എല്ലാ തരത്തിലുള്ള വെര്‍ബല്‍ അതിക്രമങ്ങളും ഉണ്ടാകാറുമുണ്ട്. അധികവും ഫേക് പ്രൊഫൈലുകളായതിനാല്‍ ഒന്നും തീര്‍ച്ചപ്പെടുത്താനാവില്ല
നിലപാടുള്ള സ്ത്രീകളെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ആക്രമിക്കുകയും വെര്‍ബല്‍ റേപ്പ് നടത്തുകയും ചെയ്യുന്ന ആണ്‍കൂട്ടങ്ങള്‍ സൈബറിടങ്ങളില്‍ പതിവ് കാഴ്ചയാണ്. ലിംഗം കൊണ്ടു ചിന്തിക്കുന്നവര്‍ എന്നു തന്നെ വിളിക്കേണ്ട സംഘങ്ങള്‍ വളരെ കൃത്യമായി ലക്ഷ്യം വച്ചു തന്നെ സമൂഹമാധ്യമങ്ങളിലടക്കം സ്ത്രീകള്‍ക്കെതിരെ വ്യക്തിഹത്യയും തെറിവിളിയും നടത്തുന്നത് ഈയടുത്ത കാലത്തായി അളവില്‍ക്കവിഞ്ഞ് വര്‍ദ്ധിച്ചിട്ടുമുണ്ട്. ഇത്തരം ആണധികാര ആഘോഷത്തിന്റെ വെളിപ്പെടുത്തലായിരുന്നു എറണാകുളം പ്രസ് ക്ലബില്‍ നടന്ന വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശിക്കപ്പെട്ടത്.
‘ഒരു നൂറു വട്ടമെങ്കിലും ദിവസേന വെര്‍ബല്‍ റേപ്പിന് ഇരയാകുന്നുണ്ടെ’ന്നാണ് ഡബ്ല്യു.സി.സിയുടെ സോഷ്യല്‍ മീഡിയാ പേജുകള്‍ കൈകാര്യം ചെയ്യുന്ന സംഗീത പ്രസ് മീറ്റിനിടെ പറഞ്ഞത്. ഡബ്ല്യു.സി.സിയുടെ പേജുകളിലും സംഘടനയില്‍ സജീവമായവരുടെ പേജുകളിലുമെത്തി അസഭ്യം പറയുകയും ‘ഫീല്‍ഡ് ഔട്ട് അമ്മച്ചിമാര്‍’, ‘ജോലിയും കൂലിയുമില്ലാത്തവര്‍’ എന്നെല്ലാം എഴുതിക്കൂട്ടുകയും ചെയ്യുന്നവരെല്ലാം, യഥാര്‍ത്ഥത്തില്‍ ഒരു കൂട്ടം സ്ത്രീകള്‍ അവരുടെ സ്‌പേസ് സ്വയം കണ്ടെത്തി അവകാശപ്പെടുന്നതിനെ എതിര്‍ക്കുന്നവര്‍ തന്നെയാണ്. ഏറ്റവുമവസാനം ഡബ്ല്യു.സി.സിയുടെ വാര്‍ത്താസമ്മേളനത്തിന്റെ ലൈവ് വീഡിയോയ്ക്കു കീഴില്‍ പോലും കാണാനാവുക ഈ ആക്രോശങ്ങള്‍ തന്നെ.
എന്താണ് ഈ സ്ത്രീകള്‍ പ്രത്യക്ഷമായും പരോക്ഷമായും അനുനിമിഷം നേരിട്ടു കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍? കമന്റുകളെന്നും വിമര്‍ശനങ്ങളെന്നും നിസ്സാരവല്‍ക്കരിക്കപ്പെടുന്ന ഓണ്‍ലൈന്‍ ഹരാസ്‌മെന്റ് എങ്ങിനെയാണ് ഫാന്‍സ് സംഘങ്ങളുടെയും മറ്റ് ആണ്‍കൂട്ടങ്ങളുടെയും പ്രതിനിധികള്‍ ഇവരോട് നടത്തിപ്പോരുന്നത്? സംഗീതയ്ക്കു പറയാനുള്ളത് ഇതാണ്:
“ഡബ്ല്യു.സി.സിയുടെ ഫേസ്ബുക്ക് പേജില്‍ വരുന്ന മിക്ക കമന്റുകളിലെ വാക്കുകള്‍ക്കും പ്രൊഫേനിറ്റി ഫില്‍റ്റര്‍ ഇട്ടുവയ്‌ക്കേണ്ട അവസ്ഥയാണ്. എന്നിട്ടു പോലും എല്ലാ പോസ്റ്റുകള്‍ക്കും കീഴെ വരുന്ന കമന്റുകള്‍ എങ്ങിനെയുള്ളവയാണെന്ന് നിങ്ങള്‍ക്കു കാണാമല്ലോ. എന്തു പോസ്റ്റിട്ടാലും, സാധാരണമായ ഒരു സ്‌റ്റേറ്റ്‌മെന്റ് ഇട്ടാല്‍ പോലും ഇതാണ് അവസ്ഥ. കമന്റുകള്‍ കൃത്യമായി മോണിട്ടര്‍ ചെയ്യുന്നതുകൊണ്ടാണ് അത്രമേല്‍ നെഗറ്റിവിറ്റി ഇപ്പോഴില്ലാത്തത്. മലയാളത്തിലെ ഏറ്റവും മോശമായ വാക്കുകളുപയോഗിച്ചുള്ള അബ്യൂസുകളാണ് സോഷ്യല്‍ മീഡിയ പേജുകളില്‍ ആള്‍ക്കൂട്ടം നടത്തുന്നത്.
