UPDATES

സയന്‍സ്/ടെക്നോളജി

സീപ്ലെയിന്‍ ബോട്ടുണ്ടാക്കി അത്ഭുതമായ അച്ഛനും മകനും സര്‍ക്കാര്‍ ഓഫീസ് കയറിയിറങ്ങുന്നു; കൂട്ടത്തില്‍ 20 ലക്ഷം കടവും

നിലവിലെ നിയമം അനുസരിച്ച് ബോട്ടിന് സര്‍വീസ് അനുമതി ലഭിക്കില്ലെന്ന് വിദഗ്ദര്‍

മകന്‍ വരച്ചെടുത്ത മാതൃകയില്‍ വലിയ പഠിപ്പൊന്നുമില്ലാത്ത, എന്നാല്‍ ധാരാളം അനുഭവ സമ്പത്തുള്ള ഒരച്ഛന്‍ സീപ്ലെയിന്‍ മാതൃകയില്‍ ഒരു ബോട്ട് നിര്‍മ്മിച്ച് കൊച്ചി കായലില്‍ ഇറക്കിയിരിക്കുന്നു. മുളവുകാട് പൊന്നാരിമംഗലം നിവാസികളുടെ മുന്നില്‍ ഒരത്ഭുതമായി. മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദധാരിയായ ഗോഡ്‌സണും അച്ഛന്‍ ഷേബല്‍ ഡിസൂസയും ചേര്‍ന്ന് നിര്‍മ്മിച്ച ബോട്ടില്‍ യാത്രചെയ്യാന്‍ നാട്ടുകാര്‍ക്ക് ആവേശമാണ്. പലിശയ്ക്ക് കടമെടുത്ത് 20 ലക്ഷം രൂപയോളം മുതല്‍ മുടക്കി നിര്‍മ്മിച്ച ബോട്ടിന് യാത്രാനുമതി ലഭിക്കാത്തത് ഇന്ന് ഇവര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ടൂറിസ്റ്റുകളെ ആകര്‍ഷിക്കത്തക്ക വിധം ഒരുക്കിയ സീപ്ലെയിന്റെ നിര്‍മ്മാണ ഘട്ടത്തില്‍ ലൈസന്‍സ് ലഭിക്കുന്നതിനായി കേരള പോര്‍ട്ട് അധികൃതരെ സമീപിക്കാതിരുന്നതിനാലും പരിശോധനകള്‍ നടത്താന്‍ അവസരം നല്‍കാത്തതുമാണ് ഈ അച്ഛനും മകനും പറ്റിയ വിഴ്ച. ടൂറിസം സാധ്യതകള്‍ ഏറെ തുറന്നിടുന്ന കൊച്ചിയില്‍ ഇത്തരത്തിലൊരു ബോട്ട് നിര്‍മ്മിച്ചാല്‍ ജനങ്ങളുടെ യാത്രസൗകര്യത്തിനും അതുവഴി തങ്ങള്‍ക്ക് ഒരു ഉപജീവനവും ആയല്ലോ എന്ന് കരുതിയാണ് ഒന്നും ആലോചിക്കാതെ ഇവര്‍ ഈ ഉദ്യമത്തിനായി ഇറങ്ങിയത്. എന്നാല്‍ കടമെടുത്ത തുകയ്ക്ക് പ്രതിമാസം 45,000 രൂപയോളം പലിശ നല്‍കേണ്ട അവസ്ഥയാണിപ്പോഴെന്ന് ഷേബല്‍ അഴിമുഖത്തോട് പറഞ്ഞു.

