UPDATES

ട്രെന്‍ഡിങ്ങ്

ദുരിതാശ്വാസ നിധിക്കെതിരെ വ്യാജപ്രചരണം നടത്തുന്ന പാഴ്ജന്‍മങ്ങളോട് ; ഈ സഹജീവി സ്നേഹം നിങ്ങള്‍ക്ക് അന്യമായത്

വെറുപ്പിന്റെ പ്രചാരകർക്ക് ഈ നാട്ടിലും കുറെ പെരുച്ചാഴികളെ കൂട്ടിന് കിട്ടിയേക്കാം. പക്ഷെ, കേരളമെന്ന അഭിമാനത്തിന് തരിമ്പും ക്ഷതമേല്പിക്കാൻ ഇവറ്റകൾക്ക് കഴിയില്ല. അവിടെയാണ് ആദ്യം സൂചിപ്പിച്ച പ്രതിപക്ഷനേതാവിന്റെ പോസ്റ്റ് പ്രസക്തമാകുന്നത്.

ഇന്നലെ വൈറലായ ഫേസ്ബുക്ക് പോസ്റ്റുകളിലൊന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടേതായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരു മാസത്തെ ശമ്പളം സംഭാവന നൽകുമെന്നറിയിച്ചാണ് അദ്ദേഹം പോസ്റ്റിട്ടത്. ദുരിതാശ്വാസനിധിയിലേക്ക് തുക നൽകരുത് എന്ന സോഷ്യൽ മീഡിയ കാമ്പയിൻ തള്ളിക്കളയണം എന്ന ആ പോസ്റ്റിലെ ആഹ്വാനമാണ് അതിനെ വൈറലാക്കിയത്. പ്രതിപക്ഷനേതാവിന്റെ ഏറ്റവും മികച്ച പോസ്റ്റുകളിലൊന്ന് കണ്ടതിന്റെ സന്തോഷത്തിനിടയിലൂം ആശങ്കപ്പെട്ടത് അങ്ങനെയൊരു ക്യാമ്പെയിന്‍ നടത്താൻ മാത്രം ഇത്ര അധമന്മാർ ആരാണെന്നോർത്താണ്. എന്നാൽ, ഉത്തരേന്ത്യൻ സംഘികൾ ട്വിറ്ററിലും മറ്റും തുടങ്ങി വെച്ച അങ്ങനെയൊരു ക്യാമ്പെയിന്‍ ഏറ്റുപിടിക്കാൻ ഇവിടെയും ചിലർ ഉണ്ടായപ്പോഴാണ് രമേശ് ചെന്നിത്തലക്ക് തന്നെ അതിനെതിരെ പോസ്റ്റ് ഇടേണ്ടി വന്നത്.

കഴിഞ്ഞ ആഴ്ചയിലെ പേമാരിയും പ്രളയവും സൃഷ്ടിച്ച പ്രതിസന്ധികളെ കേരളം അതിജീവിച്ചത് കക്ഷിരാഷ്ട്രീയങ്ങൾക്കതീതമായ പ്രവർത്തനങ്ങളിലൂടെയാണ്. കുത്തിയൊലിച്ചു വന്ന മലവെള്ളത്തിൽ നിന്ന് സഹജീവികളെ രക്ഷിക്കാൻ കേരളം ഒറ്റക്കെട്ടായി നിൽക്കുകയാണ്. സാധാരണ ജീവിതം തിരികെപ്പിടിക്കുന്നതു വരെയും ആ കൂട്ടായ്മ തുടരണമെന്ന നല്ല സന്ദേശമാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരുമിച്ച് ദുരിതബാധിതമേഖലകൾ സന്ദർശിച്ച് പകർന്നു തന്നത്. പെരുമഴയിൽ സർവ്വവും നഷ്ടപ്പെട്ട് നിൽക്കുന്നവർക്ക് സഹായമെത്തിക്കാനായാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന തേടിയിരിക്കുന്നത്. ആ ഫണ്ടിന്റെ വിനിയോഗത്തിൽ അവിശ്വാസം ജനിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിലൂടെ ആ പ്രവർത്തനത്തെ ദൂർബ്ബലപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

എന്നാൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പ്രവർത്തനം ഏറ്റവും മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നതെന്ന് അതിന്റെ വിശദാംശങ്ങൾ പരിശോധിച്ചാൽ ബോധ്യപ്പെടും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഏറ്റവും ഫലപ്രദമായി അർഹർക്ക് എത്തിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