ഇന്ന് വൈകീട്ട് വാര്‍ത്താസമ്മേളനമുണ്ട്, മാധ്യമങ്ങളെ സ്വാഗതം ചെയ്യുന്നു എന്നു പറയുന്ന പോസ്റ്റില്‍ പോലും വലിയ ഹരാസ്‌മെന്റുകളാണ്. ഉപയോഗിക്കുന്ന വാക്കുകളാണ് ശ്രദ്ധിക്കേണ്ടത്. ആരോടും എന്തും പറയാമെന്നു ചിന്തിക്കുന്ന ഒരു കൂട്ടം ആള്‍ക്കാരാണിത്. പേജും ഇന്‍ബോക്‌സുമെല്ലാം മാനേജ് ചെയ്യുന്നത് ഞാനാണ്. പോസിറ്റീവും നെഗറ്റീവുമായ സന്ദേശങ്ങള്‍ വരാറുണ്ട്. ഡബ്ല്യു.സി.സിയുടെ മാത്രമല്ല, മറ്റു ധാരാളം പേജുകള്‍ കൈകാര്യം ചെയ്യുന്നയാളാണ് ഞാന്‍. പക്ഷേ ഏറ്റവുമധികം ദുഃഖവും ബുദ്ധിമുട്ടും തോന്നുന്നത് ഡബ്ല്യു.സി.സിയുടെയും പാര്‍വതിയുടെയുമടക്കമുള്ള പേജുകള്‍ നോക്കുമ്പോഴാണ്.”
സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ എ.എം.എം.എ വിസമ്മതിക്കുന്നത് എങ്ങിനെയാണെന്നും, ലിംഗനീതിക്ക് ഇടമുള്ള ഒരു മേഖലയായി മലയാള ചലച്ചിത്ര രംഗത്തെ മാറ്റാന്‍ ഡബ്ല്യു.സി.സി പോരാടുക തന്നെ ചെയ്യുമെന്നും ഉറപ്പിച്ചു പറയുകയായിരുന്നല്ലോ വാര്‍ത്താസമ്മേളനത്തില്‍. സൈബറിടങ്ങളിലെ വെര്‍ബല്‍ റേപ്പിനെക്കുറിച്ച് സംസാരിക്കാന്‍ പറ്റിയ വേദി തന്നെ കൃത്യമായി തെരഞ്ഞെടുത്തു. എന്തു കൊണ്ടാണ് ഡബ്ല്യു.സി.സിക്കെതിരെ ഇത്തരം സംഘടിത നീക്കങ്ങള്‍?
പ്രസ് മീറ്റിനിടയില്‍ സംസാരിക്കണമെന്നു മുന്‍കൂട്ടി തീരുമാനിച്ചതല്ല. സംസാരിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു. സമ്മേളനം ശ്രദ്ധിച്ചവര്‍ക്കറിയാം, എന്തുകൊണ്ടാണ് തുറന്നു സംസാരിക്കാത്തതെന്നും പേടിക്കുന്നതെന്തിനെന്നും എല്ലാവരും ചോദിക്കുന്നുണ്ടായിരുന്നു. പേടി എല്ലാവര്‍ക്കുമുണ്ടാകും. ശബ്ദമുയര്‍ത്താന്‍ സാധിക്കാത്ത ഒരുപാടു പേരെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ഡബ്ല്യു.സി.സി. അങ്ങിനെയുള്ളവര്‍ക്കു കൂടി വേണ്ടിയാണ് അവിടുത്തെ സ്ത്രീകള്‍ സംസാരിക്കുന്നത്. ഞാന്‍ സംഘടനയുടെ കോര്‍ മെംബറൊന്നുമല്ല. ഞാന്‍ മറ്റു ജോലികളുള്ളയാളുമാണ്. എന്നിട്ടും ഡബ്ല്യു.സി.സിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ സ്വയം സന്നദ്ധയായി മുന്നോട്ടു വന്നതാണ്. ഈ സംഘടന എന്തിനു വേണ്ടിയാണ് ഉണ്ടായതെന്ന് വ്യക്തമായി അറിയാവുന്നതുകൊണ്ടാണ് ഞങ്ങളെപ്പോലുള്ളവര്‍ ഇതില്‍ സ്വയം മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കുന്നത്.
