UPDATES

ചലനശേഷിയില്ലാത്ത മകനുവേണ്ടി നൈറ്റ് ഡ്യൂട്ടിയില്‍ ഇളവു ചോദിച്ച നഴ്സിനെ പിരിച്ചു വിട്ട് ആശുപത്രിയുടെ കാടത്തം

നഴ്‌സിനെ പുറത്താക്കിയത് ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതുകൊണ്ടെന്ന് കായംകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ വിശദീകരണം

ദീഷ്‌ണ സി.

ദീഷ്‌ണ സി.

സെറിബ്രല്‍ പാഴ്‌സി രോഗബാധിതനായ മകനെ പരിചരിക്കാന്‍ നൈറ്റ് ഡ്യൂട്ടിയുടെ ദൈര്‍ഘ്യം കുറച്ചു തരണമെന്ന് ആവശ്യപ്പെട്ട നഴ്‌സിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതായി പരാതി. ആലപ്പുഴയിലെ കായംകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ നഴ്‌സായ എസ്.ബിനീതയാണ് ഹോസ്പിറ്റല്‍ മനേജ്‌മെന്റിന്റെ നടപടിക്കെതിരെ പരാതി ഉയര്‍ത്തിയിരിക്കുന്നത്. ഏപ്രില്‍ അഞ്ചിനാണ് അച്ചടക്ക ലംഘനമെന്ന കാരണം കാണിച്ച് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് ബിനീതയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്.

ബിനീതയുടെ പന്ത്രണ്ട് വയസ്സുകാരനായ മൂത്ത മകന്‍ സെറിബ്രല്‍ പാഴ്‌സി രോഗബാധിതനാണ്. സ്വയം നടക്കാനോ ശരീരം ചലിപ്പിക്കാനോ ശേഷിയില്ലാത്തതിനാല്‍ കുഞ്ഞിന്റെ പ്രാഥമിക ആവശ്യങ്ങള്‍ മുതലുള്ള കാര്യങ്ങളെല്ലാം ബിനീതയാണ് ചെയ്തുകൊടുക്കുന്നത്. പലപ്പോഴും കുഞ്ഞിനെ താങ്ങി നിര്‍ത്താനും മറ്റും ഒന്നിലധികം പേരുടെ സഹായം ആവശ്യമായതിനാല്‍ ബിനീതയുടെ നൈറ്റ് ഡ്യൂട്ടി ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. ഭര്‍ത്താവിനും പ്രായമായ അമ്മയ്ക്കും മകന്റെ കാര്യങ്ങള്‍ കൃത്യമായി ചെയ്യാന്‍ സാധിക്കാത്തതിനാലാണ് നൈറ്റ് ഡ്യൂട്ടി ഒഴിവാക്കിത്തരുകയോ സമയ ദൈര്‍ഘ്യം കുറച്ചുതരുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് പലതവണയായി ആശുപത്രി അധികൃതരെ ബിനീത സമീപിച്ചത്. എന്നാല്‍ മാനുഷിക പരിഗണന പോലും ലഭിക്കാതിരുന്ന സാഹചര്യത്തില്‍ ലേബര്‍ ഓഫീസര്‍ക്കും കളക്ടര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയതായി ബിനീത പറയുന്നു.

ഇതേ തുടര്‍ന്ന് ബിനീതയുടെ ജോലി സമയം കുറയ്ക്കുകയും ആശുപത്രി മാനേജിങ് ഡയരക്ടര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ ഉണ്ടാവുകയും ചെയ്തു. ഇതിലുള്ള പ്രതികാരവും ഒപ്പം 2015ല്‍ എല്ലാ സ്റ്റാഫും സംയുക്തമായി ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ട് നല്‍കിയ പരാതിയുടെ നേതൃത്വം വഹിച്ചത് താനാണെനുള്ള തെറ്റിദ്ധാരണയുടെ പുറത്തുള്ള വിദ്വേഷവുമാണ് തന്നെ ജോലിയില്‍ നിന്നും പിരിച്ചു വിടാന്‍ കാരണമായതെന്ന് ബിനീത പ്രതികരിക്കുന്നു. എന്നാല്‍, അച്ചടക്ക ലംഘനവും ഹോസ്പിറ്റല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളും ബിനീതയുടെ ഭാഗത്തുനിന്നും പലതവണ ശ്രദ്ധയില്‍പ്പെട്ടത്തിനാലാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടതെന്നും, യാതൊരു വിധ മുന്‍ വൈരാഗ്യങ്ങളുടെയും പുറത്തുള്ള നടപടിയല്ലെന്നും ഹോസ്പിറ്റല്‍ അധികൃതര്‍ വ്യക്തമാക്കി.

1995ല്‍ നഴ്‌സായി ജോലിക്ക് പ്രവേശിച്ച ബിനീത, കഴിഞ്ഞ 23 വര്‍ഷമായി കായംകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ സ്ഥിരം സ്റ്റാഫുകളില്‍ ഒരാളാണ്.

