UPDATES

ട്രെന്‍ഡിങ്ങ്

പേരിന് മുന്നിൽ ഡോക്ടർ എന്ന ടാഗ് വേണോ? ചിലവ് 25,000 മുതൽ 3 ലക്ഷം വരെ, തട്ടിപ്പിന്റെ ഡി-ലിറ്റ് ബിരുദം റെഡി

യൂണിവേഴ്സൽ തമിഴ് യൂണിവേഴ്സിറ്റിയുടെയും കിംഗ്സ് യൂണിവേഴ്സിറ്റിയുടെയും സൈറ്റുകളിൽ വൈസ് ചാൻസലർ ആയി കാണിച്ചിരിക്കുന്നത് ഒരേ വ്യക്തിയെ തന്നെയാണ്

വിദേശ സർവകലാശാലകളുടെ പേരിൽ കേരളത്തിൽ വ്യാജ ഡോക്ടറേറ്റുകൾ വ്യാപകമാകുന്നു. ഇരുപത്തയ്യായിരം രൂപ നൽകിയാൽ ഡോക്ടറേറ്റ് നൽകുന്ന ഓൺലൈൻ ഏജൻസികൾ വരെയാണ് പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ഉദ്യോഗസ്ഥർ, അധ്യാപകർ എന്നിവർ മുതൽ മനോരോഗ ചികിത്സയും കൗൺസിലിങ്ങും മോട്ടിവേഷണൽ തെറാപ്പിയും നടത്തുന്നവർ വരെ വ്യാജ ഡോക്ടറേറ്റുകൾ സമ്പാദിക്കുന്നതായി ആരോപണം ഉയരുന്നു. ഇതിനെതിരെ യുജിസി ചെയർമാനും മാനവവിഭവശേഷി മന്ത്രാലയത്തിനും ഗവർണർക്കും മന്ത്രിമാരായ സി രവീന്ദ്രനാഥ്, കെ ടി ജലീൽ എന്നിവർക്കും പരാതി കൊടുത്തിരിക്കുകയാണ് ഒരു സംഘം അധ്യാപകരും ഗവേഷകരും അടങ്ങുന്ന സംഘടനയായ കേരള ഗവേഷണ കൂട്ടായ്മ.

ഇന്ത്യൻ വിർച്വൽ യൂണിവേഴ്സിറ്റി, യൂണിവേഴ്സൽ തമിഴ് യൂണിവേഴ്സിറ്റി, ചെന്നൈ; കിംഗ്സ് യൂണിവേഴ്സിറ്റി, അമേരിക്ക; ഇൻറർനാഷണൽ പീസ് യൂണിവേഴ്സിറ്റി ജർമ്മനി; ഇൻറർനാഷണൽ തമിഴ് യൂണിവേഴ്സിറ്റി; യൂണിവേഴ്സിറ്റി ഓഫ് ഏഷ്യ, കാഠ്മണ്ഡു എന്നിവയുടെ പേരിലാണ് വ്യാജ ഡീ ലിറ്റ് ബിരുദങ്ങൾ നൽകപ്പെടുന്നത്. ഇവയുടെ സൈറ്റുകളിലെ യൂണിവേഴ്സിറ്റിയുടെ ചിത്രം പോലും വ്യാജമാണെന്ന് തങ്ങളുടെ പക്കൽ തെളിവുകൾ ഉണ്ടെന്ന് ഗവേഷക സംഘടനയെ പ്രതിനിധീകരിച്ച് കുണ്ടുപറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ ഡോ പി സുരേഷ് പറഞ്ഞു.

