UPDATES

സാജന്‍ ജോസ്

കാഴ്ചപ്പാട്

സാന്‍ഫ്രാന്‍സിസ്കോ ഡയറി

സാജന്‍ ജോസ്

ട്രെന്‍ഡിങ്ങ്

ചരിത്രത്തിലുണ്ട് ചില മഹാന്മാരുടെ രചനാമോഷണങ്ങള്‍

ക്രിപ്‌റ്റോമ്നേഷ്യ പോലുള്ള അവസ്ഥാന്തരങ്ങളാല്‍ വിഷമിക്കുന്ന സര്‍ഗ്ഗപ്രമുഖര്‍ ജാഗരൂഗരായിരിക്കുക! കാരണം കെട്ടിപ്പെടുത്തുകൊണ്ടുവന്നതൊക്കെ തകര്‍ന്നുതരിപ്പണമാവാന്‍ ഒരൊറ്റ കവിത മതി!

ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ കാര്യമായി ഞെട്ടലുളവാക്കുന്ന തരം സാഹിത്യചോരണങ്ങള്‍ അല്ലെങ്കില്‍ രചനാമോഷണങ്ങള്‍ പല പ്രമുഖരുടെയും ജീവിതത്തില്‍ അറിഞ്ഞോ അറിയാതെയൊ ഉണ്ടായിട്ടുണ്ട്. ചില റെഫെറെന്‍സുകളില്‍ നിന്നും അറിയാന്‍ കഴിഞ്ഞ ചില വിഖ്യാത എഴുത്ത് മോഷണങ്ങള്‍ താഴെപ്പറയുന്നവയാണ്.

അമേരിക്കയില്‍ കറുത്തവര്‍ഗ്ഗക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ തന്റെ ഡോക്ടറല്‍ പഠനങ്ങളുടെ ഭാഗമായി ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലവതരിപ്പിച്ച ‘പോള്‍ തിലിച്ചിന്റെയും നെല്‍സണ്‍ വെയ്മാന്റെയും ദൈവസങ്കല്പങ്ങളുടെ താരതമ്യപഠനം’ എന്ന പ്രബന്ധം മറ്റു പല എഴുത്തുകാരുടെയും പഠനങ്ങളും രചനകളും സംഗ്രഹിച്ചുണ്ടാക്കിയതായിരുന്നത്രെ. പിന്നീട് കിങിന്റെ രചനകള്‍ അദ്ദേഹത്തിന്റെ ഭാര്യ സ്റ്റാന്‍ഫഡ് സര്വകലാശാലയ്ക് ദാനം ചെയ്തപ്പോള്‍ വീണ്ടും പഴയവിവാദങ്ങള്‍ ഉയര്‍ന്നുവരികയും, നീണ്ട പഠനങ്ങള്‍ക്കൊടുവില്‍ ചരിതകാരന്മാര്‍ ഈ ആരോപണം ശരിവയ്ക്കുകയുമുണ്ടായി. അദ്ദേഹത്തിന്റെ പ്രശസ്തമായ ‘എനിക്കൊരു സ്വപ്നമുണ്ട്’ എന്ന പ്രസംഗത്തിലെ ഇന്നും പ്രസക്തമായ ഈ വരികള്‍ അത്ര പ്രശസ്തനല്ലാതിരുന്ന ആര്‍ക്കിബാള്‍ഡ് കാറി എന്നുപേരായ മറ്റൊരു പാസ്റ്റര്‍ തന്റെ പള്ളിപ്രസംഗങ്ങളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന വാചകങ്ങളായിരുന്നു പോലും. എന്നാലിവര്‍ രണ്ടുപേരും, പതിനെട്ടാം നൂറ്റാണ്ടില്‍ ജിവിച്ചുമരിച്ച മറ്റൊരു പാസ്റ്ററും എഴുത്തുകാരനുമായ സാമുവല്‍ ഫ്രാന്‍സിസ് സ്മിത്ത് എഴുതിയ ‘അമേരിക്ക’ എന്ന ദേശഭക്തിഗാനത്തില്‍ നിന്നും പ്രസ്തുത വരികള്‍ കടം കൊണ്ടതാണെന്നും മറ്റൊരു ഭാഷ്യമുണ്ട്.

