UPDATES

ശബരിമലയുടെ പേരില്‍ തെരുവില്‍ ഇറങ്ങിയിരിക്കുന്ന ഈഴവരോടാണ്; ആരാണ് ലളിത എന്നറിയാമോ?

ജാതിക്കളിയാണ് ഇപ്പോഴും ശബരിമലയുടെ കാര്യത്തില്‍ നടക്കുന്നതെന്ന് അറിയാത്തവരാണ് വിശ്വാസമെന്നും ആചാരമെന്നും പറഞ്ഞ് സവര്‍ണരുടെ ഒപ്പം കൂടിയിരിക്കുന്നതും

ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ തെരുവില്‍ കലാപവുമായി ഇറങ്ങിയവരുടെ നേതൃത്വം ആരുടെ കൈയ്യിലാണെന്ന് നോക്കിയാല്‍ മനസിലാകും; അത് ബ്രാഹ്മണനായരാദികളായ സവര്‍ണരാണെന്ന്. കാലങ്ങളായി ക്ഷേത്രങ്ങളും അതുസംബന്ധമായ വിശ്വാസങ്ങളുടെയും കൈയാളുകളായി നിന്നുകൊണ്ട് ഇക്കാലത്തും ചാതുര്‍വര്‍ണ്യം തുടര്‍ന്നുപോകണമെന്ന് ആഗ്രഹിക്കുന്നവരാണവര്‍. ശബരിമലപോലെയുള്ള വന്‍ക്ഷേത്രങ്ങളില്‍ തങ്ങള്‍ തുടരുന്ന അധികാരങ്ങള്‍ നഷ്ടപ്പെട്ടു പോകുമെന്ന പേടിയാണ് സുപ്രിം കോടതി വിധിക്കെതിരേ അവര്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് അടിസ്ഥാനവും.

ക്ഷേത്രാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും തങ്ങള്‍ക്ക് ഉണ്ടെന്ന് പറയുന്ന വിശേഷാധികാരങ്ങള്‍ ബ്രാഹ്മണരും അവരുടെ കൂടെ നിന്നുകൊണ്ട് അവകാശങ്ങള്‍ പേറുന്ന നായര്‍ തുടങ്ങിയ സവര്‍ണരും മറ്റുള്ളവരില്‍ നിന്നും കൈക്കലാക്കുകയാണെന്നത് തെളിവുകള്‍ സഹിതം പറയാന്‍ കഴിയുന്നതാണ്. മുന്‍പ് ഉണ്ടായിരുന്ന അവകാശികളെ ക്ഷേത്രങ്ങളില്‍ നിന്നും പുറന്തള്ളി തങ്ങളുടെ ആധിപത്യം സ്ഥാപിക്കുകയായിരുന്നു എല്ലായിടത്തും അവര്‍. അതിനുവേണ്ടി സ്വയം ഐതിഹ്യങ്ങള്‍ ചമയ്ക്കുകയും അതിനനുസൃതമായ ആചാരാനുഷ്ഠാനങ്ങള്‍ സൃഷ്ടിച്ചെടുക്കകയും അത് പിന്തുടരാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയാമണവര്‍ ചെയ്യുന്നത്.

