UPDATES

ട്രെന്‍ഡിങ്ങ്

സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യം ആഘോഷിക്കാന്‍ കോഴിക്കോട്ട് ‘ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി’

രാജ്യത്താകെ പിടിമുറുക്കുന്ന അസഹിഷ്ണതയുടെ സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെയുള്ള ജനങ്ങളുടെ ഒത്തുച്ചേരല്‍ എന്ന നിലയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്

കോഴിക്കോട് വീണ്ടും സാംസ്‌ക്കോരികോത്സവത്തിനു വേദിയാകുന്നു. ജനാധിപത്യം ആഘോഷിക്കാന്‍ വിവേചനമില്ലാത്ത ഒത്തുച്ചേരല്‍ ‘ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി’ക്ക് ഓഗസ്റ്റ് 12, 13, 14 തീയ്യതികള്‍ കോഴിക്കോട് വേദിയാകുകയാണ്. എഴുത്ത്, വര, ആട്ടം, പാട്ട്, നാടകം, സിനിമാപ്രദര്‍ശനം, ഗസല്‍, സെമിനാര്‍ എന്നീ വിവിധ സെഷനുകളിലായി പ്രമുഖര്‍ ഫെസ്റ്റിവലിന്റെ ഭാഗമാകും. വിവിധ കലാ-സാംസ്‌ക്കാരിക പരിപാടികളും അരങ്ങേറും.

രാജ്യത്താകെ പിടിമുറുക്കുന്ന അസഹിഷ്ണതയുടെ സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെയുള്ള ജനങ്ങളുടെ ഒത്തുച്ചേരല്‍ എന്ന നിലയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കോഴിക്കോട്ടെ കലാസാംസ്‌ക്കാരിക പ്രവര്‍ത്തകരും വിദ്യാര്‍ഥികളും അടങ്ങുന്ന സാംസ്‌ക്കാരിക കൂട്ടായ്മയാണ് ഈ ഒത്തുചേരലിനു നേതൃത്വം നല്‍കുന്നത്. വംശഹത്യയും ഭിന്നിപ്പിന്റെ രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിച്ച് ഒരു വിഭാഗം രാജ്യത്തു നടപ്പിലാക്കുന്ന അജണ്ടയില്‍ പലരും ഭയപ്പെടുന്നുണ്ട്. എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ ഭയപ്പെട്ട് നിശബ്ദരായി നില്‍ക്കേണ്ടതില്ല. അത്തരം നീക്കങ്ങളെല്ലാം ചെറുത്തുതോല്‍പ്പിച്ച ചരിത്രം ഇന്ത്യക്കുണ്ട്. അതുകൊണ്ട് ജനങ്ങളില്‍ നിന്നു ചോദ്യമുയരേണ്ടതുണ്ടെന്നും അത്തരം നീക്കങ്ങള്‍ക്കെതിരെ ജനാധിപത്യ ഐക്യം കെട്ടിപ്പടുക്കണം എന്ന സന്ദേശമാണ് ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി മുന്നോട്ട് വയ്ക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

കോഴിക്കോട് കോംട്രസ്റ്റ് ഗ്രൗണ്ട്, ആര്‍ട്ട് ഗ്യാലറി, ടൗണ്‍ഹാള്‍, സാംസ്‌ക്കാരികനിലയം എന്നിവിടങ്ങളാണ് ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയുടെ വേദികളാകുന്നത്. ജനാധിപത്യം ആചരിക്കാനുള്ളതല്ല ആഘോഷിക്കാനുള്ളതാണ് എന്ന മുദ്രാവാക്യമാണ് ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി’ മുന്നോട്ട് വയ്ക്കുന്നതെന്നാണ് ഫെസ്റ്റിവലിന്റെ സംഘാടകരിലൊരാളായ സുബീഷ് പറയുന്നത്. ‘എപ്പോള്‍ കുറ്റവാളിയാകുമെന്നോ രാജ്യദ്രോഹിയാകുമെന്നോ തീര്‍ത്തുപറയാനാകാത്ത ഭീതിയുടെ നിഴലിലാണ് വര്‍ത്തമാന ഇന്ത്യ. പൗരത്വം നിരന്തരമായി ചോദ്യംചെയ്യപ്പെടുന്നു. രോഹിത് വെമൂല, ജുനൈദ് എന്നിവരെല്ലാം കൊല്ലപ്പെട്ടത് നമ്മുടെ കണ്‍മുന്നിലാണ്. പക്ഷേ നമ്മള്‍ നിരാശരാകേണ്ടതില്ല. കാരണം ഇത്തരം നിരവധി അരാജകത്വങ്ങളെ ചെറുത്തുതോല്‍പ്പിച്ച പാരമ്പര്യം നമ്മുടെ രാജ്യത്തിനുണ്ട്. ജനാധ്യപത്യത്തെ വെല്ലുവിളിച്ച എല്ലാ ഭരണകൂടങ്ങളെയും ജനങ്ങള്‍ തന്നെ ചോദ്യം ചെയ്തിട്ടുണ്ട്. അതുകൊണ്ട് നമുക്ക് ജനങ്ങളില്‍ വിശ്വസിക്കാം. ജനാധിപത്യത്തെ ആഘോഷമാക്കാം. ഇനിയൊരു വംശഹത്യയ്ക്ക് വളമേകാത്ത വിധം നമുക്ക് കാവല്‍ നില്‍ക്കാം. ജനങ്ങളുടെ ആഗ്രഹങ്ങളെ ചിറകെട്ടി തടയാനാവില്ല എന്ന് പ്രഖ്യാപിക്കേണ്ട ചുമതല നാം ഏറ്റെടുക്കുകയാണ്. ആ ചുമതലയാണ് ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയുടെ കരുത്തും.’ അതിനായ് എല്ലാവരും അണിചേരണമെന്നും സുബീഷ് പറഞ്ഞു.