പിണറായി വിജയൻ സർക്കാർ രണ്ട് വർഷം തികയ്ക്കുന്ന വേളയിൽ വലിയ നേട്ടമായി പറഞ്ഞിരുന്ന ഒന്ന് ഈ സർക്കാർ രണ്ടു കൊല്ലം കൊണ്ടു ദുരിതാശ്വാസനിധിയിൽ നിന്ന് നൽകിയ 423 കോടി രൂപയെപ്പറ്റിയായിരുന്നു. പലവിധ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന രണ്ടര ലക്ഷം മനുഷ്യർക്കാണ് ഈ സഹായം കിട്ടിയത്. ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം കിട്ടാനുള്ള നടപടി ലളിതമാക്കുകയും ചെയ്തു ഈ സർക്കാർ. ഫണ്ട് വിതരണ നടപടി പൂർണ്ണമായും ഡിജിറ്റൽവൽക്കരിച്ചു. ഓൺലൈനായി അപേക്ഷ നൽകുകയും അപേക്ഷയുടെ അവസ്ഥ അറിയുകയും ചെയ്യാം. അപേക്ഷ പാസായാൽ 100 മണിക്കൂറിനകം പണം അക്കൗണ്ടിൽ എത്തും. ഈ സർക്കാർ വരുമ്പോൾ 30000 അപേക്ഷകൾ അനുമതി കാത്തുകിടന്നിരുന്നത് അതിവേഗമാണ് തീർപ്പാക്കിയത്.

ഫണ്ടില്‍നിന്ന് തുക അനുവദിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് ട്രഷറിയില്‍ സ്‌പെഷ്യല്‍ അക്കൗണ്ട് തുടങ്ങാനും ഈ സർക്കാർ അനുമതി നല്‍കി. ഇക്കാര്യത്തിൽ ഉമ്മൻ ചാണ്ടി സർക്കാരും മാതൃകാപരമായ പ്രവർത്തനം നടത്തിയിരുന്നു. അഞ്ചുവർഷംകൊണ്ടു എണ്ണൂറ് കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ഫണ്ടിൽനിന്ന് പാവങ്ങൾക്കു നൽകിയത്. ഈ രീതിയിൽ അങ്ങേയറ്റം ജനോപകാരപ്രദമായ ഒരു ഫണ്ടിനെയാണ് ചില വിഷ ജന്തുക്കള്‍ ആക്ഷേപിക്കാൻ ശ്രമിക്കുന്നത്.

ഓഖി ദുരന്തസമയത്ത് ജനങ്ങളിൽ നിന്ന് ദുരിതാശ്വാസഫണ്ടിലേക്ക് സ്വരൂപിച്ച തുക ചെലവഴിച്ചില്ലെന്നാണ് മറ്റൊരു പ്രചരണം. മതിയായ കേന്ദ്രസഹായം ലഭിക്കാതിരുന്നപ്പോഴും തനത് നിലയിൽ സംസ്ഥാനം സ്വരൂപിച്ച ഫണ്ടാണ് ഓഖി ദുരിതബാധിതർക്ക് സഹായകരമായതെന്നതാണ് യാഥാർത്ഥ്യം. അത് മനസിലാകണമെങ്കിൽ ഓഖി ദുരിതബാധിതർക്ക് ലഭ്യമായ സഹായങ്ങളെക്കുറിച്ചറിയണം. മരണപ്പെട്ട മത്സ്യതൊഴിലാളികളുടെ ആശ്രിതർക്ക് അനുവദിച്ച 20 ലക്ഷം രൂപ 2018 ജനുവരി ഒന്നിന് തന്നെ വിതരണം ചെയ്തു. മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് ആശ്വാസ ധനസഹായമായി പ്രഖ്യാപിച്ച 20 ലക്ഷം രൂപയുടെ സഹായം കാണാതായ 91 പേരുടെ ആശ്രിതർക്കും അനുവദിച്ചിരുന്നു. ഈ തുക 2018 ഏപ്രിൽ 10നാണ് നൽകിയത്. ദുരന്തബാധിതരായ 1.66 ലക്ഷം മത്സ്യതൊഴിലാളികൾക്ക് 2000 രൂപ വീതം ഉപജീവനസഹായം അനുവദിച്ചു. ദുരിത കാലയളവിൽ മത്സ്യതൊഴിലാളികൾക്ക് സൗജന്യ റേഷൻ സിവിൽ സപ്ലൈസ് വകുപ്പ് മുഖേനെ നൽകിയിരുന്നു. പരിക്ക് പറ്റി സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സ നേടിയ 179 മത്സ്യതൊഴിലാളികൾക്ക് ചികിത്സ ധനസഹായമായി ആകെ 8,68,000 രൂപ മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന നൽകി. ഓഖി ദുരന്തത്തിൽ വീട് നഷ്ട്ടപെട്ട മത്സ്യതൊഴിലാളികൾക്ക് പ്രതിമാസം 3000 രൂപ വീതം വീട് വാടകയിനത്തിൽ അനുവദിച്ചു. മൽസ്യബന്ധനോപാധികൾ പൂർണ്ണമായും നഷ്ട്ടപ്പെട്ട 64 മത്സ്യതൊഴിലാളികൾക്ക് 3.08 കോടി രൂപ ആദ്യഘട്ടമായി നൽകി.