ശബരിമലയില്‍ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേരില്‍ തങ്ങളുടെ അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ തന്നെയാണ് പ്രസ്തുത ക്ഷേത്രവുമായി ബന്ധപ്പെട്ട ചരിത്രങ്ങളും വിശ്വാസങ്ങളും മറച്ചുപിടിക്കുന്നതും. അതിന് ഏറ്റവും വലിയ തെളിവാണ് ചീറപ്പന്‍ചിറ കുടുംബത്തിന് ശബരിമലയില്‍ ഉള്ള പ്രാധാന്യം നശിപ്പിച്ചു കളഞ്ഞത്. അയ്യപ്പനുമായി ബന്ധപ്പെട്ട് ചമച്ച ഐതിഹ്യങ്ങള്‍ കൊണ്ടാണ് ഈ ചതിയവര്‍ നടത്തിയത്. തന്ത്രികുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ചീരപ്പന്‍ചിറയും ശബരിമലയും തമ്മിലുള്ള ബന്ധം അംഗീകരിക്കുമ്പോള്‍ പോലും ആ കുടുംബത്തിനുള്ള അവകാശത്തെ അംഗീകരിക്കാനോ, പുനസ്ഥാപിക്കാനോ വേണ്ടി ഒന്നും പറയുന്നില്ല. ചീറപ്പന്‍ചിറ കുടുംബത്തിലെ ലളിത എന്ന യുവതിയാണ് മാളികപ്പുറത്ത് അമ്മ എന്ന ദൈവസങ്കല്‍പ്പം എന്നു പറയുന്നവര്‍ മാളികപ്പുറത്ത് അമ്മ ഒരു ഈഴവ സ്ത്രീയാണെന്ന് വിശ്വാസാധിഷ്ഠിതമായി പറയാന്‍ മുന്നോട്ടുവരില്ല. ജാതിയതുടെ കള്ളത്തരമാണ് അക്കാര്യത്തില്‍ അവര്‍ കാണിക്കുന്നത്. ശബരിമല മേല്‍ശാന്തിയായി ഷോഡയക്രിയകള്‍ പഠിച്ച ഒരു ഈഴവ പൂജാരിയെപോലും അംഗീകരിക്കാന്‍ തയ്യാറാകാത്ത ജാതിബോധം മാളികപ്പുറത്ത് അമ്മയുടെ ജാതി എന്താണെന്ന് പറയുന്നതിലും അവര്‍ക്ക് ഉണ്ട്. ശബരിമലയില്‍ പന്തള രാജകുടുംബത്തിന് ഉള്ള സ്ഥാനം കഴിഞ്ഞാല്‍ അടുത്തത് ചീരപ്പന്‍ചിറക്കാര്‍ക്കാണ് കിട്ടേണ്ടത്. എന്നാല്‍ സ്ഥാനം പോയിട്ട് പേരിനൊരു അവകാശം പോലും ആ ഈഴവ കുടുംബത്തിന് അവിടെയില്ല. മാളികപ്പുറത്തമ്മയുടെ കുടുംബക്കാരായ ചീരപ്പന്‍ച്ചിറക്കാരെ എന്തുകൊണ്ട് അകറ്റി നിര്‍ത്തുന്നു എന്നതും സുപ്രിം കോടതി വിധിക്കെതിരേ തെരുവില്‍ സമരം ചെയ്യാന്‍ ഇറങ്ങുന്ന ഈഴവരാദി വിഭാഗങ്ങള്‍ ചിന്തിക്കേണ്ടതാണ്.

അയ്യപ്പന് പ്രണയമുണ്ടായിരുന്ന ചീരപ്പന്‍ചിറ ലളിതയാണ് മാളികപ്പുറത്ത് അമ്മ. എന്നാല്‍ ഈഴവ സ്ത്രീയായ ലളിതയെ എങ്ങനെയാണ് വിശ്വാസികള്‍ക്ക് മുന്നില്‍ ഇപ്പോള്‍ അവതരിപ്പിക്കുന്നത് എന്നിടത്താണ് ജാതിവാദികളുടെ തന്ത്രങ്ങള്‍ മനസിലാക്കേണ്ടത്. ശബരിമല- ഐതിഹ്യവും ചരിത്രവും എന്ന തന്റെ പുസ്തകത്തില്‍ ഗ്രന്ഥകര്‍ത്താവായ പി എസ് തെക്കുംഭാഗവും ഇക്കാര്യം പറയുന്നുണ്ട്; സവര്‍ണരില്‍ നിന്നും ഈഴവര്‍ തുടങ്ങിയ കീഴ്ജാതിക്കാര്‍ നിശ്ചിതദൂരം മാറിനില്‍ക്കേണ്ട കാലഘട്ടത്തിലാണ് ചീരപ്പന്‍ചിറയിലെ ലളിത എന്ന തരുണീമണി അയ്യപ്പന്റെ അന്ത്യവിശ്രമസ്ഥാനമായ ശബരിമലയില്‍ എത്തുന്നത്. ഈ ലളിതയെ മാളികപ്പുറത്തമ്മായി വണങ്ങുമ്പോള്‍ ലളിതയ്ക്ക് പകരം മഹിഷിയിലെ ‘ ലീല’യാക്കി മാറ്റാന്‍ ബ്രാഹ്മണര്‍ക്ക് കഴിഞ്ഞു’. മാളികപ്പുറത്തിന്റെ രഹസ്യം ചോര്‍ന്നുപോകാതിരിക്കാന്‍ കൂടുതലും ശ്രമിച്ചത് ബ്രാഹ്മണരും നായന്മാരുമായിരുന്നുവെന്ന് തന്നെയാണ് പി എസ് തെക്കുംഭാഗത്തെ പോലെ ശബരിമലയുമായി ബന്ധപ്പെട്ട ചരിത്രങ്ങളും ഐതിഹ്യങ്ങളും പഠിച്ചെഴുതിയിട്ടുള്ളവര്‍ ഉറപ്പിച്ചു പറയുന്നത്.