ഈ ഒരു കേസ് കൈകാര്യം ചെയ്യുന്ന സംഘടന മാത്രമല്ല ഡബ്ല്യു.സി.സി. പ്രതിഫലത്തിലെ തുല്യതയും അടിസ്ഥാന ടോയ്‌ലറ്റ് സൗകര്യവുമടക്കം ഈ മേഖലയിലെ സ്ത്രീകള്‍ക്കായുള്ള ഒരുപാട് കാര്യങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടമാണ് ഇവരുടേത്. എനിക്ക് അവരെ സഹായിക്കാനാവുക എന്റെ കഴിവ് അവര്‍ക്കു വേണ്ടി ഉപയോഗപ്പെടുത്തിക്കൊണ്ടാണ്. ഞാനൊരു പി.ആര്‍ പ്രൊഫഷലാണ്. നിങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകള്‍ ഞാന്‍ നോക്കിക്കൊള്ളാമെന്ന് ഞാന്‍ അവരോടു പറയാനുണ്ടായ കാരണവുമിതാണ്.
ഒരു കൂട്ടം സ്ത്രീകള്‍ ധൈര്യത്തോടെ നിന്ന് വര്‍ഷങ്ങളായി മിണ്ടാതെ പിന്തുടര്‍ന്നു പോന്നിട്ടുള്ള താരാധിപത്യത്തെ മുഖത്തടിച്ച പോലെ വിമര്‍ശിക്കുന്നു. പിന്മാറാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പ്രസ്താവിക്കുന്നു. മൂന്നു നടിമാര്‍ എന്നതിനപ്പുറം തങ്ങള്‍ നേടിയെടുത്ത ഒരു പേരുണ്ടെന്ന് സ്ഥാപിക്കുന്നു. നേരത്തേ പറഞ്ഞ ആണ്‍കൂട്ടങ്ങള്‍ തീര്‍ച്ചയായും അസ്വസ്ഥരായിക്കാണും. വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകരും ചോദ്യങ്ങള്‍ ചോദിച്ചത് ഇതേ ധാര്‍ഷ്ഠ്യത്തോടെയാണ്? അതേ ആണ്‍കൂട്ടത്തിന്റെ പരിച്ഛേദമാണ് അവരും?
ഒരു അഭിപ്രായമുണ്ടാവുക, അതു പറയുക എന്നതെല്ലാം ഇക്കാലത്ത് ഒട്ടും എളുപ്പമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒരുപാട് കടമ്പകള്‍ കടക്കേണ്ടിവരും. ഓണ്‍ലൈന്‍ ഹരാസ്‌മെന്റിനെക്കുറിച്ച് ചര്‍ച്ചകളുണ്ടാവേണ്ടത് ആവശ്യമാണ്. #MeToo മൂവ്‌മെന്റെല്ലാം വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന സമയമാണ്. നമുക്കിടയില്‍ 99% ശതമാനം ആളുകളും എന്തെങ്കിലും തരത്തിലുള്ള അബ്യൂസുകള്‍ അനുഭവിച്ചിട്ടുള്ളവരായിരിക്കും. എല്ലാവര്‍ക്കും അത് തുറന്നു പറയുക എന്നത് എളുപ്പമുള്ള കാര്യമാവില്ല. അത്തരമൊരു വിഷയം പങ്കു വച്ചപ്പോള്‍ നിങ്ങള്‍ ഭീഷണിപ്പെടുത്തുകയാണോ എന്ന രീതിയിലുള്ള ചോദ്യങ്ങളാണ് മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും ചിലര്‍ ചോദിച്ചത്. ഭീഷണി അല്ലല്ലോ, അത് യഥാര്‍ത്ഥത്തില്‍ കണ്‍സ്ട്രക്ടീവായ ഒരു ചര്‍ച്ച തന്നെയല്ലേ. അതിനെ നെഗറ്റീവായി കാണേണ്ട കാര്യമില്ലല്ലോ.