പെരുമ്പാവൂരിലെ സ്വകാര്യ എന്‍ജിനിയറിംഗ് കോളജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായ മകന്‍ ഗോഡ്‌സണും സുഹൃത്തുക്കളും പ്രൊജക്ട് വര്‍ക്കിന്റെ ഭാഗമായി സീപ്ലെയിന്‍ മാതൃകയില്‍ ഒരു ബോട്ടെന്ന ആശയവുമായി എത്തിയത്. വലിയ പദ്ധതികള്‍ക്കുവേണ്ടി ജോലി ചെയ്ത് പരിചയ സമ്പന്നനായ തനിക്ക് ഇത് എളുപ്പത്തില്‍ സാധ്യമാകുമെന്ന് മകന് അറിയാമായിരുന്നുവെന്ന് ഷേബല്‍ പറയുന്നു. അങ്ങനെ അവരുടെ ആശയം അനുസരിച്ച് എട്ട് പേര്‍ക്ക് ഇരിക്കാവുന്ന ബോട്ട് നിര്‍മ്മിച്ച് നല്‍കിയിരുന്നുവെന്ന് ഷേബല്‍.  ഇതാണ് പിന്നീട് 60 പേര്‍ക്ക് ഒരുമിച്ച് യാത്ര ചെയ്യാവുന്ന പുതിയ സൗകര്യങ്ങളോടു കൂടിയതുമായ മറ്റൊരു സീപ്ലെയിന്‍ നിര്‍മ്മാണത്തിന് തുടക്കമിടാന്‍ കാരണമെന്ന് ഷേബല്‍ പറയുന്നു. സാധാരണ ബോട്ടുകളുടെ നിര്‍മാണം കായലില്‍ വച്ചു തന്നെയാണ് നടത്താറുള്ളതെങ്കില്‍ ഷേബല്‍ ഈ ബോട്ട് നിര്‍മ്മിച്ചത് സ്വന്തം വര്‍ക്ക്‌ഷോപ്പില്‍ വെച്ചായിരുന്നു. 40 ദിവസമെടുത്ത് നിര്‍മ്മിച്ച ബോട്ട് നാലു വീലുകള്‍ ഘടിപ്പിച്ച് കൊണ്ടു വന്ന് ക്രയിന്‍ ഉപയോഗിച്ച് കായലില്‍ ഇറക്കുകയായിരുന്നു. സാധാരണ ബോട്ടുകള്‍ നിര്‍മ്മിച്ച് കായലിലിറക്കിയാല്‍ നിര്‍മ്മാണത്തിലെ അപാകതകള്‍ കാരണം ഏതെങ്കിലും ഒരു വശത്തേക്ക് ചെരിവും മറ്റും ഉണ്ടാകാറുണ്ട്. എന്നാല്‍ ഷേബലിന്റെ സീപ്ലെയിന് കായലില്‍ ഇറക്കിയ ശേഷം ചെറിയ മിനുക്കു പണി പോലും ആവശ്യമായി വന്നില്ല. അത്രയ്ക്കു കൃത്യതയോടെ ആയിരുന്നു ബോട്ട്. കലൂര്‍ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിന്റെ റൂഫിംഗ്, ചെന്നൈ മെട്രോ, ഗോശ്രീ പാലം എന്നീ ജോലികളില്‍ ഭാഗമായിരുന്ന ഷേബലിന്റെ പണിയില്‍ പതിരില്ലെന്ന് നാട്ടുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. എന്നാല്‍ വലിയ വമ്പോട് കൂടിയല്ല ഇക്കാര്യങ്ങളെല്ലാം ഷേബല്‍ വിശദീകരിക്കുന്നത്. ദൈവത്തിന്റെ അനുഗ്രഹത്താല്‍ മാത്രമാണ് ഇത്ര ഭംഗിയായി ഇത് നിര്‍മ്മിച്ചെടുക്കാന്‍ സാധിച്ചത്. മുമ്പ് ബോട്ടു നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നെങ്കിലും തന്റെ നേതൃത്വത്തില്‍ ഒരു ബോട്ട് നിര്‍മ്മിച്ചെടുക്കാന്‍ സാധിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല.

