UPDATES

ട്രെന്‍ഡിങ്ങ്

ആണുങ്ങളേ, സ്ത്രീകള്‍ക്ക് മാത്രമായി ഫേസ്ബുക്ക് എന്നുകൂടി ഞങ്ങളെക്കൊണ്ട് ചിന്തിപ്പിക്കണോ?

2011 മുതല്‍ 2015 വരെ സൈബര്‍ സെല്ലിന് മുമ്പിലെത്തിയ പരാതിയുടെ കണക്കുകള്‍ നോക്കിയാല്‍ 7 ഇരട്ടി വര്‍ധനവ് പരാതികളില്‍ ഉണ്ടായിട്ടുണ്ട് എന്നു കാണാം

സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകള്‍ക്ക് ‘സ്ത്രീകളുടെ ആരോഗ്യത്തിന് ഹാനികരം’ എന്നൊരു ചൊല്ല് ഉണ്ടോ? ഇല്ല എങ്കില്‍ വൈകാതെ അങ്ങനൊന്ന് ഉണ്ടായേക്കും. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു ഫേസ്ബുക്ക് എന്നൊരു ആശയം സാക്ഷാല്‍ സുക്കര്‍ബര്‍ഗിനോടു ഉന്നയിക്കേണ്ടി വരും. എന്തെന്നാല്‍ സൈബര്‍ ഹരാസ്‌മെന്റിനു വിധേയമായി, സൈബര്‍ സെല്ലില്‍ പരാതിയുമായി പോകേണ്ടി വരുന്നത് ഏറെയും സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വനിതകള്‍ക്കുമാണ്. സൈബര്‍ സെല്ലിന് മുന്നിലെത്തുന്ന ഈ പരാതികളുടെ കണക്കുകള്‍ നോക്കിയാല്‍ ഏറെയും, സ്ത്രീകളുടെ സമ്മതമില്ലാതെ അവരുടെ ഫോട്ടോ ഉപയോഗിക്കുക, മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചു അപമാനിക്കുക, മെസഞ്ചറില്‍ നൂണ്ടു കയറി വന്ന് വൃത്തികെട്ട സംസാരങ്ങളുമായി വെറുപ്പിക്കുക, തെറി വിളികള്‍, അപമാനകരമായ പ്രസ്താവനകള്‍ നടത്തുക ഇങ്ങനെയുള്ളവ ആയിരിക്കും ഏറെയും.

കേരളത്തില്‍ ഈ അടുത്തു നടന്ന ഒരു സംഭവം എടുത്തു നോക്കൂ. 2016 ജൂണില്‍ കേരളത്തിലെ ഒരു മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികളുടെ ഒരു പരാതി പോലീസിന് ലഭിക്കുകയുണ്ടായി. അവരുടെ സഹപാഠിയായ വിദ്യാര്‍ത്ഥി 50 ഓളം വിദ്യാര്‍ത്ഥിനികളുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്യുകയും അവ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനായി പെന്‍ഡ്രൈവിലാക്കി സൂക്ഷിക്കുകയും ചെയ്തു എന്നായിരുന്നു ഈ പരാതി.

സ്മാര്‍ട്ട് ഫോണുകള്‍, വിവിധ അപ്ലിക്കേഷനുകള്‍, പല സര്‍വീസ് പ്രൊവൈഡര്‍മാരുടെയും വമ്പന്‍ ഫ്രീ ഡേറ്റ ഓഫറുകള്‍ ഇവയെല്ലാം ഉപകാരത്തിലേറെ ഉപദ്രവമായിട്ടാണ് മാറിയിരിക്കുന്നത് എന്ന് പറയാതെ വയ്യ. സ്ത്രീകള്‍ക്ക് സൈബര്‍ ഇടങ്ങളില്‍ അഭിപ്രായങ്ങള്‍ സത്യസന്ധമായി പങ്കുവച്ചും, രാഷ്ട്രീയ നിലപാടുകള്‍ അറിയിച്ചും, മറ്റു സ്ത്രീകള്‍ക്ക് വേണ്ടി സംസാരിച്ചും ഒക്കെ പിടിച്ചു നില്‍ക്കുക എന്നത് വളരെ ദുഷ്‌കരമായ കാര്യമാണ്. നല്ല ആര്‍ജവത്തോടെ പെരുമാറുന്ന സ്ത്രീകളെ തുരത്താന്‍ ചില പുരുഷന്മാര്‍ അവരുടെ ഫോട്ടോസ് ദുരുപയോഗം ചെയ്യുന്നതും, ഇതിനെതിരെ പ്രതികരിച്ചാല്‍, പിന്നീട് അവരുടെ ഭാവനക്ക് അനുസരിച്ചു കഥകള്‍ മെനഞ്ഞു പരത്തുന്നതുമാണ് പൊതുവെ നടന്നു വരുന്ന ‘ആചാരങ്ങള്‍’.

