UPDATES

രാജ്യത്ത് ഓരോ മണിക്കൂറിലും ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുന്നു; കണക്കുകള്‍ ഞെട്ടിപ്പിക്കുന്നത്

15നും 29നും ഇടയ്ക്ക് പ്രായമുള്ളവരിലെ ആത്മഹത്യ പ്രവണത ഏറ്റവും കൂടുതല്‍ ഉള്ളത് ഇന്ത്യയില്‍

കഴിഞ്ഞ ദിവസം മുംബൈയില്‍ 24കാരനായ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ വലിയ മാധ്യമ ശ്രദ്ധ നേടിയത് അയാള്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ പത്തൊമ്പതാം നിലയില്‍ നിന്നും ചാടി മരിച്ചതുകൊണ്ടും അതിന് മുമ്പ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതു കൊണ്ടുമായിരുന്നു. അര്‍ജ്ജുന്‍ ഭരദ്വാജ് എന്ന ആ വിദ്യാര്‍ത്ഥിക്ക് വിഷാദരോഗം ബാധിച്ചിരുന്നതായും അയാള്‍ മയക്കുമരുന്നിന് അടിമയായിരുന്നു എന്നുമുള്ള വ്യത്യസ്ത വിശദീകരണങ്ങള്‍ വരികയും ചെയ്തു.

എന്നാല്‍, ഇന്ത്യയിലെ വിദ്യാര്‍ത്ഥികളില്‍ ആത്മഹത്യ പ്രവണത ആശങ്കാജനകമായ രീതിയില്‍ വര്‍ദ്ധിച്ചുവരികയാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) 2015-ലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഓരോ മണിക്കൂറിലും ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുന്നു. 2015ല്‍ 8,934 വിദ്യാര്‍ത്ഥികളാണ് രാജ്യത്താകെ സ്വയം ജീവനൊടുക്കിയത്. തൊട്ടുമുമ്പുള്ള അഞ്ച് വര്‍ഷങ്ങളില്‍ ഇത് 39,775 ആയിരുന്നു. എന്നാല്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുന്ന കണക്കുകള്‍ മാത്രമാണെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ആത്മഹത്യാശ്രമങ്ങള്‍ ഇതിലും എത്രയോ ഇരട്ടിയായിരിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

15-നും 29-നും ഇടയ്ക്ക് പ്രായമുള്ളവരിലെ ആത്മഹത്യ പ്രവണത ഏറ്റവും കൂടുതല്‍ ഉള്ളത് ഇന്ത്യയിലാണെന്നും ചില കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2015-ല്‍ മഹാരാഷ്ട്രയില്‍ 1,230 വിദ്യാര്‍ത്ഥികളും തമിഴ്‌നാട്ടില്‍ 955 പേരും ചത്തിസ്ഗഡില്‍ 625 പേരുമാണ് ആത്മഹത്യ ചെയ്തത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടക്കുന്ന സിക്കിം ഇന്ത്യയ്ക്ക് വലിയ മുന്നറിയിപ്പാണ് ഇക്കാര്യത്തില്‍ നല്‍കുന്നത്. ഏറ്റവും കൂടുതല്‍ പ്രതിശീര്‍ഷ വരുമാനമുള്ള സംസ്ഥാനങ്ങളില്‍ ഡല്‍ഹിക്കും ചണ്ഡിഗഢിനും പിന്നില്‍ നില്‍ക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് സിക്കിം. സാക്ഷരതയില്‍ രാജ്യത്ത് ഏഴാം സ്ഥാനവും നിലനിര്‍ത്തുന്നു. എന്നാല്‍ തൊഴിലില്ലായ്മയില്‍ രണ്ടാം സ്ഥാനമാണ് സിക്കിമിനുള്ളത്. 21നും 30നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ ചെറുപ്പക്കാരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്നവരില്‍ 27 ശതമാനവും.

