UPDATES

ട്രെന്‍ഡിങ്ങ്

കരട് തൊഴില്‍ നയത്തില്‍ തൊഴിലാളികള്‍ക്ക് അമിത പ്രാധാന്യം; ഇത് കേരളത്തിനു ഗുണകരമോ?

രാഷ്ട്രീയമായ താത്പര്യങ്ങളുള്ള ജനപ്രിയ നയങ്ങള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക നേട്ടങ്ങളെ ഇല്ലാതാക്കുകയും വിപരീതഫലം സൃഷ്ടിക്കുകയും ചെയ്യും

സാറ ജോൺ

സാറ ജോൺ

തൊഴിലാളി സൌഹൃദ നയങ്ങള്‍ക്ക് പേരുകേട്ട കേരളം, ആകര്‍ഷകമായ തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കിക്കൊണ്ട്, അതിനെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ആകര്‍ഷകമാക്കുകയാണ്. തൊഴിലാളികളുടെയും വ്യാപാര സമൂഹത്തിന്റെയും സംസ്ഥാനത്തിന്റെ സമഗ്രമായ വികസനവും ഉറപ്പാക്കുന്ന, ആരോഗ്യകരമായ തൊഴിലുടമ-തൊഴിലാളി ബന്ധം ഉറപ്പാക്കുന്ന 2017-ലെ കരട് തൊഴില്‍ നയത്തിന് സര്‍ക്കാര്‍ ഈയിടെ അംഗീകാരം നല്‍കിയിരുന്നു.

കുറഞ്ഞ കൂലി 600 രൂപയായി ഉയര്‍ത്തുക എന്നതാണു നയത്തിലെ പ്രധാന ശുപാര്‍ശകളിലൊന്ന്. കുറഞ്ഞ കൂലി തൊഴിലുകള്‍ ഗണ്യമായി കുറയ്ക്കും എന്നു ചില ഗവേഷണ പഠനങ്ങള്‍ കാണിക്കുമ്പോള്‍ കുറഞ്ഞ കൂലി തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തില്ല എന്ന് ചുരുക്കം ചില പഠനങ്ങള്‍ പറയുന്നുണ്ട്. തൊഴിലില്ലായ്മയുടെ ദേശീയ ശരാശരി 5% ആണെങ്കില്‍ കേരളത്തില്‍ അത് 12.5% ആണ് (1). യുവാക്കള്‍ക്കിടയിലെ തൊഴിലിലായ്മ നിരക്കും കേരളത്തില്‍ വളരെ ഉയര്‍ന്നതാണ് (2). ഗ്രാമീണ മേഖലകളില്‍ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 21.7% ആണെങ്കില്‍ പട്ടണങ്ങളിലും നഗരങ്ങളിലും അത് 18% -ആണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ കേരളത്തില്‍ ഇപ്പോഴും ഒരു വലിയ വെല്ലുവിളിയാണ്. ഈ ഘട്ടത്തില്‍ കുറഞ്ഞ കൂലി കുത്തനെ കൂട്ടുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക നേട്ടങ്ങളെ പിറകോട്ടടിപ്പിക്കാന്‍ കാരണമാകും.

കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളില്‍ പ്രമുഖമായ കശുവണ്ടി മേഖലയിലെ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ അടച്ചുപൂട്ടിയത് ഉയര്‍ന്ന കൂലി ചെറുകിട സംരഭങ്ങളില്‍ ഉണ്ടാക്കുന്ന ആനുപാതികമല്ലാത്ത പ്രത്യാഘാതങ്ങളെയാണ് കാണിക്കുന്നത്. കശുവണ്ടി തൊഴിലാളികളുടെ കുറഞ്ഞ കൂലി 35% വര്‍ദ്ധിപ്പിച്ചുകൊണ്ട് വ്യവസായ ബന്ധ സമിതി 2016-ല്‍ വിജ്ഞാപനം ഇറക്കി. ഇതിനൊപ്പം അസംസ്കൃത കശുവണ്ടി ഇറക്കുമതി തീരുവയും കൂട്ടിയതോടെ കേരളത്തിലെ പല കശുവണ്ടി സംസ്കരണശാലകളും അടച്ചുപൂട്ടി. 80 കിലോഗ്രാം അസംസ്കൃത കശുവണ്ടി സംസ്കരിച്ചെടുക്കാനുള്ള ചെലവ്, കുറഞ്ഞ കൂലി വര്‍ദ്ധനവോടെ 4000 രൂപയായി (3). വര്‍ധനവിന് മുമ്പ് അത് 2200 രൂപയായിരുന്നു. തമിള്‍നാടും കര്‍ണാടകവും പോലുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന ഉത്പാദന ചെലവും ഇതുണ്ടാക്കി. സംസ്കരിച്ച കശുവണ്ടിയുടെ വില ആനുപാതികമായി ഉയരാത്തതുകൊണ്ട്, കേരളത്തില്‍ നിന്നുള്ള കശുവണ്ടി ഉത്പന്നങ്ങള്‍ ആഭ്യന്തര വിപണിയില്‍ മത്സരക്ഷമമല്ലാതായി.

