UPDATES

ട്രെന്‍ഡിങ്ങ്

അഹമ്മദാബാദ് വിമാനത്താവളത്തില്‍ വെള്ളം കയറിയതായി പ്രചരിപ്പിച്ച ഫോട്ടോ ചെന്നൈയിലേത്

വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ നല്‍കിയ ഈ ചിത്രം നിരവധി പത്രങ്ങള്‍ ഉപയോഗിക്കുകയും ചെയ്തു

കനത്ത മഴയെ തുടര്‍ന്ന് ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ വെള്ളം കയറിയതായി കഴിഞ്ഞ ദിവസം പ്രചരിപ്പിച്ച ഫോട്ടോ രണ്ടു വര്‍ഷം മുമ്പുണ്ടായ വെള്ളപ്പൊക്ക സമയത്ത് ചെന്നൈ വിമാനത്താവളത്തില്‍ വെള്ളം കയറിയതിന്റെത്. രാജ്യത്തെ ഏറ്റവും വലിയ ന്യൂസ് ഏജന്‍സിയായ പി.ടി.ഐ നല്‍കിയ ഈ ചിത്രം ഇന്ത്യന്‍ എക്‌സ്പ്രസ്, ദി ഹിന്ദു, ഇന്ത്യാ ടുഡെ, ഇന്ത്യാ ടൈംസ് തുടങ്ങിയവര്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു.

രണ്ടു വര്‍ഷം മുമ്പ് തമിഴ്‌നാട്ടിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ വെള്ളം കയറിയ ഫോട്ടോയായിരുന്നു ഇതെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു. കേന്ദ്ര ടെക്‌സൈ്റ്റല്‍സ് മന്ത്രി സ്മൃതി ഇറാനി ഇക്കാര്യം ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്യുകയും ഇക്കാര്യത്തില്‍ പി.ടി.ഐ വിശദീകരണം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞിരുന്നു.

തുടര്‍ന്ന്, സംഭവിച്ച പിഴവിന് ഖേദം പ്രകടിപ്പിച്ച പി.ടി.ഐ പ്രസ്തുത ഫോട്ടോ നല്‍കിയ ഫോട്ടോഗ്രാഫറുടെ സേവനം അവസാനിപ്പിച്ചതായും വ്യക്തമാക്കി.

എന്നാല്‍ ഇക്കാര്യം വാര്‍ത്തയാക്കിയ ഓള്‍ട്ട്‌ന്യൂസ്, സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിച്ച മറ്റ് വ്യാജ ചിത്രങ്ങളുടെ കാര്യത്തിലും ഇതേ വിശദീകരണം മന്ത്രി ആവശ്യപ്പെടുമോ എന്നാരായുന്നു.

1. കേന്ദ്ര ആഭ്യന്തര ആഭ്യന്തര മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഫ്‌ളഡ് ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നതായി നല്‍കിയ ചിത്രം യഥാര്‍ത്ഥത്തില്‍ സ്‌പെയിന്‍-മൊറോക്കോ അതിര്‍ത്തിയിലേതായിരുന്നു. എന്നാല്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സംഘപരിവാര്‍ സംഘടനകള്‍ ഏറ്റെടുക്കുകയും ഇതിന് വ്യാപക പ്രചരണം നല്‍കുകയും ചെയ്തു. ഒടുവില്‍ ഓള്‍ട്ട്‌ന്യുസാണ് ഇത് വ്യാജ ചിത്രമാണെന്ന കാര്യം പുറത്തു കൊണ്ടുവന്നത്. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം. ആര്‍ക്കെങ്കിലും എതിരെ നടപടി എടുത്തതായി വിവരമില്ല.

2. റോഡ് വികസന കാര്യത്തില്‍ മോദി സര്‍ക്കാര്‍ വന്‍ പദ്ധതികളാണ് നടത്തുന്നതെന്ന് കാട്ടി ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ഷെയര്‍ ചെയ്ത ചിത്രം പോളണ്ടിലെ മോട്ടോര്‍വേ എ2 ആയിരുന്നു.

3. മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായ MyGov-ന്റെ മുന്‍ ഡയറക്ടര്‍ അഖിലേഷ് മിശ്ര, അഹമ്മദാബാദ് ബി.ആര്‍.ടി.എസ് പദ്ധതിയുടെ വിജയം കാണിക്കാനായി ഉപയോഗിച്ച ചിത്രം സിംഗപ്പൂരിലേതായിരുന്നു. അഹമ്മദാബാദുമായി താരതമ്യപ്പെടുത്തിയാല്‍ ഡല്‍ഹി റോഡുകള്‍ നാശമാണെന്ന കമന്റും അദ്ദേഹത്തിന്റെ വകയായി ഉണ്ടായിരുന്നു.

4. ബി.ജെ.പി ഭരിക്കുന്ന ദക്ഷിണ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ കോടതിയില്‍ സമര്‍പ്പിച്ച ഫോട്ടോ വ്യാജമായിരുന്നു. ദ്വാരകയിലെ റോഡുകളും നടപ്പാതകളും വൃത്തിയുള്ളതാണെന്നും തങ്ങള്‍ ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് എല്ലാം ശരിയാക്കിയെന്നും കാണിച്ച് സമര്‍പ്പിച്ച ഫോട്ടോ വ്യാജമാണെന്ന് ഡല്‍ഹി ഹൈക്കോടതി കണ്ടെത്തുകയായിരുന്നു.

5. സോഷ്യല്‍ മീഡിയയില്‍ മോദി സര്‍ക്കാര്‍ ഏറെ പരിഹാസത്തിന് വിധേയമായ ഒന്നായിരുന്നു നരേന്ദ്ര മോദി ചെന്നൈ വെള്ളപ്പൊക്കം വിമാനത്തിലിരുന്ന് നിരീക്ഷിക്കുന്ന ചിത്രം. സര്‍ക്കാരിന്റെ സ്വന്തം ഏജന്‍സിയായ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ചിത്രത്തില്‍ കൃത്രിമം വരുത്തി പുറത്തുവിട്ടു. സംഭവം വിവാദമായതോടെ ചിത്രം പിന്‍വലിച്ചെങ്കിലും ആര്‍ക്കെങ്കിലുമെതിരെ നടപടി എടുത്തതായി വിവരമില്ല.

6. ഏതാനൂം മാസങ്ങള്‍ക്ക് മുമ്പ് ദക്ഷിണ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്റെ റോഡുകളിലെ സ്ട്രീറ്റ് ലൈറ്റുകളാണെന്ന് വ്യക്തമാക്കി ഡല്‍ഹി ബി.ജെ.പി പ്രചരിപ്പിച്ച ചിത്രം ക്യാനഡയിലെ റോഡിന്റേതായിരുന്നു.

ഹിന്ദി സിനിമയില്‍ നിന്നുള്ള ഒരു രംഗം ബംഗാളില്‍ ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് പ്രചരിപ്പിച്ച ബിജെപി നേതാവിന്റെ നടപടിയും ഈയിടെ വിവാദമായിരുന്നു. മെക്സിക്കോയില്‍ നടന്ന ഒരു കൊലപാതകത്തിന്റെ ദൃശ്യം കേരളത്തില്‍ ഹിന്ദുക്കളെ കൊല്ലുന്നതാണെന്ന് പ്രചരിപ്പിച്ചത് സംഘപരിവാര്‍ വൃത്തങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു.

സര്‍ക്കാരിന്റെയും സ്വന്തം പാര്‍ട്ടിയുടേയും ഇത്തരം വ്യജ ചിത്രങ്ങളുടെ കാര്യത്തിലും സ്മൃതി ഇറാനി ഇതേ വിശദീകരണം ആവശ്യപ്പെടുകയോ നടപടി എടുക്കുകയോ ചെയ്യുമോ എന്നാണ് ചോദ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