“2015ല്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് എല്ലാവരും ചേര്‍ന്ന് ആനുകൂല്യങ്ങള്‍ക്കായി നല്‍കിയ പരാതിയില്‍ തുടങ്ങുന്നതാണ് എനിക്കെതിരെയുള്ള മാനേജ്‌മെന്റിന്റെ വൈരാഗ്യം. പരാതി നല്‍കാന്‍ സ്റ്റാഫുകള്‍ക്ക് നേതൃത്വം നല്‍കിയത് ഞാന്‍ ആണെന്നായിരുന്നു ആരോപണം. തുടര്‍ന്ന് ഹോസ്പിറ്റലില്‍ നിന്നും എന്നെ പുറത്താക്കാന്‍ പല കാരണങ്ങള്‍ കണ്ടെത്താന്‍ അവര്‍ ശ്രമിച്ചിരുന്നു. മകന്റെ പരിചരണത്തിനായി നൈറ്റ് ഡ്യൂട്ടി ഇളവ് ഞാന്‍ ആവശ്യപ്പെട്ടത് ഇപ്പോള്‍ എന്നെ ഡിസ്മിസ്സ് ചെയ്യാന്‍ ഒരു കാരണമായെന്നു മാത്രം. ഹോസ്പിറ്റലിന്റെ സമീപത്താണ് എന്റെ വീട്. നൈറ്റ് ഡ്യൂട്ടി പതിനാറു മണിക്കൂര്‍ (വൈകീട്ട് 5 മുതല്‍ രാവിലെ 9 വരെ) എന്ന ദൈര്‍ഘ്യം ചുരുക്കിത്തരുവാന്‍ മാത്രമാണ് ഞാന്‍ മാനേജ്‌മെന്റിനോട് അപേക്ഷിച്ചത്. വൈകീട്ട് 5 മുതല്‍ രാത്രി 12 മണിവരെ സമയം ക്രമീകരിച്ചാലും അതിനുശേഷം വീട്ടില്‍പ്പോകാനും മകന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുമെനിക്ക് സാധിക്കും. എന്നാല്‍, അതെന്റെ ജോലി നഷ്ട്ടപ്പെടാന്‍ കാരണമാകുമെന്ന് പ്രതീക്ഷിച്ചില്ല. മുന്‍പ് പലതവണ ഹോസ്പിറ്റല്‍ അധികാരികളോട് നൈറ്റ് ഡ്യൂട്ടി ഇളവിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ ‘ജോലി അവസാനിപ്പിച്ച് മകനെ പരിചരിച്ചു കൊള്ളുക’ എന്നതായിരുന്നു മറുപടി. അതിനാലാണ് കളക്ടറും മനുഷ്യാവകാശ കമ്മീഷനുമുള്‍പ്പെടെയുള്ള അധികാരികള്‍ക്ക് പരാതി നല്‍കേണ്ടി വന്നത്. അതേത്തുടര്‍ന്നുള്ള നിയമനടപടികള്‍ ഹോസ്പിറ്റലിന് നേരിടേണ്ടി വന്നപ്പോള്‍ അതെന്നോടുള്ള വിദ്വേഷം വര്‍ധിക്കാന്‍ കാരണമായി.” ജോലിയില്‍ നിന്നും പിരിച്ചുവിട്ട നടപടിയെക്കുറിച്ച് ബിനീത പറയുന്നു.

“നിരവധി മാനസിക പീഢനങ്ങള്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ നിന്നുമെനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. മുന്‍പ് സ്റ്റാഫെല്ലാം ഒന്നിച്ച് നല്‍കിയ പരാതിക്ക് ശേഷം, അതിലുള്‍പ്പെട്ട അഞ്ചു നഴ്‌സുമാരെ ഇതുപോലെ ഹോസ്പിറ്റലില്‍ നിന്ന് പുറത്താക്കിയിരുന്നു. ബാക്കി ചിലരെയെല്ലാം മാനേജ്‌മെന്റ് വിലക്കുവാങ്ങുകയും ചെയ്തു. ആയതിനാല്‍ അവരെല്ലാം മാനേജ്‌മെന്റിനൊപ്പം ചേര്‍ന്ന് എനിക്കെതിരെ പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നു. ഹോസ്പിറ്റലില്‍ സിസിടിവി കാമറകള്‍ ഫിറ്റ് ചെയ്തകാര്യം എന്നോട് മാത്രം പറയരുതെന്ന് മാനേജ്‌മെന്റില്‍ നിന്നും സ്റ്റാഫുകള്‍ക്ക് നിര്‍ദേശമുണ്ടായിരുന്നു. മകന്റെ കാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചിലവിടേണ്ടി വരുന്നു എന്നതിനാല്‍ ഉറക്കമില്ലായ്മയും ശാരീരിക അവശതകളും എനിക്കുണ്ട്. ഇടവേള സമയത്ത് ഞാന്‍ മയങ്ങിപ്പോയത് സിസിടിവി യില്‍ പകര്‍ത്തപ്പെട്ടതെല്ലാം ഇന്ന് എന്റെ അച്ചടക്ക ലംഘനങ്ങള്‍ വിശദീകരിക്കാനുള്ള തെളിവുകളായി മാനേജ്‌മെന്റ് ഉപയോഗപ്പെടുത്തുന്നു. മകന്റെ രോഗബാധിത ജീവിതത്തെച്ചൊല്ലി മാനസിക പ്രയാസങ്ങളിലൂടെ മാത്രം ജീവിതം തള്ളിനീക്കുന്ന ഒരു സ്ത്രീയാണ് ഞാന്‍. അതിനൊപ്പമാണ് ജോലി സ്ഥലത്തുനിന്നും നേരിടേണ്ടി വന്ന ഈയൊരു തിരിച്ചടിയും. ഇനി എന്തു ചെയ്യണമെന്നും എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകാണമെന്നും എനിക്കറിയില്ല.” നിസ്സഹായതയോടെ ബിനീത പറഞ്ഞു.