ഒരു സ്ത്രീയെ ഒരു കമ്പ്യൂട്ടറിന്റെ മറയത്തിരുന്ന് ആയിരകണക്കിന് ആളുകള്‍ക്ക് മുമ്പില്‍ അപമാനിക്കുമ്പോള്‍, (അതിനൊരു അനോണിമിറ്റിയുടെ അല്ലെങ്കില്‍ ഫേക്ക് പ്രൊഫൈലിന്റെ പിന്‍ബലം കൂടെ ആയാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി) അപാരമായ മനക്കട്ടി ഉള്ളവര്‍ക്ക് മാത്രമേ പിടിച്ചു നില്‍ക്കാന്‍ പറ്റുള്ളൂ. ബാക്കി ഉള്ളവരില്‍ ചിലരെ നിങ്ങള്‍ ഭൂമിയില്‍ നിന്നു തന്നെ ഇല്ലായ്മ ചെയ്യുന്നു (സംശയമുള്ളവര്‍ സൈബര്‍ ബുള്ളിയിങ്ങിന്റെ ഭാഗമായി ആത്മഹത്യ ചെയ്തവരുടെ കണക്കുകള്‍ പരിശോധിച്ചു നോക്കൂ). ചിലര്‍ എന്നെന്നേക്കുമായി തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുന്നു. സാമൂഹ്യമായുള്ള എല്ലാ ഇടപെടലുകളില്‍ നിന്നും ബന്ധങ്ങളില്‍ നിന്നും അവര്‍ അകലം പാലിക്കുന്നു. ചിലപ്പോള്‍ നിങ്ങള്‍ക്ക് ഒരു ആവശ്യം വന്നാല്‍, നിങ്ങളുടെ പെങ്ങള്‍ക്ക്, മകള്‍ക്ക്, അമ്മയ്ക്ക് ഒരു പ്രശ്‌നം വന്നാല്‍ ശബ്ദിച്ചേക്കാവുന്ന ഒരു വായ ആണ് നിങ്ങള്‍ എന്നന്നേക്കുമായി അടയ്ക്കുന്നത് എന്ന് എപ്പോഴാണ് മനസിലാക്കുക?

എല്ലാ പുരുഷന്മാരും സൈബര്‍ ഇടങ്ങള്‍ ഉപയോഗിക്കുന്നത് സ്ത്രീകളെ ഉപദ്രവിക്കാനാണെന്ന് ആരും ഇവിടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നില്ല. അങ്ങനെ വിശ്വസിക്കുന്നുമില്ല. നിലപാടുകളെ നിലപാടുകളായി കാണുകയും അതിനോട് മാത്രം വിയോജിപ്പ് കാണിക്കുന്നവരുമാണ് ചുരുക്കം ചിലര്‍. അതില്‍ കവിഞ്ഞ് ഒരു വ്യക്തിഹത്യ എന്നൊക്കെ ഉള്ള തരംതാണ നിലവാരത്തിലേക്ക് ചിലരെങ്കിലും പോകാറില്ല. സൈബര്‍ ഇടങ്ങളില്‍ ഓരോ വ്യക്തിയെയും വ്യക്തിയായി കാണുക, അല്ലാതെ ഇവള്‍ സ്ത്രീയാണ്, ഇവള്‍ രാത്രി ഓണ്‍ലൈന്‍ ഉണ്ടാകാറുണ്ട്, ഇവള്‍ ഫോട്ടോസ് ഇടാറുണ്ട്, ഇവള്‍ അഭിപ്രായങ്ങള്‍ പങ്ക് വയ്ക്കാറുണ്ട്, ഇവള്‍ ഞങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ നിലപാടിനെ തള്ളി പറഞ്ഞവളാണ്, എല്ലാത്തിനും ഉപരി ഇവള്‍ ഒരു പെണ്ണാണ്, ഇവള്‍ക്ക് ഇതിനൊന്നും സ്വാതന്ത്ര്യം ഇല്ല, അതുകൊണ്ട് ഇവളെ നമുക്ക് എങ്ങനെ എങ്കിലും ഇല്ലായ്മ ചെയ്യണം, അപമാനിക്കണം എന്നൊക്കെ ചിന്തിക്കുന്നവര്‍ ധാരാളമുണ്ട് ഈ നൂറ്റാണ്ടിലും. വികസനമൊക്കെ ഭൂമിയുടെ മുകളിലുള്ള കടന്നുകയറ്റം മാത്രമല്ലേ, അല്ലാതെ മനുഷ്യരുടെ മനസ്സിന് എന്ത് വികസനം!