"</p

നിലവിലുള്ള ബോട്ടുകളെ വെല്ലുന്ന പൊന്നാരിമംഗലത്തിന്റെ സീപ്ലെയിന്‍ ബോട്ട്

സാധാരണ മരത്തിലോ, ഇരുമ്പിലോ, ഫൈബിറേലാ നിര്‍മ്മിക്കുന്ന ബോട്ടിന് പത്ത് ടണ്‍ ഭാരമുണ്ടാകും. എന്നാല്‍ സീ പ്ലെയിന്‍ ബോട്ടിന് രണ്ടര ടണ്‍ ഭാരം മാത്രമെയുള്ളു. 60 കിലോമീറ്റര്‍ വേഗതയില്‍ പറക്കും. അലുമിനിയം കോംപോസൈറ്റ് പാനല്‍ (എസിപി) ഉപയോഗിച്ച് നിര്‍മ്മിച്ച ബോട്ടിന് പ്ലാസ്റ്റിക്, പോളീമര്‍ കോട്ടിംഗ്, അഞ്ച് കോട്ട് ഫൈബര്‍, ഇനാമല്‍ പുട്ടി എന്നിവയും ഉപയോഗിച്ചിരക്കുന്നു. 40 ഔട്ട് ബോര്‍ഡ് എന്‍ജിനാണ് ബോട്ടില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഒരടി വെള്ളം താഴ്ചയില്‍ ഈ ബോട്ട് ഓടിക്കാന്‍ സാധിക്കും എന്നതാണ് മറ്റ് ബോട്ടുകളെ അപേക്ഷിച്ച് സീപ്ലെയിന്‍ ബോട്ടിനെ വ്യത്യസ്തമാക്കുന്നത്. അപകടസമയങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സീപ്ലെയിന്‍ ബോട്ടുകള്‍ പ്രയോജനപ്പെടുത്താം. ആഴം കുറവുള്ള കരയോടു ചേര്‍ന്ന കായല്‍ ഭാഗങ്ങളില്‍ അടുപ്പിക്കാന്‍ സീപ്ലെയിന്‍ ബോട്ട് സാധിക്കുമെന്നും ഷേബല്‍ അവകാശപ്പെടുന്നു. സാധാരണ ബോട്ടുകള്‍ ആറടി വെള്ളമുണ്ടെങ്കില്‍ മാത്രമെ ഓടിക്കാന്‍ സാധിക്കൂ.

ടൂറിസം സാധ്യതകള്‍ ലക്ഷ്യമാക്കി നിര്‍മ്മിച്ചെടുത്ത ബോട്ടിന്റെ ഗതി എന്താകും?