പന്ത്രണ്ടാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് ജനാധിപത്യത്തിലെ എഴുത്ത് എന്ന വിഷയത്തില്‍ സംവാദം നടക്കും. പ്രശസ്ത സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍ ഉദ്ഘാടനം ചെയ്യും. കെ.പി രാമനുണ്ണി, അശോകന്‍ ചരുവില്‍, പി.കെ പാറക്കടവ്, ആര്‍. ഉണ്ണി, ടി.ഡി രാമകൃഷ്ണന്‍, എസ്. ജോസഫ്, സിത്താര എസ്., വിനോയ് തോമസ് എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 2 ന് ഫാസിസത്തിന്റെ കാലത്തെ മാധ്യമപ്രവര്‍ത്തനം എന്ന വിഷയത്തില്‍ സംവാദം നടക്കും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവര്‍ത്തകരായ കമാല്‍ വരദൂര്‍, എന്‍.പി.രാജേന്ദ്രന്‍, ടി.പി ചെറൂപ്പ, കമല്‍റാം സജീവ്, പി.വി ജോഷ്വ, വി. മുസഫര്‍ അഹമ്മദ്, ഷിബു മുഹമ്മദ്, കെ.കെ ഷാഹിന, ടി.എം ഹര്‍ഷന്‍, ഇ. സനീഷ് എന്നിവര്‍ പങ്കെടുക്കും. 12 ന് ഉച്ചയ്ക്ക് 2 ന് ദേശവും പശുരാഷ്ട്രീയവും എന്ന വിഷയത്തില്‍ ഡോ. ടി.വി മധു പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 3.30 ന് കവിതയുടെ രാഷ്ട്രീയഭാവങ്ങള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ കവികള്‍ സെമിനാറില്‍ പങ്കെടുക്കും.

13-ന് രാവിലെ 10-ന്സ്വാതന്ത്ര്യോത്സവം എന്ന വിഷയത്തില്‍ നടക്കുന്ന സംവാദം അഭിനേതാവ് അലന്‍സിയര്‍ ഉദ്ഘാടനം ചെയ്യും. മാമുക്കോയ, പി.കെ ഫിറോസ്, പി.നിഖില്‍, ലിന്റോ ജോസഫ്, എം. ധനീഷ് ളാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 2 ന് എന്റെ എഴുത്ത് എന്റെ സ്വാതന്ത്ര്വം എന്ന വിഷയത്തില്‍ നടക്കുന്ന സംവാദം നാരായന്‍ ഉദ്ഘാടനം ചെയ്യും. പി.സുരേഷ്, ശത്രുഘ്നന്‍, വി.ടി മുരളി, റഫീക്ക് അഹമ്മദ്, എ. ശാന്തകുമാര്‍, അര്‍ഷാദ് ബത്തേരി, ഒ.പി.സുരേഷ്, ശിവദാസ് പുറമേരി, സോമന്‍ കടലൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകീട്ട് 4 ന് ഫാസിസവും തൊഴിലാളി വര്‍ഗവും എന്ന വിഷയത്തില്‍ നടക്കുന്ന സംവാദം സി.ഐ.ടി.യു സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. പുരുഷന്‍ കടലുണ്ടി എം.എല്‍. എ, കെ.പി.രാജേന്ദ്രന്‍, ആര്‍.ചന്ദ്രശേഖരന്‍, കെ.എന്‍.എ ഖാദര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