ഈഴവയായ ലളിതയുടെ കഥയ്ക്ക് പ്രചരണം കൊടുക്കാതെ മഹിഷത്തിന്റെ കഥയുമായി ചേര്‍ത്ത് മാളികപ്പുറത്തമ്മയെ ഐതിഹ്യപ്രതിഷ്ഠ കൊടുക്കുന്നു എന്നു ചോദിച്ചാല്‍ ജാതി മാത്രമാണ് കാരണമെന്ന് കാണാം. ഈഴവയായ ലളിതയ്ക്ക് ശബരിമലയില്‍ ഉള്ള സ്ഥാനം അതേ രീതിയില്‍ അംഗീകരിക്കാന്‍ സവര്‍ണര്‍ക്ക് കഴിയില്ല. ഈഴവരുടെ അവസ്ഥ മുന്‍കാലങ്ങളില്‍ എന്തായിരുന്നുവെന്ന ചരിത്രവസ്തുതകള്‍ കൂടി മനസിലാക്കിയിട്ട് അതേക്കുറിച്ച് ആലോചിച്ചു നോക്കൂ.

മാളികപ്പുറം മഹിഷിയുടെ പുനര്‍ജന്മമല്ലെന്ന് പന്തളം രാജാവ് ചീരപ്പന്‍ചിറക്കാര്‍ക്ക് നല്‍കിയിട്ടുള്ള അവകാശങ്ങളും സാഹചര്യ തെളിവുകളും വച്ച് വിശകലനം ചെയ്താല്‍ മനസിലാകും. ഇതുമായി ബന്ധപ്പെട്ട കോടതി രേഖകള്‍ പോലുമുണ്ടല്ലോ! എന്നാല്‍ ഈഴവരെ സാമൂഹ്യ ജീവിതത്തില്‍ നിന്നും മാറ്റിനിര്‍ത്തുകയും പരമാവധി ദ്രോഹിക്കുകയും ചെയ്ത ഒരു കാലഘട്ടത്തിലാണ് ചീരപ്പന്‍ചിറ ലളിതയ്ക്ക് ശബരിമലയില്‍ സ്ഥാനം നല്‍കുന്നതെന്നും അതിനാല്‍ തന്നെയാണ് ലളിതയെ അംഗീകരിക്കാന്‍ ബ്രാഹ്മണര്‍ക്ക് മടിയായതെന്നുമാണ് പി എസ് തെക്കുംഭാഗം പറയുന്നത്. ഇന്ന് ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനായി കോടതിയേയും സര്‍ക്കാരിനെയും തോല്‍പ്പിക്കാന്‍ തെരുവില്‍ ഇറങ്ങിയിരിക്കുന്നവരുടെ കൂട്ടത്തിലുള്ള ഈഴവര്‍ സ്വന്തം സമുദായത്തിന്റെ മുന്‍കാല അനുഭവം അറിയാത്തവരാണോ എന്നതാണ് അത്ഭുതം. ‘നായര്‍ മേധാവിത്വത്തിന്റെ പതനം എന്ന പുസ്തകത്തില്‍ ഡോ. റോബിന്‍ ജെഫ്രി എഴുതിയിരിക്കുന്നത് വായിക്കാം; ഈഴവരേയും മറ്റു താഴ്ന്ന ജാതിക്കാരേയും ഒന്നാംക്ലാസ് ഡിസ്ട്രിക് മജിസ്‌ട്രേറ്റിന്റെയോ അതിലും താഴ്ന്ന നികുതി