സീ പ്ലെയിന്‍ നിര്‍മിച്ച് വിജയകരമായി കായലിലിറക്കി ടെസ്റ്റ് സര്‍വീസ് നടത്തി. നാട്ടുകാര്‍ക്കും ഗോശ്രീ വഴി പോകുന്ന യാത്രക്കാര്‍ക്കും ബോട്ട് ഇഷ്ടപ്പെട്ടു. ഒരു പ്രാവശ്യം സീപ്ലെയിന്‍ ബോട്ടില്‍ യത്ര ചെയ്തവര്‍ക്ക് ഈ കായല്‍ യാത്ര ഹരമായിരിക്കുകയാണ്. എന്നാല്‍ വിദേശ സഞ്ചാരികള്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ കൊച്ചിയുടെ ഓളപ്പരപ്പില്‍ കുതിക്കണമെങ്കില്‍ കേരള പോര്‍ട്ട് അധികൃതരുടെ അനുമതി ആവശ്യമാണ്. ബോട്ടിന്റെ നിര്‍മ്മാണ വേളയില്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ എത്തി ഫിറ്റ്‌നസ് നല്‍കിയാലേ ലൈസന്‍സ് ലഭിക്കുകയുള്ളു. എന്നാല്‍ ബോട്ടിന്റെ സവിശേഷതകളും ഉറപ്പും ബോധ്യമാക്കാന്‍ മുനമ്പത്തെ പോര്‍ട്ട് ഓഫീസില്‍ എത്തിയാല്‍ ഉദ്യേഗസ്ഥര്‍ പറയുന്നത്, ഈ ബോട്ടിന് അനുമതി നല്‍കാനാവില്ലെന്നാണ്. ഇതിനു മുമ്പ് ഇത്തരം മാതൃകയില്‍ ഒരു ബോട്ട് കണ്ടിട്ടില്ലല്ലോ? ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കാണാതെ എന്ത് അടിസ്ഥാനത്തിലാണ് ലൈസന്‍സ് നല്‍കുക? ഇങ്ങനെയുള്ള ചോദ്യങ്ങളാണ് ഉദ്യോഗസ്ഥര്‍ക്ക് ഉള്ളതെന്ന് ഷേബല്‍ പറയുന്നു. തങ്ങളെ നിരാശരാക്കി മടക്കിയയ്ക്കുന്ന ഉദ്യോസ്ഥര്‍ക്ക് ബോട്ട് ഒന്ന് വന്ന് കണ്ട് യാത്ര നടത്തി കൂടെയെന്നാണ് ഷേബലും ഗോഡ്‌സണും ചോദിക്കുന്നത്. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ഈ ബോട്ട് പ്രയോജനപ്പെടുന്നത് കൊച്ചിയുടെ ടൂറിസം മേഖലയ്ക്കു കൂടിയാണെന്നാണ് ഈ അച്ഛനും മകനും ചൂണ്ടിക്കാണിക്കുന്നത്. എങ്ങനെയെങ്കിലും ബോട്ടിന് ലൈസന്‍സ് കിട്ടാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുകയാണ് ഈ അച്ഛനും മകനും. ഈ ബോട്ട് നിര്‍മ്മിച്ചെടുക്കാന്‍ 40 ദിവസം മതിയായിരുന്നു. ലൈസന്‍സ് കിട്ടാന്‍ അതിലേറെ താമസമാണ്. ഉദ്യോഗസ്ഥര്‍ക്ക് റിസ്‌ക് എടുക്കാന്‍ പറ്റില്ലെന്നാണ് പറയുന്നത്. ലക്ഷങ്ങള്‍ മുടക്കിയ ഈ ബോട്ട് അതിലേറെ റിസ്‌ക് എടുത്താണ് നിര്‍മ്മിച്ചതെന്നാണ് ഷേബലും ഗോഡ്‌സണും പറയുന്നത്.

"</p "</p

നിലവിലെ നിയമം അനുസരിച്ച് ബോട്ടിന് സര്‍വീസ് അനുമതി ലഭിക്കില്ലെന്ന് വിദഗ്ദര്‍

ഗോഡ്‌സണും ഷേബലും ചേര്‍ന്ന് നിര്‍മ്മിച്ച ബോട്ടിന് ലൈസന്‍സ് നല്‍കുന്നത് നിലവിലെ നിയമമനുസരിച്ച് സാധ്യതയില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധന്‍ ഡോ. പ്യാരീലാല്‍ അഴിമുഖത്തോട് പറഞ്ഞത്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി മുന്‍ അസോസിയേറ്റ് പ്രഫസറും കേരള പോര്‍ട്ട് ഡിപാര്‍ട്ട്‌മെന്റ് അംഗീകൃത കണ്‍സള്‍ട്ടന്റുമാണ് ഡോ. പ്യാരിലാല്‍. തേക്കടി ബോട്ട് ദുരന്തം ഉള്‍പ്പെടെ അന്വേഷിച്ചതും ഇദ്ദേഹമായിരുന്നു. സാധാരണയായി ഒരു ബോട്ട് നിര്‍മ്മിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കുകയും ബോട്ടിന്റെ സ്‌കെച്ച്, നിര്‍മ്മാണ സമയത്തുള്ള സര്‍വേ എന്നിവയും പൂര്‍ത്തിയാക്കണമെന്നാണ് നിയമം. അങ്ങനെയാണ് നിലവില്‍ ബോട്ടുകള്‍ക്ക് യാത്രാനുമതി നല്‍കുന്നത്.

