UPDATES

ട്രെന്‍ഡിങ്ങ്

പാവറട്ടിയിലെയും കമ്മട്ടിപ്പാടത്തിലെയും വിനായകന്മാര്‍; ജാതിഭാരത്താല്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ നാട്ടിലാണ് ഈ സ്വാതന്ത്ര്യാഘോഷം

ഭരണകൂടത്തിന്റെയും ജാതിയുടെയും ഭീകരതക്ക് ഇരയാകേണ്ടി വന്ന പതിനായിരങ്ങളെ കുറിച്ച് ഓര്‍മ്മ പുതുക്കലിനുള്ള അവസരം കൂടിയാണ് ഓരോ സ്വാതന്ത്ര്യ ദിനവും

അര്‍ദ്ധരാത്രിയിലാണത്രേ സ്വാതന്ത്രം ലഭിച്ചത്. ചില്ലു പാത്രത്തില്‍ വച്ച് നീട്ടേണ്ട ഒന്നാണോ സ്വാതന്ത്രം എന്ന ചോദ്യം നിലനിര്‍ത്തി കൊണ്ട് തന്നെ വിഭജനത്തിന്റെ ബഹളങ്ങളില്ലാത്ത മറ്റൊരു രാത്രിയിലാണ് ഇതെഴുതുന്നത്. തൊട്ട് മുന്‍പ് റോഡിലൂടെ മഴ നനഞ്ഞു നടന്ന വരുമ്പോള്‍ ഒരു പോലീസ് ജീപ്പ് വന്നു നിന്നിരുന്നു. സൗഹൃദ ഭാഷണം നടത്തി അവരങ്ങ് പോയി. ദിവസങ്ങള്‍ക്ക് മുന്‍പ് ഇത് പോലൊരു പോലീസ് വാഹനം തൃശൂര്‍ പാവറട്ടിയില്‍ വിനായകനെന്ന പത്തൊമ്പതു വയസ്സുകാരനെ തേടി വന്നിരുന്നു. അത് പക്ഷെ കേവല സൗഹൃദ ഭാഷണത്തില്‍ നില്‍ക്കാതെ സ്റ്റേഷനിലേക്കും വിനായകന്റെ ആത്മഹത്യയിലേക്കുമെത്തി. മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലം ജില്ലയിലെ കുണ്ടറ കുഞ്ഞുമോനെന്ന യുവാവിന്റെ ജീവിതം അവസാനിച്ചത് പോലീസ് സ്റ്റേഷനിലെ നാല് ചുമരുകള്‍ക്കുള്ളിലായിരുന്നു. പാവറട്ടിയില്‍ വിനായകനും കുണ്ടറയിലെ കുഞ്ഞുമോനും പൊതുവായ ഒരു സ്വത്വവും ജീവിത സാഹചര്യങ്ങളുമുണ്ട്. ജന്മം കൊണ്ട് ലഭിക്കുന്ന എടുത്താല്‍ പൊങ്ങാത്ത ജാതിഭാരമാണത്. ആയിരം കൊല്ലത്തെ വിഴുപ്പ് ചുമന്നതിന്റെ നീണ്ട ചരിത്രമുണ്ടതിന്. പാവറട്ടിയില്‍ വിനായകന് ദളിത് സ്വത്വത്തിന്റെ പേരില്‍ നഷ്ടമായത് സ്വന്തം ജീവനാണെങ്കില്‍ കമ്മട്ടിപ്പാടത്തെ വിനായകന് തനിക്ക് അര്‍ഹതപ്പെട്ട അംഗീകാരം പിടിച്ച് പറിക്കുന്നതിന് നീണ്ട പതിനെട്ട് വര്‍ഷത്തിലധികം സമയം വേണ്ടി വന്നു.