പിരിവുകാരുടെയോ കച്ചേരികളുടെ സമീപത്തുപോലും ചെല്ലുന്നതിനെ വിലക്കിയിരുന്നു. പൊതുവീഥികള്‍ ഉപയോഗിക്കുന്നതില്‍ അവര്‍ക്ക് വളരെയേറ അസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ ജനസംഖ്യയില്‍ അവര്‍ വളരെയേറ ഉണ്ടെങ്കിലും ഗവണ്‍മെന്റ് ഉദ്യോഗത്തില്‍ ഒരു ചോവോന്‍പോലുമില്ല. അതിനവര്‍ക്ക് അവസരം നിഷേധിച്ചിരുന്നു. കറവപ്പശുക്കളെ സൂക്ഷിക്കുക, ഓയില്‍ മില്ലുകളും ലോഹ പാത്രങ്ങളും കുടകളും ഉപയോഗിക്കുക, പാദുകങ്ങള്‍ ഉപയോഗിക്കുക, പരുക്കനല്ലാത്ത വസ്ത്രങ്ങളും വിശേഷപ്പെട്ട സ്വര്‍ണാഭരണങ്ങളും ധരിക്കുക എന്നിവയില്‍ നിന്നെല്ലാം ഈഴവരെ നിരോധിച്ചിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ മലബാറില്‍ പര്യടനം നടത്തിയ ഡ്വാര്‍ട്ടേബാര്‍ ബോസ് രേഖപ്പെടുത്തിയിട്ടുള്ളതായി ചരിത്രകാരന്‍ ഡോ. കെ എന്‍ കുറുപ്പ് എഴുതിയിട്ടുള്ളത്; തീയ്യറുടെ പ്രധാന തൊഴിലുകള്‍ എന്നു പറഞ്ഞിരുന്നത് തെങ്ങിന്‍ തോപ്പുകള്‍ വളര്‍ത്തുകയും, ഈ നാട്ടില്‍ ഭാരം ചുമക്കുന്ന മൃഗങ്ങളില്ലാത്തതിനാല്‍ തേങ്ങ കൂലിക്ക് ചുമന്നുകൊണ്ടുപോവുന്നതുമായിരുന്നുവെന്നാണ്. ഇങ്ങനെയെല്ലാം കഴിഞ്ഞിരുന്ന ഒരു സമുദായത്തിലെ അംഗത്തെയാണ്- ചീരപ്പന്‍ചിറയിലെ ലളിതയെ- പന്തളം രാജാവ് അംഗീകരിച്ചതും ശബരിമലയില്‍ പ്രതിഷ്ഠിച്ചതും. ഇത് അംഗീകരിക്കാന്‍ കഴിയാതിരുന്നവരാണ് മാളികപ്പുറത്തമ്മയെ മഹിഷയുടെ പുനര്‍ജന്മമായി മാറ്റി ഐതിഹ്യം മറ്റൊന്നാക്കി ചമച്ചത്. അതായത് ചാതുര്‍വര്‍ണ്യത്തിന്റെ പ്രയോക്താക്കള്‍ തങ്ങളെക്കാള്‍ താഴ്‌ന്നൊരാള്‍ക്ക് ഇത്രവലിയൊരു സ്ഥാനം നല്‍കാന്‍ തയ്യാറായില്ലെന്നിടത്ത് ഒരു സമുദായത്തെ തന്നെയാണ് എറിഞ്ഞുടച്ച് കളഞ്ഞത്.