രണ്ടാം ഘട്ടം നടപ്പാക്കുന്നതിനായി മത്സ്യബന്ധനോപാധികൾ പൂർണ്ണമായും നഷ്ട്ടപ്പെട്ട 24 പേർക്ക് 87.59 ലക്ഷം രൂപയും ഭാഗികമായി നഷ്ട്ടപ്പെട്ട 86 പേർക്ക് 78.07 ലക്ഷം രൂപയും നഷ്ട്ടപരിഹാരമായി നൽകുന്നതിന്നുള്ള നടപടികൾ പുരോഗമിക്കുന്നു. കൂടാതെ മത്സ്യബന്ധനോപകരണങ്ങൾ പൂർണമായും നഷ്ട്ടപ്പെട്ട 9 മത്സ്യത്തൊഴിലാളികൾക്കും ഭാഗികമായി നഷ്ട്ടപെട്ട 91 മത്സ്യതൊഴിലാളികൾക്കും നഷ്ട്ടപരിഹാരം നൽകുന്നതിനായി 174.55 ലക്ഷം രൂപയുടെ പ്രൊപ്പോസലും ഓഖി ദുരന്തത്തിൽ നാശനഷ്ട്ടം സംഭവിച്ച 120 ബോട്ടുകൾ അറ്റകുറ്റപ്പണി ചെയ്യുന്നതിനായി 955.80 ലക്ഷം രൂപയുടെ പ്രൊപ്പോസലും സർക്കാർ പരിഗണനയിലാണ്. ഓഖി ചുഴലിക്കാറ്റിൽ മരിച്ചവരുടെയും കാണാതായവരുടെയും മക്കളായി 309 പേരുണ്ട്. ഇതിൽ 185 പേർക്ക് ബിരുദം വരെ വിദ്യാഭ്യാസ ധനസഹായവും ബിരുദധാരികളായ 124 പേർക്ക് തൊഴിൽ പരിശീലനവും നൽകുവാനുള്ള 13.92 കോടി രൂപയുടെ പദ്ധതിയും സർക്കാർ ഏറ്റെടുത്തിരിക്കുകയാണ്.

ഏറ്റവും മാതൃകാപരമായി ദുരന്തബാധിതർക്ക് സഹായമെത്തിച്ചതിനെക്കുറിച്ചും കളവ് പ്രചരിപ്പിക്കുകയാണ് ചില കേന്ദ്രങ്ങൾ. 2018 ഫെബ്രുവരി മാസത്തെ ഒരു വിവരാവകാശ മറുപടി വെച്ച് ജനം ടി വി യിൽ വന്ന വാർത്തയാണ് ഇക്കൂട്ടരുടെ രേഖ. ദുരന്തം നടന്ന് 100 ദിവസം പോലുമാകുന്നതിന് മുമ്പ് തന്നെ 25 കോടി രൂപ ആ ഫണ്ടിൽ നിന്ന് ചെലവാക്കിയെന്ന് ആ വാർത്തയിൽ നിന്ന് തന്നെ വ്യക്തമാണ്.