അപ്പൊ ഞാന്‍ നിര്‍ത്തിയ ഇടത്തു നിന്നു തുടങ്ങാം. സ്ത്രീകള്‍ക്ക് മാത്രമായി ഫേസ്ബുക്ക് എന്നൊക്കെ ഞങ്ങളെ കൊണ്ട് ചിന്തിപ്പിക്കുന്നത്, നിങ്ങളാണ്..

1. ഞങ്ങളുടെ ഫോട്ടോസ് അനുമതിയില്ലാതെ ഉപയോഗിക്കുന്നത് കൊണ്ടാണ്.
2. ഞങ്ങള്‍ക്കെതിരെ കഥകള്‍ ഉണ്ടാക്കുന്നത് കൊണ്ടാണ്.
3. ഞങ്ങളുടെ ശബ്ദം ഇല്ലായ്മ ചെയ്യുന്നത് കൊണ്ടാണ്.
4. ഞങ്ങളുടെ സ്വാതന്ത്ര്യത്തില്‍ കൈ കടത്തുന്നത് കൊണ്ടാണ്.
5. ഞങ്ങളുടെ ഇന്‍ബോക്‌സില്‍ മെസ്സേജുകളുമായി നുഴഞ്ഞു കയറി വെറുപ്പിക്കുന്നതു കൊണ്ടാണ്.
6. ഞങ്ങളുടെ ശരീരം നിങ്ങള്‍ ചര്‍ച്ചയാക്കുന്നത് കൊണ്ടാണ്.
7. ഞങ്ങള്‍ രാത്രി ഓണ്‍ലൈന്‍ ആയാല്‍, കഥകള്‍ മെനെഞ്ഞെടുക്കുന്നതു കൊണ്ടാണ്.
8. സദാചാരകണ്ണുകള്‍ തുറന്നു പിടിച്ചു കാവല്‍ ഇരിക്കുന്നത് കൊണ്ടാണ്.
9. നിങ്ങള്‍ക്കുള്ള അതേ സ്വന്തത്ര്യവും അവകാശങ്ങളുമുള്ള ഓരോ വ്യക്തികളായി നിങ്ങള്‍ ഞങ്ങളെ കാണാത്തതു കൊണ്ടാണ്.

സൈബര്‍ ലോകം ഇപ്പോള്‍ നേരിടുന്ന മറ്റൊരു പ്രശ്‌നമാണ് ഓണ്‍ലൈന്‍ മഞ്ഞ പത്രങ്ങളുടെ ആധിക്യം. ഇത്തരം മഞ്ഞ പോര്‍ട്ടലുകളുടെ നടത്തിപ്പുകാര്‍ സാധാരണ ചെയ്യുന്നത് വ്യക്തിഹത്യപരമായ, വിശ്വാസ്യത തീരെ ഇല്ലാത്ത ന്യൂസുകള്‍ ഉണ്ടാക്കി വായനക്കാരെ സമ്പാദിക്കുകയാണ്. ഇത്തരം ന്യൂസുകളോടുള്ള മലയാളികളുടെ താത്പര്യം തന്നെയാണ് ഇവരുടെ ഒക്കെ പ്രധാന സെല്ലിങ് പോയിന്റ്. ഇവിടെയും വേട്ടയാടപ്പെടുന്നത് സ്ത്രീകള്‍ തന്നെയാണ്.