‘പുലയന്മാരെ ഇവിടെ ജീവിക്കാന്‍ അനുവദിക്കില്ല’ എന്ന് പറഞ്ഞാണ് തിരുവനന്തപുരം കഠിനംകുളം എസ് ഐ ഹേമന്ത് കുമാര്‍ ദളിതനായ കഠിനംകുളം സ്വദേശി സജിത്തിന്റെ കൈ ചവിട്ടി ഒടിച്ചത്, വസ്ത്രം അഴിപ്പിച്ച് നിലത്ത് കിടത്തി അടിവയറിനും നെഞ്ചിനും ചവിട്ടിയാണു പോലീസുകാരന്‍ സജിത്തിനെ ആക്രമിച്ചത്. കൊല്ലം അഞ്ചാലും മൂട് സ്വദേശിയായ രാജീവിനെയും ഷിബുവിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്ത് കോടതിയില്‍ പോലും ഹാജരാക്കാതെ 5 ദിവസമാണ് പോലീസ് മര്‍ദ്ദിച്ചത്. സംഭവത്തെ കുറിച്ച് രാജീവ് പറഞ്ഞത് ഇങ്ങനെയായിരുന്നു- ‘ചെന്ന ഉടനെ തന്നെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി, പൂര്‍ണ്ണ നഗ്‌നനാക്കിയായിരുന്നു മര്‍ദ്ദനം, തലക്ക് ശക്തമായി മാറി മാറി ഇടിച്ചു, മുളകൊണ്ടുള്ള പീഢന ഉപകരണം കൈവിരലുകള്‍ക്കിടയില്‍ കയറ്റി ശക്തമായി ഞെരിച്ചു, രാജീവിന്റെ വിരലുകള്‍ നീരു വന്ന് ചീര്‍ത്തിരുന്നു, പോലീസുകാര്‍ വട്ടം ഇരുന്നിട്ട് ഒരാള്‍ കാലില്‍ ചവിട്ടി പിടിച്ചു മറ്റ് രണ്ട് പേര്‍ കൈ പിടിച്ച് തിരിച്ച് വച്ചശേഷം മസിലുകളില്‍ നിര്‍ത്താതെ ഇടിച്ചു, മുതുകത്ത് ചവിട്ടിയാണു ലോക്കപ്പിലേക്ക് വീഴ്ത്തിയത്, കാലുകള്‍ കവച്ച് വെച്ചശേഷം ഒരാള്‍ കാലുകള്‍ ചവിട്ടി പിടിച്ചു മറ്റുള്ളവര്‍ ജനനേന്ദ്രിയത്തില്‍ ആഞ്ഞടിക്കുകയും ക്ലിപ്പിട്ട് വലിക്കുകയും ചെയ്തു, കസ്റ്റഡിയില്‍ ഇരുന്ന അഞ്ച് ദിവസവും ഈ മര്‍ദ്ദനങ്ങള്‍ തുടര്‍ന്നു.’

2016 ജുലൈ ഒന്നിന് കള്ളപരാതിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ എടുത്ത ഇടകൊച്ചിയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറായ സുരേഷിനെ എറണാകുളം ഹാര്‍ബര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത് നടു ചവിട്ടി ഒടിച്ചു. സുരേഷ് ഇപ്പോഴും തുടര്‍ ചികില്‍സയിലാണുള്ളത്. ആശുപത്രിയില്‍ സുരേഷിനെ സന്ദര്‍ശിച്ച പോലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്‍മ്മാന്‍ ജസ്റ്റിസ് നാരായണകുറുപ്പ് ഉത്തരവാദികളായ എസ് ഐ മാരായ ‘ജോസ് സാജന്‍, പ്രകാശന്‍ എന്നിവരെയും കോണ്‍സ്റ്റബിള്‍ രാജീവിനെയും സര്‍വ്വീസില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2016 സെപ്റ്റംബര്‍ 25 പാലാരിവട്ടം ജനമൈത്രി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ 6 അംഗ കുടുംബത്തിന്റെ ഏക അത്താണിയായ സുരേഷ് എന്ന 19 വയസുകാരന്‍ ദളിത് യുവാവിനെ മര്‍ദ്ദിച്ചവശനാക്കി, വെല്‍ഡിംഗ് തൊഴിലാളിയായ സുരേഷിന്റെ പരാതി അന്വേഷിച്ച ജസ്റ്റിസ് നാരായണകുറുപ്പ് പറഞ്ഞത് ‘ഇത് ജനമൈത്രി പോലീസല്ല ജനദ്രോഹി പോലീസ്’ ആണെന്നാണ്.

2016 സെപ്റ്റംബര്‍ 26-ന് മുവാറ്റുപുഴ പോലീസ് സ്റ്റേഷനില്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ പ്രദീഷിനെ കസ്റ്റഡിയില്‍ എടുത്ത എസ്ഐ യും 6 പോലീസുകാരും ചേര്‍ന്ന് മര്‍ദ്ദിച്ചവശനാക്കി കണ്ണിലും രഹസ്യഭാഗങ്ങളിലും പച്ചമുളക് അരച്ച് തേക്കുകയായിരുന്നു, കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ തിളച്ച വെള്ളം തലയിലൊഴിക്കുകയും പുറത്ത് പറഞ്ഞാല്‍ കൊന്ന് റെയില്‍ ട്രാക്കിലിടുമെന്നും ഭീഷണിപ്പെടുത്തി. 2016 സെപ്റ്റംബര്‍ 19-ന് കൊല്ലം ശൂരനാട് പോലീസ് സ്റ്റേഷനില്‍ ദളിത് യുവാവായ ബിനുവിനെ എസ്ഐ പ്രജുവും പോലീസുകാരും ചേര്‍ന്ന് മര്‍ദ്ദിച്ചു. ജോലികഴിഞ്ഞ് മടങ്ങവേ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസാണ് ബിനുവിനെ കസ്റ്റഡിയില്‍ എടുത്തത്. 2016 സെപറ്റംബര്‍ 24 തായ്ക്കാട്ടുകര ചേരാട്ടുപറമ്പില്‍ ശെല്‍വന്‍ എന്ന ഓട്ടോ ഡ്രൈവര്‍ കഞ്ചാവ് മാഫിയ വെട്ടി പരിക്കേല്‍പ്പിച്ചയാളെ ആശുപത്രിയിലെത്തിച്ചതിനാണ് കളമശേരി പോലീസ് സ്റ്റേഷനില്‍ മര്‍ദ്ദന്മേറ്റത്. 2016 സെപറ്റംബറില്‍ തന്നെയാണ് പറവൂര്‍ പട്ടണം കണ്ണാട്ടുപാടത്ത് മോഹനന്‍ എന്ന 61 വയസുകാരനും പോലീസുകാരാല്‍ മര്‍ദ്ദിക്കപ്പെട്ടത്. 2016 ജൂലൈയില്‍ തൊഴിലാളിയും ദളിതനുമായ കുട്ടമ്പുഴ സ്വദേശി ഷിജോ മോന്‍ എന്ന യുവാവിനെ അങ്കമാലി പോലീസാണു മര്‍ദ്ദിച്ചവശനാക്കിയത്.