ലളിതയെ ബോധപൂര്‍ഴം തഴഞ്ഞവര്‍ തന്നെയാണ് അയ്യപ്പനെ ബ്രഹ്മചാരിയാക്കിയതും എന്നാണ് ശബരിമല ചരിത്രം എഴുതിയ പി എസ് തെക്കുംഭാഗം ചൂണ്ടിക്കാണിക്കുന്നത്. ചീരപ്പന്‍ചിറ ലളിതയും അയ്യപ്പനും തമ്മിലുള്ള ബന്ധത്തിന് ചരിത്രപരമായി തന്നെ തെളിവുകള്‍ ഉള്ളപ്പോഴാണ് ചിലര്‍ സമൂഹത്തെ ഒന്നടങ്കം കബളിപ്പിക്കാന്‍ ബോധപൂര്‍വമായി നടത്തിയ ഒരു ശ്രമത്തിലൂടെ അയ്യപ്പനെ ബ്രഹ്മചാരിയാക്കിയതെന്നാണ് അദ്ദേഹം പറയുന്നത്. അയ്യപ്പന്‍ ബ്രഹ്മചാരിയല്ലെന്ന് പി എസ് തെക്കുംഭാഗം പറയുന്നതിനുള്ള അദ്ദേഹത്തിന്റെ നിഗമനം ഇങ്ങനെയാണ്; അയ്യപ്പന്‍ ബ്രഹ്മചാരിയാണെങ്കില്‍ തന്നെ ബ്രഹ്മചര്യം നഷ്ടപ്പെട്ടെന്നുവേണം കരുതുവാന്‍. എല്ലാവര്‍ഷവും മകരസംക്രമത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തുമ്പോള്‍ വീരശൃംഖലയും കഴുത്തില്‍ ചാര്‍ത്തുന്നുണ്ട്. ലളിതയുടെ മാലയാണ് വീരശൃംഖല. ജീവിച്ചിരുന്ന അവസരത്തില്‍ തന്റെ പ്രാണസഖിക്ക് അയ്യപ്പന്‍ കൊടുത്ത ഈ ആഭരണം ഇന്നും അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുമ്പോള്‍ ലളിത അയ്യപ്പന്റെ കഴുത്തില്‍ മാല അണിയിച്ചതിന് തുല്യമായി. ഇന്നും തിരുവാഭരണങ്ങള്‍ ചാര്‍ത്തുന്ന അവസരത്തില്‍ അയ്യപ്പന്‍ വിവാഹിതനാവുകയല്ലേ ചെയ്യുന്നത്.

Also read: ശബരിമലയില്‍ അവകാശമുണ്ടായിരുന്ന ഈഴവ കുടുംബത്തിന് സംഭവിച്ചത് ഇതാണ്; വിശ്വാസ സംരക്ഷകര്‍ ഓര്‍ക്കേണ്ട ചരിത്രം