2011 മുതല്‍ 2015 വരെ സൈബര്‍ സെല്ലിന് മുമ്പിലെത്തിയ പരാതിയുടെ കണക്കുകള്‍ നോക്കിയാല്‍ 7 ഇരട്ടി വര്‍ധനവ് പരാതികളില്‍ ഉണ്ടായിട്ടുണ്ട് എന്നു കാണാം. 2013-ല്‍ ഇത്തരം 7916 പരാതികള്‍ സൈബര്‍സെല്ലിനു മുമ്പിലെത്തിയെങ്കില്‍, 2014-ല്‍ അത് 6117-ഉം, 2015-ല്‍ അത് 8015-ഉം ആയി ഉയര്‍ന്നു. ഇതില്‍ തന്നെ പരാതി നല്‍കാന്‍ വൈകിയതും, പിന്നെ സാധാരണ കണ്ടു വരാറുള്ള പിന്‍വലിയലും ഭയവും എല്ലാം കാരണം ഇതില്‍ എല്ലാ കേസുകളും നിയപരമായി രജിസ്റ്റര്‍ ചെയ്യപ്പെടാതെയും പോകുന്നു.

വിവരസാങ്കേതിക വിദ്യയുടെ ഉപയോഗം സുരക്ഷിതവും ഭദ്രവും ആക്കാനാണ് 2000-ല്‍ ഐടി ആക്ട് ഇന്ത്യന്‍ പാര്‍ലമെന്റ് നടപ്പില്‍ വരുത്തിയത്. 2008-ല്‍ ഭേദഗതിയും ചെയ്യപ്പെട്ട ഐടി ആക്ടില്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്നവര്‍ക്ക് കര്‍ശന ശിക്ഷാനടപടികളാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. 66A ദുരുപയോഗം ചെയ്യപ്പെടുന്നു എന്നും ശ്രേയ സിംഗാള്‍ കേസും ‘ഫ്രീഡം ഓഫ് സ്പീച്ചും’ ഒന്നും ആരും മറന്നു കാണില്ല. 66A ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി പരാമര്‍ശവും വന്നു.

ഐടി ആക്ട് 67 പ്രകാരം ആരെങ്കിലും പടച്ചുണ്ടാക്കുന്ന തരംതാണ വര്‍ത്ത, ചിത്രമോ, ശബ്ദങ്ങളോ ഇലക്ട്രോണിക് രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതും മറ്റൊരാള്‍ക്കു കൈമാറുന്നതും 3 വര്‍ഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇവ കൂടാതെ കേന്ദ്ര ഗവണ്മെന്റ് ഓരോ സംസ്ഥാനങ്ങള്‍ക്കും വിവരസാങ്കേതിക വിദ്യയില്‍ പ്രഗത്ഭരായ ആളുകളുടെ ഒരു ടീമും നൂതന സാങ്കേതിക ഉപകരണങ്ങളുമായി സൈബര്‍ ക്രൈമിനെ നേരിടാന്‍ തയ്യാറായിരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. Indian Computer Emergency Response Team (CERT-In) CDAC ഉം ഡിജിറ്റല്‍ എവിഡന്‍സ് ശേഖരിക്കാനും, പരിശോധിക്കാനും, കോടതിയില്‍ സമര്‍പ്പിക്കാനുമുള്ള ട്രെയിനിങ് പ്രോഗ്രാമുകള്‍ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്കായി ചെയ്യുന്നു. സൈബര്‍ ഫോറന്‍സിക് ട്രെയിനിങ് ലാബ്‌സ് കേരള, അസം, മിസോറം, തുടങ്ങി 9 സംസ്ഥാനങ്ങളില്‍ സ്ഥാപിച്ചിട്ടുമുണ്ട്. ഇവ കൂടാതെ മറ്റനേകം പദ്ധതികള്‍ക്കും തുടക്കം കുറിച്ചിട്ടുമുണ്ട്. ഇവയെല്ലാം ഉണ്ടായിട്ടും എവിടെയാണ് പാളിച്ച സംഭവിക്കുന്നത് എന്നത് പരിശോധിക്കേണ്ട വിഷയം തന്നെയാണ്.