യൂണിവേഴ്സൽ തമിഴ് യൂണിവേഴ്സിറ്റിയുടെയും കിംഗ്സ് യൂണിവേഴ്സിറ്റിയുടെയും സൈറ്റുകളിൽ വൈസ് ചാൻസലർ ആയി കാണിച്ചിരിക്കുന്നത് ഒരേ വ്യക്തിയെ തന്നെയാണ്. ബാംഗ്ലൂർ ആസ്ഥാനമാക്കിയ ഡോക്ടർ രാധാകൃഷ്ണൻ റിസർച്ച് ആൻഡ് ഡെവലപ്മെൻറ് സെന്റർ ആണ് ഇത്തരം മിക്ക വ്യാജ യൂണിവേഴ്സിറ്റികളുടെയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നത് എന്നും ചെന്നൈ, ബാംഗ്ലൂർ, കാഠ്മണ്ഡു എന്നിവിടങ്ങളിലെ സ്റ്റാർ ഹോട്ടലുകളിൽ വെച്ച് ബിരുദദാനച്ചടങ്ങ് നടത്തുകയും അതിൽ പ്രമുഖരെ പങ്കെടുപ്പിക്കുകയും പത്രത്തിൽ വാർത്ത നൽകുകയും ചെയ്തതാണ് വിപുലമായ ഈ തട്ടിപ്പ് പരിപാടി നടന്നു വരുന്നത് എന്ന് പി സുരേഷ്, അജ്മൽ മൊയീൻ കൊടിയത്തൂർ, പി കെ ഷാജി, ഷണ്മുഖദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കാലിക്കറ്റ് സർവകലാശാല അതിന്റെ 50 വർഷത്തെ ചരിത്രത്തിനിടയിൽ വൈക്കം മുഹമ്മദ് ബഷീർ, എം ടി വാസുദേവൻ നായർ, പി ടി ഉഷ തുടങ്ങി 15 പേർക്ക് മാത്രമാണ് ഡി ലിറ്റ് ബിരുദങ്ങൾ നല്കിയിട്ടുള്ളത് എന്നത് ഹോണററി ഡോക്ടറേറ്റിന്റെ പ്രാധാന്യത്തെ എടുത്തുകാട്ടുമ്പോഴാണ് വ്യാജ ഡി ലിറ്റ് ബിരുദങ്ങൾ പെരുകുന്നത്. ഇടതുപക്ഷ ഗവേഷക സംഘടനയായ എ കെ ആർ എസ് എ യും ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്.

വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് ജില്ലയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പിഎച്ച്ഡിയും ഇത്തരത്തില്‍ വ്യാജമാണെന്നും ഇത് സംബന്ധിച്ച വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തു വന്നിട്ടുണ്ടെന്നും ഗവേഷക കൂട്ടായ്മ ആരോപിച്ചു. ഇയാള്‍ ഡോക്ടർ രാധാകൃഷ്ണൻ റിസർച്ച് ആൻഡ് ഡെവലപ്മെൻറ് സെൻററിൽ നിന്ന് പി എച്ച് ഡി നേടിയതായുള്ള രേഖകൾ വിലകൊടുത്തു വാങ്ങിയതാണെന്നാണ് ഇവരുടെ ആരോപണം. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യാപക സംഘടനയുടെ മലപ്പുറത്തുള്ള ഓർഗനൈസിങ് സെക്രട്ടറിയും അധ്യാപക അവാർഡ് ജേതാവായ കൊയിലാണ്ടി സ്വദേശിയും ഇത്തരത്തില്‍ ആരോപണ വിധേയരായിരുന്നു എന്നും ഇവര്‍ പറയുന്നു. കൊണ്ടോട്ടിയിലെ സ്കൂൾ അധ്യാപകനായ അബ്ദുസ്സലാം സൽമാനി വ്യാജ ഡോക്ടറേറ്റ് ഉപയോഗിച്ച് പേരിന് ശേഷം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന് ചേർത്ത് ആളുകൾക്ക് കൗൺസിലിംഗ് നടത്തുന്നതായും വിവരം ലഭിച്ചിരുന്നുവെന്ന് ഗവേഷക കൂട്ടായ്മ ചൂണ്ടിക്കാട്ടി.