കശുവണ്ടി കയറ്റുമതി പ്രോത്സാഹന സമിതിയുടെ കണക്കനുസരിച്ച് (4) 2016-നു കൊല്ലം ജില്ലയില്‍ മാത്രം, കശുവണ്ടി സംസ്കരണ ശാലകള്‍ അടച്ചുപൂട്ടിയതുകൊണ്ട് 3 ലക്ഷം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. നഷ്ടത്തിന്റെ വക്കിലോടുന്ന പരമ്പരാഗത വ്യവസായമായ കയര്‍ മേഖലയും ഉയര്‍ന്ന കൂലിയും സംസ്ഥാനത്തെ വ്യാപാര സൌഹൃദമല്ലാത്ത അന്തരീക്ഷവും മൂലം ലാഭകരമായി നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. കൂറഞ്ഞ കൂലി വര്‍ദ്ധിപ്പിക്കുന്നത് ജനങ്ങളുടെ ജീവിത നിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുമെങ്കിലും, അത് ആനുപതികമാല്ലാത്ത വിധത്തില്‍ ചെറുകിട വ്യാപാരത്തെ ബാധിക്കും. ഏത് തലത്തിലാണ് അത് നിശ്ചയിക്കുന്നത് എന്നും വര്‍ദ്ധനവ് എത്ര ശതമാനമാണ് എന്നുമാണ് അതിന്റെ ആഘാതത്തെ നിര്‍ണയിക്കുന്നത്.

കുടിയേറ്റ തൊഴിലാളികള്‍ക്ക് കേരളത്തില്‍ തൊഴില്‍ കിട്ടുന്നുണ്ടോ?

ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്ഡ് ടാക്സെഷന്‍ 2016-ല്‍ പ്രസിദ്ധപ്പെടുത്തിയ കണക്കുകള്‍ അനുസരിച്ചു കേരളത്തില്‍ ഏതാണ്ട് 40 ലക്ഷം കുടിയേറ്റ തൊഴിലാളികളുണ്ട് (5). എന്നാല്‍ അടുത്തിടെ ആവാസ് ആരോഗ്യ ഇന്‍ഷൂറന്‍സില്‍ പേര് നല്കിയതിന്റെ അടിസ്ഥാനത്തില്‍ നോക്കിയപ്പോള്‍ ഏതാണ്ട് 10 ലക്ഷം കുടിയേറ്റ തൊഴിലാളികളെ ഉള്ളൂ (6). നോട്ട് നിരോധനത്തിനും ജി എസ് ടിക്കും ശേഷം തൊഴിലുകള്‍ കണ്ടെത്താനാവാതെ ഏതാണ്ട് 25% കുടിയേറ്റ തൊഴിലാളികളും സംസ്ഥാനം വിട്ടു എന്നാണ് സംസ്ഥാന തൊഴില്‍ വകുപ്പ് പറയുന്നത്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ക്കും ആവാസ് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയും അപ്നാ ഘര്‍ ഭവന പദ്ധതിയും ലഭ്യമാക്കാന്‍ നിര്‍ദ്ദേശിക്കുന്ന കരട് നയത്തില്‍ പേര് രേഖപ്പെടുത്താത്ത തൊഴിലാളികളെ കണ്ടെത്താന്‍ മൊബൈല്‍ ആപ് സംവിധാനവും നിര്‍ദ്ദേശിക്കുന്നു.

കുടിയേറ്റ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള മുന്‍കൈ നല്ലതാണ്. പക്ഷേ കേരളത്തില്‍ ജോലി കണ്ടെത്താനാവാതെ കുടിയേറ്റ തൊഴിലാളികള്‍ മടങ്ങിപ്പോകുമ്പോള്‍ ഈ സേവനങ്ങള്‍ക്കായി മുടക്കിയ പണം തിരികെ കിട്ടില്ല. ഇപ്പോള്‍ വേണ്ടത്, നിലവിലെ സംരംഭങ്ങളുടെ പ്രവര്‍ത്തനത്തിന് സൌകര്യങ്ങള്‍ ഉണ്ടാക്കുകയും പുതിയ വ്യാപാരങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ്.