സെപ്റ്റംബര്‍ 18 ന് മലപ്പുറം ജില്ലയിലെ വണ്ടൂര്‍ പോലീസ് സ്റ്റേഷനില്‍ ലത്തീഫ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. ഒക്ടോബര്‍ 9-ന് തമിഴ്നാട് സേലം സ്വദേശി കാളിമുത്തു തലശേരി പോലീസിന്റെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു, ഒക്ടോബര്‍ 7-ന് കസ്റ്റഡിയില്‍ എടുത്ത കാളിമുത്തുവിനെ രണ്ട് ദിവസമായിട്ടും കോടതിയില്‍ ഹാജറാക്കിയിരുന്നില്ല. കൊല്ലത്ത് ബൈക്ക് യാത്രികനായ സന്തോഷ് ഫെലിക്‌സിനെ വയര്‍ലസ് സെറ്റ് കൊണ്ടടിച്ച് ചെവിയുടെ കേള്‍വി ശക്തി കളഞ്ഞത് മാഷ് ദാസ് എന്ന പോലീസുകാരനാണ്. 2016 ജൂലൈ മാസത്തില്‍ തന്നെയാണ് കൊല്ലം സ്വദേശി പൂര്‍ണ്ണ എറണാകുളം സ്വദേശി ആയിഷ എന്നീ ട്രാന്‍സ് ജെന്റേഴ്‌സിനെ എറണാകുളത്ത് വെച്ച് 15 ഓളം വരുന്ന പോലീസുകാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഇത് കഴിഞ്ഞു കൃത്യം ഒരു പൂര്‍ത്തിയായപ്പോള്‍ പതിനഞ്ചോളം ട്രാന്‍സ് യുവതികളെ എറണാകുളം സെന്‍ട്രല്‍ സി ഐ ആനന്ദ ലാലിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചു.കസ്റ്റഡിയിലായ ഇവര്‍ വെള്ളം ചോദിച്ചപ്പോള്‍ കക്കൂസ് കാണിച്ച് കൊടുത്തതാണ് പോലീസ് മാതൃകയായത്.ഈ രണ്ടു സംഭവങ്ങള്‍ക്കിടയില്‍ തൃശൂര്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ട്രാന്‍സ് വിഭാഗത്തിന്റെ നേരെ ഉണ്ടായ അതിക്രമം കൂടി കണക്കിലെടുത്താല്‍ ട്രാന്‍സ്ജെന്‍ഡര്‍ നയം പ്രഖ്യാപിച്ചിട്ടുള്ള ഒരു സംസ്ഥാനത്ത് ഭരണകൂടത്തിന്റെ തന്നെ ഭാഗമായ പോലീസ് ഈ വിഭാഗത്തോട് കാണിക്കുന്ന വിവേചനങ്ങളും ഏകദേശ രൂപം മനസ്സിലാകും.

"</p

തൃപ്പൂണിത്തുറ സ്വദേശിയായ ദളിത് യുവതി സുനിത ബാബുവിന്റെ ആത്മഹത്യക്ക് കാരണക്കാരായ എസ് ഐ പിആര്‍ സന്തോഷ് ജനകീയ സമരത്തെ തുടര്‍ന്ന് സ്ഥലം മാറ്റം കിട്ടി മരട് സ്റ്റേഷനില്‍ എത്തിയിട്ട് അവിടെ വെച്ച് സുഭാഷ് എന്ന ചെറുപ്പകാരനെ മര്‍ദ്ദിച്ച് അവശനാക്കി മരണത്തിലേക്ക് തള്ളിവിട്ടു. കോട്ടയം മരങ്ങാട്ടു പള്ളിയില്‍ സിബി എന്ന ദളിത് യുവാവിനെ മര്‍ദ്ദിച്ച് കൊന്ന എസ് ഐ ജോര്‍ജ്ജ് കുട്ടിക്കെതിരെ ജസ്റ്റിസ് നാരായണകുറുപ്പ് നടപടി ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. വൈപ്പിന്‍ നായരമ്പലത്ത് ശിവപ്രസാദ് എന്ന ദളിത് യുവാവിനെ മര്‍ദ്ദിച്ച എസ് ഐ അനൂപിനെ അങ്കമാലിയിലേക്ക് സ്ഥലം മാറ്റിയെങ്കിലും അവിടെയും ദളിത് ബാലനെ മര്‍ദ്ദിച്ച് അയാള്‍ അക്രമം തുടര്‍ന്നു നടപടി ഒന്നും ഉണ്ടായില്ല. ചുരുങ്ങിയ സമയം കൊണ്ട് എഴുതി തീര്‍ക്കാന്‍ കഴിയുന്നതല്ല കേരള പോലീസ് ഈ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ചെയ്ത് കൂട്ടിയത്. പരാതികള്‍ സ്വീകരിക്കാതെയും പരാതികളില്‍ നടപടി എടുക്കാതെയും പെരുമ്പാവൂരിലെ ജിഷയെ പോലെ ഒരുപാട് പേരെ ഈ പോലീസ് കൊന്നിട്ടുണ്ട് . പാവറട്ടിയിലെ പോലീസ് സ്റ്റേഷനിനകത്ത് മുടിവലിച്ച് പറിക്കപ്പെട്ട് മുലഞ്ഞെട്ടും വൃക്ഷണവും ഞെരിച്ചുടക്കപ്പെട്ട് മരണത്തിലേക്ക് പോയ വിനായകന്‍ ഇതില്‍ അവസാനത്തേതല്ല ഇനിയും വിനായകന്മാരും ജിഷമാരും ഉണ്ടാകും.