എന്നാൽ ഈയൊരു പ്രശ്നത്തെ വിദ്യാഭ്യാസ വകുപ്പ് ഗൗരവമായി പരിഗണിച്ചിട്ടില്ല എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ഷാഫി പറമ്പിൽ എംഎൽഎ വ്യാജ ഡീലിറ്റ് ബിരുദങ്ങളെ പറ്റി നിയമസഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു. എന്നാല്‍  അതേപ്പറ്റി അറിയില്ല എന്ന മറുപടിയാണ് തനിക്ക് ലഭിച്ചത് എന്ന് അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥതയാണ് ഗവേഷണ രംഗം കുത്തഴിഞ്ഞു പോകാനുള്ള കാരണമെന്നും എന്നും അദ്ദേഹം ആരോപിച്ചിരുന്നു

പ്രവർത്തനരീതി

വലിയ കഷ്ടപ്പാടുകൾ ഒന്നും ഇല്ലാതെ പെട്ടെന്ന് തന്നെ ഡോക്ടറേറ്റ് ലഭ്യമാകും എന്നതാണ് ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നത്. ഡോക്ടറേറ്റിനു വേണ്ടി വെബ്സൈറ്റിൽ നിന്ന് ലഭിച്ച നമ്പറിലേക്ക് വിളിക്കുമ്പോൾ 5000 രൂപ രജിസ്ട്രേഷൻ ഫീസായി നൽകാനും രേഖകൾ ലഭിച്ചാൽ കൂടിക്കാഴ്ചയ്ക്കായി വിളിക്കാം എന്നും ഇവർ അറിയിക്കും. ഇതിനൊപ്പം ഇരുപതിനായിരം രൂപ അടയ്ക്കണം എന്നാണ് നിർദ്ദേശിക്കും. വ്യാജ സർവകലാശാലകളുടെ അംബാസിഡർമാരായി നടിക്കുന്ന ചിലരാണ് വ്യാജ ഡോക്ടറേറ്റ് ബിരുദങ്ങളുടെ ചുമതലക്കാർ. അംബാഡഡർമാരുടെ കീഴിൽ ജില്ലാ പ്രമോട്ടർമാരായി യുവാക്കൾ‍ പ്രവർത്തിക്കുന്നുണ്ട്‌. ഇവർ അതാതു നഗരങ്ങളിലെ ഗുണ്ടാസംഘാംഗങ്ങള്‍ കൂടിയാണ്‌. കസ്‌റ്റമേഴ്‌സിനെ പിടിക്കുന്നതനുസരിച്ച്‌ തലയെണ്ണി ഇവർക്കു കമ്മിഷൻ കിട്ടുന്നു. പ്രമോട്ടർമാർ‍ വളരെ ആകർഷകമായാണ്‌ കസ്‌റ്റമേഴ്‌സിനു മുന്നിൽ‍ പ്രത്യക്ഷപ്പെടുന്നത്‌. ആദ്യം അഡ്വാൻസ്‌ തുക ഒപ്പിക്കും. സംശയം തോന്നുന്നവർ‍ തുക തിരികെ ചോദിച്ചാൽ‍ അത്‌ സർവകലാശാലയ്‌ക്കു നൽകിയെന്നു പറഞ്ഞു കൈയൊഴിയും. വലയിൽ‍ വീണവർ‍ ഇതോടെ കുരുക്കിലാകും. ബാക്കി തുക നല്കാതെ മാർഗമില്ലെന്ന അവസ്‌ഥയുണ്ടാകും.
വിവിധ വിഷയങ്ങളിൽ ദീർഘകാലത്തെ പഠന, മനന ഗവേഷണങ്ങളിലൂടെ നേടിയെടുക്കേണ്ട ഒരു സംവിധാനത്തെയാണ് ഇത്തരം റാക്കറ്റുകൾ ദുരുപയോഗം ചെയ്യുന്നത് എന്നതാണ്  പരാതിയുയരുന്നത്.

Azhimukham Special: വെള്ളമില്ല, വീടുകള്‍ വിണ്ടുകീറുന്നു, ഗുണ്ടാഭീഷണി; ഒടുവില്‍ ക്വാറിക്കെതിരെ സമരം ചെയ്ത മുണ്ടത്തടം കോളനിയിലെ ദളിതരെയും ആദിവാസികളെയും തല്ലിച്ചതച്ച് പോലീസും

ജയശ്രീ ശ്രീനിവാസന്‍

ജയശ്രീ ശ്രീനിവാസന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക. കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