രണ്ടാമത്തെ അതിപ്രശസ്ത പ്ലേജ്യരിസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് സാക്ഷാല്‍ ടി.എസ് എലിയട്ടിന്റെ മടയില്‍ നിന്നാണ്. ഇരുപതാം നൂറ്റാണ്ടുകണ്ട മഹാകവികളിലൊരാള്‍. ഇദ്ദേഹം തൊള്ളായിരത്തി ഇരുപത്തിരണ്ടില്‍ പ്രസിദ്ധികരിച്ച ‘ദി വെയ്സ്റ്റ് ലാന്‍ഡ്’ എന്ന കവിതാസമാഹാരം താരതമ്യേന അപ്രശസ്തരായിരുന്ന മാഡിസന്‍ കേസിങ് മുതലയാവരുടെ കൃതികളുടെ സമാഹാരവുമായിരുന്നെന്ന് പതിറ്റാണ്ടുകള്‍ക്കപ്പുറമാണ് കണ്ടുപിടിക്കപ്പെട്ടത്. നാല്പത്തിയെട്ടില്‍ അദ്ദേഹത്തിന് നോബല്‍ സമ്മാനം കിട്ടുന്നു. എന്നാല്‍ പിടിക്കപ്പെട്ടപ്പോള്‍, ‘അപക്വരായ കവികള്‍ അനുകരിക്കും, പക്വത വന്ന കവികള്‍ കട്ടെടുക്കും, മോശം കവികള്‍ അതിനെ വികൃതമാക്കും, എന്നാല്‍ നല്ല കവികള്‍ കട്ടെടുത്തതിനെ മഹത്തരമാക്കു’മെന്ന് തത്വശാസ്ത്രം പറഞ്ഞു.

സാഹിത്യചോരണമെന്ന ആരോപണം നേരിട്ട മറ്റൊരു വിഖ്യാത എഴുത്തുകാരി ഹെലന്‍ കെല്ലറാണ്. പത്തൊന്‍പത് മാസം പ്രായമുള്ളപ്പോള്‍ കുഞ്ഞുഹെല്ലറിന് കാഴ്ചശക്തിയില്ലാതെയായി ശ്രവിക്കാനുമാവുന്നില്ല. ലോകത്തെ ആദ്യത്തെ അന്ധബധിര ബിരുദധാരിയായ ഹെലന്‍ നിരന്തരം എഴുതുകയും രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളില്‍ അതിശക്തമായ ഇടപെടുകള്‍ നടത്തുകയുമുണ്ടായി. പതിനൊന്നാം വയസ്സില്‍ കുഞ്ഞുഹെലനെഴുതിയ ‘ദി ഫ്രോസ്‌റ് കിംഗ്’ എന്ന ചെറുകഥ ഗുഡ്സണ്‍ ഗസറ്റ് എന്ന പ്രസിദ്ധികരണത്തില്‍ അച്ചടിച്ച് വന്നപ്പോഴാണ് പ്രസ്തുത കഥയ്ക്ക് മാര്‍ഗരെറ്റ് കാന്‍ബി എന്ന എഴുത്തുകാരിയുടെ ‘ഫ്രോസ്‌റ് ഫെയറിസ്’ എന്ന കഥയുമായി അനിതരസാസാധാരണമായ സാമ്യമുണ്ടെന്ന് മനസ്സിലാവുന്നത്. ഹെലന്റെ കൂടെയുണ്ടായിരുന്നവര്‍ക്കാണ് ആദ്യം പഴികേള്‍ക്കേണ്ടി വന്നത്. എന്നാല്‍ മാര്‍ഗരെറ്റ് കാന്‍ബിയുടെ ‘ഫ്രോസ്‌റ് ഫെയറിസ്’ താനൊരിക്കലും വായിച്ചിട്ടോ കണ്ടിട്ടോ ഇല്ലെന്ന് ഹെലന്‍ തറപ്പിച്ചു പറഞ്ഞു. എന്നാല്‍, പിന്നിട് പുസ്തകത്തിന്റെ ഒരു കോപ്പി ഹെലന്റെ വീട്ടില്‍ നിന്നും കിട്ടുകയും ആരോ ചെറുപ്പത്തില്‍ ഈ കഥ കുഞ്ഞുഹെലന് വായിച്ചുകൊടുക്കുകയും പിന്നീടവള്‍ അങ്ങനെയൊരു സംഗതി പാടെമറന്നിരിക്കാം എന്നാണ് ചരിതകാരന്മാര്‍ പറയുന്നത്. കാരണം രണ്ടു കഥകള്‍ക്കും അത്രമേല്‍ സാമ്യമുണ്ടത്രെ. ഹെലന്‍ കെല്ലറുടെ ഈ അവസ്ഥയെ സാഹിത്യവൈദ്യശാസ്ത്രങ്ങള്‍ ക്രിപ്‌റ്റോമ്നേഷ്യ (cryptomnesia) എന്നു വിളിച്ചു. അതായത് ഭ്രമാത്മകമായ മനോരാജ്യത്തില്‍ വിരാജിക്കുന്ന ഒരു എഴുത്തുകാരന്റെ മസ്തിഷ്‌കത്തില്‍ പണ്ടെങ്ങോ കേട്ടത് ചിതറിയ ചിന്തകളായിക്കിടക്കും, പിന്നീടെപ്പോഴോ പണ്ട് കേട്ടത് അതേപടി എഴുതി തന്റെ കൃതിയെന്ന് പറയുന്ന അവസ്ഥ. സ്വന്തമെന്ന അതേ ചിന്തയില്‍ സത്യസന്ധമായാണ് രചയിതാവ് ഇപ്രകാരമുള്ള രചനയിലും പ്രസിദ്ധികരണത്തിലും ഏര്‍പ്പെടുക.