ലോക്കപ്പിനും പുറത്തും നടക്കുന്ന പോലീസ് മര്‍ദ്ദനത്തിന്റെ അമ്പരപ്പിക്കുന്ന കഥകള്‍ (അതെ നമുക്കിത് വെറും കഥകളാണ്, നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ടുകഥകളാണെന്നു പറഞ്ഞത് കഥാകാരന്‍ ബെന്യാമിനാണെന്ന് തോന്നുന്നു) പറഞ്ഞ വന്നപ്പോള്‍ കോഴിക്കോട് നളന്ദ ഹോട്ടലില്‍ വെച്ച് മുന്‍ ഗുജറാത്ത് ഡി ജിപി ആര്‍ ബി ശ്രീകുമാര്‍ പറഞ്ഞ ഒരു വാചകം ഓര്‍മ്മ വന്നു ‘സ്റ്റേറ്റ് എന്നത് അനിവാര്യമായ തിന്മയാണെന്ന്’ അദ്ദേഹം പറഞ്ഞു നിര്‍ത്തിയപ്പോള്‍ സ്റ്റേറ്റിനെ കുറിച്ച് അന്ന് വരെ കേട്ടതില്‍ വെച്ച് മനോഹരമായൊരു വാക്കായിട്ടാണ് തോന്നിയത്. ഓര്‍ത്ത് നോക്കിയാല്‍ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളെ മര്‍ദ്ദിക്കാനുള്ള സ്വാതന്ത്ര്യം കൈവെള്ളയില്‍ വെച്ച് തന്നിട്ടാണ് ബ്രിട്ടിഷുകാര്‍ നാല്പതുകളുടെ അവസാനത്തില്‍ സ്ഥലം വിട്ടത്. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിലെ ദളിതരും മുസ്ലിംകളും ഉള്‍പ്പെടുന്ന ഒരു വലിയ ജന വിഭാഗം നേരിടേണ്ടി വന്ന നീതികേടിന്റെയും വിവേചനകളുടെയും കണക്ക് പുസ്തകം എഴുതേണ്ടി വന്നാല്‍ അത് രേഖപ്പെടുത്തതാന്‍ ഒരു പക്ഷെ ഭീകരമായ തോതിലുള്ള വനനശീകരണം തന്നെ വേണ്ടി വരും. അതെ സമയം ചില ഉദാഹരണങ്ങളെങ്കിലും പറയാതെ പോയാല്‍ അത് ഇത്തരത്തില്‍ നീതികേട് അനുഭവിക്കേണ്ടി വന്ന ജനവിഭാഗങ്ങളോട് ചെയ്യുന്ന പൊതു സമൂഹത്തിന്റെ നിഷേധാത്മക സമീപനത്തിന്റെ കൂടെ ചേരലും വേട്ടക്കാരുടെ പക്ഷം ചേരലുമാകും എന്നത് കൊണ്ട് ചിലത് പറയാം.