ബിനീതയുടെ ഭര്‍ത്താവ് ബിനു ആലപ്പുഴയില്‍ ടാക്‌സി ഡ്രൈവറാണ്. അഞ്ചു വയസായ ഒരു മകളും ഇവര്‍ക്കുണ്ട്.

ബിനീതക്കെതിരെയുള്ള നടപടിയെക്കുറിച്ച് കായംകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മാനേജിങ് ഡയറക്ടര്‍ താരാദേവിയുടെ പ്രതികരണമിങ്ങനെ; “ഹോസ്പിറ്റലിലെ സ്റ്റാഫ് എന്നതിനപ്പുറം എന്റെ കുടുംബാംഗം കൂടെയാണ് ബിനീത. ബിനീതയുടെ ഭര്‍ത്താവ് ബിനു എന്റെ അമ്മാവന്റെ മകനാണ്. ആയതിനാല്‍ത്തന്നെ, സെറിബ്രല്‍ പാഴ്‌സി രോഗബാധിതനായ അവരുടെ കുഞ്ഞ് എനിക്ക് അന്യനല്ല. പതിനൊന്ന് വര്‍ഷമായി പരമാവധി ജോലി ഇളവുകളും ആനുകൂല്യങ്ങളും ബിനീതയ്ക്ക് ഞാന്‍ നല്‍കിയത് രക്ത ബന്ധത്തിന്റെയും മാനുഷിക പരിഗണയുടെയും പുറത്താണ്. എന്നിട്ടും പലതരത്തിലും അവര്‍ ഹോസ്പിറ്റല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി. അച്ചടക്ക ലംഘനത്തിന്റെ കാരണത്താലാണ് ഇപ്പോള്‍ അവരെ ജോലിയില്‍ നിന്നും പിരിച്ചു വിടേണ്ടി വന്നത്. ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോള്‍ പാലിക്കേണ്ട അച്ചടക്കവും കൃത്യനിഷ്ടതയും ബിനീതയില്‍ നിന്നും ഉണ്ടാവാറില്ല. അവര്‍ കാരണം അനാവശ്യ നിയമ നടപടികള്‍ ഹോസ്പിറ്റലിന് നേരിടേണ്ടി വരുന്നുണ്ട്.

ഒരിക്കലും ഒരു രോഗബാധിതനായ കുഞ്ഞിന്റെ കാരണത്താല്‍ ഒരു സ്ത്രീയെ ദ്രോഹിക്കണമെന്ന ഉദ്ദേശ്യമെനിക്കില്ല. കാരണം ഭര്‍ത്താവിന്റെ ഓര്‍മയ്ക്കായി ഞാന്‍ ഒറ്റക്ക് നടത്തുന്ന ഒരു സ്ഥാപനമാണിത്. ചൂഷണങ്ങളോ പരാതികളോ ഒരു തൊഴിലാളിയില്‍ നിന്നും ഉയര്‍ന്നു വരരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ഇവിടുത്തെ ശമ്പളം കൊണ്ട് മാത്രം കുടുംബങ്ങള്‍ നടത്തിക്കൊണ്ട് പോകുന്ന തൊഴിലാളികളാണ് ഭൂരിഭാഗവും. അവരുടെ ജീവിതം പ്രതിസന്ധിയിലാകാതിരിക്കാനാണ് നിരവധി പ്രയാസങ്ങള്‍ നേരിടേണ്ടി വന്നിട്ടും ഞാന്‍ ഹോസ്പിറ്റല്‍ നടത്തികൊണ്ട് പോകുന്നത്. പിരിച്ചു വിടലിനെച്ചൊല്ലി ബിനീത എനിക്കും സ്ഥാപനത്തിനുമെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണ് എന്നത് മാത്രമാണ് എനിക്ക് പറയാനുള്ളത്.”

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