13 ന് രാവിലെ ജെന്‍ഡര്‍, ജനാധിപത്യം, ആവിഷ്‌ക്കാരം എന്ന വിഷയത്തിലുള്ള സംവാദം പ്രശസ്ത സാഹിത്യകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും. ഡോ. ഖദീജ മുംതാസ്, ശീതള്‍ ശ്യാം, കെ.അജിത, വി.പി സുഹ്റ, ഷംസാദ് ഹുസൈന്‍, ഡോ.ആര്‍. രാജശ്രീ തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 2-ന് ബഹുസ്വരതയുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ നടക്കുന്ന സംവാദം സാഹിത്യകാരന്‍ ആനന്ദ് ഉദ്ഘാടനം ചെയ്യും. ടി.പി രാജീവന്‍, എം.എന്‍ കാരശ്ശേരി, പി.കെ പോക്കര്‍, എന്‍.പി ഹാഫിസ് മുഹമ്മദ്, വി.ആര്‍ സുധീഷ്, എസ്. ശാരദക്കുട്ടി, ഡോ.കെ.എം അനില്‍, ഡോ.കെ.എസ്.മാധവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകീട്ട് അഞ്ചിന് സൈബര്‍ ഇടങ്ങളിലെ ജനാധിപത്യം എന്ന വിഷയത്തില്‍ നടക്കുന്ന സംവാദം എം.ബി.രാജേഷ് എം.പി ഉദ്ഘാടനം ചെയ്യും. മനില.സി.മോഹന്‍, വി.ആര്‍.അനൂപ്, വി.കെ.ആദര്‍ശ്, ലാസര്‍ ഷൈന്‍, അരുന്ധതി, മുഹമ്മദ് സുഹൈല്‍, ശ്രീഹരി ശ്രീധരന്‍, അനുപമ മോഹന്‍, റഫീഖ് ഇബ്രാഹീം തുടങ്ങിയവര്‍ പങ്കെടുക്കും.

14-ന് രാവിലെ എന്തുകൊണ്ട് ജനാധിപത്യം ആഘോഷിക്കപ്പെടണം എന്ന വിഷയത്തിലുള്ള സംവാദം എം.കെ.രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്യും. യു.കെ.കുമാരന്‍, സിവിക് ചന്ദ്രന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ബെന്യാമിന്‍, വീരാന്‍കുട്ടി, മുജീബ് റഹ്മാന്‍ കിനാലൂര്‍, ഷീബ.ഇ.കെ, ഹര്‍ഷാദ് എം.ടി തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ഇന്ത്യന്‍ ദേശീയത എന്ന വിഷയത്തില്‍ നടക്കുന്ന സംവാദം ചരിത്രകാരന്‍ എം.ജി.എസ്. നാരായണന്‍ ഉദ്ഘാടനം ചെയ്യും. ഡോ.എം.കെ.മുനീര്‍ എം.എല്‍.എ, പി.മോഹനന്‍ മാസ്റ്റര്‍, ടി.സിദ്ദിഖ്, ടി.വി.ബാലന്‍, ഡോ.ഫസല്‍ ഗഫൂര്‍ എന്നിവര്‍ പങ്കെടുക്കും. വൈകീട്ട് 4-ന് ഫാസിസത്തിന്റെ സംസ്‌ക്കാരനിര്‍മ്മിതി എന്ന വിഷയത്തില്‍ നടക്കുന്ന സംവാദം മാധ്യമപ്രവര്‍ത്തകന്‍ അക്ഷയ് മുകുള്‍ ഉദ്ഘാടനം ചെയ്യും. കെ.എന്‍ ഗണേഷ്, കെ.ഇ.എന്‍, സണ്ണി എം കപിക്കാട്, പി.എന്‍.ഗോപീകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. ഫെസ്റ്റിവലിന്റെ ഭാഗമായി വിവിധ നാടന്‍ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

12 മുതല്‍ 14 വരെ നടക്കുന്ന ഫിലിം ഫെസ്റ്റിവല്‍ പ്രമുഖ സംവിധായകന്‍ പി.ടി.കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളില്‍ നടക്കുന്ന സിനിമ സംവാദങ്ങളില്‍ സി.എസ്.വെങ്കിടേശ്വരന്‍. ജി.പി.രാമചന്ദ്രന്‍, മുഹമ്മദ് റാസി, സജിത മഠത്തില്‍, ദിവ്യഭാരതി, ഫൗസിയ ഫാത്തിമ തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും. സാധാരണ ജനങ്ങളെയും വിദ്യാര്‍ഥികളെയുമാണ് ഫെസ്റ്റിവലില്‍ പ്രതീക്ഷിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

സൂരജ് കരിവെള്ളൂര്‍

സൂരജ് കരിവെള്ളൂര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