എത്ര സന്തോഷകരമായ പോസ്റ്റിട്ടാലും അതിനുകീഴില്‍ കമന്റു ചെയ്യുന്ന ഒരു വലിയ ശതമാനവും ഫേക് പ്രൊഫൈലുകളാണ്. തുടര്‍ച്ചയായി വീണ്ടും വീണ്ടും എല്ലാ പോസ്റ്റുകള്‍ക്കു കീഴിലുമെത്തി അബ്യൂസ് ചെയ്യുന്നവരുണ്ട്. അതൊരു വലിയ പ്രശ്‌നമാണെന്നു തോന്നിയതിനാലാണ് സമ്മേളനത്തില്‍ സംസാരിച്ചത്. പരസ്യമായി സ്ത്രീകളെ ചീത്ത വിളിക്കുമ്പോള്‍ അവര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള സംതൃപ്തി ലഭിക്കുന്നുണ്ടായിരിക്കും. ‘വേറെ പണിയൊന്നുമില്ലാതെ നടക്കുന്നു’ എന്നെല്ലാം ആവര്‍ത്തിച്ച് കമന്റിടുന്നവരുണ്ട്. ഡബ്ല്യു.സി.സിയില്‍ പ്രവര്‍ത്തിക്കുന്നവരാരും മറ്റു ജോലികളില്ലാത്തവരല്ല. ഈ സ്ത്രീകളാരും അവരവര്‍ക്കു വേണ്ടിയല്ല സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനു ഫണ്ടിംഗുമില്ല. എല്ലാവരും വൊളണ്ടിയര്‍മാരാണ്. ഇത്രയും സ്ത്രീകളുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തെ കണ്ടില്ലെന്നു നടിച്ച് അതിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുമ്പോള്‍, അധികം സംസാരിക്കാത്ത എന്നെപ്പോലുള്ളവരും പൊതു വേദികളില്‍ സംസാരിച്ചുപോകും.
ഇത്തരം കമന്റുകളിടുകയും അബ്യൂസ് ചെയ്യുകയും ചെയ്യുന്നത് പൊതുവില്‍ സ്ത്രീ വിരോധം കൊണ്ടു നടക്കുന്നവര്‍ തന്നെയാണോ? താരാരാധകരുടെ സംഘങ്ങള്‍ കൂട്ടായിത്തന്നെ നടത്തുന്ന അതിക്രമങ്ങളും ഇക്കൂട്ടത്തിലില്ലേ?
എല്ലാ വിഭാഗത്തില്‍പ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. എല്ലാ തരത്തിലുള്ള വെര്‍ബല്‍ അതിക്രമങ്ങളും ഉണ്ടാകാറുമുണ്ട്. അധികവും ഫേക് പ്രൊഫൈലുകളായതിനാല്‍ ഒന്നും തീര്‍ച്ചപ്പെടുത്താനാവില്ല. പൊതുവായ ചീത്തവിളികളാണ് കൂടുതല്‍. കൃത്യമായ ചര്‍ച്ചകളോ വിമര്‍ശനങ്ങളോ അല്ല ഇവരുടേത്. ഇങ്ങനെ ചെയ്യുന്നതില്‍ ഇവര്‍ക്ക് എന്തെങ്കിലും സന്തോഷം ലഭിക്കുന്നുണ്ടാകണം. ഓണ്‍ലൈന്‍ ഹരാസ്‌മെന്റ് ഒരു യാഥാര്‍ത്ഥ്യമാണെന്ന് അറിയിക്കുക എന്നു മാത്രമായിരുന്നു എന്റെ ഉദ്ദേശം.
ഓണ്‍ലൈന്‍ അക്രമങ്ങളും സൈബറിടങ്ങളിലെ വെര്‍ബല്‍ റേപ്പും മിണ്ടാതെ കേട്ടിരിക്കേണ്ടതില്ലല്ലോ. ഇത് നിയമപരമായി നേരിടാനാകില്ലേ?
ഫേക്ക് പ്രൊഫൈലുകളെ തിരിച്ചറിയുന്നതില്‍ ഒരു പരിധിയുണ്ടല്ലോ. ആള്‍ക്കൂട്ടത്തെ വേലികെട്ടി തടുക്കാനാവില്ലെന്നു പറയുന്നതു പോലെയാണിത്. ആവര്‍ത്തിച്ചുള്ള അതിക്രമം കാണുമ്പോള്‍ അവരെ പേജില്‍ നിന്നും ബ്ലോക്കു ചെയ്യുക എന്നതാണ് ഇപ്പോള്‍ ചെയ്യുന്ന കാര്യം. അവര്‍ക്ക് പേജിലേക്ക് ഒന്നും കോണ്‍ട്രിബ്യൂട്ട് ചെയ്യാനില്ലെന്നു കാണുമ്പോഴേ ഒഴിവാക്കും. നമ്മളെ കരിവാക്കിത്തേക്കുക എന്നതു മാത്രമാണല്ലോ ഇവരുടെ ലക്ഷ്യം.
രേവതിക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെടുന്നവര്‍ കോടിയേരിക്കും ആലഞ്ചേരിക്കുമെതിരെ കേസ് കൊടുക്കുമോ?
സുരക്ഷിത തൊഴിലിടം, എല്ലാവര്‍ക്കും! മലയാള സിനിമയില്‍ പുരോഗമന നീക്കവുമായി ആഷിഖ് അബുവും റിമയും