മനുഷ്യന്‍ വളരെ സങ്കിര്‍ണ്ണമായ ഒരു ജീവിയാണ്. ചില നേരങ്ങളില്‍ നമ്മളെടുക്കുന്ന വിവേകശൂന്യമായ പലതിരുമാനങ്ങളും തിരികെക്കയറാന്‍ നല്ല ബുദ്ധിമുട്ടുള്ള ആഴമുള്ള പൊട്ടക്കിണറുകളാണ്. എന്നാല്‍ ഇപ്പറഞ്ഞവരൊക്കെത്തന്നെ പിന്നീടുണ്ടായ എഴുത്തുകള്‍ കൊണ്ട് ലോകത്തെ ഞെട്ടിച്ചിട്ടുമുണ്ട്. പ്ലേജ്യരിസം പാശ്ചാത്യനാടുകളില്‍ മാപ്പര്‍ഹിക്കാത്ത ഒരു തെറ്റാണെങ്കില്‍, പൊതുവെ മലയാളികള്‍ രചനാമോഷണങ്ങളെ തികച്ചും ലാഘവത്തോടെ കാണുന്ന ഒരു സമൂഹമാണ്. എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാളിയെ വിസ്മയിപ്പിച്ച കരയിച്ചുകളഞ്ഞ ഒട്ടുമിക്ക പ്രിയദര്‍ശന്‍ സിനിമകളും നല്ല ഒന്നാം തരം കഥാചോരണങ്ങളാണ്. ഇപ്പോഴദ്ദേഹം ഒരു പരിധിവരെ ഇതൊക്കെ സമ്മതിക്കുന്നുണ്ടെങ്കിലും ഒരൊറ്റ കഥാതന്തുവിനു പോലും എഴുത്തുകാരനില്‍ നിന്നോ നിര്‍മ്മാക്കമ്പനിയില്‍ നിന്നോ പകര്‍പ്പവകാശം വാങ്ങിയിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്റര്‍നെറ്റുയുഗത്തില്‍ ആംഗലേയ ചിത്രങ്ങള്‍ മാറി കൊറിയനും യൂറോപ്യനും ജാപ്പനീസും ഇന്നും ചുരുക്കം ചില മലയാള സിനിമകള്‍ക്ക് കഥയെഴുതുന്നു, യാതൊരുവിധ പകര്‍പ്പവകാശങ്ങളുമില്ലാതെ. ഏറെ ഹിറ്റായ ദൃശ്യം എന്ന ജിത്തു ജോസഫ് ചിത്രം, ‘പെര്‍ഫക്ട് നമ്പര്‍’ എന്ന കൊറിയന്‍ ചിത്രത്തിന്റെ ഈച്ചക്കോപ്പിയാണ്. മൂലകഥ ‘ദി ഡിവോഷന്‍ ഓഫ് ദി സസ്പെക്ട് എക്‌സ്’ എന്ന ജാപ്പനീസ് നോവലും. കഥാസന്ദര്‍ഭങ്ങള്‍ ജപ്പാനില്‍ നിന്നും കേരളത്തിലേയ്ക് പറിച്ചുനട്ടെന്നത് ശരിയാണ്. അടുത്തിടെയിറങ്ങിയ വരത്തന്‍ എന്ന ചിത്രം ‘ദി സ്ട്രൊ ഡോഗ്‌സ്’ എന്ന ഇംഗ്ലീഷ് ചിത്രം അപ്പാടെ പകര്‍ത്തിയതാണ്. മുന്‍പ് പറഞ്ഞതുപോലെ മൂലകഥ ഹൈറേഞ്ചിലേയ്ക് പറിച്ചുനട്ടു. ചില ചര്‍ച്ചകളൊക്കെ അവിടവിടെയായി നടക്കുന്നെങ്കിലും മലയാളി അത്യാവശ്യം അടിച്ചുമാറ്റലുകളൊക്കെ അംഗീകരിക്കുന്ന മട്ടിലാണ്. മേല്പറഞ്ഞതൊക്കെ നമ്മള്‍ കേട്ടറിയുന്ന പ്രഗത്ഭരും പ്രമുഖരുമായവര്‍ ഇടപെട്ട ചില സംഭവങ്ങളാണ്, എന്നാല്‍ സോഷ്യല്‍ മീഡിയയുടെയും ഇന്റര്‍നെറ്റിന്റെയും ഈ യുഗത്തില്‍ ചെറുതും വലുതുമായ ചൂണ്ടലും കടത്തുമൊക്കെ ഒരുപാടിവിടെ നടക്കുന്നുണ്ട്, മിക്കവയും രചയിതാവ് അറിയാതെ അല്ലെങ്കില്‍ പിടിക്കപ്പെടാതെ പോകുന്നു. എന്നാലതിന്റെ മറുവശം അതിഭീകരമായ സോഷ്യന്‍ ഓഡിറ്റിങ്ങാണ്. അതിനാല്‍ ക്രിപ്‌റ്റോമ്നേഷ്യ പോലുള്ള അവസ്ഥാന്തരങ്ങളാല്‍ വിഷമിക്കുന്ന സര്‍ഗ്ഗപ്രമുഖര്‍ ജാഗരൂഗരായിരിക്കുക! കാരണം കെട്ടിപ്പെടുത്തുകൊണ്ടുവന്നതൊക്കെ തകര്‍ന്നുതരിപ്പണമാവാന്‍ ഒരൊറ്റ കവിത മതി!

*Cartoon credit: Editorial Cartoon by Mike Keefe, InToon.com

എസ് കലേഷിനെ കുറ്റവാളിയെ പോലെ നിര്‍ത്തിയതിന് ആരാണ് സമാധാനം പറയുക? കവിത മോഷണ വിവാദത്തിന്റെ പിന്നില്‍ നടന്നത്

മിസ്‌ ലവ്ലി ഒരു വെറും ഇന്ത്യന്‍ സിനിമ മാത്രമല്ല, ചരിത്രവും ഭരണകൂടവും ലൈംഗികതയും ജീവിതവുമാണത്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സാജന്‍ ജോസ്

സാജന്‍ ജോസ്

പ്രവാസി, സാന്‍ഫ്രാന്‍സിസ്കോയില്‍ ജോലി ചെയ്യുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