ഗര്‍ഭകാല ആനുകൂല്യ നിയമത്തിലെ ഭേദഗതികള്‍ സ്ത്രീകളുടെ തൊഴിലവസരങ്ങള്‍ കുറയ്ക്കും

ഗര്‍ഭകാല ആനുകൂല്യ നിയമത്തില്‍ ഭേദഗതി വരുത്തുന്നത്തിനുള്ള കരട് നയത്തിലെ ശുപാര്‍ശകള്‍ നടപ്പിലാക്കിയാല്‍ അത് ചെറുകിട സംരംഭകരെ സംബന്ധിച്ച് വലിയ ബാധ്യതയും ചെലവുമാണ് ഉണ്ടാക്കുക. സ്ത്രീകള്‍ക്ക് മികച്ച വിദ്യാഭ്യാസമുണ്ടെങ്കിലും കേരളത്തില്‍ യുവതികള്‍ക്കിടയിലുള്ള തൊഴിലില്ലായ്മ നിരക്ക് യുവാക്കള്‍ക്കിടയില്‍ ഉള്ളതിനേക്കാള്‍ കൂടുതലാണ്. കരട് നയത്തിലെ ശുപാര്‍ശകള്‍ ലിംഗ നീതി ലക്ഷ്യം വെച്ചിട്ടാകാമെങ്കിലും ഇത് നടപ്പാക്കാന്‍ സംരംഭകര്‍ക്ക് വേണ്ടിവരുന്ന ചെലവ് കണക്കിലെടുക്കാതിരുന്നാല്‍, ഇത് സ്ത്രീകള്‍ക്കുള്ള തൊഴില്‍ സാധ്യതയെ പ്രതികൂലമായി ബാധിക്കുകയും തൊഴില്‍മേഖലയില്‍ ലിംഗവിവേചനത്തിന് കാരണമാവുകയും ചെയ്യും.

തൊഴിലാളി സൌഹൃദവും വ്യാപാര സൌഹൃദവുമായി നയസന്തുലനം

നിലവില്‍ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നതിലെ വഴികള്‍ പരിഷ്കരിക്കുന്നതിനും തൊഴിലുടമകളുടെ പ്രക്രിയകള്‍ ലളിതമാക്കുന്നതിനും കരട് തൊഴില്‍ നയത്തില്‍ ചില നടപടികള്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. ഐ ടി മേഖലയിലെ സ്വയം സാക്ഷ്യപ്പെടുത്തലിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദേശവും മറ്റ് മേഖലകിലേക്ക് അത് വ്യാപിപ്പിക്കാനും, ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍, അതിന്റെ പുതുക്കല്‍, രേഖകള്‍ സൂക്ഷിക്കുന്നത് ലളിതമാക്കല്‍ എന്നിവ വ്യാപാര സൌഹൃദ നടപടികളാണ്. എന്നാല്‍ നയത്തിലെ പല നിര്‍ദേശങ്ങളും ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ നടപ്പാക്കുന്നതിനുള്ള പ്രായോഗികതയും തൊഴില്‍ നഷ്ടം, ചെറുകിട സംരംഭങ്ങളുടെ അടച്ചുപൂട്ടല്‍ തുടങ്ങിയ ദീര്‍ഘകാല പ്രത്യാഘാതങ്ങളും വിശദീകരിക്കുന്നതില്‍ നയം പരാജയപ്പെടുന്നു.

നയ തീരുമാനങ്ങളുടെ കാര്യത്തില്‍ ഭരണകൂടത്തെ ഒരു അനുകൂല സംവിധാനമായല്ല കാണുന്നത്; തൊഴിലാളി സംഘടനകള്‍ക്ക് തീരുമാനങ്ങളെടുക്കുന്നതിലുള്ള സ്വാധീനമാണ് ഇതിന്റെ കാരണം. തൊഴിലാളികളുടെ താത്പര്യങ്ങള്‍ക്ക് അമിതപ്രാധാന്യം നല്കിയ മുന്‍കാല നടപടികളില്‍ നിന്നും സംസ്ഥാനം പാഠം പഠിക്കേണ്ട കാലം അതിക്രമിച്ചു. രാഷ്ട്രീയമായ താത്പര്യങ്ങളുള്ള ജനപ്രിയ നയങ്ങള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക നേട്ടങ്ങളെ ഇല്ലാതാക്കുകയും വിപരീതഫലം സൃഷ്ടിക്കുകയും ചെയ്യും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

[1] 5th annual employment unemployment survey 2015-2016
[2] Economic Review 2016
[3] http://www.thehindu.com/news/national/kerala/Crisis-in-cashew-sector-intensifies/article17061424.ece
[4] https://scroll.in/article/873274/despair-in-kerala-as-banks-start-seizing-cashew-factories
[5] https://www.ndtv.com/business/budget-2018-for-migrant-workers-in-kerala-job-market-still-remains-weak-1806313
[6] https://awazjantaki.com/latest-stories/for-migrant-workers-in-kerala-job-market-still-remains-weak/

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

സാറ ജോൺ

സാറ ജോൺ

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച്’ എന്ന തിങ്ക് ടാങ്കിൽ പ്രൊജക്റ്റ് അസ്സോസിയേറ്റ് ആണ് ലേഖിക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