ഈ കള്ളപ്രചരണമൊന്നും ജനങ്ങളെ സ്വാധീനിക്കുന്നില്ലെന്നാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സി എം ഡി ആർ എഫിലേക്ക് ഒഴുകുന്ന തുക സൂചിപ്പിക്കുന്നത്. കർണ്ണാടക സർക്കാർ 10 കോടി രൂപയും തമിഴ്‌നാട് സർക്കാർ 5 കോടി രൂപയും പുതുച്ചേരി സർക്കാർ ഒരു കോടിയും DMK ഒരു കോടി രൂപയും നൽകി. എം എ യൂസഫലി(ലുലു ഗ്രൂപ്പ് ) 5 കോടി രൂപയും ബി ആർ ഷെട്ടി (യു എ ഇ എക്സ്ചേഞ്ച് ) 2 കോടി രൂപയും തെലുങ്ക് താരങ്ങളായ പ്രഭാസ് ഒരു കോടി രൂപയും രാം ചരൺ 60 ലക്ഷം രൂപയും എൻ ജി ഒ യൂണിയൻ 38.40 ലക്ഷം രൂപയും കെ എസ് ടി എ 25 ലക്ഷം രൂപയും വിജയ് ടി വി 25 ലക്ഷം രൂപയും ഫണ്ടിലേക്ക് നൽകി. തമിഴ് സിനിമാ താരങ്ങളായ കമലഹാസൻ – 25 ലക്ഷം , നടൻ സൂര്യ , കാർത്തിക് – 25 ലക്ഷം , മോഹൻലാൽ – 25 ലക്ഷം, മമ്മൂട്ടിയും ദുൽഖറും – 25 ലക്ഷം, നടൻ ടൊവിനോ&ടീം – മറഡോണയുടെ 1 ദിവസത്തെ കളക്ഷൻ , A.M.M.A – 10 ലക്ഷം , തെലുങ്ക് നടൻ വിജയ് സായ് ദേവരകൊണ്ട – 5 ലക്ഷം, NS ആശുപത്രി 5 ലക്ഷം, തിരുവൈരാണികുളം ക്ഷേത്ര ട്രസ്റ്റ് – 5 ലക്ഷം, പുത്തന്‍ കുരിശ് സ്വദേശി ദിവാകരന്‍ – 10 സെന്‍റ് , തലശ്ശേരി മാളിയേക്കല്‍ തറവാടുകാര്‍ – 1 ലക്ഷം, യുവനടി അനുപമ പരമേശ്വരന്‍ 1 ലക്ഷം എന്നിങ്ങനെ ഫണ്ടിലേക്ക് സുമനസുകളുടെ സഹായം പ്രവഹിക്കുകയാണ്.

ഉത്തരേന്ത്യയിലെ ഏതെങ്കിലും സംഘിക്കൂടാരത്തിലിരുന്ന് വല്ലവന്മാരും ഹേറ്റ് ക്യാമ്പെയ്ൻ നടത്തിയാൽ കേരളത്തിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് തെളിയിക്കുകയാണ് ഈ പ്രതികരണങ്ങൾ. വെറുപ്പിന്റെ പ്രചാരകർക്ക് ഈ നാട്ടിലും കുറെ പെരുച്ചാഴികളെ കൂട്ടിന് കിട്ടിയേക്കാം. പക്ഷെ, കേരളമെന്ന അഭിമാനത്തിന് തരിമ്പും ക്ഷതമേല്പിക്കാൻ ഈ കൂട്ടങ്ങൾക്ക് കഴിയില്ല. അവിടെയാണ് ആദ്യം സൂചിപ്പിച്ച പ്രതിപക്ഷനേതാവിന്റെ പോസ്റ്റ് പ്രസക്തമാകുന്നത്.

വാട്സാപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് കൊണ്ട് ആള്‍ക്കൂട്ട കൊല മുതൽ വർഗീയ കലാപം വരെ ഉത്തരേന്ത്യൻ ബെൽറ്റിൽ നടമാടുന്നതിന്റെ ആത്മവിശ്വാസത്തിൽ നുണ പ്രചരണങ്ങൾക്കും, വർഗീയ വിഷം വമിപ്പിക്കുന്നതിനും മാത്രം നവമാധ്യമങ്ങൾ ഉപയോഗിക്കുന്ന പാഴ് ജന്മങ്ങൾ കേരളത്തിലും ഉണ്ട്. അവരോട് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കാൻ ഉള്ളത് നിങ്ങളുടെ ഉദ്യമം തുടരുക പക്ഷെ വർഗീയതയുടെ ആ ഈരിഴ തോർത്ത് വിരിച്ചാൽ കേരളത്തിൽ ഒരു സ്പർധക്ക് കോപ്പു കൂട്ടാം എന്നത് സ്വപ്നം മാത്രമായി അവശേഷിക്കും.

മിലാഷ് സി എന്‍

മിലാഷ് സി എന്‍

സർക്കാർ ഉദ്യോഗസ്ഥനും, നവമാധ്യമ പ്രവർത്തകനുമാണ്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