പരീക്ഷകളിലും തൊഴില്‍രംഗത്തുമുണ്ടാകുന്ന പരാജയങ്ങളെ അതിജീവിക്കാന്‍ യുവതലമുറയ്ക്ക് കഴിയുന്നില്ലെന്നും ഇവര്‍ക്ക് കുടുംബത്തിന്റെയോ സാമൂഹിക സ്ഥാപനങ്ങളുടെയോ പിന്തുണ ലഭിക്കുന്നില്ലെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയില്‍ മാനസിക-ആരോഗ്യ ചികിത്സരംഗത്തെ വിദഗ്ധരുടെ 87 ശതമാനം കുറവുണ്ടെന്നതും സ്ഥിതിഗതികള്‍ വഷളാക്കുന്നു. മാനിസകാരോഗ്യ രംഗത്തെ ബജറ്റ് വിഹിതം തുലോം കുറവാണെന്നതും ഇന്ത്യയെ ഇക്കാര്യത്തില്‍ പിന്നോക്കം നയിക്കുന്നു. ബജറ്റില്‍ 0.06 ശതമാനം മാത്രമാണ് ഇന്ത്യ മാനസിക ആരോഗ്യത്തിനായി ചിലവാക്കുന്നത്. വികസിതരാജ്യങ്ങള്‍ ബജറ്റിന്റെ നാല് ശതമാനം വരെ ഇതിനായി മാറ്റിവെക്കുമ്പോള്‍, ബംഗ്ലാദേശില്‍ പോലും ഇത് 0.44 ശതമാനമാണ്.

കുടുംബപശ്ചാത്തലവും ആത്മഹത്യ പ്രവണത വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്. സന്തുഷ്ട കുടുംബ പശ്ചാത്തലത്തില്‍ നിന്നും വരുന്നവരില്‍ വിഷാദരോഗം കുറവാണെന്ന് 2016 ഒക്ടോബറില്‍ ഇന്ത്യയിലെ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ ഒരു പഠനം തെളിയിക്കുന്നു. മാത്രമല്ല, ഇന്ത്യയിലെ നിഴല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലസ്ഥാനം എന്ന് വിളിക്കപ്പെടുന്ന രാജസ്ഥാനിലെ കോട്ടയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ സാധാരണ സംഭവമാണ്. അയഥാര്‍ത്ഥമായ ലക്ഷ്യങ്ങള്‍ നേടുന്നതിന് വിദ്യാര്‍ത്ഥികളുടെ മേല്‍ വാണിജ്യ എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങള്‍ സമ്മര്‍ദം ചെലുത്തുന്നതാണ് ഇതിന് കാരണം. പരീക്ഷയില്‍ പരാജയപ്പെടുന്നതും കുടുംബത്തെ നിരാശയിലാക്കി എന്ന കുറ്റബോധവുമാണ് കോട്ടയിലെ വിദ്യാര്‍ത്ഥികളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. സാമ്പത്തിക പരാധീനതയും ആത്മഹത്യയ്ക്ക് കാരണമാകുന്നുണ്ട്.

എന്‍സിആര്‍ബി വിവരങ്ങള്‍ പ്രകാരം, 2015ല്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളില്‍ 70 ശതമാനവും പ്രതിവര്‍ഷം ഒരു ലക്ഷം രൂപയില്‍ കുറഞ്ഞ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളില്‍ നിന്നും വരുന്നവരാണ്.

സ്‌കൂളുകളിലും കോളേജുകളിലും മാനസിക ആരോഗ്യ അവബോധം വര്‍ദ്ധിപ്പിക്കുകയാണ് പ്രശ്‌നത്തിനുള്ള പരിഹാരമെന്ന് വിദഗ്ധര്‍ പറയുന്നു. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ മാനസികാരോഗ്യം സംബന്ധമായ പാഠങ്ങള്‍ ഉള്‍പ്പെടുത്തണം. അപ്പോഴെ മാനസിക വ്യതിയാനങ്ങളെ കുറിച്ച് തുടക്കത്തിലെ കുട്ടികള്‍ക്ക് തിരിച്ചറിയാനും സഹായം തേടാനും സാധിക്കുവെന്ന് മാനസികരോഗ വിദഗ്ധനായ സത്യകാന്ത് ത്രിവേദി പറയുന്നു.

അതോടൊപ്പം, ലൈംഗീകതയും ജീവിത വൈദഗ്ധ്യ വിദ്യാഭ്യാസവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മാതാപിതാക്കള്‍ കുട്ടികളുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നതിനാല്‍ അവര്‍ക്കും അവബോധം നല്‍കണം. പല സര്‍വകലാശാലകളിലും ഇപ്പോഴും കൗണ്‍സിലിംഗ് കേന്ദ്രങ്ങള്‍ നിലവിലില്ല എന്നതും പ്രശ്‌നം സങ്കീര്‍ണമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