കളരി പഠിക്കാന്‍ ചീരപ്പന്‍ച്ചിറ മൂപ്പന്റെ അടുത്തെത്തിയ അയ്യപ്പന്‍(പൂഴിയങ്കം എന്ന അഭ്യാസം പഠിക്കാനാണ് അയ്യപ്പന്‍ എത്തിയതെന്നാണ് പറയുന്നത്. വാവരാണ് അയ്യപ്പനെ ഇവിടെ കൊണ്ടുവന്നതെന്നും അതല്ല മറവരോട്( കാട്ടുകൊള്ളക്കാര്‍) യുദ്ധം ചെയ്ത് അവരെ തോല്‍പ്പിക്കാന്‍ കഴിയാതിരുന്ന അയ്യപ്പന്‍ ആയോധനവിദ്യയില്‍ കൂടുതല്‍ അഭ്യാസിയാകാന്‍ വേണ്ടി ചീരപ്പന്‍ചിറ കളരിയെക്കുറിച്ച് അറിഞ്ഞ് ഇവിടെ തേടിയെത്തുകയായിരുന്നുവെന്നും പറയുന്നു. ചീറപ്പന്‍ചിറ കളരിയില്‍ പുറംനാട്ടുകാരെ അഭ്യസിപ്പിക്കില്ലെന്നതിനാല്‍ ഇവിടെവച്ച് പരിചയപ്പെട്ട വെളുത്തയാണ് അയ്യപ്പനെ മൂപ്പന് പരിചയപ്പെടുത്തി കൊടുക്കുന്നതെന്നും പറയുന്നു. കളരി അഭ്യസ സമയത്താണ് മൂപ്പന്‍ മകളായ ലളിത(പൂങ്കൊടി എന്ന പേരും പറയുന്നുണ്ട്) അയ്യപ്പനുമായി ഇഷ്ടത്തിലാകുന്നത്. തിരിച്ചു പോകുന്നതിനു മുമ്പ് ലളിതയ്ക്ക് വിവാഹവാഗ്ദാനവും അയ്യപ്പന്‍ നല്‍കിയിരുന്നുവെന്നു പറയുന്നു. ഒരു വളയും സമ്മാനിച്ചിട്ടാണത്ര അയ്യപ്പന്‍ പോകുന്നത്. പിന്നീട് മറവരുമായി യുദ്ധം നടക്കുന്ന സമയത്ത് അയ്യപ്പന്റെ സഹായത്തിനായി ആയോധനവിദ്യയില്‍ പ്രാഗത്ഭ്യം ഉണ്ടായിരുന്ന ലളിതയും അവിടെ ചെന്നിരുന്നുവെന്നും കരിമലയില്‍ വച്ച് നടന്ന യുദ്ധത്തില്‍ ലളിത മരണപ്പെടുകയുമാണ് ഉണ്ടായതെന്നും പറയുന്നു. യുദ്ധ വിജയത്തിനുശേഷമാണ് അയ്യപ്പന്‍ ലളിതയുടെ മരണം അറിയുന്നത്. തന്റെ അടുത്ത് തന്നെ അയ്യപ്പന്‍ ലളിതയെ കുടിയിരുത്തിയതും അവര്‍ തമ്മിലുള്ള പ്രണയത്തിന്റെ തീവ്രതയാണ് കാണിക്കുന്നത്. ഐതിഹ്യകഥകളെക്കാള്‍ അയ്യപ്പനും ലളിതയും തമ്മിലുള്ള ബന്ധത്തിന്റെ ഈ ചരിത്രത്തിനാണ് വാസ്തവികത എന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. അതിനാല്‍ തന്നെ അയ്യപ്പന് യുവതികളായ സ്ത്രീകളുടെ സാന്നിധ്യം ഇഷ്ടമാകില്ലെന്നു പറയുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്.

ജാതിയുടെ കളികളാണ് ഇക്കാര്യങ്ങളെല്ലാം മറച്ചു പിടിക്കാന്‍ കാരണം. ഈ ജാതിക്കളിയാണ് ഇപ്പോഴും ശബരിമലയുടെ കാര്യത്തില്‍ നടക്കുന്നതെന്ന് അറിയാത്തവരാണ് വിശ്വാസമെന്നും ആചാരമെന്നും പറഞ്ഞ് സവര്‍ണരുടെ ഒപ്പം കൂടിയിരിക്കുന്നതും.

ശബരിമലയില്‍ അവകാശമുണ്ടായിരുന്ന ഈഴവ കുടുംബത്തിന് സംഭവിച്ചത് ഇതാണ്; വിശ്വാസ സംരക്ഷകര്‍ ഓര്‍ക്കേണ്ട ചരിത്രം

ശബരിമലയില്‍ ആദിവാസികള്‍ ആചരിക്കുന്ന തേനഭിഷേകം നിര്‍ത്തിയതെന്തിന്? സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സി കെ ജാനു

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