സമീപകാലത്ത് കേരളത്തില്‍ വന്നു പോയ ഒരു മണിപ്പൂരി വനിതയെ കുറിച്ച് ചിലരെങ്കിലും കേട്ടുകാണും; ഇറോം ചാനു ശര്‍മ്മിള. നീണ്ട പതിനാറ് വര്‍ഷത്തെ സമര ചരിത്രത്തെ കുറിച്ച് കേട്ടറിഞ്ഞ ചില മാധ്യമങ്ങള്‍ക്കെങ്കിലും അതൊരു ആഘോഷമായിരുന്നു. എന്നാല്‍ ആ സമരത്തിന്റെ കാരണങ്ങളെ കുറിച്ച് സംസാരിക്കാന്‍ അധികമാരും തയ്യാറായില്ല. മണിപ്പൂരിലെ ഇംഫാല്‍ താഴ്‌വരയിലെ മാലോം ടൗണിലെ ബസ് സ്റ്റോപ്പില്‍ വച്ച്, 2000 നവംബര്‍ രണ്ടിന് ആസ്സാം റൈഫിള്‍സിലെ പട്ടാളക്കാര്‍ മെയ്റ്റി വിഭാഗത്തിലെ, ബസ് കാത്തു നിന്ന, പത്തു പേരെ വെടി വെച്ച് കൊലപ്പെടുത്തി. മൗലോം കൂട്ടക്കൊല എന്നറിയപ്പെട്ട ഈ സംഭവത്തെ തുടര്‍ന്നാണ് ഇറോം ശര്‍മ്മിള അന്നുതന്നെ തന്റെ നിരാഹാര സമരം തുടങ്ങിയത്. 62 വയസ്സുള്ള ലെഇസന്ഗബം ഇബെതോമി എന്ന വൃദ്ധയും, 1988-ലെ ധീരതയ്ക്കുള്ള പുരസ്‌കാരം നേടിയ സിനം ചന്ദ്രാമണി എന്ന കൗമാരക്കാരും പട്ടാളക്കാര്‍ നടത്തിയ കൂട്ടക്കൊലയില്‍ മരിച്ചിരുന്നു. കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട പത്തു പേരുടെയും വെടിയേറ്റ ചിത്രങ്ങളോടെയാണ് പിറ്റേന്നത്തെ പത്രങ്ങള്‍ പുറത്തിറങ്ങിയത്. നിരാഹാരം തുടങ്ങുമ്പോള്‍ ഇറോമിന് 28 വയസ്സായിരുന്നു പ്രായം. ആഹാരവും വെള്ളവുമില്ലാതെ തുടരുന്ന ഈ സമരം ഇറോമിന്റെ മരണത്തിലേ കലാശിക്കുകയുള്ളു എന്നു മനസ്സിലാക്കിയ സര്‍ക്കാര്‍, ശര്‍മ്മിളയുടെ പേരില്‍ ആത്മഹത്യാക്കുറ്റം ആരോപിച്ച് പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചു. പിന്നീട് ശര്‍മ്മിളയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇറോമിന്റെ ആരോഗ്യം ദിനംപ്രതി മോശമായതിനെ തുടര്‍ന്ന് ജീവന്‍ നിലനിര്‍ത്തുവാന്‍ വേണ്ടി ശ്വാസനാളത്തിലൂടെ കുഴലിട്ട് നിര്‍ബന്ധപൂര്‍വ്വം ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കുകയായിരുന്നു. നീണ്ട പതിനാറു വര്‍ഷങ്ങള്‍ക്കൊടുവില്‍ പാതി വഴിയില്‍ അവര്‍ക്ക് സമരം അവസാനിപ്പിക്കേണ്ടി വന്നു. ഭരണകൂടത്തിന് മാത്രമല്ല പൊതു സമൂഹത്തിനും അവരുടെ ഐതിഹാസിക സമരം വായിച്ച് മറക്കേണ്ട നേരംപോക്ക് മാത്രമായിരുന്നു.