ഫേക്ക് പ്രൊഫൈല്‍സ്, ഓണ്‍ലൈന്‍ ഗാങ് വാര്‍സ്, മൊര്‍ഫ്ഡ് ഫോട്ടോഗ്രാഫ്‌സ്, റീവെന്ജ്, സാമ്പത്തിക തട്ടിപ്പുകള്‍ ഇവയെല്ലാം ചേരുന്ന ഒരു ഇരുണ്ട മുഖം കൂടെ ഉണ്ട് ഈ സൈബര്‍ ലോകത്തിന് എന്നത് വളരെ സങ്കടകരമായ കാര്യമാണ്. ഇവയ്‌ക്കൊക്കെ വിധേയരായ 46 ശതമാനം അവരുടെ പ്രൊഫൈല്‍ ഡിലീറ്റ് ചെയ്തു, 42 ശതമാനം ആളുകള്‍ സോഷ്യല്‍ ആക്ടിവിറ്റീസില്‍ നിന്നും ഒഴിഞ്ഞു മാറി, അവനവനിലേക്ക് തന്നെ ഒതുങ്ങി. (ഈ കണക്കില്‍ സാമ്പത്തിക തട്ടിപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല).

അവനവനും മറ്റുള്ളവര്‍ക്കും യാതൊരു വിധ ഉപദ്രവം ഇല്ലാത്ത രീതിയില്‍ സോഷ്യല്‍ മീഡിയകള്‍ ഉപയോഗയോഗിക്കുന്നതിന് എന്താണിത്ര ബുദ്ധിമുട്ട് എന്ന് എത്ര വട്ടം നമ്മള്‍ ചോദിച്ചു കഴിഞ്ഞു. സ്ത്രീകളുടെ ഡ്രസ്സ് ഒരല്പം മാറി കിടന്നാല്‍ ആ സിമ്പിള്‍ സെക്കന്‍ഡില്‍ ചില ആണുങ്ങളുടെ മൊബൈല്‍ ക്യാമറ കര്‍മ്മനിരതമാവും. ഇത്രയും ശുഷ്‌കാന്തിയില്‍ നിങ്ങള്‍ വല്ല നെറ്റികട്‌സ് ക്ലാസ്സോ, സൈബര്‍ മോറല്‍ സയന്‍സ് ക്ലാസ്സോ അറ്റന്‍ഡ് ചെയ്താല്‍ ഒരു പക്ഷെ സൈബര്‍ ലോകം രക്ഷപെടും. ഒരു ശരാശരി അളവില്‍ എങ്കിലും സൈബര്‍ ഹൈജീന്‍ ഓരോരുത്തരും പാലിക്കുകയാണെങ്കില്‍ തന്നെ ഒരുപാട് പേര്‍ക്ക് അത് വലിയ ആശ്വാസമാകും. ഭയപെടുത്തലുകളും ബ്ലാക്ക് മെയ്‌ലിംഗും വെറുപ്പിക്കലുകളും സ്ത്രീവിരുദ്ധതയും ഭീഷണികളും വ്യക്തിഹത്യകളും പകപോക്കലുകളും ഇല്ലാതെയായാല്‍ തന്നെ സമൂഹ മാധ്യമങ്ങള്‍ കൂടുതല്‍ ഉപയോഗപ്രദമാകും. കൂടുതല്‍ പേര്‍ സമൂഹ മാധ്യമങ്ങളില്‍ സംവദിക്കാന്‍ ഇടം കണ്ടെത്തും. ആശയങ്ങളെ ആശയങ്ങളോട് യോജിച്ചും വിയോജിച്ചും ഒരു നല്ല സമൂഹത്തിനായി നമുക്ക് ഈ സൈബര്‍ പൊതുഇടങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പറ്റില്ലെങ്കില്‍, സ്ത്രീകള്‍ക്കു സുരക്ഷ നല്കാന്‍ പറ്റില്ലെങ്കില്‍ ഈ ‘പൊതു’ഇടം കൊണ്ട് പിന്നെ എന്ത് പ്രയോജനം?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ദിവ്യ രഞ്ജിത്

ദിവ്യ രഞ്ജിത്

മൈസൂരില്‍ ടെറക്കോട്ട ജ്യൂവല്ലറി ബിസിനസ് ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