങളെ എടാ എന്ന് വിളിച്ച് സംസാരിച്ചെന്നിരിക്കട്ടെ. പിന്നീടുള്ള വര്‍ത്തമാനത്തില്‍ കൂടെക്കൂടെ ഞങ്ങളാ പോലീസുകാരനെ മാഡം എന്നങ്ങ് വിളിച്ചേക്കും. അയാള്‍ ദേഷ്യപ്പെടുമ്പോള്‍ ഇത് തന്നെയാ ഞങ്ങളെ എടാ എന്നോ അവനെന്നോ വിളിക്കുമ്പോള്‍ ഞങ്ങള്‍ക്കും തോന്നുക എന്ന് പറയും.”

അതെ, ഭൂരിപക്ഷമായിരിക്കുന്നതിന്റെ സര്‍വ്വ ഹുങ്കോടും കൂടി ഓരം ചേര്‍ത്ത് നിര്‍ത്തിയ ഒരു സമൂഹം കലഹിച്ചും പ്രതിരോധിച്ചും മുന്നിലേക്കോടിയും കുറിക്ക് കൊള്ളുന്ന മറുപടികളോടെ ജീവിച്ച് കാണിക്കുകയാണ്.

ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ ജീവിതം; അല്ല, പോരാട്ടം

പല മോഡലുകളും ജോഡിയായി നിൽക്കാൻ വിസമ്മതിച്ച കരാള്‍ക്കടയുടെ സൂപ്പര്‍ മോഡല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