"</p

മണിപ്പൂരില്‍ സൈനികരുടെ ക്രൂര ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട മനോരമ ദേവിയുടെ മരണത്തിനെതിരെ മണിപ്പൂരിലെ സ്ത്രീകള്‍ നടത്തിയ ചരിത്ര പ്രതിഷേധത്തിന് 13 വയസ്സ് തികഞ്ഞിരിക്കുന്നു. 2004 ജൂലൈ 11-നാണ് വെടിയേറ്റ നിലയില്‍ 32-കാരിയായ മനോരമ ദേവിയുടെ മൃതദേഹം മണിപ്പൂരിലെ ഇംഫാല്‍ ഈസ്റ്റിലെ യേരിപോക്കില്‍ കണ്ടെത്തിയത്.സംഭവദിവസം അര്‍ദ്ധരാത്രി ഒരു കൂട്ടം അസാം റൈഫിള്‍സ് ഉദ്യോഗസ്ഥര്‍ മനോരമ ദേവിയുടെ വീട്ടില്‍ നിന്നും അവരെ അറസ്റ്റ് ചെയ്തിരുന്നു. നിരോധിത സംഘടനയായ ജനകീയ വിമോചന സംഘത്തിന്റെ പ്രവര്‍ത്തക എന്നാരോപിച്ചാണ് അറസ്റ്റ് നടത്തിയത്. അടുത്ത ദിവസം സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പടെ വെടിയേറ്റ അവരുടെ ശരീരം റോഡരുകില്‍ കണ്ടെത്തി. വീട്ടില്‍ നിന്നു ക്യാമ്പിലേക്ക് കൊണ്ടുപോവുന്ന വഴി മൂത്രമൊഴിക്കണമെന്ന് പറഞ്ഞ മനോരമ ദേവി വാഹനം നിര്‍ത്തിയപ്പോള്‍ ഇറങ്ങി ഓടിയെന്നും തുടര്‍ന്ന് കാല്‍ ലക്ഷ്യമാക്കി വെടിവെക്കുകയായിരുന്നുവെന്നുമാണ് സൈന്യം നല്‍കിയ വിശദീകരണം. എന്നാല്‍ മനോരമാ ദേവിയെ സൈന്യം അതിക്രൂരമായി ബലാത്സംഗം ചെയ്തതിന് ശേഷം വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് പിന്നീട് നടന്ന ജുഡീഷ്യല്‍ അന്വേഷണത്തില്‍ കണ്ടെത്തി. സി ഉപേന്ദ്രസിങ് ചെയര്‍മാനായ കമ്മീഷന്‍ തയ്യാറാക്കിയ 112 പേജുള്ള റിപ്പോര്‍ട്ടില്‍ മനോരമാ ദേവിക്ക് നേരെ സൈന്യം നടത്തിയ ക്രൂരതയെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. 2011-ല്‍ മണിപ്പൂര്‍ സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറിയ റിപ്പോര്‍ട്ട് കേന്ദ്രം പൂഴ്ത്തിവെക്കുകയായിരുന്നു. അടുത്ത കാലത്താണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്.ഇതിനെതിരെ പ്രതിഷേധവുമായി ജൂലൈ 15ന് മണിപ്പൂരിലെ അമ്മമാര്‍ അസം റൈഫിള്‍സ് ആസ്ഥാനമായ കാംഗ്ല ഫോര്‍ട്ടിനു മുന്നില്‍ ‘ഇന്ത്യന്‍ ആര്‍മി റേപ്പ് അസ്’ എന്ന പേരില്‍ ബാനറുമേന്തി നഗ്‌നരായി നടത്തിയ പ്രതിഷേധം ചരിത്രത്തിന്റെ ഭാഗമാണ്. എന്നാല്‍ ഒരു ദശാബ്ദത്തിന് ശേഷവും ഇന്നും മനോരമ ദേവിക്ക് നീതി ലഭിച്ചിട്ടില്ല എന്നതാണ് വസ്തുത. ജുഡീഷ്യല്‍ റിപ്പോര്‍ട്ടില്‍ സൈനികര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുകൂടി അവരെ രക്ഷപെടുത്താന്‍ ആര്‍മിയും കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതി കയറിയിറങ്ങുകയാണ്.

"</p

ദളിത് കുടുംബത്തെ ചുട്ടുകൊന്ന ഖൈര്‍ലാഞ്ചിയിലെ ക്രൂരഹത്യയുടെ ഓര്‍മകള്‍ക്ക് പതിനൊന്ന് വര്‍ഷം തികയുന്നു. 2006 സെപ്റ്റംബര്‍ 29-ന് മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിലെ ഖൈര്‍ലാഞ്ചിയില്‍ ദളിത് കുടുംബത്തിലെ നാലുപേരെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇവരില്‍ രണ്ടു സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തു. ഇരുപതു വയസ്സിനു താഴെയുള്ള മൂന്നു മക്കളെയടക്കം ഒരു കുടുംബത്തെ മുഴുവനായും കൊലപ്പെടുത്തുകയായിരുന്നു. ഖൈര്‍ലാഞ്ചി ദളിത് കൂട്ടക്കൊലക്ക് ശേഷം വ്യാപകമായ ദളിത് മുന്നേറ്റങ്ങളും പ്രതിഷേധങ്ങളുമാണ് മഹാരാഷ്ട്രയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഉണ്ടായത്. കൊലപാതകം നടത്തിയവര്‍ ശക്തമായ രാഷ്ട്രീയാധികാരമുള്ളവരും മുതിര്‍ന്ന ജാതിയില്‍ പെട്ടവരുമായിരുന്നു. അവസാനം കേസ് കോടതിയില്‍ എത്തിയപ്പോള്‍ ആറുപേര്‍ക്ക് വധശിക്ഷ വിധിച്ചു. പിന്നീട് വധശിക്ഷ ഒഴിവാക്കി. 25 വര്‍ഷം കഠിനതടവിന് വിധിച്ചുകൊണ്ട് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. രണ്ടു പേരുടെ ജീവപര്യന്തം കോടതി ശരിവച്ചു.

ഇതെഴുതുമ്പോള്‍ മുന്നില്‍ ഒരു വാര്‍ത്ത കൂടി സ്‌ക്രോള്‍ ചെയ്ത നീങ്ങുന്നുണ്ട്; മിസോറാമില്‍ മാമിത് ജില്ലയില്‍ 22 കാരിയായ ആദിവാസി യുവതിയെ ബിഎസ്എഫ് ജവാന്‍മാര്‍ ബലാത്സംഗം ചെയ്തതിനെ കുറിച്ചാണത്. മുള ശേഖരിക്കാന്‍ വനത്തില്‍ പോയി തിരിച്ചുവരികയായിരുന്ന യുവതിയെയാണ് ജവാന്‍മാര്‍ ക്രൂരമായി ബലാത്സംഗം ചെയ്തത്. യുവതിക്കൊപ്പം മറ്റൊരു സ്ത്രീയുമുണ്ടായിരുന്നു. ഇവര്‍ സംഭവ സ്ഥലത്ത് നിന്നു ഓടി രക്ഷപെട്ടെങ്കിലും എട്ടു ദിവസത്തിന് ശേഷം മൃതദേഹമാണ് കണ്ടെത്തിയത്. ബലാത്സംഗശ്രമം ചെറുത്തതോടെ ജവാന്‍മാര്‍ യുവതിയുടെ കണ്ണിലും മുഖത്തും ആസിഡ് ഒഴിച്ചതായും റിപ്പോര്‍ട്ടുണ്ട്.