ഗോഡ്ണും ഷേബലും നിര്‍മ്മിച്ച ഈ സീപ്ലെയിന്‍ ലൈസന്‍സ് നല്‍കണമെങ്കില്‍ ഈ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്നു. ബോട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി അത് കായലില്‍ ഇറക്കിയ ശേഷമാണ് ഇവര്‍ ലൈസന്‍സിനായി ശ്രമിച്ചത്. ഈ രംഗത്തുള്ള ഇവരുടെ അജ്ഞത കൊണ്ടാകാം ഇങ്ങനെ സംഭവിച്ചതെന്നും പ്യാരീലാല്‍ പറയുന്നു. 2010 ന് മുമ്പ് ബോട്ടുകള്‍ക്ക് അദാലത്തിലൂടെ ലൈസന്‍സ് നല്‍കുന്ന രീതി ഉണ്ടായിരുന്നു, ഇപ്പോള്‍ അത്തരം രീതികള്‍ പിന്‍തുടരുന്നില്ല. ബോട്ട് നിര്‍മ്മിച്ചതിന് ശേഷം അതിന്റെ ഫിറ്റ്‌നസ് പരിശോധിക്കുകയും ലൈസന്‍സ് നല്‍കുകയും ചെയ്യുന്ന ഇത്തരം രീതികളെ റിവേഴ്‌സ് എന്‍ജിനീയറിംഗ് എന്നാണ് പറയുന്നത്. ഈ രീതിയില്‍ പരിശോധന നടത്തി ബോട്ടുകളുടെ ന്യൂനതകള്‍ പരിഹരിക്കുകയും ഫിറ്റ്‌നസ് നല്‍കുകയും ചെയ്യുന്ന രീതി അവലംബിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ ഈ രീതി പിന്‍തുടരുന്നില്ലെന്നും ഡോ. പ്യാരീലാല്‍ പറഞ്ഞു.

"</p

ലൈസന്‍സ് കിട്ടിയില്ലെങ്കില്‍ ബോട്ട് ഫ്‌ളോട്ടിംഗ് റസ്റ്റൊറന്റാക്കും

കേരള പോര്‍ട്ട് അധികൃതര്‍ ബോട്ടിന് യാത്രാനുമതി നല്‍കിയില്ലെങ്കില്‍ സീപ്ലെയിന്‍ ബോട്ട് ഫ്‌ളോട്ടിംഗ് റസ്റ്ററന്റ് ആക്കി മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് ഗോഡ്‌സണ്‍ പറയുന്നു. പുതിയ കണ്ടുപിടുത്തമല്ലേ, സര്‍ക്കാര്‍ തലത്തില്‍ നല്ല അംഗീകാരം കിട്ടുമെന്ന പ്രതീക്ഷയോടെയാണ് 20 ലക്ഷം മുടക്കി ബോട്ട് നിര്‍മ്മിച്ചത്. കോളജില്‍ പ്രൊജക്ടിന്റെ ഭാഗമായി ചെറിയ സീപ്ലയിന്‍ നിര്‍മ്മിച്ചിരുന്നു അത് വിജയിച്ചിരുന്നു. അതുകൊണ്ടാണ് ധൈര്യമായി സൗകര്യം കൂടിയ വലിയ സീപ്ലയിന്‍ നിര്‍മ്മിച്ചത്. ടൂറിസത്തിനും ഒപ്പം തങ്ങള്‍ക്ക് ചെറിയൊരു വരുമാനവുമാകുമെന്നും കരുതിയിരുന്നു. എന്നാല്‍ ഇതിന്റെ ലൈസന്‍സിനായി ഇപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുകയാണ്. പലിശക്കു കടം വാങ്ങി നിര്‍മ്മിച്ച് കായലിറക്കിയ ഈ ബോട്ടിന് ലൈസന്‍സ് ലഭിച്ചില്ലെങ്കില്‍ വലിയ കടക്കെണിയിലേക്ക് കുടുംബം എത്തിച്ചേരുമെന്നും ബിടെക് ബിരുദധാരിയായ ഗോഡ്‌സണ്‍ അഴിമുഖത്തോട് പറഞ്ഞു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