സോണി സോറിയെ കുറിച്ച് അതല്ലെങ്കില്‍ പട്ടാള വാഹനത്തില്‍ കെട്ടിയിട്ട നിലയില്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടി വന്ന കാശ്മീരി യുവാവിനെ കുറിച്ച് അങ്ങനെ ഭരണകൂടത്തിന്റെയും ജാതിയുടെയും ഭീകരതക്ക് ഇരയാകേണ്ടി വന്ന പതിനായിരങ്ങളെ കുറിച്ച് ഓര്‍മ്മ പുതുക്കലിനുള്ള അവസരം കൂടിയാണ് ഓരോ സ്വാതന്ത്ര്യ ദിനവും. സ്വാതന്ത്ര്യം നേടിയിട്ട് ആറ് പതിറ്റാണ്ട് പിന്നിട്ടത്രേ. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യുറോയുടെ കണക്ക് പ്രകാരം രാജ്യത്ത് ജയിലില്‍ കഴിയുന്ന മൂന്നില്‍ രണ്ട് പേരും വിചാരണ കാത്തു കിടക്കുന്നവരാണ്. ഇവരില്‍ മഹാ ഭൂരിഭാഗവും സ്വന്തമായി നിയമ സഹായം നേടാന്‍ ശേഷി ഇല്ലാത്തവരാണെന്ന കണക്കുകള്‍ പുറത്ത് വന്നിരുന്നു. മേല്‍സൂചിപ്പിച്ച വിചാരണ തടവുകാരില്‍ മഹാഭൂരിപക്ഷം ദളിത് വിഭാഗങ്ങളില്‍ നിന്നോ മറ്റു പിന്നോക്ക വിഭാഗങ്ങളില്‍ നിന്നോ ആവുന്നതിന്റെ പിന്നിലെ കാരണങ്ങള്‍ അത്ര നിഷ്‌കളങ്കമല്ല.

അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഓക്സ്ഫാം എന്ന സന്നദ്ധസംഘടന പുറത്തിറക്കിയ പഠനറിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ 70 ശതമാനം ആളുകളുടെ സമ്പത്തിന് സമാനമാണ് 57 ശതകോടിപതികളുടെ ആസ്തി. രാജ്യത്തെ ആകെ സമ്പത്തിന്റെ 58 ശതമാനം ഒരു ശതമാനം മാത്രം വരുന്ന സമ്പന്നരുടെ കൈവശമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 84 ശതകോടീശ്വരന്മാരാണ് രാജ്യത്തുള്ളതെന്നും ഇവരുടെ ആകെ ആസ്തി 248 ബില്ല്യണ്‍ ഡോളര്‍ വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത 20 വര്‍ഷത്തില്‍ 500 പേര്‍ അടുത്ത തലമുറയിലേക്ക് കൈമാറുന്ന സമ്പത്ത് ഇന്ത്യയിലെ ജിഡിപിയെക്കാള്‍ കൂടുതലായിരിക്കുമെന്നും പഠനത്തിലുണ്ട്. ഇന്ത്യയിലെ പ്രധാനപ്പെട്ട ഐടി കമ്പനിയുടെ സിഇഒയ്ക്ക് അവിടുത്തെ ശരാശരി തൊഴിലാളിയെക്കാള്‍ 416 മടങ്ങ് ശമ്പളമാണ് ലഭിക്കുന്നത്. രാജ്യത്തെ തുണിമില്ലുകളില്‍ ജോലി ചെയ്യാന്‍ പെണ്‍കുട്ടികള്‍ നിര്‍ബന്ധിതരാകുന്നു. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് 58 ലക്ഷം കുട്ടി തൊഴിലാളികള്‍ ഇന്ത്യയില്‍ തൊഴിലെടുക്കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിലെ തൊഴിലിടങ്ങളില്‍ വേതനത്തിന്റെ കാര്യത്തിലെ സ്ത്രീ-പുരുഷ അന്തരം കൂടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരേ ജോലിയ്ക്ക് പുരുഷനെക്കാള്‍ 30 ശതമാനത്തിലേറെ കുറവ് വേതനമാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്നത്. രാജ്യത്തെ 60 ശതമാനം സ്ത്രീകളും കുറഞ്ഞ വേതനമാണ് ലഭിക്കുന്നത്. ഉയന്ന വരുമാനം ലഭിക്കുന്ന സ്ത്രീകള്‍ 15 ശതമാനം മാത്രമാണ്.

"</p

ആഘോഷങ്ങളുടെ മധുരം നുണയുന്നതിനിടയില്‍ കുറച്ച് സമയം അത്രയൊന്നും മധുരിക്കാത്ത എന്നാല്‍ ആവശ്യത്തിലധികം കയ്പുനീര്‍ രുചിച്ച ഒരു വലിയ ജനവിഭാഗത്തെ കുറിച്ച് ഓര്‍ക്കാതെ പോയാല്‍ ചരിത്രം നമുക്ക് മാപ്പ് തരില്ല. കവി വിഷ്ണുപ്രസാദിന്റെ ‘കുനാന്‍ പോഷ്‌പോറ അഥവാ കവി മുഹമ്മദ് അലിയുടെ ആത്മകഥയിലെ ഒരു ഭാഗം’ എന്ന കവിത എത്ര പേര്‍ വായിച്ച് കാണും എന്നറിയില്ല. കുനാന്‍ എന്നതും പോഷ്‌പോറ എന്നതും കാശ്മീരിലെ രണ്ട് ഗ്രാമങ്ങളാണെന്നും 1991 ഫെബ്രുവരി 23-ന് അവിടെ നടന്ന ഒരു സംഭവം നിങ്ങളറിയാതെ പോകരുത്. കുപ് വാര ജില്ലയിലെ ഒരു ഒറ്റപ്പെട്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കുനാന്‍, പോഷ്പോറ എന്നീ ഗ്രാമങ്ങളില്‍ തിരച്ചില്‍ നടത്താനായി സൈന്യം എത്തി. ഫെബ്രുവരി 23-24-ലെ ആ ഭീകരരാത്രിയില്‍, 68 ബ്രിഗേഡിന്റെ 4-മത് രജ്പുത്ത് റൈഫിള്‍സ് ഗ്രാമം മുഴുവന്‍ വളയുകയും സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത് ഒരിക്കലും ഒരു ഒറ്റപ്പെട്ട സംഭവമല്ല. സ്ത്രീകളുടെ പ്രായം പോലും നോക്കാതെ വിവാഹിതകളും അവിവാഹിതകളും ഗര്‍ഭിണികളും രോഗികളുമായ 13-നും 80-നും ഇടക്ക് പ്രായമുള്ള 100-ലധികം സ്ത്രീകളെയാണ് അന്ന് സൈന്യം ബലാത്സംഗം ചെയ്തതെന്ന് ഗ്രാമവാസികള്‍ ആരോപിക്കുന്നു. ഹ്യൂമന്‍ റൈറ്റ്സ് വാച്ച് അടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ 100-ലധികം സ്ത്രീകള്‍ കുനാന്‍ പോഷ്പോറയില്‍ സൈന്യത്താല്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നേരത്തെ സൂചിപ്പിച്ച കവിതയിലെ ആദ്യഭാഗം ചൊല്ലി കൊണ്ട് നമുക്ക് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ആള്‍ക്കൂട്ട ബഹളങ്ങളിലേക്ക് ചേര്‍ന്ന് നിന്ന് സ്വയം ഇല്ലാതാവാം. ഷെഹരിയാര്‍ രാജാവിന്റെ ഊരി പിടിച്ച വാളുമായി ജനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി തെരഞ്ഞെടുത്ത് വിട്ട ഭരണകൂടം പുറകെ തന്നെയുണ്ട്.

അലി,
പത്തുവയസ്സുള്ള നീ അന്ന്
എന്നെ നോക്കി വാവിട്ടുകരഞ്ഞുകൊണ്ട്
അകന്നുപോവുന്നത് മുകള്‍ നിലയിലെ
ജനാലയിലൂടെ എനിക്ക് കാണാമായിരുന്നു.
നിന്നെയും എന്റെ അച്ഛനെയും മൂന്ന് ആങ്ങളമാരെയും
അവര്‍ ചോദ്യം ചെയ്യാനെന്ന പേരില്‍
കൊണ്ടുപോവുകയായിരുന്നു.
നിങ്ങളെ മാത്രമല്ല
കുനാനിലെയും പോഷ്‌പോറയിലെയും
മുഴുവന്‍ ആണുങ്ങളെയും
ആ രാത്രി അവര്‍ ആട്ടിത്തെളിച്ചുകൊണ്ടുപോയി.

അലി,
22 വര്‍ഷങ്ങള്‍ കഴിഞ്ഞു
നിനക്കറിയാമല്ലോ
നമുക്ക് നീതി ലഭിച്ചില്ല.
അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന്
ഇന്ത്യന്‍ ഭരണകൂടവും മാധ്യമങ്ങളും
ലോകത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നു.
എല്ലാ അന്വേഷണങ്ങളും റദ്ദാക്കി.
അതൊരു കെട്ടുകഥയാണെന്ന്
പ്രഖ്യാപിച്ചു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

റിയാസ് ആമി അബ്ദുള്ള

റിയാസ് ആമി അബ്ദുള്ള

മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